Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

ഭരണഘടനാ സമിതിയിൽ അംബേദ്കർ നൽകിയ ഉറപ്പ് പാലിക്കേണ്ടതല്ലേ?

അഡ്വ. വി.കെ ബീരാൻ

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നുള്ള ഉറപ്പാണ് ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് സംഘ് പരിവാര്‍ നല്‍കിയത്.  രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ ഇവിടത്തെ കോടിക്കണക്കിനു വരുന്ന തൊഴിലില്ലാത്ത അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുമോ? ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു നേരം ഭക്ഷിക്കാനെങ്കിലുമുള്ള സൗകര്യം ഉണ്ടാകുമോ? സാധാരണക്കാരുടെ മനസ്സിലുയരുന്ന ചോദ്യങ്ങളാണിത്. ഈ പ്രഖ്യാപനത്തിലെ ഉള്ളുകള്ളികൾ ആദ്യം തിരിച്ചറിയണം. ജനസംഖ്യയില്‍ വമ്പിച്ച ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം ഉണര്‍ത്തിവിടാനുള്ള ഒരു തന്ത്രമാണിത്. രാജ്യത്ത് വളരെ ന്യൂനപക്ഷമായ മുസ്്ലിം സമുദായത്തിന് അനിഷ്ടകരമായ അല്ലെങ്കില്‍ അവര്‍ മതപരമായ കാരണങ്ങളാല്‍ ശക്തമായി എതിര്‍ക്കുന്ന ഒന്നാണ് ഏക സിവില്‍ കോഡ്. രാജ്യത്തെ മുസ്്ലിംകള്‍ക്കിഷ്ടമില്ലാത്ത ഒന്ന് നടപ്പാക്കുമെന്ന് പറഞ്ഞാല്‍ ഹിന്ദുക്കള്‍ക്കത് വളരെ ഇഷ്ടമാകുമെന്നും അത്  തങ്ങൾക്ക് തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുമെന്നുമാണ് സംഘ് പരിവാർ കരുതുന്നത്.  രാജ്യത്തെ ഒരു പൗരനെങ്കിലും എന്തെങ്കിലും ഭൗതികമായ നേട്ടം ഇതുകൊണ്ടുണ്ടാകുമെന്ന പ്രതീക്ഷയിലല്ല ഈ പ്രഖ്യാപനം.
നമ്മുടെ ഭരണഘടനാ നിർമാണസമിതിയില്‍ ഈ വിഷയകമായി പ്രമുഖ വ്യക്തിത്വങ്ങള്‍ ചൂടേറിയ ചര്‍ച്ചകള്‍ നടത്തിയതാണ്. ആ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങൾ നമുക്കൊന്ന് പരിശോധിക്കാം: ഭാരതം സ്വതന്ത്രയായ ശേഷം നമ്മുടെ ഭരണഘടനാ നിർമാണസമിതിയില്‍ ഇപ്പോഴത്തെ അനുഛേദം 44 (ഏക സിവില്‍ കോഡ്) ഭരണഘടനയുടെ കരട് രൂപത്തില്‍ അനുച്ഛേദം 35 ആയി, 1948 നവംബര്‍ 23-ന് ചര്‍ച്ചക്ക് വന്നു. ശക്തമായ എതിർപ്പുണ്ടായി; മുഖ്യമായും മുസ്്ലിം അംഗങ്ങളില്‍ നിന്ന്. മദ്രാസില്‍ നിന്നുള്ള അംഗം  മുഹമ്മദ് ഇസ്്മാഈൽ സാഹിബായിരുന്നു ആദ്യത്തെ ഭേദഗതി അവതരിപ്പിച്ചത്. അദ്ദേഹം കരട് അനുഛേദം 