മുസ്‌ലിം വ്യക്തിനിയമം ചരിത്രവും വര്‍ത്തമാനവും
സി.ഇ 1206 വരെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിയമ ഭാഷയാല്‍ വ്യവഹരിക്കപ്പെടുന്ന 'മുസ്‌ലിം വ്യക്തിനിയമം' നിലവിലുണ്ടായിരുന്നില്ല. 1206-ലാണ് അടിമ രാജവംശമായ മംലൂക് ഭരണകൂടം ഇന്ത്യയില്‍ സ്ഥാപിതമാകുന്നത്. 1090-ല്‍ ഈ രാജവംശം ചരിത്രത്തില്‍നിന്ന് തിരോധാനം ചെയ്തു. ഈ കാലഘട്ടത്തിലും പില്‍ക്കാലത്ത് നിലവില്‍ വന്ന ഖില്‍ജി (1290-1321), തുഗ്ലക് (1321-1413), ലോദി (1451-1526), സൂരി (1539-1555), ഷേര്‍ഷാ (1486-1545), മുഗള്‍ (1483-1531) എന്നീ മുസ്‌ലിം ഭരണകൂടങ്ങളുടെ കാലഘട്ടത്തിലും ശരീഅ കോടതികളായിരുന്നു മുസ്‌ലിം വ്യക്തിനിയമങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. മുഫ്തിമാരുടെ ഫത്‌വകള്‍ക്ക് ഈ കോടതികളുടെ വിധിതീര്‍പ്പില്‍ ഗണ്യമായ സ്വാധീനവുമുണ്ടായിരുന്നു. രാജകൊട്ടാരങ്ങളുടെ ഉത്തരവുകളിലൂടെ നിയമിതരായിരുന്നതിനാല്‍ മുഫ്തിമാരുടെ ഫത്‌വകള്‍ക്കും (മതവിധി) ശരീഅ കോര്‍ട്ട് ഖാദിമാരുടെ (ന്യായാധിപന്മാര്‍) വിധികള്‍ക്കും ഔദ്യോഗിക അംഗീകാരവും ആധികാരികതയുമുണ്ടായിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ആലംഗീറിന്റെ (1618-1707) കാലത്ത് ചക്രവര്‍ത്തിയുടെ കല്‍പനപ്രകാരം ഫത്‌വകളുടെ ക്രോഡീകരണം നടന്നു. ഇത് 'ഫതാവാ ആലംഗീരിയ' എന്ന പേരിലറിയപ്പെടുന്നു. ഇത് പിന്നീട് ശരീഅ കോടതികളുടെ പ്രധാന റഫറന്‍സായി മാറി.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശത്തോടെ 1772-ല്‍ ഒരു റഗുലേഷന്‍ (11) പാസ്സാക്കപ്പെട്ടു. ഈ റഗുലേഷനിലെ 27-ാം അനുഛേദ പ്രകാരം 'പിന്തുടര്‍ച്ച, വിവാഹം എന്നിവയില്‍ മുഹമ്മദന്മാര്‍ക്ക് ഖുര്‍ആനിക നിയമങ്ങളും ഹിന്ദുക്കള്‍ക്ക് അവരുടെ ശാസ്ത്രങ്ങളിലെ നിയമങ്ങളും ബാധകമാക്കണ'മെന്ന് തീരുമാനിക്കപ്പെട്ടു. 1882-ല്‍ പ്രിവി കൗണ്‍സില്‍ ശീഈ മുസ്‌ലിംകള്‍ക്ക് മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായിത്തന്നെ പ്രത്യേക വ്യക്തിനിയമം അനുവദിച്ചുകൊടുത്തു.
