സമുദായത്തിന്റെ ഊര്‍ജം സംഘര്‍ഷങ്ങളില്‍ പാഴാക്കാനുള്ളതല്ല
അഭിമുഖം /
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രബോധനം വാരികക്ക് നല്‍കിയ അഭിമുഖം
ഇസ്‌ലാമിക നവോത്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമിയുടെ ദൗത്യം. മുസ്‌ലിം സമൂഹത്തെ ആദര്‍ശപരമായി സംസ്‌കരിക്കുക ഈ ദൗത്യത്തില്‍ പ്രധാനമാണ്. മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിക പാതയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
ഇസ്‌ലാമിക പ്രസ്ഥാനം എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മൗലികത. ഇസ്‌ലാമിക സന്ദേശവുമായി മുഴുവന്‍ രാജ്യ നിവാസികളെയും അഭിമുഖീകരിക്കുക എന്നതാണ് പ്രസ്ഥാനത്തിന്റെ പ്രഥമവും പ്രധാനവുമായ ദൗത്യം. ഇന്ത്യാ രാജ്യത്തെ മുഴുവന്‍ സഹോദരങ്ങളോടും ജമാഅത്തെ ഇസ്‌ലാമിക്കുള്ള ബാധ്യതയാണ് ദൈവിക ദര്‍ശനം പ്രബോധനം ചെയ്യുക എന്നത്. പലവിധ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ഇസ്‌ലാം എല്ലാവരുടേതുമാണ് എന്ന ബോധം ജനങ്ങളിലേക്ക് ഇനിയും ശരിയായ രീതിയില്‍ എത്തിക്കഴിഞ്ഞിട്ടില്ല. സഹോദര സമുദായാംഗങ്ങളായ ശരാശരി മനുഷ്യരോട് സംസാരിച്ചാല്‍ ഇത് നമുക്ക് ബോധ്യപ്പെടും.
ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളാണ് ഇതിന്റെ ഒരു കാരണം. തെറ്റിദ്ധാരണകള്‍ പരത്തുന്നതില്‍ ഇസ്‌ലാമിന്റെ എതിരാളികള്‍ നടത്തിയ കുപ്രചാരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മുസ്‌ലിം സമുദായത്തിന്റെ നടപടിക്രമങ്ങളും ഇതിനു കാരണമാകുന്നുണ്ട്. മുസ്‌ലിം സമൂഹം ഇസ്‌ലാമിന്റെ ശരിയായ പ്രതിനിധാനം നിര്‍വഹിക്കുന്നില്ല എന്നത് ദുഷ്പ്രചാരണങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാന്‍ നിമിത്തമാവുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ദൂരീകരിച്ച്, ശരിയായ ബോധ്യം സമൂഹ മനസ്സില്‍ രൂപപ്പെടുത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ട കാലമാണിത്. ഇസ്‌ലാമോഫോബിക്ക് അന്തരീക്ഷം തീവ്രമായി നിലനിര്‍ത്തുന്നതിന് സാമ്രാജ്യത്വ-ഫാഷിസ്റ്റ് സഖ്യങ്ങള്‍ അഹോരാത്രം പരിശ്രമിക്കുന്ന സന്ദര്‍ഭത്തില്‍, ഇസ്‌ലാമിന്റെ സൗന്ദര്യം ഏറ്റവും നന്നായി ആവിഷ്‌കരിക്കുകയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം. ഇതിനുവേണ്ടി നിരവധി കാര്യങ്ങള്‍ വ്യവസ്ഥാപിതമായി ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിക്കുന്നുണ്ട്.
ഇസ്‌ലാമിനെ എത്ര മനോഹരമായാണ് ജമാഅത്തെ ഇസ്‌ലാമി രാജ്യ നിവാസികള്‍ക്ക് മുന്നില്‍ തുറന്നുവെച്ചത് എന്ന് പരിശോധിച്ചുനോക്കൂ. ഒന്നാമതായി, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. അവ ജനങ്ങളിലേക്കെത്തിക്കാന്‍ വിവിധ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. രണ്ടാമതായി, ഇസ്‌ലാമുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളിലും ആനുകാലിക പ്രശ്‌നങ്ങളിലും മികച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ ഇത് ഏറെ വിപുലവും വിജയകരവുമാണ്. വ്യക്തി -സാമൂഹിക ബന്ധങ്ങള്‍, സംവാദങ്ങള്‍, മാധ്യമങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൂടെയെല്ലാം ഈ ദൗത്യം ജമാഅത്ത് നിര്‍വഹിച്ചുവരുന്നുണ്ട്. ചെറുതും വലുതുമായ സംവാദങ്ങളിലൂടെ, മുകള്‍തട്ടു മുതല്‍ താഴേ തലങ്ങളില്‍ വരെ ജമാഅത്ത് ജനങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. കുടുംബം, വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, ജന സേവനം, രാഷ്ട്രീയം, ജനപക്ഷ സമരം തുടങ്ങി സമൂഹ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും, ചെറുതെങ്കിലും ഇസ്‌ലാമിന്റെ മാതൃകകള്‍ സമര്‍പ്പിക്കാന്‍ ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമോഫോബിയയും ഫാഷിസവും ഒരു ഭാഗത്ത് ഉണ്ടായിരിക്കെത്തന്നെ, പൊതുസമൂഹം പൂര്‍ണമായും ഇതിന് കീഴടങ്ങാതെ പിടിച്ചു നില്‍ക്കുന്നത്, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രതിനിധാനത്തിന്റെയും പ്രബോധനത്തിന്റെയും ആശയപരമായ സ്വാധീനം കൊണ്ടുകൂടിയാണ്.
ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ട കാലത്ത്, ഇന്ത്യയില്‍ ഇത്തരം ആശയ പ്രചാരണങ്ങളുടെ രീതിശാസ്ത്രം എന്താണ്?
