ഗുരുദര്‍ശനത്തിന്റെ അടിവേരുകള്‍
ദര്‍ശനം /
സര്‍വജ്ഞനായ സര്‍വേശ്വരനില്‍നിന്ന് മനുഷ്യനിലേക്കുള്ള സാന്മാര്‍ഗിക ദര്‍ശനമായ ഇസ്‌ലാമില്‍ ആദിമനുഷ്യനാണ് ആദ്യ പ്രവാചകനും ആദ്യ പ്രബോധകനും. സകല കാലങ്ങളിലും മുഴുദേശങ്ങളിലും ഈശ്വരീയ ദര്‍ശനങ്ങളുടെ വിപരീത ദിശയില്‍ നില്‍ക്കുന്ന മനുഷ്യ നിര്‍മിത വൈരുധ്യദര്‍ശനങ്ങളില്‍ ആദിമനുഷ്യന്‍ കുരങ്ങനും കാടനും വേടനും പിന്നെ നാടനും നാഗരിക ജീവിയുമാണ്. മനുഷ്യനിര്‍മിത വൈരുധ്യ ദര്‍ശനങ്ങള്‍ മനുഷ്യാരംഭത്തെക്കുറിച്ച ഈ പൊതുബോധമാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ ഈശ്വരീയ ദര്‍ശനങ്ങളുടെയും പ്രബോധകര്‍ കേരളീയ സമൂഹത്തിലുള്ള ഈ പൊതുബോധം പരിഗണിച്ചു വേണം പ്രബോധന ദൗത്യം നിര്‍വഹിക്കാന്‍.
ബുദ്ധിപരമായ സത്യസന്ധത പാലിച്ച് ആധുനികവും പൗരാണികവുമായ കേരള ചരിത്രം വിശകലനം ചെയ്താല്‍ നാസ്തിക ജാഥകളും ഇങ്ക്വിലാബുകളുമല്ല ആധുനിക കേരളം സൃഷ്ടിച്ചതെന്ന് വ്യക്തമാവും. ഈശ്വരീയ ദാര്‍ശനികര്‍ നടത്തിയ പ്രബോധന യാത്രകളും സോദരത്വേനയുള്ള സംരംഭങ്ങളുമാണ് നവകേരളം സൃഷ്ടിച്ചത്. ഇതില്‍ മുഖ്യ പങ്കു വഹിച്ച ഗുരുധര്‍മത്തിന്റെ വേരുകള്‍ ആഴ്ന്നു കിടക്കുന്നത് ദ്രവീഡിയന്‍ ചെന്തമിഴ് പഴമയിലൂന്നിയ ഈശ്വരീയ ദര്‍ശനങ്ങളിലാണ്.
മനുഷ്യര്‍ പരസ്പരം ആശയങ്ങള്‍ പ്രകാശിപ്പിക്കുമ്പോള്‍ യോജിപ്പും വിയോജിപ്പും ഉണ്ടാവും. അതുകൊണ്ടാണ് അവര്‍ മാലാഖമാരും ചെകുത്താന്മാരുമല്ലാത്ത മനുഷ്യരാകുന്നത്. 'മനനം' എന്നതില്‍ നിന്നാണ് മനുഷ്യന്‍ എന്ന പദം നിഷ്പന്നമായത്. വൈരുധ്യവും വിയോജിപ്പും ഉന്മൂലനവുമാണ് മനുഷ്യനിര്‍മിത വ്യവസ്ഥകളുടെ ചിരസ്ഥായിയായ സ്വഭാവം. അതിദേശീയതകളുടെ ജര്‍മന്‍, ഇറ്റാലിയന്‍ മാതൃകകളിലും അതിവിപ്ലവത്തിന്റെ കിഴക്കന്‍ യൂറോപ്പിലും ലോകമത് കണ്ടതാണ്. വൈവിധ്യവും യോജിപ്പും സാഹോദര്യവും സുസ്ഥിര സ്വഭാവമായാണ് ഈശ്വരീയ ദര്‍ശനങ്ങളില്‍ നാം കാണുന്നത്.