ശരീഅത്ത് ആക്ട്
ഒരു ആക്ടിന്റെ രൂപത്തില്‍ വ്യക്തിനിയമം നടപ്പാകുന്നത് 1937-ല്‍ ബ്രിട്ടീഷ് രാജ് അതിന് രൂപം നല്‍കുന്നതോടെയാണ്. 'ദ മുസ്‌ലിം പേഴ്‌സനല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട്' എന്ന പേരിലറിയപ്പെടുന്ന ഈ ആക്ടില്‍ ശരീഅത്ത് എന്ന സംജ്ഞ ഗര്‍ഭിത രൂപത്തില്‍ ഉണ്ടെങ്കിലും ഇസ്‌ലാമിന്റെ സാങ്കേതിക നിര്‍വചന പ്രകാരം സമഗ്രാര്‍ഥത്തിലുള്ള ഒരു ശരീഅത്തല്ല അത്. എങ്കിലും പരക്കെ ആളുകള്‍ ഇന്നും ശരീഅത്ത് നിയമം എന്ന പുനരുക്തിയിലാണ് അതിനെക്കുറിച്ച് സംസാരിക്കാറുള്ളത്.
ആറു വകുപ്പുകള്‍ മാത്രമടങ്ങിയ ചെറിയൊരു ആക്ടാണിത്. ആക്ടിന്റെ സംജ്ഞയെ പരാമര്‍ശിക്കുന്നതാണ് ആദ്യ വകുപ്പ്. വ്യക്തിനിയമം ബാധകമാകുന്ന മേഖലകളെ കുറിച്ചുള്ളതാണ് രണ്ടാമത്തെ വകുപ്പ്. പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹ മോചനത്തിന്റെ രൂപ ഭേദങ്ങളായ ത്വലാഖ്, ഈലാഅ്, ളിഹാര്‍, ലിആന്‍, ഖുല്‍അ്, മുബാറഅ, ജീവനാംശം, മഹ്ർ, രക്ഷാകര്‍തൃത്വം, ദാനം, വഖ്ഫ് എന്നിവ ഇതില്‍ പെടുന്നു. ആക്ടിലെ പ്രധാനവും പ്രസക്തവുമായ വകുപ്പ് ഇതാണ്. ഈ വിഷയ സംബന്ധിയായ കേസുകളില്‍ കക്ഷികള്‍ മുസ്‌ലിംകളായാല്‍ മുസ്‌ലിം വ്യക്തിനിയമം പാലിക്കപ്പെടും എന്ന ഒരു പൊതു പ്രസ്താവമല്ലാതെ അതിന്റെ വിശദാംശങ്ങളൊന്നും ഈ വകുപ്പ് ഉള്‍ക്കൊള്ളുന്നില്ലെന്നത് ശ്രദ്ധേയമാണ്. പഴയ ഫിഖ്ഹ് ഗ്രന്ഥങ്ങളിലെ നിയമങ്ങളും തദടിസ്ഥാനത്തിലുള്ള അഭിഭാഷകരുടെ വാദങ്ങളും ആസ്പദമാക്കി ന്യായാധിപന്മാര്‍ വിധികള്‍ പുറപ്പെടുവിക്കുന്നു. ഇത്തരം വിധികളും പില്‍ക്കാലത്ത് മുസ്‌ലിം വ്യക്തിനിയമങ്ങളുടെ ഭാഗമായി മാറുന്നു. സി.ഇ 1197-ല്‍ അന്തരിച്ച ശൈഖ് ബുര്‍ഹാനുദ്ദീന്‍ അലി എന്ന ഹനഫി പണ്ഡിതന്റെ അല്‍ ഹിദായ ഫില്‍ ഫുറൂഅ്, ശീഈ പണ്ഡിതനായ നജ്മുദ്ദീന്‍ ജഅ്ഫര്‍ മുഹമ്മദ് ഹില്ല (1205-1277) എഴുതിയ ശറാഇഉല്‍ ഇസ്‌ലാം എന്നീ കൃതികള്‍ക്ക് ഹാമില്‍ട്ടന്‍ തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷ, മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ആലംഗീറിന്റെ ഉത്തരവ് പ്രകാരം ശൈഖ് നിസാം സഹാറന്‍പൂരിയും മറ്റു നാല് പണ്ഡിതന്മാരും കൂടി രചിച്ച ഫതാവാ ആലംഗീരിയക്ക് ബെയ്‌ലി തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷ, ശാഫിഈ മദ്ഹബിലെ മിന്‍ഹാജ് എന്നിവയൊക്കെയാണ് കോടതികള്‍ വിധിക്ക് ആധാരമാക്കുന്ന പ്രമാണ ഗ്രന്ഥങ്ങള്‍. ഇപ്പറഞ്ഞ പ്രമാണ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരായി വല്ല ഖുര്‍ആനിക നിര്‍ദേശമോ പ്രവാചക നിര്‍ദേശങ്ങളോ ഉന്നയിക്കപ്പെട്ടാല്‍ കോടതികള്‍ക്ക് അവ പ്രമാണമാക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. കാരണം, 'ഖുര്‍ആനിക ഉദ്ധരണികള്‍ പ്രമാണമാക്കി കോടതികള്‍ക്ക് തീരുമാനത്തിലെത്താന്‍ അധികാരമില്ലെന്നും ഹിദായയില്‍ വ്യാഖ്യാനിച്ച പ്രകാരവും ബെയ്‌ലിയുടെ ഇമാമിയ്യയില്‍ ഉദ്ധരിച്ച പ്രകാരവുമല്ലാതെ കോടതികള്‍ തീരുമാനത്തിലെത്തരുതെ'ന്നും പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്.
ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള ആധികാരികമായ അറിവിന്റെ അഭാവം, അമുസ്‌ലിംകള്‍ കൂടി ഉള്‍ക്കൊള്ളുന്ന കോടതി ബെഞ്ചുകളെ ആത്മനിഷ്ഠമായ നിയമ വ്യാഖ്യാനങ്ങളിലേക്കും തന്മൂലം അബദ്ധങ്ങളിലേക്കും വഴിതെറ്റിക്കരുതെന്ന സൂക്ഷ്മ ചിന്തയാകാം പ്രിവി കൗണ്‍സിലിനെ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ, ഈ നില ശാശ്വതമായി തുടര്‍ന്നില്ല. ഷാബാനു കേസില്‍ 1985 ഏപ്രില്‍ 23-ന് സുപ്രീം കോടതിയുടെ ഫുള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ഈ കീഴ്‌വഴക്കം ആദ്യമായി ലംഘിക്കപ്പെട്ടു. വിവാഹമുക്തക്ക് 'മതാഇ'ന് അവകാശമുണ്ടെന്ന്, ഖുര്‍ആനിലെ 'മതാഅ്' എന്ന വാക്കിനെ ജീവനാംശം എന്ന് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിധി. അതിനുപോദ്ബലകമായി ഫുള്‍ ബെഞ്ച് ജസ്റ്റിസ് വി. ഖാലിദിന്റെ ഒരു പൂര്‍വ വിധിയിലെ പരാമര്‍ശവും ഉദ്ധരിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് ഖാലിദ് 'മതാഇ'നെ വായിച്ചത് പതിവായി നല്‍കുന്ന ജീവനാംശമായല്ല, നഷ്ടപരിഹാരമായി നല്‍കുന്ന മൊത്തം തുകയായിട്ടായിരുന്നുവെന്ന് ആ വിധി വായിച്ചാല്‍ മനസ്സിലാകുന്നതാണ്.
2017-ല്‍ മുത്ത്വലാഖ് എന്ന ബിദഈ ത്വലാഖിന്റെ നിയമസാധുത റദ്ദ് ചെയ്തുകൊണ്ട് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഷായിറാ ബാനു കേസില്‍ വിധി പറഞ്ഞതാണ് ഈ കീഴ്‌വഴക്കത്തിന് വിരുദ്ധമായ രണ്ടാമത്തെ സംഭവം. ഈ വിധിയെ ആസ്പദമാക്കി മുത്ത്വലാഖ് ശിക്ഷാര്‍ഹമായ കുറ്റമാക്കി നിരോധിച്ചുകൊണ്ട് 2019 ജൂണ്‍ 25-ന് ലോക്‌സഭ ബില്ല് പാസ്സാക്കുകയും ചെയ്തു. ഏതായാലും ഒരു മദ്ഹബിലെ വിധി ഖുര്‍ആന്റെയോ പ്രവാചകന്റെയോ വിധിക്ക് യഥാര്‍ഥത്തില്‍ തന്നെ പ്രകടമായി വിരുദ്ധമാണെന്ന് വന്നാലും സാധുത മദ്ഹബിലെ വിധിക്കാണെന്നതില്‍ ഒരു വിരോധാഭാസമുണ്ട്. പ്രിവി കൗണ്‍സില്‍ സൃഷ്ടിച്ച കീഴ്‌വഴക്കത്തിലൂടെ ഇങ്ങനെയൊരു വിപര്യയം വന്നുഭവിക്കുന്നുണ്ട്.
