ഞാനറിഞ്ഞ പ്രവാചകന്
ആരായിരുന്നു മുഹമ്മദ് നബി? 'മറയില്‍ ഇരിക്കുന്ന കന്യകയെക്കാളും ലജ്ജാലുവായിരുന്നു റസൂലെ'ന്നു കേട്ടപ്പോള്‍ അത്ഭുതം തോന്നി.
കാടത്തം നിറഞ്ഞ അറേബ്യയുടെ പൗരാണികതയോട് ഒറ്റക്ക് നിന്നു പൊരുതാനാരംഭിച്ച ആളോ ലജ്ജാലു!
ബദ്‌റും ഉഹ്ദുമടക്കം എത്രയോ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളോ ലജ്ജാലു!
മക്കാ വിജയത്തിനുശേഷം കഅ്ബയിലേക്ക് കടന്നുചെന്ന് വിഗ്രഹങ്ങളെല്ലാം തച്ചുടച്ച ധീരനോ ലജ്ജാലു!
മക്കയുടെയും മദീനയുടെയുമൊക്കെ ആദ്യത്തെയും അവസാനത്തെയും വാക്കായി ഭരണസാരഥ്യം ഏറ്റെടുത്ത നയതന്ത്രജ്ഞനോ ലജ്ജാലു!
കാലമിത്രയായിട്ടും യാതൊരു മാറ്റത്തിനും വിധേയമാകാതെ ലോകം മുഴുവന്‍ ഒറ്റ രീതിയില്‍ മാത്രം പ്രചരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലേക്കെത്താന്‍ നിയോഗിക്കപ്പെട്ട ദൈവദൂതനോ ലജ്ജാലു!
ഉള്ളിലിപ്പോള്‍ ലജ്ജാലുവിന് നാണം കുണുങ്ങി, തൊട്ടാവാടി എന്നൊക്കെയുള്ള വാക്കര്‍ഥം മാത്രമാണുണ്ടായിരുന്നത്. പ്രവാചക ജീവിതമാകട്ടെ ഏതോ അഭൗമ തലത്തിലാണെന്നാണ് ധരിച്ചുവെക്കുകയും ചെയ്തിരുന്നത്. പിന്നീടാണ് പ്രവാചകന്റെ ലജ്ജ മനുഷ്യത്വത്തിന്റെ ലജ്ജയാണെന്ന് തിരിച്ചറിഞ്ഞത്. മാന്ത്രികതയോ അതീന്ദ്രിയ ശക്തിയോ ഇല്ലാതെ, ദൈവമോ ദൈവത്തിന്റെ അവതാരമോ ആണെന്ന് അവകാശപ്പെടാതെ, കാരുണ്യത്തിന്റെ അനന്ത തീരങ്ങളിലാണ് ജീവിതത്തിന്റെ ധന്യതയെന്ന് സ്വജീവിതം കൊണ്ടു പഠിപ്പിച്ച പ്രവാചകന്റെ ലജ്ജക്ക് വിനയമെന്നും മിതത്വമെന്നും സമഭാവനയെന്നും അചഞ്ചലതയെന്നുമൊക്കെ അനന്തമായ അര്‍ഥ വിശേഷണങ്ങളുണ്ടെന്ന് വായിച്ചറിഞ്ഞത്.
അതെ, മനുഷ്യത്വത്തിന്റെ ആള്‍രൂപമായിരുന്നു മുഹമ്മദ് നബി. സി.ഇ 569-ലായിരുന്നു പ്രവാചകന്റെ ജനനം. അതിനുശേഷം എത്രയോ റബീഉല്‍ അവ്വല്‍ ചന്ദ്രക്കല മാനത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. ഭൂമിയില്‍ ഭരണ രീതികളും ജീവിതവ്യവസ്ഥകളും മാറിമറിഞ്ഞു. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പ്രവാചക ജീവിതം മാതൃകയായി നമുക്കു മുന്നില്‍ നില്‍ക്കുന്നുവെങ്കില്‍ അതിനുകാരണം മാനുഷികതയുടെ ആഴങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കാന്‍ അതിനോളം ലോകത്ത് മറ്റൊന്നിനും കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടു തന്നെയാണ്.
