ഒരക്ഷരം കൂട്ടുമ്പോഴും കുറക്കുമ്പോഴുമുള്ള അര്‍ഥവ്യത്യാസം
വാക്കും പൊരുളും
''നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത്'' (അശ്ശൂറാ 13).
''അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടേണ്ടവണ്ണം ഭയപ്പെടുവിന്‍. മുസ്ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകാതിരിക്കട്ടെ. ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുവിന്‍. ഭിന്നിച്ചു പോകരുത്. അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. ഒരഗ്‌നികുണ്ഡത്തിന്റെ തെല്ലിലായിരുന്നു നിങ്ങള്‍. അവന്‍ അതില്‍നിന്നു നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തിത്തരികയാണ്; ഈ അടയാളങ്ങളിലൂടെ നിങ്ങള്‍ മോക്ഷത്തിന്റെ ശരിയായ മാര്‍ഗം കണ്ടെത്തിയെങ്കിലോ'' (ആലു ഇംറാന്‍ 102-103).
മേല്‍കൊടുത്തിട്ടുള്ള സൂറഃ അശ്ശൂറായിലെ പതിമൂന്നാമത്തെ ആയത്തില്‍ ولا تتفرّقوا فيه എന്നും ആലു ഇംറാനിലെ നൂറ്റിമൂന്നാമത്തെ ആയത്തില്‍ ولا تفرّقوا എന്നും കാണാം. അശ്ശൂറായിലെ കല്‍പനക്രിയയില്‍ രണ്ടു 'താഅ്' ഉള്ള പൂര്‍ണരൂപത്തിലും ആലു ഇംറാനിലെ ആയത്തില്‍ ഒരു 'താഅ്' ഒഴിവാക്കിയും പ്രയോഗിച്ചിരിക്കുന്നു. ശൂറായിലെ ആയത്തില്‍ നൂഹ് നബി (അ) യുടെ, ചരിത്രാതീത കാലം മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള നബിമാരുടെ സമൂഹങ്ങളോടാണ്, നിങ്ങള്‍ക്കു നിയമമാക്കിത്തന്ന ദീനിനെ നിലനിര്‍ത്തണമെന്നും അതില്‍ നിങ്ങള്‍ ഭിന്നിച്ചു പോകരുതെന്നുമുള്ള കല്‍പന. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുണ്ടല്ലോ ഈ മൊത്തം നബിമാര്‍ക്കും അവരുടെ ഉമ്മത്തുകള്‍ക്കും. അപ്പോള്‍ 'വലാ തതഫര്‍റഖൂ ഫീഹി' എന്ന് ഒരു താഇനെ ഹദ്ഫ് ചെയ്യാതെ / കളയാതെ പൂര്‍ണമായ നിലയില്‍ പ്രയോഗിച്ചു. എന്നാല്‍, ആലു ഇംറാനിലെ ആയത്തില്‍, ആ നബിമാരുടെ പരമ്പരയിലെ അവസാന കണ്ണിയായ മുഹമ്മദ് നബി(സ) യുടെ ഉമ്മത്തിനോടാണ് നിങ്ങള്‍ ഭിന്നിക്കരുത്- വലാ തഫര്‍റഖൂ- എന്ന കല്‍പന. മനുഷ്യ കുലത്തിന്റെ നീണ്ട ചരിത്രത്തിലെ ഒരു ഭാഗം മാത്രമാണല്ലോ നബി(സ) യുടെ ഉമ്മത്ത്. അപ്പോള്‍ അവിടെ ഒരു താഇനെ ഒഴിവാക്കി- ഹദ്ഫ് ചെയ്ത്- പ്രയോഗിച്ചു.
ഇവിടെ യാ അയ്യുഹല്ലദീന ആമനൂ- അല്ലയോ സത്യവിശ്വാസികളേ- എന്നു വിളിച്ചുകൊണ്ടാണ് കല്‍പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ എണ്‍പത്തിയൊമ്പതു തവണ ആ വിളി ആവര്‍ത്തിച്ചു വന്നിരിക്കുന്നു. സത്യവിശ്വാസികളൊന്നടങ്കം അറിയേണ്ട സുപ്രധാനവും ഗൗരവമേറിയതുമായ കാര്യങ്ങളാണ് അതിനു ശേഷം പറഞ്ഞിട്ടുള്ളത് എന്നുകൂടി ഓര്‍ക്കുക.
സത്യവിശ്വാസികളേ എന്ന് വിളിച്ചുകൊണ്ട് തൊട്ടുടനെ പറയുന്ന കാര്യം, നിങ്ങള്‍ അല്ലാഹുവിനെ വേണ്ടവണ്ണം സൂക്ഷിക്കണമെന്നാണ്. ആ തഖ്‌വയുടെ ഭാഗമാണ് അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക എന്നതും ഒരു കാര്യത്തിലും ഭിന്നിക്കാതിരിക്കുക എന്നതും. പിന്നീടുള്ളത് നിങ്ങള്‍ ഒരു കാരണവശാലും മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിച്ചുപോകരുതെന്ന ശക്തമായ താക്കീതും. ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ അവരുടെ നേതാവായ ഭരണാധികാരിയോട് ധിക്കാരം കാണിച്ചുകൊണ്ട് കക്ഷിത്വം സൃഷ്ടിച്ചു മാറിനിന്ന് മരണപ്പെടുന്നവന്‍ ജാഹിലിയ്യാ മരണമാണ് വരിക്കുന്നതെന്ന ഹദീസും ഇവിടെ ഓര്‍ക്കുക. മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരത്തില്‍പോലും ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ ഭിന്നിച്ചുനില്‍ക്കുകയും പിന്നെ മരണപ്പെടുകയും ചെയ്യുന്നവരുടെ അവസ്ഥ ഇവിടെ ഓര്‍ക്കുന്നത് നന്നായിരിക്കും. ഏതവസ്ഥയിലാണ് അവര്‍ മരണപ്പെടുന്നതെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുക.
നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുന്നത്, ഒരാള്‍പോലും മാറിനില്‍ക്കാതെ ഒറ്റക്കെട്ടായിട്ടായിരിക്കണം. അതാണ് جميعا - ഒന്നടങ്കം- എന്ന് ഊന്നിപ്പറഞ്ഞത്. അതിനു ശേഷമാണ് ولا تفرّقوا -നിങ്ങള്‍ ഭിന്നിക്കരുത്- എന്ന ശക്തമായ നിരോധനാജ്ഞ വന്നിട്ടുള്ളത്. ഇവിടെ ഒരു 'താഅ്' ഒഴിവാക്കിയതിന്റെ മറ്റൊരു സൂക്ഷ്മമായ അര്‍ഥം നിങ്ങള്‍ ഒരു തരത്തിലുള്ള 'ഫിര്‍ഖത്തി'ലും പെട്ടുപോകരുതെന്നാണ്, അതെത്ര നേരിയതോ കുറഞ്ഞതോ ആയ കാര്യത്തിലായാലും. ഈ ആയത്തിന്റെ വെളിച്ചത്തില്‍ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥ പരിശോധിക്കുക. അല്ലാഹുവിന്റെ ഈ ശക്തമായ നിരോധനത്തെയും താക്കീതിനെയും അവഗണിച്ചതിന്റെ ഫലമാണ് അവരനുഭവിക്കുന്നതെന്നു കാണാം.
എന്നുമാത്രമല്ല, കഴിഞ്ഞകാലത്ത് ഭിന്നിച്ചുപോയവരെപ്പോലെ നിങ്ങളാകരുത് എന്ന മുന്നറിയിപ്പും അല്ലാഹു നല്‍കുന്നു. അങ്ങനെ ഭിന്നിച്ചാല്‍ ദുനിയാവിലെയും ആഖിറത്തിലെയും ഭയങ്കര ശിക്ഷ നിങ്ങളെ പിടികൂടും. അതുകൊണ്ടാണ് ഈ ഭയങ്കരമായ ശിക്ഷയെ കാലവുമായി, അല്ലെങ്കില്‍ പരലോകവുമായി മാത്രം ബന്ധിപ്പിക്കാതെ ഇരുലോകത്തെയും ശിക്ഷയെ സൂചിപ്പിക്കുന്ന പ്രയോഗം (وأولئك لهم عذاب عظيم) നടത്തിയത്. ശിക്ഷ പരലോകത്ത് മാത്രമായിരിക്കില്ല എന്നർഥം. ഇന്ന് മുസ്‌ലിം ഉമ്മത്ത് ഈ ദുനിയാവില്‍ത്തന്നെ നിന്ദ്യമായ ശിക്ഷ അനുഭവിക്കുന്നില്ലേ? l
Comments