Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

ആധുനിക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലെ വിശകലനാത്മക വിവരണങ്ങള്‍

നിയാസ് മൂന്നിയൂര്‍ [email protected]

ദൈവിക മതം എന്ന നിലയില്‍ ഇസ്‌ലാം മുസ്‌ലിം സമൂഹത്തിന് സംസ്‌കാരം, ജ്ഞാനം, വ്യക്തിത്വം, ദൈവപ്രീതി, സാമൂഹിക മൂല്യങ്ങള്‍, സാമ്പത്തിക നീതി, വികസനം, നാഗരികത തുടങ്ങി ഒരു വ്യക്തിയുടെ/ സമൂഹത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും ആവശ്യമായ നിര്‍ദേശങ്ങള്‍, സൂചനകള്‍, ജീവിത രീതികള്‍ എല്ലാം രണ്ട് ഉറവിടങ്ങളിലൂടെയാണ് നല്‍കിയിട്ടുള്ളത്. അതിലൊന്നാമത്തേത് പരിശുദ്ധ ഖുര്‍ആനും രണ്ടാമത്തേത് ഖുര്‍ആനിക മൂല്യങ്ങളുടെ വിശദീകരണമായ സുന്നത്തുമാണ്. ഖുര്‍ആന്‍ സര്‍വകാലത്തേക്കും അനുഗുണമായ ദൈവിക ഗ്രന്ഥം/ ദൈവിക വചനങ്ങള്‍ (കലാമുല്ലാഹ്) ആണെന്നും അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ടെന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് (അല്‍ഹിജ്ര്‍ 09). അതിനാല്‍ തന്നെ, കാലാനുസൃതമായി ഖുര്‍ആനിനെ സമീപിക്കേണ്ടതും, ഖുര്‍ആനിക വീക്ഷണത്തിലൂടെ മുസ്‌ലിം സമൂഹത്തെ ബോധവല്‍ക്കരിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതും ഖുര്‍ആനിക പണ്ഡിതരുടെ ദൗത്യമാണ്.
ഖുര്‍ആന്‍ അവതരിച്ചതു മുതല്‍ തന്നെ ഖുര്‍ആനിക സൂക്തങ്ങള്‍ വിശദീകരിച്ച് സമൂഹത്തെ മൂല്യബോധമുള്ള സംഘമാക്കാനുള്ള പ്രക്രിയകള്‍ നടന്നുവരുന്നുണ്ട്.  ഓരോ കാലഘട്ടത്തിലും പണ്ഡിതന്മാര്‍ ഖുര്‍ആനിനെ സമീപിച്ചത് വൈവിധ്യമാര്‍ന്ന രീതിശാസ്ത്രങ്ങളിലൂടെയാണ്. മുഹമ്മദ് നബി (സ) ഖുര്‍ആനും തന്റെ ചര്യയുമാണ് ശേഷം വരുന്നവര്‍ക്കായി നീതിബോധത്തോടെ, മൂല്യബോധത്തോടെ, സവിശേഷമായ സാമൂഹിക കാഴ്ചപ്പാടുകളില്‍ ഊന്നി ജീവിതം കെട്ടിപ്പടുക്കാനായി സമ്മാനിച്ചത്. 'അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക, ഭിന്നിച്ചു പോകരുത്; അപ്പോള്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിച്ചുപോവുകയും ചെയ്യും. ക്ഷമ കൈക്കൊള്ളുക. നിശ്ചയം, ക്ഷമാശീലരോടൊപ്പമാണ് അല്ലാഹു' (അല്‍അന്‍ഫാല്‍ 46) എന്ന സൂക്തം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക്  പ്രവാചകന്റെയും സ്വഹാബികളുടെയും കാലത്ത് തന്നെ വിശദീകരണങ്ങള്‍ നല്‍കാറുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചു. ഖുര്‍ആനിന്റെ അവതരണത്തിന് സാക്ഷികളായ/ അതിന്റെ സന്ദര്‍ഭ-സാഹചര്യങ്ങള്‍ അറിവുള്ള സ്വഹാബികള്‍ തന്നെയും സൂക്തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്ന പ്രമുഖ സ്വഹാബി ഇബ്‌നു അബ്ബാസ്(റ) ഖുര്‍ആന്‍ വ്യാഖ്യാനം നാല് തരത്തില്‍ ഉണ്ടെന്ന് അഭിപ്രായപ്പെടുന്നു: 1. ഭാഷാപരമായ ജ്ഞാനം കൊണ്ട് അറബികള്‍ക്ക് വളരെ എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന സൂക്തങ്ങള്‍. 2. പൊതു സമൂഹത്തിന് തന്നെ വലിയ ജ്ഞാനമോ/ കഴിവോ ഇല്ലാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്ന സൂക്തങ്ങള്‍. 3. ഖുര്‍ആനിന്റെ ചരിത്രം, ശാസ്ത്രം, സന്ദര്‍ഭങ്ങള്‍, പ്രവാചക ജീവിതം- ഇതൊക്കെ മുമ്പില്‍ വെച്ച്, ഖുര്‍ആനിനെ ആഴത്തിലറിഞ്ഞ പണ്ഡിതര്‍ക്ക് വിശദീകരിക്കാവുന്ന സൂക്തങ്ങള്‍. 4. അല്ലാഹുവിന് മാത്രം അറിയുന്ന ആശയങ്ങള്‍ ഉള്ള സൂക്തങ്ങള്‍.
ഖുര്‍ആനിക പഠനങ്ങളില്‍/ വ്യാഖ്യാനങ്ങളില്‍ ഓരോ കാലത്തെയും പണ്ഡിതന്മാര്‍ വിവിധ തരം രീതീശാസ്ത്രങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സമകാലികമായി ഏറെ പ്രചാരത്തിലുള്ളതും പഠന-ഗവേഷണങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്നതുമായ നാല് വ്യാഖ്യാന രീതികളാണുള്ളതെന്ന് അബ്ദുല്‍ ഹയ്യ് അല്‍ഫര്‍മാവി നിരീക്ഷിക്കുന്നു: 1. സാര്‍വലൗകിക വ്യാഖ്യാന രീതി (Global/ Ijmali Method). 2. വിശകലനപരമായ വ്യാഖ്യാന/പഠന രീതി (Analytical/ Tahliliy Method) 3. വിഷയ കേന്ദ്രീകൃത വ്യാഖ്യാന രീതി (Thematic/ Maudhu’iy  Method) 4. താരതമ്യ പഠനരീതി (Comparative/ Muqarin Method).

