Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

'മനുഷ്യരെ കണ്ട മുഹമ്മദ് നബി'

കെ.പി പ്രസന്നന്‍  [email protected]

മനുഷ്യര്‍  എന്നതിനെക്കാള്‍ സുന്ദരവും വൈവിധ്യമുള്ളതുമായ ഒരു പദമുണ്ടോ? എത്ര തരം മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്.  മനുഷ്യരേ എന്ന് പലപ്പോഴായി വേദഗ്രന്ഥം ഭൂമിയിലുള്ള ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്കിടയില്‍ പല തരത്തിലുള്ള ഉച്ച നീചത്വങ്ങള്‍ എന്നും ഉണ്ടായിരുന്നു.  1400-ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് മൂര്‍ധന്യത്തിലായിരുന്ന ഒരു ഘട്ടത്തിലാണ് മുഹമ്മദ് നബി (തിരുനബിക്ക് മേല്‍ അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും വര്‍ഷിക്കുമാറാകട്ടെ) മക്കയില്‍ മനുഷ്യര്‍ക്കിടയിലേക്ക് ദൈവിക സന്ദേശവുമായി കടന്നുചെല്ലുന്നത്.
അടിമ, കറുത്തവന്‍, പരദേശി ഇങ്ങനെ എല്ലാ പതിത്വവും പേറുന്ന ഒരു മനുഷ്യനെ ചേര്‍ത്തുപിടിച്ചതില്‍ നിന്ന് മാത്രം മുഹമ്മദ് നബിയുടെ ആദര്‍ശത്തിന്റെ മഹത്വം ഒരാള്‍ക്ക് എളുപ്പം തിരിച്ചറിയാം. ഈ അണ്ഡകടാഹം സൃഷ്ടിച്ച ദൈവത്തിന്റെ ഏകത്വം മാത്രമല്ല, ഭൂമിയിലെ മനുഷ്യരുടെ ഏകതക്കും സാഹോദര്യത്തിനും വേണ്ടി  പോരാടുന്ന  ഒരു പ്രവാചകന്‍ മക്കയില്‍  ഉണ്ടെന്ന് ബിലാല്‍ അറിഞ്ഞിട്ടുണ്ട്. എത്യോപ്യന്‍ അടിമ, കറുത്തവന്‍, ഇങ്ങനെ അടിച്ചമര്‍ത്തപ്പെടാനുള്ള എല്ലാ യോഗ്യതയും ഒത്തുവന്നവന്‍.  സ്വാതന്ത്ര്യം കൊതിക്കാത്ത മനുഷ്യരുണ്ടോ? പക്ഷേ, അത് ചോദിക്കാന്‍ പോലും അര്‍ഹത ഇല്ലെന്നു കരുതുന്നവരുടെ കൂട്ടത്തിലായിരുന്നു  ജീവിതം.
എല്ലാ ധൈര്യവും സംഭരിച്ചാണ് മുഹമ്മദിന്റെ വീട്ടിലേക്കു ചുവടുവെച്ചത്. ആളുകള്‍ കാണാതിരിക്കാന്‍ സന്ധ്യ ഇരുളാന്‍ കാത്തിരുന്നു. ഇരുട്ടിന്റെ കറുപ്പിലും ബിലാലിന്റെ കറുപ്പ് തിളങ്ങി. ചാക്ക് കൊണ്ട്  മറച്ച നഗ്നത. ഒട്ടകങ്ങളുടെ കൂടെ കിടക്കാനാണ് ഉടമ ഉമയ്യയുടെ കല്‍പന. അതുകൊണ്ടു തന്നെ ഒട്ടകചാണക ഗന്ധം പേറുന്നുവെന്ന ജാള്യത. എന്നെപ്പോലൊരുവനെ മുഹമ്മദ് അനുയായി ആക്കുമോ? അനുവാദം ചോദിച്ചു അകത്തേക്ക് പ്രവേശിച്ചെങ്കിലും മുഹമ്മദിന്റെ അടുത്തേക്കണയാന്‍ തോന്നുന്നില്ല.
