Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

മുസ്‌ലിം ലോകം പ്രതിസന്ധികളുടെ ബാക്കിപത്രം

പി.കെ നിയാസ്

ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ലോക ഫുട്‌ബോള്‍ മേളക്ക്  ചരിത്രത്തിലാദ്യമായി ഒരു മുസ്്ലിം രാജ്യം വിജയകരമായി ആതിഥ്യമരുളുന്നത് കണ്ടാണ് 2022 വിടവാങ്ങിയത്. മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ തന്നെ ലോക മേള നടത്താനാവുമെന്ന് ഖത്തര്‍ എന്ന കൊച്ചു മിഡിലീസ്റ്റ് രാഷ്ട്രം പടിഞ്ഞാറിന് കാണിച്ചുകൊടുത്തു. രാഷ്ട്രീയ പ്രതിസന്ധികളും ഏകാധിപത്യ ഭരണാധികാരികളുടെ തേര്‍വാഴ്ചയുമൊക്കെ പതിവു പോലെ പോയ വര്‍ഷവും മുസ്്ലിം ലോകത്തെ ഗ്രസിച്ചു. അഫ്ഗാനിസ്താനു പുറമെ ഇറാനും ജനവിരുദ്ധ നടപടികളുമായി ലോകത്തിനു മുന്നില്‍ അപഹാസ്യരായി. ജനിച്ച മണ്ണില്‍ അന്തിയുറങ്ങാനാവാതെ പലായനം ചെയ്തവരില്‍ ഗണ്യമായ വിഭാഗം മുസ്്ലിംകളായിരുന്നു 2022-ലും. റോഹിങ്ക്യന്‍  അഭയാര്‍ഥികള്‍ക്കും ഫലസ്ത്വീനികള്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായ വര്‍ഷമായിരുന്നു കടന്നുപോയതെന്ന് യു.എന്‍ പോലും സമ്മതിച്ചു. ഇസ്്ലാമിക ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത കൂടി ഉള്‍പ്പെടുന്നതായിരുന്നു പോയ വര്‍ഷം.
ഇറാന്‍ ഭരണകൂടത്തെ പിടിച്ചുകുലുക്കിയ വര്‍ഷമായിരുന്നു 2022. ഷാ റിസാ പഹ്‌ലവി ഭരണകൂടത്തെ കെട്ടുകെട്ടിച്ച 1979-ലെ വിപ്ലവത്തിനുശേഷം, രാജ്യം കണ്ട രണ്ടാം വിപ്ലവമെന്നു പോലും വിളിക്കപ്പെടുന്ന ജനകീയ പ്രക്ഷോഭത്തില്‍ പൗരോഹിത്യ ഭരണകൂടം ഞെട്ടിയെങ്കിലും പ്രതിഷേധത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്നതാണ് കണ്ടത്. ശിരോവസ്ത്രത്തിന്റെ പേരില്‍ ഇരുപത്തിരണ്ടുകാരിയായ കുര്‍ദ് വനിത മഹ്‌സ അമീനി സെപ്റ്റംബറില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെയാണ്, വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മോറല്‍ പോലീസിംഗിനെതിരെ ജനം തെരുവിലിറങ്ങിയത്. പ്രക്ഷോഭം ലോക ശ്രദ്ധയാകര്‍ഷിക്കുകയും ഇറാനെതിരെ ആഗോള തലത്തില്‍ പ്രതിഷേധമുയരുകയും ചെയ്തു. 
