ബോധം വീണ്ടെടുത്തവര്‍
വളരെ സങ്കീര്‍ണതയുള്ള ജീവിയാണ് മനുഷ്യന്‍ എന്നത് പലപ്പോഴും നാം തിരിച്ചറിയാറില്ല. നാം നമ്മെ തന്നെ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍, ആത്മവിചാരണ നടത്താന്‍ സാധിക്കുന്ന ചിലത് നമ്മില്‍ തന്നെ കാണും എന്നതാണ് സത്യം.
സദാ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മനസ്സ്, അതിനനുസരിച്ച് ചലിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അവയവങ്ങള്‍, ആ അവയവങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന നമ്മുടെ കര്‍മങ്ങള്‍...
ഈ പ്രക്രിയയില്‍ അതീവ ശ്രദ്ധയോടെയും യുക്തിയോടെയും പക്വതയോടെയും ചിന്തയെ വഴിനടത്തിയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള പിഴവുകള്‍... ആ പിഴവുകളില്‍ നാം അസ്വസ്ഥരാവുക പതിവാണ്.
ഈ പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി നമ്മുടെ പ്രകൃതത്തെ ആനന്ദിപ്പിക്കാന്‍ നാം കണ്ടെത്തുന്ന രീതികള്‍ പലതാണ്. പലപ്പോഴും യാഥാര്‍ഥ്യങ്ങളെ, സ്വബോധത്തെ മറികടക്കാനുള്ള മാര്‍ഗങ്ങളാണ് മനുഷ്യന്‍ സ്വീകരിക്കാറുള്ളത്. അതില്‍ പ്രധാനമാണ് ബോധത്തെ മായ്ച്ചുകളയുക എന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കള്‍ പലതാണ്. അതിനെ വിളിക്കുക ലഹരി എന്നാണ്; ബോധത്തെ മായ്ച്ചുകളയുന്ന ലഹരി.
ലഹരിവസ്തുക്കള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. രൂപവും ഭാവവും മാറിവരുന്നു എന്നേയുള്ളൂ. ഒന്നിനേയും ഇല്ലായ്മ ചെയ്യാന്‍ നമുക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. എന്തൊക്കെ വേണ്ടെന്ന് വെക്കാന്‍ നമുക്ക് കഴിയുമെന്നുള്ള ചോദ്യമാണ് പ്രധാനം. പലപ്പോഴും നിയമത്തെയും പോലീസ് സംവിധാനങ്ങളെയും കുറ്റം പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുന്ന പ്രവണതയാണ് കാണാറുള്ളത്.
എവിടെയാണ് നമുക്ക് കൈവിട്ടു പോകുന്നത്? നമ്മളായി നഷ്ടപ്പെടുത്തിക്കളയുന്നതോ നമ്മളില്‍ നിന്ന് കൈമോശം വന്നു പോവുന്നതോ?
ഈ ഭൂമിയില്‍ ആരും കുറ്റവാളികളായി ജനിക്കുന്നില്ല. പവിത്രമായ ജന്മം തന്നെയാണ് എല്ലാവര്‍ക്കും. കുടുംബവും സമൂഹവുമാണ് നമ്മെ വളര്‍ത്തിയെടുക്കുന്നത്.
ഈ വളര്‍ച്ചയില്‍ നാം തന്നെ സൃഷ്ടിച്ചെടുക്കുന്ന കുറ്റവാളികളല്ലേ നമുക്കു ചുറ്റുമുള്ളത് എന്ന വീണ്ടുവിചാരത്തിന് തയാറാകേണ്ടതുണ്ട്.
ഒരു വ്യക്തി, അത് സ്ത്രീയോ പുരുഷനോ ആകട്ടെ ഒരു കുറ്റകൃത്യത്തില്‍ വഴുതിവീണാല്‍ ആ വ്യക്തിയെ എന്നും മോശക്കാരനായി കാണാനാണ് സമൂഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക. വീണുപോയ ഇടത്തില്‍ നിന്ന് ഒരു കച്ചിത്തുരുമ്പ് പോലും ഇട്ടുകൊടുക്കാതെ കരയ്ക്ക് നിന്ന് കുറ്റം പറയുന്നവരായി നാം മാറുന്നുണ്ടോ?
ഏതാണ്ട് പതിനെട്ട് തവണ പലവിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ വഴുതിവീണ ഒരു മനുഷ്യനെ ഓര്‍ക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചുകൊണ്ടാണ് അയാള്‍ കയറിവരുന്നത്. അട്ടഹസിച്ചു കൊണ്ടുള്ള അയാളുടെ വരവില്‍ രക്ഷപ്പെടാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അയാളുടെ നനഞ്ഞ കണ്ണുകളില്‍ ജ്വലിച്ചു നില്‍ക്കുന്നുണ്ടായിരുന്നു ആ ആഗ്രഹം. തിളച്ചുപൊന്തുന്ന അഗ്‌നിപര്‍വതത്തിലേക്ക് നനഞ്ഞിറങ്ങിയ ഒരു മഴത്തുള്ളി കണക്കെ...
എന്തായിരുന്നു ആ മഴത്തുള്ളി എന്നല്ലേ? മയക്കുമരുന്നു കച്ചവടം, കൊലപാതകം, ക്വട്ടേഷന്‍ സംഘങ്ങളിലെ പങ്കാളിത്തം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഈ മനുഷ്യന്‍, അവസാനമായി ഒരാളെ കൊലപ്പെടുത്താന്‍ ക്വട്ടേഷനെടുക്കുന്നു. അങ്ങനെ ഒരു വീട്ടിലേക്ക്, ഊരിപ്പിടിച്ച വടിവാളുമായി കയറിച്ചെല്ലുകയാണ്.... ഉദ്ദേശിച്ചയാളെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ആ വീട്ടിലെ ഇയാളുടെ പരാക്രമം കണ്ടു നിന്ന കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നു. ആ കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ അയാളിലുണ്ടാക്കിയ പ്രകമ്പനം ചെറുതായിരുന്നില്ല.
