Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

റാബിസ്  ഭീതിയാല്‍  തുടങ്ങിയ നമസ്‌കാരം

വി.കെ കുട്ടു ഉളിയില്‍

1957-ല്‍ വിവാഹിതനാകുന്നതിന് മുമ്പ് ഞാനെന്റെ ഇണയെ കാണുകയോ അവളുടെ ചിത്രം കാണുകയോ ചെയ്തിരുന്നില്ല. അവളും എന്നെയോ എന്റെ ചിത്രമോ കണ്ടിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും പല നിലക്കും സമാനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നവരാണെന്ന് വിവാഹത്തിന് ശേഷമാണ് മനസ്സിലായത്. എനിക്ക് നാലു വയസ്സുണ്ടായിരുന്നപ്പോള്‍ ഉപ്പയും ഉമ്മയും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെട്ടിരുന്നു. ഉമ്മ അവരുടെ രണ്ടാം ഭര്‍ത്താവും മക്കളുമൊപ്പം ചെറുവത്തൂരിലായിരുന്നു താമസം. എന്റെ ഇണ റംലയുടെ പിതാവ് അവള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ വസൂരി രോഗം ബാധിച്ച് മരിച്ചിരുന്നു. അവളുടെ ഉമ്മ രണ്ടാം ഭര്‍ത്താവും മക്കളുമൊപ്പം തലശ്ശേരിയിലെ തറവാട് ഭവനത്തിലായിരുന്നു താമസിച്ചത്. ആ തറവാട് ഭവനത്തിലെ മണിയറയില്‍ വെച്ചാണ് ആദ്യമായി റംലയെ കണ്ടത്. അപ്പോള്‍ ആ പതിനേഴുകാരിയോട് ആദ്യമായി ചോദിച്ചത് എന്നെ ഇഷ്ടമാണോ എന്നാണ്. ഇഷ്ടമാണ് എന്ന അവളുടെ മധുരമൊഴി എന്റെ അബോധമനസ്സില്‍ ഇതെഴുതുന്നതുവരെ മായാതെ കിടന്നു. അതിന്റെ പ്രതിധ്വനിയായിരുന്നു അറുപത്തിയഞ്ച് വര്‍ഷത്തെ ഞങ്ങളുടെ ദാമ്പത്യ ജീവിതം.
1957-ല്‍ മാനന്തവാടി മൃഗാശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് അവളുടെ പിതാമഹനും ഉമ്മയുടെ ഭര്‍ത്താവും എന്റെ മാതൃ സഹോദരനോടൊപ്പം അവിടെ അപ്രതീക്ഷിതമായി എത്തിയത്. എനിക്ക് വിവാഹാലോചനയുമായിട്ടാണ് വന്നിരിക്കുന്നതെന്ന് മാതൃ സഹോദരന്‍ പറഞ്ഞപ്പോള്‍ എന്റെ ഉമ്മാക്ക് സമ്മതമാണെങ്കില്‍ തടസ്സമില്ലെന്ന് പറഞ്ഞു. അപ്പോള്‍ അവളുടെ പിതാമഹന്‍ പറഞ്ഞു: വിവാഹ നിശ്ചയ ചടങ്ങിന് എപ്പോഴാണ് നിങ്ങളുടെ സൗകര്യമെന്ന് അറിയിച്ചാല്‍ വേണ്ടപ്പെട്ടവരെ അതിന് ക്ഷണിക്കാമല്ലോ.
അടുത്തായി മാനന്തവാടിയില്‍ ട്രാന്‍സ്ഫറായി വന്നതിനാല്‍ ലീവ് ലഭിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞു. വിവാഹ നിശ്ചയ ചടങ്ങൊന്നുമില്ലാതെ ഇപ്പോള്‍ ഇവിടെ വെച്ചുതന്നെ വിവാഹം നിശ്ചയിക്കുന്നതാണ് എനിക്ക് സൗകര്യം. അവര്‍ അല്‍പം പ്രയാസത്തോടെ അതിന് സമ്മതിക്കുകയും അവിടെ വെച്ചുതന്നെ വിവാഹ ദിവസം നിശ്ചയിക്കുകയും ചെയ്തു.