അഫ്ഗാനിസ്താനില്‍ രണ്ടാം വട്ടവും അധികാരത്തിലേറിയ താലിബാന്‍ ആഗസ്റ്റില്‍ ഭരണത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയത് വാഗ്ദാന ലംഘനങ്ങളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും പരമ്പരകളോടെയാണ്. സ്ത്രീ വിരുദ്ധ നിലപാടുകളുടെ പേരിലാണ് താലിബാന്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത്. 2022 അതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല. ആറാം ക്ലാസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിപ്പിച്ചിരുന്ന താലിബാന്‍ ഭരണകൂടം അതിനു പിന്നാലെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തനിനിറം പുറത്തെടുത്തു. തങ്ങള്‍ ഭരണം പിടിച്ചെടുത്ത 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ താലിബാന്‍ ചെയ്തുകൂട്ടിയ കാടത്തം ലോകം കണ്ടതാണ്. രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും അധികാരത്തിലേറിയപ്പോള്‍ പഴയ താലിബാന്‍ ആയിരിക്കില്ല അഫ്ഗാനിസ്താന്‍ കാണാനിരിക്കുന്നത്  എന്നായിരുന്നു സ്വന്തം ജനതയെയും ലോകത്തെയും അവര്‍ വിശ്വസിപ്പിച്ചത്. എന്നാല്‍, വാഗ്ദാനങ്ങള്‍ ഒന്നൊന്നായി അവര്‍ ലംഘിച്ചു. മോറല്‍ പോലീസിംഗിന്റെ പേരില്‍ നിഷ്ഠുരമായ നടപടികളാണ് അവര്‍ കൈക്കൊണ്ടത്. 
പ്രകൃതി ദുരന്തവും ജനാധിപത്യത്തിന്റെ അട്ടിമറിയും പാകിസ്താനെ ബാധിച്ച വര്‍ഷമായിരുന്നു 2022. ജനാധിപത്യം ഇനിയും വേരുപിടിച്ചിട്ടില്ലാത്ത പാകിസ്താനില്‍ വലിയ പ്രതീക്ഷകളുമായി അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടു. വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാറുകള്‍ സൈനിക അട്ടിമറിയിലൂടെയാണ് മുന്‍കാലങ്ങളില്‍ പുറന്തള്ളപ്പെടാറെങ്കില്‍ തഹ്്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ താഴെയിറക്കിയത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതെന്ന് പറയാവുന്ന അവിശ്വാസ പ്രമേയം വഴിയാണെന്നതാണ് ഏറെ കൗതുകകരമായത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇമ്രാന്‍ ഖാനെ താഴെയിറക്കാന്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണ് ചരടുവലിച്ചത്. കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയും പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് പുതിയ പ്രധാന മന്ത്രിയാവുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹ്ബാസിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ കാലാവധിയുണ്ട്.
തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തമാണ് പാകിസ്താനെ ബാധിച്ച മറ്റൊരു പ്രശ്‌നം. കനത്ത വെള്ളപ്പൊക്കം ഇതുവരെ രണ്ടായിരത്തോളം പേരുടെ ജീവനെടുത്തു. വീടും കൃഷിയും കന്നുകാലികളും നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നു. 

ഫലസ്ത്വീന്‍ പൊട്ടിത്തെറിയിലേക്ക്?
ഇസ്രായേലിന്റെ 74 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും അപകടം പിടിച്ചതും തീവ്ര വലതുപക്ഷ സ്വഭാവമുള്ളതുമായ ഒരു സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് സാക്ഷ്യം വഹിച്ചാണ് ലോകം 2023-ലേക്ക് കാലെടുത്തുവെച്ചത്. 120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ (നെസറ്റ്) തീവ്ര ചിന്താഗതിക്കാരായ സയണിസ്റ്റ് മത പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് ബെഞ്ചമിന്‍ നെതന്യാഹു നേരിയ ഇടവേളക്കുശേഷം വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തിയത്. അധിനിവേശ മണ്ണില്‍നിന്ന്് ഫലസ്ത്വീനികളെ ഒന്നടങ്കം പുറന്തള്ളണമെന്ന് വാദിക്കുന്ന പാര്‍ട്ടികളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമായതിനെക്കാള്‍ മൂന്നു സീറ്റുകള്‍ അധികം നല്‍കി നെതന്യാഹുവിനെ അധികാരത്തിലെത്തിച്ചത്.
