Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ആശയ പരിസരം

വി.ടി അബ്ദുല്ലക്കോയ തങ്ങള്‍  [email protected]

'ഇത് എന്റെ നാഥന്റെ ഔദാര്യമാണ്' എന്നര്‍ഥം വരുന്ന ഖുര്‍ആന്‍ സൂക്തം വീടുകളുടെയും വാഹനങ്ങളുടെയും മുന്‍വശത്ത് തൂങ്ങിയാടുന്നത് കാണാറുണ്ട്. ഇതു കാണുമ്പോള്‍ ഇദ്ദേഹത്തോട് പടച്ചവന്‍ സവിശേഷമായി എന്തോ അനുഗ്രഹം ചെയ്തുവെന്ന തോന്നലാണുണ്ടാവുക. ഈ സൂക്തത്തിന്റെ ബാക്കി ഭാഗവും കൂടി ചേര്‍ത്തുവെച്ചാണ് പടച്ചവന്‍ നല്‍കിയ ഔദാര്യത്തെ കാണേണ്ടതും വിലയിരുത്തേണ്ടതും. അതിപ്രകാരമാണ്: 'ഞാന്‍ നന്ദി കാണിക്കുമോ, അതല്ല അനുഗ്രഹത്തെ നിഷേധിക്കുമോ എന്നറിയേണ്ടതിന്' (അന്നംല് 40). യഥാര്‍ഥത്തില്‍ മനുഷ്യ ജീവിതം ഒരു പരീക്ഷണമാണ്. നല്‍കപ്പെടുന്ന ഓരോ അനുഗ്രഹവും ഈ പരീക്ഷാ ഹാളിലെ ഓരോ ചോദ്യമാണ്; നാളെ നാം മറുപടി പറയാന്‍ ബാധ്യസ്ഥമായ ചോദ്യം. ഐഹിക ജീവിതത്തില്‍ എത്ര അനുഗ്രഹം കുറച്ചു കിട്ടുന്നുവോ അത്രയും പാരത്രിക ജീവിതത്തില്‍ ചോദ്യങ്ങളുടെ എണ്ണം കുറയും. എന്നു വെച്ച് ഇഹലോക ജീവിതത്തോട് പുറംതിരിഞ്ഞു നില്‍ക്കാനോ ജീവിത വിഭവങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉത്സാഹിക്കാതിരിക്കാനോ ഇസ്‌ലാമിക ദൃഷ്ട്യാ അനുവാദമില്ല.   
ഇത് പരീക്ഷയെപ്പേടിച്ച് പരീക്ഷാ ഹാളിലേക്കു തന്നെ കടക്കാതിരിക്കുന്നതു പോലെയാണ്. അത്തരക്കാര്‍ പരീക്ഷക്കു മുമ്പേ പരാജയപ്പെട്ടവരാണ്. ഏതു പരീക്ഷക്കും ഒരു പരീക്ഷാ കണ്‍ട്രോളര്‍ ഉണ്ടാവും. സിലബസ് നിശ്ചയിക്കാനും അതനുസരിച്ച് ചോദ്യം തയാറാക്കാനും മാര്‍ക്ക് നിര്‍ണയിക്കാനും ജയവും തോല്‍വിയും തീരുമാനിക്കാനും അധികാരമുള്ള ഒരു  അതോറിറ്റിയുമുണ്ടാവും.  ഈ അധികാര കേന്ദ്രത്തെയൊന്നും ഒരാള്‍ വകവെക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് വ്യവസ്ഥാപിതമായി പഠിക്കാനോ, പരീക്ഷ എഴുതി വിജയിക്കാനോ സാധ്യമല്ല. തന്നെയുമല്ല, ഈ നിലപാടാണ് അയാള്‍ ജീവിതത്തിലുടനീളം സ്വീകരിക്കുന്നതെങ്കില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ മൊത്തം വെല്ലുവിളിച്ച് അരാജകവാദിയായി സ്വയം പരാജിതനാവുകയായിരിക്കും അതിന്റെ ഫലം.
മനുഷ്യ സമൂഹം പൊതുവേ അംഗീകരിച്ച ഈ നടപടിക്രമം ജീവിതമാകുന്ന പരീക്ഷക്കും ബാധകമാണ്. '(പ്രപഞ്ചത്തിന്റെ) ആധിപത്യം ആരുടെ ഹസ്തത്തിലാണോ അവന്‍ അളവറ്റ മഹത്വമുടയവനും അത്യുന്നതനുമത്രെ. സകല സംഗതികള്‍ക്കും കഴിവുള്ളവനുമാകുന്നു അവന്‍. മരണവും ജീവിതവുമുണ്ടാക്കിയവന്‍. നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍. അവന്‍ അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു' (അല്‍ മുല്‍ക്ക് 1).
ജനനവും മരണവും നിശ്ചയിക്കുക, നന്‍മ-തിന്‍മകള്‍ നിര്‍ണയിക്കുക, പരീക്ഷയില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം ലഭ്യമാക്കുക, വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചും വിലയിരുത്തിയും നന്‍മ-തിന്‍മകളുടെ അടിസ്ഥാനത്തില്‍ വിജയപരാജയങ്ങള്‍ തീരുമാനിക്കുക, വിജയികള്‍ക്കും പരാജിതര്‍ക്കും ഉചിതമായ പ്രതിഫലം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ജീവിതമാകുന്ന പരീക്ഷ. മേല്‍ വിവരിച്ച നടപടിക്രമങ്ങള്‍ നിശ്ചയിച്ച് മുഴുവന്‍ മനുഷ്യരുടേയും വിജയപരാജയങ്ങളും രക്ഷാശിക്ഷയും തീരുമാനിക്കുന്ന പരീക്ഷ നടത്താന്‍ ആര്‍ക്കാണ് കഴിയുക? ഇതൊന്നും മനുഷ്യന്റെ കഴിവില്‍പെട്ടതല്ല എന്നതുകൊണ്ട് ജീവിതമാകുന്ന ഈ മഹാ പരീക്ഷയെ അവഗണിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നത് ബുദ്ധിപരമായ സമീപനമാണോ?   പ്രപഞ്ചം മുഴുവനും സൃഷ്ടിക്കുകയും സംവിധാനിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാരാണോ അവനു മാത്രമേ ഇത്തരം കുറ്റമറ്റ ഒരു പരീക്ഷണം ഒരുക്കാനാവൂ എന്ന് അംഗീകരിക്കലാണ് ബുദ്ധിയുടെ താല്‍പ്പര്യം.
