ആഇശയോടൊരു ആവലാതി-2
ഭാരിച്ച ദൗത്യവുമായി എപ്പോഴും തിരക്കുകളിലായിരുന്നല്ലോ റസൂല്‍(സ). നിങ്ങള്‍ക്കായി നീക്കിവെക്കാന്‍ അദ്ദേഹത്തിന് സമയമുണ്ടാകാറുണ്ടോ? നിങ്ങളുടെ അരികിലാകുമ്പോള്‍ ആ സമയം പൂര്‍ണമായും നിങ്ങള്‍ക്കായി നല്‍കാറുണ്ടോ?
എന്റെ കൂടെയാകുമ്പോള്‍ എനിക്കുള്ളതെല്ലാം പൂര്‍ണമായി അദ്ദേഹം നല്‍കും. ശരീരം കൊണ്ടും മനസ്സ് കൊണ്ടും എന്റെ കൂടെയായിരിക്കും. വീട്ടിലായിരിക്കുമ്പോള്‍ എന്നോടിടപഴകാനും ചേര്‍ന്നിരിക്കാനുമുള്ള അവസരവും അദ്ദേഹം ഉപയോഗപ്പെടുത്തുമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളിലൂടെ വരെ എന്നില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അരികിലൂടെയല്ല, അവിടുത്തെ ജീവിതത്തിനുള്ളിലൂടെയായിരുന്നു ഞാന്‍ കടന്നുപോയിരുന്നത്. ആര്‍ത്തവമുള്ള നേരങ്ങളില്‍ പോലും എന്റെ മടിയില്‍ കിടന്ന് അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു.
ആഇശ(റ)യുടെ മറുപടി കേട്ട നദ ആ രംഗമൊന്നോര്‍ത്തു. റസൂലതാ, ആഇശയുടെ മടിയില്‍ കിടന്ന് മധുരമൂറുന്ന സ്വരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. അവരുടെ കൈകള്‍ റസൂലിന്റെ മുടിയെ തഴുകുന്നു. ശ്രദ്ധയോടെ പാരായണമാസ്വദിക്കുന്നു. പ്രണയം മധുരം വിതറുന്ന വേളകള്‍.
ആഇശ(റ) തുടരുകയാണ്: കുളിക്കുമ്പോള്‍ പോലും സല്ലാപങ്ങളിലായിരുന്നു ഞങ്ങള്‍. ഒരേ പാത്രത്തില്‍ നിന്ന് രണ്ടുപേരും, എനിക്കാണ് എനിക്കാണ് എന്ന് പറഞ്ഞ് തമാശകള്‍ പങ്കിട്ടാണ് കുളിക്കാറുണ്ടായിരുന്നത്.
ഒരിക്കല്‍ സ്വഹാബിമാരോടൊത്ത് ഒരു യാത്രയിലായിരിക്കെ റസൂല്‍(സ) അവരോട് മുന്നില്‍ പോകാനാവശ്യപ്പെട്ടു. എന്നിട്ട് എന്നോട് പറഞ്ഞു: നമുക്ക് ഒരു ഓട്ട മത്സരം നടത്താം. ആരാണ് ആദ്യം അവരുടെ അടുത്തെത്തുന്നതെന്ന് നോക്കാം. അന്ന് ഞാന്‍ മെലിഞ്ഞ ശരീര പ്രകൃതമുള്ളവളായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മുമ്പേ ഓടിയെത്താന്‍ എനിക്കായി. കുറച്ച് കാലങ്ങള്‍ക്ക് ശേഷം മറ്റൊരു യാത്രക്കിടയില്‍ പഴയതു പോലെ, സ്വഹാബിമാരോട് മുമ്പില്‍ പോകാനാവശ്യപ്പെട്ടു. എന്നിട്ടെന്നോട്, മത്സരിച്ചോടിയാലോ എന്ന് ചോദിച്ചു. ആ സമയത്ത് ഞാന്‍ കുറച്ച് തടിവെച്ചിരുന്നു. ഞാന്‍ പറഞ്ഞു, ഈ തടിയും വെച്ച് ഞാനെങ്ങനെ ഓടാനാ? ഓടിയേ പറ്റൂ- അദ്ദേഹം നിര്‍ബന്ധിച്ചു. എനിക്ക് മുന്നിലെത്തിയ അദ്ദേഹം ഓടിയെത്താത്ത എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു: 'ഇത് അന്നേത്തതിന്റെ പകരമാണ്.'
സത്യനിഷേധികളും മുനാഫിഖുകളുമൊക്കെ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്ക് നടുവില്‍ ജീവിക്കുന്നതിനാല്‍ തന്നെ അതിന്റെ അസ്വസ്ഥതകള്‍ ദാമ്പത്യ ജീവിതത്തെ ബാധിച്ചിരുന്നില്ലേ?
ജീവിതത്തിലെ അത്തരം ഭാരങ്ങളും അസ്വസ്ഥതകളും വീട്ടുപടിക്കല്‍ ഇറക്കിവെച്ചാണ് അദ്ദേഹം ഉള്ളിലേക്ക് കയറിയിരുന്നത്. സ്‌നേഹവും ശാന്തതയും പുഞ്ചിരിയുമായിരുന്നു വീട്ടിനുള്ളില്‍ എപ്പോഴും എനിക്കനുഭവിക്കാനായത്.
അദ്ദേഹം നിങ്ങളെ കേള്‍ക്കാറുണ്ടോ?
ഉണ്ടോ എന്നോ? പറയുന്നതിനിടയില്‍ കയറി തടസ്സപ്പെടുത്താറേ ഇല്ല. ഒരു ദിവസം ഞാന്‍ അദ്ദേഹത്തോട്, പതിനൊന്ന് സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണ്. ഒടുവിലത്തെയാളെ കുറിച്ച് പറയുന്നതടക്കം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. അവസാനം ഞാന്‍ പറഞ്ഞത് അബൂസര്‍അയുടെ ഭാര്യ പറഞ്ഞതിനെക്കുറിച്ചാണ്: അവരുടെ ഭര്‍ത്താവ് അവരെ അങ്ങേയറ്റം ആദരിക്കാറുണ്ടത്രെ. ഒടുവില്‍ സംസാരമവസാനിച്ചപ്പോള്‍ എന്നോട് സ്‌നേഹത്തോടെ പറഞ്ഞു, നിന്നോടെനിക്ക് അബൂസര്‍അക്ക് തന്റെ ഇണയോടുള്ളതുപോലെയാണ്. എനിക്കറിയാത്ത എന്തെങ്കിലും കാര്യങ്ങളാണ് അദ്ദേഹമെന്നോട് പറയുന്നതെങ്കില്‍ അതെന്താണെന്ന് മനസ്സിലാകും വരെ ഞാന്‍ ആവര്‍ത്തിച്ച് ചോദിക്കുമായിരുന്നു.
നിങ്ങള്‍ക്കെന്തെങ്കിലും പിഴവുകള്‍ സംഭവിക്കുമ്പോള്‍ അതിനോടുള്ള പ്രതികരണമെങ്ങനെയായിരിക്കും? ശാദിയുടെ ദേഷ്യമുള്ള മുഖം മനസ്സിലോര്‍ത്ത് നദ ചോദിച്ചു.
നൈര്‍മല്യമുള്ള ഇടപെടലാണ് എപ്പോഴുമുണ്ടാകാറ്. സ്വഫിയ്യ(റ)യെ കുറിച്ച് ഞാനൊരിക്കല്‍ കുറ്റപ്പെടുത്തി എന്തോ സംസാരിച്ച നേരം അദ്ദേഹമെന്നോട് പറഞ്ഞത്, 'നീ ഇപ്പറഞ്ഞത് ഒരു സമുദ്രത്തില്‍ കലര്‍ത്തിയാല്‍ ആ സമുദ്രം മുഴുക്കെ കലങ്ങിപ്പോകുമല്ലോ' എന്നാണ്. എന്നില്‍ ദൈവചിന്ത ഉണര്‍ത്തുന്ന രീതിയില്‍ ഉപദേശിക്കും. അപ്പോഴൊന്നും പരുഷമായി സംസാരിക്കാറേ ഇല്ല. ഏറിയാല്‍ അദ്ദേഹത്തിന്റെ മുഖഭാവമൊന്ന് മാറും. അത് കാണുന്ന മാത്രയില്‍ കാര്യം മനസ്സിലാക്കി ഞാന്‍ എന്നെ തന്നെ തിരുത്തും.
അദ്ദേഹം നിങ്ങളോട് ശബ്ദം കനപ്പിച്ച് സംസാരിക്കാറുണ്ടായിരുന്നോ?
ഇല്ല, ആഇശ ചിരിച്ചു. ഒരിക്കലെന്നോട് പറഞ്ഞു: 'എന്നോടുള്ള നിന്റെ സ്‌നേഹവും ദേഷ്യവുമെനിക്ക് മനസ്സിലാവാറുണ്ട്. അതെങ്ങനെ? ഞാന്‍ ചോദിച്ചു. നിനക്കെന്നോട് സ്‌നേഹമുള്ള സമയങ്ങളില്‍ മുഹമ്മദിന്റെ നാഥനാണ് സത്യം എന്നാണ് പറയാറ് എന്നാല്‍, ദേഷ്യമുള്ളപ്പോഴാകട്ടെ ഇബ്‌റാഹീമിന്റെ നാഥനാണ് സത്യം എന്നാണ് നീ പറയാറ്.' അത് ശരിയാ. പക്ഷേ, ഞാന്‍ ആ സമയത്ത് താങ്കളുടെ പേര് മാത്രമേ മാറ്റിവെക്കാറുള്ളൂ. എന്റെ ഖല്‍ബില്‍ താങ്കളോടുള്ള പ്രണയത്തിനൊരു മാറ്റവും സംഭവിക്കാറില്ല.
അവിടുത്തോട് അനിഷ്ടം തോന്നുന്ന കാര്യമെന്തെങ്കിലും ഉണ്ടോ?
അദ്ദേഹത്തോടുള്ള എന്റെ പൊസസ്സീവ്‌നെസ്സ് അങ്ങനെയുള്ള തോന്നലുകള്‍ക്ക് കാരണമാവാറുണ്ട്. എന്റെ വീട്ടില്‍ താമസിക്കേണ്ട ദിവസം ഒരിക്കല്‍ അദ്ദേഹം വന്ന സമയത്ത് ഞാന്‍ കിടക്കുകയായിരുന്നു. എന്റെ അടുത്ത് വന്ന് നോക്കിയിട്ട് പതുക്കെ അദ്ദേഹം എഴുന്നേറ്റ് പോയി. ഞാന്‍ ഉറങ്ങുകയാണെന്ന് കരുതി സഹ ഇണകളിലാരുടെയെങ്കിലും വീട്ടിലേക്ക് പോകുകയാണെന്ന് കരുതി അദ്ദേഹമറിയാതെ ഞാന്‍ പിന്തുടര്‍ന്നു. പക്ഷേ, അദ്ദേഹം പോയത് ബഖീഅ് മഖ്ബറയിലേക്കായിരുന്നു. അവിടെനിന്ന് മടങ്ങാനായി തുടങ്ങിയപ്പോള്‍ ഞാന്‍ വേഗത്തില്‍ വീട്ടിലേക്ക് മടങ്ങി. തിരിച്ചു വന്ന നേരം എന്റെ കിതപ്പ് കണ്ട് കാര്യമന്വേഷിച്ചു. ആദ്യം പറയാന്‍ മടിച്ചെങ്കിലും കാര്യം പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു: 'ജിബ് രീല്‍ വന്ന് ബഖീഇല്‍ ഖബ്‌റടക്കപ്പെട്ട സ്വഹാബികള്‍ക്കായി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. നിന്റെ ഉറക്കം നഷ്ടപ്പെടുത്തേണ്ടല്ലോ എന്ന് കരുതിയാണ് ഞാന്‍ പറയാതെ ഇറങ്ങിയത്. ശേഷം ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ എന്താണ് പറയേണ്ടതെന്ന കാര്യങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്നു.'
മറ്റുള്ള ഇണകളോടുള്ള കുശുമ്പുകള്‍ എപ്പോഴെങ്കിലും അദ്ദേഹത്തിന് മുമ്പില്‍ പ്രകടിപ്പിച്ചിരുന്നോ? ആകാംക്ഷയോടെ നദ ചോദിച്ചു.
ആഇശ(റ) പുഞ്ചിരിച്ചു. ഒരു ദിവസം അദ്ദേഹം കുറച്ചനുചരന്മാരെ വീട്ടിലേക്ക് ക്ഷണിച്ചു. അന്നേരം ഉമ്മുസലമ(റ) ഒരു പാത്രത്തില്‍ കുറച്ച് ഭക്ഷണവുമായി കയറിവന്നു. അത് കണ്ടപ്പോള്‍ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാനാ പാത്രം പതുക്കെ അങ്ങ് തട്ടിമറിച്ചു കളഞ്ഞു. പാത്രം നിലത്തു വീണുടഞ്ഞു. അതു കണ്ട് അദ്ദേഹമൊന്നും ചെയ്തില്ല? ആശ്ചര്യത്തോടെ നദ ചോദിച്ചു. ഇല്ല, അദ്ദേഹം പതുക്കെ അതെല്ലാം കൂട്ടിവെച്ചു. അതില്‍ കഴിക്കാന്‍ പറ്റുന്ന ഭക്ഷണം എടുത്ത് അനുചരന്മാര്‍ക്ക് കൊടുത്തു: 'നിങ്ങള്‍ കഴിക്കിന്‍, ഇന്ന് നിങ്ങളുടെ ഉമ്മ ഇത്തിരി ദേഷ്യത്തിലാ.' എന്നിട്ട് എന്നോട് ഒരു പാത്രം എടുത്ത് തരാനാവശ്യപ്പെടുകയും അത് ഉമ്മു സലമയുടെ വീട്ടിലെത്തിക്കുകയും ചെയ്തു.
അതോടുകൂടി ആ വിഷയം തീര്‍ന്നോ? നിങ്ങളെ അടിക്കുകയോ മറ്റോ ചെയ്‌തോ?
അടിക്കുകയോ! ഒരു സ്ത്രീയെയും അദ്ദേഹം അടിച്ചിട്ടില്ല. വേലക്കാര്‍ക്ക് നേരെ പോലും കൈകളുയര്‍ത്തിയിട്ടില്ല. അടര്‍ക്കളത്തില്‍ മാത്രമേ അദ്ദേഹത്തിന്റെ കൈകള്‍ മറ്റൊരാള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളൂ.
അദ്ദേഹത്തിന്റെ മുന്നില്‍ തമാശകള്‍ പങ്കിടാനും നിങ്ങളുടേതായ പ്രകൃതത്തില്‍ ഇടപെടാനുമൊക്കെ സാധിക്കാറുണ്ടോ?
ഒരു ദിവസം ഭക്ഷണം കഴിക്കാനായി ഇരുന്ന നേരം സഹ ഇണയായ സൗദ(റ)യും എന്റെ വീട്ടിലുണ്ടായിരുന്നു. ഞാനവരോട് കഴിക്കാന്‍ പറഞ്ഞു. എനിക്കിപ്പോ വേണ്ടെന്ന് പറഞ്ഞു അവര്‍. അത് പറ്റില്ലെന്ന് ഞാനും. നിങ്ങള്‍ കഴിച്ചില്ലെങ്കില്‍ ഞാനെടുത്ത് വായില്‍ തേച്ച് തരും. എന്നിട്ടും അവര്‍ കഴിക്കാതിരുന്നപ്പോള്‍ ഞാനല്‍പം ഭക്ഷണമെടുത്ത് ചുണ്ടില്‍ തേച്ച് കൊടുത്തു. അതുകണ്ട് റസൂല്‍(സ) ചിരിക്കാന്‍ തുടങ്ങി. അന്നേരം സൗദ(റ) കുറച്ചെടുത്ത് എന്റെയും ചുണ്ടില്‍ അമര്‍ത്തിത്തേച്ചു. അദ്ദേഹം ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ടേയിരുന്നു.
(തുടരും)
വിവ: സി.ടി സുഹൈബ്
Comments