35-ല്‍ ഒരു വ്യവസ്ഥ നിർദേശിച്ചു. ആ വ്യവസ്ഥ ഇപ്രകാരമാണ്: ''ഏതെങ്കിലും വര്‍ഗത്തിലോ വിഭാഗത്തിലോ സമുദായത്തിലോ പെട്ട ജനങ്ങള്‍ അവരുടെ വ്യക്തിനിയമങ്ങള്‍ ഇതുകൊണ്ട് ഉപേക്ഷിക്കാന്‍ ബാധ്യസ്ഥരാവുകയില്ല.'' ഒരു വിഭാഗത്തിനോ സമുദായത്തിനോ അവരുടെ വ്യക്തിനിയമം അനുസരിച്ച് ജീവിക്കുന്നതിന് ഏക സിവില്‍ കോഡ് എന്ന വ്യവസ്ഥ തടസ്സമാകാന്‍ പാടില്ല.  നമ്മുടെ ഭരണഘടന മൗലികാവകാശങ്ങളില്‍ സ്വന്തം മതവും സംസ്്കാരവുമനുസരിച്ച് ജീവിക്കാന്‍ അനുവാദം നല്‍കുന്നേടത്തോളം കാലം വ്യക്തിനിയമമനുസരിച്ച് ജീവിക്കുന്നത് അവരുടെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. അത് മൗലികാവകാശത്തിൽ പെട്ടതാണ്. ഇതിന് ലോകത്ത് ധാരാളം കീഴ്‌വഴക്കങ്ങളുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്്ലിംകളെ അവരുടെ വ്യക്തിനിയമവും സംസ്്കാരവുമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്ന നിയമങ്ങളുണ്ട്.
അനുഛേദം 35 പോലൊരു ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരാണ്. എന്നാല്‍, ജനങ്ങളെ അവരുടെ വ്യക്തിനിയമമനുസരിച്ച് ജീവിക്കാനനുവദിച്ചാല്‍ ഒരസംതൃപ്തിയോ അസ്വാരസ്യമോ ഉണ്ടാകില്ലെന്നും  ഇസ്്മാഈല്‍ സാഹിബ് പറഞ്ഞു.
യൂറോപ്യന്‍ രാജ്യമായ യൂഗോസ്ലാവിയയിലെ സെര്‍ബ് കോര്‍ട്ട് സ്ലോവെന്‍ സ്റ്റേറ്റ് മുസല്‍മാന്റെ അനന്തരാവകാശ നിയമം അവരുടെ ആചാരമനുസരിച്ച് നിയമാനുസരണം ക്രമീകരിക്കാന്‍ അവകാശമുണ്ടായിരിക്കുന്നതാണെന്ന് വ്യവസ്ഥ ചെയ്യുന്നു. മറ്റു യൂറോപ്യന്‍ ഭരണഘടനകളിലും  സമാനമായ വ്യവസ്ഥകളുണ്ട്.  അത് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി വ്യവസ്ഥ ചെയ്യുമ്പോള്‍, രാജ്യത്തെ എല്ലാ പൗരന്മാരുടെയും അനന്തരാവകാശ നിയമം സംരക്ഷിക്കപ്പെടണമെന്നാണ് ഭേദഗതിയിലൂടെ താൻ ഉന്നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.  പശ്ചിമബംഗാളില്‍നിന്നുള്ള  സുരേഷ് ചന്ദ്ര മജുംദാര്‍, ഈ ഭേദഗതി അനുഛേദം 35-നെ പൂർണമായി റദ്ദ് ചെയ്യുന്നതാകയാല്‍ മുഹമ്മദ് ഇസ്്മാഈൽ സാഹിബിന്റെ ഭേദഗതി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് ഉന്നയിച്ച ക്രമപ്രശ്‌നം അധ്യക്ഷനായ വൈസ് പ്രസിഡന്റ് ഡോ. എച്ച്.സി മുഖര്‍ജി തള്ളിക്കളഞ്ഞു.
തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള അംഗമായ  നാസിറുദ്ദീന്‍ അഹ്്മദ് കരട് അനുഛേദം 35-ന് തന്റെ ഭേദഗതി അവതരിപ്പിച്ചു. അതനുസരിച്ച്, ഏതൊരു സമുദായത്തിന്റെ വ്യക്തിനിയമവും ആ സമുദായത്തിന്റെ സമ്മതമില്ലാതെ മാറ്റാന്‍ കഴിയില്ലെന്നും പ്രസ്തുത സമ്മതം യൂനിയന്‍ പാര്‍ലമെന്റുണ്ടാക്കുന്ന നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. മുസ്്ലിം സമുദായം മാത്രം അനുഭവിക്കുന്ന പ്രയാസം മാത്രമല്ല, മറ്റെല്ലാ സമുദായങ്ങളുടെയും പ്രയാസം ഒഴിവാക്കാനാണ് താനീ ഭേദഗതി അവതരിപ്പിക്കുന്നതെന്ന് നാസിറുദ്ദീന്‍ അഹ്്മദ് പറഞ്ഞു. സിവില്‍ പ്രൊസീജിയര്‍ കോഡ് പാസ്സാക്കുക വഴി വ്യക്തിനിയമത്തിലെ പല വ്യവസ്ഥകളെയും ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍, 175 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം അടിസ്ഥാനപരമായ പല വ്യക്തിനിയമങ്ങളിലും ഇടപെട്ടിട്ടില്ല. അവർ രജിസ്‌ട്രേഷന്‍ ആക്ട്, സിവില്‍ പ്രൊസീജിയര്‍ കോഡ്, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ്, ലിമിറ്റേഷന്‍ ആക്ട്, എവിഡന്‍സ് ആക്ട്, ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട് തുടങ്ങിയ നിയമങ്ങള്‍ ഉണ്ടാക്കിയെങ്കിലും വിവാഹ നിയമത്തിലും അനന്തരാവകാശ നിയമത്തിലും കൈവെച്ചില്ല. ഈ അവസരത്തില്‍ പല സമുദായങ്ങളുടെയും വിവാഹനിയമവും അനന്തരാവകാശ നിയമവും മതപരമായ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതായതുകൊണ്ട് അതുപേക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വളരെ പ്രയാസമായിരിക്കും.  മുസ്്ലിം സമുദായത്തിന്റെ മാത്രമല്ല, ഹിന്ദുക്കളുള്‍പ്പെടെ ഇന്ത്യയിലെ പല വിഭാഗങ്ങള്‍ക്കും അവരുടെ മതവും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശമാണ് അതുവഴി ഹനിക്കപ്പെടുന്നത്.
മദ്രാസില്‍ നിന്നുള്ള ബി. പോക്കര്‍ സാഹിബ്,  ഇസ്്മാഈല്‍ സാഹിബിന്റെ ഭേദഗതിയെ ശക്തമായി പിന്തുണച്ചുകൊണ്ട് ഭരണഘടനാ നിർമാണസഭയില്‍ സംസാരിച്ചു. ഈ ഭേദഗതി ഏറ്റവും മിതവും നീതിപൂർവവുമാണെന്നും മുസ്്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമാണെന്നുള്ള നിലയില്‍ കണക്കാക്കരുതെന്നും, ഇത് എല്ലാ വിഭാഗക്കാര്‍ക്കും അവരുടെ മതവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ളതാണെന്നും സമർഥിച്ചു.  കരട് അനുഛേദം 19-ല്‍ നല്‍കുന്ന മൗലികാവകാശത്തിന് എതിരാണീ കരട് അനുഛേദം 35. ഇത്രയും പ്രധാനപ്പെട്ട ഒരു സംഗതിയില്‍, ഇതിന്റെ നിർമാതാക്കള്‍ അല്ലെങ്കില്‍ ഇതെഴുതിയുണ്ടാക്കിയവര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെന്നും പോക്കര്‍ സാഹിബ് തന്റെ സുദീര്‍ഘമായ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