ഖലീഫ(പ്രതിനിധി)യായി ആദമിനെ ഭൂമിയില്‍ നിയോഗിക്കുന്ന സന്ദര്‍ഭത്തില്‍ തന്റെ പരീക്ഷാനടത്തിപ്പില്‍ പങ്കാളികളായ ഓരോ വിഭാഗത്തെയും അല്ലാഹു പരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. തന്റെ സവിശേഷ സൃഷ്ടികളായ മലക്കുകളോട്, താന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ച മനുഷ്യന് സാഷ്ടാംഗം ചെയ്യാന്‍ കല്‍പ്പിച്ചു. എല്ലാ മലക്കുകളും അവരുടെ അനുസരണ സന്നദ്ധത അറിയിച്ച് ആദമിന് സാഷ്ടാംഗം നമിച്ചു; ഇബ്‌ലീസ് ഒഴികെ. അതിനാല്‍, ഇബ്‌ലീസ് അല്ലാഹുവിന്റെ ശാപത്തിനിരയായി. തുടര്‍ന്ന് ആദമിനെ സ്വര്‍ഗത്തില്‍ വസിപ്പിച്ചു; ഒരു പ്രത്യേക മരത്തിന്റെ പഴമൊഴികെ ബാക്കിയെല്ലാം ഭക്ഷിക്കാമെന്ന വ്യവസ്ഥയില്‍. മലക്കുകളോടൊപ്പം പരീക്ഷക്കിരുന്ന് പരാജയപ്പെട്ട ഇബ്ലീസ് ആദമിനെയും ഇണയെയും പരാജയപ്പെടുത്താന്‍ തന്ത്രം മെനഞ്ഞു. അതിലവന്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ വിലക്കപ്പെട്ട ആ മരത്തിന്റെ പഴം അവര്‍ ഭക്ഷിച്ചു.
ഈ ഒരു അനുസരണക്കേടിന് ഇത്രത്തോളം ആസ്വാദനം നല്‍കാനാവുമെങ്കില്‍ ദൈവധിക്കാരത്തിന്റെ വഴിയെ സഞ്ചരിച്ചാല്‍ ആസ്വാദനത്തിന്റെ എന്തെല്ലാം സാധ്യതകളാണ് തങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതെന്നവര്‍ തിരിച്ചറിഞ്ഞു. ഒന്നാമത്തെ മനുഷ്യനെ തന്നെ തന്റെ നാഥനുള്ള അനുസരണത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്നതില്‍ തല്‍ക്കാലത്തേക്കെങ്കിലും വിജയം വരിച്ച ഇബ്‌ലീസ്  ലോകാവസാനം വരെ ഈ നില തുടരാന്‍ തന്റെ നാഥനോട്  അനുമതി തേടി. 'മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ചു. അതിനു മുമ്പ് ജിന്നുകളെ നാം തീജ്വാലയില്‍നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. നിങ്ങളുടെ റബ്ബ് മലക്കുകളോട് ഇപ്രകാരം പറഞ്ഞത് ഓര്‍ക്കുവിന്‍: 'വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്നു ഞാന്‍ മനുഷ്യനെ സൃഷ്ടിക്കുന്നുണ്ട്. സൃഷ്ടി പൂര്‍ത്തീകരിക്കുകയും അതില്‍ എന്റെ ആത്മാവില്‍നിന്ന് ഊതുകയും ചെയ്താല്‍, നിങ്ങളെല്ലാം അവന്റെ മുമ്പില്‍ പ്രണാമത്തില്‍ വീഴണം.' അങ്ങനെ മലക്കുകളൊക്കെയും പ്രണാമം ചെയ്തു, ഇബ്ലീസൊഴിച്ച്. അവന്‍ പ്രണാമം ചെയ്യുന്നവരുടെ കൂടെച്ചേരാന്‍ വിസമ്മതിച്ചു. റബ്ബ് ചോദിച്ചു: 'ഹേ ഇബ്ലീസ്, പ്രണാമം ചെയ്തവരുടെ കൂടെച്ചേരാതിരിക്കാന്‍ നിനക്കെന്തു കാര്യം?' അവന്‍ പറഞ്ഞു: 'വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കാന്‍ ഞാനില്ല.' റബ്ബ് കല്‍പിച്ചു: 'ശരി, എങ്കില്‍ നീ ഇവിടെനിന്നു പുറത്തുപോവുക. എന്തുകൊണ്ടെന്നാല്‍ നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. ഇനി പ്രതിഫലം നല്‍കുന്ന നാള്‍വരെ നിന്നില്‍ ശാപമുണ്ട്'. അപ്പോള്‍ അവന്‍ അപേക്ഷിച്ചു: 'എന്റെ നാഥാ, അങ്ങനെയാണെങ്കില്‍, ഇനി മനുഷ്യര്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിനം വരെ എനിക്ക് അവസരം നല്‍കേണമേ!' അവന്‍ അരുളി: 'ശരി, നിനക്കവസരമുണ്ട്; കാലം നിര്‍ണയിക്കപ്പെട്ട ആ ദിനം വരെ.' അവന്‍ പറഞ്ഞു: 'നാഥാ, നീ എന്നെ പിഴപ്പിച്ചുവല്ലോ. അതുപോലെ ഇനി, ഭൂമിയില്‍ ഞാനവര്‍ക്ക് കൗതുകങ്ങള്‍ കാണിച്ചുകൊടുക്കും. സകലരെയും പിഴപ്പിക്കുകയും ചെയ്യും; അവരില്‍ നീ പ്രത്യേകം തെരഞ്ഞെടുത്ത അടിമകളെയൊഴിച്ച്.' അവന്‍ അരുളി: 'ഇതാണ് നേരെ എന്നിലേക്കെത്തിച്ചേരാനുള്ള മാര്‍ഗം. എന്റെ യഥാര്‍ഥ ദാസന്മാരില്‍ നിനക്കു സ്വാധീനമുണ്ടാകുന്നതല്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരില്‍ മാത്രമേ നിന്റെ സ്വാധീനം ഫലിക്കുകയുള്ളൂ. നരകമാകുന്നു അവര്‍ക്കെല്ലാവര്‍ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്' (അല്‍ഹിജ്ര്‍ 26-43).
അന്നു മുതല്‍ പിശാച് കര്‍മ നിരതനാണ്, പ്രലോഭിപ്പിച്ചും മോഹിപ്പിച്ചും മനുഷ്യരെ വലയില്‍ വീഴ്ത്താന്‍. അഹങ്കാരമാണവന്റെ തത്ത്വശാസ്ത്രം. നന്ദികേടാണവന്റെ മുഖമുദ്ര. പ്രീണനവും  പ്രലോഭനവുമാണവന്റെ കര്‍മ മാര്‍ഗം. മനുഷ്യരെ അവര്‍ക്ക്  അല്ലാഹു നല്‍കിയ വിവിധങ്ങളായ അനുഗ്രഹങ്ങളില്‍ അഭിരമിപ്പിച്ച് സൂത്രത്തില്‍ ദൈവധിക്കാരിയാക്കുകയാണ് പിശാച്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ നാഥന്റെ ഔദാര്യമായ അധികാരം, സമ്പത്ത്, അറിവ്, സാങ്കേതിക വിദ്യ, ശാരീരിക ശക്തി, സൗന്ദര്യം, കുടുംബം തുടങ്ങി  ഓരോ മണ്ഡലത്തിലും മനുഷ്യശരീരത്തിന്റെ ഓരോ സിരകളിലും വരെ ശൈത്വാന്റെ ഇടപെടലുണ്ടാവും. ഇതാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. ദേഹേഛ പിശാചിന്റെ വളക്കൂറുള്ള മണ്ണാണ്.

ആരാണ് ഇലാഹ്?

'ആകാശത്തും ഭൂമിയിലും ഒന്നിലധികം ഇലാഹുകളുണ്ടായാല്‍ അവ രണ്ടും താറുമാറാകുമായിരുന്നു' എന്ന് പ്രഖ്യാപിച്ച വിശുദ്ധ ഖുര്‍ആന്‍ ഇലാഹിനെ സംബന്ധിച്ച് പൊതുവെ മനുഷ്യന്‍ വെച്ചുപുലര്‍ത്താനിടയുള്ള അബദ്ധ ധാരണ തിരുത്തുകയാണ്. ഇവിടെ  വിവിധ മതസമൂഹങ്ങളുടെ ആരാധ്യരായി രണ്ടല്ല; ലക്ഷക്കണക്കിന് ആരാധ്യ വസ്തുക്കള്‍ തന്നെയുണ്ട്. എന്നിട്ടൊന്നും ആകാശത്തിന്റെയോ ഭൂമിയുടെയോ നടത്തിപ്പ് ഇന്നോളം ലവലേശം താറുമാറായിട്ടില്ല. അപ്പോള്‍ ഇലാഹ് എന്നാല്‍ എന്താണ് എന്ന ചോദ്യം പ്രസക്തമാവുന്നു. ഖുര്‍ആന്‍ അതേ സ്ഥലത്തു തന്നെ അതിനുള്ള ഉത്തരം ഇപ്രകാരം നല്‍കിയിരിക്കുന്നു: 'അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല. മറ്റുള്ളവരെല്ലാം ചോദ്യം ചെയ്യപ്പെടും'. പ്രാപഞ്ചിക വ്യവസ്ഥയുടെ നടത്തിപ്പില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരം അതിന്റെ സ്രഷ്ടാവും സംരക്ഷകനും പരിപാലകനും അന്നദാതാവുമായ അല്ലാഹുവിനു മാത്രമാണ്.
ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലകളില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരം അല്ലാഹുവിന്  വകവെച്ചു നല്‍കണം. ഒരാള്‍ തന്റെ ജീവിതത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരം ആര്‍ക്ക് വകവെച്ചു നല്‍കുന്നുവോ അതാണ് അയാളുടെ ഇലാഹ്. മനുഷ്യനു  ആദര്‍ശബോധം നഷ്ടമായാല്‍ തന്റെ നാഥന്‍ തനിക്ക്  കനിഞ്ഞേകിയ ഏത് അനുഗ്രഹത്തെയും ഇലാഹിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചേക്കും. 'ദേഹേഛയെ ഇലാഹാക്കി' എന്നു ഖുര്‍ആന്‍ പ്രയോഗിക്കുന്നുണ്ട്. അഥവാ, അയാളുടെ ജീവിതത്തില്‍ അവസാന വാക്ക് അയാളുടെ ഇഛയായിത്തീര്‍ന്നു എന്നര്‍ഥം. 'അല്ലാഹുവിന് ജീവിതത്തില്‍ പരമ സ്ഥാനം നല്‍കി അവനെ അനുസരിക്കുന്നതില്‍ മസീഹ് വിസമ്മതിച്ചിട്ടില്ല. അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍ക്കും വിസമ്മതമില്ല. ആര്‍ അവന്റെ കല്‍പനയെ തന്റെ ജീവിതത്തിലെ അവസാന വാക്കായി അംഗീകരിച്ച് അവനെ അനുസരിക്കുന്നതിന് വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തോ അവരെയെല്ലാവരെയും അവന്റെ സമക്ഷം ഒരുമിച്ചു കൂട്ടപ്പെടുന്നതാകുന്നു.' (അന്നിസാഅ് 172).
താന്‍ തന്നെയാണ് അവസാന വാക്ക്; തന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും എന്നു കരുതുന്ന അഹങ്കാരികള്‍ ചരിത്രത്തില്‍ എമ്പാടും ഉണ്ടായിട്ടുണ്ട്. ഇബ്റാഹീം നബിയുടെ പ്രതിയോഗിയായ ഒരു ഭരണാധികാരിയെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട് (അല്‍ ബഖറ 258). (അയാളുടെ പേര് നംറൂദ് ആണെന്ന് ഖുര്‍ആന്‍  വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണാം). അയാളുടെ വാദത്തിന്റെ മര്‍മം, എന്റെ രാജ്യം, എന്റെ തീരുമാനം എന്നതായിരുന്നു. ഈ ന്യായവാദത്തിന്റെ പിന്‍ബലത്തില്‍, താന്‍ ഇഛിക്കുന്നവര്‍ക്ക് മരണം വിധിക്കാനും താന്‍ ഉദ്ദേശിക്കുന്നവരെ ജീവിക്കാനനുവദിക്കാനും അയാള്‍ക്ക് അധികാരമുണ്ട്. അത് സ്വതന്ത്രാധികാരമാണെന്ന് അയാള്‍ ധരിച്ചുവശായി. ഈ ധാരണ വെച്ചാണ് അയാള്‍ ഇബ്റാഹീം നബിയോട് തര്‍ക്കിക്കുന്നത്. അതുകൊണ്ടാണ്, പ്രാപഞ്ചിക വ്യവസ്ഥയുടെ നിയന്ത്രണാധികാരം ആര്‍ക്കെന്ന ഇബ്റാഹീം നബിയുടെ മറു ചോദ്യത്തില്‍ അയാള്‍ ഉത്തരം മുട്ടിയത്. ഇപ്രകാരം അധികാരം എന്ന ദൈവദത്തമായ അനുഗ്രഹത്താല്‍ വഞ്ചിക്കപ്പെട്ട് ധിക്കാരികളായവരെ എക്കാലത്തും കാണാം. ദേശം പൂജിക്കപ്പെടുന്ന വിഗ്രഹവും ദേശീയത തീര്‍പ്പിന്റെ മാനദണ്ഡവുമാവുമ്പോള്‍ ലക്ഷണമൊത്ത ബഹുദൈവത്വം രൂപപ്പെടുന്നു. ആസറും നംറൂദും ഒത്തുചേര്‍ന്ന ശിര്‍ക്കിനെ ഇബ്റാഹീം നബി അഭിമുഖീകരിച്ചിട്ടുണ്ടല്ലോ. ഇവിടെയും 'ഞങ്ങളുടെ രാജ്യം, ഞങ്ങളുടെ തീരുമാനം' എന്ന തത്ത്വം തന്നെയാണ് കൊണ്ടാടപ്പെടുന്നത്.
ശുഐബ് നബിയുടെ ജനതയുടെ സാമ്പത്തിക രംഗത്തുള്ള മനോഭാവം, 'ഞങ്ങളുടെ ധനം, ഞങ്ങളുടെ തീരുമാനം' (ഹൂദ് 87) എന്നതായിരുന്നു. ധനത്തിന്റെ മേലുള്ള മദ്യന്‍ ജനാവലിയുടെ സ്വാധികാരവാദം അവരെ സാമ്പത്തിക രംഗത്ത് കൊടുംകുറ്റവാളികളാക്കി. വിശുദ്ധ ഖുര്‍ആന്‍ അല്‍ കഹ്ഫ് അധ്യായത്തില്‍ തോട്ടക്കാരന്റെ കഥ വിവരിക്കുന്നത് ശ്രദ്ധേയമാണ് (അല്‍ കഹ്ഫ് 32-42). ലക്ഷണമൊത്ത ആ തോട്ടം അതിന്റെ ഉടമയെ അഹങ്കാരിയാക്കി. ഇത് തനിക്കുള്ള പരീക്ഷയാണെന്ന കാര്യം വിസ്മരിച്ചു. ഇതെല്ലാം ശാശ്വതമാണെന്ന് അഹങ്കരിച്ചു. സമ്പത്തിനോടുള്ള തന്റെ അതിരുകവിഞ്ഞ നിലപാടിനെ ശിര്‍ക്ക് (ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അതായത്, യഥാര്‍ഥ ഉടമസ്ഥനെ മറന്ന് 'എന്റെ' എന്ന ബോധത്തില്‍ അഭിരമിക്കുന്നത് തൗഹീദിന്റെ താല്‍പര്യത്തിനു വിരുദ്ധമാണ്.
ഇത്തരത്തില്‍ 'എന്റേതെന്ന്' എന്തിനെക്കുറിച്ച് ചിന്തിക്കുന്നുവോ അതിന്റെ അനിവാര്യ ഫലമാണ് 'എന്റെ ഇഷ്ടം, എന്റെ തീരുമാനം' എന്ന നിലപാടില്‍ എത്തിച്ചേരുക എന്നത്. 'എനിക്കിതെല്ലാം നല്‍കപ്പെട്ടത് എന്റെ പക്കലുള്ള അറിവ് മുഖേനയാണ്' എന്ന ഖാറൂനിന്റെ വാദം ഖുര്‍ആന്‍ പ്രശ്നവല്‍ക്കരിച്ചിട്ടുണ്ട് (അല്‍ ഖസ്വസ്വ് 78).  ഈ മനോഭാവം പൊതുവേ മനുഷ്യരെ പിടികൂടാനിടയുണ്ടെന്ന മുന്നറിയിപ്പ് ഖുര്‍ആന്‍ നല്‍കിയിട്ടുണ്ട്: 'ഇതേ മനുഷ്യന്‍ തനിക്കു ചെറിയൊരാപത്തണഞ്ഞാല്‍, നമ്മെ വിളിച്ചു കേഴുന്നു. പിന്നെ നമ്മുടെ ഔദാര്യത്താല്‍ അനുഗ്രഹിച്ചാലോ, അവന്‍ പറയുകയായി: 'ഇത് എന്റെ വിജ്ഞാനത്താല്‍ ലഭിച്ചതാണ്.' അല്ല; ഇത് ഒരു പരീക്ഷണമാകുന്നു. പക്ഷേ, ഇവരിലധികമാളുകളും അറിയുന്നില്ല' (അസ്സുമര്‍ 49).  വിദ്യക്ക് അപ്രമാദിത്വം കല്‍പ്പിക്കുന്ന നവ സാമ്രാജ്യത്വ മുതലാളിത്തം ഉടമസ്ഥതയിലും സ്വാധികാരത്തിലും പടച്ചവനെ വെല്ലുവിളിക്കുന്ന സ്ഥിതിയിലാണിന്ന്. ശരിയായ തൗഹീദ്പ്രബോധകര്‍ അവരുടെ അവതരണങ്ങളില്‍ ഈ വശങ്ങള്‍ക്കെല്ലാം ഇടം നല്‍കേണ്ടതുണ്ട്.


ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ശരീരത്തിന്റെ മേലുള്ള സ്വാധികാര വാദം ഇന്ന് സര്‍വദിക്കുകളില്‍ നിന്നും മുഴങ്ങിക്കേള്‍ക്കുന്നു. My body, My Choice (എന്റെ ശരീരം, എന്റെ തെരഞ്ഞെടുപ്പ്) എന്നതാണവരുടെ മുദ്രാവാക്യം. കേള്‍ക്കുന്ന മാത്രയില്‍ ആരെയും ആകര്‍ഷിക്കാനുള്ള ശേഷി ഇതിനുണ്ടെന്ന് സമ്മതിക്കാതെ വയ്യ. കാരണം, മനുഷ്യന്റെ മൃദുല വികാരങ്ങളിലാണവര്‍ കൈവെച്ചിരിക്കുന്നത്. പടച്ചവനും പരലോകവുമില്ലാത്തവര്‍ മാത്രമല്ല, വിശ്വാസി സമൂഹത്തില്‍ വരെ ഈ വാദഗതികള്‍ വേരൂന്നുന്നുണ്ടെന്ന് നാം തിരിച്ചറിയണം. കാമ്പസുകളിലേക്കിത് കടന്നുവരുന്നത് പാന്റ്സും ഷര്‍ട്ടും ധരിച്ചായതിനാല്‍ പുരോഗമനം കൈവരും! ഒട്ടും പിന്തിരിപ്പത്തരം ആരോപിക്കപ്പെടാനിടയില്ല! സമൂഹത്തില്‍ ഒട്ടുമിക്കവരുടെയും ദൃഷ്ടി ഈ പാന്റ്സിലും ഷര്‍ട്ടിലും ഉടക്കി നില്‍ക്കുകയാണ്. അതിനകത്തെ ശരീരം ആണിന്റേതോ പെണ്ണിന്റേതോ എന്നവര്‍ നോക്കിയിട്ടില്ല. എന്നല്ല, പാന്റ്സും ഷര്‍ട്ടും ഇരു വിഭാഗത്തിനും ചേരുമല്ലോ എന്ന് സമാധാനിച്ചവരുമുണ്ട്. ഇത് ആണും പെണ്ണും കെട്ട ഒരു തലമുറയെ സൃഷ്ടിക്കാനുള്ള പടപ്പുറപ്പാടാണെന്ന് ഉത്തരവാദപ്പെട്ടവര്‍ സംശയലേശമന്യേ വ്യക്തമാക്കിയിട്ടും സമൂഹം പൊതുവില്‍ മൗനത്തിലാണ്.
2021 ഡിസംബര്‍ 15-ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഡോ. ആര്‍. ബിന്ദു ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു: ’We are in the works of creating a new Kerala- one defined by equity and sensitivity. To achieve this, our students should first be given access to education in a free environment, unhindered by the burden of society’s heteronormative expectations.’
(സമത്വം, സംവേദനക്ഷമത എന്നിവ കൊണ്ട് നിര്‍വചിക്കപ്പെടുന്ന ഒരു പുതു കേരള നിര്‍മിതിയിലാണ് ഞങ്ങള്‍. ഇത് സാധ്യമാകണമെങ്കില്‍,സമൂഹത്തിന്റെ 'ഹെറ്ററോനോര്‍മാറ്റീവ്' പ്രതീക്ഷകളുടെ ഭാരത്തില്‍ നിന്ന് മുക്തമായ ഒരു സ്വതന്ത്ര അന്തരീക്ഷത്തില്‍ വിദ്യാഭ്യാസം നേടാന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കണം).
മന്ത്രി തുടരുന്നു: ‘Schools must first create and maintain an atmosphere that aids girls in getting rid of the stigma associated with their bodies, of the notion that ‘he’ and ‘I’ are different. And that is exactly what Balussery school has done.’ 
