എന്തിനാണ് ഈ മനുഷ്യ ജന്മം?
വഴിയും വെളിച്ചവും /
യുഗങ്ങളോളം പരിണാമത്തിനു വിധേയമായി വാല് നഷ്ടപ്പെട്ട ജന്തുവാണ് മനുഷ്യന്‍ എന്നാണ് ഭൗതിക വിദ്യാഭ്യാസം പഠിപ്പിച്ചുതന്നത്. അതു ശരിയല്ല എന്ന് തോന്നിത്തുടങ്ങിയത് പിന്നീടാണ്. ഒരു ജന്തുവും വാല് പോയി മറ്റൊരു ജീവിയാകുന്നതിന്റെ അനുഭവ സാക്ഷ്യം ജീവരാശിയില്‍ ഇന്ന് കാണുന്നില്ല. ഒരു ഏകകോശ ജീവി ബഹുകോശ ജീവിയായതായി പോലും ആര്‍ക്കും അറിയില്ല. അമീബ അമീബയായിത്തന്നെ തുടരുന്നു. കുരങ്ങ് കുരങ്ങായും മനുഷ്യന്‍ മനുഷ്യനായും തുടരുന്നു.
എന്തുകൊണ്ട്? ഈ സംശയം ഒരു യുക്തിവാദിയോട് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി, 'ദിവസങ്ങള്‍കൊണ്ടോ മാസങ്ങള്‍കൊണ്ടോ വര്‍ഷങ്ങള്‍കൊണ്ടോ നടക്കുന്നതല്ല പരിണാമം; ഒരുപാട് കാലങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്' എന്നായിരുന്നു. 'എങ്കില്‍, ഇന്നലത്തെക്കാള്‍ പരിണാമം നടക്കാനുള്ള സാധ്യത ഇന്നല്ലേ? കാരണം, ജീവലോകം ഇന്നലത്തേക്കാള്‍ കാലത്തെ താണ്ടിയത് ഇന്നാണ്. ഇന്ന് പക്ഷേ, പരിണാമം കാണുന്നില്ലല്ലോ? എന്തുകൊണ്ടായിരിക്കും ഇന്ന് പരിണാമം നടക്കാത്തത്? എന്നാണ് പരിണാമം നിലച്ചുപോയത്? എന്തിനാണ് നിലച്ചു പോയത്?'
യുക്തിവാദിയുടെ ഒരുത്തരവുമില്ലാത്ത നിശ്ശബ്ദതയിലേക്ക്, വിശുദ്ധ ഖുര്‍ആനിലെ മുപ്പതാം അധ്യായത്തിലെ ഇരുപത്തിയൊന്നാം സൂക്തം ചര്‍ച്ചക്കിട്ടു. അതില്‍ പറയുന്നത് ഇങ്ങനെയാണ്: ''സ്രഷ്ടാവായ ദൈവം നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്ക് ഒത്തുചേരാന്‍. അവന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവുമുണ്ടാക്കി. ഇതൊക്കെയും ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല. ചിന്തിക്കുന്ന ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.''
മനുഷ്യനെ ഇണകളായി സൃഷ്ടിച്ചത് ഒരു ദൃഷ്ടാന്തമായി ഖുര്‍ആന്‍ പ്രത്യേകം പറയുകയാണിവിടെ. വിശുദ്ധ ഖുര്‍ആനിലെ, ചിന്തക്ക് തീപിടിപ്പിച്ച സൂക്തങ്ങളിലൊന്ന് ഇതാണ്. ആണിനെ കണ്ടുകൊണ്ടാണ് പെണ്ണിനെ സൃഷ്ടിച്ചിരിക്കുന്നത്. പെണ്ണിനെ കണ്ടുകൊണ്ടാണ് ആണിനെയും സൃഷ്ടിച്ചിരിക്കുന്നത്. ആണില്‍ പെണ്ണിനെ തേടുന്ന 'ആണ്‍വികാര'വും പെണ്ണില്‍ ആണിനെ തേടുന്ന 'പെണ്‍ വികാര'വും ഉണ്ടാക്കിയിരിക്കുന്നു.