സാര്‍വലൗകിക വ്യാഖ്യാന രീതി

അല്‍ ബിദായ ഫിത്തഫ്‌സീരില്‍ മൗദൂഇയുടെ കര്‍ത്താവായ ഫര്‍മാവിയുടെ വീക്ഷണത്തില്‍ സാര്‍വലൗകിക (ഇജ്മാലി/ ഗ്ലോബല്‍) വ്യാഖ്യാന രീതി എന്നത് പൊതുസമൂഹത്തിനും അക്കാദമിക സമൂഹത്തിനും ഒരുപോലെ ഗ്രാഹ്യമായ രൂപത്തിലും ഭാഷയിലും ശൈലിയിലുമുള്ള ഖുര്‍ആന്‍ വ്യാഖ്യാനരീതിയാണ്. ഖുര്‍ആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം പരിഗണിച്ചുകൊണ്ട് ഓരോ ആയത്തുകള്‍ക്കും കൃത്യവും സരളവുമായ വ്യാഖ്യാനമെഴുതുന്നതാണ് ഈ രീതി. കൂടാതെ, ആയത്തുകള്‍/ സൂറത്തുകള്‍ ഇറങ്ങാനുണ്ടായ ചരിത്ര പശ്ചാത്തലം, അനുബന്ധ ഹദീസുകള്‍ എന്നിവയും ഈ രീതിയിലുള്ള വ്യാഖ്യാനങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.
ജലാലുദ്ദീന്‍ മഹല്ലി, ജലാലുദ്ദീന്‍ സുയൂത്വി എന്നിവര്‍ എഴുതിയ തഫ്‌സീറുല്‍ ജലാലൈന്‍, മുഹമ്മദ് ഫരീദ് വജ്ദിയുടെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ കരീം, ബുഹൂസുല്‍ ഇസ്‌ലാമിയാത്ത് പ്രസിദ്ധീകരിച്ച അത്തഫ്‌സീറുല്‍ വാസിത്വ്, മുഹമ്മദ് ഉസ്മാന്‍ അല്‍ മീര്‍ഗനിയുടെ താജു തഫ്‌സീര്‍ എന്നിവ ഈ രീതിശാസ്ത്രമുപയോഗിച്ച് രചിക്കപ്പെട്ട വ്യാഖ്യാന ഗ്രന്ഥങ്ങളാണ്. ഗഹനമായ വിശദീകരണങ്ങളോ താരതമ്യങ്ങളോ വിഷയ കേന്ദ്രീകൃത വ്യാഖ്യാനങ്ങളോ ഒന്നുമില്ലാതെ ലളിതമായ രീതിയില്‍ ഖുര്‍ആനിനെ വിശദീകരിക്കുന്നവയാണ് ഈ  ഖുര്‍ആന്‍ വ്യാഖ്യാന കൃതികള്‍.