ബിഹാറില്‍ നിന്നുള്ള അംഗം ഹുസൈന്‍ ഇമാം അനുഛേദം 35-ല്‍ അവതരിപ്പിക്കപ്പെട്ട ഭേദഗതികളെ പിന്താങ്ങി സംസാരിച്ചു. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് ഒരു ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയുമോ? ചില പ്രത്യേക സാഹചര്യങ്ങളില്‍ സിവില്‍ നിയമങ്ങളില്‍ വൈവിധ്യമാവശ്യമാണെന്ന് ഇന്ത്യയുടെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാണിച്ച് ഹുസൈന്‍ ഇമാം സമർഥിച്ചു. നിങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരേപോലെ വികസിച്ച ഒരു രാജ്യത്തെ പ്രശ്‌നങ്ങളല്ല. അസമിലെ ഗോത്രവർഗക്കാരെപ്പോലുള്ളവരെ നാം കാണണം - അദ്ദേഹം അഭ്യർഥിച്ചു. വളരെ വളരെ പിന്നാക്കമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളും. രാജ്യം ഒരേപോലെ വികസിച്ചു കഴിഞ്ഞ ശേഷം പൊതു സിവില്‍ നിയമത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ അങ്ങേയറ്റം ഭയപ്പാടിലാണ്. അതുകൊണ്ട് ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങള്‍ ആവശ്യമുള്ള സംരക്ഷണം ഈ പ്രശ്‌നത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കണം. ഡോ. അംബേദ്കറുടെ മേധാശക്തിക്ക് ഇതിനൊരു പരിഹാരം കാണാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ഹുസൈന്‍ ഇമാം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
 മുസ്്ലിം അംഗങ്ങള്‍ ഉന്നയിച്ച ശക്തമായ വാദഗതികളെ എതിര്‍ത്തുകൊണ്ട് ആദ്യം ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എം മുന്‍ഷിയും പിന്നീട്  അല്ലാടി കൃഷ്ണസ്വാമി അയ്യരും സംസാരിച്ചു. വളരെയധികം ഹിന്ദുക്കള്‍ക്ക് ഇവിടെ മുസ്്ലിം അംഗങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായമാണ് യൂനിഫോം സിവില്‍ കോഡിനെപ്പറ്റിയുള്ളതെന്ന കാര്യം കെ.എം മുന്‍ഷി സമ്മതിച്ചു. അവരും മുസ്്ലിംകളെപ്പോലെ സ്വത്തവകാശ നിയമവും, പിന്തുടര്‍ച്ചാവകാശ നിയമവും അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായാണ് കാണുന്നത്. അങ്ങനെ വന്നാല്‍ അത് സ്ത്രീസമത്വത്തിനെതിരാകുമെന്നാണ് കെ.എം മുന്‍ഷി ചൂണ്ടിക്കാട്ടിയത്.  അല്ലാടി കൃഷ്ണസ്വാമി അയ്യരെ സംബന്ധിച്ചേടത്തോളം, ഏക സിവില്‍ കോഡ് നടപ്പായാല്‍ സാമുദായിക ഐക്യം തകരുമെന്നും മതം അപകടത്തിലാകുമെന്നുമുള്ള ന്യൂനപക്ഷങ്ങളുടെ ഭീതി അസ്ഥാനത്താണ്. ഈ അനുഛേദം യഥാർഥത്തില്‍ സാമുദായിക ഐക്യത്തിനു വേണ്ടിയുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതായത്, രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഏറ്റവുമാവശ്യമായ ഒന്നാണ് ഏക സിവില്‍ കോഡെന്ന് അദ്ദേഹം വാദിച്ചു.
 ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ആര്‍ അംബേദ്കര്‍ തന്റെ മറുപടി പ്രസംഗത്തില്‍ അംഗങ്ങളുന്നയിച്ച പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞു: അവതരിപ്പിക്കപ്പെട്ട ഭേദഗതികളെ സംബന്ധിച്ച് തനിക്ക് രണ്ട് നിരീക്ഷണങ്ങളാണ് നടത്താനുള്ളത്. അതിലൊന്ന് ഇന്ത്യയില്‍ നടപ്പാക്കിയിട്ടുള്ള വ്യക്തിനിയമം സ്ഥായിയായതും രാജ്യത്ത് ഒരേപോലെയുള്ളതുമാണെന്ന അംഗങ്ങളുടെ വാദം ശരിയല്ലെന്നുള്ളതാണ്. 1937 വരെ യുനൈറ്റഡ് പ്രോവിന്‍സിലും സെന്‍ട്രല്‍ പ്രോവിന്‍സിലും ബോംബെയിലുമെല്ലാം മുസ്്ലിംകള്‍ വലിയൊരു വിഭാഗം പിന്തുടര്‍ന്നിരുന്നത് ഹിന്ദു നിയമമാണ്. 1937-ല്‍ മാത്രമാണ് നിയമ നിർമാണസഭ ഇടപെട്ട് ശരീഅത്ത് നിയമം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നടപ്പാക്കിയത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം, വടക്കേ മലബാറിലെ മുസ്്ലിംകള്‍ പിന്തുടര്‍ന്നിരുന്നത് മരുമക്കത്തായ നിയമമായിരുന്നു. അതുകൊണ്ട് രാജ്യത്തെ മുസ്്ലിംകളെല്ലാം ഇതുവരെ പിന്തുടര്‍ന്നിരുന്നത് ശരീഅത്ത് നിയമമാണെന്ന് പറയാന്‍ കഴിയില്ല.
മുസ്്ലിംകള്‍ക്ക് നല്‍കാനുള്ള ഒരുറപ്പിനെപ്പറ്റിയാണ് തന്റെ രണ്ടാമത്തെ നിരീക്ഷണം. ഇക്കാര്യത്തില്‍ അവരുടെ വികാരം പൂർണമായി മനസ്സിലാക്കുന്നു. മുസ്്ലിംകള്‍ അനുഛേദം 35-ന് വളരെയധികം വ്യാഖ്യാനങ്ങള്‍ കൊടുക്കുകയാണ്. രാഷ്ട്രം ഒരു ഏക സിവിൽ കോഡിനായി പരിശ്രമിക്കണമെന്ന് മാത്രമാണ് ഈ അനുഛേദത്തില്‍ നിർദേശിക്കുന്നത്. ഏക സിവില്‍ കോഡ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ പൗരന്മാരാണെന്നത് കൊണ്ടുമാത്രം അവരുടെ മേല്‍ അത് അടിച്ചേല്‍പ്പിക്കണമെന്ന് പറയുന്നില്ല. ഒരു തുടക്കമെന്ന നിലക്ക് ഭാവി പാര്‍ലമെന്റിന് ഏക സിവില്‍ കോഡ് ഉണ്ടാകുമ്പോള്‍ കോഡിന് വിധേയമാകണമെങ്കില്‍, കോഡ് സ്വീകാര്യമാണെന്ന് പ്രസ്താവിക്കുന്നവര്‍ക്ക് മാത്രം ബാധകമാക്കികൊണ്ട് തുടക്കത്തില്‍ നിയമം തീര്‍ത്തും ഐഛികമായി സ്വീകരിക്കുന്നവര്‍ക്കു മാത്രമായി നിജപ്പെടുത്താം. ഇതൊരു പുതിയ രീതിയല്ല. വടക്ക് പടിഞ്ഞാറന്‍ ഫ്രോണ്ടിയര്‍ പ്രോവിന്‍സ് ഒഴികെയുള്ള പ്രദേശത്ത് 1937-ലെ ശരീഅത്ത് ആക്ട് നടപ്പാക്കുന്നതിന് ഈ രീതിയാണ് സ്വീകരിച്ചിരുന്നത്. ഇവിടെ ഒരു ശരീഅത്ത് ആക്ടുണ്ട്. അത് സ്വീകാര്യമായ മുസല്‍മാന്‍മാര്‍ സ്റ്റേറ്റ് നിർദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ ചെന്ന് പ്രസ്താവന നടത്തണമെന്നായിരുന്നു ആ നിയമം. അതിനുശേഷം മാത്രമേ അയാള്‍ക്കും അയാളുടെ പിന്‍ഗാമികള്‍ക്കും ആ നിയമം ബാധകമാവുകയുള്ളൂ. പാര്‍ലമെന്റിന് അത്തരത്തില്‍ ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ യാതൊരു പ്രയാസവുമില്ല. അനുഛേദം ഒരിക്കലും പറയുന്നില്ല, കോഡ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ പൗരന്മാരായതു കൊണ്ട് അവരുടെ മേല്‍ ഇത് നടപ്പാക്കണമെന്ന്. ഏക സിവില്‍ കോഡ് ഉണ്ടാക്കിയാല്‍ തന്നെ ഭാവി പാര്‍ലമെന്റ് തുടക്കത്തില്‍ താൽപര്യമുള്ളവര്‍ക്കു മാത്രമായി ഇതിനെ ചുരുക്കാം. അതിനാല്‍, തന്റെ സുഹൃത്തുക്കള്‍ ഇവിടെ പ്രകടിപ്പിച്ച ഭയം ഇല്ലാതാവുകയാണെന്ന് ഉറപ്പ് കൊടുത്തുകൊണ്ടാണ് ബി.ആര്‍ അംബേദ്കര്‍ മുഹമ്മദ് ഇസ്്മാഈല്‍ സാഹിബും ഹുസൈന്‍ ഇമാമും അവതരിപ്പിച്ച ഭേദഗതി തള്ളിയത്.
ഭരണഘടനാ നിർമാണ സമിതി ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനായ ഡോ. ബി.ആര്‍ അംബേദ്കര്‍ തന്നെ രാജ്യത്തെ ഭരണഘടനാ നിർമാണ സമിതിയില്‍ രാജ്യത്തെ മുസ്്ലിംകള്‍ക്ക് കൊടുത്ത ഉറപ്പ് ധാർമികമായും ഭരണഘടനാപരമായും രാജ്യം പാലിക്കേണ്ടതല്ലേ? ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സംഘ് പരിവാര്‍ പറയുംപോലെ ഏകപക്ഷീയമായി ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല അത് അനുഛേദം 25-ല്‍, രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനവുമാകും. ഇതു തന്നെയാണ് ഡോ. അംബേദ്കര്‍ ഭരണഘടനാ നിർമാണ സഭയില്‍ പറയാതെ പറഞ്ഞതും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പൗരന്മാരുടെ ഇച്ഛാനുസരണം മാത്രമേ അവരുടെ ആചാരങ്ങളെ മാറ്റിമറിക്കുന്ന നിയമങ്ങള്‍ നിർമിക്കാനാകൂ എന്നാണ്.
 ഏക സിവില്‍ കോഡിനുവേണ്ടി വാദിക്കുന്നവരുടെ പ്രധാന വാദം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഏക സിവിൽ കോഡ് ആവശ്യമാണെന്നാണ്. എ ന്നാല്‍, ഇന്ത്യയുടെ പരമോ ന്നത നീതിപീഠമായ സുപ്രീം കോടതി 1996-ല്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള പന്നലാല്‍ ബന്‍സിലാല്‍ പട്ടീല്‍ കേസി ല്‍, ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍ ഇത്തരം ഒരേതരം നിയമം വളരെ അഭികാമ്യമാണെങ്കിലും അതു പലപ്പോഴും വിപരീത ഫലം ഉളവാക്കുമെന്ന് പറയുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഏറ്റവും അ ത്യന്താപേക്ഷിതമായത് എല്ലാ വിഭാഗം വിശ്വാസികളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള നിയമനിർമാണമാണ്. l
(കേരള ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും സീനിയര്‍ അഭിഭാഷകനായിരുന്നു വി.കെ ബീരാൻ. 1991 മുതല്‍ ഭരണഘടനാ പദവിയോടെ രണ്ട് പ്രാവശ്യം കേരള അഡീഷനല്‍ അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെട്ടു).

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി