Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

നദ്‌വത്തുല്‍ ഉലമായുടെ ചരിത്രദൗത്യം

ഇ.എന്‍ മുഹമ്മദ് മൗലവി

അറിവടയാളങ്ങള്‍-7 /
ഇന്ത്യയിലെ പ്രമുഖ ദീനീ കലാലയങ്ങളായ ദയൂബന്ദ് ദാറുല്‍ ഉലൂമിന്റെയും ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായുടെയും സ്ഥാപനവും പ്രവര്‍ത്തനങ്ങളും രാജ്യത്തെ മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രവുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ്. കേവല മത വിദ്യാലയങ്ങള്‍ എന്നതായിരുന്നില്ല അവയുടെ നിയോഗം. മുസ്‌ലിം സമൂഹത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് ഈ ദീനീ പാഠശാലകള്‍ ഉയര്‍ന്നുവന്നത്. അതുകൊണ്ട് തന്നെ ഈ ഉന്നത ദീനീ കലാലയങ്ങളുടെ നിലനില്‍പ്പ് ഇന്ത്യയിലെ മുസ്‌ലിം ഉമ്മത്തിന്റെ അസ്തിത്വവും അതിജീവനവുമായി ബന്ധപ്പെട്ടതാണ്.

നദ്‌വത്തിന്റെ ചരിത്രം
സാമൂഹിക വിമോചനത്തില്‍ ചെലുത്തിയ ആദര്‍ശപരമായ സ്വാധീനം, വ്യത്യസ്ത രാജ വംശങ്ങളുടെ എട്ട് നൂറ്റാണ്ട് നീണ്ടുനിന്ന ഭരണം, സ്വാതന്ത്ര്യ സമരത്തിലെ നേതൃപരമായ പങ്കാളിത്തം, ഗ്രന്ഥരചന ഉള്‍പ്പെടെയുള്ള വൈജ്ഞാനിക സംഭാവനകള്‍ എന്നിങ്ങനെ ഇന്ത്യാ ചരിത്രത്തില്‍ മുസ്‌ലിംകള്‍ക്ക് അഭിമാനിക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. അതേസമയം, വേദനിപ്പിക്കുന്ന പല അധ്യായങ്ങളും മുസ്‌ലിം ഇന്ത്യയുടെ ചരിത്രത്തില്‍ കടന്നുപോയിട്ടുമുണ്ട്. ബാഹ്യമായ ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളുമാണ് ഒരു ഭാഗത്ത് മുസ്‌ലിംകള്‍ നേരിടേണ്ടി വന്നതെങ്കില്‍, മറുഭാഗത്ത് ആഭ്യന്തരമായ അനൈക്യത്തിന്റെയും സംഘര്‍ഷത്തിന്റെയും ഇരുണ്ട രംഗങ്ങള്‍ക്കും മുസ്‌ലിം സമൂഹം പലപ്പോഴും സാക്ഷികളായിട്ടുണ്ട്. 
ബ്രിട്ടീഷുകാര്‍ക്കെതിരായ, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു മുസ്‌ലിം പണ്ഡിതന്മാരും ദയൂബന്ദ് പ്രസ്ഥാനവും. 
ഒന്നാമതായി, സാമ്രാജ്യത്വ അടിമത്തത്തിനും ചൂഷണത്തിനുമെതിരായ ഇസ്‌ലാമിന്റെ പ്രചോദനങ്ങള്‍. രാജ്യം അടിമപ്പെടുന്നതും രാജ്യ നിവാസികള്‍ ചൂഷണത്തിന് വിധേയരാകുന്നതും നിശ്ശബ്ദമായി നോക്കിനില്‍ക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയുമായിരുന്നില്ല. രണ്ടാമതായി, മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച്, ബ്രിട്ടീഷ് ആധിപത്യം തകര്‍ത്തുകളഞ്ഞത് നൂറ്റാണ്ടുകളായി തങ്ങളുടെ കൈയിലുണ്ടായിരുന്ന അധികാരമാണ്. ഇക്കാരണങ്ങളാലെല്ലാം മുസ്‌ലിംകള്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. ദയൂബന്ദ് പ്രസ്ഥാനവും ജംഇയ്യത്തുല്‍ ഉലമായും ഇതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, ബറേല്‍വി വിഭാഗങ്ങള്‍ ഇതേ സ്വഭാവത്തില്‍ സ്വാതന്ത്ര്യ സമര രംഗത്ത് ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല, ദയൂബന്ദികള്‍ക്കും ബറേല്‍വികള്‍ക്കും ഇടയിലെ ഭിന്നതകളെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്തു. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്നതായിരുന്നുവല്ലോ ബ്രിട്ടീഷുകാരുടെ തന്ത്രം. ഹിന്ദു-മുസ്‌ലിം ഭിന്നത മാത്രമായിരുന്നില്ല, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ ആഭ്യന്തര ഭിന്നതകളും ബ്രിട്ടീഷുകാര്‍ കത്തിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുവില്‍ത്തന്നെ, ആശയപരമായ ഭിന്നതകളും കക്ഷിത്വവുമുള്ള മുസ്‌ലിംകളില്‍ ഇത് കൂടുതല്‍ പ്രയാസം സൃഷ്ടിച്ചു. ബറേല്‍വികളെ ഇംഗ്ലീഷുകാര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും പറയാം. ദയൂബന്ദികളാകട്ടെ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിക്കുകയും ചെയ്തു.
