Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

പി.കെ അസൈനാര്‍ ഹാജി

ജമാലുദ്ദീന്‍ പാലേരി

പാലേരി: തോട്ടത്താങ്കണ്ടി മഹല്ലിലെ പാണക്കാടന്‍ കണ്ടി അസൈനാര്‍ ഹാജി (82) വിടപറഞ്ഞു. പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.  ആറ് സഹോദരന്‍മാരും രണ്ട് സഹോദരികളുമടങ്ങുന്ന കുടുംബത്തിലെ രണ്ടാമത്തെ ആള്‍. എല്ലാ കുടുംബാംഗങ്ങളും പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ്. താമസിക്കുന്ന  പ്രദേശത്ത്  പള്ളി നിര്‍മിക്കുന്നതു വരെ കിലോ മീറ്റര്‍ താണ്ടി പാറക്കടവ് ജുമാ മസ്ജിദിലാണ് ജുമുഅക്ക് വരിക. മറ്റെല്ലാ തിരക്കുകളും വെള്ളിയാഴ്ച മാറ്റിവെക്കും. ജുമുഅക്കും, സഹോദരങ്ങളെയും സുഹൃത്തുക്കളെയും കാണാനും അവരുടെ വീടുകള്‍  സന്ദര്‍ശിക്കാനും വിനിയോഗിക്കും. തോട്ടത്താങ്കണ്ടി പള്ളി കമ്മിറ്റി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മത രാഷ്ട്രീയ ഭേദമന്യെ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. ഇളം ചിരിയില്‍ ചാലിച്ച  കുറച്ച് വാക്കുകളില്‍ സംസാരം പരിമിതപ്പെടുത്തും. ദേഷ്യം, ശകാരം, ഉച്ചത്തിലുള്ള സംസാരം എന്നിവ അന്യമായിരുന്നു. എളിമ, വിനയം, ലാളിത്യം എന്നിവ ജീവിതത്തിലുടനീളം നിലനിര്‍ത്തി. മകളുടെ വിയോഗം  മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി.
ഭാര്യ പരേതയായ കുഞ്ഞാമി ഇളമ്പിലാച്ചേരി. മക്കള്‍: ബഷീര്‍ (ഖത്തര്‍), റസാഖ്, സുഹ്‌റ, സുബൈദ,  സുലൈഖ, സല്‍മ, പരേതയായ ഹാജറ.

 


ചിറയക്കുത്ത് മൂസാന്‍ കടുങ്ങൂത്ത്


കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശിയും, കടുങ്ങൂത്ത് പ്രാദേശിക ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു ചിറയക്കുത്ത് മൂസാന്‍ സാഹിബ് (81). അഞ്ച് ആണ്‍ മക്കളും അഞ്ച് പെണ്‍ മക്കളും ഉള്‍പ്പെടെ തന്റെ മക്കളേയും മരുമക്കളേയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സജീവ പാതയില്‍ അടിയുറപ്പിച്ച് നിര്‍ത്താന്‍ ഞങ്ങളുടെ ഉപ്പ കാണിച്ച ജാഗ്രത മാതൃകാപരമായിരുന്നു. ചെറുപ്പ കാലത്ത് അനവധി നാടുകളിലൂടെ ജോലിയാവശ്യാര്‍ഥം യാത്ര ചെയ്തിട്ടുണ്ട്. ഏറക്കാലം നാട്ടിലെ അറിയപ്പെട്ട കര്‍ഷകനായിരുന്നു. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഈ ഉപജീവനമാര്‍ഗം മുഖേന അല്ലാഹുവിന്റെ അപ്രതീക്ഷിതമായ ഇടപെടലുകളുണ്ടായത് ഉപ്പ അയവിറക്കാറുണ്ടായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം മാത്രം കരസ്ഥമാക്കിയ അദ്ദേഹം നല്ല വായനക്കാരന്‍ കൂടിയായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ പൂര്‍ണമായി മൂന്ന് തവണയിലധികം വായിച്ചുതീര്‍ത്ത ഉപ്പ പ്രബോധനം വായന മുടക്കാറേ ഉണ്ടായിരുന്നില്ല. അവസാന നാളുകളില്‍ നാല് ദിവസത്തോളം ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അവസാനമായി ഇറങ്ങിയ പ്രബോധനം വായിച്ചു തീര്‍ത്തത്. സാമ്പത്തിക ഇടപാടുകളിലും വ്യയം ചെയ്യുന്നതിലും കണിശത പുലര്‍ത്തി. ആ ശീലം മക്കള്‍ക്കും പകര്‍ന്നു നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹല്‍ഖാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നപ്പോഴും പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ മനസ്സിലാക്കി കൂടെ സഞ്ചരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സൈനബയാണ് ഭാര്യ. ഫാത്തിമ സുഹ്റ, സൗദ, ഉമ്മുഹബീബ, ജാബിര്‍, നൗഫല്‍, ജാഫര്‍, സഹ്‌ല, സഹ്ന, നസീഫ്, മുര്‍ഷിദ്, അമീന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ ഹമീദ്, മൊയ്തു, നജീബ്, ശിഹാബ്, മുഹ്‌സിന, റാഷിദ, അമീന, ഷക്കീബ, റജാഹ.                
അമീന ജാഫര്‍, കടുങ്ങൂത്ത്


പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