വെട്ടാന്‍ ഓങ്ങിയ വാള്‍ നിലത്തിട്ട്, ഓടി രക്ഷപ്പെടുകയാണ് ആ മനുഷ്യന്‍ ചെയ്തത്...
ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഓട്ടം...
നമ്മുടെ നിയമവും പോലീസും ഒന്നുമല്ല അയാളെ മാനസാന്തരപ്പെടുത്തിയത്.
ഒരു കുഞ്ഞിന്റെ കരച്ചില്‍ ഇത്രയും വലിയ കുറ്റവാളിയില്‍ ഉണ്ടാക്കിയ മാറ്റം എന്തായിരിക്കും?!
എവിടെയോ നഷ്ടപ്പെട്ടുപോയ അയാളിലെ മനുഷ്യത്വം ഉണരാനുള്ള അവസരമൊരുങ്ങുകയായിരുന്നു ഇവിടെ.
ഏതൊരു ജീവിയെയും പോലെ മനുഷ്യനില്‍ അന്തര്‍ലീനമായ ഒരു ഇടമുണ്ട്, നനവുള്ള ഒരിടം... ഇങ്ങനെ നനവുള്ള ഇടങ്ങളെ പരിപോഷിപ്പിക്കാവുന്ന സാഹചര്യങ്ങള്‍ നാം സ്വയം സൃഷ്ടിച്ചെടുക്കണം.
ഒരിക്കല്‍ ഒരമ്മ ഫോണ്‍ ചെയ്ത് തേങ്ങിത്തേങ്ങി കരയുകയാണ്. ഒന്നും വ്യക്തമാവുന്നില്ല...
ഏറെനേരം മിണ്ടാതിരുന്നു ഞാന്‍...
തേങ്ങല്‍ നിലച്ചതോടെ അവരുടെ സ്വരം പുറത്തുവരാന്‍ തുടങ്ങി...'സാറെ... സാറെ, എന്റെ മോന്‍ എനിക്ക് വിലപ്പെട്ടതാണ്... പ്രതീക്ഷയാണ്. അവനെ എനിക്ക് തിരിച്ചു കിട്ടണം.' നെഞ്ചുപൊട്ടിക്കരയുന്ന അവരുടെ ശബ്ദം വല്ലാതെ ആഴത്തില്‍, താങ്ങാവുന്നതിലുമപ്പുറം എന്നെ അസ്വസ്ഥപ്പെടുത്തി.
അടുത്ത ദിവസം തന്നെ അവനെയും കൂട്ടി ആ അമ്മ കയറിവന്നു..
നീണ്ട കോലന്‍ മുടിയുള്ള കുട്ടി.. കണ്ണുകള്‍ മഞ്ഞനിറം കലര്‍ന്ന് തുടങ്ങുന്നതേയുള്ളൂ... അവന്റെ തോളില്‍ കൈ ചേര്‍ത്തുവെച്ച അമ്മയുടെ ചൂടിന്റെ സുരക്ഷിതത്വം ഇപ്പോള്‍ അവന്‍ അനുഭവിക്കുന്നുണ്ടാവണം.
അവനെ അടുത്തു വിളിച്ചിരുത്തി ഞങ്ങളൊരുമിച്ച് ഒരു ചായ കുടിച്ചു. തോളില്‍ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരുമ്മ വെച്ചു. എന്റെ കണ്ണിലേക്കൊന്നു തീക്ഷ്ണമായി നോക്കി. അവന് പറയാനുള്ളത് മുഴുവന്‍ കേട്ടിരുന്നു.
മദ്യപിച്ച് വീട്ടില്‍ കയറിവന്നിരുന്ന അഛന്‍ അമ്മയെ തല്ലുന്ന കാഴ്ച അവന്റെ കുട്ടിക്കാലം മുതല്‍ അവന്‍ കാണുന്നതാണ്. കുട്ടിക്കാലത്തിന്റെ നല്ല ഓര്‍മകള്‍ ഇല്ല...
വീട് അവനൊരു ഭാരമായി. ഒഴിഞ്ഞിരിക്കാനുള്ള സ്ഥലങ്ങള്‍ തേടിപ്പോകുന്ന ഈ മോനെ കഴുകന്മാരായി കാത്തിരിക്കുന്ന ലഹരിമാഫിയകള്‍ റാഞ്ചിയെടുത്തു. താല്‍ക്കാലികമായ ഒരു സുഖം, പിന്നീട് ഈ സുഖത്തിനു വേണ്ടി മാത്രമായി അവന്റെ സഞ്ചാരം... പിന്നെ വില്‍പനക്കാരനായി മാറുകയായിരുന്നു അവന്‍.
അമ്മയോട് വീട്ടിലേക്ക് തിരിച്ചുപോകാന്‍ പറഞ്ഞു.
ഒരു ദിവസം മുഴുവന്‍ ഞങ്ങളൊരുമിച്ചിരുന്നു.
അടുത്ത ദിവസം തന്നെ വായില്‍ കാന്‍സര്‍ ബാധിച്ച് തീരെ കിടപ്പിലായ ഒരാളെ കാണാന്‍ പോകുമ്പോള്‍ അവനെയും കൂട്ടി...
പഴുത്ത് വ്രണമായി നില്‍ക്കുന്ന വായിലൂടെ ഒരിറ്റു വെള്ളമിറക്കിയാല്‍ ചങ്കിലെ ദ്വാരത്തിലൂടെ വെള്ളം പുറത്തുവരുന്നതാണ് അവന്‍ കാണുന്നത്.
എന്റെ മുഖത്തേക്കൊന്നു നോക്കി അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞു...
തിരിച്ചുപോരുമ്പോള്‍ എന്റെ കൈകളില്‍ മുറുകെപ്പിടിച്ച് തേങ്ങുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.
ദീര്‍ഘകാലമായ ലഹരി ഉപയോഗത്തില്‍ നിന്ന് അവനെ മുക്തനാക്കാന്‍ ചികിത്സ അനിവാര്യമായിരുന്നു....
ചികിത്സക്ക് സ്വയം സന്നദ്ധനാവാനുള്ള കരുത്താണ് ഈ നിഷ്‌കളങ്കനായ കുട്ടിക്ക് ഈ അനുഭവത്തില്‍ നിന്ന് തുറന്നുകിട്ടിയത്.
സ്നേഹം, കരുണ, ദയ, അനുകമ്പ-ചില വാക്കുകള്‍ മാത്രമാണിത്... വായനയില്‍, എഴുത്തില്‍, സംസാരങ്ങളില്‍ കേവലം ഉപയോഗിക്കാനുള്ള വാക്കുകള്‍.
പരിശീലനമാണ് ഈ വികാരങ്ങള്‍ക്ക് അനിവാര്യമായി ഉണ്ടായിത്തീരേണ്ടത്. ഇങ്ങനെ പരിശീലിക്കാനുള്ള ഇടങ്ങളാണ് ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാലിയേറ്റീവ് സംവിധാനങ്ങളും മറ്റും.
ഒരു യൂനിവേഴ്സിറ്റിയിലും ആരാധനാലയത്തിലും കേട്ട് പഠിക്കാത്ത അനുഭൂതി നമ്മുടെ ഹൃദയങ്ങളെ തരളിതമാക്കാന്‍ ഈ അനുഭവങ്ങള്‍ നമ്മെ സഹായിക്കാനിടയുണ്ട്.
കുട്ടികളെ അതിനു കൂടി പ്രാപ്തരാക്കാന്‍ നമുക്ക് ശ്രമിക്കാം.
ഒരു വിത്തിന് വളരാന്‍ കഴിയണമെങ്കില്‍ മണ്ണൊരുക്കണം. വെള്ളം വേണം. സൂര്യപ്രകാശം വളരെ അനിവാര്യം. ഇതെല്ലാം നല്‍കിയാലും ഇടക്കിടെ കളപറിക്കലും പരിചരണവും വേണം. അത്ര മാത്രമേ നാം ചെയ്യേണ്ടതുള്ളൂ.
രക്ഷാകര്‍തൃത്വം എന്നത് നമ്മള്‍ പഠിച്ചു പാകപ്പെട്ട് വരുമ്പോഴേക്കും കുട്ടികള്‍ വളര്‍ന്നു പോയിട്ടുണ്ടാകും..
നമ്മുടെ മക്കള്‍ക്കു വേണ്ടി നാം ചിലത് പഠിച്ചുവെക്കേണ്ടതുണ്ട്.
മലപ്പുറം ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു കുട്ടിയുടെ സഹോദരനും എന്റെ സുഹൃത്തുമായ ഒരാള്‍ ഒരിക്കല്‍ വിളിച്ചു: 'നജീബ്ക്കാ, നിങ്ങളെ അത്യാവശ്യമായി ഒന്നു കാണണം.'
'എന്തു പറ്റി?'
'ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്...
എന്റെ അനിയന്‍ വലിയ പ്രയാസത്തിലാണ്...
പലപ്പോഴും വീട്ടില്‍ നിന്ന് പണം കാണാതായിരുന്നു... ഇപ്പോഴാണ് മനസ്സിലായത,് അനിയനാണ് പണം എടുത്ത് കൊണ്ടുപോവുന്നതെന്ന്. അന്വേഷിച്ചപ്പോള്‍ വലിയ സംഘം കുട്ടികള്‍ ഇവനോടൊപ്പം ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. കൊണ്ടോട്ടിയില്‍ കച്ചവടം നടത്തുന്ന ഒരു അമ്പതുകാരനാണ് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത്.'
ഈ കൂട്ടത്തില്‍പെട്ട കുട്ടികളെയും രക്ഷിതാക്കളെയും കൂട്ടി കുറ്റിപ്പുറത്ത് 'ഇല'യില്‍ കയറിവന്നു.
കുട്ടികളോടും രക്ഷിതാക്കളോടും മാറി മാറി സംസാരിച്ചു...
ഒരു കുട്ടിയില്‍ നിന്ന് അവസാനം പിടികിട്ടിയ കാര്യമിതായിരുന്നു.. മകനോട് കൂടെ വന്ന ഒരു രക്ഷിതാവ് സ്വകാര്യമായി താക്കീത് ചെയ്യുകയാണ്: 'എടാ..., ഞാന്‍ കള്ളു കുടിക്കുന്നത് ഇവരോട് പറയരുത്ട്ടാ..'
എന്തു പറയാനാണ്?!
ആ കുട്ടി വീട്ടില്‍ സ്വന്തം പിതാവിനെപ്പോലും ഭയന്നാണ് ജീവിക്കുന്നത്.
ഈ കുട്ടികള്‍ പണം മോഷ്ടിച്ച് മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് അവരോട് സംസാരിച്ചതില്‍ നിന്ന് മനസ്സിലായത്. കുട്ടികള്‍ നമ്മുടെ ചെറിയ കുറവുകള്‍ പോലും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളുടെ മനസ്സില്‍ അവയെല്ലാം അരക്ഷിതത്വവും ഭയവുമുണ്ടാക്കുന്നു. നാം ഇതൊക്കെ തിരിച്ചറിയാതെ പോകുന്നു.