ദൈവമെന്നവകാശപ്പെട്ട് ഒരതീന്ദ്രിയ ജീവിതം നയിക്കാന്‍ അവസരമുണ്ടായിട്ടും, യുദ്ധത്തില്‍ പിടിച്ചടക്കിയതെല്ലാം ചേര്‍ത്തുവെച്ച് അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ ആര്‍ഭാട ജീവിതം നയിക്കാന്‍ സാധ്യതകള്‍ ഉണ്ടായിട്ടും പ്രവാചകന്‍ ചേര്‍ന്നുനിന്നത് മനുഷ്യ പക്ഷത്തോടൊപ്പമാണ്. അന്ത്യനിമിഷത്തിലും ഒരുപിടി ഗോതമ്പല്ലാതെ മറ്റൊന്നും കരുതിവെക്കാത്ത നിസ്വാര്‍ഥന്റെ ജീവിതം.
എക്കാലത്തെയും മനുഷ്യന് തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകകളുണ്ട്.
ഹിറാ ഗുഹയില്‍ ധ്യാനനിരതനായിരിക്കുന്ന പ്രവാചകന്റെ അരികില്‍വന്ന് അല്ലാഹുവിനാല്‍ നിയോഗിതനായ ജിബ്‌രീല്‍ ആദ്യം പറഞ്ഞത് വായിക്കുക എന്നാണ്. അന്നത്തെ അറേബ്യയില്‍ എഴുത്തും വായനയുമൊന്നും വേണ്ടത്ര പ്രചാരത്തിലില്ലാതിരുന്നതിനാല്‍ നബിതിരുമേനി നിരക്ഷരനായിരുന്നു. മടിച്ചുനിന്ന പ്രവാചകനെ പിന്നെയും പിന്നെയും പ്രോത്സാഹിപ്പിച്ചു:
''വായിക്കുക; നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തില്‍'' (അല്‍ അലഖ് 1).
''വായിക്കുക; നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ടു പഠിപ്പിച്ചവന്‍'' (അല്‍ അലഖ് 3,4).
അതെ, എഴുത്തും വായനയും അതുവഴി ആര്‍ജിക്കുന്ന അറിവുമാണ് ഏതൊരു സംസ്‌കൃതിയുടെയും വളര്‍ച്ച എന്നത് എക്കാലത്തെയും ജനതക്ക് ആദ്യമേ വേണ്ട തിരിച്ചറിവാണ്.
ഇവിടം മുതല്‍ക്കാണ് കാട്ടു സംസ്‌കൃതിയില്‍നിന്ന് ഇന്നു കാണുന്ന സ്വര്‍ഗസൗഭാഗ്യങ്ങളിലേക്കുള്ള അറേബ്യയുടെ വളര്‍ച്ച. ആ വളര്‍ച്ചക്ക് അടിത്തറ പാകിയത് തിരുനബിയാണ്. ആ നിയോഗത്തിനായി ഊടും പാവും നെയ്‌തെടുക്കപ്പെടുകയായിരുന്നു പ്രവാചകത്വം വരെയുള്ള നാല്‍പത് വര്‍ഷങ്ങള്‍.
രണ്ട് ഉത്തരവാദിത്വങ്ങളാണ് അല്ലാഹു പ്രവാചകനില്‍ നിക്ഷിപ്തമാക്കിയിരുന്നത്. ദൈവിക മാര്‍ഗത്തിലേക്ക് ജനതയെ ഉയര്‍ത്തിക്കൊണ്ടു വരിക. അതോടൊപ്പം അന്ധവിശ്വാസ ജടിലമായ ഗോത്ര സംസ്‌കൃതിയില്‍നിന്ന് കെട്ടുറപ്പുള്ള ഒരു അറേബ്യയെ പടുത്തുയര്‍ത്തുക. അതിന്റെ ആദ്യനാളുകളില്‍ ശാരീരികമായും സാമ്പത്തികമായും പ്രവാചകന് തുണയായത് ഖദീജയാണ്. ഖദീജ എന്ന വലിയ ആശ്രയമാണ് ഖുറൈശികള്‍ തീര്‍ത്ത പ്രതിസന്ധികളില്‍നിന്ന് രക്ഷപ്പെടാന്‍ പ്രവാചകനെ സഹായിച്ചത്. ഖദീജയുടെ മരണാനന്തരം പല വിവാഹങ്ങളും കഴിച്ചെങ്കിലും ഖദീജ തന്നെയായിരുന്നു പ്രവാചകന് എന്നും പ്രിയപ്പെട്ട പത്‌നി. ഖദീജയോടുള്ള പ്രണയം അണയാതെ എന്നും പ്രവാചകന്റെ ഉള്ളിലുണ്ടായിരുന്നു. വീട്ടിലെന്തു വിശേഷം നടന്നാലും ഖദീജയുടെ കൂട്ടുകാര്‍ക്ക് അദ്ദേഹം പകര്‍ച്ച കൊടുത്തയക്കും. ഖദീജയുടെ മാലകണ്ട് മനസ്സലിഞ്ഞപ്പോഴാണ് പുത്രി സൈനബിന്റെ ഭര്‍ത്താവിനെ മോചിപ്പിച്ചത്. ബദ്ര്‍ യുദ്ധത്തില്‍ തടവുകാരനായിരുന്ന അയാള്‍ക്കുള്ള മോചനദ്രവ്യമായാണ്, വിവാഹസമയത്ത് തനിക്കു സമ്മാനമായിക്കിട്ടിയ ആ മാല സൈനബ് കൊടുത്തയച്ചത്. അതു കണ്ട മാത്രയില്‍ പ്രവാചക ഹൃദയം വിരഹാതുരമായി.
ഹിറാഗുഹയില്‍ വെച്ച് ദിവ്യദര്‍ശനം ലഭിച്ച ശേഷം വല്ലാത്തൊരു ഭയപ്പാടോടെ വിറച്ചുകൊണ്ടാണ് പ്രവാചകന്‍ വീട്ടിലെത്തുന്നത്. ഖദീജ അദ്ദേഹത്തെ പുതപ്പിട്ടു മൂടി സംരക്ഷിച്ചു. അതെ, ലൗകിക ജീവിതത്തിന്റെ പുതപ്പില്‍ പ്രവാചകന് സംരക്ഷണമായത് ഖദീജയാണ്. പിന്നീട് ഒരു ബന്ധുവിന്റെ അരികിലേക്ക് കൊണ്ടുപോയി പ്രവാചകത്വത്തെ വിശ്വസിപ്പിച്ചതും ഖദീജ തന്നെ.
ഒരുവന്റെ ഭൗതികവും ആത്മീയവുമായ ജീവിതത്തില്‍ ഭാര്യക്കുള്ള സ്ഥാനം എത്ര മഹത്തരമാണെന്ന് മുഹമ്മദ് നബിയുടെയും ഖദീജാ ബീവിയുടെയും ചരിത്രം നമ്മെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്; വ്യക്തിജീവിതത്തില്‍ വിവാഹം ശക്തമായ അടിത്തറ പാകാന്‍ വേണ്ടിയാണെന്നും.
ഖദീജ നല്‍കിയ ലൗകിക ജീവിതത്തിന്റെ പുതപ്പില്‍നിന്ന് മുക്തനാവാന്‍ വീണ്ടും അല്ലാഹു കല്‍പിച്ചു:
''പുതച്ചു മൂടിയവനേ, എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക. നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക. നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക. അഴുക്കുകളില്‍നിന്ന് അകന്നുനില്‍ക്കുക. കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്. നിന്റെ നാഥനുവേണ്ടി ക്ഷമ പാലിക്കുക'' (അല്‍ മുദ്ദസിര്‍ 1-7).
പിന്നീട് ഈ ക്ഷമയായിരുന്നു പ്രവാചകന്റെ ശക്തമായ ആയുധം.
ക്ഷമയുടെ ശക്തിസൗന്ദര്യങ്ങള്‍ പ്രവാചകന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്:
ഒരിക്കല്‍, ഒരു നോമ്പ് കാലത്ത് നബിയും അബൂബക്‌റും മദീനയിലെ പള്ളിയിലിരിക്കുമ്പോള്‍ ഒരാള്‍ വന്ന് അബൂബക്‌റിനെ ശകാരിച്ചു. നോമ്പുകാരനായതുകൊണ്ട് അബൂബക്ര്‍ പ്രതികരിച്ചില്ല. മടങ്ങിപ്പോയ അയാള്‍ തിരിച്ചുവന്ന് വീണ്ടും ചീത്ത പറയാന്‍ തുടങ്ങി. അപ്പോഴും അബൂബക്ര്‍ മിണ്ടാതിരുന്നു. മൂന്നാമതും തിരിച്ചുവന്നയാള്‍ ശകാരം തുടങ്ങിയപ്പോള്‍ അബൂബക്‌റും തിരിച്ചടിച്ചു. അതില്‍ നീരസം പ്രകടിപ്പിച്ചുകൊണ്ട്, ക്ഷമിച്ച സമയത്തെല്ലാം മാലാഖമാര്‍ താങ്കള്‍ക്കു ചുറ്റും അനുഗ്രഹങ്ങള്‍ ചൊരിയുന്നുണ്ടായിരുന്നുവെന്ന് നബി പറഞ്ഞു.
ഈമാന്റെ പകുതിയായ ക്ഷമതന്നെയാണ് മാനുഷികതയുടെ കൊടിമുദ്ര. തിന്മയെ നന്മ കൊണ്ടെതിര്‍ത്ത് ശത്രുവിനെപ്പോലും മിത്രമാക്കുന്നതായിരുന്നു പ്രവാചകന്റെ മാസ്മരിക വ്യക്തിത്വം.
ഭക്ഷണമൂട്ടല്‍ വളരെ ശ്രേഷ്ഠമായ ജീവിതചര്യയാണെന്ന് അദ്ദേഹം പഠിപ്പിച്ചു. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ തന്റെ വിഭാഗത്തില്‍ പെട്ടവനല്ലെന്ന് തീര്‍ത്തു പറഞ്ഞു. കരുണ കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ലെന്നു തന്നെ വിശ്വസിച്ചു. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാലേ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കൂ എന്നോര്‍മിപ്പിച്ചു. വെള്ളം തീയെ എന്ന പോലെ ദാനം പാപത്തെ ഇല്ലാതാക്കുമെന്ന് ഓര്‍മപ്പെടുത്തി. ഒരു ഈത്തപ്പഴച്ചീന്തെങ്കിലും ദാനം ചെയ്ത് നരകശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ പറഞ്ഞു. കുട്ടികളെ അളവറ്റ് സ്‌നേഹിച്ചു. അവരോട് ഏറെ കരുണ കാട്ടി. കരയുന്ന കുഞ്ഞിനുവേണ്ടി നിസ്‌കാരം വരെ പെട്ടെന്നവസാനിപ്പിച്ചു. യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വധിക്കരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചു.
മനുഷ്യരോടു മാത്രമല്ല പരിസ്ഥിതിയോടും നബി തിരുമേനി അപാരമായ കാരുണ്യം കാത്തുപോറ്റി. കിളിക്കുഞ്ഞുങ്ങളെ പിടിച്ച ശിഷ്യരോട് അവയെ തള്ളക്കിളിക്കരികിലേക്ക് വിട്ടയക്കാന്‍ കല്‍പിച്ചു. ഒരു യാത്രയില്‍ അനുചരര്‍ തീ പൂട്ടിയത് ഉറുമ്പുചാലിനരികിലാണെന്നു കണ്ട ഉടനെ തീയണക്കാന്‍ പറഞ്ഞു. ഒട്ടകത്തെ പട്ടിണിക്കിട്ടവനെ ശകാരിച്ചു. മരത്തിനു കല്ലെറിഞ്ഞ കുട്ടിയോട് കല്ലുകൊണ്ടാല്‍ മരത്തിനു വേദനിക്കുമെന്നോര്‍മപ്പെടുത്തി. അന്ത്യകാഹളം കേള്‍ക്കുമ്പോഴും കൈയിലൊരു മരത്തൈ ഉണ്ടെങ്കില്‍ അത് നടണമെന്നും പറഞ്ഞു.
മക്കയില്‍നിന്ന് മദീനയിലേക്കുള്ള പലായനത്തിനിടയില്‍ നബിയും അബൂബക്‌റും സൗര്‍ ഗുഹയിലാണ് അഭയം തേടിയത്. ഗുഹാമുഖത്തെത്തിയ ഖുറൈശികളെ കണ്ട് അബൂബക്‌റിന് വേവലാതിയായി. അപ്പോഴും പ്രാര്‍ഥനയുടെ ആഴങ്ങളില്‍ ശാന്തനായിരുന്നു നബി തിരുമേനി. ദൈവം കൂടെയുള്ളപ്പോള്‍ നാമെന്തിന് ഭയപ്പെടണമെന്ന് അബൂബക്‌റിനെ ആശ്വസിപ്പിച്ചു. ഗുഹാമുഖത്ത് കാലപ്പഴക്കം ചെന്ന ചിലന്തിവലയും പ്രാവിന്‍കൂടും കണ്ട് ഉള്ളിലേക്കു കയറിനോക്കാതെ ശത്രുസംഘം സ്ഥലം വിട്ടു.
