Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

പൊതു തത്ത്വങ്ങളെയും  അപവാദങ്ങളെയും  കൂട്ടിക്കുഴക്കുന്നവര്‍

പി.പി ഉമ്മര്‍കുട്ടി 

മനുഷ്യര്‍ സമൂഹമായാണ് ജീവിക്കുന്നത്.  ഓരോ ഘട്ടത്തിലും നമുക്ക് ഇടപെടേണ്ടതായ അനേകം പ്രശ്‌നങ്ങളുണ്ട്. സമൂഹമായി ജീവിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കും അവനവനിഷ്ടപ്പെട്ട കാര്യവുമായി മുന്നോട്ടു പോകാന്‍ സാധിക്കുകയില്ല. ഒരാളുടെ ഇഷ്ടം മറ്റൊരാള്‍ക്ക് ദോഷകരമായി ഭവിക്കും. അതുകൊണ്ട് നമുക്ക് ചില പൊതു തത്ത്വങ്ങളുടെ അടിസ്ഥാനത്തിലേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. എന്നാല്‍, ചിലരോടെങ്കിലും ചില സാഹചര്യങ്ങളില്‍  പ്രത്യേക നിലപാട് സ്വീകരിക്കേണ്ടതായും വരും. അപ്പോള്‍ മാത്രമേ കാര്യങ്ങള്‍ നീതിയോടെയും വിജയകരമായും പൂര്‍ത്തിയാക്കാന്‍ കഴിയൂ.
ഒരു   തോട്ടത്തില്‍ കാണ്ഡത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന മരങ്ങളും അതിന് സാധിക്കാത്ത വള്ളികളായി പടര്‍ന്നു നില്‍ക്കുന്ന ചെടികളുമുണ്ടാവും. ഓരോന്നിനും പ്രത്യേക പരിചരണമാണ് നാം നല്‍കുന്നത്.  കുരുമുളക് വള്ളിക്ക് സപ്പോര്‍ട്ട് ചെയ്യേണ്ടതായി വരുന്നു. മാവിന് സപ്പോര്‍ട്ടിന്റെ ആവശ്യമില്ല. പൊതുവായി അവയെല്ലാം തോട്ടത്തിന്റെ ഭാഗമാണെങ്കിലും അവയോരോന്നും വ്യത്യസ്തമാണ്. ഇങ്ങനെ ഓരോ കാര്യത്തിലും പൊതുവായ  മേഖലയും പ്രത്യേകമായ മറ്റൊരു മേഖലയുമുണ്ട്. ഓരോന്നിനും  പൊതുവായ അവസ്ഥയും പ്രത്യേകമായ അവസ്ഥയും ഉണ്ട്. നാം ദിനേന പൊതു സാഹചര്യവും പ്രത്യേക സാഹചര്യങ്ങളും  അഭിമുഖീകരിക്കുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക രീതിയിലാണ് നാം പെരുമാറുക.
കുട്ടികളുടെ പരീക്ഷാ സമയത്ത് ഓഫീസില്‍ നിന്ന് ലീവെടുത്ത് അവരെ സഹായിക്കാന്‍ മാതാക്കള്‍ തയാറാകുന്നത് പരീക്ഷക്കാലം മക്കളുടെ ഭാവിയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ പ്രത്യേക സാഹചര്യം ആയതിനാലാണ്. വീട്ടില്‍ ഒരു കല്യാണം നിശ്ചയിച്ചാല്‍ ഗൃഹനാഥന്‍ തന്റെ എല്ലാ പതിവ് ജോലികളും മാറ്റിവെച്ചു വിവാഹസംബന്ധമായ കാര്യങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പ്രത്യേക സാഹചര്യങ്ങളില്‍ പൊതു തത്ത്വങ്ങളില്‍ നിന്ന് ഭിന്നമായ, പലപ്പോഴും പൊതു തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്നു.

