Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

നിഷേധിക്കപ്പെടുന്ന  മനുഷ്യാവകാശങ്ങള്‍

ഫൗസിയ ഷംസ്

മനുഷ്യര്‍ ജനിക്കുന്നത് സ്വതന്ത്രരായാണ്; അവര്‍ അവകാശങ്ങളും മഹത്വവും അര്‍ഹിക്കുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും, സംസ്‌കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശവും കൂടി ചേര്‍ന്നതാണ് ജനാധിപത്യമെന്നുമുള്ള ബോധ്യമാണ് ആധുനിക സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യാവകാശ രേഖയുടെ ആത്മാവ്. അവകാശങ്ങള്‍ മാത്രമല്ല, അവകാശ ലംഘനങ്ങള്‍  കൂടി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിച്ചെന്ന കാരണത്താല്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, ലിംഗത്തിന്റെ പേരില്‍ തുല്യത നല്‍കാതിരിക്കുക, വര്‍ഗ- മത വൈജാത്യം പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്ന പരിഗണന നല്‍കാതിരിക്കുക, ഒരാളെ വില്‍ക്കുകയോ അടിമയാക്കുകയോ ചെയ്യുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യുക, വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുക, അഭിപ്രായ സ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കുക തുടങ്ങിയവയൊക്കെ അവകാശ ധ്വംസനങ്ങളാണ്.
പൗരന്റെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടത്തിന് ഈ തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ ഭരണഘടനാ അനുഛേദം 14 അനുസരിച്ച് പൗരത്വം അടിസ്ഥാന ഉപാധിയാക്കി എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്നുണ്ട്. ഈ തുല്യത മൗലികാവകാശമാണ്. ജാതി, മത പരിഗണനകളില്ലാതെ ഇന്ത്യന്‍  ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അവകാശം മുസ്‌ലിംകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിഷേധിക്കപ്പെടുന്നതാണ് സമീപകാല ചിത്രം. ഇന്ത്യയിലെ പൗരസ്വാതന്ത്ര്യത്തിന്റെ മരണമണി മുഴങ്ങുന്നുവെന്നാണ്, അമേരിക്കന്‍ ഭരണകൂടം ധനസഹായം നല്‍കുന്ന സര്‍ക്കാറിതര അന്താരാഷ്ട്ര സംഘടനയായ ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ട്. എക്കാലവും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വഴിയേ നടന്ന ഇന്ത്യ, ലോക ജനാധിപത്യത്തിന്റെ നേതൃത്വത്തിലെത്താനുള്ള സാധ്യത കളഞ്ഞുവെന്നും, ഉള്‍ക്കൊള്ളലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും മൂല്യവത്തായ മൂലധനമാണ് സങ്കുചിത ദേശീയതക്കുവേണ്ടി മോദി സര്‍ക്കാര്‍ തകര്‍ത്തതെന്നുമാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.

കരുതല്‍ നിയമവും പ്രതിഷേധിക്കാനുള്ള അവകാശവും 
വിയോജിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ശേഷിയാണ് ഒരു ജനാധിപത്യ സംവിധാനത്തിന്റെ  മികവ്. വിയോജിപ്പുകള്‍ ഉയര്‍ന്നുവരുന്നിടത്താണ് ജനാധിപത്യം പുഷ്ടിപ്പെടുക. വിയോജിക്കാനുള്ള അവസരം ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ്, നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പട്ടാള ഭരണത്തിലും സ്വേഛാധിപത്യത്തിലും അമര്‍ന്നപ്പോള്‍ നമുക്ക് ജനാധിപത്യം എന്ന മൂല്യത്തെ മുറുകെപ്പിടിക്കാനും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ട് ആഘോഷിക്കാനും കഴിഞ്ഞത്.  വിയോജിക്കാനുള്ള അവകാശത്തിന്മേല്‍ കത്തിവെക്കുന്ന നിലപാടാണ് നിലവിലെ ഭരണകൂടത്തിന്റേത്. ജനങ്ങളുടെ ശബ്ദം കേള്‍പ്പിക്കേണ്ട പാര്‍ലമെന്റില്‍ പോലും, ഭരണകൂടത്തിന് അലോസരമുണ്ടാക്കുന്ന വാക്കുകള്‍ ഉച്ചരിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കുന്നു.
കരുതല്‍ തടങ്കല്‍ നിയമത്തിന്റെ സാധുതയെയും സുപ്രീംകോടതി ചോദ്യം ചെയ്തിട്ടുണ്ട്. ത്രിപുര സര്‍ക്കാര്‍ പാസാക്കിയ കരുതല്‍ തടങ്കല്‍ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുശാന്തു കുമാര്‍ ബാനിക് സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ട് കരുതല്‍ തടങ്കല്‍ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഗുരുതരമായ കടന്നാക്രമണമാണെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ രവീന്ദ്രബട്ട്, ജെ.ബി പര്‍ദീബാല എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. പക്ഷേ, നിയമവും ഭരണഘടനയും നല്‍കുന്ന എല്ലാവിധ പരിരക്ഷയും  ഇല്ലാതാക്കും വിധമാണ് ഭരണകൂടം പെരുമാറുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളെ അറിയിക്കുകയോ സമന്‍സുകള്‍ അയക്കുകയോ ചെയ്യേണ്ടതില്ലാത്ത, കുറ്റവാളിയല്ലെന്നു തെളിയിക്കേണ്ട ബാധ്യത ആരോപിതനില്‍ വന്നുചേരുന്ന യു.എ.പി.എ പ്രകാരം അറസ്റ്റുചെയ്യപ്പെട്ടാല്‍ ഭരണഘടന നല്‍കുന്ന യാതൊരു സംരക്ഷണവും കിട്ടാതെ പോവുകയാണ്.
   
