Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

മാറിയ  സാഹചര്യത്തില്‍ ദൗത്യനിര്‍വഹണം

/ പി.കെ ജമാല്‍  [email protected]

ഇസ്‌ലാമിക പ്രബോധനം, സത്യസാക്ഷ്യം എന്നീ ദൗത്യങ്ങളെക്കുറിച്ച് സാമാന്യ ധാരണയുള്ളവരാണ് ഏറക്കുറെ എല്ലാവരും. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ ദേശങ്ങളില്‍ ആഗതരായ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത ആദര്‍ശം വിശദാംശത്തില്‍ ഭിന്നമായിരുന്നുവെങ്കിലും സാരാംശത്തില്‍ ഏകമായിരുന്നു- ഇസ്‌ലാം. ഓരോ പ്രവാചകനും താന്‍ ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ചും അഭിസംബോധിതരായ ജന സമൂഹത്തെക്കുറിച്ചും വ്യക്തമായ ധാരണയും അവബോധവും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലാഹു അവര്‍ക്ക് ദിശാബോധം പകര്‍ന്നുനല്‍കി, ഓരോ സമൂഹത്തിലും കത്തിനിന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രബോധന രീതികള്‍ നിര്‍ണയിച്ചുകൊടുത്തു. മുന്‍ഗണനാ ക്രമങ്ങളെയും ഊന്നലുകളെയും കുറിച്ച വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഓരോ പ്രവാചകനും പ്രവര്‍ത്തിച്ചത്. സാഹചര്യങ്ങള്‍ പ്രതിജന ഭിന്നമായിരുന്നു. നിലനിന്ന സാംസ്‌കാരികവും  ധാര്‍മികവും സദാചാരപരവുമായ പ്രശ്‌നങ്ങള്‍ അപഗ്രഥിച്ചു പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. വിശ്വാസപരമായ ധാരണകള്‍ തിരുത്തി. സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ സംഭവിച്ച മൂല്യച്യുതിയും അപഭ്രംശങ്ങളും അപചയങ്ങളും ചൂഷണവും അധാര്‍മികതയും അക്കമിട്ടു പറയുകയും നവലോക നിര്‍മിതിക്കുള്ള അടിസ്ഥാന പാഠങ്ങള്‍ നല്‍കുകയും ചെയ്തു.
ഇങ്ങനെ, പ്രവാചകന്മാര്‍ നിര്‍വഹിച്ച പ്രബോധന ദൗത്യം ഇന്ത്യയില്‍ നിര്‍വഹിക്കുമ്പോള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. ഇന്ത്യയുടെ ചരിത്രം, സംസ്‌കാരത്തിന്റെ അന്തര്‍ധാര, സാഹചര്യം, ജനതയുടെ പൈതൃകവും പാരമ്പര്യവും തുടങ്ങി, ജീവിക്കുന്ന രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉള്ളറകളിലേക്കിറങ്ങി പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട നിരവധി വിഷയങ്ങളുണ്ട്. ഒരു ജനതയെ കുറിച്ചുള്ള വ്യക്തമായ ധാരണയും കാഴ്ചപ്പാടുമില്ലാതെ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തില്ല. ഈ തിരിച്ചറിവിന്റെ ഫലമായി ജന്മം കൊണ്ട കൃതിയാണ് വി.കെ ഹംസ അബ്ബാസ് രചിച്ച സത്യസാക്ഷ്യ നിര്‍വഹണം. ഇന്ത്യന്‍ സംസ്‌കൃതിയുടെ അടിസ്ഥാനം, ഹൈന്ദവത എന്ന സംസ്‌കാരം, നിലവിലുള്ള ഇന്ത്യന്‍ പശ്ചാത്തലം, ഇന്ത്യന്‍ സമൂഹം; സവിശേഷതകള്‍, ബ്രാഹ്മണ മേധാവിത്വം, സംവാദം ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍, മാര്‍ഗദര്‍ശനം; വിവിധ വശങ്ങള്‍, ബുദ്ധി ജീവികള്‍ എന്ന അന്ധവിശ്വാസികള്‍, മുസ്‌ലിംകളുടെ ഉത്തരവാദിത്വം തുടങ്ങി ഇരുപത് അധ്യായങ്ങളുള്ള ഈ കൃതി, പുരാണങ്ങളം ഉപനിഷത്തുകളും വേദഗ്രന്ഥങ്ങളും നിരത്തി ഇന്ത്യയെ അപഗ്രഥിക്കുകയും ഇന്ത്യന്‍ സാഹചര്യത്തെ കൃത്യമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ആധ്യാത്മികത, നാനാത്വം, മതേതരത്വം എന്നീ മൂന്ന് സവിശേഷതകള്‍ ഉള്‍ച്ചേര്‍ന്ന ഇന്ത്യന്‍ സാഹചര്യത്തെ ഇഴകീറി പരിശോധിക്കുന്നു. കെട്ടകാലത്തിന്റെ മനംമടുപ്പിക്കുന്ന അനുഭവങ്ങളുടെ ഭൂമികയില്‍നിന്നു കൊണ്ട് ഇസ്‌ലാമിക പ്രബോധന ദൗത്യം എങ്ങനെ നിറവേറ്റാം എന്ന പരിശോധനയും നിരീക്ഷണവും നിര്‍ദേശങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. സത്യസാക്ഷ്യം എന്ന നിര്‍ബന്ധ കടമയെക്കുറിച്ച നിരവധി കൃതികളും പഠനങ്ങളും വായനക്ക് ലഭ്യമാണ്. അതേ സന്ദര്‍ഭത്തില്‍ നിലവിലെ ഇന്ത്യന്‍ അവസ്ഥയില്‍ ദൗത്യനിര്‍വഹണത്തിന് വെളിച്ചം നല്‍കുന്ന കൃതികള്‍ തുലോം വിരളമാണ്. അവിടെയാണ് ഈ കൃതിയുടെ വര്‍ത്തമാനകാല പ്രസക്തി. രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് പരിചയമില്ലാത്ത ഇന്ത്യയാണ് ഇന്നത്തേത്. പഴയതും ചിരപരിചിതവുമായ സാമഗ്രികളും രീതികളും ഉപയോഗിച്ച് പ്രബോധന പ്രവര്‍ത്തനത്തില്‍ വിജയിക്കാം എന്ന മൗഢ്യ വിചാരം കൈയൊഴിച്ചേ തീരൂ. പുതിയ ലോകത്തും പുതിയ കാലത്തും സംവേദനത്തിനും ആശയ വിനിമയത്തിനും പുതിയ രീതികളും രീതിശാസ്ത്രങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് അനായാസം കയറിച്ചെല്ലാവുന്ന ശാസ്ത്രീയ രീതികള്‍ വികസിച്ച ഈ കാലത്ത് പ്രബോധന പ്രവര്‍ത്തനത്തിന് അവ പ്രയോജനപ്പെടുത്തിയേ മതിയാവൂ. ഇന്ത്യന്‍ ചുറ്റുപാടില്‍ ഇസ്‌ലാമിക പ്രബോധന ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് കൈപുസ്തകമാണ് ഈ കൃതി. 

സത്യസാക്ഷ്യ നിര്‍വഹണം
വി.കെ ഹംസ അബ്ബാസ്
പ്രസാധനം: ഐ.പി.എച്ച്
പേജ്: 87, വില: 150 രൂപ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