പൊതു തത്ത്വവും അപവാദങ്ങളും
(exceptions)

ജനാധിപത്യ സമൂഹത്തില്‍ നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍, പ്രായോഗികമായി ഏതൊരു നിയമത്തിനും അപവാദങ്ങളുണ്ടാകും. ചിലര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നു. ഒരേ കുറ്റം ചെയ്തവരില്‍ ചിലപ്പോള്‍ ഒരാള്‍ക്ക് ഒരു നിയമവും മറ്റൊരാള്‍ക്ക് മറ്റൊരു നിയമവുമായിരിക്കും. ഉദാഹരണം, ജുവനയില്‍ ജസ്റ്റിസ്. 18 വയസ്സ് പൂര്‍ത്തിയാകാത്ത ആള്‍ക്ക് പ്രായപൂര്‍ത്തി ആയവന്റെ ശിക്ഷ അല്ല നല്‍കുന്നത്. പലപ്പോഴും ശിക്ഷ തന്നെ നല്‍കുന്നില്ല. 18 വയസ്സ് പൂര്‍ത്തിയാകാതെ വാഹനം ഓടിച്ചു അപകടം വരുത്തിയാല്‍ അയാളെ ശിക്ഷിക്കുന്നതിനു പകരം അയാളുടെ മാതാപിതാക്കള്‍ അല്ലെങ്കില്‍ വാഹന ഉടമയാണ് ശിക്ഷിക്കപ്പെടുന്നത്. ഇത് നിയമത്തിന്റെ ഒഴിച്ചുനിര്‍ത്തല്‍ അഥവാ അപവാദം (Exception) ആണ്.
ജനാധിപത്യ സമൂഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ് അവസര സമത്വം. നിശ്ചിത യോഗ്യതകളുള്ള   ആര്‍ക്കും രാജ്യത്തിലെ ഏതൊരു സ്ഥാനത്തേക്കും അപേക്ഷിക്കാം; സ്ഥാനങ്ങള്‍ നേടാം. എന്നാല്‍, ചിലര്‍ക്ക്  ചില സ്ഥാനങ്ങളിലേക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു. സാമൂഹികമായും ചരിത്രപരമായും പിന്നാക്കം നില്‍ക്കുന്ന ചില വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയാല്‍ മാത്രമേ നീതി നടപ്പാവുകയുള്ളൂ. അപ്പോള്‍ അവസര സമത്വം എന്ന പൊതു തത്ത്വത്തിന്റെ അപവാദമാണ് സംവരണം. ചുരുക്കത്തില്‍, എല്ലാ കാര്യങ്ങളിലും പൊതുവായി അംഗീകരിക്കപ്പെട്ട ഒരു പൊതു മാനദണ്ഡമുണ്ട്. അതോടൊപ്പം എല്ലാ രംഗത്തും ചില പ്രത്യേക വിഭാഗത്തിന്, പ്രത്യേക കാലത്തേക്ക്, പ്രത്യേക വ്യക്തികള്‍ക്ക്, അതല്ലെങ്കില്‍ പ്രത്യേക  സാഹചര്യങ്ങളില്‍ പൊതു തത്ത്വങ്ങളില്‍ നിന്ന് വിഭിന്നമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതായും വരുന്നു. മതേതര സമൂഹങ്ങളില്‍ മുതിര്‍ന്ന ആളുകള്‍ ഉഭയ സമ്മത പ്രകാരം നടത്തുന്ന വിവാഹേതര ലൈംഗികവൃത്തിയെ കുറ്റമായി കാണുന്നില്ല. എന്നാല്‍, അവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ അത് കഠിന ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി മാറുന്നു. ഇവിടെ ഒരേ കാര്യം തന്നെ കുറ്റമാകുന്നതും അല്ലാതാകുന്നതും ഏര്‍പ്പെട്ട വ്യക്തികളുടെ അവസ്ഥയനുസരിച്ചാണ്. ഇങ്ങനെ നോക്കുമ്പോള്‍ നമ്മുടെ സാമൂഹികാവസ്ഥയില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു പൊതു തത്ത്വം ഉണ്ടെങ്കില്‍ പോലും ചില കാര്യങ്ങളൊക്കെ അതില്‍ നിന്ന് ഒഴിവാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അപവാദങ്ങളെ 
സാമാന്യവത്കരിക്കുന്നു

പൊതുവായ കാര്യങ്ങളെ അങ്ങനെയും അപവാദങ്ങളെ (Exceptions) അപവാദങ്ങളായും കാണുക എന്നതാണ് സാമാന്യ രീതി. അപ്പോള്‍ മാത്രമേ കാര്യങ്ങളുടെ യഥാര്‍ഥ അവസ്ഥ വ്യക്തമാവുകയുള്ളൂ. എന്നാല്‍, ചില ആളുകള്‍ ചില പ്രത്യേക അജണ്ടകളുമായി അപവാദങ്ങളെ സാമാന്യവല്‍ക്കരിച്ച് പൊതു തത്ത്വങ്ങളായി അവതരിപ്പിക്കും. ഇസ്‌ലാമുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും നവനാസ്തികര്‍ കൈക്കൊണ്ടിരിക്കുന്ന  നിലപാടാണിത്. നാളിതുവരെ മനുഷ്യര്‍ തുടര്‍ന്നുവരുന്ന പൊതു തത്ത്വങ്ങളെ പൊതു തത്ത്വങ്ങളായും അപവാദങ്ങളെ അപവാദങ്ങളായും കാണുക എന്ന രീതിയെ തകിടം മറിച്ച് അപവാദങ്ങളെ സാമാന്യവത്കരിച്ച് സമൂഹത്തില്‍  ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയാണിവര്‍. ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്നവര്‍ ഇത്തരം രീതികള്‍ സ്വീകരിക്കില്ല.