മുസ്‌ലിം സമൂഹത്തിന്റെ ഉത്തരവാദിത്വം സമകാലിക ഇന്ത്യയില്‍ വളരെ വലുതാണ്. ഇസ്‌ലാമിനെക്കുറിച്ച പേടി പരത്തപ്പെട്ടവര്‍ക്കിടയില്‍ നമുക്ക് ശരിയായ ഇസ്‌ലാമിനെ ജീവിതം കൊണ്ട് അടയാളപ്പെടുത്താന്‍ കഴിയണം. എല്ലാ വിഭാഗം മനുഷ്യരുമായും ഊഷ്മളമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. സാമൂഹിക സൗഹാര്‍ദം വിപുലപ്പെടുത്താവുന്ന വാതിലുകള്‍ തുറന്നുവെക്കണം. നല്ല അനുഭവങ്ങള്‍ നല്‍കാനാവുക എന്നതാണ് പ്രധാനം. ഫാഷിസത്തിന്റെ ഭീഷണിയെ തുല്യനാണയത്തില്‍ നേരിടാമെന്ന് കരുതുന്നത് ശരിയല്ല. തീവ്രമായ നിലപാടുകള്‍ പരിഹാരങ്ങളല്ല, പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ അവ സഹായിക്കൂ. വളരെ ആലോചനാപൂര്‍ണമായ ചുവടുകള്‍ സമുദായത്തില്‍ നിന്ന് ഉണ്ടാകണം. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ കുറെക്കൂടി ചടുലമാകേണ്ടതുണ്ട്. കാലവിളംബമില്ലാതെ കാര്യങ്ങള്‍ ചെയ്യാനും, സമുദായത്തിന് അനാഥത്വവും അരക്ഷിതത്വവും തോന്നാതെ നേതൃത്വത്തിന്റെ ബാധ്യതകള്‍ സമയത്ത് നിര്‍വഹിക്കാനും കഴിയണം.
ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ മുസ്‌ലിം സമുദായം മാത്രമല്ല ഉള്ളത്. രാജ്യത്തിന്റെ നന്മ കാംക്ഷിക്കുന്ന, മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഏറെപേര്‍ ഫാഷിസത്തിനെതിരെ രംഗത്തുണ്ട്. വര്‍ഗീയ ശക്തികള്‍ ഇവരില്‍ പലരെയും പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നു. അതില്‍ വീഴാത്തവരെ ഭീഷണിപ്പെടുത്തി വഴിപ്പെടുത്താന്‍ നോക്കുന്നു. അതിനൊന്നും നിന്നുകൊടുക്കാത്ത നിരവധി വ്യക്തിത്വങ്ങളുണ്ട്. പലരുടെയും ജീവനും ജീവിതവും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ രാജ്യം നേരിടുന്നത് ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാണ് എന്ന പ്രശ്‌നമാണ്. ഇത് എല്ലാ വിഭാഗം മനുഷ്യരെയും ബാധിക്കും എന്ന തിരിച്ചറിവുള്ളവര്‍ ഈ ദുരവസ്ഥക്കെതിരെ ജീവനും ജീവിതവും സമര്‍പ്പിച്ച് പൊരുതുകയാണ്. സഞ്ജീവ് ഭട്ടിനെപ്പോലെ ചിലര്‍ ജയിലിലാണ്. കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും പോലെ ചിലര്‍ കൊല്ലപ്പെട്ടിരിക്കുന്നു. എത്രയോ പേര്‍ ഒറ്റക്കും കൂട്ടായും സമരമുഖത്തുണ്ട്. എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ് വേണ്ടത്. ഫാഷിസത്തിനെതിരെ മൗനികളായി നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. ആ മൗനത്തിന്റെ അര്‍ഥം അവര്‍ ഫാഷിസത്തെ അനുകൂലിക്കുന്നു എന്നല്ല. വിഷയത്തെ ഗൗരവത്തില്‍ കാണാത്തതോ, നിഷ്‌ക്രിയത്വമോ ആശങ്കകളോ ഒക്കെയാകാം അവരുടെ മൗനത്തിന് കാരണം. ഇങ്ങനെ മൗനികളായി ഇരിക്കുന്നവരെ ശബ്ദമുള്ളവരാക്കി മാറ്റാനും നാം പരിശ്രമിക്കണം. അതിന് ഫലമുണ്ടാകും. അങ്ങനെ എല്ലാവരും ചേര്‍ന്ന് നയിക്കേണ്ട പോരാട്ടമാണിത്.
മുസ്‌ലിം സമുദായത്തിനകത്തെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്ത് എത്രമാത്രം ഊന്നല്‍ നല്‍കുന്നുണ്ട്?
മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണം പ്രധാനമാണ്. മുസ്‌ലിം സമൂഹം ഇസ്‌ലാമിനെ യഥാവിധി പ്രതിനിധാനം ചെയ്യേണ്ടതായിട്ടുണ്ട്. വ്യത്യസ്ത മതസമുദായങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളുടെ ശരിയായ ജീവിതം തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമിക പ്രബോധനം. ഇസ്‌ലാമോഫോബിയയെ തടുക്കുന്നതിലും ഈ മാതൃകാ ജീവിതത്തിന് വലിയ സ്വാധീനമുണ്ട്. വിശ്വാസം, ആത്മീയത, കുടുംബം, സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങള്‍, സാമ്പത്തിക ജീവിതം, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ഓരോന്നിലും ഇസ്‌ലാമിക ആദര്‍ശത്തിന് അനുസൃതമായും സമൂഹത്തിന് മാതൃകയായും മുസ്‌ലിം സമുദായം ജീവിക്കണം. ഇതിനാവശ്യമായ പരിഷ്‌കരണ - സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിനകത്ത് ഇനിയും നടക്കേണ്ടതുണ്ട്.
വിശ്വാസപരവും കര്‍മപരവുമായ ജീര്‍ണതകളില്‍ നിന്ന് സമുദായത്തെ ശുദ്ധീകരിച്ചെടുക്കാനുള്ള ആഭ്യന്തര സംസ്‌കരണം (ഇസ്വ്‌ലാഹ്), നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് ജമാഅത്തിന്റെ അജണ്ട തന്നെയാണ്. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മുസ്‌ലിം സമുദായത്തെ മോചിപ്പിച്ചെടുക്കുക തന്നെ വേണം. അതിന് വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ ജമാഅത്ത് ഒരുക്കിയിട്ടുണ്ട്. ഖുര്‍ആന്‍ പഠനമാണ് ഒന്നാമത്തേത്. ഖുര്‍ആന്‍ പരിഭാഷകളിലൂടെ സഹോദര സമുദായാംഗങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍, ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളിലൂടെ മുസ്‌ലിം സമുദായത്തെ ഇസ്‌ലാം പഠിപ്പിക്കാനും ജമാഅത്ത് വേദിയൊരുക്കുന്നു. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങള്‍ സമുദായ സംസ്‌കരണത്തിന് വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. ജമാഅത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന പള്ളികളില്‍ ഖുത്വ് ബ കേള്‍ക്കാനും മറ്റുമായി വരുന്ന മുസ്‌ലിം ജനസാമാന്യം, ഗുരുതരമായ അന്ധവിശ്വാസങ്ങളില്‍നിന്ന് വലിയ തോതില്‍ മുക്തരാണല്ലോ. വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ശരിയായ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്ന തലമുറകള്‍ അന്ധവിശ്വാസത്തില്‍നിന്ന് മോചിതരായ ഒരു സമുദായത്തെയാണ് രൂപപ്പെടുത്തുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണ്, സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഇസ്‌ലാമിക പഠന സംവിധാനങ്ങള്‍. പുസ്തക പ്രസാധനം, പ്രഭാഷണങ്ങള്‍, കാമ്പയിനുകള്‍ തുടങ്ങിയവ ഇതിനെല്ലാം പുറമെ, അതത് ഘട്ടങ്ങളില്‍ പ്രത്യേകമായി നടത്താറുമുണ്ട്. തെറ്റാണെന്ന് ബോധ്യമുള്ള ജീര്‍ണതകളില്‍ നിന്ന് മുക്തരായ ഒരു വലിയ പ്രവര്‍ത്തക വൃന്ദത്തെ ഈ സമുദായത്തില്‍ നിന്ന് തന്നെയാണല്ലോ ജമാഅത്ത് രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്!
