Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

കലോത്സവ വേദിയിലെ ഇസ്്ലാമോഫോബിയ

ആതിഫ് ഹനീഫ് [email protected] 79074 31299

സാംസ്കാരിക മണ്ഡലത്തിൽ ഇടതുപക്ഷത്തിനുണ്ടായിരുന്ന സ്വാധീനം ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതിൽ   പ്രധാന പങ്ക് വഹിച്ചിരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  രാഷ്ട്രീയ ആധിപത്യം നേടിയെടുക്കുന്നതിനെക്കാൾ പ്രാധാന്യത്തോടെ, സാംസ്കാരിക മേൽക്കോയ്മ സ്ഥാപിക്കുന്നതിനാണ് സംഘ് പരിവാർ ആദ്യഘട്ടങ്ങളിൽ ഊന്നൽ നൽകിയിരുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ്, കേരളത്തിന്റെ ഈ സവിശേഷ സാംസ്കാരിക ബോധത്തിന്റെ പ്രസക്തി മനസ്സിലാവുക.  ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവർ പലപ്പോഴും പറയാറുള്ളത് രാജ്യത്ത് ഏറ്റവും കൂടുതൽ ആർ.എസ്.എസ് ശാഖകളുള്ള സംസ്ഥാനം കേരളം ആയിരിക്കുമ്പോൾ തന്നെ, തങ്ങളുടെ  സാന്നിധ്യം കൊണ്ട് മാത്രമാണ് ഇവിടെ സംഘ് പരിവാർ 'വളരാത്തത്' എന്നായിരുന്നു. എന്നാൽ, ഇത് പൊള്ളയായ അവകാശവാദമാണെന്ന് സമീപകാലത്ത് നമ്മുടെ സാംസ്കാരിക - രാഷ്ട്രീയ മണ്ഡലത്തിലുണ്ടായിട്ടുള്ള പ്രവണതകൾ പരിശോധിച്ചാൽ വ്യക്തമാവും.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേക്ക് വരുന്ന തെരഞ്ഞെടുപ്പ്, കേരളത്തിലെ ഇടതുപക്ഷത്തെ സംബന്ധിച്ച് അവരുടെ നയപരമായ ചുവടുമാറ്റത്തെ കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. 
തുടർന്നങ്ങോട്ട് ഇടതുപക്ഷ സർക്കാരും അവരെ താങ്ങിനിർത്തുന്ന രാഷ്ട്രീയ -സാംസ്കാരിക മേഖലയും പ്രധാനമായും ശ്രമിച്ചത് ഇസ്്ലാമോഫോബിയയെ താലോലിച്ച് ഭൂരിപക്ഷ സവർണ ഹിന്ദു വോട്ട് തങ്ങളിലേക്ക് ഏകീകരിച്ച് നിർത്താനാണ്. പ്രത്യക്ഷത്തിൽ ഇത് തെരഞ്ഞെടുപ്പ് വിജയത്തെ മുൻനിർത്തി രൂപപ്പെടുത്തിയ സമവാക്യങ്ങളായിരുന്നെങ്കിൽ പോലും അത് കേരളീയ സാംസ്കാരിക മണ്ഡലത്തെ സംഘ് പരിവാറിന് അടിയറവ് നൽകിക്കൊണ്ടുള്ളതായിരുന്നു എന്ന തിരിച്ചറിവാണ് ഏറ്റവും അവസാനം കേരള സ്കൂൾ കലോത്സവ വേദിയിലടക്കം എത്തിനിൽക്കുന്ന മുസ്്ലിം വിദ്വേഷത്തിന്റെ പ്രതിഫലനങ്ങൾ വ്യക്തമാക്കുന്നത്.
ആഗോള തലത്തിൽ യൂറോപ്യൻ കൊളോണിയലിസവും ഇന്ത്യയിൽ സംഘ് പരിവാറും മുസ്്ലിം അപരവൽക്കരണത്തിനു വേണ്ടി രൂപപ്പെടുത്തിയ തീവ്രവാദം സമം മുസ്്ലിം എന്ന ബോധത്തിലൂന്നിയ ചിത്രീകരണമാണ് കേരള സ്കൂൾ കലോത്സവ വേദിയിൽ, സ്വാഗത ഗാന ചിത്രീകരണത്തിൽ ആവിഷ്കരിച്ചത്. തീർത്തും ഇടതുപക്ഷത്തിന്റെ രക്ഷാധികാരത്തിൽ നടക്കുന്ന ഒരു പരിപാടിയിൽ ഇത് എങ്ങനെ ഉൾപ്പെട്ടു എന്നതും, അങ്ങനെയൊന്നുണ്ടായിട്ടും അത് നമ്മുടെ നൈതിക ബോധത്തിൽ ഒട്ടും ഞെട്ടൽ ഉണ്ടാക്കുന്നില്ല എന്നതും ഗൗരവത്തിൽ ആലോചിക്കേണ്ടുന്ന ഒന്നാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടിട്ടും, ഇതുവരെയും അതിലൊരു പ്രശ്നമുള്ളതായി ഉത്തരവാദിത്വപ്പെട്ടവർക്ക് തോന്നാത്തത് എന്തുകൊണ്ടാണ്?  നടത്തിപ്പുകാരും അതു കണ്ടാസ്വദിച്ച കലോത്സവ വേദിയിലെ വലിയൊരു ശതമാനം ആളുകളും, പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടപ്പോൾ പോലും കാര്യമായി അതിനോട് പ്രതികരിക്കാതിരുന്നത് എന്തു കൊണ്ടാണ്?  കേരളത്തിലെ സാംസ്കാരിക നായകർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനകത്ത് സംഘ് പരിവാർ നിർമിച്ച മുസ്്ലിം വിരുദ്ധത എത്രമാത്രം ഉൾച്ചേർന്നിട്ടുണ്ട് എന്നത് വിലയിരുത്തപ്പെടണം. കലോത്സവ വേദിയിലെ ഭൂരിപക്ഷ മത സമൂഹത്തിന്റെ ചിഹ്നങ്ങളും, വെജിറ്റേറിയൻ ഭക്ഷണ രീതിയും അതിന്റെ നടത്തിപ്പ് ഏൽപിക്കപ്പെടുന്ന വിഭാഗങ്ങൾ എല്ലായ്പ്പോഴും ആരാകുന്നു എന്നതുമൊക്കെ കൂട്ടിവായിക്കാൻ ശ്രമിക്കുമ്പോൾ സംഘ് പരിവാറിന്റെ ആശയങ്ങൾക്കു വേണ്ടി എങ്ങനെയാണ് ഇടതുപക്ഷ സർക്കാർ ഇവിടെ പണിയെടുക്കുന്നത് എന്ന് തെളിഞ്ഞു കിട്ടും. സംഘ് പരിവാർ തീരുമാനിക്കുന്ന അജണ്ടകൾക്ക് മണ്ണൊരുക്കുന്ന പണിയാണോ ഇടതുപക്ഷം  കേരളത്തിൽ എടുക്കുന്നത് എന്ന ചോദ്യം  വീണ്ടും ഉയരുകയാണ്. l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