അണയാത്ത നീതിബോധം, തളരാത്ത പോരാട്ടവീര്യം
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിന്റെയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പത്തോളം കേസുകളുടെയും ഫയലുകള്‍ സുപ്രീം കോടതി എന്നന്നേക്കുമായി അടച്ചതായുള്ള വാര്‍ത്ത വരുമ്പോള്‍ സംഘ് പരിവാര്‍ വാഴുന്ന വര്‍ത്തമാന ഇന്ത്യയില്‍ നീതിയെക്കുറിച്ച അവസാനത്തെ പ്രതീക്ഷകളും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നുണ്ട്. ബില്‍കീസ് ബാനു കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സിസ്റ്റവും ആ കൊടും ക്രിമിനലുകളെ ജയിലിനു പുറത്ത് ആഘോഷപൂര്‍വം വരവേറ്റ ജനക്കൂട്ടവും ഒരല്‍പം നീതിബോധവും സത്യസന്ധതയും മനുഷ്യത്വവും അലിവും അവശേഷിക്കുന്ന ഏതൊരു മനുഷ്യന്റെയും ഇടനെഞ്ചില്‍ ഏല്‍പിക്കുന്ന ആഘാതത്തിന്റെ ആഴം ചെറുതല്ല.
നിരാശയുടെയും ഇഛാഭംഗങ്ങളുടെയും കാര്‍മേഘങ്ങള്‍ ഒന്നൊന്നായി വന്നു പൊതിയുമ്പോഴും പ്രതീക്ഷയുടെ ചെറുകിരണങ്ങള്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്നത് സത്യത്തിന്റെയും നീതിയുടെയും പോരാട്ടത്തിന്റെയും വഴികളില്‍ ചുരത്തുന്ന ഊര്‍ജം അപരിമേയമാണ്. സഞ്ജീവ് ഭട്ടും ടീസ്റ്റ സെറ്റ്ല്‍വാദും സഫൂറ സര്‍ഗാറും കഴിഞ്ഞ വാരങ്ങളില്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്, ഫാഷിസത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് തകര്‍ക്കാനാവാത്ത നൈതിക ബോധത്തിന്റെയും അധികാരത്തിന്റെ സര്‍വ സന്നാഹങ്ങള്‍ക്കും പിടിച്ചുകെട്ടാനാകാത്ത അവരുടെ പോരാട്ടവീര്യത്തിന്റെയും പേരിലായിരുന്നു.
സഞ്ജീവ് ഭട്ട്; സമാനതകളില്ലാത്ത നീതിബോധം
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5-ന് സഞ്ജീവ് ഭട്ടിന്റെ തടവറ ജീവിതം നാലു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ധീരനും നീതിമാനും സത്യസന്ധനുമായ പോലീസ് ഓഫീസര്‍ എന്ന വിശേഷണം അദ്ദേഹത്തിന് എല്ലാ അര്‍ഥത്തിലും ചേരും. ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സെലബ്രിറ്റികളും മാധ്യമ പ്രവര്‍ത്തകരും സംഘ് പരിവാറിന്റെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി മൗനമവലംബിക്കുകയും സ്ഥാനമാനങ്ങള്‍ നേടിയെടുക്കുകയും ചെയ്തപ്പോള്‍ എല്ലാം നഷ്ടപ്പെടുമെന്നറിയാമായിരുന്നിട്ടും, വരാനിരിക്കുന്നത് നരക ജീവിതമായിരിക്കുമെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും നരേന്ദ്ര മോദിയെക്കുറിച്ചും ഗുജറാത്ത് കലാപത്തെക്കുറിച്ചും ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞ സത്യങ്ങളില്‍ നിന്ന് ഒരടി പിന്‍വാങ്ങിയില്ല അദ്ദേഹം. 2011-ല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഷന്‍. 2015-ല്‍ വ്യാജ കാരണങ്ങള്‍ ചമച്ച് ജോലിയില്‍ നിന്ന് എന്നന്നേക്കുമായുള്ള പിരിച്ചുവിടല്‍. 2018-ല്‍, 30 വര്‍ഷം മുമ്പ് നടന്ന ദുരൂഹമായ ഒരു കേസിന്റെ പേരില്‍ അറസ്റ്റ്. 2019 ജൂണില്‍ അതേ കേസില്‍ ജീവപര്യന്തം ശിക്ഷിച്ചുള്ള വിധി. സഞ്ജീവ് സത്യം പറഞ്ഞതിന് ഒടുക്കേണ്ടി വന്ന വില.