അക്കാലത്ത് മാനന്തവാടിയില്‍ നെയ്‌ച്ചോര്‍ ലഭിച്ചിരുന്ന ഒരു ഹോട്ടലിലേക്ക് അവരെ ക്ഷണിച്ചു. റോഡിലിറങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു, നമസ്‌കാരം കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. മാനന്തവാടിയില്‍ എത്തിയിട്ട് ഒന്നര മാസമായെങ്കിലും നമസ്‌കരിക്കാത്ത ഞാന്‍ അതുവരെ മാനന്തവാടിയിലെ പള്ളി കണ്ടിട്ടില്ല! ചെറുപ്പകാലത്ത് ഉമ്മയില്‍നിന്ന് കേട്ട് ഗ്രഹിച്ചിരുന്ന അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് പെട്ടെന്ന് മനസ്സിലുദിച്ചു. അല്ലാഹുവിനോട് മനസ്സുകൊണ്ട് പ്രാര്‍ഥിച്ചു. അല്ലാഹുവേ, ഇവരുടെ ഇടയില്‍ ഞാന്‍ അപമാനിക്കപ്പെടരുതേ...
ഞാന്‍ മുന്നോട്ട് നടന്നപ്പോള്‍ കോഴിക്കോട്-മാനന്തവാടി റോഡില്‍ പള്ളി കണ്ടു. ഞങ്ങള്‍ നാലു പേരും പള്ളിയില്‍ കയറി നമസ്‌കരിച്ചു. അല്ലാഹുവോട് പ്രാര്‍ഥിച്ച ശേഷം പള്ളി കാണുകയും വന്നവരോടൊപ്പം നമസ്‌കരിക്കുകയും ചെയ്‌തെങ്കിലും പിന്നീട് നമസ്‌കരിച്ചില്ല. നമസ്‌കരിക്കുന്നതെന്തിനാണെന്ന് ബോധ്യപ്പെടാത്തതായിരുന്നു കാരണം. തറവാട് ഭവനത്തില്‍ ഉമ്മയും ഉമ്മാമ്മയും നമസ്‌കരിക്കുന്നത് കണ്ടിരുന്നുവെങ്കിലും, മുതിര്‍ന്ന പുരുഷന്മാര്‍ നമസ്‌കരിക്കുന്നത് കണ്ടിരുന്നില്ല. പഠനത്തിനായും ജോലിക്കായും തലശ്ശേരി വിട്ടെങ്കിലും നമസ്‌കരിക്കാത്തവരുടെ കൂടെയായിരുന്നു സഹവാസം.
നമസ്‌കരിക്കാന്‍ പള്ളി കാണിച്ചുതരണമെന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചതിന്റെ ഉത്തരവും ശരിയായ ഫലവും അനുഭവിച്ചു തുടങ്ങിയത് വലിയൊരു പരീക്ഷണത്തിലൂടെ 1959-ല്‍ കാസര്‍കോട് മൃഗാശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോഴായിരുന്നു. ഒരു ദിവസം കാസര്‍കോട് എം.എല്‍.എയായിരുന്ന ഉമേശ്വര റാവുവിന്റെ ജോലിക്കാരന്‍ കുതിര വണ്ടിയുമായി വന്നു. അവിടത്തെ പശുവിനെ ഭ്രാന്തന്‍ നായ കടിച്ചതിനാല്‍ ഉടനെ വരണമെന്നാവശ്യപ്പെട്ടു. പശുവിനെ പരിശോധിച്ചപ്പോള്‍, മുഖത്തായിരുന്നു കടിയേറ്റിരുന്നത് എന്ന് മനസ്സിലായി. കടിയേറ്റിട്ട് അധിക സമയമായിരുന്നില്ല. ആ മുറിവ് വൃത്തിയായി ഡ്രസ്സ് ചെയ്തു. ആ സമയത്ത് എന്റെ വിരലില്‍ ചെറിയൊരു മുറിവുണ്ടായിരുന്നു. പശുവിനെ പതിനാലു ദിവസം തുടര്‍ച്ചയായി ആന്റി റാബിസ് വാക്‌സിന്‍ കുത്തിവെച്ചു. അപ്പോഴായിരുന്നു റംലയുടെ ആദ്യ പ്രസവവും കുട്ടി മരിച്ച വിവരവും അറിഞ്ഞത്. ഏഴു ദിവസത്തെ കാഷ്വല്‍ ലീവില്‍ തലശ്ശേരിയിലേക്ക് വന്നു.
