'ഭീകരതാ വിരുദ്ധ യുദ്ധ'ത്തില്‍ ഇപ്പോള്‍ അമേരിക്കയില്ല
പാശ്ചാത്യ ലോകം ആഗോള മേധാവിത്വം അരക്കിട്ടുറപ്പിച്ചതോടെ ശത്രുക്കളെ സംബന്ധിച്ചുള്ള ഭയമാണ്, അല്ലാതെ സുഹൃദ് രാഷ്ട്രങ്ങളിലുള്ള വിശ്വാസമല്ല അവരുടെ രാഷ്ട്രീയ സ്ട്രാറ്റജി രൂപപ്പെടുത്തിയത് എന്ന് പറയാറുണ്ട്. അതുകൊണ്ടാണ് ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞനായ കാള്‍ സ്മിത്ത്, ശത്രുക്കള്‍ ആരെന്ന് നിര്‍ണയിക്കലും തിരിച്ചറിയലുമാണ് രാഷ്ട്രീയം എന്ന് നിര്‍വചിച്ചത്. ആഗോള രാഷ്ട്രീയം വളരെ പ്രതിലോമകരവും സംഘര്‍ഷഭരിതവുമായിത്തീരാന്‍ അതാണ് കാരണം. ഒരു ശത്രുവിനെ കണ്ടെത്തി അതിനെ തോല്‍പ്പിക്കാനുള്ള അടവുകള്‍ മെനയുകയാണ് അമേരിക്കന്‍ വിദേശ നയത്തിന്റെ ആകത്തുക എന്ന് പറയാം. രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്യന്‍ അധിനിവേശ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം അമേരിക്ക ലോക മേധാവിത്വത്തിലേക്ക് ഉയര്‍ന്നപ്പോള്‍ അവരാദ്യം ചെയ്തത് ഒരു ശത്രുവിനെ കണ്ടെത്തുകയായിരുന്നു. അതാണ് സോവ്യറ്റ് യൂനിയന്‍. പതിറ്റാണ്ടുകള്‍ നീണ്ട ശീതയുദ്ധത്തിലേക്കാണ് അത് ലോകത്തെ തള്ളിവിട്ടത്. തൊള്ളായിരത്തി തൊണ്ണൂറില്‍ സോവ്യറ്റ് യൂനിയന്‍ മാത്രമല്ല, അതിന്റെ പൂര്‍വ യൂറോപ്യന്‍ ഉപഗ്രഹ ബ്ലോക്കും തകര്‍ന്നുവീണതോടെ ഫലത്തില്‍ അമേരിക്കക്ക് ഒരു എതിരാളി ഇല്ലാതായിക്കഴിഞ്ഞിരുന്നു. പക്ഷേ, ഒരു ശത്രുവിനെ മുന്നില്‍ നാട്ടിനിര്‍ത്താതെ അമേരിക്കക്ക് മുന്നോട്ടു പോകാനാവില്ല. അതിനാല്‍, ഒരു ശത്രുവിനെ സൃഷ്ടിച്ചേ മതിയാവൂ. അങ്ങനെയാണ് 'ഇസ്‌ലാമിക ഭീകരത' എന്ന, ആര്‍ക്കും തൊട്ടു കാണിക്കാന്‍ കഴിയാത്ത ഒരു അമൂര്‍ത്ത ശത്രു തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത്. 'ഭീകരതക്കെതിരെയുള്ള യുദ്ധം' അമ്പതിലധികം രാഷ്ട്രങ്ങളിലാണ് അരങ്ങേറിയത്. അഫ്ഗാനിസ്താനും ഇറാഖും വലിച്ചുകീറപ്പെട്ടു. സൈന്യത്തെ അയക്കാനും ആയുധങ്ങളെത്തിക്കാനും ബില്യന്‍ കണക്കിന് ഡോളറാണ് ചെലവായത്. ഇതിന്റെ മറവില്‍ പശ്ചിമേഷ്യയിലെ ഏകാധിപതികള്‍ തങ്ങളുടെ മുഖ്യ പ്രതിയോഗികളായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ വേട്ടയാടി. അറബ് വസന്താനന്തരം പിച്ചവെച്ചു തുടങ്ങിയ ജനാധിപത്യ ഘടനയെ മുളയിലേ നുള്ളി. എല്ലാം ജനാധിപത്യത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്ന അമേരിക്കയുടെ ആശീര്‍വാദത്തോടെ.
