Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

പൗരസ്വാതന്ത്ര്യത്തിന്റെ മൗലിക മാനങ്ങള്‍

അഫ്‌ലഹുസ്സമാന്‍

ജനാധിപത്യവല്‍ക്കരണത്തെത്തുടര്‍ന്ന് ജനാഭിലാഷത്തിന് സര്‍വ പരിഗണനയും ലഭിക്കുമെന്നും മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുമുള്ള  വാദങ്ങളൊക്കെ ഇന്ന് സ്വയം റദ്ദാവുന്നുണ്ട്. ഏതാണ്ടെല്ലാ ദേശരാഷ്ട്രങ്ങളിലും സമ്പന്ന വര്‍ഗവും അഭ്യസ്തവിദ്യരും സര്‍ക്കാര്‍ ജീവനക്കാരുമടങ്ങിയ മധ്യവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥമേധാവികള്‍ തുടങ്ങിയ ഉപരിവര്‍ഗത്തിന്റെയും മാത്രം താല്‍പര്യങ്ങളാണ് യാതൊരു കോട്ടവും കൂടാതെ സംരക്ഷിക്കപ്പെടുന്നത്. പൊതു താല്‍പര്യം, ദേശീയ താല്‍പര്യം എന്നീ പരികല്‍പനകള്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ അവകാശങ്ങളെ നിഷ്‌കരുണം റദ്ദ് ചെയ്യുന്നു. ദേശീയ താല്‍പര്യത്തിന്റെ മറപറ്റി ദേശരാഷ്ട്രങ്ങളില്‍  അഭിപ്രായ-മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുക, വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുക, അവന്റെ അഭിമാനത്തെ ഹനിക്കുക തുടങ്ങിയ പ്രവണതകള്‍ക്ക് നിയമസാധുത പതിച്ചുനല്‍കുന്നുമുണ്ട്.
സ്റ്റേറ്റിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായി പൗരാവകാശങ്ങള്‍ നിരന്തരം നിയന്ത്രിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ആധുനിക ദേശരാഷ്ട്ര സംവിധാനത്തില്‍ നിലനില്‍ക്കുന്നത്. ഈ വസ്തുത മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ഇസ്ലാമിക രാഷ്ട്രത്തിലെ പൗരസ്വാതന്ത്ര്യത്തെക്കുറിച്ച ആലോചനകള്‍ക്ക് ഇവിടെ സാംഗത്യമുണ്ട്.  അത്തരത്തില്‍ ഇസ്ലാമിക രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട തത്ത്വങ്ങളെയും സംജ്ഞകളെയും സമകാലിക പദാവലികളിലൂടെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതിയാണ് തുനീഷ്യന്‍ ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ റാശിദുല്‍ ഗന്നൂശിയുടെ അല്‍ഹുര്‍രിയ്യാത്തുല്‍ ആമ്മഃ ഫിദ്ദൗലതില്‍ ഇസ്ലാമിയ്യ.