(സ്വന്തം ശരീരവുമായി ബന്ധപ്പെട്ട മുന്‍വിധികളില്‍ നിന്ന്, അതായത് 'അവനും' 'ഞാനും' വ്യത്യസ്തരാണ് എന്ന കാഴ്ചപ്പാടില്‍ നിന്ന് പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്‌കൂളുകള്‍ ഒന്നാമതായി ചെയ്യേണ്ടത്. അതാണ് കൃത്യമായും ബാലുശ്ശേരി സ്‌ക്കൂള്‍ ചെയ്തത്).
മനുഷ്യ വംശത്തിന്റെ ഉദ്ഭവം മുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണയാണ്, ആണും പെണ്ണുമാണ് മനുഷ്യരിലെ അടിസ്ഥാന ദ്വന്ദ്വം എന്നത്. അവര്‍ക്കിടയിലെ ആകര്‍ഷണവും വിവാഹവും ലൈംഗിക ബന്ധവുമാണ് സ്വാഭാവികം, മറ്റുള്ളതെല്ലാം അസ്വാഭാവികവും തിരുത്തപ്പെടേണ്ടതുമാണ് എന്ന ധാരണയെയാണ് 'ഹെറ്ററോനോര്‍മാറ്റിവിറ്റി' എന്ന് പറയുന്നത്. ഈ ധാരണയനുസരിച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിലയിരുത്തുകയും പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായത്തില്‍ നിന്ന് കുട്ടികളെ  മോചിപ്പിച്ച് 'അവനും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല' എന്ന ധാരണയില്‍ കുട്ടികള്‍ വളരണം. ഇതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്നാണ് മന്ത്രി പറഞ്ഞത്. കേരള ഗവണ്‍മെന്റ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് യഥാര്‍ഥത്തില്‍ 'അറിയേണ്ടവര്‍' അറിയാനാണ് ഈ വെളിപ്പെടുത്തല്‍ ട്വിറ്ററില്‍ ആക്കിയത്. മുതലാളിത്ത സാമ്രാജ്യത്വം വിരിക്കുന്നിടത്ത് കിടക്കാന്‍ മടിയുള്ള കമ്യൂണിസം ഇന്നൊരു ചരിത്ര കൗതുകം മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം.

പിശാച് തന്റെ ദൗത്യം തുടരുകയാണ്

'തനിക്ക് പങ്കാളികളുണ്ടെന്ന് ആരോപിക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലതന്നെ. അതൊഴിച്ചുള്ളതൊക്കെയും അവന്‍ പൊറുത്തുകൊടുക്കാനിഛിക്കുന്നവര്‍ക്കു പൊറുത്തുകൊടുത്തേക്കാം. അല്ലാഹുവിന് പങ്കാളിയെ കല്‍പിക്കുന്നവന്‍ ദുര്‍മാര്‍ഗത്തില്‍ ബഹുദൂരം അകന്നുപോയിരിക്കുന്നു; അവര്‍ അല്ലാഹുവിനെ വെടിഞ്ഞ് ദേവതകളെ ആരാധ്യരാക്കുന്നു; ധിക്കാരിയായ സാത്താനെ ആരാധ്യനാക്കുന്നു. അല്ലാഹുവോ, അവനെ ശപിച്ചിരിക്കുകയാകുന്നു (ആ സാത്താനെയാണ് അവര്‍ അനുസരിച്ചുകൊണ്ടിരിക്കുന്നത്). സാത്താന്‍ അല്ലാഹുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു: 'നിന്റെ ദാസന്മാരില്‍നിന്ന് ഒരു നിശ്ചിത വിഭാഗത്തെ തീര്‍ച്ചയായും ഞാന്‍ പിടിച്ചെടുക്കുകതന്നെ ചെയ്യും. ഞാനവരെ വഴിപിഴപ്പിക്കും. തീര്‍ച്ചയായും ഞാനവരെ വ്യാമോഹങ്ങളിലകപ്പെടുത്തും. ഞാനവര്‍ക്ക് ആജ്ഞ നല്‍കും. എന്റെ ആജ്ഞാനുസാരം അവര്‍ കാലികളുടെ കാതുകള്‍ കീറും. ഞാനവരോട് ആജ്ഞാപിക്കും. എന്റെ ആജ്ഞയനുസരിച്ച് അവര്‍ അല്ലാഹുവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും.' അല്ലാഹുവിനെക്കൂടാതെ, ഈ സാത്താനെ മിത്രവും രക്ഷകനുമാക്കുന്നവന്‍ സ്പഷ്ടമായ നഷ്ടത്തിലകപ്പെട്ടതുതന്നെ. അവന്‍ അവരോട് വാഗ്ദാനങ്ങള്‍ ചെയ്യുന്നു. അവരില്‍ വ്യാമോഹങ്ങള്‍ ജനിപ്പിക്കുന്നു. പക്ഷേ, സാത്താന്റെ വാഗ്ദാനങ്ങളത്രയും വെറും വഞ്ചനയല്ലാതൊന്നുമല്ല (അന്നിസാഅ് 116-120).
'ആദം സന്തതികളേ, ഞാന്‍ നിങ്ങളോടുപദേശിച്ചിരുന്നില്ലേ, ചെകുത്താന് ഇബാദത്ത് ചെയ്യരുതെന്ന്; അവന്‍ നിങ്ങളുടെ തുറന്ന ശത്രുവാണെന്ന്? (യാസീന്‍ 60)എന്ന സൂക്തത്തിന്റെ ആശയം മുമ്പ് പലര്‍ക്കും പിടികിട്ടിയിരുന്നില്ല. പിശാചിന് ഇബാദത്ത് എടുക്കുക എന്നു വെച്ചാല്‍ ചെകുത്താന്‍ പൂജയാണെന്നാണ് പലരും കരുതിയിരുന്നത്. ഇപ്പോള്‍ കാര്യം വളരെ വ്യക്തമാണ്: 'ഞാന്‍ അവരോട് കല്‍പ്പിക്കുക തന്നെ ചെയ്യും. അങ്ങനെ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യങ്ങളെ മാറ്റിമറിക്കും.' പിശാച് ആജ്ഞാപിക്കുന്നു, മനുഷ്യന്‍ അനുസരിക്കുന്നു - ഇതു തന്നെയാണ് പിശാചിനുള്ള ഇബാദത്ത്. ഇവിടെ 'അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യങ്ങളെ മാറ്റിമറിക്കും' എന്നു പറഞ്ഞിരിക്കുന്നത്, അല്ലാഹുവിന്റെ സൃഷ്ടിയെ മനുഷ്യന്‍ ദുരുപയോഗപ്പെടുത്തുന്നതിനെപ്പറ്റിയാണ്. അതായത്, ഓരോ വസ്തുവിനെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ഏതൊരു  ഉദ്ദേശ്യം മുന്നില്‍ കണ്ടാണോ, ആ കാര്യം അതുകൊണ്ട് സാധിക്കാതെ, ഉദ്ദേശിക്കാത്ത കാര്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്നര്‍ഥം. മറ്റൊരു വിധം പറഞ്ഞാല്‍, മനുഷ്യന്‍ തന്റെയും വസ്തുക്കളുടെയും പ്രകൃതിക്ക് വിരുദ്ധമായി ചെയ്യുന്ന സകല പ്രവൃത്തികളും, പ്രകൃതിയുടെ താല്‍പര്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനായി എടുക്കുന്ന എല്ലാ അടവുകളും ഈ വചനപ്രകാരം വഴിപിഴച്ച പൈശാചിക പ്രലോഭനങ്ങളുടെ ഫലമാണ്. എല്‍.ജി.ബി.ടി ആക്റ്റിവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന വാദഗതികളാണ്, 'സൃഷ്ടിപ്പിന്റെ ഉദ്ദേശ്യങ്ങളെ മാറ്റിമറിക്കും' എന്ന പിശാചിന്റെ അവകാശ വാദത്തിന്റെ ഇക്കാലത്തെ മികച്ച ഉദാഹരണം.
ജെന്‍ഡര്‍ ന്യൂട്രല്‍ വാദഗതികള്‍ അതിവിചിത്രമാണ്. സെക്സ് (ലിംഗം), ജെന്‍ഡര്‍ (ലിംഗത്വം), സെക്ഷ്വാലിറ്റി (ലൈംഗികാഭിമുഖ്യം) എന്നിവയൊക്കെ മനുഷ്യന്റെ തോന്നലുകള്‍ പ്രകാരം തീരുമാനിക്കാം എന്ന് വാദിച്ചുറപ്പിക്കുകയാണ്. മനുഷ്യന്‍ തന്റെ മുന്നിലുള്ള നഗ്ന യാഥാര്‍ഥ്യങ്ങളെ അവഗണിച്ച് മനസ്സിന്റെ മായാവിലാസങ്ങളെ വിധിതീര്‍പ്പിന് ആധാരമാക്കുകയാണ്. അതിലൂടെ, പുരുഷ ശരീരം പേറുന്ന സ്ത്രീയും, സ്ത്രീ ശരീരം പേറുന്ന പുരുഷനുമെന്ന അപൂര്‍വ പ്രതിഭാസത്തെ സാമാന്യവല്‍ക്കരിക്കുകയാണ്! മനുഷ്യ പ്രകൃതിക്ക് നേരെ യുദ്ധം പ്രഖ്യാപിച്ച എല്‍.ജി.ബി.ടി വക്താക്കള്‍ക്ക് ട്രാന്‍സ്ജെന്‍ഡറാണെന്ന് തീരുമാനിച്ച് രംഗത്തുവരുന്നവരുടെ കാര്യത്തില്‍ മൂന്നു ഘട്ടങ്ങളായുള്ള പരിഹാര മാര്‍ഗങ്ങളാണ് നിര്‍ദേശിക്കാനുള്ളത്: ഒന്ന്, പ്യൂബര്‍ട്ടല്‍ ബ്ലോക്കേഴ്സ് (Pubertal Blockers) എന്ന് വിളിക്കപ്പെടുന്ന ഔഷധങ്ങളുപയോഗിച്ച് യൗവനത്തിന്റെ തുടക്കത്തെ തടഞ്ഞുനിര്‍ത്തുക. രണ്ട്, ഏത് ലിംഗമായി മാറാനാണോ ഒരാള്‍ ആഗ്രഹിക്കുന്നത് അതിനനുസരിച്ച ഹോര്‍മോണ്‍ ചികില്‍സ നടത്തി ആ ലിംഗത്തിന്റെ ശാരീരിക സവിശേഷതകള്‍ വളര്‍ത്തിയെടുക്കുക. മൂന്ന്, ലിംഗ മാറ്റ ശസ്ത്രക്രിയ (ലിംഗത്വം സ്ഥാപിക്കുന്നതിനുള്ള സര്‍ജറി) നടത്തുക. എല്‍.ജി.ബി അഥവാ ലെസ്ബിയന്‍സ്, ഗേ, ബൈസെക്ഷ്വല്‍സ്.... ഇങ്ങനെ മനുഷ്യന്‍ അധഃപതിക്കുന്നതിനനുസരിച്ച് ഇതിലെ അക്ഷരങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

ശരീരത്തിന്റെ മേലുള്ള സ്വാധികാരം
ശരീരത്തിന്റെ മേലുള്ള സ്വാധികാരത്തെക്കുറിച്ചാണ് ഇക്കൂട്ടര്‍ വാചാലരാവുന്നത്. ഒരാള്‍ നിയത പരികല്‍പ്പനയനുസരിച്ച് വിശ്വാസിയോ അവിശ്വാസിയോ ആവട്ടെ, അദ്ദേഹം വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുന്നവനും ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്നവനുമാണെങ്കില്‍ നമുക്ക് അദ്ദേഹത്തോടുള്ള ചോദ്യമിതാണ്: വാസ്തവത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ അധികാരമുണ്ടോ? ഉണ്ടെങ്കില്‍ അത് എത്രത്തോളമാണ്? ജനനം, മരണം, അവയവങ്ങളുടെ പ്രവര്‍ത്തനം, അവയുടെ ഉപയോഗം, ആരോഗ്യം, സൗന്ദര്യം തുടങ്ങി നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ തീര്‍പ്പുകള്‍ നിരവധി നടന്നിട്ടുണ്ടല്ലോ, ഇനി പലതും നടക്കാനുമുണ്ടല്ലോ. ഇതെല്ലാം നിങ്ങളുടെ അധികാര പരിധിയിലാണോ? നന്നച്ചുരുങ്ങിയത് ഇവ നിര്‍ണയിക്കുന്നതില്‍ നിങ്ങളുടെ ഇഷ്ടവും താല്‍പര്യങ്ങളും പരിഗണിക്കപ്പെട്ടിട്ടുണ്ടോ? മേല്‍ പരാമര്‍ശിച്ചതില്‍ ഏതെങ്കിലുമൊന്നില്‍ നിങ്ങള്‍ക്ക് സ്വാധികാരമുണ്ടോ? ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ രോഗം, വാര്‍ധക്യം, അപകടം, മരണം തുടങ്ങി നിങ്ങള്‍ക്ക് അനിഷ്ടകരമായ പലതും നിങ്ങളുടെ മേല്‍ പുലരുന്നതെന്തുകൊണ്ട്? ഇത്തരം കാര്യങ്ങളിലൊന്നും തനിക്ക് തന്റെ ശരീരത്തിന്റെ മേല്‍ സ്വാധികാരമോ ഉടമസ്ഥതയോ ഇല്ല എന്നു സമ്മതിക്കുന്നുവെങ്കില്‍, ഇങ്ങനെയുള്ള മനുഷ്യന്‍ തന്റെ ശരീരത്തിന്റെ മേല്‍ ഉടമസ്ഥതയും അധികാരവും വാദിക്കുന്നതിലെന്തുണ്ട് ന്യായം? 
എല്‍.ജി.ബി.ടി.ക്യു പൊളിറ്റിക്സിന്റെ സൈദ്ധാന്തിക അടിത്തറ അവാസ്തവങ്ങളില്‍ കെട്ടിപ്പടുത്തതാണെന്നു സാരം. അതുകൊണ്ടു തന്നെ ഇത്തരം ഗൗരവപ്പെട്ട ചര്‍ച്ചകളൊന്നും അവരിഷ്ടപ്പെടുകയോ പൊറുപ്പിക്കുകയോ ഇല്ല. സദോം സമൂഹം 'ഞങ്ങളുടെ ശരീരം ഞങ്ങളുടെ തീരുമാനം' എന്നു വാദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍, 'പരിധിവിട്ട  ജനതയാണ് നിങ്ങള്‍' എന്ന് ലൂത്വ് പ്രവാചകന്‍ പറയുന്നത് ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ പ്രസ്താവന ശരിവെക്കുന്നതായിരുന്നു അവരുടെ ചെയ്തികള്‍. ഇബ്റാഹീം നബിയുടെ സഹോദര പുത്രനായ ലൂത്വ് നബിയും ആ ജനതയും തമ്മിലുള്ള സംവാദം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണാം (അല്‍അഅ്റാഫ് 80-84). തങ്ങളുടെ നീച ചെയ്തികളെ വിമര്‍ശിച്ച ലൂത്വിനോടുള്ള അവരുടെ പ്രതികരണം, 'ഇവരെ നമ്മുടെ നാട്ടില്‍ നിന്ന് പുറത്താക്കുക. ഇവര്‍ വലിയ വിശുദ്ധരായി ചമയുന്നുവല്ലോ' എന്നായിരുന്നു! 'ഇവരൊരു വല്ലാത്ത ഹെറ്ററോനോര്‍മാറ്റീവുകള്‍ തന്നെ' എന്നതാണ്  ഇതിന്റെ ഇന്നത്തെ ഭാഷ്യം!
ഒരു മര്‍ദിത ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെങ്കിലും മറ്റൊരു മര്‍ദിത ന്യൂനപക്ഷത്തിന്റെ ദുരിതമുള്‍ക്കൊള്ളാന്‍ കഴിയേണ്ടതല്ലേ എന്നാണവരുടെ  ന്യായം!
ഇതൊരു തത്ത്വമായെടുത്താല്‍ ഇതിന്റെ ആനുകൂല്യത്തിന് അര്‍ഹതയില്ലാത്ത ഏത് ഹീന വൃത്തിയാണ് സമൂഹത്തിലുണ്ടാവുക. ഈ വഴിയെ സഞ്ചരിച്ചാല്‍ തലമുറകള്‍ മാത്രമല്ല, നാഗരികത തന്നെ ഊഷരമാകുമെന്ന താക്കീതോടെ  ചാവുകടല്‍ ഓളം വെട്ടുന്നത് കാണാതിരുന്നു കൂടാ. പരലോകത്ത് അഭിമുഖീകരിക്കാനുള്ളതെല്ലാം ഇതിനു പുറമെയുമായിരിക്കും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