Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

നബി(സ) യുടെ സമ്പത്തിന്റെ സ്രോതസ്സുകള്‍

ഇദ്‌രീസ് അഹ്മദ്

തര്‍ബിയത്ത് /

നബി തിരുമേനി സമ്പന്നനും അതേസമയം അത്യുദാരനും ആയിരുന്നുവെന്ന് ജീവചരിത്ര- പൈതൃക ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാണ്.  അതിനെ ശരിവെക്കുന്ന വിശ്വാസയോഗ്യമായ ധാരാളം റിപ്പോര്‍ട്ടുകളും വൈജ്ഞാനിക ഗവേഷണങ്ങളും കാണാവുന്നതാണ്. നബി തിരുമേനി തന്റെ കൈവശമുള്ളതില്‍ പിശുക്കുകയോ ധൂര്‍ത്ത് കാണിക്കുകയോ ചെയ്തിരുന്നില്ല. തനിക്ക് മുമ്പില്‍ തുറക്കപ്പെട്ട ദുനിയാ സൗകര്യങ്ങളില്‍ അദ്ദേഹം വിരക്തനുമായിരുന്നു. റസൂല്‍ (സ) തന്നെപ്പറ്റി പറയുമായിരുന്നു: 'ഞാനാര്,  ഈ ദുനിയാവില്‍ വെറും ഒരു യാത്രക്കാരനല്ലാതെ! അയാള്‍ മരത്തണലില്‍ കുറച്ചിട വിശ്രമിക്കുന്നു, പിന്നീട് അത് ഉപേക്ഷിച്ച് യാത്രയാവുകയും ചെയ്യുന്നു.' എന്നല്ല, അന്തലൂസിലെ ചില പണ്ഡിതന്മാര്‍, നബി തിരുമേനിയെ ദരിദ്രനായിരുന്നു എന്ന് വിശേഷിപ്പിക്കുന്നത് വിലക്കുകയും അതിനെ  ശിക്ഷാര്‍ഹമായ പ്രവാചക നിന്ദയായി കാണുകയും ചെയ്തിരുന്നു.
നബി തിരുമേനിയുടെ വരുമാന സ്രോതസ്സുകളെക്കുറിച്ച് പഠനം നടത്തിയ ഗവേഷകനായ  അബ്ദുല്‍ ഫത്താഹ് സമാന്‍  ആ സ്രോതസ്സുകള്‍ ഏതൊക്കെയാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഖുര്‍ആനിക വചനവും നബിയുടെ സമ്പന്നതയെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ:
'അവന്‍ (അല്ലാഹു) നിന്നെ പ്രാരാബ്ധക്കാരനായി കണ്ടു; അപ്പോള്‍ നിനക്ക് സമ്പത്തരുളി' (അദ്ദുഹാ 8).  ഈ ഖുര്‍ആനിക സൂക്തം മുന്നില്‍ വെച്ചു നബിതിരുമേനിയുടെ വരുമാന സ്രോതസ്സുകള്‍ ഏതൊക്കെയായിരുന്നു എന്നു നോക്കാം:
അതിലൊന്ന്, കച്ചവടത്തില്‍ നിന്നുള്ള നബി (സ)യുടെ സമ്പാദ്യമാണ്. നബി(സ) തന്റെ പ്രവാചകത്വ നിയോഗത്തിന് മുമ്പ് ഖുറൈശികളോടൊപ്പം കച്ചവട യാത്രകള്‍ നടത്തിയിരുന്നു. പത്‌നി ഖദീജ (റ) യുടെ സമ്പത്തുമായി കച്ചവട യാത്രകള്‍ ചെയ്തതും പ്രസിദ്ധമാണ്. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: 'നബി തിരുമേനി വില്‍ക്കുകയും വാങ്ങുകയും ചെയ്യുമായിരുന്നു. നിയോഗത്തിനു ശേഷം വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ വാങ്ങുകയുായി. അതേ പ്രകാരം ഹിജ്‌റക്കു ശേഷം അത്ര വിലമതിക്കാത്ത സാധനങ്ങളായിരുന്നു വിറ്റിരുന്നത്. കപ്പ്, കുതിരയുടെ ജീനി പോലുള്ളവ.... എന്നാല്‍, അദ്ദേഹം  ധാരാളമായി വാങ്ങിയിരുന്നു. വാടക കൊടുക്കുകയും വാടകക്കെടുക്കുകയും ചെയ്തു. വാടക കൊടുക്കുന്നതിനെക്കാള്‍ വാടകക്കെടുത്തിട്ടുണ്ട്. പ്രവാചകത്വ ലബ്ധിക്കു മുമ്പ് ആടു മേയ്ച്ചു കൂലി വാങ്ങിയിരുന്നു. (ശാമിലേക്കുള്ള കച്ചവട യാത്രയില്‍ ഖദീജ(റ)യുടെ ധനത്തില്‍ അദ്ദേഹം കൂലി സ്വീകരിച്ചിട്ടു്).'