ഇന്ത്യയെ പൊതുവായും, കേരളത്തെ പ്രത്യേകമായും പരിശോധിക്കുമ്പോള്‍ മുസ്‌ലിം സമുദായം ആഭ്യന്തര രംഗത്ത് ആദര്‍ശപരമായും കര്‍മ തലത്തിലും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? വിശ്വാസപരവും മറ്റുമായ വ്യതിയാനങ്ങള്‍ സമുദായത്തില്‍ എത്രത്തോളം കാണപ്പെടുന്നുണ്ട്?
ആദര്‍ശപരമായ കരുത്തില്‍ മുസ്‌ലിം സമുദായത്തിന് ദൗര്‍ബല്യം സംഭവിച്ചിട്ടുണ്ട്. വിശ്വാസപരമായ ഇടര്‍ച്ചകള്‍ കൊണ്ടും, ജീവിതത്തെക്കുറിച്ച കാഴ്ചപ്പാടിലെ പ്രശ്‌നങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. സുഖലോലുപതയില്‍ അഭിരമിക്കുന്ന ഭൗതികപ്രമത്തത ഒരു വിഭാഗത്തെ പിടികൂടിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും, വിശ്വാസ കാര്യങ്ങള്‍ ഉള്‍പ്പെടെ ഇസ്‌ലാമിനെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതില്‍ മുസ്‌ലിം സമുദായം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. വിശ്വാസ വൈകല്യങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തരാവുക എന്നത് ഒരു ആദര്‍ശ സമൂഹത്തിന് അനിവാര്യമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമുദായത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. അതിനെതിരായ ബോധവല്‍ക്കരണവും കാലങ്ങളായിത്തന്നെ നടന്നു വരുന്നുമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ നവോത്ഥാനത്തിന്റെ ഭാഗവുമാണ്.
ഇസ്‌ലാമിനെക്കാള്‍ പ്രധാനമായിത്തീരുന്ന സംഘടനാ താല്‍പര്യങ്ങള്‍ വലിയ അപകടമാണ്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ന്യായം തന്നെ, അവ ഇസ്‌ലാമിന് വേണ്ടിയുള്ളതാണ് എന്നതാണ്. ജമാഅത്തെ ഇസ്‌ലാമി നിലകൊള്ളുന്നത് ജമാഅത്തിന് വേണ്ടിയല്ല, ഇസ്‌ലാമിന് വേണ്ടിയാണ്. ഏതു സംഘടനയും നിലകൊള്ളേണ്ടത് ഇസ്‌ലാമിന് വേണ്ടിയായിരിക്കണം, കേവലം സംഘടനക്ക് വേണ്ടിയാകരുത്. സംഘടനാ താല്‍പര്യങ്ങള്‍ക്ക് മുകളിലാണ് ഇസ്‌ലാമിന്റെ താല്‍പര്യങ്ങള്‍ എന്ന തിരിച്ചറിവിലേക്ക് മുസ്‌ലിം സമുദായത്തെ പൊതുവിലും, സംഘടനാ പ്രവര്‍ത്തകരെ പ്രത്യേകിച്ചും എത്തിക്കേണ്ടതുണ്ട്.
കറാമത്ത് കഥകള്‍ വളരെ വ്യാപകമായി സമുദായത്തിനകത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെയും ടെക്‌നോളജിയുടെയും സാധ്യതകളും ഇതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. നവോത്ഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി, ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
സമീപകാലത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃപ്രവേശം ചെയ്ത കറാമത്ത് കഥകള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. മുസ്‌ലിം സാമാന്യജനത്തില്‍ തെറ്റായ ധാരണകള്‍ രൂപപ്പെടാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമാകും. ഇതിനെക്കുറിച്ച് പഠിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യം, മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ഇതിനോടൊന്നും യോജിക്കുന്നില്ല എന്നതാണ്. പ്രധാന മുസ്‌ലിം സംഘടനകളുമായും പ്രമുഖ പണ്ഡിതന്മാരുമായും ഈ വിഷയത്തില്‍ ജമാഅത്ത് സംസാരിച്ചിട്ടുണ്ട്. അവരില്‍ ആരും ഇതിനെ പിന്തുണക്കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. മാത്രമല്ല, പ്രബുദ്ധരായ മുസ്ലിം സമുദായം കറാമത്ത് കെട്ടുകഥകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുമുണ്ട്. എന്നിരുന്നാലും 'ഓണ്‍ലൈന്‍ കറാമത്തും വാട്‌സാപ്പ് ഊത്തും' പോലെയുള്ള തട്ടിപ്പുകള്‍ക്കെതിരെ മുസ്‌ലിം സംഘടനകളുടെ നിതാന്ത ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.
അന്ധവിശ്വാസ പ്രചാരണങ്ങളിലൂടെ സാമ്പത്തിക ചൂഷണം ഉള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് തല്‍പര കക്ഷികള്‍ ലക്ഷ്യമിടുന്നത്. മുസ്‌ലിം സമുദായം ഇക്കാര്യം തിരിച്ചറിയണം. വിശ്വാസത്തിലും കര്‍മത്തിലും വഴിതെറ്റിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന വിഭാഗത്തെക്കുറിച്ച് ഓരോ സത്യവിശ്വാസിക്കും ജാഗ്രതയുണ്ടാകണം. ഇത്തരം പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഖുര്‍ആന്‍ വചനം മനസ്സിരുത്തി വായിക്കണം: ''സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക'' (അത്തൗബ 34). കറാമത്ത് പ്രചാരകരും അതിനോട് മൗനം പാലിക്കുന്നവരും അല്ലാഹുവിന്റെ ഈ താക്കീത് ഉള്‍ക്കൊള്ളണം. താല്‍ക്കാലികമായ ഭൗതിക ലാഭങ്ങള്‍ക്കു വേണ്ടി, സത്യവിശ്വാസികളെ വഴിതെറ്റിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍, ആത്യന്തികമായി തങ്ങളുടെ പരലോകജീവിതമാണ് നഷ്ടപ്പെടുത്തുന്നത്. മാത്രമല്ല, ആദര്‍ശപരമായ വ്യതിചലനം സംഭവിച്ചാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും സഹായങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യാം.
ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ആഭ്യന്തര സംസ്‌കരണത്തില്‍ ഏര്‍പ്പെടുമ്പോള്‍, ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിക്കുന്ന ശൈലിയുടെ സവിശേഷതകളും മുന്‍ഗണനകളും എന്തൊക്കെയാണ്?
മുസ്‌ലിം സമുദായം ബാഹ്യ മണ്ഡലങ്ങളില്‍ നിന്ന് പലതരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അവരുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ ഗുണകാംക്ഷയോടെയും കാരുണ്യത്തോടെയുമാണ് മുസ്‌ലിം സമുദായ സംസ്‌കരണത്തില്‍ ഏര്‍പ്പെടേണ്ടത്. വിശ്വാസപരമായ ദൗര്‍ബല്യങ്ങള്‍ തീര്‍ച്ചയായും തിരുത്തപ്പെടണം. പക്ഷേ, അത് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഭാഷ ഉപയോഗിച്ചാണ് ചെയ്യേണ്ടത്. ചില വൈകല്യങ്ങള്‍ കാണുമ്പോഴേക്കും ആളുകളെ മുശ് രിക്കും മുര്‍ത്തദ്ദുമായി ചാപ്പയടിക്കുന്ന രീതി തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും ഇത് അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ല. ലാ ഇലാഹ ഇല്ലല്ലാ, മുഹമ്മദുന്‍ റസൂലുല്ലാ എന്ന സത്യസാക്ഷ്യ വചനം അംഗീകരിച്ച, കഅ്ബയെ ദിശയായി അംഗീകരിച്ച് നമസ്‌കരിക്കുന്ന ഏതൊരാളും മുസ്‌ലിം തന്നെയാണ് എന്ന അടിസ്ഥാനം അംഗീകരിച്ചുകൊണ്ടാണ് വ്യതിചലനങ്ങള്‍ തിരുത്താന്‍ പരിശ്രമിക്കേണ്ടത്. കേരളത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട മുസ്‌ലിം സമുദായാംഗങ്ങളെ മുസ്‌ലിംകളായി തന്നെയാണ് എന്നും ജമാഅത്തെ ഇസ്‌ലാമി കണ്ടിട്ടുള്ളത്. വിശ്വാസപരമോ അനുഷ്ഠാനപരമോ ആയ പ്രശ്‌നങ്ങള്‍ സമുദായത്തിലെ ചിലരില്‍ കാണപ്പെടുന്നുണ്ടെങ്കില്‍, അതൊന്നും മുന്‍നിര്‍ത്തി അവരെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കാന്‍ നമുക്ക് അധികാരമില്ല. ആരിലെങ്കിലും ശിര്‍ക്കും കുഫ്‌റും ആരോപിക്കുന്ന രീതി ജമാഅത്തെ ഇസ്‌ലാമി ഒരു കാലത്തും സ്വീകരിച്ചിട്ടില്ല.
സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍, സമുദായാംഗങ്ങളില്‍ ചില പ്രശ്‌നങ്ങളൊക്കെ കാണാം. അക്കാരണങ്ങള്‍ കൊണ്ട് അവരെ അകറ്റിനിര്‍ത്താന്‍ പാടില്ല. അവരെ ചേര്‍ത്തുപിടിച്ച്, തിരുത്തേണ്ടത് തിരുത്തണം. കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലും ഗുണത്തെക്കാള്‍ ദോഷമാണുണ്ടാക്കുക. തെറ്റുകള്‍ തിരുത്തി, ശരിയിലേക്ക് നയിക്കണം - അതിന് ഉപയോഗിക്കുന്ന ഭാഷയും ശൈലിയും ശരിയായിരിക്കണം എന്നുകൂടി ജമാഅത്തിന് നിര്‍ബന്ധമുണ്ട്. ഇവ്വിധമാണ് ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര സമുദായ സംസ്‌കരണ പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്. ഒന്നിലേറെ ശത്രുക്കളാല്‍ ആക്രമിക്കപ്പെടുന്ന ഒരു സമുദായത്തെ, ശത്രുസ്ഥാനത്തു നിര്‍ത്തി വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഗുണകരമാകില്ല എന്നാണ് ജമാഅത്ത് മനസ്സിലാക്കുന്നത്. ഓരോ ഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ നാം സമീപിക്കാറുണ്ട്. എന്നാല്‍, പ്രശ്‌നങ്ങളെ ഏറെ വൈകാരികതയോടെ സമീപിച്ച്, സമുദായത്തെ നന്നാക്കിക്കളയാം എന്ന നിലപാട് ഗുണകരമാകില്ല എന്നതാണ് ജമാഅത്തിന്റെ കാഴ്ചപ്പാട്.
ദീര്‍ഘവീക്ഷണത്തോടെയുള്ളതും സമുദായത്തെ വിവേകത്തോടെ ചിന്തിപ്പിക്കുന്നതുമാകണം ആഭ്യന്തര സംസ്‌കരണ പദ്ധതികള്‍. പ്രസംഗിച്ച് ആളെക്കൂട്ടുകയല്ല, പഠിപ്പിച്ച് സംസ്‌കരിക്കുകയും സംഘടിപ്പിക്കുകയുമാണ് ജമാഅത്തിന്റെ ശൈലി. ഇത് ക്രിയാത്മകമാണ് എന്നു തന്നെയാണ് ജമാഅത്തിന്റെ അനുഭവം. ജമാഅത്ത് സ്വീകരിച്ച മധ്യമ നിലപാടുകൊണ്ടു തന്നെ, സമുദായ സംസ്‌കരണം സാധ്യമാണ്.
1980-കളിലും 2000 കാലത്തും മുസ്‌ലിം സംഘടനകള്‍ക്കകത്ത് വലിയ ആഭ്യന്തര സംഘര്‍ഷങ്ങളും പിളര്‍പ്പുകളും സംഭവിച്ചു. സമീപകാലത്ത് പ്രബല മുസ്‌ലിം സംഘടനകള്‍ക്കകത്ത് ഗുണപരമല്ലാത്ത ചില ഉള്‍പ്പിരിവുകള്‍ സംഭവിക്കുന്നതായി കാണുന്നു. ഇതിനെ എങ്ങനെയാണ് ജമാഅത്ത് നിരീക്ഷിക്കുന്നതും സമീപിക്കുന്നതും?
കേരളത്തിലെ പ്രമുഖ മുസ്‌ലിം സംഘടനകളില്‍ ഉണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഗുണകാംക്ഷാ പൂര്‍ണമായ, സാഹോദര്യ മനസ്സോടെയുള്ള ഇടപെടലാണ് ജമാഅത്തെ ഇസ്‌ലാമി എന്നും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും ചില വിദ്യാഭ്യാസ സ്ഥാപന മേധാവികളും മറ്റുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും, ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും പ്രയാസമുണ്ടാക്കുന്ന തരത്തിലേക്ക് വളരരുത് എന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്. ഇസ്‌ലാമിന് ഗുണകരമാകുന്ന രീതിയില്‍ ഇത് പരിഹരിക്കപ്പെടണം. ഇനിയൊരു പിളര്‍പ്പ് മുസ്‌ലിം സമൂഹത്തിന് താങ്ങാനാകില്ല. അതുകൊണ്ട് എല്ലാവരും ഇതില്‍ ജാഗ്രത പുലര്‍ത്തണം. സമസ്തയുടേത് ഉള്‍പ്പെടെ, വിവിധ നേതാക്കളുമായി ജമാഅത്ത് ഈ വിഷയം പ്രത്യേകം സംസാരിച്ചിട്ടുണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച ആശങ്കകളും വേദനകളും എല്ലാവരോടും പങ്കുവെച്ചിട്ടുണ്ട്.
വിദ്യാഭ്യാസപരമായും മറ്റും പിന്നാക്കമായിരുന്ന ഒരവസ്ഥയില്‍ നിന്നാണ് നാം പതിയെ വളര്‍ച്ച നേടി മുന്നോട്ട് വരുന്നത്. ആ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് സമുദായത്തിന് നഷ്ടങ്ങളുണ്ടാക്കും. അതിന് ഇടവരുത്താത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കേണ്ടതാണ്. ഉത്തരവാദപ്പെട്ട നേതാക്കളെ ഒന്നിലേറെ തവണ നേരില്‍ കണ്ട് ഇക്കാര്യം ജമാഅത്ത് ഉണര്‍ത്തിയിട്ടുണ്ട്.
മുസ്‌ലിം സമൂഹം, സാധാരണക്കാര്‍ ഉള്‍പ്പെടെ ഇന്ന് വലിയ തോതില്‍ ഐക്യവും ഒരുമയും ആഗ്രഹിക്കുന്നവരാണ്. സംഘടനാ സങ്കുചിതത്വങ്ങളോടും ആഭ്യന്തര സംഘര്‍ഷങ്ങളോടും കടുത്ത വിയോജിപ്പുള്ളവരാണ് ഇന്ന് പൊതുവില്‍ മുസ്‌ലിംകള്‍, വിശേഷിച്ചും പുതുതലമുറ. അനൈക്യത്തിന്റെയും വിഭാഗീയതയുടെയും വഴിയില്‍ ചിന്തിക്കുന്നവരോട്, മുസ്‌ലിം സമുദായത്തിന് താല്‍പര്യമില്ല എന്നതാണ് വസ്തുത. സംഘടനാ നേതാക്കളും പണ്ഡിതന്മാരും പ്രഭാഷകരുമൊക്കെ ഇത് തിരിച്ചറിയേണ്ടതാണ്. ഉയര്‍ന്നു ചിന്തിക്കുന്ന സമുദായാംഗങ്ങള്‍ക്കിടയില്‍ സമീപനം കൊണ്ട് ചെറുതായിപ്പോകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. നമ്മുടേതു പോലെ വലിയൊരു പ്രതിസന്ധി കാലത്ത് നേതാക്കള്‍ കൈക്കൊള്ളുന്ന ശരിയല്ലാത്ത നിലപാടുകള്‍ നാളെ ചരിത്ര പുസ്തകത്തില്‍ കറുത്ത പുള്ളികളായി അവശേഷിക്കാനിടവരരുത്. ഇതിന്റെയെല്ലാം ആഘാതമേല്‍ക്കുക ആത്യന്തികമായി ഇസ്‌ലാമിനാണ്. ഇതില്‍നിന്ന് മുതലെടുക്കുന്നതും സന്തോഷിക്കുന്നതും ഇസ്‌ലാമിന്റെ എതിരാളികളാണ്. മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളില്‍ നാം പെട്ടുപോകരുത്.
ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വ്യാപൃതരാകുന്ന പണ്ഡിതന്മാര്‍ ഉള്‍പ്പെടുന്ന മുസ്‌ലിം നേതൃത്വം, അതീവ ഗൗരവപ്പെട്ട വിഷയങ്ങളില്‍ വ്യയം ചെയ്യേണ്ട ഊര്‍ജം ഇവ്വിധം പാഴാക്കുന്നത് സമുദായത്തെ എങ്ങനെയെല്ലാം ബാധിക്കും; ഫാഷിസം, ലിബറലിസം, യുക്തിവാദം തുടങ്ങിയവയുടെ അരങ്ങേറ്റ കാലത്ത് വിശേഷിച്ചും?
മുസ്‌ലിം സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട നിരവധി വിഷയങ്ങളുണ്ട്. ലഹരിയും കുടുംബ ബന്ധങ്ങളിലെ ശൈഥില്യവും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക-സാമൂഹിക പ്രശ്‌നങ്ങള്‍, ലിബറലിസവും യുക്തിവാദവും പോലുള്ള ആശയങ്ങളുടെ ദുസ്സ്വാധീനം തുടങ്ങിയവ ഉദാഹരണം. രാജ്യത്തെ വിഴുങ്ങുന്ന ഫാഷിസത്തിന്റെയും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും ഭീഷണികള്‍ മറ്റൊരു വശത്ത്. ഇതിനെതിരെയെല്ലാം യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മുടെ സമയവും അധ്വാനവും വ്യയം ചെയ്യേണ്ടത്. ആ ഊര്‍ജം നാം പാഴാക്കിക്കളയരുത്.
ലിബറലിസത്തിനും യുക്തിവാദത്തിനും എതിരായ പ്രചാരണങ്ങളില്‍ മുസ്‌ലിംകളിലെ വ്യത്യസ്ത ധാരകളിലുള്ളവര്‍ക്ക് ഒരുമിച്ചും ഒറ്റക്കും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. വ്യത്യസ്ത സംഘടനകളില്‍പ്പെട്ട യുവ പണ്ഡിതരും ചിന്തകരും ഇത്തരം ആശയ വെല്ലുവിളികള്‍ക്കെതിരെ ശക്തമായി രംഗത്തുവരുന്നത് സന്തോഷകരമാണ്.
യുക്തിവാദത്തിന്റെ പ്രവണതകളെ ആശയപരമായി അതിജയിക്കാന്‍ മുസ്‌ലിം സമുദായത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്ത ധാരകളിലുള്ളവര്‍ പരസ്പരം സഹകരിച്ചും മതിപ്പ് പുലര്‍ത്തിയും ആശയക്കൈമാറ്റങ്ങള്‍ നടത്തിയും മുന്നോട്ടു പോകുന്നത് അഭിമാനകരമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമിച്ചു നിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭം നടത്താന്‍ മുസ്‌ലിം സമുദായത്തിന് കഴിഞ്ഞു. ഫാഷിസത്തിന്റെ ഇത്തരം ഭീഷണികള്‍ അവസാനിച്ചിട്ടില്ല. ഒരുമിച്ച് നിന്നുകൊണ്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് ശക്തിപ്പെടുത്തേണ്ടതുണ്ട്. ഐക്യത്തോടെ മുന്നോട്ടു പോയാല്‍ നമുക്ക് പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കും. വഖ്ഫ് ബോര്‍ഡിലെ പി.എസ്.സി നിയമന വിഷയത്തില്‍ മുസ്‌ലിം സമുദായം ഒന്നിച്ചു നടത്തിയ പ്രക്ഷോഭം വിജയിച്ച സമീപകാല അനുഭവം നമ്മുടെ മുന്നിലുണ്ടല്ലോ.
വീക്ഷണ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയും മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ആരോഗ്യകരമായ സഹവര്‍ത്തിത്വവും സഹകരണവും സാധ്യമാണല്ലോ. ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ എങ്ങനെയായിരിക്കണം?
അഭിപ്രായ വ്യത്യാസങ്ങള്‍ മുസ്‌ലിം സമുദായത്തിനകത്ത് എന്നും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം, ഒരുമിച്ചു നില്‍ക്കാവുന്ന മേഖലകള്‍ കണ്ടെത്തി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മുസ്‌ലിം സൗഹൃദ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണമായെടുക്കാം. ഇപ്പോള്‍, മുസ്‌ലിം ഏകോപന സമിതി നിലവിലുണ്ട്. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഊഷ്മളമായ ബന്ധം രൂപപ്പെടുത്താനും പല കാര്യങ്ങളിലും ഒരുമിച്ചോ, പരസ്പര ധാരണയോടെയോ പ്രവര്‍ത്തിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്. വഖ്ഫ് ബോര്‍ഡ് പ്രശ്‌നം ഇതിലൊന്നാണ്. ഭിന്ന മുസ്‌ലിം സംഘടനകള്‍ക്ക് ഒരുമിച്ചിരിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധിക്കുന്നുണ്ടല്ലോ. മുസ്‌ലിം സൗഹൃദ വേദിയിലൂടെ ഉണ്ടായ നേട്ടമാണിത്. മുമ്പ് ഇതായിരുന്നില്ലല്ലോ അവസ്ഥ.
അതുകൊണ്ട്, ഈ സംവിധാനങ്ങളുടെ സാധ്യതകളെക്കുറിച്ചാണ്, പരിമിതികളെ കുറിച്ചല്ല നാം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്. കൂട്ടായ്മകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ വിട്ടുവീഴ്ചയോടെയുള്ള സമീപനം എല്ലാവരില്‍ നിന്നും ഉണ്ടാകണം. മുസ്‌ലിം സമുദായത്തിന് മൊത്തം ഇതിന്റെ പ്രയോജനം ലഭിക്കും. സമുദായത്തിനകത്ത് വലിയ വികാസം സംഭവിക്കും. അതിന്റെ ഫലം ഭാവിയില്‍ സമൂഹത്തില്‍ ദൃശ്യമാകും.
കമ്യൂണിസം ഉള്‍പ്പെടെയുള്ള ഭൗതിക പ്രസ്ഥാനങ്ങളെയും നിരീശ്വര വാദത്തെയും മറ്റും നേരിടുന്നതില്‍ ചരിത്രദൗത്യം നിര്‍വഹിച്ച ജമാഅത്തെ ഇസ്‌ലാമി ലിബറലിസം, യുക്തിവാദം തുടങ്ങിയ പ്രവണതകളെ എങ്ങനെയൊക്കെയാണ് നേരിടുന്നത്?
നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് ആദര്‍ശപരമായ വെല്ലുവിളികളെ നേരിടുക ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രദൗത്യമാണ്. അത് വിജയകരമായി നിര്‍വഹിച്ചതുകൊണ്ടാണ്, ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കള്‍ ജമാഅത്തിന്റെ ബൗദ്ധിക ശക്തിയെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ജമാഅത്തിനോടുള്ള ശത്രുതാപരമായ നിലപാടിന്റെ അടിസ്ഥാന കാരണവും ഈ ബൗദ്ധിക ശക്തിയാണ്.
ഇപ്പോള്‍, അധികാരത്തിന്റെ സ്വാധീനം കൂടി ഉപയോഗിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ലിബറലിസത്തെയും യുക്തിവാദ, നിരീശ്വരത്വ ചിന്തകളെയും അര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെയാണ് ജമാഅത്ത് കാണുന്നത്.
പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പരിഷ്‌കരണത്തിലൂടെയും ലിബറല്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ തുടര്‍ച്ച എന്ന നിലയിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ തയാറാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. ഇതിനെ ലിബറലിസത്തിനുള്ള ഒരു അവസരമായി തല്‍പര കക്ഷികള്‍ ഉപയോഗപ്പെടുത്തുകയാണ്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വാദങ്ങളുടെ പ്രയോഗവല്‍ക്കരണത്തിനുള്ള പദ്ധതികള്‍ കേരളം തയാറാക്കിയ പാഠ്യപദ്ധതിയിലുണ്ട്.
സദാചാര, ധാര്‍മിക മൂല്യങ്ങളുടെ നിരാസവും ഇതിന്റെ ലക്ഷ്യമാണ്.
ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതിന്റെ മറവിലാണ് നമ്മുടെ സദാചാര അടിത്തറ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ശ്രമം നടത്തുന്നത്. ലിംഗഭേദം എന്നത് സാമൂഹിക നിര്‍മിതിയല്ല; പ്രകൃതിപരമാണ്.
സ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ സാംസ്‌കാരികമായ അതിരടയാളങ്ങളാണ് സദാചാര മൂല്യങ്ങളുള്ള സമൂഹത്തെ സാധ്യമാക്കുന്നത്. കുടുംബ വ്യവസ്ഥയെ ഭദ്രമാക്കുന്നതും ഈ സദാചാര ബോധമാണ്. എന്നാല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം, ക്ലാസ് റൂം എന്നിവയിലൂടെ ബോധപൂര്‍വം ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും നടത്തുന്നത്. ആഗോള തലത്തിലുള്ള ജെന്‍ഡര്‍ പൊളിറ്റിക്സിന്റെ ഭാഗമാണിത്. മൂല്യനിരാസത്തിലധിഷ്ഠിതമായ ഒരു സമൂഹ നിര്‍മിതിക്കേ അത് സഹായിക്കൂ. ആണിനും പെണ്ണിനും ഇടയില്‍ ഒരകലവും ആവശ്യമില്ല എന്ന മുതലാളിത്ത അജണ്ടയുടെ കൂടി ഭാഗമാണിത്. ലൈംഗികതയെ വിപണിവല്‍ക്കരിക്കുന്നതിനുള്ള ഏക തടസ്സം ആണിനും പെണ്ണിനുമിടയില്‍ കാത്തുസൂക്ഷിക്കുന്ന അകലമാണ്. അതില്ലാതാക്കലാണ് ലക്ഷ്യം.
കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന്റെ അജണ്ടകളില്‍ ലിബറലിസമാണ് ഉള്ളതെങ്കില്‍, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റ് സംഘ് പരിവാര്‍ അജണ്ടകളാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ചരിത്രത്തിന്റെ വക്രീകരണവും തമസ്‌കരണവും ഇതില്‍ പ്രധാനമാണ്. വ്യാജ ചരിത്ര നിര്‍മാണത്തിലൂടെ, തെറ്റായ ബോധ്യങ്ങളില്‍ വളരുന്ന ഒരു തലമുറയെ രുപപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയുടെ ഭരണഘടനാ തത്ത്വങ്ങള്‍ക്കും മതനിരപേക്ഷതക്കും ചേരുന്നതല്ല ഇതൊന്നും. കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ ഈ തെറ്റായ നയങ്ങള്‍ കൃത്യമായിത്തന്നെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നാം പ്രതിജ്ഞാബദ്ധരുമാണ്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബൗദ്ധിക നിരയും പ്രസിദ്ധീകരണങ്ങളും, ലിബറലിസത്തെയും യുക്തിവാദത്തെയും ആശയപരമായി നേരിടുന്നതില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ജമാഅത്തിന്റെ കഴിവല്ല, ഇസ്‌ലാമിന്റെ കരുത്താണ് ഇതിന്റെ അടിസ്ഥാനം. ഒരു ഘട്ടത്തില്‍ ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗത്ത് സ്വാധീനം നേടിയിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആശയപരമായി ചെറുത്തു തോല്‍പിച്ചിട്ടുണ്ട്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നതില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് കമ്യൂണിസം അപ്രസക്തമായിപ്പോയി. ഇന്നിപ്പോള്‍ കമ്യൂണിസത്തിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പാണ്, മുതലാളിത്തം കലര്‍ന്ന വിചിത്ര രൂപമാണ് ഇവിടെ നിലവിലുള്ളത്.
ലിബറലിസത്തോടും യുക്തിവാദത്തോടും വ്യക്തമായ ഒരു സംവാദ മുഖം ജമാഅത്തെ ഇസ്‌ലാമി തുറന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ മഹിമയും മനോഹാരിതയും മുസ്‌ലിംകള്‍ ഉള്‍പ്പെടെ സമൂഹത്തെ മുഴുവനായും ബോധ്യപ്പെടുത്താന്‍ ഇതുവഴി സാധിക്കും. ജമാഅത്തിന്റെ പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ രംഗത്ത് ധീരമായ ആശയ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. വ്യത്യസ്ത മുസ്‌ലിം സംഘടനകളും ഈ വിഷയത്തില്‍ സജീവമായി രംഗത്തുണ്ട്. യുക്തിവാദത്തെയും ലിബറലിസത്തെയും അഭിമുഖീകരിക്കുന്നതില്‍ ഒരു ഉണര്‍വ് മുസ്‌ലിം സമുദായത്തില്‍ ദൃശ്യമാണ്. ജമാഅത്തിന്റെ മാത്രമല്ല, സമസ്ത, മുജാഹിദ് സംഘടനകളുടെയൊക്കെ യുവനിരയില്‍ പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഇത് മുസ്‌ലിം സമൂഹത്തിന് അഭിമാനവും പ്രതീക്ഷയും നല്‍കുന്നതാണ്. തീര്‍ച്ചയായും യുക്തിവാദവും ലിബറലിസവും ഇസ്‌ലാമിന് മുന്നില്‍ പരാജയപ്പെടുക തന്നെ ചെയ്യും.
'മുസ്‌ലിം=തീവ്രവാദം' എന്ന സമീകരണം സംഘപരിവാറും കടന്ന്, മത സമുദായ പുരോഹിത തലങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. നേരത്തെ ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയരുകയുണ്ടായി. മതസമുദായങ്ങള്‍ ധ്രുവീകരിക്കപ്പെടുന്ന, സംഘ് പരിവാര്‍ ലാഭം കൊയ്യുന്ന ഇത്തരം വ്യാധികള്‍ക്കുള്ള ശരിയായ ചികിത്സ എന്താണ്?
കേരളീയ സമൂഹത്തിന്റെ പാരമ്പര്യം ഉയര്‍ന്ന മത നിരപേക്ഷതയുടെതാണ്. വര്‍ഗീയത വെറുക്കപ്പെട്ടതായിരുന്നു നമ്മുടെ മലയാള നാട്ടില്‍. നിര്‍ഭാഗ്യവശാല്‍ ഇന്ന് സാഹചര്യം മാറുകയാണ്. സാമുദായിക ധ്രുവീകരണത്തിന്റെ അന്തരീക്ഷം നമ്മെ വേദനിപ്പിക്കുന്നുണ്ട്. ചില മതപുരോഹിതന്മാരുടെയും മറ്റും പ്രസ്താവനകള്‍ ഇതിന്റെ ഉദാഹരണമാണ്. എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കാനാണ്, സ്‌നേഹവും സഹകരണവും ഉറപ്പുവരുത്താനാണ് മത നേതാക്കള്‍ ശ്രമിക്കേണ്ടത്. വെറുപ്പിന്റെ ഭാഷ മതങ്ങളുടേതല്ല.
ധ്രുവീകരണത്തിന്റെ വര്‍ത്തമാനങ്ങള്‍ ഏത് മത നേതൃത്വത്തില്‍ നിന്നുണ്ടായാലും അത് നമ്മുടെ മൊത്തം സമൂഹത്തിന്റെ സമാധാനപരമായ നിലനില്‍പിനെയാണ് അപകടപ്പെടുത്തുക.
വ്യത്യസ്ത മത നേതാക്കളെ സന്ദര്‍ശിച്ച്, ഇത്തരം വിഷയങ്ങളുടെ ഗൗരവം ജമാഅത്ത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മത നേതാക്കളുമായി ഊഷ്മള ബന്ധവും, സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും എന്നും പ്രധാനമായി കണ്ടിട്ടുള്ള പ്രസ്ഥാനമാണല്ലോ ജമാഅത്ത്. ഇത്തരം പ്രസ്താവനകളിലൂടെ എത്രമേല്‍ അപകടകരമായ ദുരന്തത്തിലേക്കാണ് സമൂഹത്തെ തള്ളിവിടുന്നത് എന്ന ചോദ്യം ബന്ധപ്പെട്ടവരുടെ മുന്നില്‍ ജമാഅത്ത് ഉന്നയിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക്ക് ജിഹാദിനെക്കുറിച്ച് നടത്തിയ പ്രസംഗമൊക്കെ തികഞ്ഞ അസംബന്ധമായിരുന്നു. ലൗ ജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും ഇല്ലെന്ന് ഗവണ്‍മെന്റ് തന്നെ ആധികാരികമായി വിശദീകരിച്ചിട്ടുള്ളതാണ്.
സമീപകാലത്തെ ചില പുരോഹിതരുടെ പ്രസ്താവനകളും നിലപാടുകളും രൂപപ്പെടുന്നതില്‍ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം തിരിച്ചറിയേണ്ടതുണ്ട്. വോട്ടു ബാങ്ക് ഉറപ്പാക്കുന്നതിനായി പാര്‍ട്ടികള്‍ കളിച്ചിരുന്ന ധ്രുവീകരണ രാഷ്ട്രീയത്തിന്റെ കൂടി അനന്തരഫലമാണിത്. വലിയ ദുരന്തത്തെയാണ് കേരളം മുന്നില്‍ കാണുന്നത്. എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടി വരും.
അധികാര വാഴ്ച, നിഷേധാത്മക സാമൂഹിക മാറ്റങ്ങള്‍, നിയമ പരിഷ്‌കരണങ്ങള്‍ തുടങ്ങി പലതിലൂടെയും ഇവിടെ ഫാഷിസം പൂര്‍ണതയിലേക്കെത്തുകയാണ്. എന്തായിരിക്കും ഇന്ത്യയുടെ ഭാവി? മുസ്‌ലിം സമൂഹം എങ്ങനെ ഇതിനെ അതിജീവിക്കും?
സംഘ് പരിവാറിന്റെ സ്വാധീനവും അധികാരവും നീണ്ട പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന ഫലമായി നേടിയെടുത്തിട്ടുള്ളതാണ്. ഇന്ത്യാ വിഭജനം പോലും അതിന്റെ ഫലമാണ്. സ്വാതന്ത്ര്യം നേടി, രാജ്യം വിഭജിക്കപ്പെട്ട വേളയില്‍ തന്നെ സംഘ് പരിവാര്‍ അധികാരം പിടിച്ചെടുക്കേണ്ടതായിരുന്നു. മഹാത്മാ ഗാന്ധിയുടെ വധവും നെഹ്‌റുവിന്റെ വിട്ടുവീഴ്ചയില്ലാത്ത സെക്യുലര്‍ നിലപാടുകളുമാണ് സംഘ് പരിവാറിന്റെ അധികാര വാഴ്ചയെ ഇത്രയും വൈകിച്ചത്. ഈ രണ്ടു കാര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ അത് സംഭവിക്കുമായിരുന്നു. ഇപ്പോള്‍ അധികാരത്തില്‍ അവര്‍ പിടിമുറുക്കിക്കഴിഞ്ഞു.
ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ, തങ്ങള്‍ വ്യാഖ്യാനിക്കുന്ന ആശയങ്ങള്‍ക്കനുസരിച്ച് പൂര്‍ണമായും മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് അവര്‍ തുടരുന്നത്. ഒരു ഘട്ടം വരെ ഇത് മുന്നോട്ടു പോകാനാണ് സാധ്യത. പക്ഷേ, നീണ്ട കാലമൊന്നും അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. കാരണം, സംഘ് പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ കൊണ്ട് മറികടക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലേക്ക് രാജ്യം പോവുകയാണ്. സാമ്പത്തിക തകര്‍ച്ചയാണ് ഒന്നാമത്തേത്. പട്ടിണിയും കടക്കെണിയും പെരുകി രാജ്യ നിവാസികള്‍ പൊറുതിമുട്ടുന്ന നാളുകള്‍ അടുത്താണ്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന്റെ ദുരന്തവും നാം അനുഭവിക്കും. ദേശീയതയെക്കുറിച്ച് വികാരം കൊള്ളുന്നവര്‍, ദേശസാല്‍ക്കരണത്തിന് ഊര്‍ജം പകരുകയാണ് വേണ്ടത്. പക്ഷേ, നെഹ്‌റുവും ഇന്ദിരാഗാന്ധിയും ചെയ്തതിന് വിരുദ്ധമായി, ബി.ജെ.പി പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. സമുദായങ്ങള്‍ക്കിടയില്‍ രൂപപ്പെടാവുന്ന സംഘര്‍ഷങ്ങള്‍ സമാധാനഭംഗം ഉണ്ടാക്കിയാല്‍, രാജ്യത്തിന്റെ വികസനത്തെയും സുസ്ഥിരതയെയും ബാധിക്കും. ശ്രീലങ്ക ഇതിന്റെ നല്ല പാഠമാണ്. വര്‍ഗീയത പറഞ്ഞ് പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ല.
അധികാരം നേടാന്‍ വര്‍ഗീയത ഉപയോഗിച്ചാലും, നിലനിര്‍ത്താന്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നാണ് അവര്‍ കരുതിയിരുന്നത്. പക്ഷേ, അവര്‍ വിചാരിച്ച പോലെയല്ല കാര്യങ്ങള്‍. വര്‍ഗീയത ഉപയോഗിച്ച് നേടിയ അധികാരം സംരക്ഷിച്ച് നിര്‍ത്താനും വര്‍ഗീയതയില്‍ തന്നെയാണ് അവര്‍ ശരണം തേടുന്നത്! അതുകൊണ്ട് ഫാഷിസത്തിന്റെ തകര്‍ച്ച കൂടുതല്‍ വേഗത്തിലാകും.
പതിറ്റാണ്ടുകളുടെ പരിശ്രമഫലമായി ഉണ്ടായ ധ്രുവീകരണത്തെ, ഒരു ഘട്ടം കഴിയുമ്പോള്‍ ഇന്ത്യന്‍ ജനത കുടഞ്ഞെറിയുക തന്നെ ചെയ്യും. കാരണം, സംഘ് പരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കില്‍, ഇന്ത്യയുടെ ബഹുസ്വരതക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ജനത വര്‍ഗീയതയെ തള്ളിക്കളയും. ഇനിയും പിടിമുറുക്കിയേക്കാവുന്ന ഫാഷിസത്തിന്റെ ഇരുണ്ട നാളുകള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ അവസാനിക്കും. ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷാ മൂല്യങ്ങളും പ്രശോഭിച്ചു നില്‍ക്കുന്ന ഒരു പ്രഭാതം ഇന്ത്യയില്‍ പൊട്ടി വിടരുകതന്നെ ചെയ്യും.
Comments