ഏത് ദുരിതപൂര്‍ണമായ ജീവിതത്തിനിടയിലും ആശ്രയത്തിന്റെ ഒരു സൗര്‍ ഗുഹയുണ്ടാവുമെന്ന് ഈ സന്ദര്‍ഭം നമ്മെ ആശ്വസിപ്പിക്കുന്നുണ്ട്; പതറാതെ മുന്നോട്ടു പോവാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
പ്രാര്‍ഥനയിലും അതുവഴി അല്ലാഹുവിലും അഭയം കണ്ടെത്തുമ്പോഴും പ്രവാചകന്‍ നയിച്ചിരുന്നത് ഒരു സന്യാസി ജീവിതമല്ല എന്നുള്ളതാണ് ശ്രദ്ധേയം. പ്രവാചകന്റെ ആത്മീയത ലൗകികതയില്‍ ഊന്നിനിന്നുകൊണ്ടുള്ളതായിരുന്നു. പ്രവാചകത്വം ലഭിച്ച ഉടനെ അദ്ദേഹം ഓടിച്ചെന്നത് ഭാര്യക്കരികിലേക്കാണ്. ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും ഖദീജയായിരുന്നു. പ്രവാചകനായിരിക്കുമ്പോഴും അദ്ദേഹം പത്‌നി ആഇശയോടൊപ്പം ഓട്ടപ്പന്തയം നടത്തി. നാടോടി നൃത്തമാസ്വദിച്ചു. പെരുന്നാള്‍ രാവുകള്‍ ആഘോഷിച്ചു. അമ്പെയ്ത്തും നീന്തലുമൊക്കെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിനോദങ്ങളായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അനുയായികളോടൊപ്പം വട്ടം കൂടിയിരുന്ന് തമാശകള്‍ പറഞ്ഞു. സാധാരണക്കാരോടൊപ്പം നിന്ന് അധ്വാനിച്ചു.
അതെ, പ്രവാചകന്‍ സാധാരണ മനുഷ്യര്‍ക്കിടയില്‍ അതി സാധാരണക്കാരനായിരുന്നു. അതുകൊണ്ടാണ് 'മുഹമ്മദിന്റെ സ്വഭാവം ഒരു ദന്ത ഗോപുരവാസിയുടെതായിരുന്നില്ല. അത് പ്രകൃതിയില്‍നിന്ന് കരുപ്പിടിച്ച അനുഭവംകൊണ്ട് രൂപപ്പെടുത്തിയതാണെ'ന്ന് കെ.എല്‍ ഗൗബ നിരീക്ഷിച്ചത്.
മദീനയിലെത്തിയ ഉടനെ നബി ആദ്യം ചെയ്തത് ഒരു പള്ളി പണിയുകയായിരുന്നു. പണിക്കാരോടൊപ്പം ചേര്‍ന്ന് അദ്ദേഹം കല്ലും മണ്ണും ചുമന്നു. ഈത്തപ്പനത്തടികള്‍ കൊണ്ട് കട്ടിലും ഈന്തോലകള്‍ കൊണ്ട് മേല്‍ക്കൂരയും തീര്‍ത്ത ആ പള്ളിയുടെ തറ വെറും മണ്ണും കല്ലും വിതറിയതാണ്. അതിന്റെ ഓരത്ത് പണിത മുറികളിലാണ് നബി ഭാര്യമാരോടൊപ്പം താമസിച്ചത്. പ്രാര്‍ഥനയും ലൗകികതയുമെല്ലാം ഒരേയിടത്ത്. ഒന്നൊന്നിനോട് കൂടിയും കുറഞ്ഞും നിന്നില്ല. കാരക്കയും വെള്ളവും കഴിച്ചാണ് നബിയും കുടുംബവും നാളുകള്‍ നീക്കിയത്.
പട്ടിണിയെന്തെന്ന് നബി വേണ്ടുവോളം അറിഞ്ഞിട്ടുണ്ട്. മദീനയിലേക്കുള്ള ശത്രുക്കളുടെ പ്രവേശനം തടയാനായി കിടങ്ങു കീറുന്ന ജോലിയില്‍ മറ്റുള്ളവരോടൊപ്പം നബിയും ഏര്‍പ്പെട്ടു. വിശപ്പിന്റെ കാഠിന്യം അറിയാതിരിക്കാനായി വയറ്റില്‍ കല്ലുകെട്ടി വെച്ചുകൊണ്ടായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
സമൂഹത്തില്‍ നാം വെച്ചുപുലര്‍ത്തേണ്ട ഏറ്റവും വലിയ ശീലങ്ങളിലൊന്നാണ് സമത്വം. എല്ലാവര്‍ക്കും തുല്യനീതി എന്നതായിരുന്നു പ്രവാചകചര്യ. സമൂഹത്തിലെ നിസ്വവിഭാഗങ്ങളെയെല്ലാം അദ്ദേഹം കാരുണ്യത്തോടെ സമീപിക്കുകയും സമഭാവനയോടെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, ദരിദ്രര്‍, അടിമകള്‍ എന്നിങ്ങനെ പ്രവാചകന്‍ ആരെയും മാറ്റിനിര്‍ത്തുകയോ തരംതാഴ്ത്തി കാണിക്കുകയോ ചെയ്തില്ല.
ഒരാള്‍ മകളുടെ താല്‍പര്യത്തിനു വിപരീതമായി തന്റെ സഹോദരപുത്രന് അവളെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ പെണ്‍കുട്ടി പരാതിയുമായി പ്രവാചകന്റെ മുന്നിലെത്തി. തന്റെ വരനെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രവാചകന്‍ അവള്‍ക്കു നല്‍കി. മറ്റൊരിക്കല്‍, വിരൂപനായ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടിക്കൊള്ളാന്‍ ഒരു സ്ത്രീക്ക് അനുവാദം നല്‍കി. ഭാര്യാഭര്‍ത്താക്കന്മാരെ തുല്യ സ്ഥാനമുള്ള ഇണകളായിക്കണ്ട കുടുംബ വ്യവസ്ഥയാണ് ഇസ്‌ലാമിലൂടെ പ്രവാചകന്‍ അവതരിപ്പിച്ചത്. പ്രവാചകന്‍ ഭാര്യമാര്‍ക്ക് നല്‍കിയിരുന്ന പരിഗണനയെക്കുറിച്ചും അവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നതിനെക്കുറിച്ചുമൊക്കെയുള്ള എത്രയോ സന്ദര്‍ഭങ്ങളുണ്ട്.
പ്രവാചകന്‍ പ്രകടിപ്പിച്ച സമത്വത്തിനുള്ള മകുടോദാഹരണമാണ് അടിമകളോടു കാണിച്ച സമീപനം. പ്രവാചകനില്‍ വിശ്വസിച്ച അടിമയായ ബിലാലിന് നേരിടേണ്ടിവന്നത് അതികഠിനമായ പീഡനങ്ങളായിരുന്നു. പ്രവാചക പാഠങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട അബൂബക്ര്‍ സ്വിദ്ദീഖാണ് പണം കൊടുത്ത് ബിലാലിനെ മോചിപ്പിച്ചത്. പിന്നീട് മക്കാവിജയത്തെ തുടര്‍ന്ന് കഅ്ബയിലെത്തിയ പ്രവാചകന്‍ ആദ്യത്തെ ബാങ്കു വിളിക്കാന്‍ നിയോഗിച്ചത് ബിലാലിനെയാണ്. അതും താങ്ങായി തന്റെ കൈയില്‍ ചവിട്ടിനിന്നുകൊണ്ട്. വെറും അടിമയായിരുന്ന ഒരു കറുത്ത വര്‍ഗക്കാരന്റെ ബലിഷ്ഠമായ കണ്ഠത്തില്‍നിന്നു മുഴങ്ങിക്കേട്ട ദൈവസ്തുതിയാണ് ലോകം മുഴുവന്‍ ദിവസവും അഞ്ചുനേരം അലയൊലികള്‍ തീര്‍ത്തുകൊണ്ടേയിരിക്കുന്നത്. അതുകേട്ട് നിസ്‌കാരത്തിനായി പള്ളിയിലെത്തുന്നവര്‍ക്കിടയിലും വലുപ്പച്ചെറുപ്പങ്ങളില്ല.
പ്രവാചകന്‍ പരിപൂര്‍ണ മനുഷ്യനാവുന്നത് അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും അദ്ദേഹം സ്വീകരിച്ച നിലപാടുകളുടെ പേരിലാണ്. വേണമെങ്കില്‍ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് പ്രവാചകന് വല്ലാത്തൊരു ദൈവിക പരിവേഷത്തോടെ കഴിയാമായിരുന്നു. മാരിയ എന്ന അടിമസ്ത്രീയില്‍ പ്രവാചകനു ജനിച്ച ഇബ്‌റാഹീം മുലകുടിമാറും മുമ്പേ മരണപ്പെട്ടു. പ്രവാചകനെ ഏറെ തളര്‍ത്തിയ ഒന്നായിരുന്നു ഇബ്‌റാഹീമിന്റെ മരണം. അന്നേദിവസം സൂര്യഗ്രഹണമുണ്ടായപ്പോള്‍ അതിനെ ഇബ്‌റാഹീമിന്റെ മരണവുമായി പലരും ബന്ധപ്പെടുത്തി. അല്ലാഹുവിന്റെ അടയാളങ്ങളായ സൂര്യചന്ദ്രന്മാര്‍ അവന്റെ നിശ്ചയമനുസരിച്ചാണ് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതെന്നും അതിന് ആരുടെയും ജനനമരണങ്ങളുമായും ബന്ധമില്ലെന്നും അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. പ്രവാചകനു വേണമെങ്കില്‍ ആ സംഭവത്തെ മുന്‍നിര്‍ത്തി ഒരമാനുഷിക തലത്തിലേക്ക് ഉയരാമായിരുന്നു. മനുഷ്യത്വത്തിന്റെ മണ്ണില്‍ ഉറച്ചുനില്‍ക്കാനാണ് അദ്ദേഹം എന്നും താല്‍പര്യപ്പെട്ടത്.
ചിലര്‍ക്കിടയിലെങ്കിലും പ്രവാചകന്‍ വിമര്‍ശിക്കപ്പെട്ടത് യുദ്ധങ്ങളുടെയും വിവാഹങ്ങളുടെയും പേരിലാണ്. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടാതെ ഒരു ചര്യയയെും നമുക്ക് പുനഃക്രമീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കിരാത നീതിയില്‍ കഴിഞ്ഞിരുന്ന പ്രാചീന അറേബ്യന്‍ ഗോത്ര സംസ്‌കാരത്തെ ഒരു പൂവിരിയുന്ന ലാഘവത്തോടെ പ്രവാചകന്‍ പരിവര്‍ത്തനപ്പെടുത്തിയിരുന്നെങ്കില്‍ മാനുഷികതയുടെ തലംവിട്ട് അദ്ദേഹം മറ്റേതോ അഭൗമതയിലേക്ക് ഉയര്‍ത്തപ്പെടുമായിരുന്നു. ബഹുദൈവാരാധകര്‍ക്കെതിരെ സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ കനത്ത പ്രഹരം തീര്‍ക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ആ യുദ്ധങ്ങള്‍ അനിവാര്യതകളാണ്. ആ അനിവാര്യതകള്‍ക്കിടയിലും വെച്ചുപുലര്‍ത്തിയ മാനുഷിക സ്‌നേഹമാണ് പ്രവാചകനെ വ്യതിരിക്തമാക്കുന്നത്.
