Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

തഹ്‌രീക്: കോണ്‍ഫറന്‍സ് ഓണ്‍ ഇസ്‌ലാം, ഇസ്‌ലാമിസം & ഇസ്‌ലാമിക് മൂവ്‌മെന്റ്‌സ്

വി.പി റഷാദ് (സെക്രട്ടറി, എസ്.ഐ.ഒ കേരള)

എസ്.ഐ.ഒ അതിന്റെ പ്രയാണം ആരംഭിച്ച് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചിന്താ ചരിത്രത്തെയും ചലനങ്ങളെയും  പുനരന്വേഷണത്തിന് വിധേയമാക്കാനും പുതുഭാവനകള്‍ നെയ്‌തെടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എസ്.ഐ.ഒ കേരള സംഘടിപ്പിച്ച 'തഹ്‌രീക്: കോണ്‍ഫറന്‍സ് ഓണ്‍ ഇസ്ലാം, ഇസ്ലാമിസം & ഇസ്ലാമിക് മൂവ്‌മെന്റ്‌സ്'. 2022 ഒക്‌ടോബര്‍ 8, 9 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ നടന്ന കോണ്‍ഫറന്‍സ് വേറിട്ട അനുഭവങ്ങളാണ് സമ്മാനിച്ചത്.
കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങള്‍ എന്നത് ഇന്ത്യയിലെ ഇസ്ലാമിക വിദ്യാര്‍ഥിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു. നാല്‍പതാം വാര്‍ഷികം എന്ന സന്ദര്‍ഭത്തെ സ്വയം പുതുക്കലിന്റെയും മൗലികമായ പുനര്‍വിചിന്തനങ്ങളുടെയും ചരിത്രസന്ദര്‍ഭമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇരുപതാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഇസ്ലാമിക പ്രസ്ഥാനങ്ങള്‍  ലോകത്ത് ഉന്നയിച്ച അസാമാന്യമായ ലോകഭാവനയും ഇസ്ലാമിക പാരമ്പര്യത്തെക്കുറിച്ച സവിശേഷമായ വ്യാഖ്യാനപരതയും ഒട്ടേറെ സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ക്ക് പ്രേരകമായി. ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം അല്ലെങ്കില്‍ കൊളോണിയല്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍, ആധുനികതയുടെ ചിന്താധാരകളോടും സങ്കേതങ്ങളോടും വിമര്‍ശനാത്മകമായ സംവാദങ്ങളിലൂടെയാണ് ഇസ്ലാമിസം എന്ന വ്യവഹാരം വികസിക്കുന്നത്. പരമാധികാരം, സാമൂഹിക കര്‍തൃത്വം തുടങ്ങിയ മൗലികമായ പ്രമേയങ്ങളിലടക്കം ഇസ്ലാമിക പാരമ്പര്യത്തിലധിഷ്ഠിതമായി ഇസ്ലാമിസ്റ്റുകള്‍ പുതിയ വിഭാവനകള്‍ സമ്മാനിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിലുമായി സംഭവബഹുലവും സംഘര്‍ഷഭരിതവുമായ കാലമാണ് ഇസ്ലാമിസം എന്ന് വ്യവഹരിക്കപ്പെടുന്ന മണ്ഡലം പിന്നിടുന്നത്. അറബ് / മുസ്ലിം ഭൂരിപക്ഷ ദേശങ്ങളില്‍ മാത്രമല്ല, മുസ്ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയിലും യൂറോപ്യന്‍ നാടുകളിലുമടക്കം പലവിധ പ്രസ്ഥാനങ്ങള്‍ക്ക് ഈ ചിന്താ പ്രസ്ഥാനം രൂപം നല്‍കി. ശീതയുദ്ധം, വാര്‍ ഓണ്‍ ടെറര്‍ തുടങ്ങിയ ആഗോള രാഷ്ട്രീയ പ്രതിസന്ധികളില്‍ അത് പല ദേശരാഷ്ട്രങ്ങളാലും ഭീകരമായി വേട്ടയാടപ്പെട്ടു. അതോടൊപ്പം അറബ് വസന്തം പോലുള്ള വലിയ ജനാധിപത്യ പ്രക്ഷോഭങ്ങളും ഭാവനകളും ലോകത്തിന് സമ്മാനിച്ചു.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചിന്താ ചരിത്രത്തെയും ചലനങ്ങളെയും പുനരന്വേഷിക്കാനും മുന്നോട്ടുള്ള പ്രയാണത്തിന് പുതുവെളിച്ചം കണ്ടെത്താനുമാണ് തഹ്‌രീക് കോണ്‍ഫറന്‍സിലൂടെ എസ്.ഐ.ഒ  ശ്രമിച്ചത്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചിന്തകളെയും ചിന്താ സാമഗ്രികളെയും ഇസ്ലാമിക പാരമ്പര്യത്തിന്റെയും രാഷ്ട്രീയ-സാമൂഹിക തത്ത്വചിന്തകളുടെയും പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുക പ്രധാനമാണല്ലോ. ആധുനിക ലിബറല്‍ ലോകക്രമത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ച വിമര്‍ശനസ്ഥാനത്തെ സവിശേഷമായി അടയാളപ്പെടുത്തുക, അറബ് മുസ്ലിം നാടുകളില്‍ മാത്രമല്ല ഇന്ത്യയിലും കേരളത്തിലുമടക്കം ഉണ്ടായ ഇസ്ലാമിസ്റ്റ് അനുഭവങ്ങളെയും അവയോടുള്ള വിമര്‍ശനങ്ങളെയും പുനരന്വേഷിക്കുക, ദേശ രാഷ്ട്രത്തെയും അതിന്റെ ഘടകങ്ങളെയും കുറിച്ച വിമര്‍ശനാത്മക സംവാദങ്ങള്‍ ഉയര്‍ത്തുക, വ്യത്യസ്ത അധികാര ഘടനകളോടുള്ള ഇടപാടുകളെ ഇസ്ലാമിക പാരമ്പര്യത്തിന്റെ വെളിച്ചത്തില്‍ വിശകലന വിധേയമാക്കുക തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. ഇസ്ലാമിസം എന്നതിനെ ഒരു ആക്ഷേപവാക്കായോ സെക്യൂരിറ്റൈസേഷന്‍ പോളിസികളുടെ ഭാഗമായോ ഉപയോഗിക്കപ്പെടുന്നേടത്ത് ആ വാക്കിന്റെ പരിമിതിയില്‍ നില്‍ക്കാനല്ല മറിച്ച്, അത് വ്യവഹരിക്കുന്ന മണ്ഡലത്തെ അതിനതീതമായി കാണാനാണ് ഈ കോണ്‍ഫറന്‍സ് ശ്രമിച്ചത്.
ശനിയാഴ്ച രാവിലെ ആരംഭിച്ച കോണ്‍ഫറന്‍സ്  ടൊറൊണ്ടോ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌കോളര്‍ ശൈഖ് അഹമദ് കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാന അബ്ദുല്ലത്വീഫ്, കോണ്‍ഫറന്‍സ് കണ്‍വീനര്‍ നിയാസ് വേളം തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.
രണ്ട് ദിവസം, മൂന്ന് വേദികള്‍, 12 സെഷനുകള്‍, 40 അതിഥികള്‍, 400-ല്‍ അധികം പ്രതിനിധികള്‍. വൈവിധ്യമാര്‍ന്ന ചര്‍ച്ചകളാല്‍ സമ്പന്നമായിരുന്നു കോണ്‍ഫറന്‍സ്. ഇസ്ലാമിസത്തെ കുറിച്ച ചര്‍ച്ചയോടെയാണ് സെഷനുകള്‍ക്ക് തുടക്കമായത്. ഇസ്‌ലാമിസമെന്ന് വ്യവഹരിക്കപ്പെടുന്ന ചിന്താമണ്ഡലത്തെയും രാഷ്ട്രീയ ധാരകളെയും രാഷ്ട്രീയ- സാമൂഹിക ചിന്തയുടെ പശ്ചാത്തലത്തില്‍ നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന ചര്‍ച്ചയാണ് 'കഹെമാശാെ മ െഠവലീൃ്യ മിറ ഉശരെീൗൃലെ' എന്ന സെഷനില്‍ നടന്നത്. ഡോ. സാദിഖ് പി.കെ സെഷന് നേതൃത്വം നല്‍കി.
കഴിഞ്ഞ കാലങ്ങളില്‍ എസ്.ഐ.ഒ ഉയര്‍ത്തിയ ബൗദ്ധിക, വൈജ്ഞാനിക സംവാദങ്ങളെയും അവയിലൂടെ ആന്തരികമായും ബാഹ്യമായും സാധ്യമാക്കിയ അപനിര്‍മാണങ്ങളെയും പുനര്‍നിര്‍മാണങ്ങളെയും ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു  'Knowledge - Theory and Praxis: Revisiting SlO's Intellectual Journey' എന്ന തലക്കെട്ടില്‍ നടന്ന സെഷന്‍. ടി.കെ. ഫാറൂഖ്, കെ.കെ ബാബുരാജ്, ഡോ. നഹാസ് മാള, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
മതങ്ങളെക്കുറിച്ചും മതങ്ങള്‍ തമ്മിലുമൊക്കെയുള്ള സംവാദങ്ങള്‍ മതേതരത്വം എന്ന ജ്ഞാനാധികാരം നിര്‍ണയിച്ച മേഖലകള്‍ക്കകത്ത് മാത്രമാണ് എപ്പോഴും സംഭവിക്കാറുള്ളത്. മതവിമര്‍ശനങ്ങള്‍ രേഖീയ ചരിത്രബോധത്തിനകത്ത് നിന്നുകൊണ്ട് ഉണ്ടാവുന്ന ആരോപണങ്ങളോ വംശീയ വെറുപ്പോ ആയി നില്‍ക്കാറുള്ളതും, മതങ്ങള്‍ക്കിടയിലെ സംവാദങ്ങള്‍ക്ക് അധികാര ഘടനകളെക്കുറിച്ചും വിമോചനപരതയെക്കുറിച്ചുമുള്ള ആലോചനകളിലേക്ക് കടക്കാനാവാത്തതും അതുകൊണ്ടാണ്. അവിടെയാണ് തഹ്‌രീക് കോണ്‍ഫറന്‍സിലെ 'Suffering, Justice and Emancipation; Intra Theological Dialogue' എന്ന വിഷയത്തില്‍ നടന്ന സെഷന്‍ വേറിട്ടുനിന്നത്.
നവനാസ്തികരുടെയും മറ്റും അശ്ലീല/ വംശീയ മണ്ഡലങ്ങളിലോ അവരോടുള്ള മറുപടി / അപലപന ചര്‍ച്ചകളിലോ കുടുങ്ങി നില്‍ക്കേണ്ടതല്ല മതത്തെക്കുറിച്ച ചര്‍ച്ച. അത് യാതനകളെക്കുറിച്ചും നീതിയെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമുള്ള സംഘര്‍ഷാത്മക സംവാദങ്ങളിലേക്ക് വികസിക്കണം. നിയോലിബറല്‍ കാപിറ്റലിസ്റ്റ് ലോക ക്രമത്തോടും നെക്‌റോ സ്റ്റേറ്റിനോടും മല്ലിടുന്ന സമകാലികതയില്‍ പിളര്‍പ്പുകളുണ്ടാക്കാന്‍ അത്തരം സംവാദങ്ങള്‍ക്കേ സാധ്യമാവൂ. ഇത്തരം മതാന്തര സംവാദങ്ങള്‍ക്ക് മതേതരാനന്തര മണ്ഡലത്തെ വിപുലപ്പെടുത്താനും ഫാഷിസ്റ്റ് വിരുദ്ധ മുസ്ലിം - കീഴാള സാഹോദര്യത്തിന് രാഷ്ട്രീയ ദൈവശാസ്ത്ര ആഴം പകരാനും സാധിക്കുമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. ടി. മുഹമ്മദ് വേളം, സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരുമായ ബാബുരാജ് ഭാഗവതി, രാജന്‍ കാരാട്ട് എന്നിവര്‍ സെഷനില്‍ സംസാരിച്ചു.
ഇസ്‌ലാമിസ്റ്റ് ചിന്ത അതിന്റെ ഉത്ഭവത്തിലും വികാസത്തിലും പ്രയാണ ചരിത്രത്തിലും മറ്റു തത്ത്വചിന്തകളോടും തത്ത്വചിന്താ സങ്കേതങ്ങളോടും നടത്തിയ കൊടുക്കല്‍ വാങ്ങലുകളെ കുറിച്ച ചര്‍ച്ചകള്‍ ഇസ്ലാമിക ചിന്താ പാരമ്പര്യത്തെ സംബന്ധിച്ച  ആലോചനകളില്‍ പ്രധാനമാണ്. ചരിത്രം, ഭാഷ, ഇസ്ലാമിക പാരമ്പര്യം തുടങ്ങിയവയോടുള്ള സവിശേഷ സമീപനം രൂപപ്പെട്ടതിലും ഹാകിമിയ്യത്ത് പോലുള്ള സങ്കേതങ്ങളുടെ വ്യാഖ്യാന പരതയിലുമുള്ള തത്ത്വചിന്താപരമായ ഉള്‍പ്പിരിവുകളെ അന്വേഷിക്കുകയും ഇസ്‌ലാമിക ചിന്തയുടെയും പ്രായോഗിക സമീപനങ്ങളുടെയും വികാസത്തിലുണ്ടായ ചിന്താമാറ്റങ്ങളെ അടയാളപ്പെടുത്തുകയും ചെയ്ത ചര്‍ച്ചയായിരുന്നു Philosophical Underpinnings of Islamist Hermeneutics എന്ന തലക്കെട്ടില്‍ നടന്ന സെഷന്‍. ന്യൂയോര്‍ക്ക് സിറ്റി യൂനിവേഴ്‌സിറ്റി പ്രഫസര്‍ സൂസന്‍ ബക്‌മോര്‍സ്, മുഹമ്മദ് ഷാ, ജുമൈല്‍ പി.പി, ടി. അനീസ് അഹ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
Thinking on 'Political' Through Islamic Tradition-, Islamism as a Philosophy and Praxis' എന്നീ  തലക്കെട്ടുകളില്‍ നടന്ന ഓണ്‍ലൈന്‍ ശില്‍പശാലകള്‍ യഥാക്രമം ടോളിഡോ യൂനിവേഴ്‌സിറ്റിയിലെ ഡോ. ഒവാമിര്‍ അന്‍ജും, ലണ്ടന്‍ ലീഡ്‌സ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ സല്‍മാന്‍ സയ്യിദ് എന്നിവര്‍ നയിച്ചു. അതിഥികള്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത ഈ രണ്ട് ശില്‍പശാലകള്‍ കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണീയതകളില്‍ ഒന്നായിരുന്നു.
ഡികൊളോണിയല്‍ ഭാവനയെ ഇസ്ലാമിസത്തിന്  മുന്നോട്ടുവെക്കാന്‍ കഴിയുന്നത് എങ്ങനെയാണ്,  യൂറോ കേന്ദ്രിത ലിബറല്‍ ലോകക്രമത്തില്‍ ഒരു വിമര്‍ശക സ്ഥാനത്ത് നിന്നുകൊണ്ട് ഇസ്‌ലാമിസം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ ചര്‍ച്ചകളായിരുന്നു സല്‍മാന്‍ സയ്യിദ് നയിച്ച വര്‍ക്ക് ഷോപ്പില്‍ നടന്നത്.
പിന്നീട് വിവിധ സെഷനുകളില്‍ സൈനുദ്ദീന്‍ മന്ദലാംകുന്ന്, സി. ദാവൂദ്, പി.ഐ നൗഷാദ്, സി.ടി സുഹൈബ്, കെ.ടി ഹുസൈന്‍, ഡോ. ജമീല്‍ അഹ്മദ്, ഡോ. വി. ഹിക്മത്തുല്ല, ജാബിര്‍ സുലൈം, ഡോ. സൈദാലി പി.പി, ഷിയാസ് പെരുമാതുറ, ഡോ. ഹിഷാമുല്‍ വഹാബ്, അഡ്വ. അഹ്മദ് ഫായിസ്, വാഹിദ് ചുള്ളിപ്പാറ എന്നിവര്‍  വിഷയങ്ങള്‍ അവതരിപ്പിച്ചു.
ആദ്യ ദിവസം രാത്രി ടീം കാഇനാത്ത് അവതരിപ്പിച്ച ഗാനവിരുന്ന് ഹൃദ്യമായി. കോണ്‍ഫറന്‍സിന്റെ ഭാഗമായി എസ്.ഐ.ഒ കേരളയുടെ നാല്‍പത് വര്‍ഷത്തെ ചരിത്രം പ്രമേയമാക്കി ഫോട്ടോ ഗാലറി സജ്ജീകരിച്ചു. 'മേരീ ജാന്‍, മേരീ ഷാന്‍' എന്ന പേരില്‍ തയാറാക്കിയ ഫോട്ടോ ഗാലറി എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ് സി. ദാവൂദ് ഉദ്ഘാടനം ചെയ്തു

എസ്.ഐ.ഒവിനെ നയിച്ചവരുടെ  സംഗമം

1983 മുതല്‍ 40 വര്‍ഷക്കാലയളവില്‍ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തെ കേരളത്തില്‍ നയിച്ച സംസ്ഥാന നേതാക്കളുടെയും ദേശീയ തലത്തില്‍ എസ്.ഐ.ഒ വിന് നേതൃത്വം നല്‍കിയ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെയും സംഗമമായിരുന്നു തഹ്‌രീക് കോണ്‍ഫറന്‍സിലെ അവസാന സെഷന്‍. സംഗമം തലക്കെട്ടിനെ അന്വര്‍ഥമാക്കും വിധം (അല്‍ മുതഹാബ്ബൂന ഫില്ലാഹ്) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹൃദയം ചേര്‍ത്തുവെച്ചവരുടെ വൈകാരിക നിമിഷങ്ങളാല്‍ ഹൃദയഹാരിയായി. പി.എ അബ്ദുല്‍ ഹക്കീം, എം.എ മജീദ്,  ടി. ആരിഫലി, യൂസുഫ് ഉമരി, കൂട്ടില്‍ മുഹമ്മദലി, ടി.കെ ഫാറൂഖ്, എന്‍.എം അബ്ദുര്‍റഹ്മാന്‍, കെ.എ അബ്ദുസ്സലാം, ടി.പി യൂനുസ്, ഡോ. കെ. മുഹമ്മദ് നജീബ്, പി.ഐ നൗഷാദ്, സി. ദാവൂദ്, പി.എം സ്വാലിഹ്, ശിഹാബ് പൂക്കോട്ടൂര്‍, എസ്. ഇര്‍ഷാദ്, ഡോ. നഹാസ് മാള, സി.ടി സുഹൈബ്, സാലിഹ് കോട്ടപ്പള്ളി, അംജദ് അലി ഇ.എം എന്നിവര്‍ വിവിധ മീഖാത്തുകളെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു. ശൂറാ അംഗങ്ങള്‍ മീഖാത്തുകളിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സമാപന പ്രഭാഷണം നിര്‍വഹിച്ചു. പുതു തലമുറക്ക് പ്രസ്ഥാന മാര്‍ഗത്തില്‍ ആവേശത്തോടെ മുന്നോട്ട് പോകാനുള്ള ഊര്‍ജം സമ്മാനിക്കുന്നതായിരുന്നു തഹ്രീക് കോണ്‍ഫറന്‍സും അതിനെ തുടര്‍ന്ന് നടന്ന, 1983 മുതല്‍ എസ്.ഐ.ഒ വിനെ നയിച്ച സംസ്ഥാന ശൂറാ അംഗങ്ങളുടെ സംഗമവും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി