Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

അവിസ്മരണീയമായ ഒരു സന്ദര്‍ശനം

ഹൈദറലി ശാന്തപുരം

2012 ഡിസംബര്‍ 19. അന്നാണ്  അല്ലാമാ യൂസുഫുല്‍ ഖറദാവിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായത്. ഞാനും വി. കെ അലി സാഹിബും കൂടെയുണ്ടായിരുന്നു.
ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ വേറെയും അതിഥികള്‍ അവിടെയുണ്ട്. അദ്ദേഹം ളുഹ്ര്‍ നമസ്‌കാരത്തിന് എത്തുന്നത് വരെ അദ്ദേഹത്തിന്റെ വിശാലമായ ലൈബ്രറിയില്‍ ഞങ്ങള്‍ കാത്തുനിന്നു. ളുഹ്റിന്റെ സമയമായപ്പോള്‍ അദ്ദേഹം ലൈബ്രറിയില്‍ വരികയും ഞങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ളുഹ്ര്‍ നമസ്‌കാരം അദ്ദേഹത്തിന്റെ ഇമാമത്തില്‍ അവിടെ വെച്ച് നിര്‍വഹിച്ചു. നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ ശൈഖിന്റെ സന്നിധിയില്‍ സന്നിഹിതരായി പല വിഷയങ്ങളിലും ആശയ വിനിമയം നടത്തി.
അതിനു ശേഷം അദ്ദേഹം തന്റെ വീട്ടില്‍ തന്നെയുള്ള എഴുത്ത്  മുറിയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. വിശാലമായ ഒരു ഗ്രന്ഥശാല തന്നെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത് മുറി. ചുറ്റു ഭാഗവും ബൃഹത്തായ ഗ്രന്ഥങ്ങള്‍. മേശപ്പുറത്തും ധാരാളം ഗ്രന്ഥങ്ങള്‍. പലതും തുറന്നു വെക്കുകയും അടയാളം വെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ വാര്‍ധക്യത്തിലും രാപ്പകല്‍ ഭേദമന്യേ  വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ നിരതനായിരുന്നു അദ്ദേഹം.
ഞങ്ങളെ സല്‍ക്കരിക്കാനായി അദ്ദേഹം ശീതള പാനീയങ്ങള്‍ വരുത്തിച്ചു. മധുരവും തണുപ്പുമുള്ളതിനാല്‍ പാനീയം  കൊണ്ടുവന്ന ആളോട്, എനിക്ക് പാനീയമൊന്നും വേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഒടുവില്‍  എത്ര പാനീയമാണ് കൊണ്ടു വന്നതെന്ന് അദ്ദേഹം എണ്ണി നോക്കിയപ്പോള്‍ ഒരെണ്ണം കുറവാണെന്ന് കണ്ടു. അദ്ദേഹം ചോദിച്ചു: 'ഒരെണ്ണത്തിന്റെ കുറവുണ്ടല്ലോ. എന്താണ് കൊണ്ടുവരാത്തത്?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അത് തണുപ്പായതും ഷുഗറായതും കൊണ്ടാണ് ഞാന്‍ ഒഴിവാക്കിയത്.' പക്ഷേ അദ്ദേഹം, 'നിങ്ങള്‍ കുറച്ചെങ്കിലും കുടിക്കണം' എന്ന് പറഞ്ഞു നിര്‍ബന്ധിച്ച് ഒരു ഗ്ലാസ്  ജ്യൂസ് കൂടി കൊണ്ടുവരാന്‍ പറഞ്ഞു. അത് ഞാന്‍ കുടിക്കുകയും ചെയ്തു. 
പിന്നെ അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞു. ആ വിശാലമായ ഭവനം അദ്ദേഹത്തിന് വേണ്ടി ഔദ്യോഗിക തലത്തില്‍ തന്നെ നിര്‍മിക്കപ്പെട്ടതാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഏതായിരുന്നാലും ഒരു വലിയ ആഗ്രഹം സാധിച്ച  ഞങ്ങള്‍ യൂസുഫുല്‍ ഖറദാവിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി, അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ വെച്ച് ഫോട്ടോ എടുക്കുകയും ആ സന്ദര്‍ശനത്തെ അവിസ്മരണീയമാക്കുകയും ചെയ്തു. 


വിനയാന്വിതനായ 
മര്‍ഹൂം ജലാലുദ്ദീന്‍ ഉമരി

അബ്ദുശ്ശകൂര്‍ ഖാസിമി, മസ്ജിദുല്‍ ഹറാം- മക്കത്തുല്‍ മുകര്‍റമ

പാണ്ഡിത്യത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും  മനസാ വാചാ കര്‍മണാ വിനയം മുറുകെ പിടിച്ച മഹത് വ്യക്തിത്വമായിരുന്നു മര്‍ഹൂം മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. ഇന്ത്യയിലെ ഒരു പ്രമുഖ പ്രസ്ഥാനത്തിന്റെ നായകനെന്നോ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഉപാധ്യക്ഷനെന്നോ ഉള്ള യാതൊരു ഭാവവും അല്‍പ്പം പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല അദ്ദേഹത്തില്‍. സദസ്സില്‍ ആദ്യന്തം വളരെ സജീവമായി പങ്കെടുക്കും. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കും. എന്നാല്‍, ശക്തവും വ്യക്തവുമായ തന്റെ നിര്‍ദേശങ്ങളും ഒപ്പം നല്‍കിയിരിക്കും. പൊതു സമ്മേളനങ്ങളിലും ഇതിന് മാറ്റമുണ്ടായിരുന്നില്ല. സമ്മേളനങ്ങളില്‍ അദ്ദേഹം പറയാറുണ്ടായിരുന്ന ചില വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു: വെറുമൊരു വാചകം പറയുന്നതിലൂടെ വിവാഹ മോചനം നടന്നത് അനീതിയാണെന്ന് പറയുന്നവര്‍, വെറുമൊരു വാചകത്തിലൂടെ വിവാഹ ബന്ധം സ്ഥാപിതമായതും അനീതിയെന്ന് പറയാന്‍ താമസമുണ്ടാകുന്നതല്ല. ഇസ്ലാമില്‍ എല്ലാ കാര്യങ്ങള്‍ക്കും രണ്ട് പ്രത്യേകതയുണ്ട്: ഒന്ന്, അതിലെ ഓരോ നിയമവും വളരെ ഗൗരവമുള്ളതാണ്. രണ്ട്, അത് വളരെയധികം ലളിതവുമാണ്.
മര്‍ഹൂം ഉമരിയുടെ വിവിധ ലേഖനങ്ങള്‍ പ്രബോധനത്തിലും മറ്റും പ്രസിദ്ധീകരിക്കപ്പെടുമായിരുന്നു. മുസ്ലിം-അമുസ്ലിം ബന്ധത്തിലെ സൂക്ഷ്മതയും വിശാലതയും മൗലാനാ ഉമരിയെപ്പോലെ കൈകാര്യം ചെയ്തവര്‍ അപൂര്‍വമാണ്.   തന്റെ പിന്‍ഗാമിയായി സയ്യിദ് സആദത്തുല്ലാ ഹുസൈനി ജമാഅത്തെ ഇസ്ലാമി അമീറായപ്പോള്‍ ബോര്‍ഡിന്റെയും മറ്റും പരിപാടികളില്‍ അദ്ദേഹത്തെ ആദരിക്കുന്നത് ഞങ്ങളെല്ലാം അത്ഭുതത്തോടെ നോക്കുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും ഉത്തമ സ്വര്‍ഗീയ സ്ഥാനങ്ങളും നല്‍കട്ടെ.


സ്‌കൂള്‍ സമയമാറ്റവും മദ്‌റസയും

കെ.സി ജലീല്‍ പുളിക്കല്‍

പൊതു വിദ്യാഭ്യാസ രംഗം കൂടുതല്‍ കാര്യക്ഷമവും മെച്ചപ്പെട്ടതുമാക്കാന്‍ ഖാദര്‍ കമീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകളില്‍ സ്‌കൂള്‍ സമയമാറ്റത്തെപ്പറ്റിയുള്ള ശിപാര്‍ശ കൂടിയുണ്ട്. രാവിലെ എട്ട് മണിക്ക് ക്ലാസ് ആരംഭിക്കാനാണ് ശിപാര്‍ശ. ഉടനെത്തന്നെ, സമയം മാറ്റരുതെന്നാവശ്യപ്പെട്ട് സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നു. മദ്‌റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടനകള്‍ പറയുന്നത്.
മുസ്‌ലിം സംഘടനകളുടെ ഈ ആവശ്യത്തെ എതിര്‍ത്ത് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും മറ്റും വന്നുകൊണ്ടിരിക്കുന്ന ഈ എതിര്‍പ്പുകള്‍ ശ്രദ്ധിച്ചാല്‍, സമയ മാറ്റം മുഖേന പൊതു വിദ്യാഭ്യാസ രംഗത്ത് ലഭിക്കുന്ന ഗുണവും മേന്മയും സമര്‍ഥിക്കാനല്ല എതിര്‍പ്പുന്നയിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് കാണാം. മറിച്ച്, സമയമാറ്റം വേണ്ടതില്ലെന്നാവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യത്തെയും ന്യായങ്ങളെയും നിസ്സാരമായി കാണാനാണ് ശ്രമിക്കുന്നത്. 
മദ്‌റസ എന്ന് കേട്ടപ്പോഴേക്ക് പൊട്ടിത്തെറിച്ചവരെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു പ്രത്യേക വിഭാഗത്തോടുള്ള വിദ്വേഷവും വെറുപ്പുമാണ് 'യുക്തി'യുടെ പേരില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു മതത്തോടും വിദ്വേഷമില്ലെന്നും എല്ലാ മതങ്ങളോടും മത സ്ഥാപനങ്ങളോടും ആദരവുണ്ടെന്നുമൊക്കെ അവകാശപ്പെടുന്നവര്‍ക്കെങ്ങനെ മദ്‌റസകളെ നിസ്സാരമായി കാണാനാകും!
മറ്റെല്ലാം മാറ്റിനിര്‍ത്തിയാലും നിത്യവൃത്തിക്ക് പാടുപെടുന്ന പതിനായിരക്കണക്കിന് അധ്യാപകരുടെ തൊഴില്‍ രംഗം കൂടിയാണല്ലോ മദ്‌റസകള്‍. രാഷ്ട്രീയ കാരണങ്ങളാല്‍ വ്യക്തമായി എതിര്‍ക്കാന്‍ കഴിയില്ലെങ്കിലും മദ്‌റസകള്‍ വിദ്യാഭ്യാസ പുരോഗതിക്കും ശാസ്ത്രീയ വളര്‍ച്ചക്കും വിലങ്ങുതടിയാണെന്ന് വ്യംഗ്യമായെങ്കിലും ചാനല്‍ ചര്‍ച്ചകളിലും മറ്റും സൂചന നല്‍കാന്‍ ഇവര്‍ ശ്രമിക്കുന്നു.
മദ്‌റസകളെ സംബന്ധിച്ച് അടുത്തറിഞ്ഞിട്ടില്ലാത്തവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മദ്‌റസകളില്‍ വിഭാഗീയമോ വംശീയമോ വര്‍ഗീയമോ ആയ ഒന്നും പഠിപ്പിക്കപ്പെടുന്നില്ല എന്നതാണത്. മറിച്ച്, ഏക മാനവികതയും സമസൃഷ്ടി സ്‌നേഹവും സമത്വ ഭാവനയും പ്രമാണങ്ങളിലൂടെ പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. ആദിമ മനുഷ്യന്‍ ആദമിന്റെ സന്താനങ്ങളാണ് എല്ലാ മനുഷ്യരുമെന്നും അതിനാല്‍ തന്നെ എല്ലാ മനുഷ്യരെയും സമഭാവനയോടെ ഏകോദര സഹോദരന്മാരായി കാണണമെന്നും ചരിത്ര പഠനത്തില്‍ പ്രാഥമികമായിത്തന്നെ പഠിപ്പിക്കപ്പെടുന്നു. യുഗയുഗാന്തരങ്ങളിലായി ആഗതരായ ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരിലാരും എന്തൊക്കെ പ്രകോപനങ്ങളുണ്ടായിട്ടും അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും ഇതേ പാതയാണ് നമ്മുടേതെന്നും പിഞ്ചു കുട്ടികളെ മദ്‌റസകളിലൂടെ അഭ്യസിപ്പിക്കുന്നു.
മനസ്സും ശരീരവും നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കാനുള്ള നമസ്‌കാരവും മറ്റു ആരാധനാ കര്‍മങ്ങളും പരിശീലിപ്പിച്ച്, നിര്‍മല ഹൃദയവും സ്‌നേഹവും കാരുണ്യവും വളര്‍ത്തിയെടുത്ത് ഉത്തമ സ്വഭാവങ്ങളും പെരുമാറ്റ മര്യാദകളും ഉള്ളവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കലാണ് മദ്‌റസകള്‍ നിര്‍വഹിക്കുന്ന മറ്റൊരു ധര്‍മം. ഗുരുനാഥന്മാരോടുള്ള ആദരവ് മദ്‌റസാ വിദ്യാര്‍ഥികളുടെ സവിശേഷതയാണ്.
ചുരുക്കത്തില്‍, ഉന്നത സദാചാര മൂല്യങ്ങളും ഉത്കൃഷ്ട സ്വഭാവ സദ്ഗുണങ്ങളും ആര്‍ജിച്ചെടുത്ത് സ്‌കൂളിലേക്കെത്തുന്ന ലക്ഷക്കണക്കിന് വരുന്ന മദ്‌റസാ വിദ്യാര്‍ഥികള്‍ നാട്ടിലെ പൊതു വിദ്യാഭ്യാസ രംഗത്തിനു തന്നെ വലിയ മുതല്‍ക്കൂട്ടാണ്. മദ്‌റസകള്‍ക്ക് സമാനമായി ഇത്തരം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ ഇതര വിഭാഗങ്ങള്‍ക്കും സാധിച്ചാല്‍ വിദ്യാഭ്യാസ രംഗത്ത് അത് വലിയ മുതല്‍ക്കൂട്ടാകും. 
എട്ടര മണിക്ക് സ്‌കൂള്‍ ആരംഭിക്കണമെന്ന നിര്‍ദേശം മുമ്പ് വന്നപ്പോള്‍ വിപുലമായ ചര്‍ച്ച നടത്തി, പത്ത് മണിക്കാരംഭിക്കുന്ന ഇന്നത്തെ രീതിയാണ് നമ്മുടെ നാടിനനുയോജ്യമെന്ന് സര്‍വ സമ്മതമായി അംഗീകരിച്ചതാണ്. 


വിനയവും ലാളിത്യവുമാണ്  ഇ.എന്നിന്റെ മുഖമുദ്ര

ശാഹിദ് അസ്‌ലം, ചെന്നൈ

ഇ.എന്‍ മുഹമ്മദ് മൗലവിയുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം വായിച്ചു. തളിക്കുളം ഇസ്‌ലാമിയാ കോളേജില്‍ വെച്ച് അദ്ദേഹത്തെ പോലുള്ള നിസ്വാര്‍ഥരായ പണ്ഡിതന്മാരുടെ ശിഷ്യനാകാന്‍ കഴിഞ്ഞു എന്നതാണ് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യം. വിജ്ഞാനത്തിന്റെ നിറകുടമാണ് ഇ.എന്‍. അറബിയും ഉര്‍ദുവുമടക്കുള്ള ഭാഷകളില്‍ അദ്ദേഹത്തിനുള്ള ആഴമേറിയ പ്രാവീണ്യവും ഹദീസ് നിദാന ശാസ്ത്രത്തിലെ അവഗാഹവും, കുറച്ച് സമയം അദ്ദേഹത്തോടൊപ്പം ചെലവിട്ടാല്‍ നമുക്ക് ബോധ്യമാവും.
വിനയവും ലാളിത്യവുമാണ് ഇ.എന്നിന്റെ മുഖമുദ്ര. എപ്പോഴും സന്തോഷവാനായി മാത്രം കണ്ടിരുന്ന അദ്ദേഹം, വൈജ്ഞാനിക മേഖലകളില്‍ കുട്ടികള്‍ ഇനിയും ഉയരാനുള്ള സാധ്യതകളും സന്ദേഹങ്ങളുമായിരുന്നു സദാ പങ്കുവെക്കാറുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തോട് എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞോ എന്നത് സംശയമാണ്. ഇ.എന്‍ മുഹമ്മദ് മൗലവിയുമായുള്ള അഭിമുഖത്തിന്റെ തുടര്‍ച്ചക്കായി കാത്തിരിക്കുന്നു.
ഇത്തരത്തിലുള്ള നിസ്വാര്‍ഥരായ പണ്ഡിതരുടെ ജീവിതം ഇനിയും പ്രബോധത്തിന്റെ താളുകളില്‍ പ്രതീക്ഷിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