വിവാഹ ഭഞ്ജന ആക്ട് (1939)
1939-ല്‍ മേല്‍ പറഞ്ഞ ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയൊരു ആക്ട് കൂടി മുസ്‌ലിം വ്യക്തിനിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം വ്യക്തിനിയമ ചര്‍ച്ചയില്‍ അതീവ പ്രാധാന്യമുള്ള ഒരു ആക്ടാണിത്. ഗവണ്‍മെന്റ് ഏകപക്ഷീയമായി കൊണ്ടുവന്ന ഒരു ആക്ടായിരുന്നില്ല ഇത്. മുസ്‌ലിം മതപണ്ഡിതന്മാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്നതായിരുന്നു. അതിന്റെ ചരിത്ര പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാലത്തെ മതപണ്ഡിതന്മാരെ അപേക്ഷിച്ച് എത്രമാത്രം ചിന്താശക്തിയും വിവേകവും ജാഗ്രതയുമുള്ളവരായിരുന്നു അക്കാലത്തെ പണ്ഡിതന്മാരെന്ന് മനസ്സിലാകുന്നതാണ്. ഉത്തരേന്ത്യയില്‍ ഭൂരിപക്ഷം മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫീ മദ്ഹബില്‍, മുസ്‌ലിം സ്ത്രീകള്‍ക്ക് ന്യായമായ കാരണങ്ങളുണ്ടായാലും കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താന്‍ പഴുതുണ്ടായിരുന്നില്ല. അതിനാല്‍, താല്‍ക്കാലികമായി മതം മാറുക എന്ന 'ഹീലത്ത്' (തന്ത്രം) ആയിരുന്നു അതിന് സ്വീകരിച്ചിരുന്നത്. മതം മാറുന്നതോടെ വിവാഹബന്ധം താനേ നിയമപ്രകാരം അസാധുവാകുമല്ലോ (ഇതേ തന്ത്രം വിവാഹ മോചനം ദുഷ്‌കരമായ അമുസ്‌ലിംകളും സ്വീകരിക്കാറുണ്ടായിരുന്നു. ഇസ്‌ലാമിലേക്കായിരുന്നു അവര്‍ മാറിയിരുന്നത്. ഇങ്ങനെ മതം മാറി വിവാഹമുക്തകളായ സിനിമാ നടികളേതടക്കം വാര്‍ത്തകള്‍ എഴുപതുകളില്‍ വായിച്ചതായി ഓര്‍ക്കുന്നു). ഇസ്‌ലാമിക ശരീഅത്തിന്റെ അന്തസ്സത്തക്ക് തന്നെ വിരുദ്ധമായ ഈ പ്രവണത മൗലാനാ അശ്‌റഫലി ഥാനവിയെപ്പോലുള്ള മതപണ്ഡിതന്മാര്‍ക്ക് വലിയ മനോവേദനയുണ്ടാക്കി. ദയൂബന്ദി പണ്ഡിതനായ അദ്ദേഹം ഈ വിഷയകമായി ഹീലത്തെ നാ ജാഇസ (അനനുവദനീയമായ തന്ത്രം) എന്ന ഒരു ഗ്രന്ഥമെഴുതി. വിവാഹിതകള്‍ക്ക് കോടതി മുഖേന വിവാഹമോചനം സാധിക്കാനുള്ള ചില മൗലിക നിയമതത്ത്വങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. തന്റെ നിര്‍ദേശങ്ങള്‍ക്ക് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതന്മാരുടെ സമ്മതവും അദ്ദേഹം നേടിയെടുത്തു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് 1939-ലെ മുസ്‌ലിം വിവാഹ ഭഞ്ജന ആക്ട് (1939) പാസ്സാക്കപ്പെട്ടത്. ഹനഫി ഇതര മദ്ഹബീ നിയമങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന, ഹനഫീ നിയമജ്ഞന്മാര്‍ തന്നെ ആവിഷ്‌കരിച്ച തത്ത്വമാണ് ഥാനവിയുടെ നിര്‍ദേശങ്ങളുടെ കാതല്‍. തദടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിയമനിര്‍മാണ സഭയില്‍ ഖാസിമി എന്ന മുസ്‌ലിം അംഗം അവതരിപ്പിച്ച ആക്ടിനെ എല്ലാ മുസ്‌ലിം വിഭാഗങ്ങളും സര്‍വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി. സുന്നീ-ശീഈ വിഭാഗങ്ങള്‍ക്കെല്ലാം ഒരുപോലെ ബാധകമാണ് ആക്ടിലെ വ്യവസ്ഥകള്‍. ആക്ട് പ്രകാരം ഭര്‍ത്താവിന്റെ തിരോധാനം, ഭര്‍ത്താവ് ജീവനാംശം കൊടുക്കാനോ മറ്റു ദാമ്പത്യ ബാധ്യതകള്‍ നിര്‍വഹിക്കാനോ അശക്തനാകല്‍, അല്ലെങ്കില്‍ വീഴ്ചവരുത്തല്‍, അയാളുടെ കാരാഗൃഹ വാസം, തുടര്‍ച്ചയായ ക്ലീബത, ചിത്തഭ്രമം, കുഷ്ഠമോ അത്യുഗ്ര ലൈംഗിക രോഗമോ ബാധിക്കല്‍, ക്രൂരമായ പെരുമാറ്റം, നിത്യമായ ദേഹോപദ്രവം, അസാന്മാര്‍ഗിക ജീവിതം, ഭാര്യയെ അതിന് പ്രേരിപ്പിക്കല്‍, അവളുടെ സ്വത്ത് നശിപ്പിക്കല്‍, അവളുടെ മതാനുഷ്ഠാനങ്ങളില്‍ ഇടപെടല്‍, പല ഭാര്യമാരുണ്ടെങ്കില്‍ അവളോട് ഖുര്‍ആന്‍ പരാമര്‍ശിച്ച നീതി കാണിക്കാതിരിക്കല്‍ എന്നീ കാരണങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തില്‍ കോടതി മുഖേന ഭാര്യക്ക് വിവാഹമോചനം നേടാവുന്നതാണ്. ഇസ്‌ലാമിക ശരീഅത്തിലെ പ്രായപൂര്‍ത്തി വരണാധികാരം (ഖിയാറുല്‍ ബുലൂഗ്) എന്ന തത്ത്വമാണ് ഭാര്യക്ക് വിവാഹമോചന വിധി സമ്പാദിക്കാന്‍ ആക്ടില്‍ നല്‍കിയിട്ടുള്ള മറ്റൊരു പഴുത്. അതനുസരിച്ച് 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ രക്ഷിതാവ് വിവാഹം ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍, 18 വയസ്സാകും മുമ്പ് വിവാഹം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അവള്‍ക്കത് നിരാകരിക്കാം. അതിനവള്‍ക്ക് ആവശ്യമാണെങ്കില്‍ കോടതിയെ സമീപിക്കാം.
മുസ്‌ലിം വനിതാ സംരക്ഷണ ആക്ട് (1986)
ഷാബാനു കേസിലെ സുപ്രീം കോടതി വിധി ശരീഅത്ത് വിരുദ്ധമാണെന്ന സമുദായത്തിലെ പൊതു അഭിപ്രായത്തെയും അതിനെതിരെ ഉയര്‍ന്ന വന്‍ പ്രതിഷേധത്തെയും തുടര്‍ന്ന് അത് ശരിയായ വിധം ക്രമപ്പെടുത്താന്‍ 1986-ല്‍ രാജീവ് ഗാന്ധി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലാണിത്. വിവാഹമുക്തയായ മുസ്‌ലിംസ്ത്രീക്ക് സാമ്പത്തിക ശേഷിയില്ലെങ്കില്‍ പുനര്‍ വിവാഹം വരെ ക്രിമിനല്‍ നടപടിക്രമം 125-ാം വകുപ്പ് പ്രകാരം മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം തേടാന്‍ അവകാശമുണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി. അത് തിരുത്തുകയും ഒപ്പം ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതിക്കനുസൃതമായി മൊത്തമായൊരു തുക വിവാഹമോചനാവസരത്തില്‍ അവള്‍ക്ക് അവകാശമായി നിജപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഈ ബില്ലിന്റെ കാതല്‍. മുസ്‌ലിം വനിതാ (വിവാഹ മോചനാനന്തരാവകാശ സംരക്ഷണ)ബില്‍ 1986 (Muslim Women (Protection of rights on Divorce) Act എന്നാണ് ഇതറിയപ്പെടുന്നത്. ഷാബാനു കേസില്‍ അവര്‍ ഭര്‍ത്താവില്‍നിന്ന് ആവശ്യപ്പെട്ട ജീവനാംശ തുക മാസാന്തം അഞ്ഞൂറു രൂപയായിരുന്നു. കോടതിയില്‍നിന്ന് അനുവദിച്ചു കിട്ടിയതാകട്ടെ 200 രൂപയും. എന്നാല്‍, കോടതികളിലെത്തുന്ന കേസുകളില്‍ പുതിയ ആക്ട് പ്രകാരം ലക്ഷങ്ങളാണ് മുസ്‌ലിം വിവാഹമുക്തകള്‍ നേടിയെടുക്കുന്നത്. ഇപ്പോഴും ഈ ആക്ടിനെ സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുന്ന സെക്യുലരിസ്റ്റുകള്‍ ഈ നേട്ടത്തിനെതിരെ കണ്ണടക്കുന്നവരാണ്.
മുത്ത്വലാഖ് നിരോധന ആക്ട്
ഷായിറാ ബാനു കേസില്‍ 2017-ല്‍ സുപ്രീം കോടതി മുത്ത്വലാഖിന്റെ നിയമ സാധുത എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് 2019-ല്‍ മുത്ത്വലാഖ് ശിക്ഷാര്‍ഹമായ കുറ്റമാക്കി നിരോധിച്ചുകൊണ്ട് പാര്‍ലമെന്റ് പാസ്സാക്കിയ ആക്ടാണ് മുസ്‌ലിം വ്യക്തിനിയമത്തിലെ ഒടുവിലത്തെ സംഭവവികാസം. 'മുസ്‌ലിം വനിതാ (വിവാഹാവകാശ സംരക്ഷണ) ആക്ട് 2019 (Muslim Women ( Protection of Rights on Marriage) Act- 2019 എന്നാണ് ഇതറിയപ്പെടുന്നത്. മുന്‍ ആക്ടുകളെ അപേക്ഷിച്ച് മുസ്‌ലിം വ്യക്തിനിയമത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഒരു സിവില്‍ വ്യവഹാരത്തെ ക്രിമിനലാക്കി മാറ്റിയ ഈ നടപടി തീര്‍ത്തും വിവേചനപരം കൂടിയാണ്. കാരണം, മുസ്‌ലിംകള്‍ ഒഴികെ മറ്റൊരു വിഭാഗത്തിനും വിവാഹമോചനത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ട സ്ഥിതി നിലവിലില്ല. ഷായിറാ ബാനു കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി പോലും അതിന്റെ നിയമ സാധുത മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഖുര്‍ആനിലെ നിയമത്തിനെതിരാണെന്നായിരുന്നു സുപ്രീം കോടതിയുടെ ന്യായം. അതനുസരിച്ച് വിവാഹമോചനത്തെ ക്രമവത്കരിക്കുകയായിരുന്നു പാര്‍ലമെന്റ് ചെയ്തിരുന്നതെങ്കില്‍ അത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെയൊരു സദുദ്ദേശ്യമല്ല അതിന്റെ പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ഈ ആക്ടിന്റെ സ്വഭാവം. l
Comments