ആ സമയത്താണ് എന്നെ സംശയരോഗം ബാധിച്ചത്. ഭ്രാന്തന്‍ നായ പശുവിനെ കടിച്ച ഉടനെ തന്നെ മുറിവ് വൃത്തിയാക്കി ഡ്രസ്സ് ചെയ്തപ്പോള്‍ പശുവിന്റെ രക്തം വാര്‍ന്ന മുറിവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റാബിസ് വൈറസ് എന്റെ മുറിവുകളില്‍ കൂടി എന്റെ രക്തകോശങ്ങളിലെത്താന്‍ സാധ്യതയില്ലേ? സംശയം കൂടിക്കൂടി വന്നു.
ലീവ് കഴിഞ്ഞ് കാസര്‍കോട്ടെ മൃഗാശുപത്രിയില്‍ തിരിച്ചെത്തിയപ്പോള്‍ അവിടത്തെ അലമാരയിലുണ്ടായിരുന്ന, പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരുന്ന റാബിസ് എന്ന പുസ്തകം എടുത്ത് വായിച്ചു. ഭ്രാന്തന്‍ നായയുടെ കടി മുഖത്തോ കൈവിരലിലോ ആണെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ വാക്‌സിനേറ്റ് ചെയ്തില്ലെങ്കില്‍ അപകട സാധ്യത കൂടുതലാണെന്നറിഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി തുടര്‍ച്ചയായി പതിനാലു ദിവസം വാക്‌സിനേഷന്‍ നടത്തിയെങ്കിലും സംശയവും ഭയവും വര്‍ധിച്ചുവരികയായിരുന്നു. ജോലിയില്‍ തീരെ ശ്രദ്ധയില്ലാതായി. രണ്ടു മാസത്തെ ഏണ്‍ഡ് ലീവില്‍ തലശ്ശേരിയില്‍ വന്നു. ഭാര്യാവീട്ടില്‍ ആരോടും സംസാരിക്കാതെ മൂകനായി കിടന്നു. റംല അരികെ വന്നിരുന്നുകൊണ്ട്, എന്താണ് സംഭവിച്ചതെന്നും ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിക്കട്ടെ എന്നും ചോദിച്ചു (അക്കാലത്ത് ആശുപത്രിയില്‍ കിടത്തി ചികിത്സ ചുരുക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ വീട്ടില്‍ വന്നു ചികിത്സിക്കാറുണ്ടായിരുന്നു). അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞു. മരുന്നും ചികിത്സയും കണ്ടുപിടിച്ചിട്ടില്ലാത്ത രോഗത്തിന് ഡോക്ടറെ വിളിച്ചിട്ടെന്തു ഫലം എന്നായിരുന്നു അപ്പോള്‍ മനസ്സില്‍.
മുറിയില്‍ വാങ്ങിവെച്ചിരുന്ന ഗ്രാമഫോണ്‍ പെട്ടിയില്‍ വൃത്താകൃതിയിലുള്ള റെക്കോര്‍ഡ് ഫിറ്റ് ചെയ്തു പ്രവര്‍ത്തിപ്പിച്ചു. സൈഗാളിന്റെയും സുരയ്യയുടെയും ശ്രവണ മധുരമായ ഹിന്ദി സിനിമാ ഗാനങ്ങള്‍ കേട്ടിട്ടും സ്വസ്ഥത കിട്ടിയില്ല. എന്റെ രോഗത്തെക്കുറിച്ചു ഭയമുണ്ടായിട്ടുപോലും പത്തൊമ്പത് വയസ്സുള്ള റംല എന്റെ സമീപത്ത് കിടന്ന് എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
അവളുടെ പിതാമഹന്‍ മുറിയില്‍ വന്നു, മാനസികരോഗ ഡോക്ടറെ കാണിക്കുന്നതില്‍ വിരോധമുണ്ടോ എന്നാരാഞ്ഞു. രണ്ട് മൂന്നു ദിവസം നോവലുകളിലും ഫിലിംഫെയര്‍ പോലുള്ള പ്രസിദ്ധീകരണങ്ങളിലും അഭയം തേടിയെങ്കിലും അസ്വസ്ഥത കൂടിവന്നതേയുള്ളൂ. ഞാന്‍ അടുത്തുതന്നെ മരിക്കും. എന്റെ മരണം ഭയാനകമായിരിക്കുമല്ലോ. ഞാന്‍ കണ്ടിരുന്ന ഭ്രാന്തന്‍ നായെപ്പോലെ, ഭ്രാന്തിളകി പരാക്രമങ്ങള്‍ കാണിച്ച്, ജനങ്ങളെ ഭീതിയിലാക്കിയ കാളയെപ്പോലെ, എന്റെ പ്രിയപ്പെട്ടവരെ ആക്രമിച്ചുകൊണ്ട്... അവരെ ഭീതിയിലാക്കുന്ന മരണം!
റംല മുറിയില്‍ വന്ന് മുസ്വല്ല വിരിച്ചു നമസ്‌കരിച്ചപ്പോള്‍ അവളുടെ മുഖത്ത് കണ്ടൊരു ശാന്തത! ഈ ശാന്തത എനിക്കും കിട്ടിയെങ്കില്‍ എന്നാശിച്ചു. നമസ്‌കരിച്ചാലോ എന്ന ചിന്തയോടെ കുളിമുറിയില്‍ പോയി അംഗശുദ്ധി വരുത്തി. വെള്ളം കണ്ടിട്ട് ഒരു ഭയവും എനിക്കില്ലല്ലോ. റാബിസ് രോഗമെന്നാല്‍ ഹൈഡ്രോ ഫോബിയയാണ്. വെള്ളം കണ്ടാല്‍ ഭയപ്പെടുന്ന രോഗം. എനിക്ക് റാബിസ് രോഗമില്ല. മനസ്സ് മന്ത്രിച്ചു. നമസ്‌കരിച്ചു, ധാരാളമായി അല്ലാഹുവിനെ സ്തുതിച്ചു. ഭൗതിക ആഗ്രഹങ്ങള്‍ ഒഴിവാക്കി ഒരു സൂഫിയായാലോ എന്നാലോചിച്ചു. കാസര്‍കോട് മൃഗാശുപത്രിയില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഒരു രാത്രി മുഴുവന്‍ കാസര്‍കോട് മാലിക് ദീനാര്‍ മസ്ജിദില്‍ ഒരു സൂഫിയോടൊപ്പം കഴിഞ്ഞ അനുഭവമുണ്ടായിട്ടുണ്ട്.
ഈ സന്ദര്‍ഭത്തിലാണ് കാസര്‍കോട് മരാമത്ത് വകുപ്പില്‍ ജോലി ചെയ്തിരുന്ന തലശ്ശേരിക്കാരനായ കെ.പി അബ്ദുല്‍ ഖാദര്‍ സാഹിബ് കുറച്ച് പ്രസിദ്ധീകരണങ്ങളുമായി എന്നെ സമീപിച്ചത്. അദ്ദേഹം എന്റെ കൈയില്‍ പ്രബോധനം ദ്വൈവാരികയുടെയും മെസേജ് മാസികയുടെയും ഓരോ കോപ്പി തന്നുകൊണ്ട് പറഞ്ഞു: ഏതാനും മുസ്‌ലിംകള്‍ ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്നവയാണിവ. നാമൊക്കെ വരിചേര്‍ന്ന് പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ എങ്ങനെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക? കെ.പി അപ്പോള്‍ ഇത് ജമാഅത്ത് പ്രവര്‍ത്തകര്‍ നടത്തുന്നതാണെന്ന് പറഞ്ഞിരുന്നില്ല. ഇസ്സുദ്ദീന്‍ മൗലവിക്ക് നേരെ കല്ലെറിഞ്ഞിരുന്ന പ്രദേശത്ത് കെ.പി വളരെ സൂക്ഷിച്ചായിരുന്നു സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത്. ഒരു വര്‍ഷത്തേക്ക് ആറുറുപ്പിക വീതം പന്ത്രണ്ട് ഉറുപ്പിക നല്‍കി വരിചേര്‍ന്നു.
പ്രബോധനം വായിച്ചതോടെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്നായി. കെ.പി പറഞ്ഞതനുസരിച്ച് ഇരുപത്തിയഞ്ച് ഉറുപ്പിക അബ്ദുല്‍ അഹദ് തങ്ങളുടെ അഡ്രസ്സില്‍ കോഴിക്കോട്ടേക്ക് മണി ഓര്‍ഡര്‍ അയച്ചു. ഒരാഴ്ചക്കുള്ളില്‍ പോസ്റ്റല്‍ പാര്‍സല്‍ വഴി ഖുതുബാത്ത്, ഇസ്‌ലാം മതം, ഇസ്‌ലാമും ജാഹിലിയ്യത്തും, സത്യദീന്‍, രക്ഷാസരണി, രൂപവും യാഥാര്‍ഥ്യവും, നിര്‍മാണവും സംഹാരവും എന്നീ പുസ്തകങ്ങള്‍ പാര്‍സല്‍ വഴി ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ ഇസ്സുദ്ദീന്‍ മൗലവിയുമായി കാണാനും സംസാരിക്കാനും സാധിച്ചു. ഇസ്സുദ്ദീന്‍ മൗലവി എന്നോട് കേരള അമീര്‍ ഹാജി സാഹിബിനെ കാണണമെന്ന് പറഞ്ഞെങ്കിലും അടുത്ത ദിവസം ഹാജി സാഹിബ് മരിച്ച വിവരമാണ് മാതൃഭൂമി പത്രത്തിലൂടെ വായിക്കാന്‍ കഴിഞ്ഞത്. കെ.പി ആഴ്ചയില്‍ രണ്ട് ദിവസം കാസര്‍കോട് ഖുര്‍ആന്‍ ക്ലാസ് നടത്താന്‍ പരിപാടിയിട്ടു. അദ്ദേഹം എന്നെയും കൂട്ടി തളങ്കര പുഴക്കടവില്‍ നിന്ന് തോണിയില്‍ കയറി തെക്കില്‍ കടവിലിറങ്ങി ആലിയാ കോളേജില്‍ എത്തി. ത്വാഈ ഉസ്താദിനെ കണ്ട് സംസാരിച്ചു. അദ്ദേഹം ആലിയാ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന അബൂബക്കര്‍ ഉമരിയെ ആഴ്ചതോറും ഖുര്‍ആന്‍ ക്ലാസ് നടത്താന്‍ നിയോഗിച്ചു. നാലാഴ്ച ക്ലാസ് തുടര്‍ന്നപ്പോഴേക്കും എനിക്ക് മലയോര പ്രദേശമായ ഇരിട്ടിയിലേക്കും കെ.പിക്ക് തലശ്ശേരിയിലേക്കും ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ രണ്ടുപേരും പെരിങ്ങാടി ജമാഅത്ത് ഹല്‍ഖയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുതുടങ്ങി. ആ സമയത്ത് കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, വളപട്ടണം, പഴയങ്ങാടി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ഹല്‍ഖകള്‍ ഉണ്ടായിരുന്നത്. ഒ.കെ മൊയ്തു സാഹിബിന്റെ ഇമാറത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെരിങ്ങാടി ഹല്‍ഖ വളരെ സജീവമായിരുന്നു.
കെ.എം അബ്ദുര്‍റഹീം സാഹിബ്, സി. യൂസുഫ് മൗലവി, ഖാലിദ് ഇസ്മാഈല്‍, കെ. അബ്ദുല്‍ ഖാദര്‍ സാഹിബ് (എ.ഇ.ഒ ഓഫീസ്), ആര്‍. യൂസുഫിന്റെ പിതാവ് സി.കെ ഇബ്‌റാഹീം മാസ്റ്റര്‍, സി.കെ ഉസ്മാന്‍, സുബൈര്‍ സാഹിബ് (പിന്നീട് ജിദ്ദയിലും പെരുമ്പാവൂരിലും സജീവ പ്രവര്‍ത്തകനായി), കെ. മുഹമ്മദ് സാഹിബ് (ചൊക്ലി), കെ. അബ്ദുല്ല മാസ്റ്റര്‍ (പുന്നോല്‍), സി. അബൂബക്കര്‍ മാസ്റ്റര്‍ (തലശ്ശേരി) എന്നിവരായിരുന്നു പെരിങ്ങാടിയിലെ സജീവ പ്രവര്‍ത്തകര്‍. അപ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന കെ.എം രിയാലു സാഹിബ് എല്ലാ ആഴ്ചയിലും പിന്‍ സീറ്റിലിരുന്ന് ക്ലാസ് ശ്രദ്ധിക്കാറുണ്ടായിരുന്നു. പില്‍ക്കാലത്ത് ഇവരില്‍ പലരും പല രാജ്യങ്ങളിലും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