Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

കാവി ഇങ്ക് നിറച്ച പേനകള്‍ക്കിടയില്‍...

യാസീന്‍ വാണിയക്കാട്   [email protected]

ആ കടലാസു കെട്ടുകള്‍ തെഹല്‍ക്കയുടെ മേശപ്പുറത്ത് എഡിറ്റര്‍ സമക്ഷം സമര്‍പ്പിക്കപ്പെട്ടു. ഏഴുമാസത്തെ നിരന്തര പ്രയത്‌നത്തിന്റെ വിയര്‍പ്പുലവണങ്ങള്‍, നിദ്രാവിഹീനമായ രാത്രികള്‍, താണും ഉയര്‍ന്നും സ്പന്ദിച്ച മിടിപ്പുകള്‍, സത്യത്തെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കാന്‍ സാധിച്ചതിന്റെ നിര്‍വൃതി... എല്ലാം അതില്‍ തുളുമ്പിനിന്നു.
വായനക്കൊടുവില്‍ സീനിയര്‍ എഡിറ്റര്‍ ഷോമ ചൗധരിയുടെയും തേജ്പാലിന്റെയും സിരകളിലേക്ക് അതുവരെയില്ലാത്ത ഭയം അരിച്ചുകയറി. അത് പ്രസിദ്ധീകരിച്ചാല്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ച് അവര്‍ വിശകലനം ചെയ്തു. സത്യത്തിന് ഇത്രമേല്‍ കാഞ്ഞിരക്കയ്പുണ്ടെന്ന് അവരുടെ ധിഷണയിലൂടെ ഒരു വെള്ളിടി പാഞ്ഞിരിക്കണം. ഒടുവില്‍, തെഹല്‍ക്കയുടെ അച്ചുകള്‍ക്ക് അത് പ്രസിദ്ധീകരിക്കാന്‍ തക്ക മനക്കട്ടിയില്ലെന്ന് വിധിയെഴുതപ്പെട്ടു. ആ അന്വേഷണാത്മക റിപ്പോര്‍ട്ടുമേന്തി, തിരസ്‌കരിക്കപ്പെട്ട വേദനയോടെ തെഹല്‍ക്കയുടെ ഓഫീസിന്റെ പടിയിറങ്ങി നടന്നു, ആ യുവ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്, റാണ അയ്യൂബ്.
ഹിന്ദുത്വ-പരിവാര്‍ പ്രഭൃതികള്‍ വാഴുന്ന ഹിംസാത്മക ഇന്ത്യയില്‍ സത്യം വിളിച്ചുപറയുന്ന ജേണലിസ്റ്റുകളുടെ പരിണതി എന്താകുമെന്ന് എല്ലാവര്‍ക്കുമറിയാം. സന്ധിയാകലാണ് അവരുടെ കരിയറിലെ കൊഴിയാത്ത വസന്തം. മരണവുമായി ഉടമ്പടി ഒപ്പിട്ടവരോ, ജയിലറ വിശ്രമസങ്കേതമാക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയവരോ മാത്രമാണ് പുതിയ പാതകള്‍ വെട്ടാന്‍ പേനകള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ധൈര്യപ്പെടുകയുള്ളൂ. ആ പട്ടികയില്‍ തലയെടുപ്പോടെ നില്‍ക്കുന്നവരില്‍ മുന്‍നിരയിലുണ്ടാകും, റാണ അയ്യൂബെന്ന മാധ്യമപ്രവര്‍ത്തക.
തിരസ്‌കരിക്കപ്പെട്ട ആ അന്വേഷണാത്മക റിപ്പോര്‍ട്ട് 2016-ല്‍ Gujarat Files: Anatomy of a Cover Up എന്ന പേരില്‍, സ്വന്തം ചെലവില്‍ പ്രസിദ്ധപ്പെടുത്തിയാണ് ലോകത്തിന്റെ വായനക്കോലായകളിലേക്ക് അവര്‍ തള്ളിക്കയറിയത്. ഭരണകൂട ഗൂഢാലോചന അരങ്ങേറിയ അന്തഃപുരങ്ങളിലേക്കുള്ള തള്ളിക്കയറ്റത്തിന്റെ പരിണതി കൂടിയായിരുന്നല്ലോ ഗുജറാത്ത് ഫയല്‍ എന്ന പുസ്തകത്തിന്റെ പിറവി. അതിന്റെ പേരിലുള്ള വേട്ടയാണ് ഇ.ഡിയുടെ രൂപത്തില്‍ അവരുടെ കതകില്‍ തുടരെത്തുടരെ മുട്ടുന്നത്.
2002-ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോഡിയുടെയും ഭരണകൂടത്തിന്റെയും പങ്ക് വെളിച്ചത്ത് കൊണ്ടുവരാന്‍ ഒളിക്യാമറ മാത്രമല്ല അവര്‍ കൈയിലേന്തിയത്, 'മൈഥിലി ത്യാഗി' എന്ന പേര് കൂടി പടച്ചട്ടപോലെ തന്റെ പേരിന് മുകളില്‍ കൗശലപൂര്‍വം അവര്‍ എടുത്തണിഞ്ഞു. ഗുജറാത്ത് എന്ന സംസ്ഥാനത്തെയും അവിടത്തെ മുഖ്യനെയും കുറിച്ച് ഒരു സിനിമ പിടിക്കാനെന്ന വ്യാജേന അമേരിക്കയില്‍ നിന്നുമെത്തിയ മൈഥിലി ത്യാഗിക്കു മുമ്പാകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് മേധാവികള്‍,  രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ വംശഹത്യയെക്കുറിച്ചും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചു. അല്ല, അവരുടെ ഉള്ളറകളുടെ താക്കോല്‍ മൈഥിലി അപഹരിക്കുകയായിരുന്നു. ആ വിവരണങ്ങളാണ് തെഹല്‍ക്കയടക്കം പല മുന്‍നിര പ്രസിദ്ധീകരണങ്ങള്‍ കൈയൊഴിഞ്ഞതും, പിന്നീട് ഗുജറാത്ത് ഫയല്‍: അനാട്ടമി ഓഫ് എ കവറപ്പ് എന്ന പേരില്‍ പുസ്തകമാക്കിയതും.
ഒരു ലക്ഷം വിദ്യാര്‍ഥി സമൂഹത്തിന് സൗജന്യമായി നല്‍കിയ ഗുജറാത്ത് ഫയല്‍ ആഗോളതലത്തില്‍ ഹിന്ദുത്വക്ക് ഏല്‍പിച്ച പരിക്ക് ചെറുതല്ല. കശ്മീര്‍ ഫയല്‍ പോലെ അസത്യജടിലമായ സിനിമകള്‍ക്ക് നികുതിയിളവ് നല്‍കി ആളെക്കൂട്ടുന്നതു പോലെയല്ല, റാണാ അയ്യൂബിന്റെ പുസ്തകം, ഭാവിവാഗ്ദാനമായ യുവതയുടെ കൈകളില്‍ എത്തിച്ചേരുമ്പോള്‍ സംഭവിക്കുന്നത്. ഇന്നിപ്പോള്‍ ആമസോണിലെ ബെസ്റ്റ് സെല്ലറുടെ കൂട്ടത്തില്‍ റാണയും റാണ വിരിയിച്ച ഗുജറാത്തിന്റെ അനാട്ടമിയുമുണ്ട് എന്നത് പരിവാറിന്റെ വ്രണങ്ങളെ കുത്തിപ്പഴുപ്പിക്കലാണ്.
ഇനിയൊരു മൈഥിലി ത്യാഗിയും, വംശീയപ്പുറ്റുകളാല്‍ തിടം വെച്ച തങ്ങളുടെ ഉള്ളറകള്‍ ചികയാന്‍ ഒളിക്യാമറക്കണ്ണുമായി ഇന്‍വെസ്റ്റിഗേഷന് ഇറങ്ങരുത് എന്ന സന്ദേശമുണ്ട്, ഭരണകൂടത്തിന്റെ പല്ലിറുമ്മലിനും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരന്തരമായ വരവുപോക്കിനും പിന്നില്‍. ഈയവസരത്തിലും, 'തന്റെ പേന ഇനിയും ചലിക്കും, നിശ്ചലമാക്കാനാകില്ല' എന്ന റാണ അയ്യൂബിന്റെ ധീരമായ പ്രഖ്യാപനം, ആ എഴുത്താണി മുന കൂര്‍പ്പിച്ചിട്ടുള്ളത് ഒരു ചുടലത്തീയിലും വെന്തുരുകാത്ത ഇച്ഛാശക്തിയെന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടാണെന്ന് അടിവരയിടുന്നു.
കാവി ഇങ്കു നിറച്ച പേനകള്‍ക്കിടയില്‍ ഇതുപോലുള്ള എത്ര പേന കാണും ഗോദി മീഡിയക്കാലത്തെ ഇന്ത്യയില്‍?!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