Prabodhanm Weekly

Pages

Search

2023 ജനുവരി 13

3285

2023 ജമാദുൽ ആഖിർ 20

ഇന്ത്യ സമ്പദ് വ്യവസ്ഥയുടെ പതനവും ഭരണകൂട ഭീകരതയുടെ പെരുപ്പവും

എ. റശീദുദ്ദീന്‍

ഭരണരംഗത്തും പൗരാവകാശ മേഖലകളിലും കഴിഞ്ഞ ഏഴു വര്‍ഷക്കാലത്തേതില്‍ നിന്ന് പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ഇന്ത്യ കടന്നുപോയ വര്‍ഷമാണ് 2022. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സങ്കല്‍പ്പങ്ങളിലാണ് ഇടതടവില്ലാതെ തിരുത്തലുകള്‍ വന്നുകൊണ്ടിരുന്നത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ക്രമാനുഗതമായി ഈ വര്‍ഷവും കൂടുകയാണ് ചെയ്തത്. ജി.ഡി.പി നിലവില്‍ 6.1 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പട്ടിണി നിരക്ക് വര്‍ധിച്ചതായാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍. രാജ്യത്തെ 18.7 ശതമാനം ആളുകളുടെ ഇല്ലായ്മാ നിരക്ക്  (Deprivation Rate) 20-നും 33- നുമിടയിലാണെന്നാണ് കണ്ടെത്തല്‍. ഈ നിരക്ക് 50-ല്‍ താഴെയുള്ളവരെയാണ് പട്ടിണിക്കാരായി കണക്കാക്കുക. ജി.ഡി.പി നിരക്ക് ഉയരുന്നത് വ്യക്തിഗത സമ്പത്ത് പെരുകുന്നതിനെയാണ് ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും അത് സംഭവിച്ചത് വളരെ തുഛമായ ആളുകളിലാണെന്നും ഏതാണ്ട് 99 ശതമാനം ജനങ്ങളും ഈ വളര്‍ച്ചയുടെ മറുവശത്ത് നില്‍ക്കുന്നവരാണെന്നുമാണ് ഇന്ത്യന്‍ ഇക്കോണമിയുടെ യഥാര്‍ഥ ചിത്രം. ഈ പതനവുമായി രാജ്യവാസികള്‍ പൊരുത്തപ്പെട്ടു തുടങ്ങുന്നു എന്നതും മോദി കുറെക്കൂടി രാഷ്ട്രീയമായി കരുത്തനായി മാറിയെന്നതും 2022 നല്‍കിയ അപായ സൂചനകളാണ്.
അങ്ങേയറ്റം പരിതാപകരമാണ് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ. വായ്പാ റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യാ റേറ്റിംഗ്സ് കഴിഞ്ഞ സെപ്റ്റംബര്‍ 9-ന് പുറത്തുവിട്ട ഒരു കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത് 2021-ലെയും 22-ലെയും താഴ്ന്ന അടിസ്ഥാനങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യയിലെ ജി.ഡി.പിയെ വിലയിരുത്താന്‍ കഴിയില്ല എന്നാണ്. കോവിഡിനു മുമ്പുള്ള കാലത്തെ വളര്‍ച്ചാ നിരക്കിനെയാണ് അടിസ്ഥാനമാക്കേണ്ടതെന്നാണ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വിലയിരുത്തുമ്പോള്‍ വെറും 1.3 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംയോജിത ആഭ്യന്തര വളര്‍ച്ചാ നിരക്ക്. സര്‍വീസ് മേഖലയില്‍ കോവിഡിന് മുമ്പുണ്ടായിരുന്ന 7.1 ശതമാനം വളര്‍ച്ചാ നിരക്ക് വെറും ഒരു ശതമാനമായി കുറഞ്ഞത് കണക്കിലെടുത്താണ് ഇന്ത്യാ റേറ്റിംഗ് ഈ അഭിപ്രായം മുന്നോട്ടുവെക്കുന്നത്. മറുഭാഗത്ത് കൂലിയിലും ശമ്പളത്തിലും കാര്യമായ ഒരു മാറ്റവും കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല. അതേസമയം തന്നെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിയുകയും പെട്രോള്‍, ഗ്യാസ് പോലുള്ള ജീവിതച്ചെലവിനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ കുത്തനെ മുകളിലേക്ക് ഉയരുകയും ചെയ്തു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട നവംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 8.85 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ തന്നെ നഗര മേഖലയിലെ മാത്രം കണക്കെടുത്താല്‍ 10.9 ശതമാനത്തിനാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കോവിഡ് കാലത്ത് പോലും 6 മുതല്‍ 8 വരെയാണ് ഗ്രാമീണ-നഗര മേഖലകളില്‍ സംഭവിച്ച തൊഴില്‍ നഷ്ടം. 

