Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

വിവാദങ്ങളില്‍ കുരുങ്ങിയ മുജാഹിദ് സമ്മേളനം

എ.ആര്‍

2022 ഡിസംബര്‍ 29,30,31, 2023 ജനുവരി 1 തീയതികളില്‍ കോഴിക്കോട് സരോവരത്ത് ആറ് വേദികളിലായി 56 സെഷനുകളില്‍ 600 പ്രബന്ധങ്ങളും പ്രസംഗങ്ങളും അവതരിപ്പിക്കപ്പെട്ട കേരള നദ്്വത്തുല്‍ മുജാഹിദീന്റെ പത്താമത് സംസ്ഥാന സമ്മേളനം കെ.എന്‍.എമ്മിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടാണ് സമാപിച്ചത്. മൂന്ന് നാല് ദിവസങ്ങളിലായി ലക്ഷങ്ങൾ സുസജ്ജമായ സമ്മേളന നഗരിയിലെത്തി. ഇതിനു പുറമെ ലോകത്തെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനത്തിലൂടെ പരിപാടികള്‍ വീക്ഷിക്കാനും‍ അവസരം ലഭിച്ചു. സംഘടനയുടെ ചരിത്രത്തില്‍ മുന്‍ ഉദാഹരണമില്ലാത്തവിധം സമ്മേളനം ചര്‍ച്ച ചെയ്യപ്പെട്ടതും എടുത്തുപറയേണ്ടതാണ്. രണ്ടോ മൂന്നോ പിളര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടും വലിയൊരു വിഭാഗം ഉല്‍പതിഷ്ണുക്കള്‍ കെ.എന്‍.എമ്മിനെ നെഞ്ചിലേറ്റുന്നുവെന്ന തിരിച്ചറിവ് നേതാക്കളെയും പ്രവര്‍ത്തകരെയും ആഹ്ലാദിപ്പിക്കും.
അതേസമയം, തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിമരുന്നിട്ട സമ്മേളനം എന്ന പ്രത്യേകത കൂടി ഇതോടു കൂട്ടിച്ചേര്‍ക്കണം. സമ്മേളനത്തിലേക്ക് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരെ മുഖ്യാതിഥികളായി ക്ഷണിച്ചതും സമ്മേളനത്തിന്റെ മുന്നോടിയായി ഹിന്ദുത്വ ചാനലായ ജനം ടി.വിയുമായി നടന്ന മുഖാമുഖത്തില്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മജീദ് സ്വലാഹി മോദി സര്‍ക്കാറിനെ സുഖിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചതും പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, അത് തന്നെയാണ് കെ.എന്‍.എമ്മിന്റെ നിലപാടെന്ന് ന്യായീകരിച്ചതുമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവങ്ങളിലൊന്ന്. രണ്ടാമത്തേത്, കെ.എന്‍.എം നേതൃത്വം നിലവിലെ സാഹചര്യത്തില്‍ ഹിന്ദുത്വരുമായി ഒത്തുതീര്‍പ്പിനൊരുങ്ങുന്നു, മുസ്്‌ലിം ലീഗിന്റെ മൗനാനുവാദവും അതിന്റെ പിന്നിലുണ്ട് എന്ന വിലയിരുത്തലോടെ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട ഇടതു സര്‍ക്കാറിലെ മന്ത്രിമാരും സി.പി.എം എം.