Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

അസഹിഷ്ണുതയുടെ പക൪ന്നാട്ടങ്ങൾ

‘ബച്ചേ കാ ദുആ’ (കുട്ടികളുടെ പ്രാർഥന) എന്ന പേരിൽ മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ഒരു കവിതയുണ്ട്- 1908-ൽ എഴുതിയത്. മനസ്സിൽ തട്ടുന്ന ഒരു പ്രാർഥനാ ഗീതം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ അത് ചില ഗവൺമെന്റ് - ഗവൺമെന്റേതര കലാലയങ്ങളിൽ ആലപിക്കപ്പെടാറുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും ആ നില തുടർന്നു. ആർക്കും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അത്രക്ക് മനോഹരവും പൊതു സ്വീകാര്യവുമായിരുന്നു അതിലെ വരികൾ. ഇപ്പോഴിതാ, യു.പിയിലെ ബറേലി ജില്ലയിലെ ചിലർ അതിനെതിരെ വലിയ വായിൽ ഒച്ചവെക്കുന്നു. അതിലെ വാക്കുകൾക്ക് ഇല്ലാത്ത അർഥങ്ങൾ കൽപിക്കുന്നു. അത് മതവികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല, മതം മാറ്റത്തിന് പ്രേരണ നൽകുകയും ചെയ്യുന്നുണ്ടത്രെ. ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള സ്‌കൂളിൽ കുട്ടികൾ ഈ പ്രാർഥനാ ഗീതം ചൊല്ലുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് ശേഷമാണ്  വിശ്വഹിന്ദ് പരിഷത്ത് ബഹളം തുടങ്ങിയത്. യു.പിയിലെ ആദിത്യനാഥ് ഗവൺമെന്റ് ഒരു വിഭാഗത്തിനെതിരെ കച്ചിത്തുരുമ്പെങ്കിലും കിട്ടാൻ കാത്തു നിൽക്കുകയാണല്ലോ ചാടി വീഴാൻ. സ്‌കൂൾ പ്രിൻസിപ്പൽ നാഹിദ് സിദ്ദീഖിയെയും കോൺട്രാക്ട്് അധ്യാപകൻ വസീറുദ്ദീനെയും ഉടനടി സസ്‌പെന്റ് ചെയ്തു സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രാലയം. അവർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. അവരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്തു.
ഇഖ്ബാലിന്റെ ഈ കവിത സ്‌കൂൾ സിലബസിൽ തന്നെ ഉള്ളതാണെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. എങ്കിലത് രാവിലെ ആലപിക്കുന്നതിൽ എന്താണ് തെറ്റ്? ഇംഗ്ലീഷ് കവയിത്രി മറ്റിൽഡ ബി. എഡ്വേർഡ്സിന്റെ 'എ ചൈൽഡ്സ് പ്രെയർ' എന്ന കവിതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താനീ കവിത എഴുതിയതെന്ന് ഇഖ്ബാൽ പറഞ്ഞിട്ടുമുണ്ട്. ഇതിലെ ആശയം കുട്ടികളെ മതം മാറ്റത്തിന് നിർബന്ധിക്കുന്നു എന്നാണ് വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. 'ദൈവമേ എന്നെ തിന്മകളിൽനിന്ന് കാത്തിടേണം, നന്മ പാതയിൽ എന്നെ നയിക്കേണം' (മേരെ അല്ലാഹ് ബുരായീ സേ ബച്ച്‌നാ മുജ്‌കോ/നേക് ജോ രാഹ് ഹോ ഉസി രഹ് പേ ചലാനാ മുജ്‌കോ) എന്ന വരികളിൽ ദൈവത്തിന് അല്ലാഹ് എന്ന് പ്രയോഗിച്ചതാവാം 'മതം മാറ്റത്തിന് നിർബന്ധിക്കുന്നു' പോലുള്ള സംഘ് ആരോപണങ്ങൾക്ക് കാരണം എന്ന് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. എന്തു മാത്രം അസഹിഷ്ണുതയും വെറുപ്പുമാണ് തൽപര കക്ഷികൾ സമൂഹത്തിൽ പടർത്തുന്നത്. ക്രിസ്മസ് ദിനത്തിൽ ചർച്ച് അടിച്ചു തകർത്തും പതിനാറ് ഗ്രാമങ്ങളിൽനിന്ന് ക്രിസ്തുമത വിശ്വാസികളെ ആട്ടിയോടിച്ചും ഈ അസഹിഷ്ണുത പിന്നെയും പത്തിവിടർത്തിയാടി. ഗോത്ര മതത്തിലേക്ക് തിരിച്ചു വരാതെ നിങ്ങളെ വിടില്ല എന്ന അന്ത്യശാസനവും നൽകിയിരിക്കുന്നു. അത്യന്തം അപകടകരമായ ഇത്തരം പ്രവണതകൾ തടയാൻ സമൂഹം മുന്നോട്ടു വന്നില്ലെങ്കിൽ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