മനുഷ്യാവകാശങ്ങളും ഇന്ത്യയും
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ജാതീയത ഇന്ത്യയില്‍ വീണ്ടും ശക്തമായി മാറുന്നുവെന്നാണ് കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പതിവു പോലെ പോയ വര്‍ഷവും ഉയര്‍ന്നു തന്നെ നിന്നു. മതപരിവര്‍ത്തന നിരോധന നിയമം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ജാതിയുടെ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങള്‍ കൂടിവരുന്നത്. ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശ് മുന്‍ വര്‍ഷങ്ങളെപ്പോലെ ഇക്കൊല്ലവും മുന്‍പന്തിയില്‍തന്നെ തുടര്‍ന്നു. 36,467 കേസുകളാണ് ഈ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാജ്യത്തെ മൊത്തം കേസുകളുടെ 25.6 ശതമാനമാണിത്. അതേസമയം ഇതിന്റെ എത്രയോ മടങ്ങ് അധികമാണ് രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോയ യു.പിയിലെ കേസുകള്‍. ആഗസ്റ്റില്‍ പുറത്തു വന്ന റിപ്പോര്‍ട്ടനുസരിച്ച്‌ പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കുമെതിരെയുള്ള രാജ്യത്തെ അതിക്രമങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-ല്‍ ആറു ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളുടെ കാര്യത്തില്‍ കര്‍ശനമായ നിലപാടെടുക്കാന്‍ നിയമ ഭേദഗതി കൊണ്ടുവന്നുവെങ്കിലും അത് നടപ്പാക്കുന്നതില്‍ ഈ വര്‍ഷവും ഇന്ത്യ പരാജയപ്പെടുകയാണുണ്ടായത്.
മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എത്രത്തോളം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കാനായി ഐക്യരാഷ്ട്ര സഭ ഇക്കഴിഞ്ഞ നവംബറിലാണ് പത്തംഗ സമിതിയെ നിയോഗിച്ചത്. രാജ്യത്ത് നടക്കുന്ന കൊടിയ മനുഷ്യാവശകാശ ലംഘനങ്ങളെ കുറിച്ച് നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ഐക്യരാഷ്ട്ര സഭക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ആംനസ്റ്റി ഇന്റര്‍നാഷനല്‍, ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്്വൈഡ്‌,  ഇന്റര്‍നാഷനല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്സ്, ഇസ്്ലാമിക് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ തുടങ്ങിയ സംഘടനകളൊക്കെ ഇന്ത്യയെ കുറിച്ച് പരാതി നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. 
സ്റ്റാന്‍ സ്വാമിയുടെ ലാപ്്ടോപ്പില്‍ കുറ്റകരമായ രേഖകള്‍ കൃത്രിമമായി തിരുകിക്കയറ്റി അദ്ദേഹത്തിനെതിരെ തെളിവുണ്ടാക്കിയാതാവാമെന്ന് മസാച്ചുസെറ്റ്സിലെ ആഴ്സനല്‍ കണ്‍സള്‍ട്ടന്റ്‌സ്‌  എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട് ശ്രദ്ധിക്കുക. സ്വാമിയുടെ ലാപ്്ടോപ്പിന്റെ ഇലക്ട്രോണിക് കോപ്പി പരിശോധിച്ചാണ് സ്ഥാപനം ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. ഈ കാലയളവില്‍ പൂര്‍ണമായും ഹാക്കറുടെ നിയന്ത്രണത്തിലായിരുന്നുവെന്നും നിരവധി കുറ്റകരമായ ഫയലുകള്‍ ഇതില്‍ രഹസ്യമായ ഒരു ഫോള്‍ഡറുണ്ടാക്കി അതിനകത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നും ആഴ്സനല്‍ കണ്‍സള്‍ട്ടന്റ്സ് ചൂണ്ടിക്കാട്ടുന്നു. ഇതേ കാര്യം റോണ വില്‍സന്‍, ഹാനി ബാബു തുടങ്ങിയവരുടെ കാര്യത്തിലും സംശയിക്കപ്പെടുന്നുണ്ട്. ഇവരെ കുറ്റവാളികളാക്കാന്‍ ഭരണകൂടത്തിനല്ലാതെ ഒരു സാധാരണ ഹാക്കര്‍ക്ക് താല്‍പര്യമുണ്ടാവേണ്ട കാര്യമെന്തുണ്ട്? മാവോയിസ്റ്റ് നേതാക്കളുമായി സ്റ്റാന്‍ സ്വാമി ബന്ധപ്പെട്ടുവെന്ന ആരോപണത്തിന്റെ തെളിവ് ലാപ്്ടോപില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തിയത് ചോദ്യം ചെയ്യപ്പെടുകയാണ് ഇതിലൂടെ. 

മോദി ഭരണകൂടവും 
ഇസ്്ലാമോഫോബിയയും
ഇന്ത്യന്‍ മുസ്്ലിംകള്‍ വംശഹത്യയുടെ വക്കിലാണെന്ന് 2022-ല്‍ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022-ല്‍ ഇതാദ്യമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍, ഇന്ത്യ വാക്കാല്‍ വിമര്‍ശം ഏറ്റുവാങ്ങി. റിപ്പോര്‍ട്ടില്‍ പലപ്പോഴും പേരുണ്ടാവാറുണ്ടെങ്കിലും ഇന്ത്യയെ യു.എസ് സെക്രട്ടറി പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത് ഇതാദ്യമായാണ്. പാകിസ്താനൊപ്പമാണ് ഇത്തവണ അമേരിക്ക ഇന്ത്യയെ പരാമര്‍ശിച്ചത്. ടൈംസ്, ഫോബ്സ്, ജെനോസൈഡ് വാച്ച്, വാഷിംഗ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലുമൊക്കെ, ഇന്ത്യ മുസ്്ലിം വംശഹത്യയിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം പ്രവാചക നിന്ദയെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയെടുക്കാന്‍ ബി.ജെ.പിയുടെ രണ്ട് നേതാക്കളും ഹിന്ദുത്വ അനുകൂല ടെലിവിഷന്‍ ചാനലുകളും രംഗത്തെത്തിയത് ഇക്കഴിഞ്ഞ ജൂണിലാണ്. പാര്‍ട്ടിയുടെ ദേശീയ വക്താവ് സ്ഥാനത്തു നിന്ന് നൂപുര്‍ ശര്‍മ എന്ന ഈ വനിതാ നേതാവിനെ ബി.ജെ.പി നീക്കിയെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം മാത്രമായിരുന്നു അത്. 
ഇന്ത്യയും യു.എ.ഇയും തമ്മില്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ വ്യാപാര കരാര്‍ 2022 ഫെബ്രുവരിയിലാണ് ഒപ്പുവെച്ചത്. ഏഴ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമായി 44 ബില്യന്‍ ഡോളറിന്റെ, അതായത് 36.41 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് നിലവില്‍ ഇന്ത്യയുടെ വിദേശ വ്യാപാരം. തത്ത്വത്തില്‍ രാജ്യത്തിന്റെ വിദേശ വരുമാനത്തിന്റെ 65 ശതമാനവും മുസ്്ലിം രാജ്യങ്ങളില്‍നിന്നാണ് ലഭിക്കുന്നത്. 