ഉത്തരേന്ത്യയില്‍ ബറേല്‍വി-ദയൂബന്ദി-അഹ്‌ലെ ഹദീസ് ധാരകള്‍ക്കിടയിലെ ഭിന്നത ഒരു ഘട്ടത്തില്‍, കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയിലേതിനെക്കാള്‍ രൂക്ഷമായിരുന്നു. ഉത്തരേന്ത്യയിലെ എന്റെ വിദ്യാര്‍ഥിജീവിതകാലത്ത് ഇതിന്റെ പല വശങ്ങളും നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ ബറേല്‍വികള്‍ക്കുണ്ട്. പലതരം ഖുറാഫാത്തുകള്‍ കൊണ്ടുനടക്കുന്നവരാണ് അവര്‍. ദയൂബന്ദികളും അഹ്‌ലെ ഹദീസും ദീനില്‍നിന്ന് പുറത്തു പോയവരാണ് എന്നായിരുന്നു പലപ്പോഴും ബറേല്‍വികളുടെ പ്രചാരണം. ദയൂബന്ദികളും അഹ്‌ലെ ഹദീസുകാരും കാഫിറുകളാണെന്ന വാദം വരെ അവര്‍ ഉന്നയിച്ചിട്ടുണ്ട്. ദയൂബന്ദികള്‍ക്കെതിരെ ബറേല്‍വി സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെക്കൊണ്ട് ചില പ്രതിജ്ഞകള്‍ ചെയ്യിച്ചിരുന്നു. ദയൂബന്ദികളെ തങ്ങളുടെ പള്ളികളിലും സ്ഥാപനങ്ങളിലും കയറ്റില്ല എന്നതായിരുന്നു തീരുമാനം. ഇതവര്‍ കര്‍ശനമായി പാലിക്കുകയും ചെയ്തു. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുകയുണ്ടായി. പലപ്പോഴും ഇവര്‍ തെരുവുകളില്‍ തമ്മിലടിച്ചു. ദയൂബന്ദ് ധാര പൊതുവില്‍ മിതമായ നിലപാട് സ്വീകരിച്ചപ്പോള്‍, അഹ്‌ലെ ഹദീസുകാര്‍ ബറേല്‍വികള്‍ക്കെതിരെ കടുത്ത സമീപനമാണ് കൈക്കൊണ്ടത്. മുസ്‌ലിം സമൂഹം പല പക്ഷങ്ങളിലായി ഭിന്നിച്ചു നില്‍ക്കാന്‍ ഇതെല്ലാം കാരണമായി. അതിന്റെ അനന്തരഫലമെന്നോണം ദുരന്തപൂര്‍ണമായ രംഗങ്ങള്‍ക്ക് ഒരു കാലത്ത്, വിശേഷിച്ചും ഉത്തരേന്ത്യ സാക്ഷ്യം വഹിക്കുകയുണ്ടായി.
ദയൂബന്ദ്, അഹ്‌ലെ ഹദീസ്, ബറേല്‍വി ധാരകള്‍ക്കിടയില്‍ നിലനിന്നിരുന്ന  സംഘര്‍ഷങ്ങള്‍ ദീനീ സ്‌നേഹികളായ പലരെയും ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി. കക്ഷിത്വവും ഭിന്നതയും കുറച്ചുകൊണ്ടുവരാനുള്ള വഴികളിലൊന്ന്, വ്യത്യസ്ത വീക്ഷണഗതിക്കാര്‍ ഒന്നിച്ചിരിക്കുന്ന പൊതുഇടങ്ങള്‍ മുസ്‌ലിം സമുദായത്തിനകത്ത് രൂപപ്പെടുത്തുകയാണെന്ന് അവര്‍ മനസ്സിലാക്കി. എല്ലാ വിഭാഗം വിദ്യാര്‍ഥികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന ഉന്നത കലാലയങ്ങള്‍ ദീനീ വിദ്യാഭ്യാസ രംഗത്തുണ്ടായാല്‍, അവയില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍, സമുദായത്തിന് പല തലങ്ങളില്‍ നേതൃത്വം നല്‍കുന്ന അവസ്ഥയുണ്ടായാല്‍ വിഭാഗീയതയും സംഘര്‍ഷവും കുറയാന്‍ കാരണമാകുമെന്നും, എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുമെന്നുമായിരുന്നു അവരുടെ ചിന്ത. അതോടൊപ്പം, അന്ന് നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതികളെക്കാള്‍ മികച്ച സിലബസോടുകൂടി ഒരു ഉന്നത ദീനീ കലാലയം ഉണ്ടാകണമെന്നും അവര്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ലഖ്‌നൗവില്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ സ്ഥാപിതമാകുന്നത്. ലക്ഷ്യം നേടുന്നതില്‍ വലിയൊരളവോളം വിജയിക്കാന്‍ ദാറുല്‍ ഉലൂമിന് സാധിച്ചിട്ടുണ്ട്.