മൂന്നാം ഇന്‍തിഫാദയായി മാറിയില്ലെങ്കിലും ഫലസ്ത്വീനികള്‍ അതിലേക്ക് കടക്കാനുള്ള വഴികള്‍ തുറന്നിട്ടാണ് 2022 വിടചൊല്ലിയത്. ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിലും സയണിസ്റ്റുകള്‍ക്കെതിരെ ഫലസ്ത്വീന്‍ പോരാളികള്‍ യുദ്ധമുഖം തുറന്ന വര്‍ഷമാണ് കഴിഞ്ഞുപോയത്. നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപകമായതോടെ സംഘര്‍ഷം രൂക്ഷമായ വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡുകള്‍ സ്ഥിതി വഷളാക്കി. കഴിഞ്ഞ വര്‍ഷം അധിനിവേശ വെസ്റ്റ്ബാങ്കില്‍ മാത്രം ആറു സായുധ ഗ്രൂപ്പുകള്‍ ഉടലെടുത്തു എന്നത് സയണിസ്റ്റ് അധിനിവേശ പട്ടാളം നടത്തുന്ന ക്രൂരതകള്‍ ഫലസ്ത്വീന്‍ യുവാക്കളില്‍ ഉണ്ടാക്കിയ ക്ഷോഭം എത്രയാണെന്നതിന്റെ സൂചനകള്‍ നല്‍കുന്നു.
വെസ്റ്റ്ബാങ്കിലെ പോരാളി ജമീല്‍ അല്‍ അമൂരിയെ 2021 ജൂണില്‍ ഇസ്രായേല്‍ സൈന്യം വധിച്ചതിന് പ്രതികാരം ചെയ്യാന്‍ 2021 സെപ്റ്റംബറില്‍ ജെനിന്‍ ബ്രിഗേഡ്‌സ് എന്ന സായുധ ഗ്രൂപ്പ് ഉദയം ചെയ്തിരുന്നു. സയണിസ്റ്റ് പട്ടാളം നടത്തുന്ന റെയ്ഡുകളും വെടിവെപ്പുകളും ചെറുക്കാന്‍ ജെനിന്‍, നാബുലുസ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നാബുലുസ് ബ്രിഗേഡ്‌സ്, ദി ലയണ്‍സ് ഡെന്‍, ബലാത ബ്രിഗേഡ്‌സ്, തൂബാസ് ബ്രിഗേഡ്‌സ്, യാബാദ് ബ്രിഗേഡ്‌സ് എന്നീ സായുധ ഗ്രൂപ്പുകളും ഉടലെടുക്കുകയുണ്ടായി. ഏതെങ്കിലും പാര്‍ട്ടിയുമായോ പ്രസ്ഥാനവുമായോ ഈ ഗ്രൂപ്പുകള്‍ക്ക് ബന്ധമില്ലെങ്കിലും ചെറുത്തുനില്‍പ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തകരില്‍ പലരും ഇതില്‍ അംഗങ്ങളാണ്. 