മഹിതാശയങ്ങളുടെ മഹാ സംഗമഭൂമിയായിരുന്നു ദ്രാവിഡ ദേശം. മറാത്തയുടെ തെക്ക് ധര്‍മഗിരി മുതല്‍ കന്യാകുമാരി മുനമ്പ് വരെ നീണ്ടു പരന്നു കിടക്കുന്ന ദ്രാവിഡ രാജ്യം തമിഴ് കേന്ദ്രിതമായിരുന്നു. കൊടുന്തമിഴിലും പിന്നീട് വട്ടെഴുത്തിലൂടെയുമാണ് സംഘ കാല കൃതികള്‍ രൂപപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ പൂത്ത് പരിമളം പരത്തിയ ഈ സംഘകാല സംസ്‌കൃതിയിലാണ് ഗുരുധര്‍മത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത്. ചേരളമായിരുന്ന കേരളത്തിന്റെ സാംസ്‌കാരിക ദര്‍ശനത്തണലാണ് ചരിത്രത്തില്‍ ഗുരുധര്‍മമായി പന്തലിച്ചു നില്‍ക്കുന്നത്.
പൗരാണികവും ആധുനികവുമായ ഈ ചരിത്രം മനസ്സിലാക്കി വേണം ഇസ്‌ലാമിക പ്രബോധകന്‍ 'ഗുരുധര്‍മ'ത്തെ സമീപിക്കേണ്ടത്. കാലഗണന പ്രകാരം ശങ്കരാചാര്യരുടെ കാലമടക്കം, കേരളത്തില്‍ തുടങ്ങിയ സാമൂഹികവും ആത്മീയവുമായ എല്ലാ നവീകരണ ശ്രമങ്ങളും മുഹമ്മദീയ പ്രവാചകത്വത്തിനു ശേഷമാണ്. പണ്ടേക്കു പണ്ടേ ചേരരാജ്യത്ത് 18 കടല്‍ തുറൈകള്‍ ഉണ്ടായിരുന്നു. ഇതിലൂടെ വിദൂര ദേശങ്ങളിലെ സംസ്‌കാരങ്ങള്‍ കച്ചവട യാനങ്ങളിലായി ഇവിടെ വന്നണഞ്ഞു. കേരളത്തില്‍ അറബികളുടെ ആവാസ ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഈ പൈതൃക സാംസ്‌കാരിക ഭൂമിയിലാണ് 'ഗുരുധര്‍മ'വും 'ഇസ്‌ലാ'മും കണ്ടുമുട്ടുന്നത്.
മതനിഷേധമില്ലാതെ മതേതര കേരളത്തെ സൃഷ്ടിച്ച ഉത്തമ മാധ്യമമാണ് സ്വദേശാഭിമാനി പത്രം. സ്വദേശാഭിമാനിയുടെ ജീവാത്മാവും പരമാത്മാവും വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ആയിരുന്നു. വക്കവും തോന്നക്കലും ശിവഗിരിയും അടുത്തടുത്ത നാടുകളാണ്. ഈ പ്രദേശങ്ങളാണ് ഗുരുവിന്റെയും മൗലവിയുടെയും ആദ്യകാല പ്രവര്‍ത്തന ഭൂമിക. അവര്‍ തമ്മിലുള്ള സൗഹൃദം രണ്ട് ദര്‍ശനങ്ങളുടെ സാംസ്‌കാരിക പാലമായിരുന്നു. പ്രഫ. എം.കെ സാനു എഴുതുന്നു: ''ഇസ്‌ലാമിന്റെ ആത്മീയവും ദാര്‍ശനികവുമായ അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ട് ഇതര മതാനുയായികളുമായി ആലോചനാമൃതമായ സംവാദങ്ങളില്‍ മുഴുകാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. ക്രിസ്തീയ പുരോഹിതന്മാര്‍, ഹിന്ദു സന്യാസിമാര്‍ തുടങ്ങിയവരുമായി ചര്‍ച്ചകളിലേര്‍പ്പെട്ട് സ്വന്തം ആത്മീയ വീക്ഷണം വിശാലമാക്കിത്തീര്‍ക്കാന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭവനത്തിലെ സന്ദര്‍ശകരില്‍ ശ്രീനാരായണഗുരുവും ഉള്‍പ്പെട്ടിരുന്നു എന്ന് ഓര്‍ക്കണം. ഗുരുവും മൗലവിയും നടന്ന ഈ ദാര്‍ശനിക സാംസ്‌കാരിക പാലത്തിലൂടെ പിന്നീട് വന്ന തലമുറകളില്‍ ആരെല്ലാം നടന്നു എന്നത് കൂടുതല്‍ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.''