വിശകലനാത്മക വ്യാഖ്യാന രീതി

പരിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍/ അധ്യായങ്ങള്‍ വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും വ്യാഖ്യാനിക്കുന്ന രീതിയാണിത്. ഓരോ സൂക്തത്തിന്റെയും ആശയം, അതിലെ പദങ്ങളുടെ ഭാഷാര്‍ഥങ്ങള്‍, നിര്‍വചനങ്ങള്‍, ചരിത്ര പശ്ചാത്തലം, മറ്റു സൂക്തങ്ങളുമായുള്ള ബന്ധം, അനുബന്ധ ഹദീസുകള്‍, സ്വഹാബികളുടെ/ പണ്ഡിതരുടെ വീക്ഷണങ്ങള്‍, മുന്‍കാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നിലപാടുകള്‍ എല്ലാം ചേര്‍ത്തുവെച്ച് വിശകലനം ചെയ്യുകയാണ് ഈ രീതിയില്‍ വ്യാഖ്യാനം തയാറാക്കുന്ന മുഫസ്സിറുകള്‍ ചെയ്യുന്നത്. കൂടാതെ, വിശകലനങ്ങളുടെ അവസാനം വ്യാഖ്യാതാവ് ഗ്രഹിച്ചെടുത്തതിന്റെ സംക്ഷിപ്തവും ഉള്‍ക്കൊള്ളിച്ചിരിക്കും.
പാരമ്പര്യ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ സ്വീകരിച്ചിരുന്ന ബില്‍-മന്‍ഖൂല്‍, ബില്‍-മഅ്ഖൂല്‍ രീതികളുടെ അവതരണ ശൈലി വിശകലനാത്മക വ്യാഖ്യാന ശാസ്ത്രത്തിന്റെതായിരുന്നു. തഫ്‌സീര്‍ ബില്‍ മന്‍ഖൂലുകളില്‍ ഒരു സൂക്തത്തിന് വ്യാഖ്യാനം നല്‍കുമ്പോള്‍, ഖുര്‍ആനില്‍ തന്നെ ആ സൂക്തത്തെ വിശദീകരിക്കുന്ന മറ്റു സൂക്തങ്ങള്‍ കൊണ്ടുവരികയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഹദീസുകളില്‍, സ്വഹാബികളുടെ വചനങ്ങളില്‍ സൂക്തവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ ഉണ്ടെങ്കില്‍ അവയും രേഖപ്പെടുത്തുന്നു. അവ വിശകലനം ചെയ്തുകൊണ്ടുള്ള വ്യാഖ്യാനമാണ് മുഫസ്സിറുകള്‍ നല്‍കുക. ഖുര്‍ആനില്‍ ആ സൂക്തത്തിന് വിശദീകരണമാകുന്ന മറ്റു സൂക്തങ്ങള്‍ ഇല്ലെങ്കില്‍ നേരെ പ്രവാചക വചനങ്ങളിലൂടെ വിശദീകരണം നല്‍കുന്നു. തഫ്‌സീര്‍ ബില്‍-മഅ്ഖൂല്‍ ഇജ്തിഹാദുമായും ഖിയാസുമായും ബന്ധിക്കപ്പെട്ടതായതിനാല്‍  അവ  രേഖപ്പെടുത്തുന്നതിന് വിശകലനാത്മക രീതി അനിവാര്യമായി വരും.

വിഷയ കേന്ദ്രീകൃത വ്യാഖ്യാന രീതി

വിഷയ കേന്ദ്രീകൃത വ്യാഖ്യാന രീതി പുതിയ കാലത്ത് ഏറെ പ്രചാരത്തിലുള്ള ഖുര്‍ആന്‍ വ്യാഖ്യാന-ഗവേഷണ രീതികളില്‍ ഒന്നാണ്. പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍ ക്രോഡീകരിക്കുന്നതാണ് ആദ്യപടി. തുടര്‍ന്ന്, അവയെ കാലഗണനയനുസരിച്ച് ക്രമപ്പെടുത്തും, ഓരോ സൂക്തവുമായും ബന്ധപ്പെട്ട ചരിത്ര പശ്ചാത്തലം രേഖപ്പെടുത്തും. ആ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന വിശദീകരണമാണ് പിന്നെ എഴുതിച്ചേര്‍ക്കുക.
അല്‍ ബിദായ ഫിത്തഫ്‌സീരില്‍ മൗദൂഇയില്‍ ഫര്‍മാവി വിഷയ കേന്ദ്രീകൃത വ്യാഖ്യാന രീതിയുടെ ഓരോ ഘട്ടവും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്: 1. വിഷയം തെരഞ്ഞെടുക്കുക. 2. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ക്രോഡീകരിക്കുക. 3. മക്കിയായ സൂക്തങ്ങളും മദനിയായ സൂക്തങ്ങളും വേര്‍തിരിക്കുക. 4. കാലഗണനക്കനുസൃതമായി സൂക്തങ്ങള്‍ ക്രമപ്പെടുത്തുക. 5. സൂക്തങ്ങളുടെ ചരിത്ര പശ്ചാത്തലം, ഇറങ്ങാനുണ്ടായ സാഹചര്യം രേഖപ്പെടുത്തുക. 6. ശേഖരിക്കപ്പെട്ട ഓരോ സൂക്തത്തിനും മറ്റു സൂക്തങ്ങളുമായുള്ള ബന്ധം മനസ്സിലാക്കുക. 7. അനുബന്ധ ഹദീസുകള്‍ കണ്ടെത്തുക. 8. മുന്‍കാല മുഫസ്സിറുകളുടെ നിലപാട് ശേഖരിക്കുക. 9. നാസിഖ്, മന്‍സൂഖ്, മുത്വ്‌ലഖ്, മുഖയ്യദ്, ആം, ഖാസ്സ്വ് എന്നിവയൊക്കെ വേര്‍തിരിച്ച് മനസ്സിലാക്കി കൃത്യമായ വിശദീകരണവും വ്യാഖ്യാനവും ചേര്‍ക്കുക. 10. സരളമായ സംക്ഷിപ്തം തയ്യാറാക്കുക. തെരഞ്ഞെടുത്ത വിഷയങ്ങളില്‍/ സാമൂഹിക പ്രധാന വിഷയങ്ങളില്‍/ സമകാലിക വിഷയങ്ങളില്‍ ഖുര്‍ആനിക വീക്ഷണങ്ങള്‍, നിലപാടുകള്‍ മനസ്സിലാക്കാന്‍ ഏറെ സഹായകമാകുന്ന വ്യാഖ്യാന രീതി കൂടിയാണിത്.

താരതമ്യ വ്യാഖ്യാന രീതി

താരതമ്യ വ്യാഖ്യാനങ്ങളില്‍/ ഗവേഷണങ്ങളില്‍ ഏറെയും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രത്യേക സൂക്തങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങള്‍/ വിശദീകരണങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ്. ഖുര്‍ആനിക സൂക്തങ്ങളുടെ താരതമ്യ പഠനങ്ങളും ഹദീസുകളുമായി ബന്ധിപ്പിച്ചുള്ള താരതമ്യ ഗവേഷണങ്ങളും ഉണ്ട്. താരതമ്യ വ്യാഖ്യാന രീതിയില്‍ രചനകള്‍ നിര്‍വഹിച്ച പണ്ഡിതര്‍ തങ്ങളുടെ ശ്രദ്ധയൂന്നുന്ന വിജ്ഞാനശാഖകളും പ്രത്യേക സംജ്ഞകളുമാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇമാം സര്‍കശി അറബി ഗ്രാമറുമായി ബന്ധപ്പെട്ടാണ് താരതമ്യ വ്യാഖ്യാനം നടത്തിയത്.  അബ്ദുല്‍ ഖഹാര്‍ അല്‍ ജുര്‍ജാനി (ഇഅ്ജാസുല്‍ ഖുര്‍ആന്‍), അബൂ ഉബൈദ മഹ്മര്‍ ഇബ്‌നുല്‍ മുസ്തന്ന (അല്‍ മജാസ്) എന്നിവര്‍ കാവ്യമീമാംസ/ അലങ്കാര ശാസ്ത്രത്തിലാണ് ഈ രീതി ഉപയോഗിച്ചിട്ടുള്ളത്.
ഖുര്‍ആന്‍ വ്യാഖ്യാനത്തെ  വിവരണാത്മക രീതി (Descriptive Method), താരതമ്യ രീതി (Comparative Method) എന്നിങ്ങനെ പൊതുവെ രണ്ടായി തരംതിരിച്ചതായി കാണാം. വിശദീകരണത്തിന്റെ പരിധിയെ നിരീക്ഷിക്കുമ്പോള്‍ അവയെ ആഗോള രീതി (Global Method), വിശദമായ രീതി (Detailed Method) എന്നിവയിലേക്കും വാക്യങ്ങളുടെ ലക്ഷ്യത്തെയും ക്രമത്തെയും അടിസ്ഥാനമാക്കുമ്പോള്‍, അവയെ വിശകലന രീതിയിലേക്കും (Analytical Method) തീമാറ്റിക് രീതിയിലേക്കും (Thematic Method) തരം തിരിച്ചിട്ടുണ്ട്. ഖുര്‍ആനിക വ്യാഖ്യാനത്തിലെ മേല്‍ പറഞ്ഞ എല്ലാ രീതികളും രണ്ട് കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
ക്ലാസിക്കല്‍ കാലഘട്ടം, ആധുനിക കാലഘട്ടം എന്നിവയാണവ. 
8589869174
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി