Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

ആര്‍.എസ്.എസ് ആചാര്യ നും അര്‍ഥശൂന്യമായ ചര്‍ച്ചകളും

എ. റശീദുദ്ദീന്‍   [email protected]

ഇന്ത്യയിലെ ഇസ്ലാമോഫോബിയ സകല അതിരുകളും ഭേദിച്ച വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. ആര്‍.എസ്.എസ് പിന്നില്‍ നിന്ന് ഉലയൂതുന്ന ഈ വിദ്വേഷ പ്രചാരണങ്ങളെ അന്താരാഷ്ട്ര സമൂഹം ഗൗരവപൂര്‍വമായി കണക്കിലെടുക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സംഘടനയുടെ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഇക്കുറി ദസറ ആഘോഷ വേളയിലെ വാര്‍ഷിക വിജയദശമി പ്രഭാഷണം നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ഇദ്ദേഹത്തിന്റെ വിജയദശമി പ്രസംഗങ്ങളില്‍ 'വസുധൈവ കുടുംബക'ത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ചെടുത്താല്‍ അതുപോലെ അര്‍ഥശൂന്യമായ ഗിരിപ്രഭാഷണങ്ങള്‍ നടത്തിയ മറ്റൊരു ഇന്ത്യന്‍ നേതാവും ഇല്ലെന്നു തോന്നും. ആര്‍.എസ്.എസ് അടയാളപ്പെടുത്തുന്ന പ്രത്യേകയിനം ഹിന്ദുക്കള്‍ അവര്‍ക്കകത്തുള്ളവരോടു പോലും സഹജീവി ബോധത്തോടെ പെരുമാറുന്നതല്ല ഇന്ത്യ കണ്ടത്. ഇത്തവണയും പരസ്പരമുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ന്യൂനപക്ഷങ്ങളില്‍ നിലനില്‍ക്കുന്ന ഭീതി അകറ്റാനും എല്ലാവരുടെയും ആരാധനാ സമ്പ്രദായങ്ങളെ ബഹുമാനിക്കാനും ഭാഗവതിന്റെ ആഹ്വാനമുണ്ടായി. പക്ഷേ, മുന്‍ധാരണകളുടെ അജീര്‍ണം ബാധിച്ച പ്രസ്താവനകളായിരുന്നു അവയത്രയും. ഉദയ്പൂരിലെയും അമരാവതിയിലെയും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ (നൂപുര്‍ ശര്‍മാ സംഭവത്തിന്റെ തുടര്‍ച്ചയായുണ്ടായ) അപലപിക്കാന്‍ പതിവിന് വിപരീതമായി മുസ്ലിം സമുദായത്തിലെ അംഗങ്ങള്‍ മുന്നോട്ടുവന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക. 'പതിവിന് വിപരീതമായി' എന്ന വാക്ക് യഥാര്‍ഥത്തില്‍ മറ്റാരെക്കാളും ബാധകമാകുന്നത് ഈ പ്രസംഗം നടത്തിയ ആര്‍.എസ്.എസ് അധ്യക്ഷന് തന്നെയല്ലേ? മുസ്ലിംകളെ പച്ചക്ക് അങ്ങാടിയില്‍ അടിച്ചുകൊന്ന് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത എത്ര സംഭവങ്ങളെ ആര്‍.എസ്.എസ് അപലപിച്ചിട്ടുണ്ട്?
ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ആര്‍.എസ്.എസ് അടുത്തുനില്‍ക്കെ തല്‍ക്കാലം രംഗം ശാന്തമാക്കുക എന്നതിലപ്പുറം വസ്തുതകളോടോ സാമാന്യ ബുദ്ധിയോടോ ഒരു സത്യസന്ധതയുമില്ലാത്ത പ്രസംഗമായിരുന്നു സര്‍സംഘ് ചാലകിന്റേത്. രാജ്യത്തെ ഏറ്റവും വലിയ സംഘടനകളിലൊന്നിന്റെ നേതാവിന് സ്വന്തമായ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ ആവാമെങ്കിലും വസ്തുതാപരമായി തെറ്റു പറ്റരുതല്ലോ. മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ ഖുറൈശിയും ജനറല്‍ സമീറുദ്ദീന്‍ ഷായും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചെന്നു കണ്ട് ജനസംഖ്യാ വിഷയത്തില്‍ ഇന്ത്യയില്‍ പ്രചരിക്കുന്ന മിത്തുകളെ വളരെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടുവെന്ന് തോന്നിക്കുന്ന ഒരു ലേഖനം ഖുറൈശി ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതുകയും ചെയ്തിരുന്നു. എന്നിട്ടും ജനസംഖ്യാപരമായി വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന 2021-ലെ തന്റെ പ്രഭാഷണത്തിലെ വാദം സര്‍സംഘ് ചാലക് 2022-ലും ആവര്‍ത്തിക്കുകയാണ് ചെയ്തത്. രാജ്യത്തെ ഏതാണ്ടെല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും മറയ്ക്കു പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ ആര്‍.എസ്.എസിന്റെ നിലപാടുകള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ നിര്‍ണായക പ്രാധാന്യമുണ്ട്. ഖുറൈശിയും സംഘവും നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച മുഴുവന്‍ അവകാശവാദങ്ങളും ഒടുവിലത്തെ പ്രസംഗത്തോടെ റദ്ദ് ചെയ്യപ്പെടുകയാണ്. അതിലൂടെ അല്‍പ്പവും വിശ്വാസയോഗ്യമല്ലാത്ത ഒരു സംവിധാനത്തോടാണ് മുസ്ലിംകള്‍ ചര്‍ച്ചക്കു പോകുന്നതെന്ന നിരീക്ഷണവും ശക്തിപ്പെടുകയാണ്.
ഈ പ്രസംഗത്തിനു ശേഷം എന്താണ് മുസ്ലിംകള്‍ മനസ്സിലാക്കേണ്ടത്? തികച്ചും സാമാന്യ ബുദ്ധിയില്‍ അധിഷ്ഠിതമായ, ഗണിതശാസ്ത്രത്തിന്റെ ബാലപാഠങ്ങളില്‍ ഉള്‍പ്പെട്ട കാര്യം പോലും ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ അധ്യക്ഷനെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല എന്നല്ലേ? ആ സംഘടനയോടാണ്, മുസ്ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരാണെന്നും അവര്‍ക്ക് മറ്റെല്ലാ ഇന്ത്യക്കാരെയും പോലെയോ അതിനെക്കാള്‍ കൂടുതലായോ ഈ രാജ്യത്തോട് സ്നേഹമുണ്ടെന്നുമുള്ള അഗോചരമായ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്. രാജ്യത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാപരമായ അസന്തുലിതത്വം പെരുകുന്നു എന്നും അതിന്റെ കാരണം നിര്‍ബന്ധിത മതംമാറ്റവും ജനന നിരക്കുകളിലുള്ള പൊരുത്തമില്ലായ്മയുമാണെന്നും ഭാഗവത് പറയുമ്പോള്‍ അതില്‍ ഏതെങ്കിലും സമുദായത്തിന്റെ പേരു പറഞ്ഞിട്ടുണ്ടോ, ഇല്ലേ എന്ന ചര്‍ച്ചക്കൊന്നും ഒരു പ്രസക്തിയുമില്ല. ഇത്രയും കാലം ആര്‍.എസ്.