ഗുജറാത്ത് കലാപത്തെക്കുറിച്ച സത്യസന്ധമായ തുറന്നു പറച്ചിലുകള്‍ മാത്രമായിരുന്നില്ല സഞ്ജീവ് ഭട്ടിനെ സംഘ്പരിവാറിന്റെ കണ്ണിലെ കരടാക്കിയത്. 2011-ല്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതു മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നരേന്ദ്ര മോദിയെയും സംഘ്പരിവാറിനെയും ബി.ജെ.പി ഭരണത്തിലെ ജനവിരുദ്ധ നയങ്ങളെയും, മൂര്‍ച്ചയുള്ളതും മുനകൂര്‍ത്തതുമായ ചോദ്യങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും കൈകാര്യം ചെയ്തപ്പോള്‍ കിട്ടിയ വമ്പിച്ച സ്വീകാര്യതയും പൊതു പിന്തുണയും പലപ്പോഴും ബി.ജെ.പി സര്‍ക്കാറിനും നരേന്ദ്ര മോദിക്കും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പൊതു സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ സഞ്ജീവ് ഭട്ടിന്റെ ചെറു സാന്നിധ്യം പോലും ബി.ജെ.പി ഏറെ ഭയന്നിരുന്നു. അതുകൊണ്ടാണ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ കേസുകള്‍ കുത്തിപ്പൊക്കി വ്യാജ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി തുടര്‍ച്ചയായ പ്രതികാര നടപടികളിലൂടെ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തില്‍ തുറങ്കിലടച്ച് പ്രതികാരം തീര്‍ക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5-ന്, സഞ്ജീവ് ഭട്ടിന്റെ തടവറ ജീവിതത്തിന് നാല് വര്‍ഷം തികയുന്ന വേളയില്‍, ഭാര്യ ശ്വേത ഭട്ട് സഞ്ജീവ് ഭട്ടിന്റെ പേജില്‍ കുറിച്ച ധീരവും വൈകാരികവുമായ കുറിപ്പ് നമ്മുടെ ഹൃദയ വികാരങ്ങളോടും സിരകളിലെ നീതിക്കു വേണ്ടി തിളക്കുന്ന ചോരയോടുമാണ് സംവദിക്കുന്നത്. അവര്‍ ഇങ്ങനെ എഴുതി: '2018 സെപ്റ്റംബര്‍ 5-ന്, സഞ്ജീവ് ഭട്ടിന്റെ നാവടക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി ഭരണകൂടം അദ്ദേഹത്തെ കൊണ്ടുപോയി. എന്നാല്‍, അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാനോ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനോ നിശ്ശബ്ദനാക്കാനോ ഇതു വരെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. പ്രതികാരബുദ്ധിയോടെ കള്ളക്കേസുകള്‍ ചുമത്തി സഞ്ജീവിനെ തടവിലാക്കിയിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുന്നു. ഫാഷിസ്റ്റ് ഭരണകൂടം കിണഞ്ഞു ശ്രമിച്ചിട്ടും അദ്ദേഹത്തിനെതിരെ തെളിവിന്റെ നേര്‍ത്ത കച്ചിത്തുരുമ്പ് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല...
'കേവലം 4 വര്‍ഷമായിരിക്കാം.. പക്ഷേ, ഈ ദുഷിച്ച ഭരണത്തിനെതിരെ രാവും പകലും പോരാടിയ ഞങ്ങള്‍ക്ക് ഇത് 1462 ദിവസങ്ങളും 35,088 മണിക്കൂറുകളുമാണ്.
ഞങ്ങള്‍ ഒരു കുടുംബമെന്നതില്‍ നിന്ന് പിരിഞ്ഞിട്ട് നാല് വര്‍ഷം കഴിഞ്ഞു. വെളിച്ചമില്ലാത്ത നാല് ദീപാവലികള്‍, നാല് ഇരുണ്ട പുതുവര്‍ഷങ്ങള്‍, നീതി ലഭിക്കാതെ പോയ മറ്റൊരു വര്‍ഷം കൂടി കടന്നു പോയതിന്റെ ഓര്‍മപ്പെടുത്തല്‍ മാത്രമായി വര്‍ത്തിച്ച 16 ജന്മദിനങ്ങള്‍, അര്‍ഥശൂന്യമായി തോന്നിയ 2 ബിരുദങ്ങള്‍. സഞ്ജീവിനെ കാണാതെ ഓരോ ദിവസവും ചെലവഴിച്ച അനന്തമായ നിമിഷങ്ങള്‍.
ഇന്നേക്ക് 4 വര്‍ഷം തികയുന്നു. സഞ്ജീവ് നടു വളയാതെ തല കുനിയാതെ നിലകൊള്ളുന്നു... അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം എന്നത്തെക്കാളും ശക്തമായി തുടരുന്നു. ഈ ഘട്ടത്തില്‍ ഈ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ നീതിക്കു വേണ്ടിയുള്ള നമ്മുടെ പോരാട്ടം മുന്നോട്ടു തന്നെ പോകുകയാണ്....''
സഞ്ജീവ് പറയും പോലെ, 'ഇത് അവസാനിക്കാത്ത പോരാട്ടമാണ്', നീതി ലഭിക്കും വരെ പോരാട്ടം തുടരുക തന്നെ ചെയ്യും.'