'എന്താണ് ബിലാലേ,  അവിടെ നിന്നുകളഞ്ഞത്?' അല്ലാഹുവിന്റെ റസൂല്‍ അടുത്തേക്ക് വരികയാണ്. ഒട്ടക ചാണക ഗന്ധം  എന്നാക്ഷേപിച്ചു ആളുകള്‍  മാറ്റി നിര്‍ത്താറുള്ള ബിലാലിനെ ആലിംഗനം ചെയ്യുകയാണ്. ജീവിതത്തില്‍ തനിക്കാദ്യമായി  കിട്ടിയ ആലിംഗനം അതായിരുന്നുവെന്ന്  ബിലാല്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പിന്നെ ബിലാല്‍ (റ) റസൂലിനെ വിട്ടില്ല, റസൂല്‍ ബിലാലിനെയും. 'റസൂല്‍ ഒട്ടകപ്പുറത്ത്  സ്വര്‍ഗത്തിലേക്ക്  കയറുമ്പോള്‍ ആ  ഒട്ടകക്കയറും പിടിച്ച്  ബിലാല്‍ മുന്നില്‍ നടക്കു'മെന്നൊരു  കവി വായനയുണ്ട്. അതെ,  ബിലാലുമാര്‍  നടന്നു കയറിയെന്ന്  ഉറപ്പുവരുത്തിയേ അല്ലാഹുവിന്റെ റസൂല്‍ സ്വര്‍ഗത്തില്‍ കയറുകയുള്ളൂ എന്ന്!
ആലിംഗനങ്ങളിലാണ് ചരിത്രം പിറന്നിട്ടുള്ളത്. പക്ഷേ, കൂടെ ആദര്‍ശം ഉണ്ടാവണം. അധഃസ്ഥിതര്‍, തൊട്ടു കൂടാത്തവര്‍ എന്നൊക്കെ പറയപ്പെടുന്നവരെ ചേര്‍ത്തു നിര്‍ത്താനുള്ള ആദര്‍ശം. അതേ  ബിലാലിന് അല്ലാഹുവിന്റെ ഭവനമായ കഅ്ബയുടെ മുകളിലേക്ക് കയറാന്‍ സ്വന്തം ചുമല്‍ ചവിട്ടുപടിയാക്കി കുനിഞ്ഞു നിന്നപ്പോള്‍  റസൂല്‍ (സ) ഇസ്‌ലാമെന്ന ആദര്‍ശത്തിന്റെ ലഹരി സ്വയം മറന്ന് ആസ്വദിച്ചിട്ടുണ്ടാവണം. മക്കാ വിജയദിവസത്തെ ആ ബാങ്കൊലിയില്‍ ചരിത്രത്തിലെ ആദ്യത്തെ അടിമവിമോചന പ്രഖ്യാപനത്തിന്റെ അലയൊലികള്‍ ഒരാള്‍ക്ക് വായിച്ചെടുക്കാവുന്നതാണ്.
'മനുഷ്യരുടെ ദുരിതങ്ങളില്‍ അസഹ്യമായ വേദന അനുഭവിക്കുന്നവരാണ് മഹത്വത്തിലെത്തിയ മനുഷ്യന്‍' എന്ന് ബെര്‍ട്രാന്റ് റസ്സല്‍ നിരീക്ഷിക്കുന്നുണ്ട്.  മുതലാളിത്തത്തിന്റെ ഉപഭോഗ തൃഷ്ണ, കൊളോണിയലിസത്തിന്റെ അധികാര പ്രയോഗങ്ങള്‍, വംശീയതയുടെ വരേണ്യതകള്‍- ഇവക്കൊക്കെ നടുവില്‍ ആധുനിക മനുഷ്യന്‍ പോലും, എവിടെ മാനവികത എന്ന്  നിലവിളിക്കുന്നതല്ലാതെ മനുഷ്യ സാഹോദര്യത്തിന്റെ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുകയാണ്. ആധുനിക രാജ്യങ്ങളുടെ ഭരണഘടനകള്‍ അതിലെ പൗരന്മാരുടെ തുല്യതക്കു വേണ്ടി നിയമങ്ങള്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും മതത്തിന്റെ പേരിലുമൊക്കെ മനുഷ്യര്‍ വര്‍ഗീകരിക്കപ്പെടുന്ന കാഴ്ചയാണ് ലോകത്തെങ്ങും.