ആണ്‍ശരീരത്തെ കണ്ടുകൊണ്ടാണ് പെണ്‍ശരീരമുള്ളത് എന്നതും പെണ്‍ശരീരത്തെ കണ്ടുകൊണ്ടാണ് ആണ്‍ ശരീരമുള്ളത് എന്നതും ശ്രദ്ധേയമാണ്. തികച്ചും വ്യത്യസ്ത സ്വഭാവത്തിലുള്ള രണ്ട് ശരീരപ്രകൃതങ്ങളെയും വികാരവിചാരങ്ങളെയും പരസ്പര പൂരകമാക്കുന്ന ഈ കാഴ്ച വല്ലാത്തൊരു ദൃഷ്ടാന്തമല്ലേ! ആണ്‍-പെണ്‍ ഇണചേരലിനെ മുന്‍കൂട്ടിതന്നെ ഒരു ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. ആണോ പെണ്ണോ അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ല ഈ ചേര്‍ച്ച. പരിണാമമാകട്ടെ ബോധപൂര്‍വമോ ആസൂത്രണത്തോടു കൂടിയോ നടക്കുന്ന ഒന്നല്ല. എന്നിരിക്കെ, ബോധപൂര്‍വമല്ലാത്ത പരിണാമ പ്രക്രിയയില്‍ മുന്‍കൂട്ടി ലക്ഷ്യം നിശ്ചയിക്കല്‍ ഉണ്ടാവുന്നതെങ്ങനെ? അത് അസാധ്യമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഒരു പ്ലാനിംഗ് അനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടാന്‍ വേറെ തെളിവുകള്‍ തേടേണ്ടതില്ല. മനുഷ്യന്‍ യാദൃഛികമായി എങ്ങനെയോ ഉണ്ടായതല്ല; മനുഷ്യനെ ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന് വ്യക്തം.
ഇമാം ഗസാലിയുടെ ദൈവാസ്തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍ എന്നൊരു കൃതി ഐ.പി.എച്ച് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാം പഠനവുമായി ബന്ധപ്പെട്ട ആദ്യകാല വായനയില്‍ ശ്രദ്ധേയമായ കൃതികളിലൊന്ന് ഇതാണ്. തെറ്റായ 'യുക്തിവാദ'ത്തില്‍ നിന്ന് ശരിയായ 'യുക്തിബോധ'ത്തിലേക്ക് ചിന്തയെ നയിച്ചതില്‍ ഇത്തരം വായനകള്‍ക്ക് വലിയ പങ്കുണ്ട്. അതില്‍ 'മനുഷ്യന്‍' എന്നൊരു അധ്യായമുണ്ട്. മനുഷ്യസൃഷ്ടിപ്പിന്റെ പിന്നിലെ ആസൂത്രണങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നുണ്ടതില്‍. അതിലൊരു ഭാഗത്ത് പറയുന്നു: ''വംശോല്‍പാദനത്തെ പ്രചോദിപ്പിക്കുന്ന ലൈംഗികാസക്തിയെയും ശുക്ലത്തെ ഗര്‍ഭപാത്രത്തിലെത്തിക്കുന്ന അവയവത്തെയും ബീജോല്‍പാദനത്തിനാവശ്യമായ ചലനത്തെയും അതിലൊക്കെ അടങ്ങിയിട്ടുള്ള ഭദ്രമായ യുക്തികളെയും കുറിച്ച് ഒന്നാലോചിക്കുക.''
ആലോചിക്കുമ്പോള്‍, ഇണചേരുക എന്നത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് ഏതൊരാളുടെ സാമാന്യ യുക്തിക്കും ബോധ്യപ്പെടുന്ന കാര്യമാണ്. ഇണചേരലിന്റെ സ്വാഭാവികമായ അനന്തരഫലമാണല്ലോ ഗര്‍ഭധാരണം. വംശവര്‍ധനവിന്റെ അടിസ്ഥാനമാണത്. അതിന്റെ പിന്നില്‍ പോലും എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര ആസൂത്രണങ്ങളുണ്ട്! ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന് ആവശ്യമായ ഭക്ഷണം മാതാവിന്റെ സ്തനത്തില്‍ അമ്മിഞ്ഞപ്പാലായി രൂപം കൊള്ളുന്നത് പോലും നേരത്തെ പ്ലാന്‍ ചെയ്തു വെച്ചതിന്റെ ഫലമാണ്. മാത്രമല്ല, ഒരു നവജാത ശിശുവിന് ഗുണം മാത്രമുള്ള, ദോഷങ്ങളൊന്നുമില്ലാത്ത ഇത്രയും സമീകൃതമായ ആഹാരം ലോകത്ത് ഒരു അടുക്കളയിലും വേവുന്നില്ല. അമ്മയും കുഞ്ഞുമറിയാതെ 'കുഞ്ഞിനു വേണ്ടി' എന്ന ഉദ്ദേശ്യത്തോടെ ഇത്രയും മഹത്തരമായ ആഹാര നിര്‍മാണം 'യാദൃഛികമായി' എന്ന് പറയാന്‍ കഴിയുമോ?