ടീസ്റ്റയുടെ പുഞ്ചിരി, സഫൂറയുടെ നിശ്ചയദാര്‍ഢ്യം
ജാമ്യം ലഭിച്ച് സബര്‍മതി ജയിലില്‍ നിന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തിറങ്ങുന്ന മാധ്യമ പ്രവര്‍ത്തകയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ടീസ്റ്റ സെറ്റ്ല്‍വാദിന്റെ ചിത്രം വൈറലായിരുന്നു. മുഖത്ത് വിടര്‍ന്ന ആ പുഞ്ചിരിയില്‍ അവരുടെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തും നീതിബോധവുമെല്ലാം പ്രകടമാണ്. ടീസ്റ്റ എല്ലാ കാലത്തും അതുല്യമായ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയ നൈതികബോധവും കാത്തുസൂക്ഷിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു. ഒരു പത്രസമ്മേളനത്തില്‍, 18 ഭാഷകളറിയുന്ന സാക്ഷാല്‍ നരസിംഹ റാവുവിനെ ഉത്തരം മുട്ടിച്ച ചോദ്യം കൊണ്ട് അവര്‍ ശ്രദ്ധേയായി. ഗുജറാത്ത് കലാപ ഭൂമികളിലൂടെ സഞ്ചരിച്ച് കരള് കത്തുന്ന വാര്‍ത്തകളും സത്യങ്ങളും അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. എല്ലാ കാലത്തും കലാപത്തിലെ ഇരകള്‍ക്കൊപ്പം നിന്നു. നരേന്ദ്ര മോദിക്കും സംഘ് പരിവാറിനുമെതിരെ തെളിവുകള്‍ നിരത്തി സംസാരിച്ചു. ഒടുവില്‍ നരേന്ദ്ര മോദിക്ക് കോടതി ക്ലീന്‍ചിറ്റ് നല്‍കിയപ്പോള്‍ സംഘ് പരിവാര്‍ പോലീസ് ആദ്യം തേടിയെത്തിയത് ടീസ്റ്റയെയും ആര്‍.ബി ശ്രീകുമാറിനെയും. അത്രക്കുണ്ടായിരുന്നു പക. ജയില്‍ മോചിതയായ ടീസ്റ്റ കൂടുതല്‍ ശക്തയാണ്. നേര്‍ത്തില്ലാതാവുന്ന നീതിയുടെ ശബ്ദങ്ങള്‍ക്ക് കരുത്ത് പകരാന്‍ വരുംകാലങ്ങളില്‍ ടീസ്റ്റയുണ്ടാകും മുന്‍ നിരയില്‍ എന്നത് സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ അണിനിരന്നവര്‍ക്ക് പകരുന്ന ഊര്‍ജം ചെറുതല്ല.
കഴിഞ്ഞ വാരങ്ങളില്‍ വന്ന മറ്റൊരു വാര്‍ത്ത ഇഅഅ, ചഞഇ സമര പോരാളിയും പൂര്‍ണ ഗര്‍ഭിണിയായിരിക്കെ അറസ്റ്റ് വരിക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്ത സഫൂറ സര്‍ഗാറിന്റെ എം.ഫില്‍ റദ്ദ് ചെയ്യാന്‍ ജാമിഅ മില്ലിയ തീരുമാനിച്ചതാണ്. കൃത്യവും വ്യക്തവുമായ പ്രതികാര നടപടിയുടെ ഭാഗമാണിത്. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങളില്‍ ഒച്ചിന്റെ വേഗത്തില്‍ നടപടിക്രമങ്ങള്‍ നടത്താറുള്ള യൂനിവേഴ്‌സിറ്റി തന്റെ കാര്യത്തില്‍ പുതിയ ദേഭഗതി ഇറക്കുന്നത് മാനസികമായി തന്നെ തകര്‍ക്കാനാണെന്ന് സഫൂറ ട്വീറ്റ് ചെയ്തു. സംഘ് പരിവാറിനെതിരെ രംഗത്തുള്ളവരോട് ഇത്തരം വിലകുറഞ്ഞ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ സഫൂറയും സുഹൃത്തുക്കളും പൂര്‍വാധികം ശക്തിയോടെ സമര രംഗത്തേക്കിറങ്ങാനാണ് തീരുമാനം.
പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. നീതിയുടെയും സത്യത്തിന്റെയും ശബ്ദങ്ങളുയരുന്തോറും വേട്ടയാടലുകളും പ്രതികാര നടപടികളും അറസ്റ്റുകളും സംഭവിച്ചുകൊണ്ടേയിരിക്കും. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ഇത്തരം കാര്യങ്ങളെല്ലാം പോരാളികളെ കൂടുതല്‍ കരുത്തരാക്കുകയാണ് ചെയ്യുന്നത്. വളര്‍ന്നുവരുന്ന, ഇനി പിറക്കാനിരിക്കുന്ന പോരാളികള്‍ക്ക് ഇവര്‍ പാഠപുസ്തകങ്ങളാണ്.
+91 95628 18019
Comments