ഒരു പറ്റം മുസ്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് നദ്‌വത്തുല്‍ ഉലമാ എന്ന സംഘടന കാണ്‍പൂരില്‍ രൂപവത്കരിക്കുന്നത്. 1893-ലായിരുന്നു ഇത്. അശ്‌റഫലി ഥാനവി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മുഹമ്മദ് ഹസന്‍ ദയൂബന്ദി തുടങ്ങിയവരായിരുന്നു ഇതിന്റെ മുന്‍പന്തിയില്‍. മുഹമ്മദലി മുങ്കേരിയായിരുന്നു നദ്‌വത്തുല്‍ ഉലമായുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്. കാണ്‍പൂരായിരുന്നു അന്ന് സംഘടനയുടെ കേന്ദ്രം. നേരത്തെ പറഞ്ഞ ലക്ഷ്യങ്ങളിലൂന്നിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദാറുല്‍ ഉലൂം എന്ന ദീനീ വിദ്യാഭ്യാസ സ്ഥാപനം 1898-ല്‍ ലഖ്‌നൗവില്‍ ആരംഭിച്ചത്. അതോടെ സംഘടനയുടെ ആസ്ഥാനവും സ്ഥാപനത്തിലേക്ക് മാറി. പിന്നീട് ഘട്ടം ഘട്ടമായി വളര്‍ന്നാണ് ദാറുല്‍ ഉലൂം ഇന്ത്യയിലെ ഏറ്റവും വലിയ ഉന്നത ദീനീ കലാലയങ്ങളിലൊന്നായി മാറിയത്.
എല്ലാ വിഭാഗക്കാരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമീപനമാണ് നദ്‌വത്തുല്‍ ഉലമ സ്വീകരിച്ചു വന്നത്. ഏതെങ്കിലുമൊരു സംഘടനയോട് പ്രത്യേക അടുപ്പമോ അകല്‍ച്ചയോ പൊതുവില്‍ അവര്‍ പ്രകടിപ്പിച്ചിരുന്നില്ല. തബ്‌ലീഗ് ജമാഅത്തുമായി നദ്‌വത്തുല്‍ ഉലമാക്ക് കൂടുതല്‍ ബന്ധമുണ്ടാകുന്നത് പില്‍ക്കാല സംഭവമാണെന്നാണ് എന്റെ അറിവ്. തബ്‌ലീഗ് മനസ്സുള്ള ചില വ്യക്തികളിലൂടെയാണ് ഇത് സംഭവിച്ചിട്ടുള്ളത് എന്നാണ് മനസ്സിലാകുന്നത്. തബ്‌ലീഗ് പ്രസ്ഥാനം നദ്‌വത്തുല്‍ ഉലമായെയും നദ്‌വ തബ്‌ലീഗിനെയും ഉപയോഗപ്പെടുത്തിയതുമാകാം. 
രൂപവത്കരണ ലക്ഷ്യം കൈവരിക്കാനുതകുന്ന പാഠ്യപദ്ധതിയാണ് പണ്ഡിതന്മാര്‍ ദാറുല്‍ ഉലൂമിന് വേണ്ടി രൂപപ്പെടുത്തിയത്. അഖീദയില്‍ സലഫി സമീപനമാണ് നദ്‌വത്തിന്റെത്. അതുപക്ഷേ, തീവ്രമായ നിലപാടല്ല. ഫിഖ്ഹില്‍ ഹനഫീ മദ്ഹബിനാണ് നദ്‌വത്തുല്‍ ഉലമാ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഹനഫി മദ്ഹബാണല്ലോ അവിടെ പൊതുവില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അതേ സമയം, പാഠപുസ്തകങ്ങള്‍ എല്ലാ ധാരകളെയും ഉള്‍ക്കൊള്ളുന്നതാണ്. മാത്രമല്ല, എല്ലാ വീക്ഷണങ്ങളോടും നല്ല സമീപനം സ്വീകരിക്കാനാണ് നദ്‌വയിലെ ക്ലാസുകളില്‍ പഠിപ്പിക്കുന്നത്. സൂഫീ ത്വരീഖത്തുമായി നല്ല ബന്ധവുമുണ്ട് നദ്‌വത്തുല്‍ ഉലമാക്ക്. അലി മിയാന്‍ തന്നെ ഒരു ത്വരീഖത്തിന്റെ വക്താവായിരുന്നുവല്ലോ. ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ സരണിയിലാണ് ഈ സൂഫീ താല്‍പര്യം കടന്നുവരുന്നത് എന്നാണ് മനസ്സിലാകുന്നത്. ഇസ്‌ലാമിന്റെ പൈതൃകത്തില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമാണല്ലോ സൂഫീ ത്വരീഖത്തുകള്‍, ഇന്ത്യയില്‍ വിശേഷിച്ചും. ഈ വിഷയത്തില്‍, അലി മിയാന്റെ ത്വരീഖെ ദഅ്‌വ വൊ അസീമെ ഉമ്മ നാലഞ്ച് വാള്യങ്ങളുള്ള ബൃഹദ് ഗ്രന്ഥമാണ്. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യയുടെ ലൈബ്രറിയില്‍ ഈ പുസ്തകം വരുത്തിയിരുന്നു. സൂഫിസത്തിന്റെ ചരിത്രവും ദഅ്‌വയുടെ സാധ്യതകളുമൊക്കെ ഈ കൃതിയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ രിജാലുല്‍ ഫിക്‌രി വദ്ദഅ്‌വയാണ് മറ്റൊരു പ്രധാന രചന.
