Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

കളി കാര്യമാവുന്നതിന്റെ പിന്നിൽ ഒരു ദർശനമുണ്ട്

ജി.കെ എടത്തനാട്ടുകര

ഖത്തർ വേൾഡ് കപ്പ് മത്സരത്തിൽ 'കളി' മാത്രമല്ല, ചില 'കാര്യ'ങ്ങളും നടന്നു. ലോകത്ത് ഇന്നോളം നടന്ന വേൾഡ് കപ്പ് മത്സരങ്ങളിൽ ഏറ്റവും മികച്ചത് എന്ന് ബി.ബി.സി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വിധിയെഴുതിക്കഴിഞ്ഞു. ഖത്തർ എന്ന കൊച്ചു രാജ്യം ഈ കളിയിലൂടെ ലോകരാജ്യങ്ങളിൽ ശ്രദ്ധേയമായ ഇടം നേടി. കളികൾക്കിടയിലെ ചില 'കാര്യങ്ങളാ'ണ് യഥാർഥത്തിൽ അതിനു കാരണമായത്. ആ കാര്യങ്ങളാകട്ടെ ഏഴാം നൂറ്റാണ്ടിലവതരിച്ച വിശുദ്ധ ഖുർആനും പ്രവാചകാധ്യാപനങ്ങളും നൽകിയ തിരിച്ചറിവുകൾ പ്രകാരമുള്ളതായിരുന്നു എന്നതാണ് കൗതുകം.
      കളിയെ കാര്യമായി കാണുകയും കാര്യത്തെ കളിയായി കാണുകയും ചെയ്യുന്നു എന്നത് പുതിയ കാലത്തിന്റെ  പ്രത്യേകതയാണ്. കളിയുടെ പേരിലുള്ള പക്ഷംചേരൽ കൊലയിൽ വരെ എത്തുന്നു. അതേസമയം, വർഗീയതയുടെയും വംശീയതയുടെയുമൊക്കെ പേരിലുള്ള കൊലകൾ ഒരു തരം 'കളി'യായി മാറുന്നതും കാണാം. ഇങ്ങനെ പല കാര്യങ്ങളിലും കളിയും കാര്യവും തിരിച്ചറിയാത്ത ഒരു കാലമാണിത്.
    ഒരു പ്രവാചക വചനമാണ് ഇത്തരുണത്തിൽ ഓർമയിൽ വരുന്നത്: "എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെ സത്യം, താൻ എന്തിന് കൊന്നുവെന്ന് കൊലയാളിക്കോ, താൻ എന്തിന് കൊല്ലപ്പെട്ടുവെന്ന് കൊല്ലപ്പെട്ടവനോ നിശ്ചയമില്ലാതാവുന്ന ഒരു കാലം വരും. അതു വരെ അന്ത്യദിനം സംഭവിക്കുകയില്ല."
   മനുഷ്യൻ ധാർമികമായി അധഃപതിക്കുമ്പോൾ കളിയും കാര്യവും പോലും തിരിച്ചറിയാതാവും. അങ്ങനെ വരുമ്പോൾ സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന അനിഷ്്ട കാര്യങ്ങളിലേക്ക് പ്രസ്തുത പ്രവാചക വചനം വിരൽ ചൂണ്ടുന്നുണ്ട്. ലോകം ഏതാണ്ട് ഇങ്ങനെ ആയിക്കൊണ്ടിരിക്കുന്നു.
ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിൽ, ലോകത്തിന് തന്നെ 'കളി'യിലൂടെ പല ഗൗരവപ്പെട്ട 'കാര്യ'ങ്ങളും പഠിപ്പിക്കാൻ ഖത്തറിൽ നടന്ന വേൾഡ് കപ്പ് വഴികാട്ടിയായത് കൗതുകകരമാണ്.  അതിലൊന്ന്, മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാനം നിറമോ വംശമോ അല്ല; ധർമബോധമാണ് എന്നതാണ്. 'അറിവു'ള്ള ലോകത്തിന്, സന്ദർഭത്തെ ഉപയോഗപ്പെടുത്തി ഈ 'തിരിച്ചറിവ് 'പറഞ്ഞുകൊടുത്തു, ഖത്തർ എന്ന കൊച്ചു രാജ്യം. ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്ന് ഇതായിട്ടാണ് തോന്നിയത്.