പി ജോണ്‍ ബ്രിട്ടാസും, ഒടുവില്‍ സാക്ഷാല്‍ മുഖ്യമന്ത്രിയും മൂര്‍ച്ചയേറിയ ശൈലിയില്‍ ഈ പ്രവണതയെ അപലപിച്ചതാണ്. സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-മുസ്്‌ലിം ലീഗ് എം.എല്‍.എമാര്‍ സി.പി.എമ്മിന് മറുപടി നല്‍കിയതോടെ ഒരു പ്രബല മുസ്്‌ലിം മതസംഘടനയുടെ വേദി കേവലം രാഷ്ട്രീയ വിവാദങ്ങളുടെ കളരിയായി പരിണമിച്ചു എന്ന വിലയിരുത്തലിനും വഴിവെച്ചു. യഥാര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ഖിലാഫത്ത് പാരമ്പര്യങ്ങളുടെയും വെളിച്ചത്തിലും തെളിച്ചത്തിലും പരിശോധിച്ചാല്‍ ആത്മീയതയും ഭൗതികതയും ദീനും ദുന്‍യാവും സമഞ്ജസമായി സമ്മേളിക്കുന്നതാണ് ഇസ്്‌ലാമിന്റെ ജീവിത ദര്‍ശനം എന്നതു കൊണ്ട് പൊതുജീവിതത്തില്‍ ഇടപെടുന്നവരെ ക്ഷണിക്കുന്നതോ അവരുടേത് കേള്‍ക്കാന്‍ അവസരം സൃഷ്ടിക്കുന്നതോ കുറ്റപ്പെടുത്തേണ്ട കാര്യമേയല്ല. ഇസ്്‌ലാമിക പ്രസ്ഥാനം തുടക്കം മുതല്‍ സ്വീകരിച്ച സുചിന്തിതമായ നിലപാടാണിത്. ഏറെ വൈകിയാണെങ്കിലും മുജാഹിദ് സംഘടന അത് സ്വാംശീകരിച്ചതില്‍ ആക്ഷേപാര്‍ഹമായി ഒന്നുമില്ല. രാജ്യം ഭരിക്കുന്നത് ബി.ജെ.പി അഥവാ ആര്‍.എസ്.എസാണ്. ജനങ്ങളുടെ ഭൂരിപക്ഷ ഹിത പ്രകാരം അധികാരത്തില്‍ വന്നവരാണവര്‍. അവരുടെ ജനാധിപത്യ വിരുദ്ധവും നീതിക്ക് നിരക്കാത്തതുമായ നയനിലപാടുകളോട് ശക്തമായി വിയോജിക്കുകയും പൊരുതുകയും ചെയ്യുന്നതോടൊപ്പം തന്നെ അവരുടെ നേതാക്കളുമായും വക്താക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിക്കൂടെന്നോ ആശയവിനിമയം നടത്തിക്കൂടെന്നോ, അവര്‍ക്ക് പറയാനുള്ളത് കേട്ടുകൂടെന്നോ ഒരു വിലക്കും ഉണ്ടായിക്കൂടാ. 'നീ അവരുമായി സംവാദത്തിലേര്‍പ്പെടുക' എന്ന ഖുര്‍ആനികാധ്യാപനം അവര്‍ക്കും ബാധകമാണ്. വിശിഷ്യാ, ഒരു മതസംഘടനയുടെ പ്രവര്‍ത്തകരായ സ്ത്രീ-പുരുഷന്മാര്‍ അച്ചടക്കത്തോടെ മതാധ്യാപനങ്ങള്‍ പാലിച്ച് ശാന്തമായ സദസ്സിലിരുന്ന് വാക്കുകള്‍ താല്‍പര്യപൂര്‍വം ശ്രദ്ധിക്കുന്ന അനുഭവം അതിഥികളില്‍ മതിപ്പുളവാക്കുകയേ ചെയ്യൂ. പിന്നെ സി.പി.എം-മുസ്്‌ലിം ലീഗ് നേതാക്കളുടെയും ഏറ്റുമുട്ടലുകളുടെയും കാര്യം. രാഷ്ട്രീയക്കാര്‍ ഏത് കാര്യം പറയുമ്പോഴും ചെയ്യുമ്പോഴും പ്രഥമ ദൃഷ്ടി വോട്ട് ബാങ്കില്‍ പതിയുമെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്; വിശേഷിച്ച് അടുത്ത ലോക്‌സഭാ ഇലക്്ഷന് ഒന്നര വര്‍ഷം മാത്രം ബാക്കിയിരിക്കെ. അവര്‍ പറയുന്നതിലെ ശരിയും തെറ്റും വേണ്ട രീതിയില്‍ വിലയിരുത്താന്‍ പ്രബുദ്ധ കേരളത്തിന് കഴിയും.