ഖുര്‍ആന്‍ മനുഷ്യജീവന് പവിത്രത കല്‍പിക്കുന്നു. ഒരാള്‍ അന്യായമായി മറ്റൊരാളെ വധിച്ചാല്‍ അത് മുഴുവന്‍ മനുഷ്യസമൂഹത്തെയും വധിച്ചതിന് തുല്യമാണെന്ന് ഖുര്‍ആന്‍ പറയുന്നു. അന്യായമായ കൊലപാതകം ഏഴ് വന്‍പാപങ്ങളില്‍ ഒന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ഇത്  പൊതു തത്ത്വമാണ്. എന്നാല്‍,  യുദ്ധം  ഒരു പ്രത്യേക സാഹചര്യമാണ്. യുദ്ധത്തില്‍ വധിക്കലും വധിക്കപ്പെടലുമാണ് സംഭവിക്കുന്നത്.
എതിരാളിയോട് പൊരുതാതെ മേല്‍പ്പറഞ്ഞ പൊതു തത്ത്വം പാലിച്ചാല്‍ താന്‍ വധിക്കപ്പെടുകയാവും അനന്തര ഫലം. അപ്പോള്‍ യുദ്ധമെന്ന പ്രത്യേക സാഹചര്യത്തില്‍ ഈ പൊതു തത്ത്വം ബാധകമാവുകയില്ല എന്നതാണ് മനുഷ്യര്‍ ഇന്നേവരെ സ്വീകരിച്ചിരിക്കുന്ന രീതി.
ഇതു തന്നെയാണ് ഖുര്‍ആനും പറയുന്നത്.  ഇവിടെ വിമര്‍ശകര്‍ പയറ്റുന്നത് യുദ്ധപശ്ചാത്തലത്തില്‍ അവതരിച്ച സൂക്തങ്ങളെ സാമാന്യവത്കരിച്ച് അതിനെ പൊതു തത്ത്വം ആക്കുന്ന കുടില തന്ത്രമാണ്. യുദ്ധത്തില്‍ വധിക്കുന്നത് സംബന്ധിച്ചവതരിച്ച സൂക്തങ്ങളെ സാമാന്യവത്കരിച്ചു (generalising) ഖുര്‍ആന്‍ കൊലപാതകത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്നു വരുത്തിത്തീര്‍ക്കുന്നു. ഒരാള്‍ വധിക്കപ്പെട്ടാല്‍ ഘാതകനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അയാള്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വാങ്ങിക്കൊടുക്കാന്‍  വ്യവസ്ഥാപിത ഭരണകൂടം ഏതറ്റം വരെ പോകാനും തയ്യാറാകുന്നു. എന്നാല്‍, രാജ്യത്തെ അക്രമിക്കാന്‍ വരുന്ന ശത്രുക്കളെ വകവരുത്തി രാജ്യത്തെ സംരക്ഷിക്കുന്ന സൈനികനെ അതേ ഭരണകൂടം തന്നെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുന്നു. ഇവിടെ സാധാരണക്കാരനും സൈനികനും ചെയ്തത് അപരനെ വധിക്കുക എന്ന ഒരേ കാര്യമാണ്. എന്നാല്‍, ഒരാള്‍ക്ക് വധശിക്ഷയും മറ്റൊരാള്‍ക്ക് ബഹുമതിയും. ഇവിടെ സൈനികന്‍ ചെയ്തതിനെ സാമാന്യവല്‍ക്കരിച്ച് അദ്ദേഹത്തെ കുറ്റവാളിയായി ഒരാള്‍ ചിത്രീകരിക്കുകയാണെങ്കില്‍ അത്തരക്കാരെ  സാമാന്യ ബോധമില്ലാത്തവര്‍ എന്നേ പറയാന്‍ പറ്റൂ.
മറ്റൊരു വിഷയമാണ് അടിമത്തം. മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയാണ്. ലാഇലാഹ ഇല്ലല്ലാഹു എന്ന കലിമ എല്ലാത്തരം അടിമത്തങ്ങളെയും നിഷേധിച്ച് അല്ലാഹുവിനെ മാത്രം രക്ഷകനും യജമാനനും ആയി സ്വീകരിക്കലാണ്. മനുഷ്യന്‍ അല്ലാഹുവിന്റെ സൃഷ്ടിയും മനുഷ്യര്‍ പരസ്പരം സഹോദരന്മാരും ആണെന്ന  പൊതു തത്ത്വമാണ് പ്രസ്തുത കലിമ ഉദ്‌ഘോഷിക്കുന്നത്. എന്നാല്‍, ചരിത്രത്തിലെ ചില പ്രത്യേക ഘട്ടങ്ങളില്‍ അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു. സ്വതന്ത്രനെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കുന്ന എല്ലാ സമ്പ്രദായവും ഇസ്‌ലാം അവസാനിപ്പിച്ചു. എന്നാല്‍, യുദ്ധത്തടവുകാരുടെ പ്രശ്‌നം അപ്പോഴും അവശേഷിച്ചു. യുദ്ധം പൂര്‍ണമായി നിലക്കാത്തതുകൊണ്ട് തടവുകാരെ അക്കാലത്തെ രീതിയനുസരിച്ച് അടിമകളാക്കുന്ന സമ്പ്രദായം നിലനിന്നു. ഇത് യുദ്ധം എന്ന പ്രത്യേക സാഹചര്യം സൃഷ്ടിച്ച അക്കാലത്തെ അനിവാര്യമായ  അവസ്ഥയാണ്. ഇത് ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ അടിമയല്ല എന്ന പൊതു തത്ത്വത്തിന്റെ  അപവാദം (exception)മാത്രമാണ്. മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയാണെന്ന് പറയുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്ന എല്ലാത്തരം വ്യവസ്ഥകളോടുമാണ് അത് കലഹിക്കുന്നത്. എല്ലാ പ്രത്യേക അധികാരങ്ങളെയും അത് ചോദ്യം ചെയ്യുന്നു. ഈജിപ്തിലെ ഭരണാധികാരിയുടെ മകന്‍ അന്യമതസ്ഥനെ മര്‍ദിച്ചതിനെതിരെ നടപടിയെടുക്കുമ്പോള്‍ ഖലീഫ പറഞ്ഞത്, 'മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ചവരെ നിങ്ങള്‍ എന്നു മുതലാണ് അടിമകളാക്കാന്‍ തുടങ്ങിയത്' എന്നാണ്. യുദ്ധത്തില്‍ തടവിലാക്കിയവരെ അടിമകളാക്കുന്ന അന്നത്തെ സമ്പ്രദായത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിനെ ഒരു അടിമ വ്യവസ്ഥയായി സാമാന്യവല്‍ക്കരിക്കുക എന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചുവരുന്നത്.
