Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

ലോകത്തെ  മാറ്റിപ്പണിത വിപ്ലവകാരി

മുഹമ്മദ് ജബാറ

 

(മക്ക: രാവിലെ പത്തു മണി, 
വെള്ളിയാഴ്ച, മാര്‍ച്ച് 20,
610 സി.ഇ)

വസന്തകാലത്തെ വിഷുസംക്രാന്തി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മക്കയിലെ വ്യാപാരികള്‍. വ്യാപാര സ്ഥലത്തുകൂടെ സര്‍വരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള ഒരാള്‍രൂപം നടന്നു നീങ്ങുന്നു. അപ്പോള്‍ ചടുലമായ ആ പ്രഭാതാന്തരീക്ഷം പുത്തന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും അറബി കുന്തിരിക്കത്തിന്റെയും പരിമളത്താല്‍ പൂരിതമായി.
ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള ആള്‍ ആള്‍ക്കൂട്ടത്തില്‍ വേറിട്ടുനിന്നു. വേഷം അടയാളമുദ്രയായ സമൂഹത്തിലെ ഗോത്ര തരംതിരിവുകളെ ഉല്ലംഘിക്കുന്നതായിരുന്നു അദ്ദേഹം അണിഞ്ഞ, ആത്മവിശ്വാസം തുളുമ്പുന്ന വസ്ത്രം. ഉടുപുടവയുടെ വ്യതിരിക്ത ശൈലി, നിറം, രൂപം, ശിരോവസ്ത്രത്തിന്റെ ആകൃതി എന്നിവയിലൂടെയാണ് അറബികള്‍ തങ്ങളുടെ കുലം വെളിപ്പെടുത്തിയിരുന്നത്. ഈ മനുഷ്യന്റെ വര്‍ണ വിന്യാസം പക്ഷേ, അംഗീകൃത ഗോത്ര പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. അറബ് ദേശത്തിനപ്പുറത്തേക്ക് നീളുന്ന ശൈലികള്‍ കൂടി ഉള്‍ക്കൊണ്ട സ്വത്വങ്ങളുടെ സമ്മിശ്ര ഭാവത്തെ അത് സൂചിപ്പിച്ചു.
അറബ് പ്രതാപം വാനോളമുയരുന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. യൗമുല്‍ ഉറൂബ (അറബിത്തത്തിന്റെ ദിനം) എന്നാണ് അവരതിനെ വിളിച്ചിരുന്നത്. അറബ് ഗോത്ര സ്വത്വബോധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു വെള്ളിയാഴ്ച ആഘോഷം. ചന്തയിലൂടെ നടക്കുന്ന ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള മനുഷ്യന്‍ വെള്ളിയാഴ്ചയെ യൗമുല്‍ ജുമുഅ (ഒരുമിച്ചു കൂടലിന്റെ ദിവസം) ആയി പരിവര്‍ത്തിപ്പിക്കുമെന്ന് അവിടെ കൂടിയ ആള്‍ക്കൂട്ടത്തിന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.
അക്കാലത്തെ അറേബ്യ സാക്ഷരതയിലും വികസനത്തിലും സമീപ സാമ്രാജ്യങ്ങളായ ബൈസാന്തിയ, പേര്‍ഷ്യ, അബ്‌സീനിയ എന്നിവയെക്കാള്‍ എത്രയോ പിന്നിലായിരുന്നുവെങ്കിലും അഭിമാന ബോധം അറബി സ്വത്വത്തിന്റെ മുഖ്യ ഘടകമായി നിലകൊണ്ടു. ഇതിഹാസ തുല്യമായ അവരുടെ കുലാഭിമാന നീതിശാസ്ത്രം അവരെ അത്യുദാരരും വിശ്വസ്തരുമാക്കി. കുടുംബകൂട്ടങ്ങള്‍ അതിഥി സല്‍ക്കാരത്തിനായി കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടതിനാല്‍ മക്കയില്‍ സന്ദര്‍ശകരാരും പട്ടിണി കിടന്നില്ല. കച്ചവട കാര്യങ്ങളിലെ തദ്ദേശവാസികളുടെ സത്യസന്ധതയെ കുറിച്ച് കേട്ടറിഞ്ഞു മക്കയിലേക്ക് ചരക്കുകളുമായി വന്നവരായിരുന്നു ആ ചന്തയില്‍ കൂടിയ വ്യാപാരികളില്‍ അധികവും.
ശൈത്യകാലത്തിന്റെ അവസാനം മഴ പെയ്തു തുടങ്ങി. മരുഭൂമിയിലെ സസ്യലതാദികള്‍ പുഷ്പിച്ചു. ഫെബ്രുവരിയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം താണു. വടക്കു നിന്ന് സിറിയയിലേക്ക് പുറപ്പെടാനിരിക്കുന്ന നാട്ടിലെ കച്ചവട സംഘത്തിനു പോകാനുള്ള വഴിയിലെ തടസ്സങ്ങള്‍ നീങ്ങി.
കച്ചവട ചരക്കുകളുമായി വ്യാപാരി സംഘങ്ങളും തീര്‍ഥാടകരും തലസ്ഥാന നഗരിയില്‍ സമ്മേളിച്ചു. നഗര മധ്യത്തിലെ 'കഅ്ബ' എന്നറിയപ്പെടുന്ന മണ്‍കട്ട മന്ദിരം കടന്നുപോകുന്ന, അധികവും മരങ്ങളൊഴിഞ്ഞ തെരുവുകളിലേക്ക് പുറപ്പെട്ടു നില്‍ക്കുകയാണ് അവര്‍. അറേബ്യയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കള്‍ ആ മന്ദിരത്തിനകത്താണുള്ളത്. 360 ദൈവ ബിംബങ്ങള്‍. മക്കയിലെ ഏക ശിലാ മന്ദിരമായ പ്രസ്തുത ദേവാലയത്തിന്റെ നടത്തിപ്പുകാരായ പൂജാരിമാര്‍ നന്നായി വസ്ത്രം ധരിച്ച ധനാഢ്യരെ മാത്രമേ അതിനകത്ത് കടക്കാന്‍ അനുവദിച്ചുള്ളൂ. മുന്തിയ വസ്ത്രങ്ങളില്ലാത്ത പാവപ്പെട്ട തീര്‍ഥാടകര്‍ കഅ്ബയെ വിവസ്ത്രരായി പ്രദക്ഷിണം ചെയ്തു. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള മനുഷ്യന്‍ ഈ മന്ദിരത്തെ പാറാവുകാരോ ബിംബങ്ങളോ ഇല്ലാത്ത, എല്ലാവര്‍ക്കും സമത്വത്തോടെ കടന്നുചെല്ലാന്‍ പറ്റുന്ന, പ്രത്യേക വേഷഭൂഷാദികള്‍ നിഷ്‌കര്‍ഷിക്കാത്ത ഒന്നാക്കി ഒരുനാള്‍ മാറ്റും.
മക്കക്കാര്‍ കയറ്റുമതിക്ക് തങ്ങളുടേതായി വസ്തുക്കളൊന്നും ഉല്‍പാദിപ്പിച്ചിരുന്നില്ല. ഇന്ത്യയെയും കിഴക്കന്‍ ആഫ്രിക്കയെയും ബൈസാന്തിയയുമായി ബന്ധിപ്പിക്കുന്ന വിശ്വസ്തരായ ഇടക്കണ്ണികളായിരുന്നു അവര്‍. പാചകത്തിനുള്ള സുഗന്ധ വ്യഞ്ജനങ്ങളും ക്രൈസ്തവ മത ചടങ്ങുകള്‍ക്ക് പുകയ്ക്കാനുള്ള അറബി കുന്തിരിക്കവും (തുല്യ തൂക്കം സ്വര്‍ണമാണതിന്റെ വില) ആയിരുന്നു ബൈസാന്തിയക്ക് ആവശ്യം.
ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള ആള്‍ പല കുറി തെക്ക് ദമസ്‌കസിലേക്കുള്ള മാസങ്ങള്‍ നീണ്ട വ്യാപാര യാത്രകളില്‍ പങ്കെടുത്തിട്ടുണ്ട്. വിജന മരുപ്പാതകളിലൂടെ അദ്ദേഹം ചരക്കുകള്‍ കൊണ്ടുപോയി. മിക്ക അറബ് വ്യാപാരികള്‍ക്കും സാര്‍ഥവാഹക സംഘത്തോടൊപ്പമുള്ള യാത്ര സാധാരണമായ ഒരു കച്ചവട യാത്ര മാത്രമായിരുന്നു. വിദേശ സംസ്‌കാരങ്ങളിലൂടെ അവര്‍ കടന്നുപോയെങ്കിലും അവ യഥാര്‍ഥത്തില്‍ അവരുടെ കണ്ണു തുറപ്പിച്ചില്ല. എന്നാല്‍, ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള മനുഷ്യന്‍ അറേബ്യക്കപ്പുറത്തുള്ള ലോകത്തെ കണ്ണ് തുറന്നു കണ്ടു. അന്യ നാട്ടുകാരുമായി അദ്ദേഹം സംസാരിക്കുകയും അവരുടെ സംസ്‌കാരത്തെ കുറിച്ച് അന്വേഷിച്ചറിയുകയും ചെയ്തു. മരുഭൂമിക്കപ്പുറത്തുള്ള ശാദ്വല കാലാവസ്ഥകളില്‍ പ്രകൃതിയുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് നിരീക്ഷിച്ചു മനസ്സിലാക്കി.
തന്റെ നാട്ടുകാരുടെ കനത്ത പൊങ്ങച്ചം അവരുടെ കര്‍മോന്മുഖത കെടുത്തിക്കളഞ്ഞിട്ടുള്ളതായി കാര്യങ്ങള്‍ ധ്യാനപൂര്‍വം വിലയിരുത്തുന്ന ഇദ്ദേഹം മനസ്സിലാക്കി. തങ്ങളുടെ പൂര്‍വ പിതാക്കന്മാരുടെ രീതികള്‍ നിലനിര്‍ത്തുന്നതില്‍ അത്രയധികം ബദ്ധശ്രദ്ധരായിരുന്നു അവര്‍. അവയില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനെ അവര്‍ ഭയന്നു. മുന്‍ഗാമികളോടുള്ള അന്ധമായ ബഹുമാനം മാത്രമായിരുന്നില്ല അവരുടെ ആഭിജാത്യ ബോധത്തിന്റെ ഫലം. മറ്റുള്ളവരെ ബലിയാടാക്കുക, സ്ത്രീകള്‍ക്കെതിരായി മുന്‍വിധി വെച്ചുപുലര്‍ത്തുക, അശരണരെ പുഛിക്കുക, വിദേശികളെ അവിശ്വസിക്കുക, പുതുമയെ വല്ലാതെ ഭയക്കുക എന്നിവയെല്ലാം അതിന്റെ ഫലമായിരുന്നു. പക്ഷേ, മാറ്റത്തോടുള്ള മക്കയുടെ വിസമ്മതം പരീക്ഷിക്കപ്പെടാനിരിക്കുകയായിരുന്നു.
കഅ്ബയില്‍ നിന്ന് നൂറുകണക്കിന് അടി അകലെ, ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള മനുഷ്യന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുവന്നു, ചന്തക്കഭിമുഖമായി നില്‍ക്കുന്ന ചെറിയ കുന്നിന് മുകളിലേക്ക് കയറാന്‍ ആരംഭിച്ചു. ആ കുന്നിന് സവിശേഷമായ ഒരു പൗരധര്‍മവും അബൂ ഖുബൈസ് എന്ന പ്രത്യേക പേരുമുണ്ട്. അടിയന്തര വാര്‍ത്തകള്‍ അറിയിക്കേണ്ടിവരുമ്പോള്‍ ഈ കുന്നിന്‍മുകളില്‍ വെച്ച് വിളിച്ചു പറയുകയാണ് പതിവ്.
ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള മനുഷ്യന്‍ ആത്മവിശ്വാസത്തോടെ ആ കുന്ന് കയറിയപ്പോള്‍ അദ്ദേഹത്തിന്റെ പിറകില്‍, അന്തരീക്ഷത്തില്‍ കുന്തിരിക്കത്തിന്റെ സുഗന്ധ ധൂമപടലം തങ്ങിനിന്നു. ചന്തയിലെ ആള്‍ക്കൂട്ടം അത് നിശ്ശബ്ദം ശ്രദ്ധിച്ചു. വാങ്ങുന്നവരും വില്‍ക്കുന്നവരും വിലപേശല്‍ നിര്‍ത്തി മുകളിലേക്ക് നോക്കി.
ആറടി ഉയരവും വിശാലമായ തോളുമുള്ള നാല്‍പതുകാരന്‍ അരോഗ ദൃഢഗാത്രനായിരുന്നു. യുവാവെങ്കിലും പക്വതയുള്ള ആള്‍. വശ്യമനോഹരമായ കറുത്ത കണ്ണുകള്‍. തൂവെള്ള ദന്ത നിര. അതിനൊപ്പം നില്‍ക്കുന്ന, തെളിഞ്ഞ ഒലിവു ചര്‍മം. വെട്ടിത്തിളങ്ങുന്ന കാര്‍ക്കൂന്തല്‍. ചുവപ്പ് രാശിയുള്ള കറുപ്പ് നിറം. ചെവിക്ക് പിറകിലേക്ക് ചുരുളു ചുരുളായി വാര്‍ന്നുവെച്ചിരിക്കുന്നു.
അബൂ ഖുബൈസിന്റെ നെറുകയിലെത്തിയ ആള്‍ താഴത്തെ രംഗം നിരീക്ഷിച്ചു. കഅ്ബ. പട്ടണത്തിനപ്പുറം വിദൂരതയിലേക്ക് നീണ്ടുപോകുന്ന മരുഭൂമി. അദ്ദേഹം നിന്നു. പിന്നീട് മൗനം മുറിച്ചു. ഓരോന്നോരോന്നായി, മക്കയിലെ പതിനാല് കുടുംബങ്ങളെയും അദ്ദേഹം പെരെടുത്തു വിളിച്ചു: ''ബനൂ ഹാശിം, ബനൂ ഉമയ്യ- ഖുറൈശികളില്‍ ഏറ്റം ആദരണീയരായവരേ.''
ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പ്... മക്കയില്‍ ഒരാഭ്യന്തര കലാപം ഒഴിവാക്കിയ മനുഷ്യന്റെ നയതന്ത്ര വൈഭവം ഓരോ കുടുംബവും തിരിച്ചറിഞ്ഞു. ശൈത്യകാലത്തെ വെള്ളപ്പൊക്കം കഅ്ബക്കു കേടുപാടുകള്‍ വരുത്തിയിരുന്നു. മന്ദിരം പുതുക്കിപ്പണിതപ്പോള്‍ ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് വെക്കുന്നതിനുള്ള ബഹുമതി ആര്‍ക്കാവണം എന്ന കാര്യത്തില്‍ തര്‍ക്കമുടലെടുത്തു. ഓരോ കുടുംബത്തിനും വേണമായിരുന്നു ആ മഹത്വം. തര്‍ക്കം കഠിന വഴക്കായി മൂത്തു. ഒടുവില്‍ ആ മനുഷ്യന്‍ തന്റെ ഒലിവു പച്ച തട്ടം നിലത്തു വിരിച്ചു കല്ല് അതിലെടുത്തു വെച്ചു. ഓരോ കുടുംബത്തിലെയും കാരണവര്‍ തട്ടത്തിന്റെ വക്ക് പിടിച്ചു കൂട്ടമായി കല്ല് യഥാസ്ഥാനത്തേക്ക് വഹിച്ചു കൊണ്ടുപോയി.
മക്കയുടെ ഏറ്റവും ബഹുമാന്യനായ വ്യാപാരി എന്നതിനു പുറമെ ഇത്തരം മാധ്യസ്ഥ ഇടപെടലുകള്‍ ആ മനുഷ്യന് ഉത്തമ പൗരന്‍ എന്ന ഖ്യാതി നേടിക്കൊടുത്തു. കൊടിയ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്നാണ് അദ്ദേഹം തന്റെ വ്യാപാര സാമര്‍ഥ്യം കൊണ്ട് ധനം സമ്പാദിച്ചത്. നാട്ടില്‍ ആര്‍ക്കും വിശ്വസിച്ച് പണം സൂക്ഷിക്കാന്‍ ഏല്‍പിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. യാത്ര പോകുന്നവര്‍ തങ്ങളുടെ വിലപിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ അദ്ദേഹത്തെയാണ് ഏല്‍പിച്ചത്.
ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള വ്യക്തി തന്റെ പത്തര മാറ്റ് സല്‍പ്പേര് ഓര്‍മിപ്പിച്ചുകൊണ്ട് തുടങ്ങി: ''ഞാന്‍ നിങ്ങളോട് ചോദിക്കട്ടെ- ജീവിത കാലം മുഴുവന്‍ നിങ്ങളോടൊപ്പം ജീവിച്ച നിങ്ങള്‍ക്കെന്നെ നല്ലവണ്ണം അറിയാമല്ലോ- വാക്കിലും വ്യവസ്ഥയിലും എങ്ങനെയുള്ള ആളാണ് ഞാന്‍?''
പുരുഷാരം വിളിച്ചുപറഞ്ഞു: ''അമീന്‍ (വിശ്വസ്തന്‍), റഹൂം (കാരുണ്യവാന്‍), കരീം (മാന്യന്‍), ഇബ്‌നു സയ്യിദി ഖൗമിഹി (മഹാനായ നേതാവിന്റെ പുത്രന്‍), അതിമ്മുന്‍ ശഅ്‌നുക, സ്വാദിഖുന്‍ ലിസാനുക (സ്വഭാവ മഹിമയില്‍ സമ്പൂര്‍ണന്‍, സംസാരത്തില്‍ സത്യസന്ധന്‍).
രംഗം സജ്ജമായി. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമുള്ള വ്യക്തി തന്റെ ഉഛസ്ഥായിയിലേക്ക് കടന്നു. ശുദ്ധമായ അറബിയില്‍ ഓരോ വാക്കും അര്‍ഥഗര്‍ഭമായും സ്ഫുടമായും മൊഴിഞ്ഞു. വസന്തകാലത്ത് വിരിയുന്ന പൂക്കള്‍ പോലെ വര്‍ണശബളവും തെളിഞ്ഞതുമായ അലംകൃത വചനങ്ങള്‍. തന്റെ മുന്നില്‍ കൂടിയ ജനങ്ങളോട് നിലവിലെ ജഡത്വം ഉപേക്ഷിച്ച് പുതിയ സാധ്യതകളിലേക്ക് ഉണരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന ആഹ്വാനം ചന്തയിലെ ആള്‍ക്കൂട്ടം തികഞ്ഞ അമ്പരപ്പോടെ കേട്ടുനിന്നു. നിമിഷ നേരത്തെ കനത്ത മൗനത്തിനു ശേഷം, കറുത്ത തലമുടിയും തുളഞ്ഞു കയറുന്ന പച്ചക്കണ്ണുകളുമുള്ള ഒരാള്‍ അട്ടഹസിച്ചു: ''മുഹമ്മദേ, നിനക്ക് നാശം! ഇതിനായിരുന്നോ നീ ഞങ്ങളെ ഇവിടെ വിളിച്ചു കൂട്ടിയത്?'' ആള്‍ക്കൂട്ടം അവജ്ഞയോടെ തലകുലുക്കി പിരിഞ്ഞുപോയി. ''മുഹമ്മദിന്റെ പിരി ഇളകിപ്പോയിരിക്കുന്നു'' എന്നു പറഞ്ഞു ചിലര്‍ ചിരിച്ചു. അദ്ദേഹത്തെപ്പോലെ സര്‍വ ഐശ്വര്യങ്ങളുമുള്ള ഒരാള്‍ വിജനമായ ഹിറാ ഗുഹയില്‍ വര്‍ഷങ്ങള്‍ തനിച്ചിരുന്നു ധ്യാനിച്ച് തങ്ങളുടെ രീതികള്‍ മാറ്റാനുള്ള ആഹ്വാനവുമായി തിരിച്ചുവന്നിരിക്കുന്നു!
അബൂ ഖുബൈസിന്റെ മുകളില്‍ മുഹമ്മദ് ഒറ്റക്കായി. പുതുയുഗപ്പിറവിയെ കുറിച്ചുള്ള മഹത്തായ വിളംബരം ഒരു പ്രതികരണവും ഉണ്ടാക്കിയില്ല.  ആ മാര്‍ച്ചു മാസം രാവിലെ അവിടെ നടന്ന പ്രഖ്യാപനം നടത്തിയ വ്യക്തിയോ അതു കേട്ട ജനമോ അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല; അത് ലോകത്തിന്റെ ചരിത്രഗതിയെ യഥാര്‍ഥത്തില്‍ വഴിതിരിച്ചുവിടുമെന്നും, ആ കുന്നിന്‍ നെറുകെയില്‍ നിന്നാരംഭിച്ച വ്യക്തിസംസ്‌കരണ പ്രക്രിയ ദശലക്ഷക്കണക്കിനാളുകളെ കര്‍മോത്സുകരാക്കുമെന്നും. കുന്നിന്‍ മുകളില്‍ തനിയെ നില്‍ക്കുന്ന ഈ മനുഷ്യന്‍ ലോകത്തിലെ ഏറ്റവും സ്വാധീന ശേഷിയുള്ള ആളുകളില്‍ ഒരാളായി മാറുമെന്ന് അപ്പോള്‍ ആരും നിനച്ചില്ല.
അടുത്ത 22 വര്‍ഷത്തിനിടെ മുഹമ്മദ് തന്റെ ശബ്ദം വീണ്ടെടുത്തു. വലിയ വലിയ തടസ്സങ്ങളെ ആവര്‍ത്തിച്ചു തരണം ചെയ്തു. ആധുനിക ലോകത്തിന് വേണ്ട ബൗദ്ധിക മനസ്സിന് അടിത്തറയിട്ട നിരവധി പുതുമകളുടെ പ്രളയം സൃഷ്ടിച്ചു. ഒടുവില്‍ മക്കയിലേക്ക് തന്നെയുള്ള മടങ്ങിവരവ്. 1,20,000 വരുന്ന ജനമഹാ സാഗരത്തിന് മുന്നിലുള്ള നില്‍പ്. ലോകത്തെ മാറ്റിപ്പണിത മഹാരഥന്‍ എന്നു വാഴ്ത്തപ്പെടുന്നു. പുഷ്പിക്കാനുള്ള അവിടുത്തെ ധീരമായ ആഹ്വാനം ഒടുവില്‍ വിജയം വരിച്ച് ചരിത്രത്തിലുടനീളം പ്രതിധ്വനിക്കുന്നു. ഇക്കാലത്ത് പോലും അത് എല്ലാ തുറകളിലും പെട്ടവരെ, സ്വയം മാറാനും ലോകത്തെ മാറ്റാനും പ്രചോദിപ്പിക്കുന്നു. 
(2021-ല്‍ പുറത്തിറങ്ങിയ മുഹമ്മദ്, ദ വേള്‍ഡ് ചെയ്ഞ്ചര്‍ എന്ന പുസ്തകത്തില്‍നിന്ന്)
വിവ: എ.കെ അബ്ദുല്‍ മജീദ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