Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

ഡോ. നജാത്തുല്ലാ സിദ്ദീഖി കല്ലുകൊണ്ട് കണ്ണാടി പണിത വലിയ മനുഷ്യന്‍- 2

സയ്യിദ് സആദത്തുല്ലാ ഹുസൈനി

സ്മരണ / 

ഇസ്ലാമിക സാമ്പത്തിക രംഗത്ത് വിലപ്പെട്ട സേവനങ്ങള്‍ നല്‍കിയ ഡോ. നജാത്തുല്ലാ സാഹിബ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രമെന്ന കെട്ടിടത്തിന്റെ അടിത്തറ മുതല്‍ മേല്‍ക്കൂര വരെയുള്ള  നിര്‍മാണത്തില്‍ ആദ്യന്തം സ്തുത്യര്‍ഹമായ പങ്കുവഹിച്ചയാളാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സംഭാവനകളെ ഈ മേഖലയില്‍ മാത്രം പരിമിതപ്പെടുത്തുന്നത് അദ്ദേഹത്തോട് കാണിക്കുന്ന കടുത്ത അനീതിയായിരിക്കും. അദ്ദേഹം ശരിക്കും ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ വൈവിധ്യ പൂര്‍ണവും ബഹുമുഖവുമാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന് ചിന്താപരമായും സ്ട്രാറ്റജിക്കലായും നയനിലപാടുകള്‍ രൂപവത്കരിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളാണ് ആ മഹാ വ്യക്തിത്വത്തെ സവിശേഷമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെപ്പോലുള്ള പുതിയ വിദ്യാര്‍ഥികള്‍ക്ക് സയ്യിദ് മൗദൂദിയുടെ രചനകള്‍ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ചിന്തയെയും ഇസ്ലാമിന്റെ സമഗ്രമായ ആശയത്തെയും മനസ്സിലാക്കുന്നതിനുള്ള ഉറവിടമായി നിലകൊള്ളുന്നുവെങ്കില്‍  ഡോ. സാഹിബിന്റെ കൃതികള്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സവിശേഷമായ മാനസികാവസ്ഥയും അതിന്റെ ദിശയും രീതിശാസ്ത്രവും മനസ്സിലാക്കുന്നതിനുള്ള ഏറ്റവും പ്രസക്തവും തൃപ്തികരവുമായ ഉറവിടമായിരുന്നു എന്ന് പറയാതിരിക്കാനാകില്ല. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും, എഴുതിയതെല്ലാം കണ്‍കുളിര്‍മയേകുന്നതും യുക്തിസഹവും  മനസ്സിനെ തൃപ്തിപ്പെടുത്തുന്നതുമാണ്.
തന്റെ രചനകള്‍ക്കൊപ്പം  ഈ പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ പ്രധാന സംഭാവന സംഘടനയുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന ബോഡികളില്‍ അദ്ദേഹം വഹിച്ച പങ്ക് കൂടിയാണ്. സ്വാതന്ത്ര്യാനന്തരം ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ആദ്യ ഭരണഘടന തയാറാക്കിയ ഭരണഘടനാ നിര്‍മാണ സഭയിലെ അംഗമായിരുന്നു ഡോ. നജാത്തുല്ലാ സിദ്ദീഖി. 1965 മുതല്‍ വിദേശത്തേക്ക് പോകുന്നതു വരെ തുടര്‍ച്ചയായി അദ്ദേഹം ജമാഅത്ത് കേന്ദ്ര മജ്ലിസ് ശൂറായില്‍ അംഗമായിരുന്നു. വിദേശത്തേക്ക് പോയതിന് ശേഷവും പാര്‍ട്ടിയുടെ നയരൂപവത്കരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും കഴിയുന്നത്ര സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കേന്ദ്ര മജ്ലിസ് ശൂറാ യോഗങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം തികഞ്ഞ തയാറെടുപ്പോടെയായിരുന്നു. ശൂറായുടെ കഴിഞ്ഞകാല റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ കുറിപ്പുകളും നിര്‍ദേശങ്ങളും പരിശോധിക്കുമ്പോള്‍, അവയൊന്നും ഒരിക്കലും ഏകപക്ഷീയമോ കേവലം വ്യക്തിപരമായ അവബോധത്തെയും അനുഭവത്തെയും അടിസ്ഥാനമാക്കിയുള്ളവയോ ആയിരുന്നില്ലെന്ന് വ്യക്തമാകും. കാര്യഗൗരവത്തോടെയുള്ള ഗവേഷണങ്ങളുടെയും വിഷയത്തെക്കുറിച്ച ആഴത്തിലുള്ള പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് അവയെന്നും, കൃത്യമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയതിനു ശേഷം മാത്രമാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതെന്നും മനസ്സിലാകും. ശൂറാ യോഗങ്ങളിലും മറ്റു അഭിപ്രായ രൂപവത്കരണ വേദികളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അവതരണങ്ങളും എല്ലായ്പ്പോഴും  ലിഖിത രൂപത്തിലായിരുന്നു. പരിശീലന പരിപാടികളാണെങ്കില്‍ പോലും, തന്റെ പ്രസംഗ ഡ്രാഫ്റ്റുകള്‍ പൂര്‍ണമായി എഴുതിയിട്ടുണ്ടാവും. അത് നന്നായി അവതരിപ്പിക്കാനും  കഠിനാധ്വാനം ചെയ്യും. സാമ്പത്തിക ശാസ്ത്രം അദ്ദേഹത്തിന്റെ അടിസ്ഥാന വിഷയമായിരിക്കെ തന്നെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും  അടിസ്ഥാന തത്ത്വങ്ങള്‍ക്കൊപ്പം സമകാലിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയവയെല്ലാം പ്രസ്ഥാനത്തിന്റെ നയരൂപവത്കരണത്തിനായി അദ്ദേഹം പ്രയോജനപ്പെടുത്തി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മാറിയ സാഹചര്യങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് കാര്യക്ഷമമായ കര്‍മപദ്ധതി ആവിഷ്‌കരിക്കുന്നതില്‍ ഗൗരവപൂര്‍ണമായ ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ദഅ്വത്തെ ദീന്‍ ആണെന്നാണ് ഡോ. സാഹിബ് പറഞ്ഞിരുന്നത്. രാജ്യനിവാസികളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും, ദേശീയ മുന്‍വിധികളില്‍ നിന്ന് ഉയര്‍ന്ന് ജനങ്ങളുടെ മനസ്സും ഹൃദയവികാരങ്ങളും മനസ്സിലാക്കാനുള്ള ഗൗരവമായ ശ്രമങ്ങള്‍ നടത്തുകയും, അവരുടെ ചിന്തകളെ സ്വാധീനിക്കാനുള്ള കഠിന പ്രയത്‌നങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നതിലായിരിക്കണം പ്രസ്ഥാനത്തിന്റെ പ്രധാന ശ്രദ്ധയും ഊര്‍ജവും സമര്‍പ്പിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
മുസ്ലിം ഉമ്മത്തിന്റെ സര്‍വതോമുഖമായ വികസനവും വളര്‍ച്ചയും പുരോഗതിയും, അതിനാവശ്യമായ സൗകര്യങ്ങള്‍ സാമൂഹിക ശക്തികൊണ്ട് സജ്ജീകരിക്കാനുള്ള ശ്രമങ്ങളൂം അഭംഗുരം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. അത് നേടിയെടുക്കണമെങ്കില്‍ രാഷ്ട്രീയ യത്‌നങ്ങള്‍ ആവശ്യമായി വരും. സാമൂഹിക ശക്തിയായി മാറാതെ രാഷ്ട്രീയ അധികാരം കൈവരിക്കാന്‍ കഴിയില്ലെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തവും വളരെ പ്രധാനമാണ്. ഇന്ത്യന്‍ മുസ്ലിംകളുടെ യഥാര്‍ഥ പ്രശ്നം സാമൂഹിക