  ഖത്തർ ലോക കപ്പിന്റെ ഉദ്ഘാടന വേദിയിലെ ആ കാഴ്്ച മനുഷ്യ ചരിത്രത്തിലെ തന്നെ തുല്യതയില്ലാത്ത ഒന്നാണ്. കാരണം, ലോകം മുഴുവൻ  മാനവികതയുടെ ഏറ്റവും മികച്ച ഒരു സന്ദേശം ഒന്നിച്ച് കാണുകയും കേൾക്കുകയും ചെയ്യുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. ആ സന്ദർഭത്തിന്റെ മനോഹാരിത വർണിക്കാൻ ഭാഷയിൽ വാക്കുകളില്ല.
     സ്റ്റേജിലേക്ക് ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ  കടന്നുവരുന്നു. ആരാണ് മോർഗൻ ഫ്രീമാൻ? അറിവുള്ളവർ എന്ന് പറയപ്പെടുന്നവർ എന്നും അകറ്റിനിർത്തിയ 'കറുത്ത വർഗക്കാരൻ'. സ്റ്റേജിലുണ്ടായ ഗാനിം അൽ മുഫ്്താഹ് ഹൃദ്യമായി മോർഗനെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ആരാണ് ഗാനിം അൽ മുഫ്്താഹ്? സമൂഹം എന്നും ഒരു ഭാരമായി കാണുന്ന, അരക്കു താഴെയില്ലാത്ത ഭിന്നശേഷിക്കാരൻ.
അവർ പരസ്്പരം നടന്നടുക്കുന്നു. ഗാനിമിന്റെ അടുത്തെത്തിയ മോർഗൻ ഫ്രീമാൻ നിലത്തിരിക്കുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള മോർഗൻ ഫ്രീമാനും കാലില്ലാതെ എഴുന്നേറ്റ് നിൽക്കുന്ന ഗാനിം അൽ മുഫ്്താഹിനും അപ്പോൾ ഒരേ ഉയരമായിരുന്നു.
മോർഗൻ ഫ്രീമാൻ ചോദിച്ചു:
"ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിക്കുന്നത്?"
  ഗാനിം അൽ മുഫ്്താഹ് മറുപടിയായി വിശുദ്ധ ഖുർആൻ നാൽപ്പത്തിയൊമ്പതാം അധ്യായത്തിലെ പതിമൂന്നാം വാക്യം പാരായണം ചെയ്തു:
"മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്്ച്ചടിത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്.  അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ധർമനിഷ്്ഠ പാലിക്കുന്നവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്്മജ്ഞനുമാകുന്നു."
   ഈ ഖുർആൻ സൂക്തം പല തവണ കേട്ടതാണെങ്കിലും ഈ പശ്ചാത്തലത്തിൽ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. പ്രവാചകന്റെ കാലത്ത് നടന്ന ഒരു ചരിത്ര സംഭവമാണ് ആ സന്ദർഭത്തിൽ ഓർമയിൽ വന്നത്:  മുഹമ്മദ് നബിയെപ്പറ്റി കേട്ടറിഞ്ഞ ബിലാൽ പ്രവാചക സന്നിധിയിലേക്ക്  പോകാൻ ആഗ്രഹിച്ചു. പക്ഷേ, നഗ്നത മറയ്്ക്കാൻ ഒരു കീറത്തുണി മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആരും കാണാതെ രാത്രിയാണ് ബിലാൽ പ്രവാചകന്റെ അടുത്തേക്ക് പോയത്.