പ്രവാചകന്‍ നടത്തിയ യുദ്ധങ്ങളിലെ പതാകവാഹകന്‍ ഉയര്‍ത്തിപ്പിടിച്ചത് സമാധാനത്തിന്റെ വെള്ളക്കൊടിയായിരുന്നു. ശത്രുപക്ഷത്തെ കുട്ടികള്‍ കൊല്ലപ്പെട്ടാല്‍ പോലും കരഞ്ഞ, സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വൃക്ഷങ്ങളെയും യുദ്ധത്തിനിടയില്‍ അക്രമിക്കരുതെന്നു പറഞ്ഞ, പലപ്പോഴും യുദ്ധ മുതല്‍ ശത്രുക്കള്‍ക്കു തന്നെ വീതിച്ചുനല്‍കിയ, വധശിക്ഷക്ക് വിധിക്കപ്പെട്ടവരെപ്പോലും അപാരമായ കാരുണ്യം കൊണ്ട് വിട്ടയച്ച പ്രവാചകനോ യുദ്ധക്കൊതിയന്‍? യുദ്ധം വഴി നേടിയ മുതലുകളൊന്നും അദ്ദേഹം വ്യക്തിജീവിതത്തിനു വേണ്ടി ഉപയോഗിച്ചിട്ടില്ല. യുദ്ധമുഖത്തും നന്ദിയും കടപ്പാടും ആവോളം കരുതിവെച്ചു. യുദ്ധത്തടവുകാരോട്, സാക്ഷരരെങ്കില്‍ നിരക്ഷരരെ പഠിപ്പിച്ചെങ്കിലും മോചിതരാവാന്‍ ആവശ്യപ്പെട്ടു.
നബി നയിച്ച യുദ്ധങ്ങള്‍ രക്തച്ചൊരിച്ചിലുകള്‍ക്കോ അധികാര സ്ഥാപനത്തിനോ വേണ്ടിയായിരുന്നില്ല. ശത്രുവിനോടു പോലും പുലര്‍ത്തേണ്ട മാനുഷിക പാഠങ്ങള്‍ നമ്മെ ബോധ്യപ്പെടുത്താന്‍ വേണ്ടി തന്നെയായിരുന്നു. യുദ്ധ വിജയങ്ങള്‍ അദ്ദേഹത്തെ ഒരിക്കലും അഹങ്കാരിയാക്കിയിട്ടുമില്ല. മക്കാ വിജയത്തെത്തുടര്‍ന്ന് മക്കയിലേക്കുള്ള നബിയുടെ പ്രവേശനത്തെക്കുറിച്ച് തിരുനബിയുട ജീവചരിത്രത്തില്‍ ശൈഖ് സ്വഫിയ്യുര്‍റഹ്മാന്‍ മുബാറക്പൂരി പറയുന്നത് നോക്കൂ: ''അല്ലാഹു തനിക്ക് നല്‍കിയ വിജയത്തില്‍ കൃതജ്ഞതാപൂര്‍വം ശിരസ്സ് കുനിച്ചുകൊണ്ട് അവിടുന്ന് വാഹനപ്പുറത്തിരിക്കുന്നു. അവിടുത്തെ താടിരോമങ്ങള്‍ വാഹനപ്പുറത്ത് തട്ടുന്നുണ്ടായിരുന്നു.''
ഹിജ്‌റ വര്‍ഷം പതിനൊന്ന് റബീഉല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ വിടവാങ്ങല്‍. ഒരു റബീഉല്‍ അവ്വലില്‍ തുടങ്ങി മറ്റൊരു റബീഉല്‍ അവ്വലില്‍ പൂര്‍ണമാക്കപ്പെട്ട കാലചക്രം. വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും, ദാമ്പത്യത്തില്‍ പുരുഷന്‍ സ്ത്രീയോടും സ്ത്രീ പുരുഷനോടും പുലര്‍ത്തേണ്ട ബാധ്യതകളെക്കുറിച്ചാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്. പള്ളിയിലെ അവസാനത്തെ നിസ്‌കാരത്തിന് നേതൃത്വം നല്‍കുമ്പോള്‍, താന്‍ ആര്‍ക്കെങ്കിലും കടം വീട്ടാനുണ്ടെങ്കില്‍ ഓര്‍മിപ്പിക്കണമെന്നും പറഞ്ഞു. കുടുംബജീവിതത്തെയും വ്യക്തിജീവിതത്തെയും പ്രാര്‍ഥനയായി കണ്ട ഒരു മനുഷ്യന്റെ ഓര്‍മപ്പെടുത്തലുകളാണ് അവയെല്ലാം.
('മുഹമ്മദ് നബിയെ വായിക്കുമ്പോള്‍' എന്ന വിഷയത്തില്‍ ഡയലോഗ് സെന്റര്‍ കേരള നടത്തിയ സംസ്ഥാനതല പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രബന്ധത്തിന്റെ സംഗ്രഹം)
Comments