അധികാരത്തിന്റെ അഭാവമാണ്. എന്താണ് സാമൂഹിക ശക്തി, അത് എങ്ങനെ മെച്ചപ്പെടുത്താം- ഇതിനെ സംബന്ധിച്ചെല്ലാം ഡോ. നജാത്തുല്ലാ സാഹിബിന് വളരെ വ്യക്തതയുള്ള  നിരീക്ഷണങ്ങളുണ്ടായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ പ്രസ്ഥാനത്തിന്റെ ഏതൊരു പ്രവര്‍ത്തകന്നും മേല്‍പറഞ്ഞ കാര്യങ്ങളൊന്നും അപരിചിതമായി തോന്നില്ല എന്നത് ശരിയാണ്. എന്നാല്‍, ഡോ. സാഹിബ്  ഇതു സംബന്ധിച്ച തന്റെ നിരീക്ഷണങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുന്ന, ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം അതിന്റെ നയനിലപാടുകളൂം പ്രവര്‍ത്തന വഴികളും രൂപപ്പെടുത്തുന്ന ആദ്യ കാലത്ത് ആ ചിന്തകള്‍ അത്രവേഗം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന സ്ഥിതിയിലായിരുന്നില്ല. എന്നെ സംബന്ധിേച്ചടത്തോളം പ്രസ്ഥാനത്തോട് ബന്ധപ്പെടുന്ന ആദ്യകാലങ്ങളില്‍ എല്ലാ വേദികളിലും ദഅ്വതെ ദീന്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, അതിന്റെ സൈദ്ധാന്തിക അടിത്തറയെക്കുറിച്ച് ആഴത്തില്‍ അവബോധമുണ്ടായതും പ്രസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സ്ട്രാറ്റജികളില്‍ ഇസ്ലാമിക പ്രബോധനം എന്ന ആശയത്തിന് അടിസ്ഥാന പ്രാധാന്യം കൈവന്നതും  ഡോ. സാഹിബിന്റെ രചനകള്‍ വന്നതിനുശേഷം മാത്രമാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും.
ഒരു വലിയ മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം കൂടുതല്‍ കൂടുതല്‍ വലിയ മനുഷ്യരെ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കും എന്നതാണ്. ഡോ. നജാത്തുല്ലാ  സാഹിബ് ഇക്കാര്യത്തിലും  വ്യതിരിക്തനാണെന്ന് പറയാം. അദ്ദേഹത്തിന്റെ ചിന്താധാര പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ സമകാലികരെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. പ്രസ്ഥാനത്തിന് പുറത്തുള്ള വലിയൊരു കൂട്ടം പണ്ഡിതന്മാരും അദ്ദേഹത്തിന്റെ സ്വാധീനവൃത്തത്തില്‍ ഉള്‍പ്പെട്ടു.  അലീഗഢിലെ അദ്ദേഹത്തിന്റെ സമകാലികര്‍, ബൗദ്ധികമായി ഏതെങ്കിലും ചിന്താ ധാരകളുടെ കൂടെ സഞ്ചരിക്കുന്നവരാണെങ്കിലും നജാത്തുല്ലാ സാഹിബിന്റെ വ്യക്തിത്വത്താലും ചിന്തകളാലും ആശയങ്ങളാലും അവര്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ടിരുന്നു എന്നു കാണാം. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലും ഇസ്ലാമിക ചിന്തയിലും ആഗോള തലത്തില്‍ അദ്ദേഹത്തെ പലവിധത്തില്‍  പ്രയോജനപ്പെടുത്തിയ നിരവധി പ്രമുഖരുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളാകട്ടെ, അവര്‍ ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലുമുണ്ട്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലും ഇസ്ലാമിക ചിന്തയിലും അഗാധമായ അറിവും കാഴ്ചപ്പാടുകളുമുള്ള പലരും അക്കൂട്ടത്തിലുണ്ട്.