ദോഹ ആസ്ഥാനമായ അല്‍ ജസീറ അറബിക് നെറ്റ് വര്‍ക്കിന്റെ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബൂ ആഖ്ലയെ മെയ് 11-ന് ജെനിന്‍ ക്യാമ്പില്‍ ജോലിക്കിടയില്‍ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്ന ഇസ്രായേലിന്റെ കാടത്തം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷമാണ് കടന്നുപോയത്. 'ഫലസ്ത്വീനി തീവ്രവാദികള്‍' നടത്തിയ വെടിവെപ്പിലാണ് ഷിറീന്‍ കൊല്ലപ്പെട്ടതെന്ന നുണ പ്രചാരണവുമായി തുടക്കം മുതല്‍ രംഗത്തുവന്ന ഇസ്രായേല്‍ അധികൃതര്‍ ഒടുവില്‍ തങ്ങളുടെ സൈനികന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതാണ് അപകട കാരണമെന്ന് സമ്മതിച്ചെങ്കിലും നടപടിയൊന്നുമുണ്ടാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കുറ്റവാളികളെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ അധികൃതര്‍ ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ (ഐ.സി.സി) സമീപിച്ചിരിക്കുകയാണ്. ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിവരുന്ന അധിനിവേശത്തിന്റെ നിയമപരമായ പ്രശ്‌നങ്ങളും ഭവിഷ്യത്തുക്കളും പഠിച്ച് അഭിപ്രായം പറയാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെടുന്ന പ്രമേയം ഡിസംബര്‍ ഒടുവില്‍ യു.എന്‍ പൊതുസഭ പാസ്സാക്കിയത് അന്താരാഷ്ട്ര തലത്തില്‍ സയണിസ്റ്റ് ഭരണകൂടത്തിനേറ്റ മറ്റൊരു തിരിച്ചടിയായിരുന്നു. 

സിറിയ, യമൻ, 
അൻവർ ഇബ്്റാഹീം
സിറിയയിലെ ആഭ്യന്തര പ്രക്ഷോഭം മാര്‍ച്ച് മാസത്തോടെ പതിനൊന്നു വര്‍ഷം പൂര്‍ത്തിയായി. അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവന്‍ ഹനിക്കുകയും ജനസംഖ്യയിലെ പകുതിപ്പേരെ വീടുകളില്‍നിന്ന് പുറന്തള്ളുകയും ചെയ്ത ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ തേര്‍വാഴ്ച എല്ലാ ജനാധിപത്യ മനുഷ്യാവകാശ മൂല്യങ്ങളെയും പിച്ചിച്ചീന്തിയെറിയുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ ആദ്യ നാളുകളില്‍ അസദിനെതിരെ ശക്തമായി നിലയുറപ്പിക്കുകയും പ്രക്ഷോഭകാരികള്‍ക്ക് പണവും ആയുധവും നല്‍കുകയും ചെയ്ത പല രാജ്യങ്ങളും ചുവടുമാറുകയും ദമസ്‌കസുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ബശ്ശാറുല്‍ അസദിന്റെ ഭീകര ചെയ്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച തുര്‍ക്കി പോലും കൂടുമാറ്റത്തിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. നയതന്ത്ര ബന്ധം എന്നു പുനഃസ്ഥാപിക്കുമെന്നേ ഇനി അറിയാനുള്ളൂ. 
സിറിയയെപ്പോലെ മുസ്്ലിം ലോകം ഏറ്റുവാങ്ങിയ ദുരന്തങ്ങളിലൊന്നാണ് യമന്‍. സൗദി അറേബ്യയുടെ പിന്തുണയുള്ള യമനി സര്‍ക്കാറും ശീഈ വിഭാഗമായ ഹൂതികളും തമ്മില്‍ 2014-ല്‍ ആരംഭിച്ച പോരാട്ടത്തിന് പരിഹാരമുണ്ടായില്ലെങ്കിലും ഇരു വിഭാഗവും തമ്മിലുണ്ടായ വെടിനിര്‍ത്തലുകള്‍ രക്തച്ചൊരിച്ചില്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചുവെന്നതാണ് 2022-ന്റെ പ്രധാന ആശ്വാസം. മആരിബ് ഗവര്‍ണറേറ്റ് ഒഴികെ തലസ്ഥാനമായ സന്‍അ ഉള്‍പ്പെടെയുള്ള വടക്കന്‍ യമന്‍ മുഴുവന്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. സൗദി നേതൃത്വത്തില്‍ യു.എന്‍ അംഗീകാരമുള്ള ഗവണ്‍മെന്റിനു പുറമെ യു.എ.ഇ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സതേണ്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍, ഹദറമൗത്ത് ട്രൈബല്‍ സഖ്യം, അല്‍ ഖാഇദ (അറേബ്യന്‍ പെനിന്‍സുല), ഇസ്്ലാമിക് സ്റ്റേറ്റ് യമന്‍ പ്രോവിന്‍സ്  എന്നിവ മറ്റു മേഖലകളില്‍ ഭരണം കയ്യാളുന്നു. ചുരുക്കത്തില്‍, വളരെ പെട്ടെന്നൊന്നും ഐക്യ യമന്‍ വീണ്ടും യാഥാര്‍ഥ്യമാകാനുള്ള ലക്ഷണങ്ങള്‍ കാണുന്നില്ല.
പരിഷ്‌കരണവാദിയും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്റാഹീം ഇതാദ്യമായി പ്രധാനമന്ത്രി പദവിയിലെത്തിയതാണ് മലേഷ്യയിലെ പതിനഞ്ചാം പൊതു തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയ ഘടകം. ലൈംഗികാപവാദത്തില്‍ പെടുത്തി തന്റെ ഗുരുതുല്യനായ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വര്‍ഷങ്ങളോളം ജയിലഴിക്കുള്ളില്‍ തളച്ചെങ്കിലും പ്രതിസന്ധികള്‍ കടുത്ത നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടാണ് അന്‍വര്‍ ഇബ്റാഹീം വലിയ രാഷ്ട്രീയ വിജയം നേടിയത്. 
രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് മറനീക്കി പുറത്തുവന്ന വര്‍ഷം കൂടിയായിരുന്നു 2022. യുക്രെയിന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യക്കെതിരെ രംഗത്തുവന്ന പ്രസിഡന്റ് ബൈഡനും മറ്റു നേതാക്കളും ഫലസ്ത്വീനില്‍ ഇസ്രായേല്‍ തുടര്‍ന്നുവരുന്ന അധിനിവേശത്തെ പച്ചയായി ന്യായീകരിക്കുന്നതിനെതിരെ മുസ്്ലിംലോകത്ത് തന്നെ പ്രതിഷേധം ഉയര്‍ന്നു. പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ജൂലൈയില്‍ തന്റെ ആദ്യ മിഡിലീസ്റ്റ് സന്ദര്‍ശനം ഇസ്രായേലില്‍ ആരംഭിച്ച ബൈഡന്‍, തെല്‍ അവീവ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പ്രസ്താവിച്ചത് താന്‍ ഒരു സയണിസ്റ്റ് ആണെന്നായിരുന്നു.
മുസ്‌ലിം ലോകത്തും യൂറോപ്പിലും വേറിട്ട ശക്തിയായി ഉയര്‍ന്നുവരുന്ന തുര്‍ക്കിക്ക് 2021-ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് പൂര്‍ണമായും കരകയറാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവുമധികം അഭയാര്‍ഥികളെ തീറ്റിപ്പോറ്റുന്ന മുസ്്ലിം രാജ്യമെന്ന നിലയില്‍ സിറിയ ഉള്‍പ്പെടെയുള്ള മിക്ക പ്രശ്‌നങ്ങളിലും തുര്‍ക്കിയുടെ സജീവ ഇടപെടലുകള്‍ തുടരുന്നു. ഈജിപ്ത്, യു.എ.ഇ, സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയാണ് 2023-ലേക്ക് തുര്‍ക്കി പ്രവേശിച്ചത്. തുര്‍ക്കി പ്രസിഡന്റ് ഉർദുഗാന്റെയും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയുടെയും ജനസമ്മതി അടയാളപ്പെടുത്തുന്നതായിരിക്കും ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ്-പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകള്‍.

ജനാധിപത്യ ധ്വംസനം, മനുഷ്യാവകാശ 
ലംഘനങ്ങള്‍
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശീഈ പുരോഹിതന്‍ മുഖ്തദ അല്‍ സദ്‌റിന്റെ പാര്‍ട്ടി വലിയ ഭൂരിപക്ഷം നേടിയെങ്കിലും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു ഇറാഖ്. സദ്‌റിന്റെ അനുയായികള്‍ പാര്‍ലമെന്റ് കയ്യേറിയത് ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മുഹമ്മദ് ഷിയ അല്‍ സുദാനി പ്രധാനമന്ത്രിയായി പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നത്. അഴിമതിക്കെതിരെ പോരാടുമെന്നും രാജ്യത്തെ അസംതൃപ്തരായ യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയെന്ന വലിയ ദൗത്യമാണ് സുദാനിക്ക് മുന്നിലുള്ളത്.
ലബനാനിലെ സ്ഥിതിയും വ്യത്യസ്തമല്ല. മെയില്‍ നടന്ന തെരഞ്ഞെടുപ്പിനു ശേഷം കെയര്‍ടേക്കര്‍ ഗവണ്‍മെന്റാണ് ഭരണം കയ്യാളുന്നത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേല്‍ ഔനിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ലമെന്റ് പലതവണ പരാജയപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ശീഈ പാര്‍ട്ടിയായ ഹിസ്ബുല്ലയും സുന്നി വിഭാഗക്കാരായ എതിരാളികളും തമ്മിലുള്ള വിഭജനം രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുന്നു. 
വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെയും പാര്‍ലമെന്റിനെയും പിരിച്ചുവിടുന്ന 'ജനാധിപത്യ അട്ടിമറി'ക്ക് വേദിയായ തുനീഷ്യയില്‍ അരാഷ്ട്രീയക്കാരനായ പ്രസിഡന്റ് ഖൈസ് സഈദ് പുതിയ ഭരണഘടനയുണ്ടാക്കി ഡിസംബറില്‍ നടത്തിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പരിഹാസ്യമായ ഏര്‍പ്പാടായി മാറി. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ഇസ്്ലാമിസ്റ്റ് അന്നഹ്ദ ഉള്‍പ്പെടെ 12 മുഖ്യധാരാ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ വോട്ട് രേഖപ്പെടുത്തിയത് വെറും 8.8 ശതമാനം പേര്‍! ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത, സര്‍വകലാശാലാ അധ്യാപകനായ ഖൈസ് തുനീഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അരാഷ്ട്രീയ നിലപാടുകള്‍ തുനീഷ്യ അറബ് ലോകത്തിനു നല്‍കിയ ആത്മവിശ്വാസത്തിനു മാത്രമല്ല, വിപ്ലവ മൂല്യങ്ങള്‍ക്കും തിരിച്ചടിയാവുകയാണ്. യമനെപ്പോലെ ലിബിയയിലും രണ്ടു സമാന്തര സര്‍ക്കാറുകള്‍ (ട്രിപ്പോളിയിലും ത്വബ്‌റകിലും) അധികാരം കയ്യാളുന്നു. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ അല്‍ സീസിയുടെ ഏകാധിപത്യ വാഴ്ചയില്‍ കടുത്ത പൗരാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പോയ വര്‍ഷവും പുറത്തുവന്നത്. ഇസ്്ലാമിസ്റ്റുകള്‍ മാത്രമല്ല, ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആക്റ്റിവിസ്റ്റുകള്‍ കാരാഗൃഹത്തിലാണ്.
അല്‍ സീസിയുടെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. 2018-ല്‍ അവരുടെ അവാമി പാര്‍ട്ടി വന്‍ വിജയം കൊയ്തത് തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം കാണിച്ചാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍, പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന നയമാണ് ഹസീനയുടെ സര്‍ക്കാര്‍ പിന്തുടരുന്നത്. ആയിരക്കണക്കിനാളുകള്‍ ജയിലിലാണ്. വില വര്‍ധനക്കെതിരെ പ്രതിഷേധിച്ചതിന് സെപ്റ്റംബറിനു ശേഷം മാത്രം പ്രതിപക്ഷ ബി.എന്‍.പിയിലെ ഏഴ് പേരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. ഹസീന അധികാരത്തിലിരുന്ന നടത്തുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. 
l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