മനുഷ്യന്റെ സാമാന്യ യുക്തി അത് സമ്മതിക്കുകയില്ല. ഒരു മുന്‍ തീരുമാനവും ആസൂത്രണവും ഇതിന്റെയെല്ലാം പിന്നില്‍ ദര്‍ശിക്കാനാവും. മുന്‍കൂട്ടി നിശ്ചയിക്കണമെങ്കില്‍ സ്വാഭാവികമായും അതിന്റെ പിന്നില്‍ ഒരു ആസൂത്രകന്‍ വേണമെന്നുറപ്പല്ലേ? ഇതു തെളിയിക്കുന്നത് മനുഷ്യന്‍ ഈ ഭൂമിയില്‍ അനാഥനായി ഉണ്ടായതല്ല, ഒരു നാഥന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായതാണ് എന്നാണ്. അലക്ഷ്യമായി ഉണ്ടായതല്ല മനുഷ്യന്‍; ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ് മനുഷ്യനെ.
മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം
എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത്? ഗൗരവത്തോടെ ചിന്തിക്കാന്‍ കഴിയുന്ന മനുഷ്യനെ ഒരു തമാശക്കു വേണ്ടി സൃഷ്ടിച്ചതാവാന്‍ വഴിയില്ല. വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിമൂന്നാം അധ്യായം നൂറ്റിപ്പതിനഞ്ചാം വാക്യത്തില്‍, മനുഷ്യനോടുള്ള ദൈവികമായ ഒരു ചോദ്യം ഇങ്ങനെ കാണാം: ''നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്?''
മനുഷ്യനെ വെറുതെ സൃഷ്ടിച്ചതല്ല എന്നാണ് ഇവിടെ പറയുന്നത്. കൃത്യമായ ഉദ്ദേശ്യം മനുഷ്യ സൃഷ്ടിപ്പിന് പിന്നിലുണ്ട്. മനുഷ്യന്റെ ഭൗതിക പ്രകൃതത്തെ നിരീക്ഷിച്ചാല്‍ തന്നെ ഇക്കാര്യം ബോധ്യപ്പെടും. മനുഷ്യന്റെ ഓരോ അവയവത്തിന്റെ പിന്നിലും ഉദ്ദേശ്യങ്ങള്‍ കാണാം. കണ്ണുകള്‍ കാണാനാണ്; കാതുകള്‍ കേള്‍ക്കാനും. ഇങ്ങനെ ഓരോ അവയവത്തിന്റെ പിന്നിലുമുണ്ട് ഉദ്ദേശ്യങ്ങള്‍. ഓരോ കോശത്തിനും രോമത്തിനും മുതല്‍ ഓരോ അവയവത്തിനും ഉദ്ദേശ്യങ്ങളുണ്ട്.
എന്നിരിക്കെ, വ്യത്യസ്ത ഉദ്ദേശ്യങ്ങളോടെയുള്ള അവയവങ്ങള്‍ ചേര്‍ത്ത് ഒരു മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ അവയവങ്ങളുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെക്കാളൊക്കെ വലിയൊരുദ്ദേശ്യം മൊത്തം മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിലുണ്ടാവും എന്നുറപ്പാണ്.
'അംശങ്ങളില്‍ ഉദ്ദേശ്യങ്ങളുണ്ടെങ്കില്‍ സാകല്യത്തില്‍ അതിനെക്കാള്‍ വലിയ ഉദ്ദേശ്യമുണ്ടാവും' എന്നതൊരു പൊതു തത്ത്വമാണ്. ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കുന്നത് വിവിധ ഉദ്ദേശ്യങ്ങളോടെയാണ്. ആ ഭാഗങ്ങളെല്ലാം ചേര്‍ത്ത് ഒരു കമ്പ്യൂട്ടറുണ്ടാക്കുമ്പോള്‍ കമ്പ്യൂട്ടറുണ്ടാക്കിയതിന്റെ പിന്നില്‍, ഭാഗങ്ങള്‍ ഉണ്ടാക്കിയതിന്റെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെക്കാള്‍ വലിയൊരു ഉദ്ദേശ്യമുണ്ടാകും.
എന്നാല്‍, എന്തിനാണ് കമ്പ്യൂട്ടറുണ്ടാക്കിയത് എന്ന് കമ്പ്യൂട്ടറിനറിയില്ല. കാരണം, കമ്പ്യൂട്ടറുണ്ടാക്കപ്പെട്ടതിന്റെ പിന്നില്‍ കമ്പ്യൂട്ടറിനൊരു പങ്കുമില്ല. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ എന്തിനാണുണ്ടാക്കിയത് എന്ന കാര്യം കമ്പ്യൂട്ടര്‍ നിര്‍മിച്ച മനുഷ്യന്നേ അറിയൂ. ഇതുപോലെ മനുഷ്യന്‍ എന്തിന് സൃഷ്ടിക്കപ്പെട്ടു എന്ന് മനുഷ്യന് അറിയില്ല. കാരണം, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നില്‍ മനുഷ്യന്റെ തീരുമാനമില്ല. അതുകൊണ്ടുതന്നെ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനേ മനുഷ്യന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടതെന്നറിയൂ. ഈ പറഞ്ഞത് മനുഷ്യന്റെ ഭൗതിക പ്രകൃതത്തിലെ തേട്ടത്തെക്കുറിച്ചാണ്. എന്നാല്‍, താന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടതെന്ന കാര്യം ചിന്തിക്കാന്‍ കഴിയുന്നതോടൊപ്പം അത് അറിയാനും ആഗ്രഹിക്കുന്നവനാണ് മനുഷ്യന്‍. അതിനാല്‍, അതറിയല്‍ മനുഷ്യന്റെ അവകാശം കൂടിയാണ്. എന്നിരിക്കെ, മനുഷ്യനോട് അതു പറയേണ്ട ബാധ്യത ദൈവത്തിനില്ലേ? ഉണ്ടെന്നുറപ്പാണ്. എന്തുകൊണ്ട്?
ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള സകല സൃഷ്ടികള്‍ക്കും സ്രഷ്ടാവായ ദൈവം അവയെ സൃഷ്ടിച്ചതോടൊപ്പം അവയുടെ ധര്‍മങ്ങളും നിര്‍ണയിച്ചു കൊടുത്തിട്ടുണ്ട്. സൂര്യന്‍, വായു, വെള്ളം തുടങ്ങി എല്ലാറ്റിനും അവയുടേതായ ധര്‍മങ്ങളുണ്ട്. ബാക്ടീരിയ പോലുള്ള ചെറു ജീവികള്‍ക്ക് പോലും മഹത്തായ ധര്‍മങ്ങളുണ്ട്. അവ ഇല്ലായിരുന്നെങ്കില്‍, ഒരു മരത്തില്‍നിന്ന് ആദ്യമായി ഭൂമിയിലേക്ക് ഞെട്ടറ്റുവീണ കരിയില മുതല്‍ ആദ്യം മരിച്ച മനുഷ്യന്റെ ശവശരീരമടക്കം ഇവിടെ കേട് കൂടാതെ കിടക്കുന്നുണ്ടാവും! എങ്കില്‍ ഭൂമിയിലെ ജീവിതം എത്ര തലമുറക്ക് സാധ്യമാകും? അതിനര്‍ഥം, ഭൂമി ജീവിക്കാന്‍ യോഗ്യമാക്കുന്നതിന്റെ പിന്നില്‍ സൂര്യനും വായുവും വെള്ളവുമൊക്കെ നിര്‍വഹിക്കുന്നതു പോലെയുള്ള മഹത്തായ ധര്‍മങ്ങള്‍ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ചെറു ജീവികള്‍ വരെ നിര്‍വഹിക്കുന്നുണ്ട് എന്നാണ്.