'ആളുകള്‍ പരസ്പരം മതിമറന്നു സ്‌നേഹിക്കുന്നൊരു കാലം വരുമെന്ന് എനിക്കറിയാം.  ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ഒരു നക്ഷത്രം പോലെയായിരിക്കും. സ്വതന്ത്ര മനുഷ്യര്‍ വിഹരിക്കുന്നുണ്ടാവും. എല്ലാവര്‍ക്കും തുറന്ന ഹൃദയങ്ങള്‍. അസൂയയും കുശുമ്പും തൊട്ടുതീണ്ടാത്ത ഹൃദയങ്ങള്‍. അപ്പോള്‍ ജീവിതം മഹത്തായ മനുഷ്യസേവനമായിത്തീരും,  മനുഷ്യന്റെ രൂപത്തിന് തന്നെ ഒരു ഔന്നത്യം സിദ്ധിക്കും. കാരണം, സ്വതന്ത്ര മനുഷ്യര്‍ക്ക് അപ്രാപ്യമായിട്ടൊന്നുമില്ല. അന്ന് ജനങ്ങള്‍ നേരായി, സ്വതന്ത്രമായി സൗന്ദര്യത്തിനു വേണ്ടി ജീവിക്കും. അങ്ങേയറ്റത്തെ ഹൃദയവിശാലതയോടെ  ആ ലോകത്തെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും കഴിയുന്നവരായിരിക്കും ഏറ്റവും ഉത്തമരായി പരിഗണിക്കപ്പെടുക. ആ ജീവിതം നയിക്കുന്നവര്‍ മഹാന്മാരായിരിക്കും' (മാക്‌സിം ഗോര്‍ക്കിയുടെ  അമ്മ എന്ന വിഖ്യാത നോവലില്‍ പാവെലിനെയും (Pavel Vlasov) 'അമ്മ'യെയും കൊതിപ്പിച്ചു കൊണ്ട് ഹൊഹെല്‍ തന്റെ സോഷ്യലിസ്റ്റ് സ്വപ്‌നത്തെ കുറിച്ച് പറഞ്ഞത്).
ഇത് ചരിത്രത്തില്‍ മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുചരന്മാരും സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യരെ അവരുടെ യഥാര്‍ഥ സൗന്ദര്യത്തില്‍ കാണാന്‍ ആ ജീവിതങ്ങള്‍  സത്യസന്ധമായി വായിച്ചു നോക്കേണ്ടതുണ്ടെന്നു മാത്രം. വംശീയതയുടെയും ജാതിവെറിയുടെയുമൊക്കെ  ഭാണ്ഡങ്ങള്‍ ഉപേക്ഷിക്കുക അത്ര എളുപ്പമല്ല. മനസ്സ് വര്‍ഗീയമുക്തമാവാനും തൗഹീദിന്റെ  മര്‍മവും ലഹരിയും ഉള്‍ക്കൊണ്ട് യഥാര്‍ഥ മനുഷ്യനാവാനും മനുഷ്യരെ ചേര്‍ത്തുനിര്‍ത്താനും സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിശ്വസിച്ചു എന്നൊക്കെ  വേണമെങ്കില്‍ പറഞ്ഞോളൂ, മറ്റുള്ള അവകാശവാദങ്ങളൊന്നും  വേണ്ടതില്ലെന്നു തന്നെയല്ലേ വിശുദ്ധ ഖുര്‍ആനും പഠിപ്പിക്കുന്നത്?
മനുഷ്യ സാഹോദര്യത്തിന്റെ ഉത്തമ നിദര്‍ശനമായിട്ടാണ് മുഹമ്മദ് നബിയുടെയും ബിലാ(റ)ലിന്റെയും ജീവിതം ഇവിടെ ഉദാഹരിച്ചത്.
ആളുകളെ അവരുടെ ഉള്ളിലിരിപ്പ് നോക്കി തിരിച്ചറിയാനുള്ള കഴിവ് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ നമ്മില്‍ പലരും ചെന്നായ്ക്കളും കുറുനരികളും കുറുക്കന്മാരുമായേനെ. അല്ലാഹുവിന്റെ മറ എത്ര മഹത്തരം (ഡോ. മുസ്തഫസ്സിബാഇ).
ഇങ്ങനെയുള്ള എല്ലാത്തരം മനുഷ്യരുടെയും ആത്മീയ ഗുരുവും നേതാവുമായി, മനുഷ്യ സാഹോദര്യത്തിന്റെ ലഹരി അവരെ അനുഭവിപ്പിക്കാന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. ഗോത്ര മഹിമയുടെയും പണക്കൊഴുപ്പിന്റെയും ജാതീയ ഉന്നതിയുടെയും ഒക്കെ അഹങ്കാരം തലയ്ക്കു പിടിച്ചവരിലും മാനവികതയുടെ ചാലുകള്‍ കീറാന്‍ മുഹമ്മദ് നബിക്കു സാധിച്ചിട്ടുണ്ട്.