തര്‍ബിയത്ത്പരമായും വ്യക്തിവികാസവുമായും ബന്ധപ്പെട്ട് എനിക്ക് ലഭിച്ച  നേട്ടങ്ങളുടെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ അറിവിനും അനുഭാവ പൂര്‍ണമായ ഇടപെടലുകള്‍ക്കും കടപ്പെട്ടതാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഔദാര്യവും മഹാമനസ്‌കതയും അനുകമ്പയും സ്നേഹവും അഭിനന്ദന വാക്കുകളുമെല്ലാം വലിയ പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയതു മുതല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന് അസുഖം മൂര്‍ഛിക്കുന്നതുവരെ, മുതിര്‍ന്ന വ്യക്തികളുടെ കൂട്ടത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സമ്പര്‍ക്കമുണ്ടായിരുന്നത് അദ്ദേഹത്തോടായിരുന്നു. അദ്ദേഹത്തിന് ഇമെയില്‍ വഴി രാവിലെ ഒരു സന്ദേശമയച്ചാല്‍ വൈകുന്നേരത്തിനകം അതിന് മറുപടി ലഭിക്കും. ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ ഊഷ്മളതയും സ്നേഹവും കരുണയും എല്ലാം ഉള്‍ച്ചേര്‍ത്തുള്ള മറുപടികള്‍.  അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും വിളിക്കുന്നതില്‍ അദ്ദേഹത്തിനോ നമുക്കോ ഒരു പ്രയാസവും അനുഭവപ്പെടുകയില്ല. വ്യക്തിപരമായി ഞാന്‍ ലേഖനങ്ങളോ പുസ്തകങ്ങളോ എഴുതിയാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി അദ്ദേഹത്തിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഔപചാരികമായ പ്രോത്സാഹന വാക്കുകളും ഭംഗി വാക്കുകളും കൊണ്ട് സുഖിപ്പിക്കാതെ വളരെ കൃത്യതയോടെ തിരുത്തുകളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദേശിക്കും.  ഒപ്പം പ്രോത്സാഹന വാക്കുകളും ഉണ്ടാകും. ലേഖനങ്ങള്‍ ഓരോ വരിയും വാക്കും ഗൗരവപൂര്‍വം അദ്ദേഹം വായിക്കും. ലേഖനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ വേണ്ടി ചിലപ്പോള്‍ അദ്ദേഹം വിളിക്കും. ലേഖനത്തിന്റെ കോപ്പി കൈയില്‍ വെച്ചുകൊണ്ടാണ് സംസാരിക്കുന്നുണ്ടാവുക. പേജ് നമ്പറും വരികളുടെ നമ്പറും പറഞ്ഞ് തന്റെ നിരൂപണങ്ങള്‍ പറയും. പ്രശംസയും അഭിനന്ദനവും തിരുത്തലും ഉപദേശവുമെല്ലാം അതിലുണ്ടാകും. എന്നെ സംബന്ധിച്ചേടത്തോളം വല്ലാതെ അതിശയിപ്പിക്കുന്ന ഇടപെടലുകളാണ് അദ്ദേഹം നടത്താറുണ്ടായിരുന്നത്.
അല്ലാഹുവിലേക്ക് യാത്രയായ ഡോ. നജാത്തുല്ലാ സാഹിബിന്റെ തര്‍ബിയത്തിന്റെയും, അദ്ദേഹം മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്ന പ്രോത്സാഹനങ്ങളുടെയും മറ്റൊരു രീതി കൂടിയുണ്ട്. അദ്ദേഹം തന്റെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് അയച്ചുതരും. വായിച്ചതിന് ശേഷം തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളുമെല്ലാം പ്രതീക്ഷിച്ചാണ് അദ്ദേഹം അത് ഞങ്ങള്‍ക്ക് അയച്ചുതരാറുള്ളത്. അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെക്കാള്‍ എത്രയോ താഴെയുള്ള ഞങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ, സന്തോഷപൂര്‍വം അദ്ദേഹം സ്വീകരിക്കും. അങ്ങനെയുള്ള അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമ. ഒരിക്കല്‍ അദ്ദേഹത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തിനയച്ച ചില കമന്റുകള്‍ ഞാനെപ്പോഴും ഓര്‍ക്കും. അത് അയച്ചതിന് ശേഷം എനിക്ക് വലിയ പ്രയാസവും സങ്കടവുമായി. കാരണം വിമര്‍ശനം അല്‍പ്പം കടുത്തുപോയിരുന്നു. അദ്ദേഹത്തെ പോലുള്ള ഉയര്‍ന്ന വ്യക്തിയുടെ രചനാ രീതിയെ അറിവും വിവേകവും കുറഞ്ഞ ഞാന്‍ ഇത്ര കടുത്ത ഭാഷയില്‍ വിമര്‍ശിക്കരുതായിരുന്നു. എന്നാല്‍, അദ്ദേഹം സന്തോഷത്തോടെയും ഉദാരതയോടെയുമാണ് എന്റെ വാക്കുകളെ സ്വീകരിച്ചത്. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എന്റെ അക്കാദമികവും വൈജ്ഞാനികവുമായ ശ്രമങ്ങള്‍ക്ക് ധൈര്യം പകരുക മാത്രല്ല അദ്ദേഹം ചെയ്തത്, എന്റെ തര്‍ബിയത്തിലും വ്യക്തിത്വ വികാസത്തിലും വലിയ പങ്കുവഹിക്കുക കൂടിയാണ്.