13 അക്കങ്ങളുള്ള ഈ സംഖ്യയുടെ വരുമാനത്തെ കുറിച്ച ഉള്‍ഭയം ഒന്നുകൊണ്ട് മാത്രമാണ് അന്താരാഷ്ട്ര മേഖലയിലെങ്കിലും മതേതരത്വത്തെ കുറിച്ച് മോദിസര്‍ക്കാര്‍ സത്യവാങ്മൂലം പുറത്തിറക്കിയത്. ആ അര്‍ഥത്തില്‍ ഹിന്ദുത്വ ദേശീയവാദത്തിന് ഒരല്‍പ്പമെങ്കിലും തിരിച്ചടി കിട്ടിയ വര്‍ഷം കൂടിയായിരുന്നു 2022. ഖത്തറിനും കുവൈത്തിനുമൊക്കെ മുമ്പില്‍ മുട്ടുമടക്കിയ മോദിസര്‍ക്കാര്‍ നൂപുര്‍ ശര്‍മയുടേത് രാജ്യത്തിന്റെ നിലപാടല്ലെന്ന് നയതന്ത്ര കാപട്യത്തിന്റെ ഭാഗമായെങ്കിലും വിശദീകരിക്കേണ്ടി വന്നു.
മുസ്്ലിംകളുടെ കടകളില്‍ നിന്ന് ഒന്നും വാങ്ങരുതെന്നും അവര്‍ക്ക് ഒരു ജോലിയും നല്‍കരുതെന്നും, ദല്‍ഹി കലാപത്തിന്റെ അണിയറ ശില്‍പികളിലൊരാളാണെന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി പാര്‍ലമെന്റംഗം സാഹിബ് പര്‍വേഷ് വര്‍മ ഇക്കഴിഞ്ഞ ഒക്ടോബര്‍ 9-ന് ഈസ്റ്റ് ദല്‍ഹിയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളന വേദിയില്‍ വെച്ച് പരസ്യമായി ആഹ്വാനം നടത്തി. അദ്ദേഹത്തിനെതിരെ ഒരു നടപടിയും രാജ്യമോ ബി.ജെ.പിയോ സ്വീകരിച്ചിട്ടില്ല. അഭിനവ് ഭാരത് എന്ന ഭീകര സംഘടനയുടെ മേല്‍നോട്ടത്തില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ മുഖ്യ തലച്ചോറും ബി.ജെ.പിയുടെ ഭോപാല്‍ എം.പിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍ കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ മുസ്്ലിംകള്‍ക്കെതിരെ പൊതുവേദിയില്‍ നിന്ന് വംശഹത്യാ ആഹ്വാനം തന്നെ നടത്തി. പ്രഗ്യക്കെതിരെ കേസെടുക്കാതിരിക്കാന്‍ ആവുന്ന എല്ലാ കുതന്ത്രങ്ങളും പയറ്റിയതിനു ശേഷമാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എച്ച്. എസ് സുന്ദരേഷിന്റെ പരാതിയില്‍ ഒടുവില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

മുസ്്ലിംകളും നിയമവാഴ്ചയും
2022-ലാണ് ഗുജറാത്ത് കലാപത്തിന് ഇരുപത് വര്‍ഷം തികഞ്ഞത്. ഈ വേളയില്‍ തന്നെയാണ് നിയമത്തിന്റെ കുറുക്കുവഴികള്‍ അതിസമര്‍ഥമായി ഉപയോഗപ്പെടുത്തി ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയക്കുന്നതിന് രാജ്യം സാക്ഷിയായത്. ആ വിട്ടയക്കല്‍ നിഷ്‌കളങ്കമായ ഒരു നിയമപ്രക്രിയ ആയിരുന്നില്ലെന്നും അതിന് അത്യസാധാരണമായ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് പുറത്തുവന്നു. മുസ്്ലിംകളായതിന്റെ പേരില്‍ മാത്രം മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെയടക്കം 14 പേരെ വെട്ടിയും ചുട്ടും കൊന്ന, അക്കൂട്ടത്തിലെ എല്ലാ സ്ത്രീകളെയും ബലാല്‍സംഗം ചെയ്ത ഈ കേസിലെ പ്രതികളെ അവരുടെ സമുദായം പൂമാലയിട്ടും മധുരം നല്‍കിയുമാണ് ജയിലിന് പുറത്തേക്ക് ആനയിച്ചത്. അതിലടങ്ങിയ വൃത്തികെട്ട സാമൂഹിക വിരുദ്ധതയെ കുറിച്ച് ഒരക്ഷരം പോലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉപാസകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര സര്‍ക്കാറിലെ ഉന്നതസ്ഥാനീയരോ പ്രതികരിച്ചിട്ടില്ല. എന്നല്ല, ആ കേസിനെ മുന്നോട്ടു കൊണ്ടുപോകാതിരിക്കാന്‍ ഭരണതലത്തില്‍  ചരടുവലികള്‍ തകൃതിയായി  നടക്കുന്നുമുണ്ട്. 2022 സെപ്റ്റംബറില്‍ ‍പുറത്തുവന്ന നാഷനല്‍ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട് പറയുന്നത് രാജ്യത്തെ വിചാരണത്തടവുകാരുടെ 30 ശതമാനവും മറ്റു തടവുകാരുടെ 50.2 ശതമാനവും മുസ്്ലിംകളാണെന്നാണ്. 
അന്താരാഷ്ട്ര ഹ്യൂമന്‍ റൈറ്റ് വാച്ച് (എച്ച്.ആര്‍.ഡബ്ള്യൂ) തയാറാക്കിയ റിപ്പോര്‍ട്ടില്‍, വലതുപക്ഷ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്്ലിംകള്‍ക്കെതിരെ ലജ്ജാകരമായ രീതിയില്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് പറയുന്നു. ബി.ജെ.പി ഗവണ്‍മെന്റ് എന്ന് പേരെടുത്തു പറഞ്ഞു തന്നെയാണ് ഈ വിമര്‍ശനം. മുസ്്ലിംകളുടെ വീടുകളും കടകളും സ്വത്തുവകകളുമൊക്കെ കോടതിയുടെ ഉത്തരവില്ലാതെ ഉദ്യാഗസ്ഥര്‍ ബുള്‍ഡോസറുകളുമായി വന്ന് ഇടിച്ചുനിരപ്പാക്കുന്ന പുതിയ ശിക്ഷാ സമ്പ്രദായത്തെയാണ് ഈ റിപ്പോര്‍ട്ട് പ്രധാനമായും എടുത്തുപറയുന്നത്. ഇതുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത കണക്കുകളാണ് എച്ച്.ആര്‍.ഡബ്ല്യൂ ചൂണ്ടിക്കാട്ടിയതെങ്കിലും ബി.ജെ.പി സംസ്ഥാനങ്ങളില്‍ നിന്നുള്ള യഥാര്‍ഥ കണക്കുകള്‍ ഇതുതന്നെ ആയിക്കൊള്ളണമെന്നില്ല. മുസ്്ലിംകളോട് പ്രത്യേകിച്ച് ഒരു അനീതിയും കാണിക്കുന്നില്ലെന്നും എല്ലാവരോടും തുല്യനീതിയാണെന്നും ബി.ജെ.പി മുസ്ലിംകളെ ലക്ഷ്യംവെക്കുന്നില്ലെന്നുമൊക്കെ ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടാറുണ്ടെങ്കിലും കേവലം രാഷ്ട്രീയ വാചകമടി മാത്രമാണത്. യു.പിയിലെ പോലീസ് സംവിധാനം നിയമവാഴ്ചയുടെ എല്ലാ അടിസ്ഥാനങ്ങളെയും കാറ്റില്‍ പറത്തിയാണ് മുന്നോട്ടു പോയത്. ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന്റെയും ഏറ്റുമുട്ടല്‍ കൊലകളുടെയും ഏറ്റവും വലിയ പരീക്ഷണ ശാലകളിലൊന്നാണ് യു.പി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 4-ന് ഗുജറാത്തിലെ ഖേഡയില്‍ ഗര്‍ഭ റാലിയില്‍, കല്ലെറിഞ്ഞുവെന്നാരോപിച്ച് 13 മുസ്്ലിം യുവാക്കളെ ഒരു പോലീസ് ഓഫീസര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവം റിപ്പോര്‍ട്ടിലുണ്ട്. ഈ പ്രാകൃതമായ ശിക്ഷാ രീതിയെ രാജ്യത്തെ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ പ്രശംസിച്ചതും ഹ്യൂമന്‍ റൈറ്റ് വാച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകള്‍ക്ക് നേരെ കല്ലെറിയാന്‍ മാത്രം തലക്ക് വെളിവില്ലാത്ത മുസ്്ലിംകള്‍ ഗുജറാത്തില്‍ ജീവിക്കുന്നുണ്ടോ എന്നറിയില്ല. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ മിക്കപ്പോഴും ഇത്തരം സംഭവങ്ങളില്‍ പിടിയിലായത് പരിവാര്‍ സംഘടനകളില്‍ തന്നെ പെട്ടവരാണെന്നിരിക്കെ ഒരു അന്വേഷണം പോലും നടത്താതെയാണ് ഖേഡയിലെ പോലീസ് ഇന്‍സ്പെക്ടര്‍ പരസ്യമായി അടിച്ചത്. 
ഇതേ ഗര്‍ഭ ആഘോഷത്തിലേക്ക് കല്ലെറിഞ്ഞുവെന്നാരോപിച്ച് മധ്യപ്രദേശിലെ മാണ്ട്സോറില്‍ പിടിയിലായ 11 പേരില്‍ മൂന്നു പേരുടെ വീടുകള്‍ പോലീസ് ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചുനിരത്തി. 2022 ഏപ്രിലില്‍ രാം നവമി ആഘോഷകാലത്ത് കര്‍ഗോണ്‍ ജില്ലയില്‍ 16 വീടുകളും 29 കടകളുമാണ് മധ്യപ്രദേശ് പോലീസ് ഇടിച്ചുനിരത്തിയത്. ഈ സംഭവത്തെ കുറിച്ചു ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണം എച്ച്.ആര്‍.ഡബ്ള്യൂ ഉദ്ധരിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് കല്ലേറ് നടന്നാല്‍ ആരാണ് അതില്‍ കൃത്യമായി ഉള്‍പ്പെട്ടത് എന്നൊക്കെ അന്വേഷിച്ചു കണ്ടെത്താന്‍ സമയമെടുക്കും, തല്‍ക്കാലം അവിടെയുള്ള മുഴുവന്‍ പേര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയേ നിര്‍വാഹമുള്ളൂ എന്നാണ് കളക്ടറുടെ വിശദീകരണം! ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, മുമ്പൊന്നുമില്ലാത്ത വിധം രാം നവമി ഘോഷയാത്രകള്‍ക്കു നേരെ കല്ലേറുകള്‍ നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ ആസൂത്രിതമായിരുന്നു ഈ അക്രമ സംഭവങ്ങളും അതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണവും. 

അവകാശ ലംഘനവും 
മുസ്്ലിംകളും
പൊതു മണ്ഡലത്തില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നതോ മതവിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതോ ആണ് യഥാര്‍ഥ പ്രശ്നമെന്ന് കോടതികളില്‍ പറയുകയും എന്നാല്‍ ഈ നിയന്ത്രണം മുസ്്ലിം വിഭാഗത്തിനു മാത്രം ബാധകമാക്കുകയുമാണ് കര്‍ണാടകയില ബി.ജെ.പി ഗവണ്‍മെന്റ് ചെയ്തത്. ഹിജാബ് നിരോധനത്തെ ഭരണഘടനാപരമായ അവകാശമെന്ന നിലയില്‍ തന്നെ വേണമെങ്കില്‍ കോടതിക്ക് കാണാമായിരുന്നു. അതിലടങ്ങിയ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയമാകട്ടെ തികച്ചും മാനുഷികവുമായിരുന്നു. എന്നിട്ടും സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാര്‍ എതിര്‍ത്തും അനുകൂലിച്ചും വിധിയെഴുതി വിഷയം ഡിവിഷന്‍ ബെഞ്ചിന് വിട്ടു. എതിര്‍ത്ത് വിധിയെഴുതിയ ജഡ്ജി തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ബി.ജെ.പിയുടെ ഒപ്പം നിന്ന, സൗജന്യങ്ങള്‍ പറ്റിയ ആളായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നു. മുസ്്ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസ മേഖലയില്‍നിന്ന് അകറ്റിനിര്‍ത്തുക എന്നതിലപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നും കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന് പിറകില്‍ ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് അനുകൂലിച്ച് വിധിയെഴുതിയ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത. ന്യൂനപക്ഷ സമുദായങ്ങളിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഇത്രയും കാലം നല്‍കിപ്പോന്ന മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതിന്റെ ന്യായം പോലും, ഇത്രയും കാലം അത് കൊടുത്തതിനെ ചോദ്യം ചെയ്യുന്ന ഒന്നായാണ് ഒടുവില്‍ മാറിയത്.
2023-ല്‍ ഇന്ത്യന്‍ മുസ്്ലിംകളെ സംബന്ധിച്ചേടത്തോളം കുറെക്കൂടി ആഴത്തിലുള്ള പ്രതിസന്ധികളായിരിക്കുമെന്നാണ് 2022 ഓര്‍മിപ്പിക്കുന്നത്. മുസ്്ലിം രാഷ്ട്രീയ പ്രാതിനിധ്യം ഇന്ത്യയില്‍ ഏതാണ്ട് നാമാവശേഷമായിക്കഴിഞ്ഞു. മുസ്്ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുന്നതു കൊണ്ടാണ് 200 ദശലക്ഷം ജനസംഖ്യയുള്ള ഈ വിഭാഗത്തിന് ഒരു എം.എല്‍.എയെ പോലും നല്‍കാന്‍ ബി.ജെ.പി ഒരുക്കമല്ലാത്തത്. 2022-ലെ തെരഞ്ഞെടുപ്പുകളിലും ഈ പതിവിന് മാറ്റമുണ്ടായില്ല. ഹിന്ദുത്വ ആശയമാണ് ദൈനംദിന ജീവിത വിഷയങ്ങളെക്കാള്‍ ഇന്ത്യക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരിക്കല്‍ കൂടി ബി.ജെ.പി തെളിയിക്കുകയും ചെയ്തു. വാരണാസി, മഥുര പോലുള്ള ആരാധനാലയ തര്‍ക്കങ്ങള്‍ രാജ്യത്ത് വീണ്ടും സജീവമാകുന്നതും കാണാനുണ്ട്. പൗരത്വം, ജനപ്രാതിനിധ്യം, സംവരണം പോലുള്ള വിഷയങ്ങളിലെല്ലാം തന്നെ ഭരണഘടനയുടെ താല്‍പര്യങ്ങളെ വളഞ്ഞ വഴികളിലൂടെ ബി.ജെ.പി മറികടന്ന വര്‍ഷമായിരുന്നു 2022. എന്‍.ഡി.ടി.വിയെ കൂടി കീഴ്പെടുത്തിയതോടെ ദേശീയ മാധ്യമങ്ങളില്‍ അവസാനത്തെ പ്രതിപക്ഷ ശബ്ദവും ഇല്ലാതായിക്കഴിഞ്ഞു. അജണ്ട പൂര്‍ത്തിയാക്കാന്‍ ആര്‍.എസ്.എസിന് ബാക്കിയുള്ള അവസാനത്തെ വര്‍ഷമെന്ന നിലയില്‍ 2023  ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അപകടകരമായ വര്‍ഷമായിരിക്കാനാണ് സാധ്യത. 
l

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- 43-45
ടി.കെ ഉബൈദ്‌

ഹദീസ്‌

ഖുർആൻ വഴി ഉയർത്തപ്പെടുന്നവർ, താഴ്ത്തപ്പെടുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