വിഴിഞ്ഞം മുഖ്യപ്രശ്‌നം അവഗണിക്കപ്പെടരുത്
ഉമ്മന്‍ ചാണ്ടിയുടെ യു.ഡി.എഫ് സര്‍ക്കാര്‍, നരേന്ദ്രമോദിയുടെ ഉറ്റ സുഹൃത്തും ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ ഒന്നാം നിരക്കാരനുമായ അദാനിക്ക് കരാര്‍ നല്‍കിയ വിഴിഞ്ഞം തുറമുഖ പദ്ധതി, പിണറായി വിജയന്റെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ നടപ്പാക്കിക്കൊണ്ടിരിക്കെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളുമായ ലത്തീന്‍ കത്തോലിക്കര്‍ ആരംഭിച്ച വിരുദ്ധ സമരമാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സജീവമായ ഇഷ്യു. പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിന് പുറമെ മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥ തന്നെ തകര്‍ക്കുമെന്നും അവര്‍ നിരാലംബരും തൊഴില്‍ രഹിതരുമായിത്തീരുമെന്നുമാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ കത്തോലിക്കാ സഭയുടെ പിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പലവട്ടം സമരസമിതിയുമായി നടത്തിയ ചര്‍ച്ചകള്‍ വിഫലമാവുകയും സമരക്കാര്‍ പൂര്‍വാധികം വീര്യത്തോടെ തുറമുഖ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാമടങ്ങുന്ന സമരക്കാര്‍ സഭാപിതാക്കളുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച സാഹചര്യം വരെ ഉണ്ടായി. കര്‍ക്കശമായി സമരത്തെ നേരിടാനുറച്ച പിണറായിയുടെ പോലീസ് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണവും ചേരിതിരിവും കലാപവും ലഹളയുമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ചുമത്തിയിരിക്കുന്ന ചാര്‍ജ്. കണ്ടാലറിയാവുന്ന ആയിരത്തോളം പേരിലും സമാനമായ കേസുകളുണ്ട്. ഒരു കാരണവശാലും തുറമുഖ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന് സമരസമിതി ശഠിച്ചപ്പോള്‍ സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും അനുവദിക്കാന്‍ തയാറായ സര്‍ക്കാര്‍ 250 കോടി രൂപ ഇതിനകം ചെലവഴിച്ചിരിക്കെ സംസ്ഥാനത്തിന്റെ വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന ഉറച്ച നിലപാടിലാണ്. കേന്ദ്രസര്‍ക്കാറും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഇടതുപക്ഷ സംസ്ഥാന സര്‍ക്കാറിനോട് പൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. അദാനിയുടെ ആവശ്യപ്രകാരം കേന്ദ്രസേനയെ വിന്യസിച്ചാല്‍ അതിനെയും പിന്താങ്ങുമെന്ന നിലപാടെടുത്തു സി.പി.എം. സമരക്കാര്‍ക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ക്കുന്നതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു. 'ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുന്നു' എന്നതാണല്ലോ മാര്‍ക്‌സിസത്തിന്റെ മൗലിക നിലപാട്. ഇതെഴുതുമ്പോള്‍, പദ്ധതി നിര്‍ത്തിവെച്ച് തങ്ങളുടെ പ്രതിനിധി കൂടി ഉള്‍ക്കൊള്ളുന്ന വിദഗ്ധ സമിതി പഠനം നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും താല്‍ക്കാലികമായി സമരം ഒത്തുതീര്‍ത്തിരിക്കുന്നു. പോലീസ് കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പും സമവായ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നില്ല. കലാപകലുഷമായ അന്തരീക്ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. പക്ഷേ, അടിസ്ഥാന പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരാനാണ് എല്ലാ സാധ്യതയും. ഏറെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട വല്ലാര്‍പാടം പദ്ധതി തന്നെ കനത്ത നഷ്ടത്തില്‍ ഇഴഞ്ഞുനീങ്ങവെ കൂടുതല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും മത്സ്യത്തൊഴിലാളികളുടെ അതിജീവനപ്രശ്‌നങ്ങളും സൃഷ്ടിച്ചുകൊണ്ട് അദാനിക്ക് മാത്രം ഗുണകരമായ വിഴിഞ്ഞം പദ്ധതി എന്ത് വിലകൊടുത്തും നടപ്പാക്കണമെന്ന പിടിവാശി, തൊഴിലാളിവര്‍ഗ താല്‍പര്യങ്ങളുടെ പേരില്‍ ആണയിടുന്ന ഇടതുസര്‍ക്കാറിന് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. നേരത്തെ സി.പി.എം തന്നെ നഖശിഖാന്തം എതിര്‍ത്ത പദ്ധതിയാണിതെന്നു കൂടി ഓര്‍ക്കണം.
സമരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ തന്നെ ലത്തീന്‍ കത്തോലിക്കാ സമുദായം ജീവല്‍ പ്രശ്‌നമായി കൊണ്ടുനടക്കുമ്പോള്‍ നേരിടാന്‍ പ്രയാസപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിക്കുന്ന തന്ത്രമാണ് തീവ്രവാദികളുടെ നുഴഞ്ഞു കയറ്റാരോപണം. തുടക്കത്തില്‍ സി.പി.എം നേതൃത്വം തന്നെ നിരാകരിച്ചിരുന്നതാണ് സമരക്കാരുടെ തീവ്രവാദി ബന്ധം. കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പദ്ധതിക്കെതിരെ തദ്ദേശവാസികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്ത്‌നില്‍പ് സമരത്തില്‍ തീവ്രവാദിബന്ധം ആരോപിച്ചിരുന്ന പാര്‍ട്ടി വിഴിഞ്ഞം സമരത്തില്‍ അതില്ലെന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോള്‍ പക്ഷേ, വിഴിഞ്ഞം സമരത്തില്‍ തീവ്രവാദി നുഴഞ്ഞുകയറ്റം മാത്രമല്ല വിദേശ സഹായം വരെ ഉത്തരവാദപ്പെട്ടവര്‍ അകക്കണ്ണില്‍ കണ്ടെത്തുന്നു. നിരോധിത പി.എഫ്.ഐയുടെ നുഴഞ്ഞുകയറ്റം വരെ സംശയിക്കുന്നവരുണ്ട്. പക്ഷേ, അത്തരമൊരു ബന്ധവും സമരത്തിനില്ലെന്നാണ് രഹസ്യാന്വേഷണ പോലീസിന്റെ റിപ്പോര്‍ട്ട്. അതിനിടയിലാണ് സമരക്കാര്‍ രാജ്യദ്രോഹികളാണെന്ന മന്ത്രി അബ്ദുര്‍റഹ്മാന്റെ ആരോപണം. രോഷാകുലനായ സമരനേതാവ് ഫാദര്‍ തിയോഡോഷ്യസ് മന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കവെ അബ്ദുര്‍റഹ്മാനെന്ന പേരില്‍ തന്നെ തീവ്രവാദ വേര് കണ്ടെത്തിയതോടെ രംഗം വഷളായി. ഒരു സമുദായത്തെ ഒന്നടങ്കം അവമതിക്കുന്ന ഈ പരാമര്‍ശത്തിന്റെ പേരിലുയര്‍ന്ന കടുത്ത പ്രതിഷേധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഫാദര്‍ തിയോഡോഷ്യസ് ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്തുവെങ്കിലും മാപ്പ് തനിക്ക് സ്വീകാര്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു മന്ത്രി. തികഞ്ഞ വര്‍ഗീയതയും മുന്‍വിധിയും തുളുമ്പുന്ന പാതിരിയുടെ വാക്കുകള്‍ പ്രബുദ്ധ കേരളത്തില്‍ സാമുദായിക വൈരം എത്രത്തോളം അഗാധമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയായി എണ്ണണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എം സ്വീകരിച്ച ക്രൈസ്തവ പ്രീണന നയവും പുരോഹിത ബാന്ധവവും വോട്ടുകളുടെയും സീറ്റുകളുടെയും എണ്ണം കൂടുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിരിക്കാം. പക്ഷേ, സംസ്ഥാനത്തിന്റെ അഭിമാനാര്‍ഹമായ സാമുദായിക സൗഹൃദത്തിന് അതേല്‍പിച്ച ഗുരുതരമായ ആഘാതം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. രണ്ട് പ്രബല മതന്യൂനപക്ഷ സമുദായങ്ങളുടെയും പരസ്പര ബന്ധങ്ങള്‍ സാമാന്യം ആരോഗ്യകരമായ അവസ്ഥയില്‍ തുടരവെ, പാലാ ബിഷപ്പിന്റെ കുപ്രസിദ്ധമായ 'നാര്‍ക്കോട്ടിക് ലൗ ജിഹാദ്' പരാമര്‍ശവും, മെത്രാനെ വെള്ളപൂശിക്കൊണ്ട് സി.പി.എം നേതാവ് (ഇപ്പോള്‍ സഹകരണ മന്ത്രി) വാസവന്റെ പ്രസ്താവനയും, കത്തോലിക്കന്‍ പത്രമായ ദീപിക നിരന്തരം പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ ലേഖനങ്ങളുമെല്ലാം മതമൈത്രിക്ക് സാരമായ പരിക്കേല്‍പിക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. ഇത് തുടരാനനുവദിച്ചുകൂടെന്നും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുപോവണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ചില മനുഷ്യ സ്‌നേഹികള്‍ ഇടക്കാലത്ത് ആരംഭിച്ച സൗഹൃദ പുനഃസ്ഥാപന സംരംഭം മുസ്‌ലിം പണ്ഡിതന്മാരുടെയും ക്രൈസ്തവ സഭാ നേതാക്കളുടെയും സഹകരണത്തോടെ ശുഭപ്രതീക്ഷക്ക് വകനല്‍കുന്ന വിധം പുരോഗമിച്ചുവരികയായിരുന്നു. വിശിഷ്യാ, ലത്തീന്‍ കത്തോലിക്കാ സഭയുടെ മുന്‍ ബിഷപ്പ് സൂസൈപാക്യം, ഫാദര്‍ തേലക്കോട് പോലുള്ള സുമനസ്സുകളുടെ ആശീര്‍വാദവും ആ ശ്രമങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഇടക്കാലത്ത് സ്തംഭിച്ചുപോയ മുസ്‌ലിം സൗഹൃദവേദിയുടെ ശില്‍പികളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. സാമൂഹിക മാധ്യമരംഗത്തെ അതിപ്രസരം ഈ ക്രിയാത്മക ദൗത്യത്തെ തടസ്സപ്പെടുത്തരുതെന്ന നിര്‍ബന്ധം അവര്‍ക്കുണ്ടായിരുന്നതിനാലാണ് പബ്ലിസിറ്റി ഒട്ടും നല്‍കാതിരിക്കാനുള്ള സൂക്ഷ്മത അവര്‍ കാണിച്ചത്. എന്തും എങ്ങനെയും രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കുന്ന ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഫാദര്‍ തിയോഡോഷ്യസിന്റെ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചിരിക്കെ അതില്‍ കടിച്ചുതൂങ്ങാതെ വിഴിഞ്ഞം പ്രശ്‌നത്തെ അതിന്റെ യഥാര്‍ഥ പശ്ചാത്തലത്തില്‍ നോക്കിക്കാണാനുള്ള യാഥാര്‍ഥ്യബോധമാണ് സാക്ഷര കേരളം പ്രകടിപ്പിക്കേണ്ടത്. സ്വന്തം ആവാസവ്യവസ്ഥയില്‍നിന്ന് ഒരു മനുഷ്യസമൂഹം എന്തിന്റെ പേരിലായാലും പിഴുതെറിയപ്പെടുന്ന സ്ഥിതിവിശേഷം എന്തുവിലകൊടുത്തും ഒഴിവാക്കപ്പെടുന്നതിലാണ് കേരളത്തിന്റെ സുരക്ഷ, യഥാര്‍ഥ വികസനം.
Comments