ഇങ്ങനെ ഏതാണ്ട് രണ്ട് പതിറ്റാണ്ട് 'ഭീകര വിരുദ്ധ യുദ്ധ'ത്തില്‍ രസിച്ചു കഴിഞ്ഞിരുന്ന അമേരിക്കക്ക് പെട്ടെന്നാണ് ഉള്‍വിളിയുണ്ടായത്. ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ കാറ്റാടി യന്ത്രങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്തി സമയവും അധ്വാനവും പണവും പാഴാക്കുകയാണ് തങ്ങള്‍. പഴയതിനെ മാറ്റി പുതിയ ശത്രുവിനെ പ്രതിഷ്ഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചൈനയുടെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് മാറിച്ചിന്തിക്കലിന് പെട്ടെന്നുള്ള പ്രേരണ. ഒരു രാഷ്ട്രവുമായും ഏറ്റുമുട്ടലിന് പോകാതെ സൈനികമായും സാമ്പത്തികമായും അമേരിക്കയെ മറികടക്കുക എന്ന ദീര്‍ഘകാല പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു ചൈന. എല്ലാം പ്ലാന്‍ ചെയ്ത പോലെ നടന്നാല്‍ തന്നെ, ആ ലക്ഷ്യം നേടണമെങ്കില്‍ രണ്ട് പതിറ്റാണ്ടെങ്കിലുമെടുക്കുമെന്ന് ചൈനക്കറിയാം. അമേരിക്ക പല നാടുകളിലും സൈനികമായി തലയിട്ട് കഴുത്ത് കുരുങ്ങുന്നതിനാല്‍ ലക്ഷ്യം വിദൂരത്തല്ല എന്നും ചൈന കണക്കു കൂട്ടി. അപകടം തിരിച്ചറിഞ്ഞ അമേരിക്ക സൈനികമായി ഇടപെട്ടയിടങ്ങളില്‍ നിന്നെല്ലാം തലയൂരാനുള്ള ശ്രമങ്ങള്‍ ബറാക് ഒബാമയുടെ കാലം മുതല്‍ക്കേ തുടങ്ങിവെച്ചു. ഡൊണാള്‍ഡ് ട്രംപ് വന്നപ്പോഴും ആ നയത്തിന് മാറ്റമുണ്ടായില്ല. ബൈഡന്റെ ഭരണകാലത്ത് അഫ്ഗാനില്‍നിന്ന് നാണംകെട്ട പിന്മാറ്റത്തിന് പോലും അമേരിക്ക തയാറായി.
2018 മുതല്‍ അമേരിക്ക കൃത്യമായും തങ്ങളുടെ പുതിയ ശത്രുവിനെ നിര്‍ണയിച്ചുകഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും സംഘവും രൂപം കൊടുത്ത പുതിയ അമേരിക്കന്‍ സുരക്ഷാ സ്ട്രാറ്റജിയില്‍ ഒന്നാം നമ്പര്‍ ശത്രു (പ്രയോഗം 'എതിരാളി' എന്നാണെങ്കിലും) ചൈന തന്നെയെന്ന് വ്യക്തമായി പറയുന്നുണ്ട്. ചൈനക്കെതിരെ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിലാണ് അമേരിക്കയുടെ മുഖ്യ ശ്രദ്ധ. ഇസ്രായേലിന് സംരക്ഷണമൊരുക്കുമെന്നതൊഴിച്ചാല്‍, പശ്ചിമേഷ്യയില്‍ അമേരിക്ക ശ്രദ്ധിക്കുന്നേയില്ല. പുതിയ സ്ട്രാറ്റജി വിശദീകരിക്കുന്ന രേഖയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളൊന്നും പരാമര്‍ശിക്കപ്പെടുന്നു പോലുമില്ല. 'ഭീകരതക്കെതിരെ യുദ്ധം' അവര്‍ നിര്‍ത്തി എന്നര്‍ഥം; ഏകാധിപത്യ ഭരണകൂടങ്ങള്‍ അതിപ്പോഴും തുടരുന്നുണ്ടെങ്കിലും. ഈ ചുവട് മാറ്റം മനസ്സിലാക്കാതിരുന്നാല്‍ നമ്മുടെ വിശകലനങ്ങള്‍ തെറ്റിപ്പോകും.
Comments