മറു ചോദ്യങ്ങൾ ഉയരാതെ പോയ സമ്മേളനം
ഓരോ അഞ്ച് വർഷത്തിലും കേരള നദ്്വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനം നടക്കാറുണ്ട് എന്നതിനാൽ ഒരു സംഘടനാ പരിപാടി എന്നതിലപ്പുറം കേരളത്തിന്റെ പൊതു മണ്ഡലത്തിൽ അത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറില്ല. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി കഴിഞ്ഞ ആഴ്്ച കോഴിക്കോട് നടന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-മത മണ്ഡലത്തിൽ വലുതായി ചർച്ച ചെയ്യപ്പെടുകയും ചില വിവാദങ്ങൾക്ക് അത് തിരികൊളുത്തുകയും ചെയ്തു. ഒരു സമ്മേളനം ചർച്ചയാകുന്നത് അതിന്റെ വിജയമായി ഗണിക്കാമെങ്കിൽ പത്താം സംസ്ഥാന സമ്മേളനത്തിന്റെ പേരിൽ തീർച്ചയായും കേരള നദ്്വത്തുൽ മുജാഹിദീന് അഭിമാനിക്കാം, ചർച്ചയെക്കാളധികം വിവാദമായിരുന്നു എന്നത് ശരിയായിരിക്കെ തന്നെ.
ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കിയ നിരവധി ഘടകങ്ങളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനം അത്യന്തം സങ്കീര്‍ണമായ സാഹചര്യത്തെ ഇന്ത്യൻ മുസ്്ലിംകൾ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത് എന്നതാണ്. മുസ്്ലിംകളെ സംബന്ധിച്ചേടത്തോളം ഭയാശങ്കകൾ അല്ലാതെ പ്രതീക്ഷകളൊന്നും മുന്നിൽ കാണാനില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു മുസ്്ലിം സംഘടനയുടെയും ഒരു വലിയ സമ്മേളനം സംഘടിപ്പിക്കപ്പെടുക എന്നത് മുസ്്ലിം സമുദായത്തിന് ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. സമ്മേളനത്തിന് തെരഞ്ഞെടുത്ത പ്രമേയവും അതിനുതകുന്നതായി എന്ന് പറയാതെ വയ്യ. സമുദായത്തിനകത്തെ ആചാരപരമായ പരിഷ്കരണം മുഖ്യ അജണ്ടയായ കേരള നദ്്വത്തുൽ മുജാഹീദിനെ പോലുള്ള ഒരു മതസംഘടനയിൽ നിന്ന് പൊതുവെ പ്രതീക്ഷിക്കപ്പെടാത്ത ഒന്നാണ് 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന സമ്മേളന പ്രമേയം. ഇന്ത്യൻ മുസ്്ലിംകൾ ഇപ്പോൾ നേരിടുന്ന അത്യന്തം അപകടകരമായ ഇന്ത്യൻ സാഹചര്യത്തിൽ ദൈവശാസ്ത്രപരമായും വ്യാവഹാരികമായും വലിയ പ്രാധാന്യം ഈ പ്രമേയത്തിനുണ്ട്. മതം വേറെ, രാഷ്ട്രീയം വേറെ എന്ന് നിരന്തരം ഉദ്ഘോഷിച്ചിരുന്ന ഒരു സംഘടന അതിന്റെ പതിവ് സൈദ്ധാന്തിക ശാഠ്യങ്ങൾ കൈവെടിഞ്ഞ് വർത്തമാന കാല ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ സങ്കീർണതകളെ അഭിമുഖീകരിക്കാൻ തയാറാവുകയാണെന്ന സന്ദേശം നല്കുന്നതാണ് തീർച്ചയായും സമ്മേളന പ്രമേയം. മതം സമാധാനത്തിന് എന്ന ക്ലീഷേ പ്രമേയത്തെക്കാൾ ധീരവും ക്ഷമാപണം തീരെ ഇല്ലാത്തതുമാണ് നിർഭയത്വമാണ് മതം എന്നത്. ഫാഷിസ്റ്റ് ഭരണം ഇസ്്ലാമിനെയും മുസ്്ലിംകളെയും എങ്ങനെയൊക്കെ വേട്ടയാടിയാലും ഭയപ്പെടുത്തിയാലും ഒട്ടും ഭയപ്പെടാതെ ഇസ്്ലാമിനെ തങ്ങൾ ഉയർത്തിപ്പിടിക്കും എന്നും, അതിനാവശ്യമായ ആത്മധൈര്യം തങ്ങളുടെ വിശ്വാസം തങ്ങൾക്ക് പകരുന്നുണ്ട് എന്നുമാണല്ലോ ആ പ്രമേയം ഉൾവഹിക്കുന്ന ആശയം. മതേതരത്വമാണ് അഭിമാനം എന്ന് പറയുമ്പോൾ അതിന്റെ ദൈവശാസ്ത്ര തലമല്ല, മറിച്ച് അതിന്റെ വ്യാവഹാരിക തലമാണ് സംഘടന ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നതിനാൽ വർത്തമാനകാല ഇന്ത്യയിൽ അതും പ്രസക്തമായ പ്രമേയം തന്നെ.
അതിനാൽ, വർത്തമാന കാല ഇന്ത്യൻ സാമൂഹികാവസ്ഥയെ ദൈവശാസ്ത്രപരമായും വ്യാവഹാരികമായും കൃത്യമായി അഭിമുഖീകരിക്കുന്നതാണ് സമ്മേളന പ്രമേയം എന്നു പറയാം. ഒരു മതസംഘടനയുടെ സമ്മേളനം പൊതു മണ്ഡലത്തിൽ ചർച്ചയാകാൻ അതുതന്നെ ധാരാളം മതി.
പക്ഷേ എന്താണോ ഈ പ്രമേയം ഉൾവഹിക്കുന്ന ആശയം, അതിന് കടക വിരുദ്ധമായിപ്പോയി സമ്മേളനത്തിന് മുന്നോടിയായി സംഘടനയുടെ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി സംഘ് പരിവാർ ചാനലായ 'ജനം' ടി.വിക്ക് നൽകിയ അഭിമുഖം. സമ്മേളനത്തെ വലിയ വിവാദത്തിലേക്ക് വലിച്ചിഴച്ചതും ആ അഭിമുഖമാണ്. ആ അഭിമുഖത്തിലുടനീളം നിറഞ്ഞത് നിർഭയത്വമല്ല, മറിച്ച് ഭയമാണ്. ഈ ഭയം എന്താണെന്ന് എല്ലാവർക്കും അറിയാം. സലഫിസത്തിന്റെ പേരിൽ ലോകത്ത് എവിടെയെങ്കിലും തീവ്രവാദ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ അതിനെ തള്ളിപ്പറയുകയും, ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സലഫിസത്തെ മൊത്തത്തിൽ ഭീകര മുദ്ര ചാർത്തുന്നതിന് പിറകിലെ ഇസ്്ലാമോഫോബിക്ക് വ്യവഹാരങ്ങളെ തുറന്നുകാണിക്കുകയുമാണ്, നിർഭയത്വമാണ് മതം എന്ന പ്രമേയത്തോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിൽ മജീദ് സ്വലാഹി ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതിനു പകരം മുസ്്ലിംകളെയും ഇസ്്ലാമിനെയും കുറിച്ച സംഘ് പരിവാർ നരേഷൻ പരിവാർ ചാനലിൽ ആവർത്തിക്കുകയാണ് സ്വലാഹി ചെയ്തത്. മാത്രമല്ല, അഭിമാനമാണ് മതേതരത്വം എന്ന തങ്ങളുടെ സമ്മേളന പ്രമേയം പ്രസക്തമാകുന്നത് ഇപ്പോഴത്തെ സംഘ് പരിവാർ ഭരണം കാരണമാണെന്ന ബോധം പോലും ഇല്ലാതെ പരിവാർ ഭരണം ഒരു പ്രശ്നമേ അല്ലെന്നും അവരെ കുറിച്ച അനാവശ്യ ഭീതി പരത്തുന്നതാണ് പ്രശ്നം എന്നുമാണ് അഭിമുഖക്കാരന്റെ നിലപാട്.
മുജാഹിദ് പ്രസ്ഥാനത്തിൽ ഇപ്പോൾ പല നിലപാടുള്ളവരുമുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമായിരിക്കെ, അബ്ദുൽ മജീദ് സ്വലാഹി അഭിമുഖത്തിൽ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം നിലപാടായിരിക്കും എന്നാണ് പലരും കരുതിയത്. പക്ഷേ, സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അത് സംഘടനയുടെ ഔദ്യോഗിക നിലപാടാണെന്ന് സ്ഥിരീകരിച്ചതോടെ നിർഭയത്വമാണ് മതം എന്ന പ്രമേയത്തിന് പിറകിൽ ഒളിപ്പിച്ചുവെക്കുന്നത് എന്തോ ചില ഉൾഭയമാണെന്ന ചിലരുടെയെങ്കിലും ധാരണയെ ശക്തിപ്പെടുത്തുകയാണ് ചെയതത്.
ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ളയെ സമ്മേളനത്തിന്റെ മുഖ്യാതിഥിയാക്കിയതു പോലും, വലിയ വിവാദമാക്കിയത് ജനറൽ സെക്രട്ടറിയുടെ 'ജനം' അഭിമുഖവും അതിനെ ഔദ്യോഗികമായി ഏറ്റെടുത്ത പ്രസിഡന്റിന്റെ നിലപാടുമാണ്. കാരണം, ശ്രീധരൻ പിള്ള മുജാഹിദ് സമ്മേളനത്തിൽ ആദ്യമായല്ല ക്ഷണിക്കപ്പെടുന്നത്. രണ്ട് മുജാഹിദ് വിഭാഗങ്ങളും ഒന്നിച്ചപ്പോൾ കോഴിക്കോട് നടന്ന ഐക്യ സമ്മേളനത്തിൽ വരെ ശ്രീധരൻ പിള്ള ക്ഷണിക്കപ്പെട്ടിരുന്നു. മാത്രമല്ല, ശ്രീധരൻ പിള്ളയെ തങ്ങളുടെ ഏതെങ്കിലും പരിപാടിയിൽ ക്ഷണിക്കാത്ത മുസ്്ലിം സംഘടനകൾ വിരളമാണ്. കൂടാതെ, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ നടക്കുന്ന ഒരു സമ്മേളനത്തിൽ ഇന്ന് മതേതരത്വത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു സംഘടനയുടെയും സർക്കാറിന്റെയും പ്രതിനിധിയെ പങ്കെടുപ്പിക്കുക വഴി അവരുമായി അര്‍ഥപൂർണമായ ഒരു എൻഗേജ്മെന്റിന് മുജാഹിദ് പ്രസ്ഥാനം വഴിതുറക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്യാം. പക്ഷേ, അത്തരമൊരു ഉദ്ദേശ്യം പാർട്ടിക്കുണ്ട് എന്ന് കരുതാൻ ന്യായമില്ലാത്ത വിധത്തിലാണ് ജനറൽ സെക്രട്ടറിയുടെ നടേ പറഞ്ഞ അഭിമുഖവും സമ്മേളനത്തിലെ ചില മുജാഹിദ് നേതാക്കളുടെ പ്രസംഗങ്ങളും.
സാധാരണഗതിയിൽ സമ്മേളനത്തെ കുറിച്ചും പ്രമേയത്തെ കുറിച്ചുമുള്ള അധ്യക്ഷന്റെ ലഘു ഭാഷണത്തിന് ശേഷമാണ് ഉദ്ഘാടകനെയോ മുഖ്യാതിഥിയെയോ പ്രസംഗത്തിന് ക്ഷണിക്കുക. അപ്പോൾ തീർച്ചയായും പ്രമേയത്തെ കുറിച്ച് രണ്ട് വാക്ക് അദ്ദേഹത്തിന് പറയേണ്ടി വരും. പക്ഷേ, അത്തരം ബാധ്യതകളൊന്നുമില്ലാതിരിക്കാനാണോ എന്നറിയില്ല, സമ്മേളനത്തെ കുറിച്ചോ പ്രമേയത്തെ കുറിച്ചോ ഒന്നും പറയാതെ ആദ്യ പ്രസംഗത്തിന് തന്നെ ശ്രീധരൻ പിള്ളയെ ക്ഷണിക്കുകയാണ് സംഘാടകർ ചെയ്തത്. അദ്ദേഹമാകട്ടെ സംഘ് പരിവാറിനെ വെള്ളപൂശുന്ന 'ജനം' അഭിമുഖം കണ്ട ആവേശത്തിൽ, എട്ട് വർഷത്തെ മോദി ഭരണത്തിൽ എന്താണ് മുസ്്ലിംകൾക്ക് പ്രശ്നം എന്ന ചോദ്യം സമ്മേളനത്തിലേക്ക് തൊടുത്തു വിടുകയാണ് ചെയ്തത്. ഒപ്പം, മുസ്്ലിംകളുടെ കൂട്ടത്തിലെ ഒരു സർവമത സത്യവാദിയുടെ ഖുർആൻ പരിഭാഷയെ ആധാരമാക്കി ഇസ്്ലാമിനെ കുറിച്ച് സ്റ്റഡീ ക്ലാസ് എടുക്കുകയും ചെയ്തു. സമ്മേളന പ്രമേയം തന്നെ ശ്രീധരൻ പിള്ളയുടെ ചോദ്യത്തിന് മറുപടിയായിട്ടും, ശേഷം പ്രസംഗിച്ച മുജാഹിദ് നേതാക്കളിൽ നിന്ന് ഒരു മറുപടിയും ശ്രീധരൻ പിള്ളയുടെ ചോദ്യത്തിന് ഉണ്ടായില്ല. സി.പി. ഐ നേതാവ് ബിനോയ് വിശ്വം 'വിചാരധാര' ഉദ്ധരിച്ചു കൊണ്ട് ശ്രീധരൻ പിള്ളക്ക് മറുപടി പറഞ്ഞപ്പോൾ അതിനെതിരെയാണ് ചില മുജാഹിദ് നേതാക്കൾ സംസാരിച്ചത്. അതാകട്ടെ ശ്രീധരൻ പിള്ളയുടെ ചോദ്യത്തെ ശരിവെക്കുന്നതുമായി. ബിനോയ് വിശ്വം വെറുതെ മുസ്്ലിംകളെ ഭയപ്പെടുത്തുകയാണെന്നും, കൃഷി ചെയ്യാനും കച്ചവടം നടത്താനും സ്വാതന്ത്ര്യമുണ്ടല്ലോ, അതിനാൽ മുസ്്ലിംകൾക്ക് ഒരു പ്രശ്നവുമില്ല എന്നുമായിരുന്നു മുഴങ്ങിക്കേട്ട ഒരു മറുപടി.
മുസ്്ലിംകൾക്ക് എന്താ മോദി ഭരണത്തിൽ പ്രശ്നം എന്ന ശ്രീധരൻ പിള്ളയുടെ ചോദ്യവും, അതിനെ നേരത്തെ നൽകിയ അഭിമുഖത്തിലൂടെയും വ്യവസായ പ്രമുഖന്റെ മറുപടിയിലൂടെയും ശരിവെച്ച മുജാഹിദ് നിലപാടുമാണ് യഥാര്‍ഥത്തിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്കും, സമാപന സമ്മേളനത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശങ്ങൾക്കും പ്രകോപനം. മുജാഹിദ് അണികളെ അത് വൈകാരികമായി സ്വാധീനിക്കുകയും നേതാക്കളെ അക്ഷരാര്‍ഥത്തിൽ നിരായുധരാക്കുകയും ചെയ്തു.
സത്യത്തിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യം ശരിയായിരിക്കെ തന്നെ തീരെ മറുപടിയില്ലാത്ത ചോദ്യമൊന്നുമല്ല അത്. തിരിച്ച് അങ്ങോട്ട് ചില ചോദ്യങ്ങളായിരുന്നു അതിനുള്ള മറുപടി. ഇന്ത്യയിലെ മതേതരത്വം സംരക്ഷിക്കാനുള്ള ബാധ്യത മുസ്്ലിംകളുടേത് മാത്രമാണെന്ന രീതിയിലാണല്ലോ ബ്രിട്ടാസും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം സംസാരിച്ചത്. ഇന്ത്യൻ മതേതരത്വത്തെ സംരക്ഷിക്കാൻ മുസ്്ലിംകൾ മാത്രം വിചാരിച്ചാൽ കഴിയില്ല എന്നും മതേതര രാഷ്ട്രീയ പാർട്ടികളുടെ ഐക്യത്തിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും അറിയാത്തവരായി ആരുമില്ല. 'നിങ്ങൾ ഒറ്റക്ക് നിന്ന് ഫാഷിസത്തെ നേരിടാം എന്ന് വിചാരിക്കേണ്ട' എന്ന് പിണറായി വിജയൻ മുസ്്ലിംകളെ ഉപദേശിക്കുകയും ചെയ്തു.
എന്നാൽ, അടുത്ത പൊതു തെരഞ്ഞെടുപ്പിൽ മോദി ഗവണ്‍മെന്റിനെ താഴെയിറക്കാനായി മതേതര കക്ഷികളുടെ പുനരൈക്യത്തിന് സി.പി.എമ്മിന് എന്ത് അജണ്ടയാണുള്ളത് എന്നും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസുമായി അക്കാര്യത്തിൽ സഹകരിക്കാൻ ഇടതുപക്ഷം തയാറുണ്ടോ എന്നും എന്തുകൊണ്ട് മുജാഹിദ് പ്രസംഗകർ തിരിച്ചു ചോദിച്ചില്ല എന്നതാണ് അത്ഭുതം. തന്നെ ക്ഷണിച്ചവരോട് സാമാന്യ ബഹുമാനം പോലും കാണിക്കാതെ ധാർഷ്ട്യത്തോടു കൂടിയ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള ചുട്ട മറുപടിയാകുമായിരുന്നില്ലേ അത്? സെക്യുലർ കോൺഫറൻസ് എന്ന ഒരു പരിപാടി തന്നെ അജണ്ടയിലുണ്ടായിരുന്നല്ലോ. ഇത്തരം മറു ചോദ്യങ്ങളൊന്നും ഇല്ലാത്തതിനാൽ മുജാഹിദ് സമ്മേളനത്തിൽ യഥാര്‍ഥത്തിൽ ഗോളടിച്ചത് സി.പി.എമ്മാണ്. മുസ്്ലിം സമുദായത്തിലെ വിഭാഗീയത മുതലെടുത്ത് അവരിലേക്ക് നേരിട്ട് കടന്നുകയറുക എന്നത്, സി.പി.എം കുറെക്കാലമായി പയറ്റുന്ന തന്ത്രമാണ്. സമ്മേളനത്തിൽ അതിഥികളായി പതിവിൽ കവിഞ്ഞ സി.പി.എം പ്രാതിനിധ്യം ഇപ്രാവശ്യം ഉണ്ടായിരുന്നു. അവരിൽ ചിലർ സംഘ് പരിവാറിന്റെ ചെലവിൽ മുജാഹിദ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയും അണികളുടെ കൈയടി നേടുകയും ചെയ്തു. പക്ഷേ, അതിനൊന്നും മുജാഹിദ് നേതാക്കളിൽ നിന്ന് യാതൊരു മറുപടിയും ഇല്ലാത്തതിനാൽ മുസ്്ലിം ലീഗ് നേതാക്കളായ പി.കെ ഫിറോസും പി.കെ ബശീറുമാണ് അതിന് മറുപടി പറയേണ്ടിവന്നത്. അവരുടെ മറുപടിയിൽ തൂങ്ങിയായിരുന്നല്ലോ പിണറായി വിജയന്റെ സമാപന സമ്മേളനത്തിലെ പ്രസംഗം.
ക്ഷണം സ്വീകരിച്ചതിന് ശേഷം സമസ്തയുടെ സമ്മർദം കാരണം പാണക്കാട് കുടുംബം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് സി.പി.എമ്മിന്റെ ലക്ഷ്യത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയും ലീഗിനെ പ്രതിസന്ധിയിലാക്കുകയുമാണ് ചെയ്തത്. പ്രതികരണമെന്നോണം സമ്മേളനത്തിന് തൊട്ടടുത്ത ദിവസം നടന്ന മുസ്്ലിം കോഡിനേഷൻ കമ്മിറ്റി മുജാഹിദ് നേതാക്കൾ ബഹിഷ്കരിക്കുകയും ചെയ്തു. അടിസ്ഥാനപരമായി ലീഗ് നേതാക്കളായ പാണക്കാട് കുടുംബത്തെ സമസ്ത ബന്ധിയാക്കിവെച്ചിരിക്കുന്നുവെന്നാരോപിച്ചു കൊണ്ടാണ് കെ.എൻ.എം, കോഡിനേഷൻ കമ്മിറ്റി യോഗം ബഹിഷ്കരിച്ചത്.
സത്യത്തിൽ പാണക്കാട് കുടുംബം പങ്കെടുക്കാത്തതിൽ നീരസം പ്രകടിപ്പിക്കുന്ന കെ.എൻ.എം ആലോചിക്കേണ്ട വിഷയം, മുസ്്ലിം ഐക്യത്തിന് ഗുണപ്രദമായ ഒരു വാതിൽ തുറന്നു വെക്കാൻ മുജാഹിദ് സമ്മേളനത്തിന് സാധിച്ചോ എന്നതാണ്. ബി.ജെ.പി അടക്കമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ചുവപ്പ് പരവതാനി വിരിച്ച സമ്മേളനത്തില്‍ മറ്റു മുസ്്ലിം മത സംഘടനകൾക്ക് പ്രാതിനിധ്യമുണ്ടായിരുന്നില്ല. മുസ്്ലിം ഐക്യത്തെ കുറിച്ച് ഒരു പ്രമേയത്തിൽ പോലും സൂചനയും ഉണ്ടായില്ല. രാഷ്ട്രീയ പാർട്ടികൾക്ക് പരസ്പരം വാഗ്വാദം നടത്താനുള്ള വേദിയായി പരിണമിക്കുകയായിരുന്നു സമ്മേളന വേദി. അതിൽ സി.പി.എമ്മാണോ ഗോളടിച്ചത് ബി.ജെ.പിയാണോ ഗോളടിച്ചത് എന്നതിൽ മാത്രമേ സംശയമുള്ളൂ; പരിക്ക് പറ്റിയതാകട്ടെ സമ്മേളനം സംഘടിപ്പിച്ചവർക്കും.
വലിയ അധ്വാനവും പണവും മുടക്കി ഇപ്രകാരം തിരിച്ചടിവാങ്ങേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചത് തുടക്കത്തിൽ സൂചിപ്പിച്ച അബ്ദുൽ മജീദ് സ്വലാഹിയുടെ വിവാദപരമായ അഭിമുഖമാണ്. പൗരത്വ പ്രശ്നം അടക്കം മുസ്്ലിം പ്രശ്നങ്ങളിൽ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചതിന്റെ പേരിൽ മോദി സർക്കാർ വേട്ടയാടി ജയിലിലടച്ച നൂറുകണക്കിന് നിരപരാധരായ മുസ്്ലിംകളെയും, ഇനിയും വേട്ടയാടപ്പെടാനിരിക്കുന്ന ആയിരങ്ങളെയും വഞ്ചിക്കുന്ന ആ നിലപാട് വരുംകാലത്ത് സംഘടനയിൽ വലിയ ആത്മവിമർശനത്തിന് കാരണമാകുമെന്നാണ് കരുതേണ്ടത്. l
വാൽക്കഷ്ണം :
മുജാഹിദ് സമ്മേളനത്തിലെ സംഘ് പരിവാർ സാന്നിധ്യത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട്, 'മഴുവിന് തല വെച്ച് കൊടുക്കരുത്' എന്ന മുഖ്യമന്ത്രിയുടെ ഉപദേശം നല്ലത്. പക്ഷേ, ഇതേ മുഖ്യമന്ത്രി കേന്ദ്ര രാജ്യ രക്ഷാ മന്ത്രി ഉദ്ഘാടനം ചെയ്ത ശിവഗിരി സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പക്ഷേ, അവിടെ മുഖ്യമന്ത്രി അത്തരം ഉപദേശമൊന്നും നൽകിയതായി കണ്ടില്ല. അല്ലെങ്കിലും മതേതരത്വം സംരക്ഷിക്കാനുള്ള ബാധ്യത മുസ് ലിംകൾക്ക് മാത്രമാണല്ലോ!
Comments