ജനം ടി.വിയോട് കെ.എന്‍.എം സെക്രട്ടറി വിശദീകരിച്ച കാര്യങ്ങള്‍ സംഘടനയുടെ നിലപാട് തന്നെയാണെന്ന് പ്രസിഡന്റ് ന്യായീകരിച്ചിട്ടുണ്ടെങ്കിലും അബ്ദുല്‍ മജീദ് സ്വലാഹിയുടെ ഇതഃപര്യന്തമുള്ള ലേഖനങ്ങളും കുറിപ്പുകളും വായിക്കുന്നവര്‍ക്ക് വരികള്‍ക്കിടയിലൂടെ മറ്റു ചിലത് വായിച്ചെടുക്കാന്‍ കഴിയും. ആദ്യകാല ഇസ്വ്്‌ലാഹി പണ്ഡിതന്മാരുടെ നിലപാടുകളില്‍നിന്ന് ഭിന്നമായി ഇസ്്‌ലാമില്‍ ദീനും ദുന്‍യാവും വേറെത്തന്നെയാണെന്നും, ഇസ്്‌ലാമിന്റെ സമഗ്ര ജീവിത ദര്‍ശനത്തെ ഇക്കാലത്ത് അവതരിപ്പിച്ചുകൂടെന്നും, രാജാക്കന്മാരോ സൈനിക മേധാവികളോ ഏകാധിപതികളോ തന്നിഷ്ടപ്രകാരം ഭരിച്ചാലും അതിനെതിരെ ശബ്ദമുയര്‍ത്തുന്നതാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നും സ്വലാഹി കരുതുന്ന പോലെ. എണ്ണ രാജാക്കന്മാര്‍ ഉള്‍പ്പെടെ കുടുംബ വാഴ്ചക്കാരുടെ സകല നയങ്ങളുടെയും ചെയ്തികളുടെയും നേരെ ഏത് പരിതഃസ്ഥിതിയിലും കണ്ണ് ചിമ്മുകയാണ് മുസ്്‌ലിംകള്‍ ചെയ്യേണ്ടത്. അന്ധവിശ്വാസങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്നതിന് നേരെ മാത്രമാണ് ജിഹാദിന്റെ പ്രസക്തി. 'ജിഹാദില്‍ ഏറ്റവും ശ്രേഷ്ഠം അനീതി ചെയ്യുന്ന ഭരണാധികാരിയോട് സത്യം തുറന്നു പറയലാണ്' എന്ന ഹദീസ് ദുര്‍ബലമാണെന്ന് കണ്ടെത്താന്‍ അദ്ദേഹം മിനക്കെടുന്നുണ്ടാവാം. ഇതേ മനോഭാവത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും വംശീയ പക്ഷപാതിത്വങ്ങളെയും അദ്ദേഹം നോക്കിക്കാണുന്നതും. അതിനാല്‍ തന്നെ ഒറ്റപ്പെട്ട സംഭവങ്ങളായല്ലാതെ സംഘ് പരിവാര്‍ സര്‍ക്കാറിന്റെ നീതിനിഷേധത്തെയും കാണാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി എഴുതിയ ലേഖനമുണ്ട്, 'സമൂഹത്തിന് ഭീഷണിയാകുന്ന തീവ്രവാദ ഗ്രൂപ്പുകള്‍' എന്ന ശീര്‍ഷകത്തില്‍. അതിലദ്ദേഹം, മിഡിലീസ്റ്റിലെ സകലമാന കുഴപ്പങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണം അല്‍ ഇഖ്്വാനുല്‍ മുസ്്‌ലിമൂന്‍ (മുസ്്‌ലിം ബ്രദര്‍ഹുഡ്) ആണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. തെളിവിനായി അറബ് വസന്താനന്തരം തുനീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, യമന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇന്നത്തെ ദുരിതങ്ങളും പ്രയാസങ്ങളും അദ്ദേഹം എടുത്തുകാട്ടുകയും ചെയ്യുന്നു. ഈ രാജ്യങ്ങളിലൊന്നും ജനാധിപത്യം നിലവില്ലായിരുന്നുവെന്നും, സ്വേഛാധിപതികളുടെ കടുത്ത അഴിമതിയും ഖജനാവ് ചോര്‍ത്തലും കൊണ്ട് പൊറുതിമുട്ടിയ ജനം പ്രക്ഷോഭരംഗത്തിറങ്ങിയതിന്റെ ഫലമായി, പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് നരനായാട്ട് നടത്തിയിട്ടും രക്ഷയില്ലെന്ന് കണ്ടു അവര്‍ പലായനം ചെയ്യുകയായിരുന്നുവെന്നുമുള്ള നഗ്നസത്യം ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുന്നു. തുനീഷ്യയില്‍ ജനങ്ങള്‍ അധികാരത്തിലേറ്റിയ അന്നഹ്ദ പാര്‍ട്ടിയെ അട്ടിമറിച്ചാണ് ഇപ്പോഴത്തെ സ്വേഛാധിപതി അധികാരത്തിലേറിയതെന്നും, തന്മൂലം തൊഴിലില്ലായ്മയും വിലക്കയറ്റവും പൂര്‍വാധികം വര്‍ധിക്കുകയേ ചെയ്തിട്ടുള്ളൂവെന്നുമുള്ള സത്യം ലേഖകന്‍ മൂടിവെക്കുന്നു. ഈജിപ്തില്‍ സമാധാനപൂര്‍ണമായ ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രസിഡന്റ് ഹുസ്‌നി മുബാറക് ഗത്യന്തരമില്ലാതെ അധികാരം വിട്ടൊഴിയേണ്ടി വന്നപ്പോള്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ജയിച്ചുവന്ന ഇഖ്്വാനുല്‍ മുസ്്‌ലിമൂന്‍ സലഫി പാര്‍ട്ടിയായ ഹിസ്ബുല്‍ ഗദിനെ കൂട്ടി ഭരണം തുടങ്ങിയപ്പോള്‍ ഉടന്‍ ശരീഅത്ത് നടപ്പാക്കണമെന്ന സലഫി പിടിവാശിക്ക് വഴങ്ങിയതാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് സംഭവിച്ച പാളിച്ച. അവസരമുപയോഗിച്ചു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പട്ടാള മേധാവി അബ്ദുല്‍ ഫത്താഹ് സീസിയുടെ ഭരണത്തില്‍ ഇപ്പോള്‍ ഈജിപ്തില്‍ നടമാടുന്നത് തികഞ്ഞ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സലഫി തന്നെയായ ലേഖകന്‍. ജനങ്ങള്‍ വീണ്ടും പ്രക്ഷോഭ മാര്‍ഗത്തിലാണവിടെ. സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ സ്വേഛാ ഭരണകൂടം ആയിരക്കണക്കില്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തിട്ടും മതിയാക്കാതെ റഷ്യന്‍ പട്ടാളത്തിന്റെ പിന്തുണയോടെ തുടരുന്ന നരമേധമാണ് ആ രാജ്യത്തെ നരകതുല്യമാക്കിയതെന്ന് സ്വലാഹിക്ക് അറിയാത്തതല്ല. ഇറാഖില്‍ അമേരിക്കയും നാറ്റോയും നടത്തിയ ഉന്മൂലനം ആ രാജ്യത്തെ ചുടുകാടാക്കി മാറ്റിയപ്പോള്‍ രംഗത്ത് മുളച്ചുപൊന്തിയ തീവ്രവാദി ഗ്രൂപ്പാണ് ഐ.എസ്. അതാവട്ടെ തീര്‍ത്തും സലഫികളും. മുസ്്‌ലിം ബ്രദര്‍ഹുഡിന്റെ പിന്തുണയുള്ള ഹമാസിനെ തീവ്രവാദി ഗ്രൂപ്പുകളില്‍ എണ്ണുന്ന സ്വലാഹി ഗസ്സാ മുനമ്പില്‍ പ്രാഥമിക ജീവിതാവശ്യങ്ങള്‍ക്കായി പൊരുതുന്ന ഫലസ്ത്വീന്‍ ജനതയുടെ നേരെ ബോംബ് വര്‍ഷിച്ച് സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്ന, വീടുകളും സ്‌കൂളുകളും തകര്‍ക്കുന്ന ഇസ്രായേലിന്റെ വംശീയ നശീകരണ പരിപാടിയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ഹമാസിന്റെ ചെറുത്തുനില്‍പിനെ ഭീകരവാദമായി ചിത്രീകരിക്കുന്ന അമേരിക്കയുടെയും കൂട്ടാളികളുടെയും ഭാഷ്യമാണ് അദ്ദേഹത്തിന്റേത്. അതേയവസരത്തില്‍ 'സമാധാന പ്രേമികളു'ടെ എല്ലാ നിര്‍ദേശങ്ങള്‍ക്കും വഴങ്ങി, ഇസ്രായേലുമായി ഏകപക്ഷീയമായ കരാറുകളില്‍ മുഴുവന്‍ ഒപ്പിട്ട് 13 ച. കിലോമീറ്റര്‍ മാത്രം അധികാര പരിധിയിലുള്ള ഫലസ്ത്വീന്‍ അതോറിറ്റി ചെയര്‍മാന്‍ മഹ്്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ളവരെ പുറത്ത് ചാടിക്കാനും മസ്ജിദുല്‍ അഖ്‌സയടക്കം പിടിച്ചടക്കാനും ചെറുക്കുന്ന ഫലസ്ത്വീന്‍ യുവാക്കളെ കൊന്നൊടുക്കാനും രംഗത്തിറങ്ങിയിരിക്കുന്ന സയണിസ്റ്റ് ഭീകരതയെ അപലപിക്കാന്‍ സ്വലാഹി തയാറല്ല. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ആറ് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന മന്ത്രിസഭയാണിപ്പോള്‍ അവിടെ അധികാരത്തില്‍. മസ്ജിദുല്‍ അഖ്‌സാ ഉള്‍പ്പെടെ വെസ്റ്റ് ബാങ്ക് മുഴുവന്‍ ഇസ്രായേലിന്റെ ഭാഗമാക്കണമെന്നും രാജ്യത്തെ ജൂതരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നും ഫലസ്ത്വീനികളെ നിശ്ശേഷം പുറംതള്ളണമെന്നുമാണ് പുതിയ സയണിസ്റ്റ് സര്‍ക്കാറിന്റെ നിലപാട്. സ്വലാഹി അവകാശപ്പെടുന്ന വികസിത സമാധാന സമ്പന്ന അറബ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എവിടെ നില്‍ക്കുന്നു? ഫലസ്ത്വീനികളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരും തീവ്രവാദികളാണോ?
ജമാഅത്തെ ഇസ്്‌ലാമിയാണത്രെ ഏഷ്യയില്‍ ബ്രദര്‍ ഹുഡിന്റെ തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ മടിത്തട്ട്. ജമാഅത്തിനെ രണ്ട് തവണ നിരോധിച്ച ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ ന്യായം പരമോന്നത കോടതിയില്‍ തെളിയിക്കാനായില്ലെന്ന് സ്വലാഹി ഓര്‍ക്കണം. 1948-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിക്ക് ഇസ്്‌ലാമിക രാഷ്ട്ര സംസ്ഥാപനം എന്ന ലക്ഷ്യമേയില്ലെന്നതിന് ആര്‍ക്കും ലഭ്യമായ അതിന്റെ ഭരണഘടന സാക്ഷി. ഇസ്്‌ലാമില്‍ രാഷ്ട്രീയമോ ഭരണകാര്യങ്ങളോ നീതിന്യായ വ്യവസ്ഥയോ ഇല്ലെന്ന് ആര് വാദിച്ചാലും, ഖുര്‍ആനും സുന്നത്തും ഖിലാഫത്തിന്റെ പാരമ്പര്യവും പഠിച്ചവരാരും അതംഗീകരിക്കാന്‍ പോകുന്നില്ല. കെ.എന്‍.എം സാഭിമാനം കൊണ്ടുനടന്ന പരേതരായ കെ.എം മൗലവി, ഇ.കെ മൗലവി, എം.സി.സി ബ്രദേഴ്‌സ്, ശൈഖ് മുഹമ്മദ് മൗലവി തുടങ്ങി എ. സഈദ് മൗലവി വരെയുള്ളവരും, ഇപ്പോഴും ജീവിച്ചിരിക്കുന്ന മുജാഹിദ്് പണ്ഡിതന്മാരില്‍ പ ലരും ഇസ്്‌ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും ഊന്നിപ്പറഞ്ഞവരാണെന്നതിന് രേഖകള്‍ സാക്ഷി. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായി സമാധാനപൂര്‍വം സത്യപ്രബോധനം നിര്‍വഹിച്ചുകൊണ്ടും ആര്‍.എസ്.എസ് ഉള്‍പ്പെടെ എല്ലാവരുമായും സംവാദത്തിലേര്‍പ്പെട്ടും എല്ലാതരം തീവ്രവാദങ്ങളെയും ഭീകരതയെയും അപ്പാടെ തള്ളിപ്പറഞ്ഞും മുക്കാല്‍ നൂറ്റാണ്ടുകാലമായി കര്‍മരംഗത്തുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ തണലിലോ മടിത്തട്ടിലോ ഒരു തീവ്രവാദി ഗ്രൂപ്പും വളര്‍ന്നിട്ടില്ല. അല്ലാഹുവിനെയും റസൂലിനെയുമല്ലാതെ ഒരാളെയും സത്യത്തിന്റെ മാനദണ്ഡമായി അംഗീകരിക്കില്ലെന്ന് സ്വന്തം ഭരണഘടനയില്‍ രേഖപ്പെടുത്തിയും കുടുംബവാഴ്ച ഇസ്്‌ലാമിലില്ലെന്ന് പ്രാമാണികമായി തെളിയിച്ചും രംഗത്തുള്ള ഇസ്്‌ലാമിക പ്രസ്ഥാനത്തില്‍ ശീഈ വിഭാഗത്തില്‍ പെട്ട ഒരാള്‍ പോലും അംഗമായിട്ടില്ലെന്നിരിക്കെ ശീഇസത്തെ തുണക്കുന്നു എന്ന ആരോപണം വെള്ളം ചേര്‍ക്കാത്ത കള്ളമാണ്. റിസാ ഷാ പഹ്്ലവിയുടെ അമേരിക്കന്‍ സാമ്രാജ്യത്വ വിധേയ ഭരണകൂടത്തിനെതിരെ 1979-ല്‍ ഇറാനില്‍ നടന്ന ജനകീയ വിപ്ലവത്തെ പിന്താങ്ങിയത് ജമാഅത്തെ ഇസ്്‌ലാമി മാത്രമല്ല. ആ നിലപാട് ശീഇസത്തെ ഒരളവിലും തുണക്കലുമല്ല. ഇറാന്റെ അതിക്രമങ്ങളെയും ഇറാനു നേരെ നടക്കുന്ന നീതിനിഷേധത്തെയും ഒരുപോലെ അപലപിക്കുന്നതാണ് ജമാഅത്തിന്റെ സുചിന്തിത നിലപാട്. 
l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