എസ് ഏത് സമുദായങ്ങളെ കുറിച്ചാണ് ഇത് പറഞ്ഞുകൊണ്ടിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ തോതില്‍ മുസ്ലിംകളുടെ ജനന നിരക്ക് ഇന്ത്യയില്‍ കുറഞ്ഞുവെന്ന് ബോധ്യപ്പെടുത്താനായിരുന്നുവല്ലോ ഖുറൈശി പോയത്. ജനന നിരക്കുകളില്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ പത്ത് വര്‍ഷം മുമ്പേ ഉണ്ടായിരുന്ന 1.1 ശതമാനം വ്യത്യാസം നിലവില്‍ വെറും 0.3 ശതമാനമായി കുറഞ്ഞുവെന്നും ആയിരം വര്‍ഷങ്ങള്‍ കൊണ്ടുപോലും ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ ഹിന്ദുക്കളുടേതിനെക്കാള്‍ കൂടുന്ന ഒരു സാഹചര്യവും സാമൂഹികമായോ ഗണിതശാസ്ത്രപരമായോ സാധ്യമല്ലെന്നുമാണല്ലോ, താനെഴുതിയ പുസ്തകം മോഹന്‍ ഭാഗവതിന് സമ്മാനിച്ചു കൊണ്ട് മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ സ്ഥാപിച്ചത്. ഈ വസ്തുതകളെ കൂടിക്കാഴ്ചയില്‍ ഭാഗവത് അംഗീകരിച്ചു എന്നു തോന്നിക്കുന്നതാണ് ഇന്ത്യന്‍ എക്സ്പ്രസില്‍ ഖുറൈശി എഴുതിയ ലേഖനം. മുസ്ലിംകളിലെ ബഹുഭാര്യത്വത്തെ കുറിച്ച് പറയവേ, മുസ്ലിംകളിലെ ജനസംഖ്യാനുപാതം 1000 പുരുഷന്മാര്‍ക്ക് 946 സ്ത്രീകള്‍ മാത്രമാണെന്ന കണക്ക് ഖുറൈശി ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാഗവത് ഉറക്കെ ചിരിച്ചുവെന്നും ആ പോയന്റ് തനിക്ക് ശരിക്കും മനസ്സിലായെന്നും സംഘത്തോട് പറയുന്നുണ്ട്.   
എന്നിട്ടും, സ്ഥാപിക്കപ്പെട്ട കാലം മുതല്‍ ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന ദുരോരോപണം അതേമട്ടില്‍ ഭാഗവത് ആവര്‍ത്തിച്ചു. മാത്രമല്ല, അടുത്ത 50 വര്‍ഷം മുന്നില്‍ കണ്ട് ജനസംഖ്യാപരമായി രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി മറികടക്കാന്‍ എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമാവുന്ന നയരേഖ രൂപവത്കരിക്കാന്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപോദ്ബലകമായി അദ്ദേഹം ചൂണ്ടിക്കാട്ടിയ രണ്ട് പ്രശ്നങ്ങളും വാസ്തവ വിരുദ്ധമോ ഊതിപ്പെരുപ്പിച്ചതോ ആണ്. ബലം പ്രയോഗിച്ചും പ്രീണിപ്പിച്ചും നടക്കുന്ന മതംമാറ്റവും നുഴഞ്ഞു കയറ്റവും മൂലമാണ് ജനസംഖ്യാ അസന്തുലിതത്വം ഉണ്ടായതെന്നാണ് ഭാഗവത് പറയുന്നത്. പക്ഷേ, അങ്ങനെയൊരു അസന്തുലിതത്വം ഇന്ത്യയില്‍ എവിടെയും ഇല്ലെന്ന് തെളിയിക്കുന്നതാണ് 2019-21 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സര്‍വേ പുറത്തുവിട്ട കണക്കുകള്‍. കഴിഞ്ഞ ഒരു ദശാബ്ദ കാലയളവില്‍ ഹിന്ദു കുടുംബങ്ങളിലെ പ്രത്യുല്‍പ്പാദന നിരക്ക് 30 ശതമാനം കുറഞ്ഞപ്പോള്‍ മുസ്ലിംകളിലേത് 35 ശതമാനമാണ് താഴേക്കു വന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഹിന്ദുക്കളില്‍ സംഭവിച്ചതിനെക്കാളും കൂടുതലാണ് മുസ്ലിംകളില്‍ പത്ത് വര്‍ഷത്തിനിടയിലുണ്ടായ ഈ ഇടിവ്. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയുടെ തോതും കുത്തനെ കുറഞ്ഞു. 2001-ലെ 1.73 ശതമാനം ഉണ്ടായിരുന്ന വളര്‍ച്ചാ നിരക്ക് 2018-ല്‍ 1.04 ശതമാനം മാത്രമേയുള്ളൂ. ഈ കണക്കുകളെല്ലാം മോദി സര്‍ക്കാറിന്റെ മന്ത്രാലയങ്ങള്‍ തന്നെയാണ് ശേഖരിച്ചത്. അത് മറച്ചുപിടിച്ച് നുണ പറയുകയല്ലേ  ഭാഗവത് ചെയ്തത്?
ഉപമയും ഉല്‍പ്രേക്ഷയും രൂപകങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗം കൂടുതല്‍ സമൃദ്ധമാകുന്നുണ്ട് എന്നു മാത്രം. തന്റെ അണികള്‍ക്ക് കൃത്യമായി മനസ്സിലാകുന്ന ചില ദുസ്സൂചനകളിലൂടെ ആര്‍.എസ്.എസ് അധ്യക്ഷന്‍ പഴയ നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ന്യൂനപക്ഷങ്ങളില്‍ ആര്‍.എസ്.എസിനെ കുറിച്ച് ചിലര്‍ ഭീതി പടര്‍ത്തുകയാണ്; എന്നാല്‍, ഹെഡ്ഗേവാറിന്റെ കാലം തൊട്ടേ ആര്‍.എസ്.എസിനകത്ത് സദ്ഭാവന ഉണ്ടായിരുന്നു, നാമത് തുടരും എന്നൊക്കെ ഭാഗവത് അവകാശപ്പെടുന്നു. ഏതര്‍ഥത്തിലാണ് സാധാരണ ആര്‍.എസ്.എസുകാരന്‍ ഈ വാചകത്തെ മനസ്സിലാക്കേണ്ടത്? അവന്‍ ചെയ്തുവരുന്ന പ്രവൃത്തികള്‍ക്ക് ലഭിച്ച അംഗീകാരമായിട്ടല്ലേ? മുസ്ലിംകളില്‍ ആര്‍.എസ്.എസിനെ കുറിച്ച ഭീതി സൃഷ്ടിക്കുന്നത് ആരാണെന്നറിയാന്‍ രാജ്യത്ത് ഇതുവരെ നടന്ന വര്‍ഗീയ കലാപങ്ങളെ കുറിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ തന്നെ ധാരാളം മതി.
മുസ്ലിംകളെ കുറിച്ച വളരെ ലളിതമായ അടിസ്ഥാനങ്ങള്‍ പോലും സര്‍സംഘ് ചാലകിന് അറിയില്ലെന്ന് വായിക്കുന്നവര്‍ക്ക് തോന്നുന്ന ചില പരാമര്‍ശങ്ങള്‍ ഖുറൈശിയുടെ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. മുസ്ലിംകള്‍ ഹിന്ദുക്കളെ കാഫിറുകള്‍ എന്നു വിളിക്കുന്നത് അവസാനിപ്പിക്കണം എന്നതാണ് ഭാഗവത് മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളിലൊന്ന്. എന്തൊരു ബാലിശമായ ആവശ്യമാണിത്?! മറുഭാഗത്ത്, മുസ്ലിംകളെ ദുസ്സൂചനയോടെ ജിഹാദികള്‍ എന്നോ പാകിസ്താനികള്‍ എന്നോ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയുമൊക്കെ മുതിര്‍ന്ന നേതാക്കളടക്കം വിളിച്ച എത്രയെങ്കിലും ഉദാഹരണങ്ങള്‍ കാണിച്ചുതരാനാവും. 