സയ്യിദ് സുലൈമാന്‍ നദ്‌വി, മസ്ഊദ് ആലം നദ്‌വി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയ പ്രഗല്‍ഭരായ പണ്ഡിതന്‍മാര്‍ ലഖ്‌നൗ നദ്വത്തുല്‍ ഉലമാ ദാറുല്‍ ഉലൂമിന്റെ സന്തതികളാണ്. മുസ്‌ലിം ഉമ്മത്തിന് ഏറക്കുറെ പൊതുസ്വീകാര്യരാണ് ഇത്തരം പണ്ഡിതന്‍മാര്‍ എന്നതും സ്ഥാപനത്തിന്റെ മേന്മയെ അടയാളപ്പെടുത്തുന്നു. മസ്ഊദ് ആലം നദ്‌വി അറബിയില്‍ മികച്ച രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഈജിപ്തും മറ്റുമായുള്ള ബന്ധം ഭാഷാ ശേഷി വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തെ സഹായിക്കുകയുണ്ടായി. താരീഖുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ ഫില്‍ ഹിന്ദ് എന്ന പേരില്‍ ഒരു കൃതിയുണ്ട് മസ്ഊദ് ആലം നദ്‌വിക്ക്. മൗലാനാ മൗദൂദി സാഹിബിനെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറിച്ച് അതില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോകോത്തരമായ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു വൈജ്ഞാനിക സേവനങ്ങളോടൊപ്പം, ഓറിയന്റലിസ്റ്റുകളുമായുള്ള സംവാദത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് സയ്യിദ് സുലൈമാന്‍ നദ്‌വി. സീറത്തുന്നബി എന്ന അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ തന്നെ ഇത് പ്രതിപാദിച്ചിട്ടുണ്ട്. മുഹമ്മദ് നബിക്കെതിരെ ഓറിയന്റലിസ്റ്റുകള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടി ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് സീറത്തുന്നബി. ഖുര്‍ആനും സുന്നത്തും ചരിത്രവും വാദമുഖങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന മികച്ച ആവിഷ്‌കാരമാണ് ഈ ഗ്രന്ഥം. അന്നുവരെ ഈ വിഷയത്തില്‍ ഇറങ്ങിയ ഗ്രന്ഥങ്ങളെ അപേക്ഷിച്ച്  പുതുമയുള്ളതായിരുന്നു സീറത്തുന്നബി. ഇതിന്റെ ആമുഖം ഉള്‍പ്പെടെ ചില ഭാഗങ്ങള്‍ പി.കെ അബൂബക്കര്‍ നദ്‌വി വിവര്‍ത്തനം ചെയ്ത് പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കാസര്‍കോട് പള്ളിക്കര സ്വദേശിയായ അദ്ദേഹം  എനിക്കു മുമ്പേ നദ്‌വയില്‍ പഠിച്ചിരുന്നു. ഞാന്‍ നദ്‌വയില്‍ ചേര്‍ന്നപ്പോള്‍, പ്രബോധനത്തില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം എനിക്ക് കത്തഴുതിയത് ഓര്‍മയുണ്ട്. 

എന്റെ നദ്‌വാ കാലം
ദയൂബന്ദില്‍ പഠിക്കുമ്പോള്‍, നദ്‌വയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങള്‍ ഞാന്‍ വായിക്കാറുണ്ടായിരുന്നു. അന്ന് നദ്‌വയില്‍ പഠിച്ചിരുന്ന എന്റെ സുഹൃത്തുമായി കത്തിടപാടുകളും നടത്തുകയുണ്ടായി. ഇതെല്ലാമാണ് എന്റെ ലഖ്‌നൗ യാത്രക്ക് പ്രചോദനം. ദയൂബന്ദിലെ പഠനശേഷം, 1965-ലാണ് ഞാന്‍ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍ വിദ്യാര്‍ഥിയാകുന്നത്. അറബി സാഹിത്യത്തിലെ സവിശേഷ പഠനത്തിനാണ്  (അത്തഖസ്സ്വുസ്വ് ഫില്‍അദബില്‍ അറബി) ഞാന്‍ ചേര്‍ന്നത്. ഈ കോഴ്‌സ് പൂര്‍ത്തീകരിച്ച ശേഷം മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് പോകണം എന്നായിരുന്നു എന്റെ ആഗ്രഹം. 
1965-ല്‍ ഞാന്‍ നദ്‌വയില്‍ പഠിക്കാനെത്തുമ്പോള്‍ അലി മിയാന്‍ എന്നറിയപ്പെടുന്ന അബുല്‍ ഹസന്‍ അലി നദ്‌വിയാണ് സ്ഥാപനത്തിന്റെ മാനേജര്‍. നാല് വര്‍ഷം മുമ്പ്, 1961-ലാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. അതിനു മുമ്പ് ഹകീം അബ്ദുല്‍ അലി മുപ്പത് വര്‍ഷക്കാലം സ്ഥാപനത്തിന്റെ മാനേജറായിരുന്നു. അക്കാലത്ത് സ്ഥാപന മേധാവി മാനേജര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ഥാപനത്തിന്റെ ഭരണകാര്യങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അലി മിയാന്‍ അക്കാലത്ത് അധ്യാപനത്തില്‍ ഒരുപാടൊന്നും വ്യാപൃതനായിരുന്നില്ല. ഏതാനും പ്രഭാഷണ സെഷനുകള്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ അലി മിയാന്‍ ഞങ്ങള്‍ക്ക് ക്ലാസൊന്നും എടുക്കുകയുണ്ടായില്ല. നദ്‌വയുടെ തന്നെ സന്തതിയായ അലി മിയാന്‍ ദീര്‍ഘകാലം സ്ഥാപനെത്ത നയിക്കുകയുണ്ടായി. നദ്‌വയിലെ പഠനത്തിനു ശേഷം അദ്ദേഹം ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ദൗറത്തുല്‍ ഹദീസില്‍ സവിശേഷ പഠനം നടത്തിയിട്ടുണ്ട്. അതിനു ശേഷം അറബി ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ശ്രദ്ധ. അറബി സാഹിത്യ ഭാഷ സ്വായത്തമാക്കുകയും മികച്ച രചനാശേഷി കൈവരിക്കുകയും ചെയ്തു. വലിയ കഠിനാധ്വാനം  ഇതിന്റെ പിന്നില്‍ അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. അങ്ങനെയാണ്, അറബ് ലോകത്ത് പോലും പ്രശംസിക്കപ്പെട്ട നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചതും ദാറുല്‍ ഉലൂം സ്ഥാപനത്തെ ലോകോത്തരമാക്കി വളര്‍ത്തിയതും മറ്റും.
സയ്യിദ് ഖുത്വ്ബ്, മുസ്ത്വഫസ്സിബാഈ ഉള്‍പ്പെടെ നിരവധി ലോക പണ്ഡിതന്‍മാരുമായി അലി മിയാന് ബന്ധമുണ്ടായിരുന്നു. അലി മിയാന്‍ മരണപ്പെട്ട സന്ദര്‍ഭത്തില്‍, ഡോ. യൂസുഫുല്‍ ഖറദാവി അല്‍ബഅ്‌സുല്‍ ഇസ്‌ലാമിയില്‍ എഴുതിയ ലേഖനത്തില്‍ 'ഉസ്താദുനാ' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അറബി പണ്ഡിതന്‍മാര്‍ അദ്ദേഹത്തിന്റെ ഭാഷാ വൈദഗ്ധ്യത്തെയും പാണ്ഡിത്യത്തെയും ഏറെ മദ്ഹ് ചെയ്തിട്ടുണ്ട്. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. കഠിനാധ്വാനിയായിരുന്നു അബുല്‍ ഹസന്‍ അലി നദ്‌വി. മാദാ ഖസിറല്‍ ആലം ബിന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ വായിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിഭയെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. റുസ്തമിന്റെ കൊട്ടാരത്തില്‍ രിബ്ഇയ്യുബ്‌നു ആമിര്‍ നടത്തിയ വിഖ്യാതമായ ആ പ്രസ്താവനയൊക്കെ രംഗത്ത് കൊണ്ടുവന്നത് അലി മിയാനാണ്. ഖറദാവിയോ മറ്റോ ഇത് പരാമര്‍ശിക്കുന്നുണ്ട്. ദഅ്‌വത്തിന് പ്രയോജനപ്പെടുന്ന രീതിയിലായിരുന്നു അലി മിയാന്റെ രചനകള്‍ എന്നതാണ് പ്രത്യേകത. മൗലാനാ മൗദൂദി ദാര്‍ശനികമായും താത്ത്വികമായും മറ്റുമാണ് വിഷയങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍, അലി മിയാന്‍ കൂടുതല്‍ ആകര്‍ഷകമായ സാഹിത്യത്തിലാണ് ആശയ പ്രകാശനം നടത്തിയത്.
മുഹമ്മദ് അശ്മാവി എന്നൊരു ഈജിപ്ഷ്യന്‍ അധ്യാപകനുണ്ടായിരുന്നു ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍. ഇവിടെ വന്ന ആദ്യഘട്ടത്തില്‍ ആശങ്കകളോടെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഏകാധിപത്യത്തിന്റെതായ പ്രത്യേക രാഷ്ട്രീയ സാഹചര്യം കാരണമാകാം, ഈജിപ്തില്‍ നിന്ന് വരുന്ന പലര്‍ക്കും ഇതേ അവസ്ഥയുള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് അടുത്തിടപഴകി, കാര്യങ്ങള്‍ സംസാരിച്ചു. ഒരിക്കല്‍, മൗലാനാ മൗദൂദിയുടെ അറബി ഭാഷയിലുള്ള ചില ഗ്രന്ഥങ്ങള്‍ ശാന്തപുരം ലൈബ്രറിയില്‍ നിന്നെടുത്ത് ഞാന്‍ അദ്ദേഹത്തിന് കൊടുക്കുകയുണ്ടായി. പിന്നീട് അലി മിയാന്റെ കൃതികളും നല്‍കി. എല്ലാം വായിച്ച അദ്ദേഹം പറഞ്ഞു: 'അബുല്‍ ഹസന്‍ അലി നദ്‌വിയുടെ രചനകള്‍ കൂടുതല്‍ സാഹിതീയമാണ്, എന്നാല്‍ മൗലാനാ മൗദൂദിയുടേത് ഫിലോസഫിക്കലും!' അശ്മാവി നല്ല സാഹിത്യകാരനായിരുന്നു, കവിതകളൊക്കെ എഴുതിയിട്ടുണ്ട്. അദ്ദേഹം കുറച്ചു മുമ്പ് മരണപ്പെടുകയുണ്ടായി (അല്ലാഹു അദ്ദേഹത്തിന് മര്‍ഹമത്തും മഗ്ഫിറത്തും നല്‍കുമാറാകട്ടെ).
അലി മിയാന്ന് ആദ്യഘട്ടത്തില്‍ മൗലാനാ മൗദൂദിയുമായി നല്ല ബന്ധമുണ്ടായിരുന്നു. പിന്നീടാണ് വീക്ഷണ വ്യത്യാസത്തെ തുടര്‍ന്ന് മറ്റൊരു വഴി അദ്ദേഹം തെരഞ്ഞെടുത്തത്. അപ്പോഴും മൗലാനാ മൗദൂദിയോട് ആദരവ് പുലര്‍ത്തി. 'മൗദൂദി ഞങ്ങളുടെ ഉസ്താദ്, ഞങ്ങളെ വളര്‍ത്തുന്നതില്‍, യുവാക്കളെ നയിച്ചതില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്' എന്നൊക്കെ മൗദൂദിയുടെ മരണാനന്തരം ദഅ്‌വത്തില്‍ അലി മിയാന്‍ എഴുതിയ കുറിപ്പില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അലി മിയാന്ന് ബന്ധം തബ്‌ലീഗ് ധാരയോടായിരുന്നു. ത്വരീഖത്ത്, തബ്‌ലീഗ് ശൈലിയാണ് ദീനീ പ്രവര്‍ത്തനത്തിന് അഭികാമ്യം എന്നാണ് അദ്ദേഹം ചിന്തിച്ചത്. മൗദൂദിയുടെ ചില ശൈലികള്‍ അലി മിയാന് സ്വീകാര്യമായിരുന്നില്ല. പഴയ കാല പണ്ഡിതരുടെ രീതിയുമായി ബന്ധപ്പെട്ടതാണ് ഈ വിയോജിപ്പ്. അടിസ്ഥാനപരമായ വിഷയങ്ങളില്‍ മൗലികമായ ഭിന്നതകള്‍ ഉണ്ടായിരുന്നില്ല. സമീപനത്തിലായിരുന്നു അഭിപ്രായ വ്യത്യാസം. രാഷ്ട്രീയ വിഷയത്തില്‍ അലി മിയാന്‍ മൗദൂദിയോട് വിയോജിച്ച് പുസ്തകം എഴുതിയിട്ടുണ്ട്. ഇതിനാണ് മൗലാനാ ഉറൂജ് ഖാദിരി മറുപടി എഴുതിയത്. ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇതിനെല്ലാം ശേഷമാണ് അലി മിയാന്‍ മൗദൂദിയെ ശ്ലാഘിച്ച് ലേഖനമെഴുതിയത്. 
എന്നാല്‍, ഇദ്ദേഹത്തിന് ശേഷം രംഗത്തു വന്ന ചിലര്‍ രൂക്ഷമായാണ് മൗദൂദിയെ വിമര്‍ശിച്ചത്. മന്‍ളൂര്‍ നുഅ്മാനിയുടെ വിമര്‍ശനം ഉദാഹരണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനത്തിന് വിരുദ്ധമായിരുന്നു ഇത്. അലി മിയാന്റെ ശൈലിയായിരുന്നില്ല അദ്ദേഹം സ്വീകരിച്ചത്. നുഅ്മാനി പിന്നീട് ശീഈ വിമര്‍ശനത്തിലേക്ക് നീങ്ങുകയുണ്ടായി. കടുത്ത നിലപാടുകാരനായിരുന്നു അദ്ദേഹം. നുഅ്മാനിയുടെ മകന്‍ സജ്ജാദ് നുഅ്മാനി ത്വരീഖത്തിന്റെ വക്താവാണ്. ഇപ്പോള്‍ മുംബൈ ആസ്ഥാനമായി സൂഫീ ത്വരീഖത്തിനും ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ് അദ്ദേഹം. ഒരിക്കല്‍ കണ്ണൂര്‍ ഐനുല്‍ മആരിഫില്‍ വന്നിരുന്നു. അന്ന് നടത്തിയ പ്രസംഗത്തില്‍, മുഅ്തസില മുസ്‌ലിംകള്‍ തന്നെയാണ്, ഇസ്‌ലാമിനകത്തുള്ളവരാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. മുഅ്തസിലികളുടെ പല ആശയങ്ങളും ഖുര്‍ആനും സുന്നത്തിനും അനുസരിച്ച് വ്യാഖ്യാനിക്കാവുന്നവയാണ് എന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. പിതാവിന്റേതില്‍ നിന്ന് വ്യത്യസ്തമായി വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം പുലര്‍ത്തുന്നത്.
നദ്‌വയില്‍ എന്റെ പ്രധാന ഉസ്താദ് മൗലാനാ മുഹമ്മദ് റാബിഅ് നദ്‌വിയായിരുന്നു. മികച്ച പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം അറബി സാഹിത്യത്തില്‍ നല്ല കഴിവുള്ള വ്യക്തിത്വമാണ്. അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സഹോദരീ പുത്രനായ അദ്ദേഹം, നദ്‌വയിലെ വിദ്യാഭ്യാസത്തിന് ശേഷം, അറബ് നാടുകളില്‍ പോയി പഠിച്ചിട്ടുണ്ട്. കൂടാതെ, ശൈഖ് സകരിയ്യാ കാന്ദലവിയില്‍ നിന്ന് ഹദീസ് വിജ്ഞാനവും കരസ്ഥമാക്കുകയുണ്ടായി. പരിചയസമ്പന്നനായ അധ്യാപകനായിരുന്നു അദ്ദേഹം. നാല്‍പത് വര്‍ഷത്തിലേറെ അധ്യാപന രംഗത്ത് സജീവമായിരുന്നു. അറബിയിലും ഉര്‍ദുവിലും ഗ്രന്ഥങ്ങള്‍ രചിച്ച റാബിഅ നദ്‌വിയുടെ കൃതികള്‍ സാഹിത്യം, ചരിത്രം, ഇസ്‌ലാമിക സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടവയാണ്. 

നദ്‌വയോട് വിട
രണ്ട് കാരണങ്ങളാലാണ് ഞാന്‍ ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായിലെ പഠനം പൂര്‍ത്തീകരിക്കാതെ സ്ഥാപനത്തോട് വിട പറഞ്ഞത്. ദയൂബന്ദിന്റെ ആവര്‍ത്തനം പോലെ പല ക്ലാസുകളും നദ്‌വയില്‍ എനിക്ക് അനുഭവപ്പെട്ടു. കേരളത്തിലെ പള്ളിദര്‍സുകളില്‍ പഠിച്ച, ദയൂബന്ദില്‍ രണ്ട് വര്‍ഷം തഖസ്സ്വുസ്വ് പഠനം നടത്തിയ എനിക്ക്, അതിലേറെയൊന്നും നദ്‌വയില്‍ പഠിക്കാനില്ല എന്ന് അനുഭവത്തില്‍ തന്നെ മനസ്സിലായി. ദയൂബന്ദ് കഴിഞ്ഞ ശേഷം പിന്നെയെന്തിനാണ് നദ്‌വയില്‍ വന്നതെന്ന് അവരില്‍ ചിലര്‍ തന്നെ എന്നോട് ചോദിക്കുകയും ചെയ്തു.
രണ്ടാമത്, മദീനാ യൂനിവേഴ്‌സിറ്റിയിലോ മറ്റോ ഉപരിപഠനത്തിന് പോകണം എന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു. ദയൂബന്ദില്‍ പഠിക്കുമ്പോള്‍ സ്ഥാപനത്തില്‍ ഞാനിതേക്കുറിച്ച് അന്വേഷിച്ചിരുന്നു. 'സ്വയം അപേക്ഷ സമര്‍പ്പിച്ച്, പരിശ്രമിച്ച് പ്രവേശനം കിട്ടിയാല്‍ പോയ്‌ക്കൊള്ളൂ, സ്ഥാപനം അതിന് ശ്രമിക്കുന്നില്ല' എന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി. പിന്നീടാണ് നദ്‌വയില്‍ നിന്ന് ശ്രമിക്കാം എന്നെനിക്ക് തോന്നിയത്. നദ്‌വയില്‍ പഠനം പൂര്‍ത്തീകരിച്ച മിടുക്കരായ കുട്ടികളെ സുഊദിയിലെ മദീനാ യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് അയക്കാറുണ്ടായിരുന്നു. ഇത് വ്യക്തികള്‍ക്ക് വളര്‍ച്ചയും സ്ഥാപനത്തിന് ഖ്യാതിയും നല്‍കുകയും, മികച്ച അധ്യാപകരെയും രചയിതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുമായിരുന്നു. സഈദുല്‍ അഅ്‌ളമി ഇങ്ങനെ ഉയര്‍ന്നു വന്നവരില്‍ ഒരാളാണ്.
ഒരു ഘട്ടത്തില്‍ മിടുക്കരായ വിദ്യാര്‍ഥികളെ നദ്‌വയില്‍ നിന്ന് മദീനയില്‍ അയച്ചിട്ടുണ്ടെങ്കിലും, പിന്നീടവര്‍ തങ്ങളുടെ നയത്തില്‍ മാറ്റം വരുത്തുകയുണ്ടായി. ഉപരിപഠനാനന്തരം നദ്‌വയില്‍ തിരിച്ചെത്തി അധ്യാപനം നിര്‍വഹിക്കുകയോ, മറ്റു രീതിയില്‍ സ്ഥാപനത്തിന് പ്രയോജനപ്പെടുകയോ ചെയ്യുന്നവരെയാണ് പിന്നീട് അവര്‍ വിദേശത്ത് അയക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വരുമ്പോള്‍, പഠനമികവുണ്ടെങ്കിലും നമുക്ക് സാധ്യത കുറവായിരുന്നു. നദ്‌വയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇതിനെക്കാള്‍ മികച്ചതല്ല മദീനാ യൂനിവേഴ്‌സിറ്റിയുടെ സിലബസ് എന്നൊരു പരാമര്‍ശം അലി മിയാന്റെ ഒരു പ്രസംഗത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ, ലഖ്‌നൗവിലെ  കാലാവസ്ഥയും അന്നത്തെ എന്റെ ശാരീരികാവസ്ഥകളും ചെറിയ പ്രയാസങ്ങള്‍ ഉണ്ടാക്കാതിരുന്നില്ല. മാത്രമല്ല, ദയൂബന്ദിലെയും നദ്‌വയിലെയും എന്റെ പഠനത്തോട് കുടുംബത്തില്‍ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. നദ്‌വ വഹാബികളുടേതാണ് എന്ന പ്രചാരണം വാപ്പയുടെ മുന്നിലെത്തുകയുണ്ടായി. ഞാന്‍ പിഴച്ചു പോയി എന്ന രീതിയിലാണ് ചിലര്‍ വാപ്പയെ തെറ്റിദ്ധരിപ്പിച്ചത്. ദയൂബന്ദിലെ പഠനം കഴിഞ്ഞ്, നാട്ടില്‍ വരാതെ ഞാന്‍ അവിടെ നിന്ന് നേരെ നദ്‌വയിലേക്ക് പോവുകയായിരുന്നു. നാട്ടില്‍ വന്ന് തിരിച്ചു പോകാന്‍ നല്ല പണച്ചെലവുണ്ടല്ലോ. അന്നത്തെ കാലത്ത് അതത്ര നിസ്സാരമായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഞാന്‍ ഒരുതവണ നദ്‌വയില്‍ നിന്ന് നാട്ടിലെത്തുന്നത്. തിരിച്ചു പോകാന്‍ തന്നെയായിരുന്നു വന്നതെങ്കിലും, എല്ലാ വശങ്ങളും പരിഗണിച്ചപ്പോള്‍ നദ്‌വയിലെ പഠനം നിര്‍ത്തി നാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. എന്റെ ഒഴിവിലാണ് ഉസ്മാന്‍ അണ്ടത്തോട് നദ്‌വയില്‍ ചേരുന്നത്. ദയൂബന്ദില്‍ പഠനം തുടരാന്‍ കഴിയാതിരുന്നതിനാലാണ് ഉസ്മാന്‍ നദ്‌വയിലെത്തിയത്. പിന്നീട് സ്വന്തമായി സ്ഥാപനം നടത്തിയ അദ്ദേഹം രിയാദുസ്സ്വാലിഹീന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 
(തുടരും)
 7025786574
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