Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

നാഗരികതകളുടെ സംവാദത്തിന് കാൽപ്പന്ത് തുറന്നിട്ട സാധ്യതകൾ

സദ്റുദ്ദീൻ വാഴക്കാട്

അമേരിക്കൻ ചിന്തകൻ സാമുവൽ പി. ഹണ്ടിംഗ്ടൺ അവതരിപ്പിച്ച സിദ്ധാന്തമാണ് നാഗരികതകളുടെ സംഘട്ടനം.  ശീതയുദ്ധാനന്തരം ഇനി രാഷ്ട്രങ്ങൾ തമ്മിലല്ല, നാഗരികതകൾ തമ്മിലാണ് സംഘട്ടനങ്ങൾ നടക്കുക എന്ന വാദം മുന്നോട്ടുവെച്ച് ഒരു പുസ്തകവും അദ്ദേഹം എഴുതി: 'നാഗരികതകളുടെ സംഘട്ടനവും ലോക ക്രമത്തിന്റെ പുനർനിർമാണവും'.
പുസ്തകത്തിന്റെ തലക്കെട്ടിലും വിഷയ സംബന്ധിയായ ചർച്ചകളിലും പ്രയോഗിക്കപ്പെട്ട 'സംഘട്ടനം' (Clash) എന്ന പദം, പടിഞ്ഞാറൻ ഭൗതിക നാഗരികതയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.  പടിഞ്ഞാറിന്റെ പ്രകൃതവും പാരമ്പര്യവും സംഘട്ടനങ്ങളുടേതും അധിനിവേശങ്ങളുടേതുമാണ്. എല്ലാ ഭൂഖണ്ഡങ്ങളും യൂറോപ്യൻ അധിനിവേശത്തിന്റെ ചോരയിൽ കുതിർന്നിട്ടുണ്ട്. കൊന്നൊടുക്കപ്പെട്ട മനുഷ്യരും കൊള്ളയടിക്കപ്പെട്ട വിഭവങ്ങളും മാത്രമല്ല, അധിനിവേശം ചെയ്യപ്പെട്ട സംസ്കാരവും ഇതിന്റെ ബാക്കിപത്രമാകുന്നു. തെക്കേ അമേരിക്ക, 'ലാറ്റിൻ അമേരിക്ക' ആയത് ഉദാഹരണം.  ഒരു യൂറോപ്യൻ ഭാഷയുടെ പേര് എങ്ങനെ ഒരു അമേരിക്കൻ ഭൂഖണ്ഡത്തിന് വന്നുചേർന്നു?! 2022-ലെ വേൾഡ് കപ്പ്  കരസ്ഥമാക്കിയ അർജന്റീനാ ടീമിൽ എന്തുകൊണ്ട് വെള്ളക്കാർ മാത്രമായി? കളിക്കപ്പുറമുള്ള കാര്യങ്ങളിലേക്ക് നയിക്കുന്നതാണ് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ.
'നാഗരികതകളുടെ സംഘട്ടനം' എന്ന ഹണ്ടിംഗ്ടന്റെ സിദ്ധാന്തത്തോട് ഇസ്്ലാമിക ലോകം പ്രതികരിച്ചത്, 'നാഗരികതകളുടെ സംവാദം' എന്ന ദർശനത്തിൽ ഊന്നിയായിരുന്നു. യൂറോപ്പിന്റെത് പൊതുവിൽ സംഘട്ടനങ്ങളുടെ ഭാഷയും പാരമ്പര്യവുമാകാം. പക്ഷേ, സത്യവേദ ദർശനം സംഘർഷങ്ങളിലല്ല, സംവാദങ്ങളിലാണ് വിശ്വസിക്കുന്നത്. ദൈവദൂതന്മാരുടെ പാരമ്പര്യവും വേദദർശനത്തിലൂന്നിയ നാഗരികതകളുടെ സാമൂഹികതയും വികസിച്ചതും സംവാദങ്ങളിലൂടെയാണ്.  ഈ മഹദ് പൈതൃകത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് 2022-ലെ ഖത്തർ ലോക കപ്പ് ഫുട്ബോളിൽ കാണാനായത്. കളിമൈതാനങ്ങളിലെ കുതൂഹലങ്ങൾക്കപ്പുറം, നാഗരികതകളുടെ സംവാദത്തിന് നിരവധി സാധ്യതകൾ തുറന്നിട്ടു എന്നതാണ് ഈ ലോക കപ്പിന്റെ സുപ്രധാനമായൊരു നീക്കിയിരിപ്പ്.  കളിയഴകിന്റെ വിസ്മയക്കാഴ്്ചകൾ സമ്മാനിക്കുക മാത്രമല്ല കാൽപ്പന്തിലൂടെ ഖത്തർ ചെയ്തത്, ബഹുതലങ്ങളിൽ ലോകത്തിന്റെ കാഴ്്ചപ്പാടുകളെ മാറ്റിമറിക്കുക കൂടിയാണ്.

സംഘർഷമല്ല;
സംവാദമാണ് 
ലോക കപ്പ് ഉദ്ഘാടന വേളയിൽ മുഴങ്ങിയ ആ ഖുർആൻ വാക്യം (അൽഹുജുറാത്ത്  13) ഏറെ ആലോചനക്ക് ശേഷം തെരഞ്ഞെടുത്തതാണ്. ഇത്രമേൽ വൈരുധ്യങ്ങൾ നിറഞ്ഞാടുന്ന ലോകത്ത് ഒന്നിച്ചു പുലരാൻ, പരസ്പരം അറിയണം എന്നതായിരുന്നു മോർഗൻ ഫ്രീമാന്റെയും  ഗാനിം മുഫ്താഹിന്റെയും സംഭാഷണത്തിന്റെ പൊരുൾ. അവിടെ ഉന്നയിച്ച ചോദ്യം മോർഗൻ ഫ്രീമാന്റെതല്ല, അകം പൊള്ളയായ പടിഞ്ഞാറൻ ഭൗതിക നാഗരികതയുടെതാണ്.  ഇതിന് ഗാനിം മുഫ്താഹ് പറഞ്ഞതാകട്ടെ, അദ്ദേഹത്തിന്റെ മറുപടിയല്ല, വർത്തമാന ലോകത്തിന്റെ ചോദ്യങ്ങൾക്കും ദാഹങ്ങൾക്കുമുള്ള ഇസ്്ലാമിന്റെ ഉത്തരമാണ്.
വൈരുധ്യങ്ങളുടെ ലോകത്തെ അഭിമുഖീകരിക്കുമ്പോൾ മുതലാളിത്തത്തിനും കമ്യൂണിസത്തിനും ഏതാണ്ട് ഒരേ മറുപടിയാണ്. വർഗ സംഘട്ടനങ്ങളെ കുറിച്ചാണ് കമ്യുണിസത്തിന് സംസാരിക്കാനുള്ളത്. മുതലാളിത്ത ലോക ക്രമം അധിനിവേശത്തിലൂടെയും അടിമവൽക്കരണത്തിലൂടെയും വംശീയ ഉന്മൂലനത്തിലൂടെയുമാണ്  അപരജനതയെ സമീപിച്ചത്. ഭിന്ന ജനവിഭാഗങ്ങൾക്ക് സമാധാനത്തോടെ  സഹവസിക്കാൻ കഴിയില്ല എന്നതാണ് ഇവരുടെ തത്ത്വം. ലോക നാഗരികതയുടെ ചരിത്രം മാത്രമല്ല, വർത്തമാനവും ഇതിന്റെ തെളിവാണ്. അർജന്റീനയിലെ കറുത്തവരെ തങ്ങൾക്ക് സഹിക്കാനാകില്ല എന്ന അധിനിവേശ യൂറോപ്യൻ അധികാരികളുടെ മനസ്സ് ഇപ്പോഴും വിട്ടൊഴിയാതെ നിൽക്കുന്നു എന്നതാണ്, ലോക കപ്പ് വിജയാഘോഷത്തിലെ വംശീയ അധിക്ഷേപങ്ങളിലൂടെ തെളിയിക്കപ്പെടുന്നത്. കറുത്തവരും വെളുത്തവരും, യൂറോപ്യരും ആഫ്രിക്കക്കാരും, സ്ത്രീയും പുരുഷനും വൈരുധ്യങ്ങളാണെന്ന് മനസ്സിലാക്കുമ്പോൾ ഈ പ്രതിസന്ധി സ്വാഭാവികം.
വൈരുധ്യങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട പലതും വൈവിധ്യങ്ങളാണെന്ന് തിരിച്ചറിയാനായാൽ ഈ ലോകത്ത് എല്ലാവർക്കും ഒരുമിച്ച് പുലരാനാകും. പക്ഷേ, അതിന് പരസ്പരം അറിയാനും സംവദിക്കാനുമുള്ള മനസ്സും അവസരവുമുണ്ടാകണം. 'പരസ്പരം അറിയാൻ' - ഈ ഖുർആനിക ആഹ്വാനം മുഴക്കി ആരംഭിച്ച ലോക കായിക മാമാങ്കം, ഒന്നിച്ചിരിക്കാനും അടുത്തറിയാനും സംവദിക്കാനും ലോകത്തിന് അവസരമൊരുക്കുകയായിരുന്നു. ഈ വിശുദ്ധ വചനത്തിന്റെ പ്രയോഗ സാക്ഷ്യങ്ങളാണ് പിന്നീട് ഖത്തറിന്റെ തെരുവുകളിലും കളിമൈതാനങ്ങളിലും കണ്ടത്. കാൽപ്പന്തു കളി കാണാൻ പറന്നെത്തിയ ലോകം ഖത്തറിന്റെ മണ്ണിൽ, സമാധാനത്തോടെ, സാഹോദര്യത്തോടെ, സുരക്ഷിതത്വത്തോടെ ഒഴുകിപ്പരന്നു. അറബിയും അനറബിയും ആഫ്രിക്കക്കാരും അമേരിക്കക്കാരും യൂറോപ്യരും ഏഷ്യക്കാരും വെളുത്തവരും കറുത്തവരും അവിടെ ഒരുമിച്ചു. നിക്കറിട്ടവരും നിഖാബിട്ടവരും വിവേചനമില്ലാതെ നടന്ന മെട്രോയും ഫാൻസോണുകളും സൂഖ് വാഖിഫും സൂഖ് വഖ്റയും ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം പടിഞ്ഞാറിനെ പഠിപ്പിച്ചു.
ഇതേ സമയം മറ്റിടങ്ങളിൽ വംശവെറിയുടെ അട്ടഹാസങ്ങൾ മുഴങ്ങുക തന്നെയായിരുന്നു. എംബാപ്പെക്കെതിരായ എമിലിയാനോ മാർട്ടിനസിന്റെ പരിഹാസത്തിൽ അത് ഒതുങ്ങുന്നില്ല. അർജന്റീനക്കെതിരെ പെനാൽട്ടി കിക്ക് നഷ്ടപ്പെടുത്തിയ ഫ്രാൻസിന്റെ കിങ്ങ്സ് ലി കോമനും ഓർലിൻ ഷുവാമനിയും ഗോളവസരം നഷ്ടപ്പെടുത്തിയ കോലോ മൗനിയും കറുത്ത വംശജരായതിന്റെ പേരിൽ കടുത്ത അധിക്ഷേപങ്ങൾക്ക് ഇരകളായി. ഫ്രാൻസിനെതിരായ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയ ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ വെള്ളക്കാരനായതിനാൽ വംശവെറി നേരിടേണ്ടി വന്നില്ല.  ടീമിലെ കറുത്ത വംശജരായ പ്രമുഖ കളിക്കാർ പെനാൽറ്റി കിക്ക് എടുക്കാത്തത്, നഷ്ടപ്പെടുത്തിയാൽ വംശവെറിക്ക് ഇരയാകും എന്ന ഭയം കാരണമാണത്രെ. 'മത്സരം ജയിച്ചാൽ ഞാൻ ഫ്രഞ്ച് താരമാണ്, തോറ്റാൽ അവർക്ക് ഞാനൊരു മുസ്്ലിമാണ്' - ഫ്രഞ്ച് ടീമിലെ കരുത്തനായ കരീം ബെൻസേമയുടെ വാക്കുകളും ജർമൻ ടീമിലെ മിന്നും താരമായിരുന്ന ഓസിലിന്റെ അനുഭവങ്ങളും ഇതോട് ചേർത്തു വായിക്കുക.
 ഖത്തറിന്റെ തെരുവുകളാവട്ടെ മനുഷ്യ സാഹോദര്യത്തിന്റെ വിശ്വവിളംബരം മുഴക്കുകയായിരുന്നു.  ഇസ്്ലാമിക നാഗരികതയിൽ വായിച്ചറിഞ്ഞ പലതും ഖത്തറിന്റെ തെരുവുകളിൽ ശരിക്കും അനുഭവിച്ചറിഞ്ഞു. പുറംതള്ളലിന്റെ പടിഞ്ഞാറൻ അഹന്തക്ക് ചേർത്തുപിടിക്കലിന്റെ ആത്മീയ അനുഭവങ്ങൾ കൊണ്ട്, ഉന്മൂലനത്തിന്റെ ഫാഷിസ്റ്റ് സമീപനങ്ങൾക്ക് ഉൾക്കൊള്ളലിന്റെ സാമൂഹിക രാഷ്ട്രീയംകൊണ്ട് ഖത്തർ മറുപടി പറഞ്ഞു. അത് വിശുദ്ധ വേദഗ്രന്ഥത്തിന്റെ പൊരുളും പാഠവുമാണ്. ഒരു മൂല്യവ്യവസ്ഥയാൽ നയിക്കപ്പെടുന്ന സമൂഹവും സംസ്കാരവും ഉണ്ടെങ്കിൽ, നീതിനിഷ്്ഠമായ നിയമവും അതിന്റെ പരിപാലനവുമുണ്ടെങ്കിൽ അത് സാധ്യമാണെന്ന് തെളിയിക്കപ്പെട്ടു. മത്സരങ്ങൾക്ക് വിജയകരമായ പരിസമാപ്തി കുറിച്ചപ്പോൾ ഖത്തർ അമീർ തമീം ബിൻ ഹമദ് നൽകിയ ട്വിറ്റർ സന്ദേശത്തിൽ, 'ആഗോള സമൂഹത്തിന് ഞങ്ങളുടെ സംസ്കാരത്തിന്റെ സമൃദ്ധിയും മൂല്യങ്ങളുടെ മൗലികതയും അനുഭവിക്കാൻ അവസരമൊരുക്കി' എന്ന് കുറിച്ചത് എത്ര അർഥപൂർണം.
അകറ്റിനിർത്തപ്പെട്ട ഒരു ഭൂപ്രദേശത്തെ, ദുഷ്്പ്രചാരണങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ജനതയെ  അനുഭവിച്ചറിയാൻ ലോകത്തിന് അവസരമുണ്ടായി. ഇത് ഭൂഖണ്ഡങ്ങൾ തമ്മിൽ അതിരുകളില്ലാത്ത ആശയസംവാദത്തിന്റെ ആകാശം തുറന്നിട്ടിരിക്കുകയാണ്. ശൈഖ് തമീം ബിൻ ഹമദ് പറഞ്ഞ സംസ്കാരവും മൂല്യങ്ങളും അനുഭവിച്ചറിഞ്ഞവർ ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും മണ്ണിൽ തിരികെയെത്തിയത് സാംസ്കാരിക വിനിമയത്തിന്റെ സമ്പാദ്യവുമായിട്ടാണ്. ഖത്തറിന്റെ സംസ്കാരവും  മൂല്യങ്ങളും  അവരുടെ വീടകങ്ങളിലും കോഫി ഷോപ്പുകളിലും ഫുട്ബോൾ മൈതാനങ്ങളിലും ഇനിയും ചർച്ചാ വിഷയമാകും. മറ്റു ലോക കപ്പുകളിലൊന്നും കാണാത്ത വിധം, കളിയുടെ മുമ്പും ശേഷവും, ഈ ലോക കപ്പിന്റെ, രാഷ്ട്രീയവും സംസ്കാരവും സാമൂഹികതയുമൊക്കെ ലോക മാധ്യമങ്ങളിലും ജനങ്ങളുടെ നാവിൻതുമ്പിലും നിറഞ്ഞു നിൽക്കുന്നു.

സ്വപ്നങ്ങളുടെ സാഫല്യം
ഖത്തറിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ലോക കായിക ആസ്ഥാനമായി ഖത്തറിനെ അടയാളപ്പെടുത്തുക, അതിലൂടെ സാംസ്കാരിക വിനിമയത്തിന്റെയും സാമൂഹിക പോരാട്ടത്തിന്റെയും ദൗത്യം വിജയിപ്പിക്കുക.  ആദർശ ബോധം ഇതിന് ആന്തരിക പ്രചോദനമായി.  അതേക്കുറിച്ച് നെയ്ത വർണാഭമായ സ്വപ്നങ്ങൾ, അത് സഫലമാക്കാൻ പോന്ന  അജണ്ടകൾ, പഴുതടച്ച ആസൂത്രണങ്ങൾ, അസൂയാർഹമായ നിർവഹണ മികവ്, സാങ്കേതിക വിദ്യയുടെ സമർഥമായ ഉപയോഗം, കരുതലോടെയുള്ള നീക്കങ്ങൾ, മിത ഭാഷണം, സംഘബോധം, വിമർശനങ്ങളോട് പ്രതികരിക്കാതെ പ്രവൃത്തിയിലൂടെ മറുപടി, സ്വദേശികളെയും വിദേശികളെയും ഒരുപോലെ ഉൾക്കൊള്ളാൻ  വിശാലതയുള്ള നേതൃപാടവം, ബൗദ്ധിക സംഘങ്ങളുടെ വിന്യാസം, ബൃഹത്തായ മാധ്യമ അജണ്ടകൾ, പ്രപഞ്ചാധിപതിയിലുള്ള ഉറച്ച വിശ്വാസം, അതിൽ നിന്ന് ഉൽഭൂതമാകുന്ന ആത്മവിശ്വാസം.... ഇങ്ങനെ പലതുണ്ട് ഈ വിജയത്തിനു പിന്നിൽ. അതൊരു കളി മാത്രമായിരുന്നില്ലേ എന്ന് കരുതിയാൽ നമുക്ക് തെറ്റും. ഒരു കളിയിലൂടെ എഴുതാൻ തുടങ്ങിയ ബൃഹദ് അധ്യായങ്ങളുടെ ആരംഭമാണ് ഖത്തർ ലോക കപ്പ്.
മുകൾ തട്ടിലെ മൂന്ന് തലങ്ങളിൽ ഖത്തരി പൗരൻമാരിൽ തന്നെ കേന്ദ്രീകരിച്ചതായിരുന്നു ഇതിന്റെ സംഘാടന നേതൃത്വം. 'യൂറോപ്യൻ ബുദ്ധിയും നേതൃത്വവും' എന്ന കടമെടുപ്പിനെയും അപകർഷബോധത്തെയും ഖത്തർ തോൽപിച്ചു കളഞ്ഞിട്ടുണ്ട്. ശൈഖ മോസയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ മുന്നേറ്റം അതിനുള്ള കരുത്ത് ഖത്തർ ജനതക്ക് നൽകിയിരിക്കുന്നു. ഈ മൂന്ന് തലങ്ങൾക്കു താഴെ ലോകത്തെ കഴിവുറ്റ മനുഷ്യവിഭവശേഷിയെ സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി സമർഥമായി  പ്രയോജനപ്പെടുത്തുകയും ചെയ്തു.  ഏറെ ചുകപ്പ് നാടകൾ സൃഷ്ടിക്കാതെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ നാസർ അൽ ഖാത്വിറിനും ഹസൻ അൽതവാദിക്കും ടീമിനും കഴിഞ്ഞു. സാമൂഹിക ശാസ്ത്ര വിദ്യാർഥികൾക്ക് മികച്ച പാഠപുസ്തകമാണ് ഇത്തവണത്തെ ലോക കപ്പ്. കളിയെഴുത്തുകാരെക്കാൾ പഠിക്കാനുണ്ട്, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർക്കും ആത്മീയ പ്രബോധകർക്കും.

അതിവാദങ്ങളല്ല;
അനുഭവങ്ങളാണ്
 ഇംഗ്ലണ്ടിലെ ലിവർപൂൾ ക്ലബ്ബ് താരമാണ്  ഈജിപ്ഷ്യൻ ഫുട്ബോളറായ മുഹമ്മദ് സലാഹ്. കളിമികവും സ്വഭാവവും കൊണ്ട് തന്റെ വ്യക്തിത്വത്തെ അദ്ദേഹം ഫുട്ബാൾ ലോകത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. ഗോളടിച്ചു കഴിഞ്ഞാൽ അദ്ദേഹം ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള സാഷ്ടാംഗ പ്രണാമം ചെയ്യും. അത് കാണികളുടെ മനസ്സിൽ സൃഷ്ടിച്ചത് വലിയ മാറ്റമാണ്. മുഹമ്മദ് സലാഹിന്റെ സാന്നിധ്യവും സാഷ്ടാംഗ പ്രണാമവും ലിവർപൂൾ ആരാധകരിലെ  ഇസ്്ലാമോഫോബിയ വലിയ തോതിൽ കുറച്ചുവെന്നാണ് ട്വിറ്ററിനെ ആധാരമാക്കിയുള്ള സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി ഗവേഷകരുടെ പഠനം പറയുന്നത്. ഇംഗ്ലണ്ടിലെ  നോട്ടിങ്ഹാം ഫുട്ബോൾ ക്ലബ്ബിന്റെ ടിക്കറ്റ് ഹോൾഡറായ ബെൻ ബൈഡ് തന്റെ ഇസ്്ലാം സ്വീകരണത്തെക്കുറിച്ച് നൽകിയ വിശദീകരണം ഒരു ഫുട്ബോൾ താരം സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെ ആഴം പറഞ്ഞുതരുന്നുണ്ട് : "മുഹമ്മദ് സലാഹാണ് എന്നെ ഇസ്്ലാമിലേക്ക് പ്രചോദിപ്പിച്ചത്. ഇപ്പോൾ ഞാനൊരു മുസ്്ലിമാണ്. നന്ദി പറഞ്ഞ് അദ്ദേഹത്തിന് കൈകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്്ലാമും മുസ്്ലിംകളും അവരുടെ സംസ്കാരവും പിന്തിരിപ്പനാണെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. മുസ്്ലിംകളോട് എനിക്ക് വെറുപ്പായിരുന്നു. എന്റെ വിദ്യാർഥി ജീവിതകാലത്തു തന്നെ ഞാൻ മുസ്്ലിംകളെ ആക്ഷേപിക്കാറുണ്ടായിരുന്നു. വലതുപക്ഷ മാധ്യമങ്ങളുടെ പ്രോപഗണ്ടാ പേജുകളാണ് എന്നെ ഇവ്വിധം വളർത്തിയത്. ഒരു മുസ്്ലിമിനെയും എനിക്ക് അറിയില്ലായിരുന്നു...... ഡോഡ്ജിയുടെ ഗുഡ് ഇനഫ് എന്ന പാട്ടിന്റെ ഈണത്തിൽ ലിവർപൂൾ ആരാധകർക്ക് ഒരു ചാന്റുണ്ട്. 'മുഹമ്മദ് സലാഹ് ഇനിയും ഗോളുകൾ നേടിയാൽ ഞാൻ മുസ്്ലിമാകും..' എന്നൊരു വരിയുണ്ട് അതിൽ. ഞാനത് അക്ഷരാർഥത്തിൽ എന്റെ ഹൃദയത്തിലേക്കെടുത്തു...."
ഒരു മുസ്്ലിം ഫുട്ബോളർക്ക് ഇത്ര വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിഞ്ഞുവെങ്കിൽ, ഒരു അറബ് മുസ്്ലിം രാജ്യത്ത് ഏറെ വിജയകരമായി നടന്ന, വിസ്മയം തീർത്ത ഫുട്ബോൾ മാമാങ്കം എത്ര വലിയ പ്രതിഫലനമായിരിക്കും സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ടാവുക! ഈ ലോക കപ്പിൽ മിന്നും പ്രകടനം നടത്തിയ  മൊറോക്കോ ടീമിന്റെ സുജൂദുകൾ;  വിജയ വേളകളിൽ മാത്രമല്ല പരാജയ ഘട്ടങ്ങളിലും അവർ ഗ്രൗണ്ടിൽ സുജൂദിൽ വീഴുന്നു! പരാജയത്തിൽ വിറളി പൂണ്ടവരിൽ നിന്നും, വിജയത്തിൽ മതിമറന്ന് വംശവെറിയും അശ്ലീലവും വരെ കാണിച്ചുകൂട്ടിയവരിൽ നിന്നും മൊറോക്കോയെ വേറിട്ട് നിർത്തുന്ന എന്തോ ഒന്ന് അവർക്കകത്ത് ഒളിമിന്നുന്നുണ്ടല്ലോ.
"പടിഞ്ഞാറൻ മാധ്യമങ്ങൾ നാണക്കേടാണ്. കൊലക്കത്തിയും വെടിവെപ്പും മയക്കുമരുന്നുകളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ യു.കെയിൽ അല്ല, ഖത്തർ കാഴ്്ചവെച്ച അവിശ്വസനീയമായ ഈ ലോക കപ്പ് അനുഭവങ്ങളോട് നന്ദി പ്രകടിപ്പിച്ചു കൊണ്ട്, ഖത്തറിൽ തന്നെ താമസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പാശ്ചാത്യ മാധ്യമങ്ങളുടെ വ്യാജവാർത്തകൾ കാരണം, ഖത്തർ യാത്ര ഉപേക്ഷിച്ച നൂറുകണക്കിന് ഇംഗ്ലണ്ട് ഫാൻസിനെ എനിക്ക് നേരിട്ടറിയാം. ഖത്തറിന് അഭിനന്ദനങ്ങൾ! എക്കാലത്തെയും മികച്ച ലോക കപ്പിന് സാക്ഷികളാകുന്നതിൽ നിന്ന് യഥാർഥ ഫുട്ബോൾ ആരാധകരെ തടഞ്ഞ പടിഞ്ഞാറൻ മാധ്യമപ്രവർത്തകരേ, നിങ്ങളെയോർത്ത് ഞാൻ ലജ്ജിക്കുന്നു'' - ബ്രിട്ടീഷ് പൗരനായ സ്റ്റീവ് മോർഗന്റെ വാക്കുകളിൽ എല്ലാമുണ്ട്.
ഉപരോധം ഉൾപ്പെടെ എന്തെല്ലാം ദുഷ്പ്രചാരണങ്ങളെയും ഗൂഢാലോചനകളെയുമാണ് ഖത്തർ സമീപ വർഷങ്ങളിൽ അഭിമുഖീകരിച്ചത്. അതിനെയെല്ലാം സമർഥമായി അവർ മറികടന്നു. കെറുവിച്ച് നിന്നിരുന്ന അറബ് - മുസ്്ലിം രാഷ്ട്രനായകൻമാരെ സ്വന്തം രാജ്യതലസ്ഥാനത്തെത്തിച്ചു. ഈ ഒരുമിച്ചിരുത്തലിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്. ശത്രുത പ്രഖ്യാപിച്ച് തകർക്കാൻ ശ്രമിച്ചവരോട്, ദുഷ്പ്രചാരണങ്ങൾ നടത്തി മുഖംകെടുത്താൻ തുനിഞ്ഞവരോട്, പകയുടെയും പ്രതികാരത്തിന്റെയും നിഷേധാത്മക നിലപാട് ഖത്തർ കൈക്കൊണ്ടില്ല; ഉപരോധ കാലത്തും ലോകകപ്പിന്റെ പശ്ചാത്തലത്തിലും. അപകീർത്തികരമായ പ്രചാരണങ്ങൾക്കൊന്നും തത്തുല്യമായ വാക്ശരങ്ങൾ കൊണ്ട് ഖത്തർ ആരോടും കൊമ്പുകോർക്കാൻ പോയില്ല. പലപ്പോഴും മൗനം കൊണ്ട്, അതിലേറെ മധുരമുള്ള സുകൃതങ്ങൾകൊണ്ട് ഖത്തർ എല്ലാവർക്കും മറുപടി പറഞ്ഞു. നാവിനെക്കാൾ, നന്മയായിരുന്നു പ്രതിരോധായുധം. ഫുട്ബോൾ ചരിത്രത്തിലെ വലിയ അട്ടിമറിയിലൂടെ അർജന്റീനയെ മലർത്തിയടിച്ച സൗദിയുടെ കൊടി കഴുത്തിലണിഞ്ഞ് ആഘോഷങ്ങളിൽ പങ്കാളിയായപ്പോഴും വിജയിച്ചത് ഖത്തർ അമീർ തമീം ബിൻ ഹമദ് തന്നെ.
അറബ് - ഇസ്്ലാമോഫോബിയകളെ മറികടക്കുന്നതിൽ വളരെ നിർണായകമായി ഖത്തർ ലോക കപ്പ്. പടിഞ്ഞാറൻ മാധ്യമങ്ങളും ഓറിയന്റലിസ്റ്റുകളും  ചേർന്ന് ഊതിവീർപ്പിച്ച നുണകൾ തീർത്ത മറകൾ പൊളിക്കുന്നതിൽ ഖത്തറിന്റെ തുറവി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അറബികളെയും മുസ്്ലിംകളെയും കുറിച്ച അറിവില്ലായ്മയും കടുത്ത തെറ്റിദ്ധാരണകളുമായി ജീവിച്ചവർക്ക്, അകറ്റിനിർത്തപ്പെട്ടതെല്ലാം അനുഭവിക്കാൻ അവസരം ലഭിച്ചു. അറബ്്ലോകത്തിന്റെ വിശ്വാസം മുതൽ വസ്ത്രം വരെ ലോകത്തിന് പുതിയ അറിവും അനുഭൂതിയും പകർന്നു. ശുദ്ധീകരിക്കപ്പെടേണ്ടവർ, വിമോചിക്കപ്പെടേണ്ടവർ, അടിമത്തം അനുഭവിക്കുന്ന അറബ്സ്ത്രീകൾ തുടങ്ങിയ 'ബോധ്യങ്ങളെല്ലാം' കീഴ്്മേൽ മറിഞ്ഞു.
വാഷിങ്ങ്ടണിൽ നിന്ന് ആദ്യമായി അറബ് ലോകത്ത് വന്ന അമേരിക്കൻ ദമ്പതികൾ ഖത്തർ അനുഭവം പങ്കുവെച്ചപ്പോൾ മൂന്ന് കാര്യങ്ങളാണ് എടുത്തു പറഞ്ഞത്: അതിലൊന്ന് : 'ഞങ്ങളുടെ മാധ്യമങ്ങളെ വിശ്വസിക്കരുത്, അവ അറബികളെയും മുസ്്ലിംകളെയും കുറിച്ച് പ്രചരിപ്പിക്കുന്ന പലതും കളവാണെന്ന് ഈ ലോക കപ്പ് കാണാൻ വന്നപ്പോൾ അനുഭവിച്ചറിയാനായി.'  അദ്ദേഹത്തിന്റെ ഭാര്യ, മെട്രോയിൽ വെച്ച് മലയാളി മുസ്്ലിം സ്ത്രീയുടെ പർദ പിടിച്ചു നോക്കി ചോദിച്ചു: 'ഇതു വളരെ സോഫ്റ്റാണല്ലോ.'  കറുത്ത, കട്ടിയുള്ള പരുക്കൻ വസ്ത്രത്തിനകത്ത് തടവിലാക്കപ്പെട്ടവൾ എന്നതായിരുന്നു അവർക്ക് അതുവരെ മുസ് ലിം സ്ത്രീയെക്കുറിച്ച ചിത്രം. പർദ ധരിച്ചവർ ഖത്തറിൽ ഭേദപ്പെട്ട ജോലി ചെയ്യുന്നു എന്നു കൂടി കേട്ടപ്പോൾ അവരുടെ വിസ്മയം ഇരട്ടിച്ചു. പർദ ധരിച്ച് ഫോട്ടോ എടുക്കാൻ ഉത്സാഹിക്കുന്നവരെ സൂഖ് വാഖിഫിലും ഗസ്റ്റ് സെൻററുകളിലും ബ്ലൂ മോസ്കിലും നിറയെ കാണാമായിരുന്നു. ഭൗതിക സംസ്കൃതിയിൽ സ്ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും അറബ് ലോകത്ത് അവർ ആസ്വദിക്കുന്ന ആദരവും സുരക്ഷയും തിരിച്ചറിയാൻ ഇതു കാരണമായി. അറബികളെ, ഏഷ്യക്കാരെ, മുസ്്ലിംകളെ അടുത്തറിയാൻ അമേരിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്കൻ ജനതക്ക്  സാധിച്ചു. അറബ് -ഇസ് ലാംപേടിക്ക് മികച്ച ചികിത്സ.
മെസ്സിയെ ബിഷ്ത് അണിയിച്ചതിനെതിരെ ഉണ്ടായ വിമർശനം, പരാമർശം പോലും അർഹിക്കാത്ത അത്രയും ഒറ്റപ്പെട്ടതാണ്. അർജന്റീനക്കാർ ഉൾപ്പെടെ വർധിച്ച സന്തോഷത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. ലോകമെങ്ങും അത് ഏറ്റെടുത്തു. ആ രാജകീയ വസ്ത്രത്തിന് പ്രിയമേറി. അർജന്റീന ഫാൻസ് ഉൾപ്പെടെ ബിഷ്ത് അണിഞ്ഞ് ഫോട്ടോകൾ എടുക്കാൻ മത്സരിച്ചു. ഖത്തർ ലോക കപ്പിലെ അനുഭവങ്ങൾ ഈ അറബ്് വസ്ത്രത്തെ സസന്തോഷം സ്വീകരിക്കാവുന്ന വിധം അവരെ മാറ്റിക്കഴിഞ്ഞിരുന്നു. l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