വീട്ടില്‍ അസ്വസ്ഥതകളുണ്ടാക്കുന്ന നമ്മുടെ രീതികള്‍ അതീവ ജാഗ്രതയോടെ തിരിച്ചറിഞ്ഞ് തിരുത്തേണ്ടതാണ്..
ഒരിക്കല്‍ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലെ യാത്രക്കിടയില്‍ പശ്ചിമ ബംഗാളിലെ 'ചക്ല' എന്ന ഗ്രാമത്തില്‍ താമസിക്കുന്നതിനിടെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. വളരെ വിഷണ്ണനായി ഇരിക്കുന്ന സമയമാണ്. ഒരു കഷണം പേരക്കയും ഒരു കോഴിമുട്ടയും മാത്രമാണ് കഴിച്ചിട്ടുള്ളത്. ഫോണിന്റെ അങ്ങേ തലക്കല്‍ മോളാണ്.
'എന്താ മോളേ...?'
'ഒന്നൂല്ല്യ, ഉപ്പാനെ ഓര്‍മ വന്നപ്പോ വിളിച്ചതാണ്.'
'എന്താ ഇപ്പോ അങ്ങനെ ഓര്‍മ വന്ന് വിളിക്കാന്‍, പതിവില്ലാതെ..?'
അവളൊന്നു ചിരിച്ചു.
എനിക്കും സന്തോഷമായി. 'ഓര്‍ത്തല്ലോ എന്റെ മോളെന്നെ..'
അവള്‍ സന്തോഷത്തോടെ പറഞ്ഞുതുടങ്ങി... 'ഉപ്പാ, നമ്മുടെ വീട്ടുമുറ്റത്ത് ധാരാളം പക്ഷികള്‍ വന്ന് കുളിക്കുകയും പൂച്ചകള്‍ വന്ന് വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട് .അത് കണ്ടപ്പോള്‍ ഉപ്പാനെ വിളിക്കാന്‍ തോന്നി...'
'നാഥാ.....!' എന്ന് നീട്ടിവിളിച്ചു. മനസ്സ് തണുത്തു ഉന്മേഷവാനായി. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ വീട്ടുമുറ്റത്ത് വെച്ചിരുന്ന മണ്‍പാത്രത്തില്‍, വേനല്‍ക്കാലമായതു കൊണ്ട് ദിവസേന വെള്ളം ഒഴിച്ചുവെക്കണം എന്നൊരു ഓര്‍മപ്പെടുത്തല്‍ എന്നില്‍ നിന്നുണ്ടായിരുന്നു എന്നത് അപ്പോഴാണ് ഓര്‍ത്തത്. സഹജീവികളോടുള്ള നമ്മുടെ സമീപനം പോലും നമ്മുടെ മക്കളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടല്ലോ എന്ന തിരിച്ചറിവിലേക്കുള്ള ഒരു യാത്രതന്നെയായിരുന്നു അത്....
നമ്മള്‍ മക്കള്‍ക്ക് വാങ്ങിക്കൊടുക്കുന്ന വസ്ത്രമോ ഭക്ഷണമോ സമ്മാനങ്ങളോ ഒരിക്കലും അവരെ സ്വാധീനിക്കുന്നില്ല എന്നതാണ് സത്യം..
'നമ്മുടെ മക്കള്‍ നമ്മില്‍ നിന്നാണെങ്കിലും അവരെ നമുക്ക് സ്നേഹിക്കാം. നമ്മുടെ സ്വപ്നങ്ങള്‍ അവരുടെ സ്വപ്നങ്ങളാകരുത്. അവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ ഉണ്ടായിരിക്കും' എന്ന ജിബ്രാന്റെ വാക്കുകള്‍ പ്രസക്തമാണ്. നമ്മുടെ പ്രവൃത്തികള്‍ എത്രമാത്രം അവരെ നല്ല വഴിനടത്തുന്നതിന് സഹായിക്കുന്നുണ്ടെന്നോ..
ഏത് ദാരിദ്ര്യത്തിലും പ്രതിസന്ധിയിലും നല്ല വാക്കുകള്‍ കേള്‍ക്കാനും പറയാനും ക്ഷമയോടെ ചിന്തിക്കാനും നമ്മള്‍ മാതൃകയാവേണ്ടതുണ്ട്. ഇനിയും തിരുത്താനുള്ള സമയമുണ്ട്. വേണ്ടിവന്നാല്‍ മക്കളോട് ക്ഷമ ചോദിച്ചായാല്‍ പോലും..
മക്കളുടെ ചില വീഴ്ചകളെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി മാത്രമേ തിരുത്താവൂ. കുറ്റപ്പെടുത്തലും ശിക്ഷകളും അവരെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയേയുള്ളൂ. അത് അവരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും എന്നതിന് ധാരാളം അനുഭവങ്ങള്‍ പറയാനുണ്ട്.
ഒരിക്കല്‍ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് മഹേഷ് കാണാന്‍ വന്നത്. ഗുണകാംക്ഷികളായ സുഹൃത്തുക്കള്‍.. പാറിപ്പറക്കുന്നുണ്ടായിരുന്നു മഹേഷിന്റെ തലമുടി... കണ്ണിന്റെ തടം കറുത്തിരുണ്ടിട്ടുണ്ട്. നെറ്റിയില്‍ മുറിവുകൂടാന്‍ തുന്നിട്ട ഒരു വലിയ പാടുണ്ട്. ദയനീയമായ മുഖം. ഞങ്ങളൊരുമിച്ച് ഒരു മേശക്ക് ചുറ്റുമിരുന്നു. മഹേഷിനെ എന്റെ അടുത്ത് വിളിച്ചിരുത്തി. അവന്റെ നെറ്റിയിലെ പാട് നോക്കി..
'എന്തു പറ്റി..?' എന്ന് ചോദിച്ചതും അവന്റെ കണ്ണ് കലങ്ങി...
'എന്തു പറയാനാ സാറേ, ഏട്ടന്മാര്‍ അടിച്ചു മുറിവാക്കിയതാണ്. ഞാന്‍ ഒന്നിനും പറ്റാത്തവനാണ് എന്നാണവരുടെ വിചാരം.
മസ്‌കത്തില്‍ നിന്ന് ധാരാളം പണം അയച്ചു കൊണ്ടിരുന്ന സമയത്ത് ഞാന്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരികെ വരേണ്ട സാഹചര്യമുണ്ടായി, സമ്പാദ്യത്തില്‍ ഇടിവു വരികയും കൂടി ചെയ്തതോടെ തളര്‍ന്നു. പിന്നെ വന്ന കൂട്ടുകെട്ടെല്ലാം എന്നെ കൂടുതല്‍ കൂടുതല്‍ മദ്യത്തിലേക്ക് കൊണ്ടുപോയി. ഭാര്യയും മക്കളും അകന്നു പോയി...
എന്നില്‍ നിന്ന് കിട്ടേണ്ടതൊക്കെ കിട്ടാതെ വന്നതോടെ എല്ലാവര്‍ക്കും വേണ്ടാതായി. പ്രതിസന്ധിയില്‍ എന്നെ ചേര്‍ത്തു നിര്‍ത്താന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ ഗതി വരില്ലായിരുന്നു...'
തേങ്ങിത്തേങ്ങിക്കരയുന്ന മഹേഷിന്റെ കരങ്ങള്‍ മുറുകെ പിടിച്ച് ഒന്ന് തലോടിയതും എന്റെ മാറിലേക്ക് തലചായ്ച്ച് അവനങ്ങനെ ഇരുന്നു. ഇത്രയും മതി. ഇത്രമാത്രം... ചേര്‍ത്ത്പിടിക്കുക, അവരെ കുറ്റവാളികളാക്കിത്തീര്‍ക്കാതിരിക്കുക.
നമ്മളിലേക്കും ഒന്ന് നോക്കുക... നമ്മളും കുറ്റമറ്റവരല്ല. കുറ്റമറ്റവന്‍ സ്രഷ്ടാവ് മാത്രം.. അവന്‍ മാത്രം.
മഹേഷ് അവന്റെ അനുഭവങ്ങള്‍ തുടര്‍ന്നു. അന്നൊരു നാള്‍ രാവിലെ മഹേഷിനെ കണികണ്ടാണ് അഛന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്... അന്ന് രാത്രി മഹേഷിന് കാളരാത്രിയായിരുന്നു...
കാരണം അഛന്‍ അന്നത്തെ തന്റെ ദിവസം ഏറ്റവും മോശം അനുഭവമായതിന് കാരണമായി വിശ്വസിച്ചത് രാവിലെ കണി കണ്ടത് മഹേഷിനെയായിപ്പോയി എന്നതായിരുന്നു.
അഛന്റെ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ ആഴം, തുടര്‍ന്നുള്ള അഛന്റെയും മകന്റെയും ജീവിതത്തില്‍ സൃഷ്ടിച്ച വെറുപ്പ് നിഴല്‍പോലെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഈ മാനസികാവസ്ഥയാണ് മഹേഷിനെ സദാ അലട്ടിക്കൊണ്ടിരുന്നതും. അതുകൊണ്ടുതന്നെ സാമ്പത്തികമായി പ്രതിസന്ധിയിലായ സമയത്ത് മഹേഷിന് കൂട്ടായി വന്നത് അവനെ ഇങ്ങനെ രൂപപ്പെടുത്തിയ കാലത്തെ മാനസികാവസ്ഥയാണ്. മഹേഷ് ഇപ്പോള്‍ ചികിത്സയിലാണ്...
നമ്മുടെ ഇഷ്ടങ്ങള്‍പോലെ മക്കള്‍ വളരണം, എത്തണം എന്ന ആഗ്രഹത്തില്‍ നിന്ന് മാറിനില്‍ക്കാവുന്നതോടൊപ്പം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാവുന്ന ഒന്നും നമ്മില്‍ നിന്ന് വരാതെ നോക്കുകയും വേണം.
ലഹരിയുടെ ആഴത്തിലേക്ക് മുങ്ങിത്താഴ്ന്ന അനേകം മനുഷ്യരോടൊപ്പം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്... ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. അവരെ കുറ്റപ്പെടുത്തരുത്.. രക്ഷപ്പെടാനുള്ള വഴി ഒരുക്കുക.. വീണുപോയവരെ കൈപിടിച്ചുയര്‍ത്താന്‍ അവരുടെ വേണ്ടപ്പെട്ട ഒരാളായി നാം മാറുക...
വളരെ മുമ്പാണ്.. കോഴിക്കോട് ബംഗ്ലാദേശ് കോളനി മയക്കുമരുന്നിന്റെ കേന്ദ്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. നിരവധി യുവാക്കളാണ് ആ കെണിയില്‍ പെട്ട് ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയത്.
ഈ സാഹചര്യത്തിലാണ് ഒരിക്കല്‍ ഈ കോളനിയിലേക്ക് പോകാന്‍ ശ്രമിച്ചത്. കടല്‍ത്തീരത്തിനടുത്ത് കുറ്റിക്കാടിനകത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍ കൂടിയിരിക്കുന്നുണ്ട്. പാതി മയക്കത്തിലുള്ള അവരുടെ അടുത്ത് ചെല്ലുന്നത് പന്തിയല്ല എന്ന് പലരും പറഞ്ഞെങ്കിലും ഒരു ശ്രമം നടത്തി.
ഉപയോഗിച്ചു കളഞ്ഞ സിറിഞ്ചുകള്‍ പരന്നു കിടക്കുന്നു.
'നിങ്ങള്‍ക്കെന്താണ് വേണ്ടത്..?'
കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഒരാളില്‍ നിന്നുള്ള ഭീഷണിപ്പെടുത്തുന്ന ചോദ്യം...
'വെറുതെ, നിങ്ങളെ ഒന്ന് പരിചയപ്പെടാന്‍ മാത്രം.. ഒരിക്കലും ഉപദ്രവിക്കാനല്ല..' എന്ന് തറപ്പിച്ചു പറഞ്ഞപ്പോള്‍ മറ്റൊരാള്‍ വാവിട്ടുകരയാന്‍ തുടങ്ങി.
'വയ്യ.. എനിക്കു വയ്യ.. ഞാനെങ്ങനെ എന്റെ ഉമ്മയുടെ അടുത്തേക്ക് തിരിച്ചു ചെല്ലും എന്നറിയില്ല. ഉമ്മ എന്നെ കാത്തിരിക്കുന്നുണ്ടാവും.'
വിശദമായി സംസാരിച്ചപ്പോഴാണ് ഒരു ഉമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴമറിഞ്ഞത്. മയക്കുമരുന്നിന് അടിമയായ മകന് രാവിലെ ബ്രൗണ്‍ഷുഗര്‍ കുത്തിവെക്കാനായില്ലെങ്കില്‍ വലിയ അസ്വസ്ഥതയാണ്. വിറയലുണ്ടാകും, അക്രമാസക്തനാകും.. എല്ലാം കൂടി ചേര്‍ന്ന് പ്രതിസന്ധിയിലാകുന്ന മകനെക്കണ്ട് സഹിക്ക വയ്യാതായപ്പോഴാണ് ഉമ്മ മകന് നൂറ് രൂപ എടുത്തു കൊടുത്തത്... 'മോന്‍ പോയി മോന്റെ പ്രയാസങ്ങള്‍ മാറ്റി വായോ' എന്ന് പറഞ്ഞ്.
'സാര്‍, ഉമ്മ തന്ന നൂറ് രൂപക്കും ഞാന്‍ മരുന്നടിച്ചു, എന്നിട്ടും എന്റെ അസ്വസ്ഥതകള്‍ മാറിയിട്ടില്ല. ഈ അവസ്ഥയില്‍ ഞാന്‍ എങ്ങനെയാണ് വീട്ടിലേക്ക് തിരിച്ചുപോവുക...?'
ഏതൊരു മാതാവിനും മക്കളുടെ അസ്വസ്ഥതകള്‍ കാണാനുള്ള ശക്തിയുണ്ടാവില്ല.. മക്കള്‍ക്കും ചില തിരിച്ചറിവുകള്‍ സാധിക്കേണ്ടതുണ്ട്.. സ്നേഹമനുഭവിക്കാനുള്ള നല്ല വഴികള്‍ തെരഞ്ഞെടുക്കുക. പരിധികള്‍ നിശ്ചയിച്ചു കൊണ്ട് തന്നെ കുട്ടികളുടെ കൂട്ടുകാര്‍ക്കും നമ്മുടെ വീടുകളില്‍ ഇടമുണ്ടാകണം, സ്വാതന്ത്ര്യമുണ്ടാവണം. അവരുടെ രക്ഷിതാക്കളോടും നമുക്ക് നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയണം. വീട്ടിലേക്ക് തിരിച്ചെത്താനുള്ള കൊതി മക്കളിലുണ്ടാകണം. കൊതിപ്പിക്കുന്ന അന്തരീക്ഷം വീട്ടിലൊരുക്കാന്‍ നമുക്ക് കഴിയണം.
മക്കള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴൊക്കെയും നെറ്റിയിലൊരുമ്മ മനസ്സറിഞ്ഞ് നല്‍കാനാവണം. തിരിച്ചും അത് സംഭവിക്കണം..
ഏതൊരു വീടാണെങ്കിലും അല്‍പസ്വല്‍പമൊക്കെ അഭിപ്രായ വ്യത്യാസങ്ങളും മറ്റും ഉണ്ടാവാതിരിക്കില്ല. അതെല്ലാം ഉടനെ തീര്‍ക്കാനാവുന്ന രീതികള്‍ സ്വീകരിക്കണം.
ഭാര്യയുമായി വഴക്കുണ്ടാക്കിയെങ്കില്‍ പുറത്തു പോകുന്നതിന് മുമ്പ് മക്കളുടെ അരികില്‍വെച്ചുതന്നെ ഇണയെ ഒന്ന് ചേര്‍ത്തുപിടിക്കണം. കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ മതിയാകും വലിയ വലിയ സന്തോഷങ്ങള്‍ ഉണ്ടായിത്തീരാന്‍.
കുട്ടികളിലെ സദാചാരബോധം വര്‍ധിപ്പിക്കുവാന്‍, ലഹരികളില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുവാന്‍, സന്തോഷത്തിന്റെ ഹോര്‍മോണുകള്‍ അവരില്‍ ഉല്‍പാദിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കുക മാത്രമാണ് പ്രധാനമായും നമുക്ക് ചെയ്യാനുള്ളത്.
പ്രശസ്തമായ ഒരു കോളേജിലെ പ്രിന്‍സിപ്പലിന്റെ ഫോണ്‍ വന്നു...
'കോളേജ് പൂട്ടേണ്ട അവസ്ഥയിലാണ്. കുട്ടികള്‍ തമ്മില്‍ വലിയ അടിപിടി നടക്കുന്നുണ്ട്. ധാരാളം പേര്‍ക്ക് പരിക്കുണ്ട്...'
അടുത്ത ദിവസം തന്നെ ഒഴിവുപോലെ കോളേജ് സന്ദര്‍ശിച്ച് കുറേസമയം അവിടെ ചെലവഴിച്ചു... സി.സി.ടി.വി ദൃശ്യങ്ങള്‍ മുതല്‍ പരിശോധിച്ചു. അധ്യാപകരെ കണ്ട് ചില വിവരങ്ങള്‍ ശേഖരിച്ചു. കോളേജില്‍ നിന്ന് ഒമ്പത് കുട്ടികളെ പ്രത്യേകം വിളിപ്പിച്ച് ഒാരോരുത്തരോടായി സംസാരിച്ചു...
വിചിത്രമായ കാര്യങ്ങളാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. ഇവരൊക്കെയും വ്യത്യസ്തമായ രീതിയില്‍ കുറഞ്ഞ അളവില്‍ മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവര്‍ കൂടിയാണ്. എന്നാല്‍, അവയുടെ അടിമകളായി എന്ന് പറയാന്‍ പറ്റുകയില്ല താനും. പലപ്പോഴായി ദിവസങ്ങളോളം അവരോടൊപ്പം ചെലവഴിച്ചു... മനസ്സ് തുറന്ന് സംസാരിച്ചു.
പലരുടെയും വീട്ടില്‍ ബാപ്പയും ഉമ്മയും കലഹത്തിലാണ്. എന്നാല്‍, ഇവര്‍ വലിയ നിസ്‌കാരക്കാരും ആരാധനാ കാര്യങ്ങളില്‍ നമ്മളെ നിര്‍ബന്ധിക്കുന്ന കര്‍ക്കശക്കാരുമാണ്.
'എന്താണ് നജീബ്ക്കാ, ഇതു കൊണ്ടൊക്കെ കാര്യം...? മതമായാലും രാഷ്ട്രീയമായാലും കുടുംബമായാലും വാക്കും പ്രവൃത്തിയും തമ്മില്‍ അല്‍പ്പമെങ്കിലും ബന്ധം ഉണ്ടാവണ്ടേ...? ഞങ്ങള്‍ക്കു വേണ്ടത് ജീവിതത്തെ അനുഭവിപ്പിക്കുന്ന മാതൃകയുള്ളവരെയല്ലേ...?'
വലിയ ചോദ്യചിഹ്നമിട്ട അവന്റെ മുന്നില്‍ തലതാഴ്ത്തിയിരുന്നു....
'അമ്മക്ക് ഒരാളുമായി സൗഹൃദമുണ്ട്, ഇതൊക്കെ അറിയാത്തതു പോലെ ഞാനും നില്‍ക്കും.. അഛന്‍ വിദേശത്താണ്. പലപ്പോഴും എന്നെ അടക്കിനിര്‍ത്താന്‍ ഞാന്‍ ചോദിക്കുന്നതെന്തും അമ്മ സാധിപ്പിച്ചു തരും. എനിക്ക് അത്ര തൃപ്തിയൊന്നും ഉണ്ടായിട്ടല്ല.. എങ്കിലും അല്‍പ്പം താല്‍ക്കാലികമായ സന്തോഷത്തിന് അവസരം കിട്ടുന്നതല്ലേയെന്ന് കരുതി തോന്നിയതു പോലെ നടക്കാന്‍ തുടങ്ങി ഞാന്‍...' അവനും നിസ്സഹായനായി നില്‍ക്കുന്നതാണ് കണ്ടത്..
'വീട്ടില്‍ മദ്യപിച്ചുവരുന്ന ബാപ്പയുടെ പരാക്രമങ്ങള്‍ക്കിടയില്‍... വയ്യ...' ഒരാള്‍ അത്രയേ പറഞ്ഞുള്ളൂ....
'സാറേ..., അഛന് ബോംബെയില്‍ കച്ചവടമാണ്. ഒരിക്കല്‍ അമ്മയെയും അങ്ങോട്ട് കൊണ്ടുപോയി. ഞാന്‍ തനിച്ചായി.. പിന്നീട് അമ്മാവന്റെ കൂടെയാണ് താമസിക്കേണ്ടി വന്നത്. എന്തിനാണ് എന്നെ തനിച്ചാക്കി അവരങ്ങോട്ട് പോയത്..? പണമുണ്ടാക്കാനോ...? എന്തിന്? എനിക്കെന്താണ് വേണ്ടതെന്ന് അവര്‍ക്ക് മനസ്സിലാകാത്തതു കൊണ്ടാണോ..? വല്ലാത്ത സമ്മര്‍ദത്തിലാകുമ്പോഴൊക്കെ ഞാന്‍ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് എടുത്ത് നിലത്തെറിയും. ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമല്ലേ സര്‍...' ഇങ്ങനെ പോകുന്നു ഈ കുട്ടികള്‍ക്ക് പറയാനുള്ളതെല്ലാം.
പിന്നീട് പ്രയാസമനുഭവിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കാനും, രോഗികളെ ശുശ്രൂഷിക്കാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുമൊക്കെ അവര്‍ തയാറായി.. അവരില്‍ ഓരോരുത്തരിലുമുള്ള കഴിവുകള്‍ കണ്ടെത്തി, അതില്‍ വ്യാപൃതരായി, അവര്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കുന്നതാണ് പിന്നീട് കണ്ടത്.
എവിടെ, ആരില്‍ നിന്ന് എന്തൊക്കെ തിക്താനുഭവങ്ങളുണ്ടായാലും വെറുതെ കിട്ടിയ ജന്മമാണ് ഈ ഭൂമിയില്‍ എന്ന ബോധത്തില്‍ അവനവനോട് നീതി പുലര്‍ത്തി, സ്വന്തത്തോട് കരുതലുള്ളവനായി ജീവിക്കാനുള്ള നിതാന്ത ശ്രദ്ധ കൈമുതലാക്കി മുന്നോട്ട് നീങ്ങാന്‍ നമുക്ക് സാധിക്കണം. കഠിനമായ പരിശ്രമം തന്നെയാണിത്..
ഓരോ കുട്ടിയുടെ മുഖവും അധ്യാപകര്‍ ദിനേനയെന്നോണം കാണുന്നുണ്ടല്ലോ. ഒരു ക്ലാസ് ടീച്ചര്‍ക്ക് അവരുടെ ക്ലാസിലെ കുട്ടികളുടെ മുഖം കണ്ടാല്‍ അറിയണം, അവര്‍ക്കെന്താണ് പറ്റിയത് എന്ന്. പരീക്ഷക്ക് മാര്‍ക്ക് വാങ്ങാന്‍ മാത്രമല്ല; ജീവിതത്തോട് കൊതിയുള്ളവരായിത്തീരാനും കൂടിയുള്ള അവബോധമാണ് കുട്ടികളെ അധ്യാപനം അനുഭവിപ്പിക്കേണ്ടത്. ഓരോ കുട്ടിയും ഓരോ പ്രപഞ്ചമാണെന്ന തോന്നലുണ്ടാവണം.
ഈ തോന്നലിന് മനസ്സ് പാകപ്പെടാതെ ഒരു അധ്യാപകനും കുട്ടികളെ പഠിപ്പിക്കാന്‍ അവരുടെ മുന്നില്‍ നില്‍ക്കാതിരിക്കുന്നതാണ് നല്ലത്..
മക്കളുടെ നല്ല ഭാവിയും സംസ്‌കാരസമ്പന്നതയും ആഗ്രഹിച്ചാണ് രക്ഷിതാക്കള്‍ അവരെ വിദ്യാലയങ്ങളിലേക്കയക്കുന്നത്. എന്നാല്‍, എല്ലാ ദുഷിച്ച ശീലങ്ങളുടെയും ജീര്‍ണിത സംസ്‌കാരത്തിന്റെയും വക്താക്കളായാണ് നല്ലൊരു പങ്കും തിരിച്ചെത്തുന്നത്.
എത്ര നല്ല മക്കളായി വളര്‍ത്തിയാലും നല്ല സംസ്‌കാരങ്ങള്‍ അനുഭവിപ്പിച്ചാലും ചില കൂട്ടുകെട്ടുകള്‍ നമ്മുടെ മക്കളെ പ്രതിസന്ധിയിലാക്കുമെന്നതും സത്യമാണ്..
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവ്യാപാരത്തിലെ വില്‍പനക്കാരും, ഹോള്‍സെയില്‍ വിതരണക്കാര്‍ പോലും വിദ്യാര്‍ഥികളാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
മാതാപിതാക്കളുടെ അശ്രദ്ധയും അവരുടെ മക്കളെക്കുറിച്ചുള്ള അതിരുകവിഞ്ഞ ആത്മവിശ്വാസവും കൂടിയാണ് മക്കള്‍ വഴിതെറ്റുന്നതിന്റെ പ്രധാന കാരണം.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മക്കള്‍ക്കായി സമയം കണ്ടെത്താന്‍ കഴിയാത്ത മാതാപിതാക്കള്‍ അതിന്റെ പ്രായശ്ചിത്തം തീര്‍ക്കുന്നത് അവര്‍ക്ക് നല്‍കുന്ന പോക്കറ്റ് മണിയുടെ വലുപ്പത്തിലാണ്. അതവര്‍ എങ്ങനെ വിനിയോഗിക്കുന്നു എന്ന് മാതാപിതാക്കള്‍ അന്വേഷിക്കുന്നില്ല. അഥവാ, തന്റെ മക്കളില്‍ എന്തെങ്കിലും ദുശ്ശീലങ്ങള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചാല്‍ പല മാതാപിതാക്കളും അത് ഉള്‍ക്കൊള്ളാന്‍ തയാറാകുന്നുമില്ല.
എന്റെ മക്കള്‍ അതൊന്നും ചെയ്യില്ല എന്ന ആത്മവിശ്വാസത്തില്‍ വഞ്ചിതരാകുന്ന മാതാപിതാക്കളെയും നമുക്ക് ചുറ്റിലും കാണാം.
മൊബൈല്‍ ഫോണും ടി.വിയും അതിലൂടെ അവര്‍ കൈമാറുന്ന മോശപ്പെട്ട ആശയങ്ങളും, ഒരു പരിധിവരെ വഴിതെറ്റുന്നതിനും കാരണമാകുന്നുണ്ട്. യുവതലമുറയുടെ ലഹരി ഉപയോഗം കൊണ്ട് ഇല്ലാതാകുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്.
നിയമംകൊണ്ട് മാത്രം പ്രതിരോധിക്കാനാകുന്ന വിപത്തല്ല ലഹരി. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഇതിനെ തടയാന്‍ കഴിയൂ. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ്.
നമുക്ക് ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് പരാമര്‍ശിച്ചത്..
മാറ്റം നമ്മില്‍ നിന്നും, നമ്മുടെ വീട്ടില്‍ നിന്നും തന്നെ തുടങ്ങാം.
ജീവിതത്തിന്റെ ലഹരി പരസ്പര സ്‌നേഹവും കരുണയും, കരുതലും ആക്കാന്‍ നമുക്ക് കഴിയണം.
94470 46003
Comments