മറ്റൊന്ന് മനുഷ്യാവകാശ പ്രശ്‌നങ്ങളാണ്. മനുഷ്യന്റെ അന്തസ്സ്, മനുഷ്യന്റെ തുല്യ അവകാശം, മനുഷ്യന്റെ സ്വാതന്ത്ര്യം എന്നിവയില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. ഒരര്‍ഥത്തിലുള്ള വിവേചനവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍, മനുഷ്യന്‍ സമൂഹമായി ഒരു രാഷ്ട്ര സംവിധാനത്തിനകത്ത് ജീവിക്കുമ്പോള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനും ജനങ്ങളുടെ ക്ഷേമത്തിനും രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും നിയന്ത്രണങ്ങളും ശിക്ഷാ നടപടികളും ആവശ്യമായി വരും. എങ്കില്‍ മാത്രമേ നിയമവാഴ്ച ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. അര്‍ഥപൂര്‍ണമായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. എന്നാല്‍, ഇസ്‌ലാം  ശിക്ഷാനടപടികളും സ്വാതന്ത്ര്യ നിഷേധവുമാണെന്ന് പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും  ഏത് മനുഷ്യന്റെയും ജന്മാവകാശമാണ്. എന്നാല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും തടവില്‍ പാര്‍പ്പിക്കുകയും അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയുമൊക്കെ ചെയ്യേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ പൊതു തത്ത്വം പാലിക്കുമ്പോള്‍ തന്നെ ചില വ്യക്തികളോട് ചില കാലത്തേക്ക് ചില അവസരങ്ങളില്‍ പ്രായോഗിക ജീവിതത്തില്‍ പൊതു തത്ത്വത്തില്‍ നിന്ന് വിഭിന്നമായ മറ്റൊരു രീതി സ്വീകരിക്കേണ്ടതായും വരും. പ്രവാചകന്‍ പൊതു തത്ത്വങ്ങള്‍  ആവിഷ്‌കരിച്ചതോടൊപ്പം തന്നെ പ്രായോഗിക ജീവിതത്തിന്റെ വഴികാട്ടി കൂടിയായിരുന്നു. ചാരുകസേരയിലിരുന്ന് തത്ത്വങ്ങള്‍ പ്രസംഗിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് അന്യ നാട്ടില്‍ അഭയം തേടിയ പ്രവാചകനെയും അനുയായികളെയും സൈനികമായി നേരിടാന്‍ വന്നവരെ അതേ വിധം പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ വാളേന്തിയ പ്രവാചകന്‍ എന്നുപറഞ്ഞ് പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മദീനയിലെത്തിയ പ്രവാചകന്‍ ഒരു ഭരണാധികാരി കൂടിയായിരുന്നു എന്നകാര്യം  മറക്കാന്‍ പാടില്ല. അദ്ദേഹം യുദ്ധത്തില്‍ ഏര്‍പ്പെട്ടത് ശത്രുക്കളില്‍ നിന്ന് തന്റെ പ്രജകളെ രക്ഷിക്കുക എന്ന രാജധര്‍മം നിര്‍വഹിക്കാനാണ്. യുദ്ധവിജയത്തിന് കഴിയുന്നത്ര ശക്തി സംഭരിക്കുന്നതോടൊപ്പം തന്നെ മികച്ച തന്ത്രങ്ങളും അത്യാവശ്യമാണ്. യുദ്ധരംഗത്തും പ്രായോഗിക ജീവിതത്തിലും പൊതു തത്ത്വങ്ങള്‍ക്ക് അപവാദമായി സ്വീകരിച്ച തന്ത്രങ്ങളെ ചതി, കളവ്, തഖിയ്യ എന്നെല്ലാം പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു ഇവര്‍.
പ്രവാചകന്റെ ഹിജ്‌റ ആസൂത്രണത്തിന്റെയും തന്ത്രങ്ങളുടെയും മികച്ച ഉദാഹരണമാണ്. ശത്രുക്കളുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകുന്ന ഒരാള്‍ എത്രയും പെട്ടെന്ന് അവരില്‍ നിന്ന് വിദൂരത്തെത്തുവാനാണ് ശ്രമിക്കുക. മദീനയായിരുന്നു ലക്ഷ്യം എന്നതിനാല്‍ മക്കയുടെ വടക്കു ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുകയാണ് ഒരാള്‍ ചെയ്യേണ്ടത്. എന്നാല്‍, പ്രവാചകന്‍ മക്കയുടെ സമീപമുള്ള ഒരു ഗുഹയില്‍ മൂന്ന് ദിവസം നില്‍ക്കുകയും തനിക്കും കൂട്ടുകാരനും യാത്ര, വാഹനം, ഭക്ഷണം എന്നിവ ലഭിക്കുന്നതിന് സൗകര്യമുണ്ടാക്കുകയും, പട്ടണത്തിലെ സ്ഥിതിഗതികള്‍ സഹായി മുഖേന മനസ്സിലാക്കുകയും, ഖുറൈശികളുടെ ആവേശം കുറയുവോളം കാത്തുനില്‍ക്കുകയും ചെയ്യുന്നു. അതിനുശേഷം ഒരു വഴികാട്ടിയുടെ സഹായത്തോടെ വടക്കോട്ട് പോകേണ്ടതിന് പകരം തെക്കോട്ട് സഞ്ചരിച്ച് പതിവ് യാത്രാ വഴികള്‍ ഉപേക്ഷിച്ച് യാത്ര ചെയ്തു മദീനയില്‍ എത്തുന്നു. ഹിജ്റ എന്നത് മികച്ച ആസൂത്രണവും തന്ത്രപരമായ നീക്കങ്ങളുമായിരുന്നു. ലക്ഷ്യം നേടാന്‍ വേണ്ടി അസാധാരണ ഘട്ടങ്ങളില്‍ അസാധാരണ നീക്കമാണ് ആവശ്യം. സാധാരണ മനുഷ്യര്‍ പ്രശ്‌നങ്ങളെ നേരിടുന്നത് രണ്ടു വിധത്തിലാണ്. നേരിടുക അല്ലെങ്കില്‍ ഓടിയകലുക. ഒരാള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ഒന്നുകില്‍ അയാളോട് എതിരിട്ട് ജയിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ അയാളില്‍ നിന്ന് എത്രയും വേഗം ഓടിയകലും. എതിരിടുക അല്ലെങ്കില്‍ ഓടിയകലുക (fight or flight) - ഹിജ്റയില്‍ ഇത് രണ്ടും സാധ്യമാകുമായിരുന്നില്ല. രണ്ടായാലും പിടിക്കപ്പെടും. അതുകൊണ്ടുതന്നെയാണ് നബിയുടെ ഹിജ്റ ഒരു അസാധാരണ സംഭവമാകുന്നതും അത് നിര്‍വഹിക്കാന്‍ അസാധാരണ രീതി അവലംബിച്ചതും. അങ്ങനെയാണ് അദ്ദേഹം, തന്നെ വധിക്കുവാന്‍ ഒരു നാട് മുഴുവന്‍ ഒന്നിച്ചണിചേര്‍ന്നിട്ടും അതില്‍നിന്ന് രക്ഷപ്പെട്ടത്. അസാധാരണ ഘട്ടങ്ങളിലെ ഇത്തരം അസാധാരണ പ്രവര്‍ത്തനങ്ങളെ തഖിയ്യ എന്നെല്ലാം പറഞ്ഞ് പരിഹസിക്കുന്നവര്‍ യാഥാര്‍ഥ്യബോധമില്ലാത്തവരാണ്.

പ്രവാചകനിലേക്ക് മാത്രമായി 
ചുരുക്കുന്നു 

അപവാദങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതു പോലെത്തന്നെ പ്രയോഗിക്കുന്ന മറ്റൊരു കുതന്ത്രമാണ്, പൊതുവേ കഴിഞ്ഞ കാലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും ചെയ്തുകൊണ്ടിരുന്ന ചില പ്രവൃത്തികളെ പ്രവാചകനിലേക്ക് മാത്രമായി ചുരുക്കിക്കാണിക്കുക എന്നത്. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുക, ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുക, പ്രായാന്തരമുള്ളവരെ വിവാഹം ചെയ്യുക ഇതെല്ലാം കഴിഞ്ഞ കാലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും നടന്നുവന്നിരുന്നു. ഇന്നത്തേതില്‍ നിന്ന് രണ്ടു തലമുറ പിന്നോട്ട് പോയാല്‍ വിമര്‍ശകരുടെ വീട്ടില്‍ പോലും ഇത്തരം സംഭവങ്ങളുണ്ടാകും. എന്നാല്‍, ഇത്തരം കാര്യങ്ങളെ പ്രവാചകന്‍ മാത്രം ചെയ്തതും മറ്റാരും ഇതു വരെ ചെയ്തിട്ടില്ലാത്തതുമായ ഒരു മഹാസംഭവമാക്കി ചുരുക്കി, പൊടിപ്പും തൊങ്ങലും വെച്ച് വര്‍ണിച്ചു പ്രവാചകനെ പരിഹസിക്കുകയാണ്  ഇവരുടെ രീതി.
'ഇസ്‌ലാം സമാധാന മതം' എന്ന് പറഞ്ഞും പരിഹസിക്കും. ഇസ്‌ലാം യുദ്ധം ചെയ്തു, യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും സമാധാനം എന്നാണോ പറയുക എന്നാണ് ചോദ്യം. വാക്കുകളുടെ സാന്ദര്‍ഭികമായ അര്‍ഥം  മനസ്സിലാക്കണം. സമാധാന ദൗത്യസേന (peace keeping force) എന്ന് പറഞ്ഞാല്‍ എന്താണര്‍ഥം? ഒരു സ്ഥലത്ത് അശാന്തി പടരുമ്പോള്‍ അവിടെ സമാധാനം സ്ഥാപിക്കാനുള്ള സേനയാണ് സമാധാന ദൗത്യസേന. പരസ്പരം ഏറ്റുമുട്ടുന്നവരുടെ ഇടയിലേക്ക് ആയുധവുമായി ചെന്ന് അവരെ കീഴ്‌പ്പെടുത്തി സമാധാനം സ്ഥാപിക്കുക എന്നതാണ് സമാധാന സേന ചെയ്യുന്നത്. ഇത് സമാധാനത്തിനു വേണ്ടി നടത്തുന്ന യുദ്ധമാണ്. അറേബ്യയില്‍ നൂറ്റാണ്ടുകളായി പരസ്പരം പോരടിച്ചിരുന്നവരെ  പരസ്പരം കോര്‍ത്തിണക്കി സമാധാനം സ്ഥാപിക്കുകയാണ് നബി ചെയ്തത്. എട്ട് വര്‍ഷം കൊണ്ട്, വിശാലമായ അറേബ്യയിലെ പരസ്പരം കലഹിച്ചിരുന്ന ഗോത്രങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്ത് സമാധാനം സ്ഥാപിച്ച അദ്ദേഹം യുദ്ധം ചെയ്തത് സ്വന്തം ജനതയെ മറ്റുള്ളവരുടെ കടന്നാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുക എന്നതിനൊപ്പം, പരസ്പരം ഏറ്റുമുട്ടി ജീവിതവും വിഭവങ്ങളുമെല്ലാം നഷ്ടപ്പെടുത്തി തകര്‍ന്നടിഞ്ഞ ഗോത്രങ്ങളെ ഐക്യത്തിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്ന  ഭരണാധികാരിയുടെ ധര്‍മം നിര്‍വഹിക്കാന്‍ വേണ്ടികൂടിയായിരുന്നു.
നൂറ്റാണ്ടുകള്‍ ജനതതികളെ അടിമകളാക്കി ചൂഷണം ചെയ്ത പാശ്ചാത്യ കൊളോണിയല്‍ ശക്തികളുടെ അതിക്രമങ്ങളെക്കുറിച്ച് ഇവര്‍ മിണ്ടുകയേ ഇല്ല.   പ്രവാചകനെതിരെ  എല്ലാ കുന്തമുനകളും അവര്‍ തിരിച്ചു വെച്ചിട്ടുമുണ്ടാവും. പ്രവാചകനെ എല്ലാ കുറ്റങ്ങളുടെയും കേന്ദ്രബിന്ദുവാക്കി ചിത്രീകരിക്കുക എന്ന ഇക്കൂട്ടരുടെ തന്ത്രം നാം തിരിച്ചറിയാതെ പോകരുത്. രാജ്യത്ത് അക്രമത്തിനു മുതിരുന്നവര്‍ക്കെതിരെ വ്യവസ്ഥാപിത ഭരണകൂടം നടപടിയെടുക്കുമ്പോള്‍, അത് രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി കലാപകാരികളെയും രാജ്യദ്രോഹികളെയും അടിച്ചമര്‍ത്തി അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി രാജ്യത്തെ രക്ഷിക്കലാണ്. എന്നാല്‍, ഇതേ കാര്യം പ്രവാചകന്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം ചെയ്യുമ്പോള്‍ അത് നിരപരാധികളായ ഗോത്രങ്ങളെ ആക്രമിക്കലും അവരെ പീഡിപ്പിക്കലും അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കലുമായി മാറുന്നു. ഈ ഇരട്ടത്താപ്പിനെയാണ് തുറന്നുകാണിക്കേണ്ടത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