'കറുത്തവളുടെ മകനേ' എന്ന  വിളി  ഒരനുയായിയുടെ വായില്‍ നിന്ന് വീണുപോയപ്പോള്‍ 'അജ്ഞാനാന്ധതയുടെയും ജീര്‍ണതയുടെയും അടയാളങ്ങള്‍ ഇനിയും നിന്നില്‍ ബാക്കിയുണ്ടോ' എന്ന ചോദ്യവുമായാണ്  പ്രവാചകന്‍ ആ അനുചരനില്‍  സംസ്‌കരണം നടത്തുന്നത്.  എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി 'മനുഷ്യരേ' എന്ന സമത്വത്തിന്റെ വിളിയടയാളം വേദഗ്രന്ഥത്തെപ്പോലെ മുഹമ്മദ് നബിയും അടിക്കടി ആവര്‍ത്തിച്ചു. കറുത്തവരേ, വെളുത്തവരേ, അറബികളേ, ആഫ്രിക്കക്കാരേ.... തുടങ്ങി വംശം, ഭാഷ, ദേശം, വര്‍ണം, കുലം, ഗോത്രം, മതസമുദായം തുടങ്ങിയവയുടെയെല്ലാം പേരിലുള്ള വര്‍ഗീയവും വംശീയവുമായ എല്ലാ സങ്കുചിത വേര്‍തിരിവുകളെയും റദ്ദ് ചെയ്യുകയാണ്, 'മനുഷ്യരേ' എന്ന വിളിയിലൂടെ വിശുദ്ധ വേദം ചെയ്യുന്നത്. അതുകൊണ്ട് അതിലെ  ആദര്‍ശവും രാഷ്ട്രീയവും തിരിച്ചറിയപ്പെടുക തന്നെ വേണം.  അതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു മുഹമ്മദ് നബിയുടെ ജീവിതം.
അനുയായികള്‍ 'കല്ലുകള്‍ക്കിടയിലെ രത്‌നക്കല്ല്' എന്നൊക്കെ  വിശേഷിപ്പിക്കാറുണ്ടെങ്കിലും തിരുനബി അഭിമാനിച്ചത് അല്ലാഹുവിന്റെ അടിമ എന്ന് പറയുന്നതിലായിരുന്നു. അല്ലാഹുവിനെ ശരിയായി അറിയുന്നൊരാള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണത്. ആ അടിമത്തത്തിലൂടെ, ലോകത്ത് നിലവിലുള്ള എല്ലാ വ്യവസ്ഥകളുടെയും രാജാക്കന്മാരുടെയും കപടദൈവങ്ങളുടെയും അടിമത്തത്തില്‍ നിന്നുള്ള വിമോചനം  സാധ്യമാവുമെന്നത് കൂടിയാണല്ലോ ഇസ്‌ലാമിന്റെ രാഷ്ട്രീയം. വിമോചനം കൊതിക്കുന്ന മനുഷ്യര്‍ക്ക് മുഹമ്മദ് നബി അങ്ങനെയാണ് ഒരാവേശമാകുന്നത്. എല്ലാ മനുഷ്യര്‍ക്കും അഭിമാനത്തോടെ കയറി നില്‍ക്കാവുന്ന ഒരു പീഠമാണത്; അല്ലാഹുവിന്റെ അടിമ  എന്ന സ്ഥാനം. അല്ലാഹുവിന്റെ പ്രവാചകനെപ്പോലെ  മറ്റേത് മനുഷ്യനും നേടിയെടുക്കാവുന്ന സ്ഥാനം.
പ്രവാചകന്‍   ഒരു മനുഷ്യന്‍ എന്ന നിലയില്‍ തന്നെ മറ്റു ജനങ്ങളോട്  സംവദിച്ചു. ദൈവത്തില്‍ നിന്ന് പ്രത്യക്ഷ പ്രചോദനം ഇല്ലാത്തപ്പോഴൊക്കെ, തനിക്കു തെറ്റ് പറ്റാം എന്നദ്ദേഹം  പറഞ്ഞിട്ടുണ്ട്. ഉപരിലോകത്ത് നിന്ന് ഭൂമിയിലേക്കുള്ള ഖുര്‍ആന്‍ അവതരണത്തിന്റെ റസൂല്‍ എന്ന  നിലയില്‍ അതീവ വിശുദ്ധിയോടെ ജീവിച്ചു. അല്‍ അമീന്‍ (വിശ്വസ്തന്‍)  ആയ മനുഷ്യന്‍. അല്ലാഹുവിന്റെ ദൂതന്‍! അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂക്തം പോലും  മുഹമ്മദിനെക്കാളും അദ്ദേഹത്തിന്റെ കുടുംബത്തെക്കാളും വിലയേറിയതാണെന്നു പറഞ്ഞു കൊണ്ട് തന്നെ ആ സൂക്തങ്ങളുടെ ജീവിക്കുന്ന മാതൃകയായി അദ്ദേഹം സ്വയം അടയാളപ്പെടുത്തി.
ആത്മീയമായും ഭൗതികമായും മനുഷ്യന്റെ സ്ഥാനം അടയാളപ്പെടുത്തി എന്നത് തന്നെയാണ് ഇസ്‌ലാമിക ദര്‍ശനത്തെ ഇതര ദര്‍ശനങ്ങള്‍ക്കിടയില്‍ മിഴിവോടെയുള്ള സ്ഥാനത്തിന് അര്‍ഹമാക്കുന്നത്.  ആരാണ് മനുഷ്യന്‍ എന്നതു പോലെ, ആരാവണം മനുഷ്യന്‍ എന്നു കൂടി അത് പറഞ്ഞു. ആത്മീയമായി അല്ലാഹുവിനോട് അടുക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ തന്നെ 'ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തവരാണ് ദീനിനെ നിഷേധിക്കുന്നവര്‍' എന്ന് പറഞ്ഞു വെച്ചു. അത്തരക്കാര്‍ ആളുകളെ കാണിക്കാന്‍ നമസ്‌കരിക്കുന്നതിനൊന്നും അല്ലാഹുവിന്റെ മുന്നില്‍ വിലയുണ്ടാവില്ല എന്ന് വിശുദ്ധ ഖുര്‍ആനില്‍ തന്നെ രേഖപ്പെടുത്തി.
ദൈവത്തിന്റെ അവതാരം എന്നതോ പോകട്ടെ രക്ഷകന്‍ എന്ന നിലയില്‍ പോലുമല്ല മുസ്‌ലിംകള്‍ മുഹമ്മദിനെ സ്‌നേഹിക്കുകയും മാതൃകയാക്കുകയും ചെയ്യുന്നത്. എങ്കിലും പ്രവാചകനോടുള്ള ഹുബ്ബ് മുസ്‌ലിം ആത്മീയ ജീവിതത്തില്‍ മര്‍മ പ്രധാനമാണ്. മറ്റു നിലക്ക് നിരാര്‍ഭാടമായ ഒരു മതത്തിന് അത് ഒരേസമയം വികാരതീവ്രവും സൗമ്യവും ആയ ചിലതെല്ലാം പ്രദാനം ചെയ്യുന്നു. പ്രവാചകനെ മാത്സര്യ ബുദ്ധിയോടെ  അനുധാവനം ചെയ്യുന്നതില്‍ ഇന്നും അനുയായികള്‍ മത്സരിക്കുന്നു.
അദ്ദേഹം സ്‌നേഹിക്കപ്പെടുന്നത് ഒരേ സമയം ധൈര്യത്തിന്റെയും സൗമ്യതയുടെയും പേരിലാണ്. യോദ്ധാവ് എന്ന നിലയിലും ജന നേതാവ് എന്ന നിലയിലും മാത്രമല്ല, മാതൃകാ ഭര്‍ത്താവ് എന്ന നിലയിലും മാതൃകാ പിതാവ് എന്ന നിലയിലും മാതൃകാ സ്‌നേഹിതന്‍ എന്ന നിലയിലുമാണ്. ഏറ്റവും താഴേ തട്ടില്‍ ദൈന്യമായ ജീവിതം നയിക്കുന്ന ആണും പെണ്ണും അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയിരുന്നെങ്കിലെന്നു സ്വപ്‌നം കാണും.
അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവര്‍ അറിയപ്പെട്ടത് അനുയായികള്‍ എന്നല്ല, ചങ്ങാതിമാര്‍ എന്നാണ്. അദ്ദേഹം മരിച്ചു പതിനാല് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുസ്‌ലിംകള്‍ക്ക് ഈ ചങ്ങാത്തത്തില്‍, ഏകാന്ത വേളകളിലെ ആശ്വാസവും വിഷമാവസ്ഥയില്‍ സ്ഥൈര്യവും ദര്‍ശിക്കുന്നു. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ഈ ലോകം അവര്‍ക്ക് തണുത്തതും ആവാസയോഗ്യമല്ലാത്തതുമായ ഒരിടം ആയേനെ!
മനുഷ്യരെ കാണുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്ത ഒരു മഹാ മനുഷ്യന്റെ സുഗന്ധങ്ങള്‍ മനുഷ്യരാശി ആസ്വദിച്ചു തീര്‍ന്നിട്ടില്ല തന്നെ. 
വിവിധ തരം മനുഷ്യര്‍ക്കിടയില്‍ നീതി സ്ഥാപിക്കുക എന്നതാണ് മനുഷ്യകുലത്തോട് മാനവികതക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. അതിലൊരു ദാക്ഷിണ്യവും വിശുദ്ധ വേദവും പ്രവാചക ചര്യയും വരുത്തിയില്ല. നീതി നിഷേധമാണ് പലപ്പോഴും അക്രമങ്ങള്‍ക്ക് കാരണമാവുന്നത് എന്നിരിക്കെ ജനങ്ങള്‍ക്കിടയില്‍ നീതി പാലിക്കുക എന്നത് പ്രവാചകദൗത്യത്തിന്റെ മഹനീയ മാതൃകയായിരുന്നു.
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാവരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (5:8).
നീതി രണ്ടക്ഷരം മാത്രമായിപ്പോവാതെ മനുഷ്യര്‍ക്കിടയില്‍ അനുഭവിച്ചറിയുന്ന ഒരാദര്‍ശമായി ഒഴുകിയപ്പോള്‍ പ്രവാചകനും അനുയായികളും സൃഷ്ടിച്ചെടുത്ത മാനവികതയുടെ വസന്തങ്ങള്‍ ഒരു പാട് വായിച്ചെടുക്കാനുണ്ട്. അതിനൊക്കെ അവര്‍ക്ക് പ്രേരകമായത് മനുഷ്യരെ കുറിച്ച്, മാനവികതയെ കുറിച്ച്, നീതിയെ കുറിച്ചുള്ള വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ കൂടിയാണ്. ആ സന്ദേശങ്ങള്‍ക്ക് സ്വയം സാക്ഷിയായിക്കൊണ്ടുള്ള മുഹമ്മദ് നബിയുടെ ജീവിതം നമുക്കൊക്കെ മാതൃകയാവേണ്ടതാണ്.
അനുചരനായ  ഇബ്‌നു മസ്ഊദി(അദ്ദേഹത്തില്‍ അല്ലാഹു തൃപ്തിപ്പെടട്ടെ)നോട് ഒരിക്കല്‍ പ്രവാചകന്റെ അഭ്യര്‍ഥന: 'എനിക്ക് താങ്കള്‍ കുറച്ച് ഖുര്‍ആന്‍ കേള്‍പ്പിക്കുമോ?'
'അല്ലാഹുവിന്റെ റസൂലേ താങ്കള്‍ക്ക് അവതരിക്കപ്പെട്ട ഖുര്‍ആന്‍ ഞാന്‍ താങ്കള്‍ക്ക് ഓതിത്തരികയോ?'
'താങ്കളില്‍ നിന്ന് അത് കേള്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നു.'
അതില്‍ പരം സന്തോഷം ഇബ്‌നു മസ്ഊദിന് വേറെ എന്തുണ്ട്? അദ്ദേഹം സൂറഃ അന്നിസാഅ് പാരായണം ആരംഭിച്ചു.
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും, ഇക്കൂട്ടര്‍ക്ക് സാക്ഷിയായി നിന്നെ കൊണ്ടുവരും, എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ (4:41 ) എന്നൊക്കെ അര്‍ഥം പറയാവുന്ന വാക്യത്തിനടുത്തെത്തിയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ പതുക്കെ മൊഴിഞ്ഞു:
'മതി, ഇപ്പോളിത്ര മതി.'
പാരായണത്തില്‍ അപാകത പറ്റിയോ  എന്ന സ്വയം വിചാരണയില്‍ നനഞ്ഞുപോയ ഇബ്‌നു മസ്ഊദ്  തിരിഞ്ഞു നോക്കി. ഇരുകണ്ണില്‍ നിന്നും കണ്ണീരൊഴുക്കി കേട്ട ആയത്തിന്റെ ഭാരത്തില്‍, വിതുമ്പുന്ന അല്ലാഹുവിന്റെ പ്രവാചകന്‍! മനുഷ്യര്‍ക്ക് വേണ്ടി സാക്ഷിയാവേണ്ടുന്ന മുഹമ്മദ് നബിയോളം മനുഷ്യരെ കണ്ടവരാരുണ്ട്.
സ്വല്ലല്ലാഹു അലൈഹിവസല്ലം. 

+971589584242
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