കണക്കുകള്‍ സാക്ഷി
നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയതിന്റെ നാലോ അഞ്ചോ ഇരട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും ജയിലിലിട്ട് ജാമ്യം പോലും നിഷേധിക്കുന്നതും. 2014-നും 2020-നും ഇടയിലായി യു.എ.പി.എ പ്രകാരം 10,552 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് 253 പേര്‍ മാത്രമാണ്. ഓരോ വര്‍ഷവും 1,507 പേര്‍ അറസ്റ്റിലാകുന്നു എന്നു കണക്കാക്കിയാല്‍ ശിക്ഷിക്കപ്പെടുന്നത് 36 പേര്‍ മാത്രമാണ്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി ഭരണകൂടം യു.എ.പി.എ ഉപയോഗിക്കുന്നതായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേസെടുത്ത് ജയിലിലടക്കുന്നതല്ലാതെ ആകെ കേസുകളുടെ എഴുപത്തഞ്ച് ശതമാനത്തില്‍ പോലും യാതൊരു അന്വേഷണവും നടക്കുന്നില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നത് വെറും 165 കേസുകളില്‍ മാത്രം. വെറും 16 ശതമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.പി.ഐ നേതാവ് സന്തോഷ് കുമാറിന്റെ ചോദ്യത്തിനുത്തരമായി രാജ്യസഭയില്‍ പറഞ്ഞത്, 2018-നും 2020-നും ഇടയിലായി മൊത്തം 4,960 അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ഈ കാലയളവില്‍ 149 പേരെ ശിക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു.
ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ക്വില്‍' ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ തീവ്രവാദ കേസുകളില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നുണ്ട്. ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുക, മറ്റ് കേസുമായി ബന്ധമുള്ളവരെ ഭീകരവാദികളുമായി ബന്ധപ്പെടുത്തുക, തീവ്രവാദത്തിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉദ്യോഗതലത്തില്‍ പദ്ധതി തയാറാക്കുക എന്നിവ നമ്മുടെ ഭരണകൂട സംവിധാനത്തിന്റെ ലീലാവിലാസങ്ങളാണ്. ഇങ്ങനെ പിടികൂടപ്പെട്ടവരാണ് വര്‍ഷങ്ങളോളം ജയിലിലടക്കപ്പെട്ട, പിന്നീട് നിരപരാധികളാണെന്ന് കണ്ട് വിട്ടയക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.

കണ്ടേടത്തുവെച്ചു കൊല്ലാം
ചോദ്യം ഉയര്‍ത്താന്‍ കഴിയാത്തവിധം എവിടെവെച്ചും ആര്‍ക്കും ആള്‍ക്കൂട്ടക്കൊലകള്‍ നടത്താന്‍ പറ്റിയവരായി മുസ്‌ലിംകളെ അപരവല്‍ക്കരിച്ചാണ് ജനാധിപത്യത്തിന്റെ വലിയ ഭാരം പേറുന്ന ഇന്ത്യ മനുഷ്യാവകാശത്തിന്റെ ദൃഢപ്രതിജ്ഞ ചൊല്ലാന്‍ ഒരുമ്പെടുന്നത് എന്നത് ഈ ദിനത്തോടുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയില്ലായ്മയുടെ തെളിവാണ്. മധ്യപ്രദേശിലെ നീമച് ജില്ലയില്‍ 65 കാരനായ ബര്‍വന്‍ലാല്‍ ജെയിന്‍ എന്ന മാനസികാസ്വസ്ഥതയുള്ള ഒരാളെ കൂട്ടംകൂടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. മുഹമ്മദല്ലേ എന്നു ചോദിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ് അയാള്‍ മരിച്ചതിനെ തുടര്‍ന്ന് ദിനേശ് കുശ്‌വാഹ എന്ന ബി.ജെപി പ്രവര്‍ത്തകനെ  അറസ്റ്റു ചെയ്തപ്പോള്‍ പ്രതികരിച്ചുകൊണ്ട് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്, കൊല്ലപ്പെട്ടയാള്‍ക്ക് സ്വയം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ സംഭവിച്ച അബദ്ധം എന്നാണ്. അയാള്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതാത്തതാണത്രെ പ്രശ്നം! ഗുജറാത്ത് കലാപം ഇന്ത്യയില്‍ ആദ്യമായി  നടന്ന കലാപമല്ല, പക്ഷേ ഗവണ്‍മെന്റ് സ്പോണ്‍സേഡ്  ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും ആരെയും അസ്വസ്ഥപ്പെടുത്തുന്നില്ലെന്നതും,  മുസ്‌ലിംകള്‍ അത്തരം ആക്രമണങ്ങള്‍ അര്‍ഹിക്കുന്നുവെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടതുമാണ്  മനുഷ്യാവകാശ ദിനങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

എന്തിനാണിത്ര ധൃതി?
നിയമപരമായതുകൊണ്ട് മാത്രം അറസ്റ്റ് നിര്‍ബന്ധമില്ല എന്ന് അടുത്തിടെ സുപ്രീം കോടതിവിധി ഉണ്ടായിട്ടുണ്ട്. കേസന്വേഷണവുമായി സഹകരിച്ചിട്ടും അറസ്റ്റ് ചെയ്യുന്നതിനെതിരെ ഉത്തര്‍പ്രദേശിലെ 80 പേര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ടുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കോള്‍, ഋഷികേശ് റോയ് എന്നിവര്‍ വിധി പ്രസ്താവിച്ചത്. അറസ്റ്റ് ഒരാളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും കണക്കാക്കാനാവാത്ത നഷ്ടം ഉണ്ടാക്കും. സമന്‍സ് ധിക്കരിച്ച് ഒളിവില്‍ പോകുമെന്ന് ഉദ്യോഗസ്ഥന്‍ കരുതുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സമ്മര്‍ദം എന്താണെന്നാണ് ഈ ബെഞ്ച് ഭരണകൂടത്തോട് ചോദിച്ചത്. പലരും നിരപരാധികളാണെന്നറിഞ്ഞിട്ടും അവരെ കനപ്പെട്ട ശിക്ഷ നല്‍കുന്ന നിയമത്തിനകത്താക്കണമെന്നത് പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണെന്നും അത് ദേശീയതയുമായി ബന്ധപ്പെട്ടതാണെന്നുമാണ് അധികാരികളുടെ വാദം. അപ്പോള്‍ പൊതുബോധം ആരാണ് സൃഷ്ടിച്ചെടുക്കുന്നതെന്നും ആരുടേതാണ് ദേശമെന്നും എന്തുകൊണ്ട് പ്രത്യേക വിഭാഗങ്ങള്‍ ദേശത്തിനു പുറത്തായിപ്പോകുന്നുവെന്നും വിശദീകരിക്കേണ്ടതുണ്ട്. ഭരണകൂടത്തിനു വേണ്ടപ്പെട്ടവരെ രക്ഷിക്കുക, അല്ലാത്തവരെ ശിക്ഷിക്കുക എന്ന അനീതി നിലനില്‍ക്കെ  മനുഷ്യാവകാശ ദിനം  ആചരിച്ചതു കൊണ്ട് എന്ത് കാര്യം! പ്രതികളെ രക്ഷിക്കുന്നതുപോലെത്തന്നെ, ഭരണകൂട താല്‍പര്യങ്ങള്‍ കാരണം ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ പുറംലോകം കാണാന്‍ കഴിയാത്തവരായി, കേസില്‍നിന്ന് കേസിലേക്കും കോടതികളില്‍നിന്ന് കോടതികളിലേക്കുമല്ലാതെ പുറം ലോകത്തേക്കൊരിക്കലും എത്തിപ്പെടാന്‍ കഴിയാത്തതാണ് ഭരണകൂടത്തിന് അനഭിമതരായവരുടെ വിധി. കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം യു.എ.പി.എ ചുമത്തിയത് തെറ്റാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടന്ന ശിക്ഷ നിലനില്‍ക്കില്ലെന്നും പറഞ്ഞാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയ ജി.എന്‍ സായി ബാബയുടെ കേസ് ഒറ്റ രാത്രികൊണ്ട് സുപ്രീം കോടതി പുനരുജ്ജീവിപ്പിച്ചത്. അബ്ദുന്നാസര്‍ മഅ്ദനി, സിദ്ദീഖ് കാപ്പന്‍ തുടങ്ങി പട്ടിക നീളുകയാണല്ലോ. ജയിലിലടച്ച് അവസാനം നിരപരാധിയാണ്, പൊയ്‌ക്കോ എന്ന് പറഞ്ഞ് തുറന്നുവിട്ടവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി