Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

സ്ത്രീ വിദ്യാഭ്യാസവും അഫ്ഗാന്‍ ഭരണകൂടവും

റഹ്്മാന്‍ മധുരക്കുഴി 9446378716

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീവിദ്യാഭ്യാസ വിലക്ക് എല്ലാ വൃത്തങ്ങളില്‍നിന്നും നിശിത വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ കോര്‍ത്തിണക്കുന്ന വിശ്വമാനവികതയുടെ മുദ്രാവാക്യവുമായി, സ്ത്രീ- പുരുഷ ഭേദമന്യേ സര്‍വരെയും സ്വീകരിച്ച് കായികമേള ധന്യമാക്കി മാതൃക കാണിച്ചതിന്റെ തൊട്ടുപിന്നാലെ, ഖത്തര്‍ കാഴ്ചവെച്ച സകല നന്മകള്‍ക്കുമെതിരെ വാതില്‍ കൊട്ടിയടച്ച് ലോക രാഷ്ട്രങ്ങളുടെ വിമര്‍ശനം കൊണ്ട് പുളയുകയാണിപ്പോള്‍ താലിബാന്‍.
പോയ കാലങ്ങളില്‍ റഷ്യന്‍ സാമ്രാജ്യത്വത്തെയും പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും മുട്ടുകുത്തിച്ച് വിജയശ്രീലാളിതരായ അഫ്ഗാന്‍, താലിബാന്റെ രണ്ടാം വരവില്‍ പ്രതീക്ഷയുണര്‍ത്തുന്ന വാഗ്ദാനങ്ങള്‍ നല്‍കി, സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍ക്കൊള്ളുമെന്ന് പ്രഖ്യാപിച്ച് രംഗത്തു വരികയായിരുന്നു. അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഖത്തറിലെ ദോഹയില്‍ വെച്ച് നടന്ന സുദീര്‍ഘമായ ചര്‍ച്ചയില്‍ വെച്ചുണ്ടായ ആശാവഹമായ വാഗ്ദാനങ്ങളാണ് താലിബാന്‍ ഭരണകൂടം ഇപ്പോള്‍ പരസ്യമായി ലംഘിച്ചിരിക്കുന്നത്.
സ്ത്രീവിദ്യാഭ്യാസത്തോട് അഫ്ഗാന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന ഈ സമീപനം അവര്‍ പ്രതിനിധാനം ചെയ്യുന്നുവെന്നവകാശപ്പെടുന്ന ഇസ്്‌ലാമിക അധ്യാപനങ്ങളോട് ഏറ്റുമുട്ടുന്നു എന്നതാണ് വസ്തുത. വിദ്യാഭ്യാസ-ശാസ്ത്രലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ് ആദ്യകാല മുസ്്‌ലിംകള്‍. വിദ്യക്ക് പരമ പ്രാധാന്യം നല്‍കിയ മതം, സ്ത്രീകളെ അതില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല. 'ദൈവനാമത്തില്‍ വായിക്കുക' എന്ന് ആഹ്വാനം ചെയ്ത ഖുര്‍ആന്‍, വിദ്യാസമ്പാദനത്തില്‍ സ്ത്രീജനങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പിച്ചിട്ടില്ല. നബിപത്‌നി ഹസ്രത്ത് ആഇശ അപാരമായ ഹദീസ് വിജ്ഞാനം നേടുകയും പുരുഷന്മാര്‍ക്ക് പോലും ക്ലാസ്സെടുക്കുകയും ചെയ്തിരുന്ന മഹതിയാണ്. മഹാ പണ്ഡിതനും രാജ്യത്തെ ഭരണാധികാരിയുമായ ഖലീഫാ ഉമറിനെ, പ്രമാണങ്ങള്‍ ഉദ്ധരിച്ച് തെറ്റ് തിരുത്തിക്കാന്‍ മാത്രം വൈജ്ഞാനിക പ്രബുദ്ധതയുണ്ടായിരുന്ന സ്ത്രീരത്‌നമുണ്ട് ഇസ്്‌ലാമിക ചരിത്രത്തില്‍.
ആധുനിക കാലത്തും ചരിത്രം ആവര്‍ത്തിക്കാതിരിക്കുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്‍ദയണിഞ്ഞ മുസ്്‌ലിം സ്ത്രീകള്‍ ശാസ്ത്ര-സാങ്കേതിക രംഗത്തും സാഹിത്യം, പത്രപ്രവര്‍ത്തനം, പാര്‍ലമെന്റ് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും സേവനമനുഷ്ഠിച്ചുവരുന്നു. ഇറാനിലെ വനിതാ പ്രസിദ്ധീകരണമായ 'മഹ്ജുബ'യുടെ പത്രാധിപയും തെഹ്‌റാന്‍ സര്‍വകലാശാലാ പ്രഫസറുമായ ജംഷിദ് യാന്‍, നാഷനല്‍ ഒളിംബിക്‌സ് വൈസ് പ്രസിഡന്റും ഇറാന്‍ പാര്‍ലമെന്റ് ഉപാധ്യക്ഷയുമായിരുന്ന ഹസീഹ് ആസ്മി, മലേഷ്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വാന്‍ അസീസ പോലുള്ള പ്രശസ്ത വനിതകള്‍ താലിബാന്റെ സ്ത്രീവിദ്യാ വിരോധത്തെ പുഛിച്ചു തള്ളും.
ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീജനങ്ങളെ വിദ്യാഭ്യാസ രംഗത്തുനിന്ന് പുറംതള്ളുന്ന ഒരു സമൂഹത്തിനും പുരോഗതി പ്രാപിക്കാനാവില്ല. വീട്ടിലെ ഒരു സ്ത്രീ വിദ്യ നേടിയാല്‍ ഒരു കുടുംബം മുഴുവനാണ് അതിന്റെ ഗുണഭോക്താക്കളാവുക. മാന്യമായ വസ്ത്രധാരണം നടത്തിയും ധാര്‍മിക പരിധികള്‍ ഉള്‍ക്കൊണ്ടും സ്ത്രീക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ഒരു രംഗവും ഇല്ലെന്നാണ് ഇസ്്‌ലാമിക ദര്‍ശനത്തിന്റെ കാഴ്ചപ്പാട്.
ഇസ്്‌ലാം സ്ത്രീവിദ്യാഭ്യാസത്തിനും ഇതര മേഖലകളിലെ പ്രാതിനിധ്യത്തിനും എതിരാകയാലാണ്, താലിബാന്‍ ഭരണകൂടം ഇത്തരം സമീപനം സ്വീകരിക്കുന്നതെന്ന ചിലരുടെ വിമര്‍ശനങ്ങള്‍ അസംബന്ധമാണ്. ജോണ്‍ സിറിയക്കിന്റെ വിലയിരുത്തല്‍ നോക്കൂ: ''കാബൂളിലെ വിദ്യാഭ്യാസ സാംസ്‌കാരിക-മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഇസ്്‌ലാമിന്റെ മേലങ്കി ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏതാണ്ട് എല്ലാ മുസ്്‌ലിം രാഷ്ട്രങ്ങളും അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു'' (വീക്ഷണം 24-12-22).
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) അംഗത്വമുള്ള 57 മുസ്്‌ലിം രാജ്യങ്ങളുണ്ട് ലോകത്ത്. ഇവിടങ്ങളിലെല്ലാം ലോകോത്തര യൂനിവേഴ്‌സിറ്റികളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഈ സ്ഥാപനങ്ങളിലെല്ലാം മുസ്്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ട എന്നാണ് ഇസ്്‌ലാം പ്രഖ്യാപിക്കുന്നതെങ്കില്‍, ഔദ്യോഗിക മതമായി ഇസ്്‌ലാമിനെ സ്വീകരിച്ച ഈ രാഷ്ട്രങ്ങള്‍ സ്ത്രീവിദ്യാഭ്യാസത്തെ അംഗീകരിക്കുമായിരുന്നുവോ?

 

ദേശീയതക്കകത്ത് ഒളിഞ്ഞിരിക്കുന്നത്

'ദേശീയതയുടെ ആന്തരിക ദൗര്‍ബല്യങ്ങള്‍' എന്ന അഫ്‌ലഹുസ്സമാന്‍ എഴുതിയ പുസ്തക നിരൂപണം (2022 ഡിസംബര്‍ 9) വായിച്ചു. സങ്കീര്‍ണത നിറഞ്ഞ ഇന്നത്തെ ദേശീയ കാഴ്ചപ്പാടുകളിലേക്കും അവയുടെ ആന്തരിക വൈരുധ്യങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കാന്‍ പര്യാപ്തമാണ് ഈ പുസ്തകം. ദേശീയത എന്ന വികാരത്തിനകത്ത് പലപ്പോഴും ഫാഷിസത്തിനും ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനും അതുപോലുള്ള തിന്മകള്‍ക്കും ഒളിഞ്ഞിരിക്കാനുള്ള ഇടമുണ്ടാകാറുണ്ട്. ദേശീയതയുടെ ദൗര്‍ബല്യങ്ങള്‍ പഠിക്കാനും ചര്‍ച്ച ചെയ്യാനും മുന്നോട്ടുവരണം. ഇതൊരു ആഗോള പ്രതിഭാസവുമാണ്.

പി.വി മുഹമ്മദ് ഈസ്റ്റ്  
മലയമ്മ, കോഴിക്കോട്‌

 

വിദ്യാഭ്യാസ വിലക്ക്: അധിക്ഷേപം ഇസ്്‌ലാമിന് !

പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയ അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ നിലപാടിനെതിരെ ആഗോള തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടത്തുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. താലിബാന്‍ ഗവണ്‍മെന്റ് വിലക്കില്‍നിന്ന് പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറിയടക്കമുള്ള ലോക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ ചിലര്‍ ഇസ്്‌ലാമിനെതിരെ ഒളിയമ്പെറിയുന്നത് കണ്ടു. അതാണ് ഈ കുറിപ്പിന് പ്രേരകം.
താലിബാന്‍ ഭരണകൂടം ഇപ്പോള്‍ സര്‍വകലാശാലാ വിദ്യാഭ്യാസത്തിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഗോത്ര ആചാരത്തിന് വഴങ്ങിയാണ്. മുന്‍ ഭരണകൂടം ഇസ്്‌ലാമിക തത്ത്വങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുകയും പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്തിരുന്നതാണ്. എന്നാലിപ്പോള്‍ ഇസ്്‌ലാമിക നിലപാട് ഉപേക്ഷിച്ച്  പിന്തിരിപ്പന്‍ ഗോത്രത്തിലേക്ക് തിരിച്ചുപോയതാണ് പ്രശ്‌നമായത്.
വസ്തുത ഇതായിരിക്കെ ഗോത്രാചാരങ്ങള്‍ക്ക് ഇസ്്‌ലാമിക പരിവേഷം നല്‍കി ഇസ്്‌ലാമിനെ അധിക്ഷേപിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. വിദ്യാഭ്യാസം സ്ത്രീക്കും പുരുഷനും നിര്‍ബന്ധ ബാധ്യതയാണെന്ന് വ്യക്തമായി പ്രസ്താവിച്ചുകൊണ്ടാണ് ഇസ്്‌ലാമിക വിദ്യാഭ്യാസനയത്തിന് തുടക്കം കുറിക്കുന്നത്. പ്രവാചകന്‍ പ്രസ്താവിക്കുന്നു: ''വിജ്ഞാന സമ്പാദനം മുസ്്‌ലിമായ ഓരോ സ്ത്രീ-പുരുഷനും നിര്‍ബന്ധ ബാധ്യതയാണ്.'' അല്ലാഹു പറയുന്നു: 'തന്റെ ദാസന്മാരില്‍ അറിവ് സിദ്ധിച്ചവര്‍ക്ക് മാത്രമേ ദൈവഭക്തരാകാന്‍ സാധിക്കൂ'' (ഫാത്വിര്‍ 28). ''അല്ലാഹു അവനിഛിച്ചവര്‍ക്ക് വിജ്ഞാനം നല്‍കും'' (അല്‍ബഖറ 269). ഇവിടെയൊന്നും സ്ത്രീ-പുരുഷ വ്യത്യാസമേയില്ല.
സ്ത്രീക്ക് ഈ പൊതു വിദ്യാഭ്യാസത്തോടൊപ്പം അവളിലര്‍പ്പിതമായ ഭാരിച്ച ഉത്തരവാദിത്വത്തിനര്‍ഹമായ സ്‌പെഷല്‍ വിദ്യാഭ്യാസവും പരിശീലനവും വേണ്ടതുണ്ടെന്നാണ് ഇസ്്‌ലാമിന്റെ നിലപാട്. ഇസ്്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് പുരുഷന്മാര്‍ക്കുള്ള ഉയര്‍ന്ന വിദ്യാഭ്യാസം സ്ത്രീകള്‍ക്കും കൂടി ലഭ്യമാക്കാന്‍ അഫ്ഗാന്‍ ഗവണ്‍മെന്റ് ഏര്‍പ്പാട് ചെയ്യുകയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയും വേണം. ഇരു സാമ്രാജ്യങ്ങളെയും ധീരമായി ചെറുത്തു തോല്‍പിച്ച് നേടിയെടുത്ത വന്‍ നേട്ടം ഗോത്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി താലിബാന്‍ ഗവണ്‍മെന്റ് കളഞ്ഞു കുളിക്കരുത്.

കെ.സി ജലീല്‍ പുളിക്കല്‍


അനുഭവ വിവരണം ഹൃദ്യം

നജീബ് കുറ്റിപ്പുറം എഴുതിയ 'പ്രാണനെ പ്രണയിക്കാം' എന്ന കവര്‍ സ്റ്റോറി വായിച്ചു. അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള വിവരണം വളരെ ഹൃദ്യമായിരുന്നു. പഠിക്കാനും ചിന്തിക്കാനും ഇത് പ്രേരണയാകും. അഭിനന്ദനങ്ങള്‍. 

റഷീദ് അബൂബക്കര്‍, നോര്‍ത്ത് പറവൂര്‍

 

ഭക്ഷണ ശീലങ്ങളും ചര്‍ച്ചയാക്കണം

നമ്മുടെ ആരോഗ്യ രംഗം രോഗാതുരമാണ് എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആയുര്‍ദൈര്‍ഘ്യം കൂടിയിട്ടുണ്ടെങ്കിലും മാരകരോഗങ്ങള്‍ വര്‍ധിക്കുകയാണ്.  ചികിത്സക്കായാണ് നമ്മുടെ നാട്  കൈ നീട്ടുന്നത്. അത്ര ഭാരിച്ചതും താങ്ങാവുന്നതിനപ്പുറവുമാണ് അത്. രോഗിയാക്കി മാറ്റുന്നതിലെ  മുഖ്യ ഘടകം ഭക്ഷണ രീതി തന്നെയാണ്.  എന്ത് കഴിക്കണം, എത്ര കഴിക്കണം, എങ്ങനെ കഴിക്കണം  തുടങ്ങി ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഇസ്്ലാമിനെപ്പോലെ ഇത്ര വിശദമായി മറ്റൊരു മതവും ശാസ്ത്രവും പറഞ്ഞുകാണില്ല. ഈ വിഷയം വിശദമായി അവതരിപ്പിക്കേണ്ടതുണ്ട്. നമ്മുടെ വേദികളില്‍ ഇതും  പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യപ്പെടട്ടെ.

സുബൈര്‍ മണലൊടി, കിണാശ്ശേരി

 

മൂല്യവത്തായ കുറിപ്പ്

മനോഹരമായ കവിതയായിരുന്നു നജീബ് കുറ്റിപ്പുറത്തിന്റെ 'പ്രാണനെ പ്രണയിക്കാം' എന്ന  ശില്പം! പ്രബോധനത്തിലെ ഈ ലേഖനം (3283) ഇന്ന് കാലത്ത് വായിക്കാനിരുന്നപ്പോഴാണ് മനസ്സിലായത്, എത്രമേല്‍ അമൂല്യമായ നിധിയാണ് വായനക്കാരന് വേണ്ടി  ഒരുക്കിവെച്ചതെന്ന്. അല്ലാഹു എഴുത്തുകാരനെ അനുഗ്രഹിക്കട്ടെ.

ഇബ്റാഹീം അബ്ദുല്‍ കരീം, പുന്നയൂര്‍ക്കുളം

 

ഫാഷിസ്റ്റ് കാലത്തെ ഉത്കണ്ഠകള്‍

ഫാഷിസത്തിന്റെ കാലത്ത് ഒരു ജനത ഒറ്റപ്പെടുമ്പോള്‍  അപരവത്കരിക്കപ്പെടുന്ന അവര്‍ക്ക് അമിത ഉത്കണ്ഠയും അമിത ഭയവും സ്വാഭാവികമാണ്. ഇത്തരമൊരു സാഹചര്യത്തില്‍  സ്വന്തം വൈകാരികതയെ നിയന്ത്രിക്കാനും അമിത ഉത്കണ്ഠ എന്ന രോഗാതുരമായ അവസ്ഥയെ തിരിച്ചറിയാനും മാനസികാരോഗ്യമുള്ളവരാകാനും ഉദ്ബോധിപ്പിക്കുന്ന ഫാത്വിമ കോയക്കുട്ടിയുടെ എഴുത്തിനും (ലക്കം 31) പ്രബോധനത്തിനും ആശംസകള്‍.
ഡോ. അസ്്ലം  വടകര

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