പ്രപഞ്ചമാസകലം പരസ്പര പൂരകമായാണ് നിലകൊള്ളുന്നതെന്ന് ആധുനിക ശാസ്ത്രം നിരീക്ഷിക്കുന്നുണ്ട്. കമ്യൂണിസ്റ്റായിരുന്ന പി. കേശവന്‍ നായര്‍ തന്റെ പ്രപഞ്ചം എന്ന പുസ്തകത്തില്‍, 'പ്രപഞ്ചത്തില്‍ സൗരയൂഥം മാത്രമാണുണ്ടായിരുന്നതെങ്കില്‍ മനുഷ്യനുണ്ടാകുമായിരുന്നില്ല' എന്ന് പറയുന്നുണ്ട്. പരസ്പര പൂരകമായ ചേര്‍ച്ചയോടെ ചരാചരങ്ങളൊക്കെയും കൃത്യമായി അവയുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതുകൊണ്ടാണ് ഈ പ്രപഞ്ചം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇവിടെ നിലനില്‍പ് സാധ്യമാകുന്നതും. 'ഭൂമിയില്‍ ഒരു ചെടി പോലും വളരുന്നത് പ്രപഞ്ചത്തിന്റെ മുഴുവന്‍ സഹകരണത്തോടു കൂടിയാണ്' എന്നു പറയാന്‍ കാരണമതാണ്.
അതിനര്‍ഥം സ്രഷ്ടാവായ ദൈവം സൃഷ്ടിക്കുക മാത്രമല്ല, സൃഷ്ടികള്‍ക്ക് അവയുടെ ധര്‍മങ്ങള്‍ കൂടി നിര്‍ണയിച്ചുകൊടുക്കുന്നുണ്ട് എന്നാണ്. ആ അര്‍ഥത്തില്‍ ചരാചരങ്ങള്‍ക്ക് ധര്‍മം മാത്രമാണുള്ളത്. എന്നാല്‍, ജീവനോടൊപ്പം ആത്മാവ് കൂടിയുള്ള മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യാത്മാവിന്റെ പ്രകൃതത്തെപ്പറ്റി ഖുര്‍ആന്‍ തൊണ്ണൂറ്റിയൊന്നാം അധ്യായം എട്ടാം വാക്യത്തില്‍ പറയുന്നത്, 'ആത്മാവിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയിരിക്കുന്നു' എന്നാണ്. അതുകൊണ്ടുതന്നെ ധര്‍മാധര്‍മ ബോധത്തോടെ കര്‍മം ചെയ്യാന്‍ കഴിയുന്ന മനുഷ്യന് തേന്‍ കൊണ്ട് തിന്മ ചെയ്യാനും വിഷം കൊണ്ട് നന്മ ചെയ്യാനും കഴിയും. ജീവിതത്തിലുടനീളം സത്യം, ധര്‍മം, നീതി, നന്മ പോലെയുള്ള മൂല്യങ്ങള്‍ പാലിക്കാനും പാലിക്കാതിരിക്കാനും മനുഷ്യനു കഴിയും.
അതോടൊപ്പം, ഒരാള്‍ക്ക് ധര്‍മമായി തോന്നുന്ന പലതും മറ്റൊരാള്‍ക്ക് അധര്‍മമായി തോന്നാം. സത്യാസത്യങ്ങളും നന്മതിന്മകളുമൊക്കെ അങ്ങനെയാണ്. അതിനാല്‍, ആത്യന്തികമായ സത്യത്തിന്റെ, ധര്‍മത്തിന്റെ, നന്മയുടെ മാര്‍ഗം അറിയല്‍ മനുഷ്യനെ സംബന്ധിച്ചേടത്തോളം ഒരാവശ്യവും അവകാശവുമാണ്. എന്നാല്‍, മറ്റു ചരാചരങ്ങളെ സംബന്ധിച്ചേടത്തോളം അങ്ങനെയല്ല. കാരണം, അവക്ക് ധര്‍മാധര്‍മ ബോധമില്ല. സൂര്യന്റെയും വായുവിന്റെയും വെള്ളത്തിന്റെയുമൊക്കെ ധര്‍മങ്ങള്‍ അവയുടെ പ്രകൃതിയില്‍ നിക്ഷിപ്തമാണ്. പക്ഷി-മൃഗാദികളുടെയും സസ്യലതാദികളുടെയും കാര്യം അങ്ങനെത്തന്നെയാണ്. ഹൃദയത്തിന്റെ ധര്‍മം അതിന്റെ പ്രകൃതിയിലും വൃക്കയുടെ ധര്‍മം അതിന്റെ പ്രകൃതിയിലും നിശ്ചയിച്ചിരിക്കുന്നു. സൃഷ്ടിച്ചപ്പോള്‍ തന്നെ നിശ്ചയിക്കപ്പെട്ട അവയുടെ ധര്‍മങ്ങളെ മറികടക്കാന്‍ അവക്ക് സ്വന്തം നിലക്ക് സാധ്യവുമല്ല.
മനുഷ്യരുടെ കാര്യം അങ്ങനെയല്ല. അതിനാല്‍, ധര്‍മാധര്‍മ ബോധത്തോടു കൂടി കര്‍മം ചെയ്യാന്‍ കഴിയുന്ന മനുഷ്യന് അവന്റെ ധര്‍മം എന്താണെന്ന് പറഞ്ഞുകൊടുക്കാനുള്ള ബാധ്യത ദൈവത്തിനുണ്ട്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനിലെ തൊണ്ണൂറ്റി രണ്ടാം അധ്യായത്തിലെ പന്ത്രണ്ടാം വാക്യത്തിലൂടെ ദൈവം പറഞ്ഞത്, 'നിശ്ചയമായും (മനുഷ്യന്) നേര്‍വഴി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്' എന്ന്. അതിനു വേണ്ടിയാണ് ദൈവദൂതന്മാരെ നിയോഗിച്ചത് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ഒരു ആശയത്തിനു വേണ്ടി അല്ലെങ്കില്‍ വിശ്വാസത്തിനു വേണ്ടി മരിക്കാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. മറ്റു ചരാചരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരെല്ലാം ജീവിക്കുന്നത് ഏതോ തരത്തിലുള്ള ആശയങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയുമാണ്. ഇങ്ങനെയുള്ള മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കേണ്ടത് സ്വാഭാവികമായും പ്രകൃതിതലത്തിലല്ല; ആശയതലത്തിലാണ്. അതുകൊണ്ടാണ് ദൈവദൂതന്മാരെ നിയോഗിച്ച്, വേദഗ്രന്ഥങ്ങള്‍ നല്‍കിക്കൊണ്ട് ദൈവം മനുഷ്യന് ആശയതലത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയത്.
ശരിയും തെറ്റും, നന്മയും തിന്മയുമൊക്കെ ചെയ്യാന്‍ കഴിയുന്ന മനുഷ്യനെ എന്തിനാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരവും ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആന്‍ അറുപത്തിയേഴാം അധ്യായം രണ്ടാം വാക്യത്തില്‍ പറയുന്നത്, 'നിങ്ങളില്‍ ഏറ്റവും നല്ല കര്‍മങ്ങള്‍ ചെയ്യുന്നതാരാണെന്ന് പരീക്ഷിക്കാനാണ് ജീവിത-മരണങ്ങള്‍ സൃഷ്ടിച്ചത്' എന്നാണ്.
മനുഷ്യനെ നല്ല കര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണല്ലോ ഈ ഉത്തരം. ഏതൊരു നല്ല മനുഷ്യനെയും തൃപ്തിപ്പെടുത്താന്‍ പോന്ന ഉത്തരമാണിത്. എന്തിനാണീ പരീക്ഷണം എന്ന് പലരും ചോദിക്കാറുണ്ട്. ദൈവത്തിന്റെ അധികാരത്തില്‍പ്പെട്ട ചില കാര്യങ്ങളുടെ യുക്തി ദൈവത്തിനാണല്ലോ അറിയുക. എന്നാലും, 'വിജയിക്കുന്നവര്‍ വിജയിക്കുന്നതിന് ന്യായമുണ്ടാവാന്‍, പരാജയപ്പെടുന്നവര്‍ പരാജയപ്പെടുന്നതിന് ന്യായമുണ്ടാവാന്‍' എന്ന ഉത്തരം ഈ ചോദ്യത്തിന് നല്‍കപ്പെട്ടിട്ടുണ്ട്.
മനുഷ്യപ്രകൃതത്തെ മുന്‍നിര്‍ത്തിയുള്ള ഖുര്‍ആനിന്റെ ഇത്തരം അധ്യാപനങ്ങള്‍ ജീവിതത്തിന് കൃത്യമായ അര്‍ഥവും ദിശാബോധവും നല്‍കുന്നുണ്ട്.
Comments