സ്വാതന്ത്ര്യത്തെ നിര്‍വചിക്കുമ്പോഴുള്ള പാശ്ചാത്യ ദര്‍ശനത്തിന്റെ പരിമിതികളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് പുസ്തകത്തിന്റെ ആദ്യഭാഗം. പാശ്ചാത്യ ദര്‍ശനത്തില്‍ സ്വാതന്ത്ര്യം വിഭാവന ചെയ്യുന്നത് സര്‍വതന്ത്ര സ്വതന്ത്രനായ മനുഷ്യനെയാണ്. അവനെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്ന സകല മൂല്യവ്യവസ്ഥകളില്‍ നിന്നുള്ള വിമോചനമായി അത് സ്വാതന്ത്ര്യത്തെ വീക്ഷിക്കുന്നു. അനുഭവവേദ്യമായ പദാര്‍ഥത്തെയും അതിന്റെ ചലനത്തെയും മാത്രം അംഗീകരിക്കുന്ന പാശ്ചാത്യ ധിഷണ മനുഷ്യന്റെ സ്വതന്ത്രാസ്തിത്വത്തെ അംഗീകരിക്കുന്നില്ല. അതിനാല്‍, അവിടെ മനുഷ്യ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും നിര്‍ണയിക്കുന്നത് അധികാര  ശക്തികേന്ദ്രങ്ങളാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
ശേഷം, ഇസ്ലാം എങ്ങനെയാണ് മനുഷ്യ സ്വാതന്ത്ര്യത്തെ നോക്കിക്കാണുന്നതെന്ന് വിശദമാക്കുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ഭൂമിയിലെ ഖലീഫ(പ്രതിനിധി)യാണെന്നും അതിനാല്‍ അവന്റെ ധിഷണ, ഇഛ, സ്വാതന്ത്ര്യം എന്നിവയൊക്കെയും പ്രാതിനിധ്യം നടപ്പാക്കുന്നതിനു വേണ്ടി ദൈവം  വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങളാണെന്നും (അമാനത്ത്) സമര്‍ഥിക്കുന്നു.  അതിനാല്‍, ഇസ്ലാമിലെ സ്വാതന്ത്ര്യം മനുഷ്യന്റെ ചുമതലകളായി മാറുന്നു. ഉപോദ്ബലകമായി അല്ലാലുല്‍ ഫാസി, ഹസന്‍ തുറാബി എന്നിവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച നിര്‍വചനങ്ങളെയും ചേര്‍ത്തുവെക്കുന്നു. തുടര്‍ന്ന്, മനുഷ്യ സ്വാതന്ത്ര്യത്തിന്റെ നിയമചട്ടക്കൂടായി അദ്ദേഹം മനസ്സിലാക്കുന്നത് ഇമാം ശാത്വിബി തന്റെ അല്‍ മുവാഫഖാത്തില്‍ അവതരിപ്പിച്ച 'മഖാസ്വിദുശ്ശരീഅ' (ഇസ്ലാമിക ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍) എന്ന കേന്ദ്ര ആശയത്തെയാണ്.  വിശ്വാസ സ്വാതന്ത്ര്യത്തെ പരമപ്രധാനമായ സ്വാതന്ത്ര്യമായി എണ്ണുകയും ഓരോരുത്തര്‍ക്കും അവരുടെതായ ആദര്‍ശ-വിശ്വാസങ്ങളില്‍ ചുവടുറച്ച് നില്‍ക്കാനുള്ള അവകാശത്തെ സാമൂഹിക ജീവിതത്തിലെ സമത്വ വിഭാവനയായി നിരീക്ഷിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് ഇസ്ലാമിക ഭരണത്തിന്റെ അടിസ്ഥാനങ്ങളെയും അതുമായി ബന്ധപ്പെട്ട സംജ്ഞകളെയും വിവരിക്കുകയാണ്. ഇസ്ലാമിന്റെ രാഷ്ട്രീയത്തെ, അതിന്റെ ചരിത്രവും മുസ്ലിം പണ്ഡിതരുടെ സമവായ സാക്ഷ്യവും മുന്‍നിര്‍ത്തി സ്ഥാപിക്കുന്നു. ഇസ്ലാം മനുഷ്യന്റെ സകല വ്യവഹാരങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്ര ജീവിത പദ്ധതിയാണെന്ന് ദ്യോതിപ്പിക്കുന്ന, 'ഒരു ഭാഗത്തുകൂടി നോക്കിയാല്‍ ഇസ്ലാം ഒരു മതമാണ്. മറുഭാഗത്തു കൂടി നോക്കിയാല്‍ അതൊരു രാഷ്ട്രമാണ്' എന്ന അല്ലാമാ ഇഖ്ബാലിന്റെ പ്രസ്താവനയും ചേര്‍ത്തുവെക്കുന്നു.
ശേഷം, മദീനയിലെ ഇസ്ലാമിക രാഷ്ട്ര സ്വരൂപത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അതില്‍ സമൂഹവും (അല്‍ ഉമ്മ), ദേശവും (ഇഖ്‌ലീം) അടങ്ങിയിരുന്നു. മദീനയിലെത്തിയ ശേഷമുള്ള നബിയുടെ ആദ്യ നേട്ടങ്ങളിലൊന്നായിരുന്നു മദീനാ ചാര്‍ട്ടര്‍. ഈ ചാര്‍ട്ടറില്‍ മദീനാ നിവാസികളില്‍, മുസ്ലിംകളോ ജൂതരോ ബഹുദൈവാരാധകരോ എന്ന വേര്‍തിരിവില്ലാതെ ഓരോ ഗോത്രത്തെയും പേരെടുത്തു പറഞ്ഞ് അവരുടെ അവകാശങ്ങളെ ഊന്നിപ്പറയുന്നു. തുടര്‍ന്ന് പാശ്ചാത്യ ജനാധിപത്യത്തിന്റെയും ഇസ്ലാമിക രാഷ്ട്രീയത്തിന്റെയും തത്ത്വശാസ്ത്ര അടിത്തറകളെ അനാവൃതമാക്കുന്നു. യൂറോപ്പിലെ ജ്ഞാനോദയ ചിന്ത മനുഷ്യ ധിഷണയെ ദൈവവല്‍ക്കരിക്കുകയും ദൈവത്തെയും ചര്‍ച്ചിനെയും തള്ളിക്കളഞ്ഞ് തല്‍സ്ഥാനത്ത് ഉല്‍പാദനം, വര്‍ഗം, പാര്‍ട്ടി, നേതാവ് തുടങ്ങിയ പുതിയ ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാല്‍, ദൈവ പ്രാതിനിധ്യം (ഇസ്തിഖ്‌ലാഫ്) എന്ന ആശയമാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മര്‍മം. ഈ ആശയത്തിന്റെ മുകളില്‍ സ്ഥാപിതമാവുന്ന ഇസ്ലാമിക രാഷ്ട്രത്തിന്റെ അടിസ്ഥാനം നസ്സ്വും (ദൈവിക വെളിപാട്), ശൂറാ (കൂടിയാലോചന)യുമാണ്. ഇവിടെ ഭരണാധികാരിക്ക് നിയമാനുസൃതത്വം ലഭിക്കുന്നതിന്റെ അവലംബം നസ്സ്വാണ്. ഭരണ നിര്‍വഹണത്തില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുക വഴിയാണത് വന്നുചേരുക.
ശേഷം ഉലുല്‍ അംറ്, അഹ്ലുല്‍ ഹല്ലി വല്‍ അഖ്ദ്, അഹ്ലുല്‍ ഇജ്തിഹാദ്, അഹ്ലുശ്ശൂറാ, ഇജ്മാഅ് എന്നീ സംജ്ഞകളെ വിശദീകരിക്കുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്യുന്നു.  മുസ്ലിം ഉമ്മത്താണ് നിയമത്തിന്റെ ഉറവിടം. ഇസ്ലാമിലെ ശൂറാ സംവിധാനം ഇതിനെ സാധൂകരിക്കുന്നതാണ്. ഇസ്ലാമിക വ്യവസ്ഥ ലോകാവസാനം വരെയുള്ള നിയമ വ്യവസ്ഥയായതിനാല്‍ പ്രമാണം മനുഷ്യ ബന്ധങ്ങളെ നിര്‍ണയിക്കുന്ന അടിസ്ഥാന തത്ത്വമായി നിലകൊള്ളും.  ഈ അടിത്തറ മാറ്റിനിര്‍ത്തിയാല്‍ മറ്റു വിശദാംശങ്ങളെല്ലാം ഇസ്ലാമിക സമൂഹമാണ് രൂപകല്‍പ്പന ചെയ്യുന്നത്. അത് സ്ഥലകാലങ്ങള്‍ക്കനുസൃതവുമാണ്. സമൂഹത്തെ നിയമത്തിന്റെ സ്രോതസ്സായി കണക്കാക്കുന്നതിന്റെ ആധാരം 'സമൂഹം വഴികേടില്‍ ഒന്നിക്കില്ല' എന്ന നബി വചനമാണ്. ദൈവമാര്‍ഗത്തില്‍ പ്രയാണം നടത്തുന്ന സമൂഹം വ്യക്തികള്‍ക്ക് സംഭവിക്കുന്ന തെറ്റുകളില്‍ നിന്ന് സുരക്ഷിതമായിരിക്കും.
ഇസ്ലാമിക രാഷ്ട്ര സംവിധാനം രൂപപ്പെടുന്നത് ഇമാമത്ത്/നേതൃത്വം വഴിയാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ശരീഅത്ത് നടപ്പാക്കുക, സമുദായത്തെ നേര്‍വഴിക്ക് നയിക്കുക, അവരുമായി കൂടിയാലോചിക്കുക എന്നീ അടിസ്ഥാനങ്ങളില്‍ ഭരണാധികാരിയും സമൂഹവും തമ്മിലുണ്ടാക്കുന്ന കരാറിന്റെ പേരാണ് ഇമാമത്ത്. ഈ ഉപാധികള്‍ പാലിക്കുന്നുണ്ടെങ്കില്‍ ആ നേതൃത്വത്തെ കേള്‍ക്കുകയും അനുസരിക്കുകയും വേണം. 
യൂറോപ്പില്‍ നിലനിന്നിരുന്ന തിയോക്രസിയില്‍ സമൂഹത്തിന്റെ സ്ഥാനം ദൈവത്തിനും ഭരണാധികാരിക്കും കീഴിലായിരുന്നു. എന്നാല്‍, ഇസ്ലാമിക രാഷ്ട്രത്തില്‍ ദൈവത്തിനും ഭരണാധികാരിക്കുമിടയിലാണ് സമൂഹം നിലകൊള്ളുന്നത്. സമൂഹം ദൈവേഛയെ പുല്‍കുമ്പോള്‍ അത് വ്യവസ്ഥാപിതമായി നടപ്പില്‍ വരുത്താന്‍ ഭരണാധികാരിയെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്.  അതിനാല്‍, 'ദൈവധിക്കാരത്തില്‍ അനുസരണമില്ല' എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി, ജനങ്ങള്‍ ഭരണാധികാരിയെ അനുസരിക്കല്‍ അനിവാര്യമാണ്. ഭരണാധികാരിയില്‍ നിന്ന് പിഴവുകള്‍ സംഭവിക്കുമ്പോള്‍ തിരുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും സൂചിപ്പിക്കുന്നു.
ഇസ്ലാമിക രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട തത്ത്വങ്ങളെയും സംജ്ഞകളെയും സമകാലിക പദാവലികള്‍ ഉപയോഗിച്ച് ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി, രാഷ്ട്രത്തിലെ ഓരോ പൗരന്റെയും മൗലികാവകാശങ്ങളെ വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ ഇസ്ലാം എങ്ങനെ സംരക്ഷിക്കുന്നു എന്ന് വിശകലനം ചെയ്യുന്നു. അറബിയില്‍ രചിക്കപ്പെട്ട ഈ കൃതിയുടെ മലയാള വിവര്‍ത്തനമാണ് ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്ലാമിക രാഷ്ട്രത്തിലെ പൗര സ്വാതന്ത്ര്യം.  മൊഴിമാറ്റം നടത്തിയിരിക്കുന്നത് അശ്‌റഫ് കീഴുപറമ്പാണ്.  മലയാളത്തിലെ ഇസ്ലാമിക രാഷ്ട്രമീമാംസാ സാഹിത്യത്തിന് ഈ വൈജ്ഞാനിക സംഭാവന ഒരു  മുതല്‍ക്കൂട്ടാണ്. 

ഇസ്‌ലാമിക രാഷ്ട്രത്തിലെ
പൗരസ്വാതന്ത്ര്യം
റാശിദുല്‍ ഗന്നൂശി
പ്രസാ: ഐ.പി.എച്ച്
പേജ്: 280  വില: 360
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