ഗുരുധര്‍മ പ്രബോധകനായിരുന്ന ബ്രഹ്മശ്രീ ശാശ്വതികാനന്ദ സ്വാമികള്‍ക്ക് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ദീര്‍ഘമായ കൂടിക്കാഴ്ചക്ക് ശേഷം ഖുര്‍ആന്‍ സമ്മാനമായി നല്‍കി. ജീവിച്ചിരിക്കുന്ന അവ്യയാനന്ദ സ്വാമിയുടെ സാന്നിധ്യത്തില്‍ സയ്യിദ് മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാള പരിഭാഷയാണ് സമ്മാനിച്ചത്. ഇത് ഈശ്വരീയ ദര്‍ശനങ്ങളുടെ ആയവ്യയത്തിന്റെ സമീപകാല ചിത്രമാണ്. ശാശ്വതികാനന്ദ സ്വാമികളെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്‍ സുഗുണാനന്ദ സ്വാമി ഈ കുറിപ്പുകാരനോട് ഓര്‍മിച്ചു പറഞ്ഞ സംഭവമുണ്ട്. ഫാഷിസത്തെ പ്രമോട്ട് ചെയ്യുന്ന ഒരു വാരികയുടെ പ്രചാരകന്‍ വരിചേര്‍ക്കാനായി ശിവഗിരിയിലെത്തി. ആ സന്ദര്‍ഭത്തില്‍ ശാശ്വതികാനന്ദ പറഞ്ഞു: 'ഇവരാണ് നമ്മുടെ യാത്രയിലെ വലിയ തടസ്സമാകാന്‍ പോകുന്നത്.' വ്യക്തികളെയും ശ്രീനാരായണീയ സ്ഥാപനങ്ങളെയും അധികാരവും സമ്പത്തുമുപയോഗിച്ച് ഫാഷിസത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഫാഷിസത്തിന്റെ വിചാരധാര കൊണ്ട് ഗുരുധര്‍മത്തെ കൊത്തിയെടുക്കാന്‍ കഴിയില്ല. ഗുരുധര്‍മത്തിന്റെ ദാര്‍ശനിക കരുത്ത് ഫാഷിസ്റ്റ് വിചാരധാരയുടെ കൊക്കൊടിക്കും.
പ്രബോധനം തര്‍ക്കശാസ്ത്രത്തിന്റെ താര്‍ക്കിക വഴികളില്‍നിന്ന് മുക്തമായിരിക്കണം. പ്രബോധകന്‍ ഈശ്വരീയ ദര്‍ശനങ്ങളെ താത്ത്വികമായും പ്രായോഗികമായും നിഷ്പക്ഷമായും പരിശോധിക്കണം. ആശയ പ്രകാശനം ഈശ്വരീയ മൂല്യങ്ങളായ ബുദ്ധിപരമായ സത്യസന്ധത, സ്ഥിര സ്ഥായിയായ സാഹോദര്യ സഹകരണം, ദൈവപ്രോക്തമായ ഗുണകാംക്ഷ എന്നിവയില്‍ ഊന്നിയായിരിക്കണം. ഉസ്താദ് സയ്യിദ് മൗദൂദി തന്റെ ഇസ്‌ലാമിലെ ജിഹാദില്‍ എഴുതുന്നു: ''തന്നെ സ്വാധീനിച്ച മതത്തിലല്ലാതെ മറ്റൊരു മതത്തിലും സത്യത്തിന്റെ വെളിച്ചമേ ഇല്ലെന്ന് മത താരതമ്യപഠനം നടത്തുന്ന ഒരു പഠിതാവും തീരുമാനിച്ചുകൂടാ. മറിച്ച്, തന്റെ മുന്നില്‍ സത്യവും മിഥ്യയും കൂടിച്ചേര്‍ന്നാണ് വരുന്നതെന്നും ബുദ്ധിയും വിവേചന ശക്തിയും ഉപയോഗിച്ച് സത്യത്തെ സത്യമായും മിഥ്യയെ മിഥ്യയായും കണ്ട് ഒന്ന് മറ്റൊന്നിനോട് കൂടിച്ചേരാന്‍ അനുവദിക്കാതിരിക്കുകയാണ് തന്റെ കടമയൊന്നും അവന്‍ മനസ്സിലാക്കണം.'' ഈശ്വരീയ ദര്‍ശനങ്ങളെ മനനം ചെയ്യാനിരിക്കുന്ന എല്ലാ മത താരതമ്യ പഠിതാക്കളും എല്ലാ പാരായണങ്ങളിലും ദീക്ഷിക്കേണ്ട നിബന്ധനയാണിത്.
ചാതുര്‍വര്‍ണ്യത്തിന്റെയും ശങ്കരസ്മൃതിയുടെയും സ്വാധീനത്തില്‍ കേരളം നിലനിന്ന കാലത്താണ് ഗുരു 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന് അരുളുന്നത്. ഈ അരുളിന്റെ തായ്‌വേര് ഇറങ്ങിയിരിക്കുന്നത് സംഘകാല സാഹിത്യം പ്രകാശം പരത്തുന്ന ദ്രാവിഡ സംസ്‌കാരത്തിലാണ്; 'ഒന്‍ന്റേകുലം ഒന്‍ന്റേ ദൈവം' എന്ന ചെന്തമിഴ് മൊഴിയിലാണ്. ദ്വൈതവും അദ്വൈതവുമായ ദൈവശാസ്ത്ര ചര്‍ച്ചകളില്‍ ഭേദം നിലനിര്‍ത്തിക്കൊണ്ട് തന്നെ മതാനുയായികള്‍ 'ഒരു ജാതി ഒരു ദൈവം' എന്ന ആശയത്തില്‍ ഒരുമ തേടേണ്ടിവരും. ആ ഒരുമക്ക് വേണ്ടിയാണ് 'ഒരു യോനി ഒരാകാരം' എന്നും ജാതി ചോദിച്ചവരോട് 'മേനികണ്ടാല്‍ ജാതി അറിയാം' എന്നും പറഞ്ഞത്. ആണ്‍-പെണ്‍ ഭേദമല്ലാതെ മനുഷ്യര്‍ തമ്മില്‍ വ്യത്യാസമില്ല; മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി എന്നും ഓര്‍മിപ്പിച്ചത്. ഇസ്‌ലാമിക മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ ആശയം. ഖുര്‍ആനിന്റെ സാമൂഹിക കാഴ്ചപ്പാടിനോട് നീതി ചെയ്യുന്ന ഈ ആശയം മനുഷ്യന്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെന്ന പ്രവാചക വചനത്തിന്റെ അകമ്പടിയോടെ കേരളത്തിന്റെ ഭാവി ചരിത്രത്തില്‍ സഞ്ചാരം തുടരും.
ഇസ്‌ലാമിക പ്രബോധകന് 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഗുരുപ്രമാണത്തോട് വിയോജിച്ച് അത് സര്‍വമത സത്യമാണെന്ന് വാദിക്കാം. തര്‍ക്കശാസ്ത്ര വിദ്യ ഉപയോഗിച്ച്, 'മരുന്ന് ഏതായാലും രോഗം മാറിയാല്‍ മതി' എന്ന് പറഞ്ഞ് നിരാകരിക്കാം. പക്ഷേ, ഗുരുവിന്റെ പ്രമാണ വാക്യത്തില്‍ മനുഷ്യന്‍ നന്നാവുക എന്നതിനാണ് പ്രാധാന്യം. മനുഷ്യനെ നന്നാക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസപ്പെട്ട കലയില്‍ പൂര്‍ണ വിജയിയായ സമ്പൂര്‍ണ മനുഷ്യന്‍ മുഹമ്മദ് നബിയുടെ അനുയായികള്‍ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രബോധന സഹകാരികളെ ലഭിക്കുന്ന അക്ഷയഖനിയാണ് ഈ ആശയം. ഗുരുധര്‍മ പ്രബോധകരും ഇസ്‌ലാമിക പ്രബോധകരും ആശയങ്ങള്‍ പങ്കുവെച്ച് ഒരുമിച്ചു നീങ്ങിയാല്‍ മദ്യവും മറ്റു മാരക രോഗങ്ങളും ഇല്ലായ്മ ചെയ്ത് കേരളത്തെ ധര്‍മത്തിന്റെ സ്വന്തം നാടാക്കാം.
നബിയെ ഗുരു പ്രകീര്‍ത്തിച്ചത് 'മുത്ത് രത്‌നം' എന്നാണ്. നീലക്കടലിലെ ആഴങ്ങളിലുള്ള മുത്തും, ഭൂമിയിലെ അഗാധതയിലുള്ള രത്‌നവും, ഇത് രണ്ടും സമന്വയിച്ച ഉപമ, ഉപമാലങ്കാര കവനകലയില്‍ സമാനതയില്ലാത്തതാണ്. മുത്ത് രത്‌നം സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ എന്ന് ഇതിനെക്കാള്‍ നന്നായി എങ്ങനെയാണ് ധ്വനിപ്പിക്കാനാവുക!
+919447089276
Comments