Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 16

3281

1444 ജമാദുല്‍ അവ്വല്‍ 22

എം.ടി ശിഹാബുദ്ദീന്‍

എ.കെ ഖാലിദ് മാസ്റ്റര്‍ ശാന്തപുരം

2022 നവംബര്‍ 27-ന് എം.ടി ശിഹാബുദ്ദീന്‍ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. മത-രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ സുപരിചിതനായ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി അംഗവും ശാന്തപുരം യൂനിറ്റിലെ പ്രവര്‍ത്തകനുമായിരുന്നു. തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, നുസ്‌റത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്, ശാന്തപുരം മഹല്ല് കമ്മിറ്റി, മഹല്ല് പലിശരഹിത വായ്പാ സമിതി എന്നിവയിലും അംഗമായിരുന്നു. ഇസ്‌ലാമിയാ കോളേജ് അലുംനി ശാന്തപുരം ചാപ്റ്റര്‍ ഖജാഞ്ചിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ ആദ്യകാല വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം ഉയര്‍ന്ന ക്ലാസുകളില്‍ എത്തിയെങ്കിലും കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം ഫൈനല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് അദ്ദേഹം ഉത്തരേന്ത്യയിലേക്ക് പോവുകയും വിവിധ പ്രൊജക്റ്റുകളില്‍ ജോലി ചെയ്ത് മെക്കാനിക്കല്‍ ജോലിയില്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. ആ സമയത്ത് ഗള്‍ഫ് നാടുകളിലേക്ക് കേരളക്കരയില്‍ നിന്ന് ആളുകള്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. അദ്ദേഹവും കപ്പല്‍ വഴി യു.എ.ഇയിലെത്തി. യു.എ.ഇ ഡിഫന്‍സില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തു. ഭാഷയിലുള്ള കഴിവും വിദഗ്ധമായ ജോലി നിര്‍വഹണവും കണക്കിലെടുത്ത് യു.എ.ഇ ഗവണ്‍മെന്റ് 1980-കളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജപ്പാനിലേക്ക് മെക്കാനിക്കല്‍ ഡിഫന്‍സ് സംഘത്തെ അയച്ചു.  അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം മലയാള പത്രങ്ങളില്‍ ആ വാര്‍ത്ത വന്നിരുന്നു. ശാന്തപുരത്ത് നിന്ന് ഗള്‍ഫിലേക്ക് ആദ്യമായി പോയവരില്‍ ഒരാളായിരുന്ന അദ്ദേഹം യു.എ.ഇയിലെ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ്. തന്റെ വളര്‍ച്ചക്ക് കാരണമായ ശാന്തപുരം ഇസ്‌ലാമിയാ കോളേജിനെയും അവിടത്തെ അധ്യാപകരെയും കുടുംബങ്ങളെയും നാട്ടുകാരെയും പ്രസ്ഥാനത്തെയും എപ്പോഴും അദ്ദേഹം സ്മരിച്ചു. കുടുംബങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും സഹായിച്ചു. വിദേശത്ത് കൊണ്ടു പോയി പലര്‍ക്കും ജോലി ശരിയാക്കിക്കൊടുത്തു. പ്രസ്ഥാനത്തെയും, പ്രസ്ഥാന മാധ്യമങ്ങള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാന കീഴ്ഘടകങ്ങള്‍, പള്ളികള്‍, മദ്‌റസകള്‍ എന്നിവയെയും അകമഴിഞ്ഞ് സഹായിച്ചു. ദാരിദ്ര്യമനുഭവിക്കുന്ന ചില പ്രദേശങ്ങളില്‍ സ്വന്തം നിലയ്ക്ക് പള്ളി പണിതതും അതിന്  വരുമാന മാര്‍ഗം  ഉണ്ടാക്കിക്കൊടുത്തതും ഈ കുറിപ്പുകാരന് നേരിട്ടറിയാം.
വിവാഹ ധനസഹായം, ചികിത്സാ സഹായം, പഠന സഹായം, വായ്പാ സഹായം എന്നിവ അവസാനം വരെ അദ്ദേഹം നല്‍കിക്കൊണ്ടിരുന്നു. വിദേശത്തും നാട്ടിലും പ്രസ്ഥാന സ്ഥാപനങ്ങളുടെ അവലംബമായിരുന്നു ശിഹാബുദ്ദീന്‍ സാഹിബ്. നാട്ടിലേക്ക് മടങ്ങിയതിന് ശേഷം  ക്ലാസുകളെടുത്തും സ്‌ക്വാഡുകള്‍ സംഘടിപ്പിച്ചും പ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞുനിന്നു. വിദേശത്തും സ്വദേശത്തും അദ്ദേഹത്തിന് ഒരു പാട് സുഹൃത്തുക്കളുണ്ട്. എല്ലാ സാമ്പത്തിക ഇടപാടുകളിലും അദ്ദേഹം സൂക്ഷ്മത പാലിച്ചിരുന്നു. ഒരിക്കല്‍ തന്റെ ബിസിനസില്‍ നഷ്ടം വന്നപ്പോള്‍ പങ്കാളികളായ ആളുകള്‍ക്ക് അദ്ദേഹം നഷ്ടം വകവെക്കാതെ മൂലധനം മുഴുവന്‍ മടക്കി നല്‍കി.
ഭാര്യയും നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.  എല്ലാവരും പ്രസ്ഥാന അനുഭാവികളാണ്.

പരേതനെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് 22-27
ടി.കെ ഉബൈദ്‌

ഹദീസ്‌

മത്സര പരാജയം; നബി(സ)യുടെ മാതൃക
അബ്ദുല്ലത്വീഫ് കൊടുവള്ളി