മഹത്വവും ഹൃദയവിശാലതയും നിഷ്പക്ഷതയും വിനയവുമെല്ലാം സന്തുലിതമായി സമ്മേളിച്ച ഈ പണ്ഡിത വ്യക്തിത്വം എല്ലാ രംഗത്തും മനോഹരമായ മാതൃകയാണ് സൃഷ്ടിച്ചത്. താന്‍ പ്രകടിപ്പിക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും തുറന്ന മനസ്സോടെയാണ് അദ്ദേഹം പൊതുസമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചത്. അപാരമായ ഈ കഴിവും പ്രാപ്തിയും ഡോ. നജാത്തുല്ലാ സിദ്ദീഖി സാഹിബിലുള്ളതു പോലെ ഞാന്‍ മറ്റെവിടെയും കണ്ടിട്ടില്ല. അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്നത് ധൈര്യപൂര്‍വം തുറന്നുപറയാന്‍ അദ്ദേഹം ഒരിക്കലും മടിക്കാറുണ്ടായിരുന്നില്ല. 'ദൈവഭയമാണ് ജ്ഞാനത്തിന്റെ തുടക്കമെന്നും യഥാര്‍ഥ ദൈവഭയം എല്ലാ വിമര്‍ശകരുടെയും എതിരാളികളുടെയും ഭയത്തില്‍നിന്ന് മോചനം നല്‍കുന്നുടവെന്നുമുള്ള ഒരു സൂഫിയുടെ വാക്കുകള്‍ ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അതിനാല്‍, മറ്റുള്ളവരുടെ വിമര്‍ശനങ്ങളില്‍നിന്നും എതിര്‍പ്പുകളില്‍ നിന്നും നിര്‍ഭയത്വമുണ്ടാവുക എന്നത് കൂടിയാണ് ജ്ഞാനത്തിന്റെ ഉള്ളടക്കം. സമാദരണീയനായ ഡോ. നജാത്തുല്ലാ സാഹിബിന്റെ ആത്മധൈര്യം തുളുമ്പുന്ന നിലപാട് അതിന്റെ പൂര്‍ണമായ പ്രതിഫലനമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും തികഞ്ഞ വൈജ്ഞാനിക മികവോടെയും തെളിവുകളുടെ അകമ്പടിയോടെയും സമഗ്രമായി അദ്ദേഹം അവതരിപ്പിക്കുകയാണ് ചെയ്തത്.
സമീപകാലത്ത് ജീവിതകാലം മുഴുവന്‍ പഠിക്കേണ്ടതിന്റെ (Life Long Learning) പ്രാധാന്യവും ആവശ്യകതയും ചില പ്രഭാഷണങ്ങളിലൂടെയും മറ്റും നാം കേള്‍ക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും എന്റെ മനസ്സില്‍ ഡോ. നജാത്തുല്ലാ സാഹിബിന്റെ തിളങ്ങുന്ന മുഖമാണ്  കടന്നുവരിക. തന്റെ അവസാന നാളുകള്‍ വരെയും പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള അടങ്ങാത്ത ആഗ്രഹവും ശ്രമങ്ങളും ഡോ. നജാത്തുല്ലാ സാഹിബിലുള്ളതു പോലെ മറ്റെവിടെയും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇമെയിലിന്റെയും മറ്റു ആശയവിനിമയ സാങ്കേതിക വിദ്യകളുടെയും ഉപയോഗം യുവാക്കള്‍ക്കിടയില്‍ പോലും സുലഭമല്ലാത്ത കാലത്ത് നജാത്തുല്ലാ സിദ്ദീഖി സാഹിബ് നിരന്തരമായി അവയെല്ലാം ഉപയോഗിക്കാറുണ്ടായിരുന്നു.
ഈ കാലയളവില്‍ ഞങ്ങള്‍ ഉര്‍ദു കമ്പ്യൂട്ടിംഗിലും യൂനികോഡിലെ ഉര്‍ദു ഉപയോഗത്തിലും ചില വര്‍ക്കുകള്‍ ചെയ്യാറുണ്ടായിരുന്നു. അക്കാലത്ത് ഡോ. നജാത്തുല്ലാ സിദ്ദീഖി സാഹിബ് ഫോണിലൂടെയും ഇമെയില്‍ വഴിയും യൂനികോഡിന്റെ ഫലപ്രദമായ ഉപയോഗത്തെ സംബന്ധിച്ച് ധാരാളം നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്  ഞാന്‍  ഓര്‍ക്കുകയാണ്.
എന്റെ വിവാഹത്തിന് ഇമെയില്‍ വഴി സന്ദേശമറിയിച്ചതും ആശംസകള്‍ അര്‍പ്പിച്ചതും എന്റെ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കള്‍ക്ക് പുറമെ ഡോ. നജാത്തുല്ലാ സാഹിബ് മാത്രമാണെന്ന് എന്നോടൊപ്പം എന്റെ പ്രിയതമയും ഓര്‍മിക്കാറുണ്ട്. വിവാഹത്തിന് ശേഷം പിന്നീട് അദ്ദേഹം അയക്കുന്ന എല്ലാ ഇമെയില്‍ സന്ദേശങ്ങളിലും എന്റെ ഭാര്യയുടെ പേര് പ്രത്യേകം പരാമര്‍ശിച്ച് അവള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഇന്ത്യയില്‍ അദ്ദേഹം താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരങ്ങളുണ്ടായിട്ടുണ്ട്. അലീഗഢ്, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഗൊരഖ്പൂര്‍ (മുംബൈ), ഒടുവില്‍ അദ്ദേഹം സ്ഥിരതാമസമാക്കിയ ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചെല്ലാം അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. അഭിവന്ദ്യ ഗുരുവും മാര്‍ഗദര്‍ശിയുമായ ഡോ. നജാത്തുല്ലാ സാഹിബിന്റെയും പ്രിയതമയുടെയും ഊഷ്മളമായ ആതിഥ്യമര്യാദയും സ്നേഹ പരിചരണങ്ങളും എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. പ്രത്യക്ഷത്തില്‍ കൊച്ചുകൊച്ചു കാര്യങ്ങളാണ് ഇതെല്ലാമെങ്കിലും എന്റെ തര്‍ബിയത്തിലും വ്യക്തിത്വ വികാസത്തിലും ലഭ്യമായ വിജയങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ കൊച്ചുകൊച്ചു ഇടപെടലുകള്‍ പോലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.
നമ്മില്‍ നിന്നു വിടപറഞ്ഞുപോയ ആ മഹാ വ്യക്തിത്വത്തിന് അല്ലാഹു അവന്റെ കാരുണ്യത്തില്‍ ഇടം നല്‍കുകയും അദ്ദേഹത്തിന്റെ മികവുറ്റ സേവനങ്ങള്‍ സ്വീകരിക്കുകയും,  അദ്ദേഹത്തിന്റെ നന്മകള്‍ പിന്തുടരാന്‍ ഉതവി നല്‍കി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ, ആമീന്‍.  

(അവസാനിച്ചു)

വിവ: അബ്ദുല്‍ ഹകീം നദ്‌വി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി