Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

ദ്വിധ്രുവ ലോകം  പുനര്‍ജനിക്കുന്നു

കഴിഞ്ഞ ഫെബ്രുവരി മുതല്‍ യുക്രെയ്‌നെതിരെ റഷ്യ നടത്തിവരുന്ന യുദ്ധം ആഗോള ശാക്തിക സന്തുലനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന കാര്യത്തില്‍ ഇന്നാര്‍ക്കും തര്‍ക്കമില്ല. യുക്രെയ്‌നെതിരെയുള്ള ഈ കടന്നാക്രമണത്തിന്റെ പരിസമാപ്തി എങ്ങനെയായിരിക്കുമെന്ന വിശകലനങ്ങള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്റെ സംസാരത്തിലെ ധ്വനി വെറും പേടിപ്പിക്കല്‍ മാത്രമാവണമെന്നില്ല. പാശ്ചാത്യ രാജ്യങ്ങള്‍ വല്ലാതെ ഇറങ്ങിക്കളിച്ചാല്‍ അത്തരം കടുത്ത നടപടികളിലേക്ക് താന്‍ നീങ്ങുമെന്ന് തന്നെയാവണം പുടിന്‍ ഉദ്ദേശിക്കുന്നത്. പുടിന്‍ കൈക്കൊള്ളുന്ന അപ്രതീക്ഷിത തീരുമാനങ്ങളില്‍ നിന്ന് അതാണ് വ്യക്തമാവുന്നത്. ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സന്‍, സ്‌പൊറീഷ്യ എന്നീ യുക്രെയ്ന്‍ പ്രദേശങ്ങള്‍ നിയമ നിര്‍മാണം നടത്തി റഷ്യയോട് കൂട്ടിച്ചേര്‍ക്കും എന്ന് പൊതുവേ ആരും കരുതിയിരുന്നില്ല. നേരത്തെ പിടിച്ചെടുക്കുകയും പിന്നീട് കൈവിട്ടു പോവുകയും ചെയ്ത യുക്രെയ്ന്‍ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനും രണ്ട് ലക്ഷത്തോളം അധിക സൈനികരെ ഇറക്കി ആക്രമണം വ്യാപിപ്പിക്കാനുമാണ് പുടിന്റെ ശ്രമം. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഭീഷണികളോ ഉപരോധങ്ങളോ തീരെ വിലപ്പോവുന്നില്ല. ഇവര്‍ യുദ്ധത്തിന് നേരിട്ടിറങ്ങിയാല്‍ അയല്‍പക്ക യൂറോപ്യന്‍ രാജ്യങ്ങളിലേക്കും റഷ്യന്‍ മിസൈലുകള്‍ കുതിക്കുമെന്നുറപ്പുള്ളതു കൊണ്ട് ആ സാഹസത്തിന് അവര്‍ മുതിരുമെന്ന് തോന്നുന്നില്ല. അപ്പോള്‍ യുക്രെയ്‌ന്റെ ഭാവിയോ? ഇപ്പോഴത്തെ സ്ഥിതി വെച്ചു പറഞ്ഞാല്‍ റഷ്യ പതിയെപ്പതിയെ യുക്രെയ്‌നെ വിഴുങ്ങും. ഇതിനൊക്കെ തടയിടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളത്രയും നിര്‍വീര്യമാവുകയും കാലഹരണപ്പെടുകയും ചെയ്തിരിക്കുന്നു.
റഷ്യയെ ഒറ്റപ്പെടുത്താനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിച്ചത്. പക്ഷേ, റഷ്യ ഒറ്റപ്പെടുന്നില്ല എന്നതാണ് വാസ്തവം. റഷ്യന്‍ കറന്‍സി റൂബിള്‍ മുതുകൊടിഞ്ഞ് വീഴുമെന്ന് പ്രവചിക്കുന്നവര്‍ക്ക് അത് പൂര്‍വോപരി കരുത്ത് നേടുന്നതായാണ് കാണേണ്ടിവരുന്നത്. ഷാങ്ങ്ഹായ് സഹകരണ കൂട്ടായ്മയാണ് റഷ്യയുടെ പിന്‍ബലം. രൂപവത്കരിക്കപ്പെടുമ്പോള്‍ ഇതില്‍ റഷ്യ, ചൈന, കസാഖിസ്താന്‍, ഖിര്‍ഗിസ്താന്‍, താജിക്കിസ്താന്‍ എന്നീ അഞ്ച് രാജ്യങ്ങളാണുണ്ടായിരുന്നത്. ഇപ്പോഴിതില്‍ ഇന്ത്യയും പാകിസ്താനുമൊക്കെ അംഗങ്ങളാണ്. തുര്‍ക്കിയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് നിരീക്ഷക പദവിയുണ്ട്. 'കിഴക്കിന്റെ നാറ്റോ' എന്നാണിതിപ്പോള്‍ അറിയപ്പെടുന്നത്. ലോക ജനസംഖ്യയുടെ ഏതാണ്ട് പകുതിയും ഷാങ്ങ്ഹായ് സഹകരണ കൂട്ടായ്മാ രാജ്യങ്ങളിലാണ്. ആഗോള സമ്പത്തിന്റെ മുപ്പത് ശതമാനവും ഈ രാജ്യങ്ങളുടെതാണ്. റഷ്യയും ചൈനയുമാണ് ഈ കൂട്ടായ്മയുടെ നട്ടെല്ല്. ഈ കൂട്ടായ്മയുടെ പിന്‍ബലമുണ്ട് എന്നതാണ് റഷ്യയുടെ കരുത്ത്. കഴിഞ്ഞ സെപ്റ്റംബര്‍ പതിനഞ്ചിനാണ് ഷാങ്ങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടി ഉസ്‌ബെക് നഗരമായ സമര്‍ഖന്ദില്‍ ചേര്‍ന്നത്. പതിനഞ്ച് രാഷ്ട്രത്തലവന്മാര്‍ അതില്‍ പങ്കെടുത്തു. പ്രമുഖ നാറ്റോ സഖ്യരാജ്യമായ തുര്‍ക്കി അതില്‍ പങ്കാളിയായത് അമേരിക്കയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കടലതിര്‍ത്തികളെ ചൊല്ലി തുര്‍ക്കിയും ഗ്രീസും തമ്മിലുടലെടുത്ത തര്‍ക്കങ്ങളില്‍ സകല മര്യാദകളും കാറ്റില്‍ പറത്തി അമേരിക്ക ഗ്രീസിനൊപ്പം ചേര്‍ന്നതാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ ചൊടിപ്പിച്ചത്. സമര്‍ഖന്ദ് ഉച്ചകോടിയില്‍ ഉര്‍ദുഗാന്‍ പുടിനെ കണ്ട്, തുര്‍ക്കിയിലേക്ക് കയറ്റുമതി ചെയ്യുന്ന റഷ്യന്‍ പ്രകൃതി വാതകത്തിന്റെ ഇരുപത്തിയഞ്ച് ശതമാനവും റൂബിളില്‍ വ്യാപാരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് ഇരു കറന്‍സികളെയും ശക്തിപ്പെടുത്തും.
റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം നടന്നുകൊണ്ടിരിക്കെ തന്നെ ഇങ്ങനെയൊരു ധ്രുവീകരണവും നടന്നുകൊണ്ടിരിക്കുന്നുണ്ട്. സിറിയയിലും യുക്രെയ്‌നിലും റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ പേരില്‍ ആ രാഷ്ട്രത്തെ ഒറ്റപ്പെടുത്താനും സാമ്പത്തികമായി ക്ഷീണിപ്പിക്കാനും കഴിയാത്തത് ഇതുകൊണ്ടൊക്കെ തന്നെയാണ്. യുദ്ധത്തിന്റെ ധാര്‍മികതയെ പറ്റി ഒരക്ഷരം മിണ്ടാന്‍ അമേരിക്കക്ക് അര്‍ഹതയുമില്ലല്ലോ. അഫ്ഗാനിലും ഇറാഖിലും അമേരിക്ക ചെയ്തതിനപ്പുറമൊന്നും യുക്രെയ്‌നിലും സിറിയയിലും റഷ്യയും ചെയ്യുന്നില്ലല്ലോ. ഏതായാലും ഇത്തരം അനിശ്ചിതത്വങ്ങള്‍ ഏക ധ്രുവ ലോകത്തിന് അന്ത്യമായി എന്നതിന്റെ സൂചനകളാണ്. ശീതയുദ്ധകാലത്തെ ആ ദ്വിധ്രുവ ലോകം പുതിയ രൂപത്തില്‍ പുനര്‍ജനിക്കുകയാണെന്നും പറയാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