2017-ലെ വിജയദശമി പ്രസംഗത്തില്‍ റോഹിങ്ക്യന്‍ മുസ്ലിംകളെ സഹായിക്കുന്നവരെ കുറിച്ച് ജിഹാദീ എന്ന വാക്ക് ദ്വയാര്‍ഥ സൂചകമായി ഇതേ ഭാഗവത് തന്നെയും ഉപയോഗിച്ചിട്ടുണ്ട്. മറുഭാഗത്ത് ഉത്തരവാദപ്പെട്ട ഏത് മുസ്ലിം നേതാവാണ് ഹിന്ദുക്കളെ കാഫിറുകളെന്ന് അടച്ചാപേക്ഷിക്കുന്നത്? ചര്‍ച്ചയില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മുന്നോട്ടുവെച്ച മറ്റൊരു ആവശ്യം മുസ്ലിംകള്‍ ബീഫ് ഭക്ഷിക്കുന്നത് സ്വമേധയാ ഉപേക്ഷിക്കണമെന്നാണ്. ഇവിടെയും പ്രശ്നം ബീഫിനെ മുസ്ലിംകളുമായി മാത്രം ചേര്‍ത്തുകെട്ടുകയാണ്. അവര്‍ മാത്രമാണോ ഇന്ത്യയില്‍ ബീഫ് ഭക്ഷിക്കുന്നവര്‍? മറ്റുള്ള ഏതെങ്കിലും സമുദായത്തെ ബീഫിന്റെ പേരില്‍ സംഘ് പരിവാര്‍ തല്ലിക്കൊല്ലുന്നുണ്ടോ? മുസ്ലിം പ്രദേശങ്ങളിലല്ലാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഗോവയിലോ ബി.ജെ.പി ഇതൊരു രാഷ്ട്രീയ ആയുധമാക്കുന്നുണ്ടോ? എല്ലാം പോകട്ടെ, ഇന്ത്യയിലെ ഗോമാതാക്കള്‍ കൊല്ലപ്പെടുന്നതാണ് ആര്‍.എസ്.എസിനെ അലട്ടുന്ന വിഷയമെങ്കില്‍ മാട്ടിറച്ചി കയറ്റുമതി അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോടല്ലേ പറയേണ്ടത്? മോദിയുടെ കാലത്ത് ഇന്ത്യയുടെ മാട്ടിറച്ചി കയറ്റുമതി മുമ്പുള്ള എല്ലാ കാലങ്ങളിലെയും സര്‍ക്കാറുകളെക്കാള്‍ കൂടുകയാണ് ചെയ്തത്. ഈ കണക്കുകളും വസ്തുതകളും അവഗണിക്കുക മാത്രമല്ല, മുസ്ലിംകള്‍ ഗോക്കളെ സംരക്ഷിക്കുന്നവരാണെന്ന് കൂടി ഇതേ ഭാഗവത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിജയദശമി പ്രഭാഷണത്തില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിലെ ബി.ജെ.പിയുടേതടക്കമുള്ള സാമ്പത്തിക താല്‍പര്യങ്ങളെ മറച്ചുപിടിച്ചും കണ്ടില്ലെന്ന് നടിച്ചും ഇതൊരു ഹിന്ദു-മുസ്ലിം പ്രശ്നമാക്കി ചിത്രീകരിക്കുകയാണ്.
ഹിന്ദുത്വ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രത്യയ ശാസ്ത്രമാണെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞ മറ്റൊരു കാര്യം. ഭാഗവതുമായി ചര്‍ച്ചക്ക് പോയ ശാഹിദ് സിദ്ദീഖി എത്രയെത്ര ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഈ പോയന്റിനെ അക്കമിട്ട് തള്ളിപ്പറഞ്ഞിട്ടുണ്ട്? ശാഹിദിന്റെ കാര്യമിരിക്കട്ടെ, ആ സംഘത്തിലുണ്ടായിരുന്നവരില്‍ ആര്‍ക്കെങ്കിലും ബോധ്യപ്പെടുമായിരുന്നോ ഈ അവകാശവാദം? നാഗ്പൂരില്‍ ഈ ചര്‍ച്ച നടക്കുന്ന സമയത്ത് ഹിജാബ് കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ലായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അവസ്ഥ ഉടന്‍ അവസാനിപ്പിക്കണമെന്നും അവരുടെ വസ്ത്രമല്ല സര്‍ക്കാറിന്റെ നയമാവേണ്ടതെന്നും ഭാഗവത് ഒറ്റ പ്രസ്താവനയിറക്കിയാല്‍ തീരുമായിരുന്ന കേസാണല്ലോ അത്. എന്നാല്‍ വേഷമാണ്, വിദ്യയല്ല പ്രധാനപ്പെട്ടതെന്ന് ഒരു ജഡ്ജി വിധി പറഞ്ഞു. നിയമം നോക്കി വിധി പറഞ്ഞ രണ്ടാമത്തെ ജഡ്ജിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുകയും ചെയ്തു. ആശയപരമായ ഹിന്ദുത്വ സ്വാധീനം മൂലം ജഡ്ജിമാര്‍ അടിസ്ഥാന മൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്ന എത്രയെത്ര കേസുകളുണ്ട് ഇതുപോലെ.
അധിനിവേശം, ഭാരതീയത, പൗരത്വം മുതലായ വിഷയങ്ങളിലൊക്കെ അധരവ്യായാമം മാത്രമാണ് ആര്‍.എസ്.എസ് നടത്തുന്നത്. മുസ്ലിംകളും ക്രൈസ്തവരും കടന്നുകയറ്റക്കാരാണെന്നും ജൂതന്മാരും ജൈനന്മാരും രാജ്യത്തേക്ക് അഭയം ചോദിച്ചു വന്നവരാണെന്നുമുള്ള, പ്രസംഗത്തിലെ മറ്റൊരു പരാമര്‍ശം ശ്രദ്ധിക്കുക. ഇസ്രായേലിന്റെ മുംബൈ കോണ്‍സുലേറ്റ് ജനറല്‍ കോബി ശോശാന്നിയെ മുമ്പിലിരുത്തിയാണ് ഭാഗവത് ഇത് പറഞ്ഞത്. നിഥിന്‍ ഗഡ്കരിക്കും ദേവേന്ദ്ര ഫട്നാവിസിനും ഒപ്പം ഇത്തവണ ആര്‍.എസ്.എസ് പ്രത്യേകം ക്ഷണിച്ചു വരുത്തിയ അതിഥിയായിരുന്നു ശോശാന്നി. ഒരുഭാഗത്ത് നാസികളെ ആരാധിക്കുകയും മറുഭാഗത്ത് ഇസ്രായേലികള്‍ക്ക് അഭയം കൊടുക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് ആര്‍.എസ്.എസിനെ അങ്ങേയറ്റം അപകടകരമാക്കുന്നുണ്ട്. മാനവികതയെ കുറിച്ച സങ്കല്‍പ്പങ്ങള്‍ ഇപ്പോഴും 19-ാം നൂറ്റാണ്ടില്‍ നിന്ന് മാറിയിട്ടില്ലാത്ത സംഘടന കാലത്തിനൊപ്പം ഓടുകയും ചരിത്രത്തില്‍ നിന്ന് ഇരപിടിക്കുകയുമാണ് ചെയ്യുന്നത്.
ആര്‍.എസ്.എസ് നിലപാടുകള്‍ മയപ്പെടുത്തിയെന്നും ജനസംഖ്യാ അസന്തുലിതത്വവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും ഖുറൈശി ന്യായീകരിച്ചത് മനസ്സിലാക്കാനാവും. അതേ ന്യായമുപയോഗിച്ച് വിലയിരുത്തിയാല്‍, മുസ്ലിംകളെ തലോടിയെന്ന് മാധ്യമ പണ്ഡിറ്റുകള്‍ വിലയിരുത്തുന്ന ചില വാക്കുകള്‍ ഹിന്ദുക്കളുടെ ജാതി പ്രശ്നങ്ങളെ കുറിച്ചല്ലെന്ന് എങ്ങനെ വിശ്വസിക്കാനാവും? സ്വന്തം മതാനുയായികളോടു പോലും നേരെ ചൊവ്വെയല്ല ഭാഗവത് സംസാരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കണം എന്ന് പറയുന്നതിനിടെ, നമ്മുടെ പരമ്പരാഗത ശീലങ്ങള്‍ കൈയൊഴിക്കണമെന്നും രാജ്യമെന്ന നിലയില്‍ ചില യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളണമെന്നും ഭാഗവത് പറയുന്നുണ്ട്. ഇത് ദലിതരോടുള്ള ബ്രാഹ്മണ സമുദായത്തിന്റെയും സവര്‍ണ ജാതിക്കാരുടെയും മനോഭാവത്തെ കുറിച്ചല്ലേ? മാത്രമല്ല, പ്രസംഗത്തിലൊരിടത്ത് അമ്പലങ്ങളും ശ്മശാനങ്ങളും കുടിവെള്ള സ്രോതസ്സുകളും പങ്കുവെക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ടല്ലോ. മുസ്ലിംകളാണോ ഇതൊക്കെ പരസ്പരം വിലക്കുന്നവര്‍? അല്ലെങ്കില്‍ പിന്നെ ഈ കടംകഥ പറയല്‍ പരിപാടി അവസാനിപ്പിച്ച് നേര്‍ക്കുനേരെ കാര്യം പറയരുതോ അദ്ദേഹത്തിന്?
രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ പ്രധാനപ്പെട്ട ആഘോഷവേളകളിലൊന്നില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പ്രഭാഷണങ്ങള്‍ക്ക് ലഭിച്ചുവരുന്ന അപകടകരമായ സ്വീകാര്യത ഒരു ഗുരുതര പ്രശ്നമാണ്. ടെലിവിഷന്‍ ക്യാമറകള്‍ക്കു വേണ്ടിയും രേഖകളില്‍ പുണ്യവാളനാകാനും വേണ്ടി മാത്രമാണ് ഈ പ്രസംഗമെന്നും, മോഹന്‍ ഭാഗവതിന്റെ അണികളിലേക്ക് കൃത്യമായ സന്ദേശം വേറെ വഴിയിലൂടെ എത്തുന്നുണ്ടെന്നുമാണ് കഴിഞ്ഞ കാലത്തെ എല്ലാ പ്രസംഗങ്ങളും പിന്നീടുള്ള കാലത്തെ പ്രവൃത്തികളും താരതമ്യം ചെയ്താല്‍ വ്യക്തമാവുക. ഇത്തവണത്തെ വിജയദശമി പ്രഭാഷണത്തിന്റെ ഓളം നിലനില്‍ക്കുന്നതിനിടയിലാണ് മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന്, ദല്‍ഹി കലാപത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്മാരിലൊരാളാണെന്ന ആരോപണം നേരിടുന്ന പര്‍വേഷ് സാഹിബ് വര്‍മ എന്ന ബി.ജെ.പിയുടെ പാര്‍ലമെന്റംഗം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തത്. പര്‍വേഷിന്റെ അഛന്‍, മുന്‍ ദല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ മുതല്‍ക്കിങ്ങോട്ട് കറകളഞ്ഞ ആര്‍.എസ്.എസുകാരുടെ കുടുംബമാണത്. കുടുംബത്തിന്റെ സകല ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ സംഘടനയുടെ ആചാര്യനെയാണ് അങ്ങനെയെങ്കില്‍ പര്‍വേഷ് തള്ളിപ്പറഞ്ഞത്. രാജ്യത്തെ വിഭാഗീയതയെ കുറിച്ച് ഒടുവില്‍ സുപ്രീം കോടതി തന്നെ പരസ്യമായി നിലപാടെടുത്തു. ഒരു നിലക്കും മറച്ചുപിടിക്കാനും വ്യാഖ്യാനിച്ചൊപ്പിക്കാനും കഴിയാത്ത വിധം പരിധി ലംഘിച്ചപ്പോള്‍ സഹികെട്ടാണ് കോടതി ഇടപെട്ടതെന്ന് ആ കേസിന്റെ നാള്‍വഴി പരിശോധിച്ചാലറിയാം. മോദിയെ പോലും നിയന്ത്രിക്കാന്‍ ശേഷിയുള്ള, ഇന്ത്യന്‍ ഡീപ്സ്റ്റേറ്റിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഒരു ഭാഗത്ത് മാധ്യമങ്ങള്‍ മോഹന്‍ ഭാഗവതിനെ വിശേഷിപ്പിക്കുമ്പോഴാണ്, സ്വന്തം രാഷ്ട്രീയ സംഘടനയുടെ മൂന്നാംകിട നേതാക്കള്‍ വരെ സര്‍സംഘ് ചാലക് പറഞ്ഞതിനെതിരെ പരസ്യമായി വാക്കും പ്രവൃത്തിയുമായി രംഗത്തുവരുന്നത്.
ആര്‍.എസ്.എസിനോട് സംസാരിക്കാന്‍ പോകുന്നതിലെ ബുദ്ധിശൂന്യതയെ അടിവരയിടുന്നതു മാത്രമാണ് ആ സംഘടനയുടെയും അതിന്റെ അധ്യക്ഷന്റെയും വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം. ഖുറൈശിക്കു പുറമേ മുന്‍ അലീഗഢ് വി.സി (റിട്ട.) ജനറല്‍ സമീറുദ്ദീന്‍ ഷാ, മുന്‍ എം.പി ശാഹിദ് സിദ്ദീഖി, മുന്‍ ദല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗ്, വ്യവസായി സഈദ് ശേര്‍വാണി എന്നിവരടങ്ങിയ സംഘത്തില്‍ രാഷ്ട്രീയം അറിയാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല. ഒന്നുകില്‍ അവര്‍ക്ക് ബോധ്യപ്പെടുത്താനാവാത്തതോ അല്ലെങ്കില്‍ അവരെയും കൂടി വിഡ്ഢികളാക്കിയതോ ആയ ഈ 'കൂടിക്കാഴ്ചാ നാടകം' ഇനിയും തുടരുമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ആവട്ടെ, ഒന്നിനോടും പുറം തിരിഞ്ഞു നില്‍ക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, മോഹന്‍ ഭാഗവതിനും അദ്ദേഹത്തിന്റെ സംഘടനക്കും ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ മുസ്ലിംകളുടെ അടുത്തേക്ക് അങ്ങോട്ട് ചെല്ലുകയാണ് വേണ്ടത്. മുസ്ലിംകള്‍ ഇന്ത്യയുടെ ഉപ്പും വെണ്ണയുമാണെന്നൊക്കെ വെറുതെ വായ കൊണ്ട് പറയുന്നതിലൊന്നും ഒരു കാര്യവുമില്ല.  ഭാഗവത് കണ്ടില്ലെന്നു നടിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ ഇതേ വിജയദശമി ആഘോഷവേളയില്‍ തന്നെയുണ്ട്. ആരാധനാപരമായി മാത്രം വ്യത്യാസപ്പെട്ട ഹിന്ദുക്കള്‍ തന്നെയാണ് മുസ്ലിംകള്‍ എന്ന് സര്‍സംഘ് ചാലക് പറയുന്നതിന്റെ അര്‍ഥം മുസ്ലിംകളുടെ പള്ളികളിലേക്ക് ദസറ ആഘോഷത്തിന്റെ പേരില്‍ പാഞ്ഞു കയറി അതിനകത്ത് ലങ്കാദഹനം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ അണികള്‍ മനസ്സിലാക്കുന്നത്. ആദ്യം സ്വന്തം പരിവാരത്തിനകത്തുള്ളവരുമായി സംസാരിക്കാനും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുമാണ് അദ്ദേഹം ശ്രമിക്കേണ്ടത്. 
 9868428544
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