നബി (സ) തന്റെ കച്ചവടത്തിലൂടെ സമ്പാദിച്ചത് നന്മയുടെ മാര്‍ഗത്തില്‍ ചെലവഴിക്കാനും ആവശ്യക്കാരെ സഹായിക്കാനുമായിരുന്നു. ദിവ്യ ബോധനത്തിന്റെ ആദ്യ സൂക്തങ്ങള്‍ അവതരിച്ച ഘട്ടത്തില്‍ നബി ആകുലചിത്തനായപ്പോള്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് അവിടുത്തെ പ്രിയപത്‌നി ഖദീജ(റ) പറയുന്ന ആശ്വാസവചനങ്ങള്‍ ആ ജനസേവന പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണല്ലോ. ഖദീജ (റ) യുടെ വാക്കുകള്‍ ഇങ്ങനെ: 'ഇല്ല, അല്ലാഹുവാണ, അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കയില്ല. അങ്ങുന്ന് കുടുംബ ബന്ധം പുലര്‍ത്തുന്നു; പാവപ്പെട്ടവരെ സംരക്ഷിക്കുന്നു; അഗതികള്‍ക്കു വേണ്ടി സ്വയം അധ്വാനിച്ചു സഹായം നേടിക്കൊടുക്കുന്നു; അതിഥികളെ സല്‍ക്കരിക്കുന്നു; ആപദ് ഘട്ടങ്ങളില്‍ ആശ്വാസം നല്‍കുന്നു' (ബുഖാരി: 3). ഉദാരതയുടെ ഈ അഞ്ച് വിശേഷണങ്ങളും ശാരീരികാധ്വാനം കൊണ്ടും സമ്പത്തിന്റെ വിനിയോഗം കൊണ്ടുമല്ലാതെ കരഗതമാവുകയില്ല.
ഇബ്‌നു ഹജര്‍ പറയുന്നു: 'അദ്ദേഹത്തില്‍ ഉയര്‍ന്ന ധാര്‍മിക സ്വഭാവങ്ങള്‍ മേളിക്കുന്നു എന്ന് വിശേഷിപ്പിക്കാന്‍ കാരണമുണ്ട്. സമ്പത്ത് കൊണ്ടോ ശരീരം കൊണ്ടോ വ്യയം ചെയ്യുന്നതും അധ്വാനിക്കുന്നതും ബന്ധുക്കള്‍ക്ക് വേണ്ടി മാത്രമല്ല, ബന്ധുക്കളല്ലാത്തവര്‍ക്കും വേണ്ടിയാണ്. കാര്യങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ കഴിയുന്നവര്‍ക്കും അതിന് കഴിയാത്തവര്‍ക്കും നല്‍കുന്നുണ്ട്. ഇതെല്ലാം ചേര്‍ന്ന ഒരു വിശേഷണമാണത്' (ഫത്ഹുല്‍ ബാരി 1/24).
നബി തിരുമേനിക്ക് അവിടുത്തെ മാതാപിതാക്കളില്‍ നിന്നും പ്രിയപത്‌നി ഖദീജ (റ) യില്‍ നിന്നും  അനന്തരമായി ലഭിച്ച സ്വത്തുക്കളാണ് രണ്ടാമത്തേത്. അതില്‍ ചില മുതലുകള്‍ വഖ്ഫ് മുതലില്‍പെട്ടതാണ്. ഈ സ്വത്തുക്കളെക്കുറിച്ച പരാമര്‍ശങ്ങള്‍ ഫറാഇദിന്റെ ഗ്രന്ഥങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും വന്നിട്ടുള്ളതായി കാണാം. അബൂ യഅ് ലല്‍ ഫര്‍റാഅ് തന്റെ ഗ്രന്ഥത്തില്‍ വാഖിദി പരാമര്‍ശിക്കുന്നതായി പറയുന്നു: നബി(സ)ക്ക് തന്റെ പിതാവ് അബ്ദുല്ലായില്‍ നിന്ന് ഉമ്മു അയ്മന്‍ എന്ന  എത്യോപ്യക്കാരിയായ അടിമസ്ത്രീയെ അനന്തരമായി ലഭിച്ചു. അവരുടെ പേര് ബറക എന്നായിരുന്നു. കൂടാതെ അഞ്ച് ഒട്ടകങ്ങളും ഒരു പറ്റം ആടുകളും ശഖ്‌റാന്‍ എന്ന അടിമയും അദ്ദേഹത്തിന് പൈതൃകമായി ലഭിച്ചു. പ്രവാചകന് തന്റെ മാതാവ് ആമിന ബിന്‍ത് വഹബില്‍ നിന്ന്, മക്കയിലെ ബനൂ അലി താഴ്‌വരയില്‍ അദ്ദേഹം ജനിച്ചുവളര്‍ന്ന വീടും ഏതാനും മുതലുകളും അനന്തരമായി കിട്ടി. അദ്ദേഹത്തിന്റെ അനന്തരാവകാശ സ്വത്തില്‍ തന്റെ ഭാര്യ ഖദീജ ബിന്‍ത് ഖുവൈലിദി (റ) ല്‍ നിന്ന്  ലഭിച്ച അത്ത്വാറൂന്‍ ചന്തക്ക് പിറകില്‍ സ്വഫാമര്‍വക്കിടയിലായി ഒരു വീടും ഉണ്ടായിരുന്നു.
ഹകീമുബ്‌നു ഹിസാം ഖദീജ (റ)ക്ക് വേണ്ടി സൈദുബ്‌നു ഹാരിസയെ ഉക്കാള് ചന്തയില്‍ നിന്ന് 400 ദിര്‍ഹമിന് വാങ്ങി. റസൂല്‍ (സ) അവരില്‍ നിന്ന് സൈദിനെ ദാനമായി സ്വീകരിച്ചു. സൈദിനെ പിന്നീട് മോചിപ്പിക്കുകയും അദ്ദേഹത്തിന് ഉമ്മു അയ്മനെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. അവരില്‍ നിന്നാണ് നുബുവ്വത്തിന് ശേഷം ഉസാമ ജനിക്കുന്നത് (അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ 201).
യുദ്ധമുതലിന്റെ അഞ്ചിലൊരു വിഹിതമാണ് മൂന്നാമത്തെ വരുമാന സ്രോതസ്സ്. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ നിന്ന് മുസ്ലിംകള്‍ നേടുന്ന യുദ്ധാര്‍ജിത ധനങ്ങളില്‍ അഞ്ചിലൊരംശം പ്രവാചകന്റെ ധനസ്രോതസ്സുകളിലൊന്നായിരുന്നു. അല്ലാഹു പറയുന്നു: 'അറിഞ്ഞിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങള്‍ കരസ്ഥമാക്കിയ യുദ്ധമുതല്‍ എന്താവട്ടെ, അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ദൈവദൂതനും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും അഭയാര്‍ഥികള്‍ക്കും ഉള്ളതാകുന്നു' (അല്‍ അന്‍ഫാല്‍ 41). എന്നല്ല, യുദ്ധമുതലുകളായിരുന്നു നബി (സ) യുടെ ഏറ്റവും വലിയ ധനാഗമ മാര്‍ഗം. നബി(സ)ക്ക് അല്ലാഹു അനുഗ്രഹിച്ച് നല്‍കിയ മറ്റൊരു ധനസ്രോതസ്സായിരുന്നു ഫൈഅ്. ഗനീമത്തി(യുദ്ധമുതല്‍)ല്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഫൈഅ്. യുദ്ധത്തിലൂടെ അല്ലാതെ ശത്രുക്കളില്‍ നിന്ന് മുസ്‌ലിംകള്‍ കരസ്ഥമാക്കുന്ന ധനമാണ് സാങ്കേതികമായി ഫൈഅ്. മാവര്‍ദി പറയുന്നു: 'അത് ജിസ്‌യ (നികുതി), ഹദ്‌നത്ത് (സന്ധി) പോലെയുള്ള ധനമാണ്.'
അതിനുദാഹരണങ്ങളാണ് മദീനയിലെ ബനുന്നദീറിന്റെയും ഫദകിന്റെയും സമ്പത്തുകള്‍. നബി (സ) യുടെ സമ്പത്തിന്റെ സ്രോതസ്സുകളിലെ വലിയ ഭാഗം രൂപപ്പെടുന്നത് ഫൈഇലൂടെയായിരുന്നു. മാലികുബ്‌നു ഔസ് (റ) പറയുന്നതായി സുനനു അബീ ദാവൂദ് രേഖപ്പെടുത്തുന്നു: റസൂലി(സ)ന് മൂന്ന് ഗനീമത്ത് ഭൂമികള്‍ ഉണ്ടായിരുന്നു. ഒന്ന്, ബനുന്നദീര്‍. ഈ ഭൂമി ആപദ് ഘട്ടങ്ങള്‍ക്കു വേണ്ടി നീക്കിവെച്ചിരുന്നു. രണ്ട്, ഫദക്. അത് അഭയാര്‍ഥികള്‍ക്കു വേണ്ടി മാറ്റിവെച്ചതായിരുന്നു.
മൂന്ന്, ഖൈബര്‍. റസൂല്‍ (സ) അത് മൂന്ന് ഭാഗമാക്കി. രണ്ടു ഭാഗം മുസ്‌ലിംകള്‍ക്കിടയില്‍ വീതിക്കുകയും ഒരു ഭാഗം തന്റെ കുടുംബക്കാര്‍ക്ക് നല്‍കുകയും ചെയ്തു. അതില്‍ കുടുംബക്കാരുടെ ചെലവ് കഴിച്ചു ബാക്കിവരുന്നവ മുഹാജിറുകളിലെ ദരിദ്രര്‍ക്കിടയില്‍ ചെലവഴിക്കുമായിരുന്നു. (സുനനു അബീ ദാവൂദ് 2967).
നബി തിരുമേനിയുടെ വരുമാന സ്രോതസ്സുകളെക്കുറിച്ച് പഠനം നടത്തിയ അബ്ദുല്‍ ഫത്താഹ് സമാന്‍, അല്ലാഹു നബി തിരുമേനിക്ക് നല്‍കിയ ഫൈഇന്റെ ധനത്തെക്കുറിച്ച് ചില നിഗമനത്തിലെത്തിച്ചേരുകയുണ്ടായി: ഒന്ന്, ഫൈഇന്റെ ധനം, അത് ധാരാളം ഉണ്ടായിരിക്കെ, നബി (സ) അത് ഉദാരമായി ചെലവഴിച്ചുകൊണ്ടിരുന്നു. അദ്ദേഹം അത് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഫൈഇന്റെ അവകാശികള്‍ക്കു നല്‍കുമായിരുന്നു. ഫൈഇന്റെ അവകാശികള്‍ ഗനീമത്ത് മുതലിന്റെ അവകാശികളില്‍ നിന്ന് വ്യത്യസ്തമത്രെ. യുദ്ധ മുതലിന്റെ അഞ്ചില്‍ നാല് ഭാഗം യോദ്ധാക്കളുടെ അവകാശമാണ്.                            
രണ്ട്, നബി (സ) തന്റെ പിതൃവ്യന്‍ അബ്ബാസ് (റ) ബദ്‌റില്‍ പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് മോചനദ്രവ്യമായി സ്വീകരിച്ച തുകയ്ക്ക് പകരം (അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച ശേഷം), അല്ലാഹുവിന്റെ വാഗ്ദാനമനുസരിച്ച് ഫൈഇല്‍നിന്ന് ഒരു വിഹിതം അദ്ദേഹത്തിനു നല്‍കി.
കൂടാതെ,  ഫൈഇന്റെ ധനത്തില്‍ നിന്ന് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും നബി (സ) വിഹിതം നല്‍കിയിരുന്നു.
മൂന്ന്, യുദ്ധത്തിലൂടെ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന ഗനീമത്ത് മുതലില്‍ ചെയ്യാറുള്ളതു പോലെ, നബി (സ) ഫൈഇന്റെ ധനം അഞ്ചിലൊന്ന് ആക്കിയില്ല.
നാല്,  നബി (സ) ഫൈഇന്റെ ധനം തുല്യമായി വീതിച്ചില്ല. കാരണം, നബി (സ) സ്വന്തം ഇജ്തിഹാദ് നടത്തിയിട്ടാണ് അത് വീതിച്ചിരുന്നത്. അതിനാല്‍ തന്നെ ഫൈഅ് സകാത്തായോ ജിസ്‌യയായോ നികുതിയായോ പരിഗണിക്കപ്പെടുകയില്ല (തആമുലുന്നബി മഅ അംവാലിഹി, പേജ് 234). 
വിവ: ഇബ്രാഹീം ബാദുഷ ഐ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