   ആരായിരുന്നു ബിലാൽ? ഉമയ്യത്ത് എന്ന പ്രമാണിയുടെ അടിമ. കാലിത്തൊഴുത്തിൽ ഉറങ്ങി ശീലിച്ച കറുത്ത കുറിയൊരു മനുഷ്യൻ. പതിഞ്ഞ മൂക്കും തടിച്ച ചുണ്ടുകളും ചുരുണ്ട മുടിയുമുള്ള ഒരാൾ. ചരിത്രത്തിൽ എന്നും അടിച്ചമർത്തപ്പെട്ട സകല മനുഷ്യരുടെയും പ്രതിനിധി. അടിമകളുടെ, കറുത്തവരുടെ, ദലിതരുടെ, അവർണരുടെ, വിദേശികളുടെ, അഭയാർഥികളുടെ, അഗതികളുടെ, അനാഥരുടെ...കറുത്തവനായ ബിലാലിന്റെ ശരീരത്തിൽ ഒട്ടകച്ചാണകവും മൂത്രവും പുരണ്ടതിന്റെ ദുർഗന്ധമുണ്ട്. എന്നിട്ടും ആ ബിലാലിനെ  പ്രവാചകൻ തന്നിലേക്ക് ചേർത്തുപിടിച്ചു; മലവും മൂത്രവും പുരണ്ട കുഞ്ഞിനെ പെറ്റമ്മ വാരിയെടുക്കുന്ന പോലെ!
    അമ്മ പ്രസവിച്ച ശേഷം മറ്റാരും ബിലാലിനെ ശരീരത്തോട് ചേർത്തുവെച്ചിട്ടില്ല. പക്ഷേ, പ്രവാചകൻ അത് ചെയ്തു. എന്തിനായിരിക്കും പ്രവാചകൻ അങ്ങനെ ചെയ്തത്?ചില മനുഷ്യർ ചിലത് ചെയ്യുമ്പോഴാണ് സമൂഹത്തിൽ ചിലത് സംഭവിക്കുക. മനുഷ്യമനസ്സുകളിൽ നിലനിൽക്കുന്ന വർണവെറിയുടെയും ജാതീയതയുടെയും 'തീട്ടവും മൂത്രവും' കഴുകിക്കളയാനുള്ള ഒരേയൊരു വഴി ചേർത്തുപിടിക്കലാണ്. ഒരൊറ്റത്തറവാട്ടുകാരായ മനുഷ്യകുലത്തിൽ വംശീയ ബോധം ഉണ്ടാക്കിയ പരിക്ക് പരിഹരിക്കാനുള്ള ദൈവികമായ ഒരു നടപടിക്രമം!
     'മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് സൃഷ്്ടിച്ചത്' എന്ന വേദഗ്രന്ഥത്തിലെ ദൈവികാധ്യാപനത്തെ ഇതിനെക്കാൾ നന്നായി എങ്ങനെ പ്രയോഗവൽക്കരിക്കും!
'പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് ' എന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.
'മാനവികതയുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് ഞാൻ നിയോഗിക്കപ്പെട്ടത് ' എന്ന് പ്രവാചകൻ പഠിപ്പിച്ചതായി കാണാം. ഏഴാം നൂറ്റാണ്ടിലെ ആ പ്രവാചകന്റെ മാതൃക ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യനെ ഒന്നായിക്കാണാനുള്ള തിരിച്ചറിവിന്റെ വെളിച്ചം നൽകുന്നു എന്നതാണ് കൗതുകം.
     ഇവിടെ തീരുന്നില്ല സംഭവങ്ങൾ. മക്കാവിജയ വേളയിൽ ലോകത്തിലെ തന്നെ ഏറ്റവും മുഖ്യ ആരാധനാലയമായ കഅ്ബാലയത്തിന്റെ മുകളിൽ വിജയപ്രഖ്യാപനത്തിനായി ബിലാലിനെയാണ് പ്രവാചകൻ കയറ്റിയത്. ഇവിടെയും സ്രഷ്ടാവായ ദൈവത്തിന്റെ പേരിലുള്ള ഒരു ചേർത്തുപിടിക്കൽ കാണാം. മനുഷ്യനെ  സൃഷ്്ടിച്ച യഥാർഥ ദൈവത്തിന്റെ പേരിൽ ഏത് മനുഷ്യനെയും ചേർത്തുനിർത്താൻ സാധ്യമാണ്; അങ്ങനയേ അത് സാധ്യമാകൂ. എന്നാൽ, മനുഷ്യൻ സൃഷ്്ടിച്ച ദൈവങ്ങളുടെ പേരിൽ മനുഷ്യൻ മനുഷ്യനെ നിറവും രൂപവും നോക്കി മാറ്റിനിർത്താറാണ് പതിവ്. പട്ടിക്കും പൂച്ചക്കും സ്വതന്ത്രമായി നടക്കാൻ പറ്റുന്നിടങ്ങളിൽ 'താഴ്ന്ന ജാതി'ക്കാർക്ക് നടക്കാൻ പറ്റാതിരിക്കുന്നതിന്റെ പിന്നിൽ ഇങ്ങനെയുള്ള ചില വിശ്വാസങ്ങളുണ്ട്.
     വിശ്വാസങ്ങൾ നല്ല മനുഷ്യരെയും ചില കാര്യങ്ങളിൽ വഴിതെറ്റിക്കും. ഗാന്ധിജി ഒരിക്കൽ ശ്രീനാരായണ ഗുരുവിന്റെ ആശ്രമത്തിൽ വന്നപ്പോൾ ഉണ്ടായ ഒരു സംഭവം വായിച്ചതാണ് ഓർമയിൽ വരുന്നത്. ആശ്രമത്തിനു തൊട്ടടുത്തുള്ള ആൽമരത്തെ ചൂണ്ടി ഗാന്ധിജി ചോദിച്ചുവത്രേ, 'ആ ആൽമരത്തിലെ ഇലകളെല്ലാം വ്യത്യസ്്ത വലുപ്പമല്ലേ? ഇതുപോലെ മനുഷ്യരിലും ഉയർന്നവരും താഴ്്ന്നവരും ഉണ്ടാവില്ലേ?'
ഈ ചോദ്യത്തിന് ശ്രീനാരായണ ഗുരു പറഞ്ഞ മറുപടി, 'ശരിയാണ്, ആൽമരത്തിലെ ഇലകളെല്ലാം വ്യത്യസ്ത വലുപ്പമാണ്. പക്ഷേ, ഗുണത്തിൽ എല്ലാ ഇലകളും തുല്യമായിരിക്കും' എന്നാണ്.
മാനവ സംസ്കാരത്തെ കെട്ടിപ്പടുക്കുന്നതിൽ വിശ്വാസത്തിന്റെ പങ്ക് വിജ്ഞാനത്തെക്കാൾ വലുതാണ്. കാരണം, വിശ്വാസങ്ങളും ആശയങ്ങളുമാണ് മനുഷ്യനെ നയിക്കുന്നത്. ശരിയായ വിശ്വാസമാണ് മനുഷ്യനെ ശരിയിലേക്ക് നയിക്കുക. തെറ്റായ വിശ്വാസങ്ങൾ തെറ്റിലേക്ക് നയിക്കും. വ്യക്തി-കുടുംബ-സാമൂഹിക-സാമ്പത്തിക-രാഷ്്ട്രീയ മേഖലകളിലെല്ലാം വിശ്വാസങ്ങളുടെ സ്വാധീനം കാണാം. ശരിയായ വിശ്വാസം എല്ലാ മേഖലകളെയും സംസ്്കരിക്കും. എല്ലാ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന വിശ്വാസം സാമൂഹിക അസമത്വത്തെയാണ് ഉന്മൂലനം ചെയ്യുന്നത്. ഇസ്്ലാം അതാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ, എല്ലാ മനുഷ്യരെയും നോക്കി 'സഹോദരീ സഹോദരൻമാരേ' എന്ന അഭിസംബോധന ഇസ്്ലാമിൽ ഒരു ഭംഗിവാക്കല്ല, യാഥാർഥ്യമാണ്.
    എല്ലാ മനുഷ്യരും അടിസ്ഥാനപരമായി സഹോദരീ സഹോദരൻമാരാണെന്നതിനാൽ വംശീയതക്കോ വർണവിവേചനത്തിനോ ജാതീയതക്കോ ഇസ്്ലാമിൽ സ്ഥാനമില്ല. ഈ യാഥാർഥ്യത്തിന്റെ അതി മനോഹരമായ പ്രയോഗവൽക്കരണമാണ് പ്രവാചകനിലൂടെ നടന്നത്. അതിന്റെ ഒരു പുനരാവിഷ്്കാരമാണ് ഖത്തർ വേൾഡ് കപ്പിന്റെ ഉദ്ഘാടന വേളയിൽ ദർശിക്കാനായത്.
    സമൂഹം അവഗണിക്കുന്നവരെ പ്രത്യേകം പരിഗണിക്കുക എന്ന 'കാര്യ'മാണ് പ്രവാചക പാഠങ്ങൾ നൽകുന്ന മുഖ്യ തിരിച്ചറിവുകളിൽ ഒന്ന്. ഈ വലിയ 'കാര്യ'മാണ് ഒരു 'കളി'യെ ഉപയോഗപ്പെടുത്തി ഖത്തർ ചെയ്തത്.
ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ എന്ന കറുത്തവനെയും ഗാനിം അൽ മുഫ്്താഹ് എന്ന ഭിന്നശേഷിക്കാരനെയും ഒരു 'ലോക മാമാങ്ക'ത്തിന്റെ ഉദ്ഘാടന വേദിയിൽ ഒരുമിച്ചു നിർത്തിയതിന്റെ പ്രചോദനം അതാണ്. അറിവ് കൂടുംതോറും മനുഷ്യത്വം വറ്റിവരണ്ടുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തേക്ക് 'തിരിച്ചറിവിന്റെ നീരുറവ'യാണ് ഖത്തർ ഇതിലൂടെ തുറന്നുവിട്ടിരിക്കുന്നത്.
    കാഷ്യസ് ക്ലേ എന്ന ലോകപ്രശസ്ത ബോക്സിംഗ് ചാമ്പ്യൻ അമേരിക്കയിലെ ഒരു ഹോട്ടലിൽ നിന്ന്, കറുത്തവനായതിന്റെ പേരിൽ ഭക്ഷണം കിട്ടാതെ ഇറങ്ങിപ്പോരേണ്ടി വന്നു. പിന്നെയാണ് അദ്ദേഹം മുഹമ്മദലിയായി മാറുന്നത്. ആദ്യമായി ചന്ദ്രനിൽ കാല് കുത്തി എന്നവകാശപ്പെടുന്ന, ലോകത്തിന്റെ മേൽ ആധിപത്യം സ്ഥാപിച്ച അമേരിക്കക്ക് അറിവില്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്; തിരിച്ചറിവില്ലാത്തതിനാലാണ്‌. തിരിച്ചറിവിന്റെ അടിസ്ഥാനം ശരിയായ വിശ്വാസമാണ്. ആത്മാവുമായിട്ടാണ് വിശ്വാസത്തിന്റെ ബന്ധം.
