Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

ചൈനയിലെ ഒറ്റയാള്‍ ഭരണം

പ്രതീക്ഷിച്ചതു പോലെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭരണത്തിലും തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചിരിക്കുന്നു, ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം തവണയും ചൈനയുടെ പ്രസിഡന്റായി നിശ്ചയിക്കപ്പെട്ട ഷി ജിന്‍പിങ്. തനിക്കെതിരെ ഒരാളുടെയും നാവ് പൊങ്ങാത്ത തരത്തില്‍ മുഴുവന്‍ ഉപ അധികാര കേന്ദ്രങ്ങളെയും തച്ചുതകര്‍ത്തായിരുന്നു ഈ തേരോട്ടം. സാധാരണ ഗതിയില്‍ രണ്ട് തവണ മാത്രമാണ് ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാനാവുക. ജിയാങ് സെമിനും ഹു ജിന്റാവോയും ഇങ്ങനെ സ്ഥാനമൊഴിഞ്ഞവരാണ്. വയസ്സ് 68 കഴിഞ്ഞാല്‍ പാര്‍ട്ടി, ഭരണ സ്ഥാനങ്ങളില്‍ നിന്ന് വിരമിക്കണമെന്നും ഉപാധിയുണ്ടായിരുന്നു. ഈ രണ്ട് വ്യവസ്ഥകളും (ഷിക്ക് 69 വയസ്സുണ്ട്) തനിക്ക് മാത്രം ബാധകമാകാതിരിക്കാന്‍ 2018 -ല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു ഷി ജിന്‍പിങ്. അടുത്ത അഞ്ച് വര്‍ഷത്തേക്കും വേണമെങ്കില്‍ പിന്നെ ഒരഞ്ച് വര്‍ഷത്തേക്കും പാര്‍ട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് തടസ്സങ്ങളേതുമില്ല. സ്വേഛാധിപത്യം സ്ഥാപനവല്‍ക്കരിച്ച ഭരണകൂടങ്ങള്‍ ലോകത്ത് പലതുണ്ടെങ്കിലും അതിന് ഭരണഘടനാപരമായ 'സാധുത' ഉറപ്പാക്കിയ മറ്റൊരാള്‍ ഉണ്ടോ എന്ന് സംശയമാണ്. മാവോ സേ തുങിന് പോലും ചില അധികാര കേന്ദ്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അത്തരം ആഭ്യന്തര വെല്ലുവിളികള്‍ മുളയിലേ നുള്ളുക എന്നതായിരുന്നു ഷിയുടെ രീതി. തനിക്ക് അഭിമതരല്ലാത്തതിനാല്‍ 2017-ല്‍ 200 പോളിറ്റ് ബ്യൂറോ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. തനിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതപ്പെട്ടിരുന്ന ബോ സിലായ്, സുന്‍ സെഞ്ചായ് തുടങ്ങിയ നേതാക്കളെ അഴിമതിക്കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു. പാര്‍ട്ടിയിലും ഭരണത്തിലുമുണ്ടായിരുന്ന ധാരാളം പേര്‍ അഴിമതിക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിലാണ്. ഇവരില്‍ പലരും ഷിയുടെ പ്രതിയോഗികളാകാന്‍ സാധ്യതയുള്ളവരാണ് എന്ന വിലയിരുത്തലുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ സമ്മേളനം നടക്കുന്ന ഹാളില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയത് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാകാം. ചില പ്രതിയോഗികളെ അഴിമതിക്കുറ്റം ചുമത്തിയും അല്ലാത്തവരെ പ്രായപരിധി പറഞ്ഞും പുറത്ത് നിര്‍ത്തി, ഏഴംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും മറ്റു ഉന്നതാധികാര സമിതികളിലും തന്റെ ആള്‍ക്കാര്‍ മാത്രമേ ഉള്ളൂ എന്ന് ഉറപ്പ് വരുത്തിയിരിക്കുകയാണ് ഷി ജിന്‍പിങ്. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടക്ക് ഇതാദ്യമായി പോളിറ്റ് ബ്യൂറോയില്‍ ഒറ്റ സ്ത്രീ പോലുമില്ല.
മാര്‍ക്‌സിസത്തിന്റെയും സോഷ്യലിസത്തിന്റെയും വിജയകരമായ ഒരു ചൈനീസ് മോഡല്‍ അവതരിപ്പിക്കുമെന്ന് പറയുന്ന ഷി രാഷ്ട്രീയ സ്വേഛാധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. എതിര്‍ ശബ്ദമുയരുന്നത് 'ദുര്‍ബല നേതൃത്വ'ത്തിന്റെ അടയാളമായും കാണുന്നു. ഷി തന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന 'ശക്തമായ നേതൃത്വം' ഈ പശ്ചാത്തലം കൂടി വെച്ചു വേണം മനസ്സിലാക്കാന്‍. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ മേഖലകളിലും അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ള സ്ട്രാറ്റജികളാവും പുതിയ ടീം സ്വീകരിക്കുക. അപ്പോഴും റഷ്യ കുരുങ്ങിയത് പോലുള്ള യുദ്ധങ്ങളിലേക്ക് എടുത്തു ചാടാതിരിക്കാന്‍ ശ്രദ്ധിക്കും. തായ്‌വാന്‍ പ്രശ്‌നം കത്തിച്ച് നിര്‍ത്തുമ്പോഴും അതൊരു സൈനിക സംഘട്ടനത്തിലേെക്കത്താതിരിക്കാന്‍ ജാഗ്രത കാണിച്ചേക്കാം. ആഭ്യന്തര കാര്യങ്ങളില്‍ നിലപാട് ഒന്നുകൂടി കടുപ്പിക്കാനാണ് സാധ്യത. 2017-ല്‍ വിവിധ തടങ്കല്‍ പാളയങ്ങളിലായി പത്ത് ലക്ഷം ഉയിഗൂര്‍ വംശജര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കില്‍ ഉയിഗൂര്‍ വംശത്തിന്റെ ഉന്മൂലനം തന്നെയാവും ഇനി സംഭവിക്കുക. ഇതെല്ലാം മൂടിവെക്കപ്പെടുമെന്നതിനാല്‍, 'പുരോഗതിയിലേക്ക് കുതിക്കുന്ന' ചൈന മാത്രമേ ലോകത്തിന്റെ കണ്‍വെട്ടത്ത് ഉണ്ടാകൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