വിശ്വാസം ശരിയല്ലെങ്കിൽ കാഴ്്ചപ്പാടുകൾ തെറ്റും; തിരിച്ചറിവുകൾ നഷ്ടപ്പെടും. അതു കൊണ്ടാണ് വിശ്വാസത്തിന്റെ പേരിലും ചിലർക്ക് ചില മനുഷ്യരെ യഥാർഥ മനുഷ്യരായി കാണാൻ കഴിയാത്തത്. വിശ്വാസം ശരിയല്ലെങ്കിൽ സാമൂഹിക മേഖലയിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യപ്പറ്റില്ലാത്ത, ഇതുപോലെയുള്ള ജീർണതകൾ കടന്നുകൂടും. ആത്മാവിന്റെ അസ്്തിത്വം നിരാകരിക്കുന്ന ഭൗതിക ദർശനങ്ങൾക്കോ പ്രത്യയശാസ്്ത്രങ്ങൾക്കോ മനുഷ്യനെ മാനവികതയിലേക്ക് നയിക്കാൻ കഴിയില്ല എന്നതും അനുഭവ പാഠമാണ്.
    ആധുനിക ശാസ്്ത്രത്തിന്റെ പേരില്‍ പോലും വര്‍ണവിവേചനത്തെ ന്യായീകരിക്കുന്ന കാലമാണിത്. 'നീഗ്രോകള്‍ എന്നു പറയുന്നത്, മനുഷ്യക്കുരങ്ങില്‍നിന്ന് അധികമൊന്നും പരിണാമം സംഭവിച്ചിട്ടില്ലാത്തവരാണ്' എന്നു വരെ ഒരു പരിണാമ വാദി പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം, വെള്ളക്കാരാണ് പരിണാമ ശ്രേണിയിലെ ഉന്നതര്‍ എന്നാണല്ലോ. മാത്രമല്ല, അമേരിക്കയിലെ ഒരു കാഴ്ചബംഗ്ലാവില്‍ 'ഓട്ടാബങ്കാ' എന്ന ഒരു നീഗ്രോ വംശജനെ, മനുഷ്യന്നും മനുഷ്യക്കുരങ്ങിനും ഇടക്കുള്ള 'ഇടക്കണ്ണി'യായി പോലും പ്രദര്‍ശിപ്പിച്ചിരുന്നു എന്നാണ് ചരിത്രം. ആ മനുഷ്യന്‍ പിന്നീട് ആത്മഹത്യ ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ആധുനിക ശാസ്്ത്രത്തിന്റെ പേരിലുള്ള പല സിദ്ധാന്തങ്ങളും മനുഷ്യത്വം തൊട്ടുതീണ്ടാത്തവയാണ്.
     മനുഷ്യനെ വഴിതെറ്റിക്കുന്ന വിശ്വാസങ്ങൾ മാത്രമല്ല, വിജ്ഞാനങ്ങളും വിചാരണ ചെയ്യപ്പെടണം എന്ന തോന്നൽ ഇസ്്ലാം പഠനത്തിന് ഒരു കാരണമായിട്ടുണ്ട്. ഇസ്്ലാമിനേ അതിനു കഴിയൂ എന്ന കാര്യം അതിനെ പഠിച്ചപ്പോൾ ബോധ്യപ്പെടുകയും ചെയ്തു. കാരണം, തെറ്റിലേക്ക് നയിക്കുന്ന വിശ്വാസങ്ങൾക്ക് തെറ്റിലേക്ക് നയിക്കുന്ന വിജ്ഞാനങ്ങളെ വിചാരണ ചെയ്യാനാവില്ല. ശരിയായ വിശ്വാസത്തിന്റെയും ശരിയായ വിജ്ഞാനത്തിന്റെയും സമന്വയമാണ് ശരിയായ മനുഷ്യ നാഗരികതക്കാവശ്യം. ഈ ആവശ്യം ഏഴാം നൂറ്റാണ്ടിലെ വിശുദ്ധ ഖുർആനും പ്രവാചകനും ഇന്നും നിർവഹിച്ചുകൊണ്ടിരിക്കുന്നു എന്നത് അത്ഭുതമല്ലാതെ മറ്റെന്താണ്!
l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി