മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ഇടം
1988 ഏപ്രില്‍ 27-നാണ് റഷ്യന്‍ ഇനോര്‍ഗാനിക് കെമിസ്റ്റും അക്കാദമി ഓഫ് സയന്‍സസ് ഒാഫ് ദി സോവിയറ്റ് യൂനിയന്‍ അംഗവുമായ വലേരി അലെക്സിയേവിച് ലെഗാസോവ് മോസ്‌കോയിലെ തന്റെ അപാര്‍ട്മെന്റില്‍ തൂങ്ങി മരിക്കുന്നത്. ചെര്‍ണോബില്‍ ആണവനിലയ അപകടത്തിന്റെ രണ്ടാം വാര്‍ഷികദിനത്തിന്റെ തലേന്നായിരുന്നു അത്. ലെഗാസോവിന്റെ മരണത്തെപ്പറ്റി അഭ്യൂഹങ്ങളുമുണ്ടായി. അദ്ദേഹത്തിന്റെ മകള്‍ പറഞ്ഞത് അത് കേവലമൊരു വൈകാരികത്തകര്‍ച്ചയല്ല, മറിച്ച് ബോധപൂര്‍വകമായ, പൂര്‍ണമായും ആസൂത്രണം ചെയ്ത ഒന്നായിരുന്നുവെന്നാണ്. ചെര്‍നോബില്‍ ദുരന്തവുമായി ബന്ധപ്പെട്ട തന്റെ ഓര്‍മക്കുറിപ്പുകള്‍ റെക്കോര്‍ഡ് ചെയ്ത് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ലെഗാസോവ് ആത്മഹത്യ ചെയ്തത്.
ക്രെയ്ഗ് മാസിന്‍ തിരക്കഥയെഴുതി ജോഹാന്‍ റെന്‍ക് സംവിധാനം ചെയ്ത ചെര്‍ണോബില്‍ എന്ന എച്ച്.ബി.ഒ മിനി സീരീസില്‍ നാം ലെഗാസോവിനെ കാണുന്നുണ്ട്; പിന്നെ സോവിയറ്റ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ബോറിസ് ഷെര്‍ബീനയെയും, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സോവിയറ്റ് സര്‍ക്കാറിന്റെയും തലവന്‍ മിഖയേല്‍ ഗോര്‍ബച്ചേവിനെയും.
ഭക്തനായ ഒരു വിശ്വാസിയെപ്പോലെ മാര്‍ക്സിസത്തെയും സോവിയറ്റ് ഭരണ സംവിധാനത്തെയും നിഷ്‌കളങ്കമായി അംഗീകരിക്കുന്ന ആളാണ് ഷെര്‍ബീന. എന്നാല്‍, സംഭവിച്ചതെന്ത് എന്നതിനെക്കുറിച്ച അറിയിപ്പുകളെ അവഗണിക്കുകയും അപകടത്തെക്കുറിച്ച അറിയിപ്പുകളെ തള്ളിക്കളയുകയും, ഒന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെയാണ് ചെര്‍ണോബിലില്‍ നാം കാണുന്നത്. അപകടത്തെ അതിജീവിക്കുന്നതിനെക്കാള്‍, വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ അധികാരികള്‍ പ്രഥമ പരിഗണന നല്‍കി. പ്രിപ്യാറ്റ് നദിക്കരയിലെ ജനങ്ങള്‍ പലായനം ചെയ്യുന്നത് അവര്‍ ബലം പ്രയോഗിച്ച് തടഞ്ഞു. പുറംലോകവുമായുള്ള അവരുടെ ആശയവിനിമയം പോലും നിര്‍ത്തലാക്കിക്കളഞ്ഞു. ഉലാന ഖോംയുക് എന്ന സങ്കല്‍പകഥാപാത്രത്തെയും കൊണ്ടുവരുന്നുണ്ട് ക്രെയ്ഗ് മാസിന്‍. ബെലാറൂസിലെ ന്യൂക്ലിയര്‍ ഫിസിസ്റ്റാണ് ആ സ്ത്രീ. അതൊരു ഫിക്ഷനല്‍ കോംപസിറ്റ് കാരക്ടറാണ്. അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും മനുഷ്യരുടെ കാര്യത്തില്‍ ജാഗരൂകരാവുകയും ചെയ്ത ഒട്ടേറെ ശാസ്ത്രജ്ഞരുടെ പ്രതീകം.
മിഖായേല്‍ ഗോര്‍ബച്ചേവിനെ നേരിട്ട് കണ്ട് അപകടാവസ്ഥ അറിയിക്കുന്നുണ്ട് ലെഗാസോവ്. എന്നാല്‍, അധികാരപ്രമത്തതയുടെ അജ്ഞതയുടെയും ധാര്‍ഷ്ട്യത്തിന്റെയും അടയാളമായിത്തീരുകയാണ് ആ ഭരണാധികാരി. അപകടസമയത്ത് നേര്‍ക്കുനേരെയുള്ള മരണം കുറവായിരുന്നുവെങ്കിലും പതിനായിരക്കണക്കിനാളുകളുടെ ജീവിതം നരക തുല്യമാക്കിത്തീര്‍ത്ത ദുരന്തമായിരുന്നു അത്. അമ്പത് മില്യനില്‍പ്പരം ആളുകളും പിന്നെ കന്നുകാലികളും മറ്റും ജീവനത്തിന് ആശ്രയിക്കുന്ന പ്രിപ്യാറ്റ്, നീപര്‍ നദികള്‍ ഉരുകിത്തിളച്ചു. ഷെര്‍ബീനക്കും ലെഗാസോവിനും അടക്കം പില്‍ക്കാലത്ത് റേഡിയേഷന്റെ ദുരിതങ്ങള്‍ സഹിച്ചു ജീവിക്കേണ്ടി വന്നു.
സോവിയറ്റ് യൂനിയന്‍ എന്ന ഉരുക്കുകോട്ടയുടെ സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്തി അത്. റേഡിയേഷന്‍ അയല്‍രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്നില്ലായിരുന്നെങ്കില്‍ അങ്ങനെയൊരു സംഭവം തന്നെ ലോകം അറിയുമായിരുന്നോ?
സത്യം എല്ലായ്പോഴും പറയണം എന്ന് എന്താണ് നിര്‍ബന്ധം? സത്യത്തില്‍ സത്യത്തിന് എന്തെങ്കിലും വിലയുണ്ടോ?
**** **** ****
തീര്‍ത്തും കേന്ദ്രീകൃതമായ (അതോറിറ്റേറിയന്‍) അധികാരമായിരുന്നു യൂനിയന്‍ ഒാഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് എന്ന, ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ രാഷ്ട്രത്തിന്റേത്. അതില്‍ത്തന്നെയും കൂടുതല്‍ സമഗ്രമായ അധികാരം കൈയില്‍ വെച്ചുകൊണ്ടാണ് ഗോര്‍ബച്ചേവ് ചരിത്രത്തില്‍ ജനാധിപത്യത്തിന്റെ മഹാപ്രാതിനിധ്യം കൈയടക്കിയത് എന്നത് ഒരു ഐറണിയാണ്.
പ്രസിഡന്റ് ഓഫ് ദി സോവിയറ്റ് യൂനിയന്‍ എന്ന പദവിയിലിരുന്ന ഏക വ്യക്തിയാണ് ഗോര്‍ബച്ചേവ്. സോവിയറ്റ് യൂനിയന്റെ ആദ്യത്തെയും അവസാനത്തെയും പ്രസിഡന്റ്. 1990 മാര്‍ച്ചില്‍ സ്ഥാപിക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനം '91 ഡിസംബറില്‍ നിര്‍ത്തലാക്കി. തൊട്ടുടനെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ പിരിച്ചുവിടുകയും ചെയ്തു.
സോവിയറ്റ് അധികാരഘടന സങ്കീര്‍ണമാണ്. ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് ചെയര്‍മാന്‍ ഓഫ് ദി കൗണ്‍സില്‍ ഓഫ് പീപ്പിള്‍സ് കൊമിസാര്‍സ് ഒാഫ് ദി സോവിയറ്റ് യൂനിയന്‍ ആയിരുന്നു ഭരണത്തലവന്‍. എന്നാല്‍, ചെയര്‍മാന്‍ ഓഫ് ദി പ്രസീഡിയം ഒാഫ് ദി സുപ്രീം സോവിയറ്റ് ഓഫ് സോവിയറ്റ് യൂനിയന്‍ എന്ന സ്ഥാനപ്പേരില്‍ രാഷ്ട്രത്തലവനായി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. ഒപ്പം യഥാര്‍ഥ ഭരണസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ ജനറല്‍ സെക്രട്ടറിയും. വ്‌ളാദിമിര്‍ ലെനിന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാനകാലത്ത് പാര്‍ട്ടിയുടെ നേതൃത്വം കൈയാളിയ സ്റ്റാലിന്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്ത് വന്നു. കൗണ്‍സില്‍ ഓഫ് പീപ്പിള്‍സ് കൊമിസാര്‍സ് എന്നതിനെ സ്റ്റാലിന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് എന്നാക്കി മാറ്റി. അപ്പോഴും പ്രസീഡിയം ചെയര്‍മാന്റെ സ്ഥാനത്ത് രാഷ്ട്രത്തലവനായി മറ്റൊരാളുണ്ടായിരുന്നു.
ഗോര്‍ബച്ചേവിന്റെ കാലത്ത് രാഷ്ട്രത്തലവനായി മറ്റൊരാളുണ്ടായിരുന്നില്ല. പ്രസീഡിയം ഓഫ് സുപ്രീം സോവിയറ്റ് എന്ന പേരില്‍, ലിയൊനിദ് ബ്രഷ്നേവ് രണ്ട് സ്ഥാനങ്ങളെയും ഒന്നാക്കിയിരുന്നു. പുറമെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും. പിന്നീട് ഗോര്‍ബച്ചേവ് പ്രസീഡിയം ഒഴിവാക്കി ചെയര്‍മാന്‍ ഓഫ് സുപ്രീം സോവിയറ്റ് ആയി. അവസാനത്തില്‍ പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് അധികാരം കേന്ദ്രീകരിച്ചപ്പോള്‍ നാമമാത്രമായി അനത്തോലി ല്യുക്യനോവിനെ രാഷ്ട്രത്തലവനായി നിയമിച്ചു.
ഈ കേന്ദ്രീകൃത അധികാരഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് ഗോര്‍ബച്ചേവ് ആ ഘടനയെത്തന്നെ അഴിച്ചുപണിയാന്‍ ശ്രമിച്ചത്.
**** **** ****
അങ്ങനെയിരിക്കെ മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂനിയനില്‍ പെരിസ്ത്രോയ്ക്ക പ്രഖ്യാപിച്ചു; തൊട്ടുപിറകെ ഗ്ലാസ്‌നോസ്തും. അന്നു മുതല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണം വരെ, ഒരേസമയം നായകനായും വില്ലനായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് ഈ പരിഷ്‌കരണങ്ങളുടെ പേരിലാണ്. യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രത്തെ തകര്‍ക്കാനായിരുന്നോ നിലനിര്‍ത്താനായിരുന്നോ ഗോര്‍ബച്ചേവ് ശ്രമിച്ചത്?
ലിയുനിദ് ബ്രഷ്‌നേവിന്റെ കാലത്ത് തന്നെ സോവിയറ്റ് രാഷ്ട്രം Era of Stagnation എന്ന് വിളിക്കപ്പെട്ട സ്തംഭനകാലത്തെ നേരിട്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് യൂറി ആന്ദ്രോപ്പോവിന്റെ നേതൃത്വത്തില്‍ കുറെയൊക്കെ മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രണ്ട് വര്‍ഷം മാത്രമേ രാഷ്ട്രത്തലവനായിരുന്നുള്ളൂ. ആന്ദ്രപ്പോവിന്റെ മരണത്തെത്തുടര്‍ന്ന് നേതൃത്വം ഏറ്റെടുത്ത കോണ്‍സ്റ്റാന്റ്യന്‍ ഹെര്‍ന്യങ്കോയുടെ കാലത്ത് അഫ്ഗാന്‍ യുദ്ധവും അതിനു ശേഷം ഗോര്‍ബച്ചേവ് ഭരണത്തിന്റെ ആദ്യകാലത്ത് നടന്ന ചെര്‍നോബില്‍ ആണവദുരന്തവുമൊക്കെ നില കൂടുതല്‍ പരിതാപകരമാക്കി.
ഈ സാഹചര്യത്തിലാണ് ഗോര്‍ബച്ചേവ് പെരിസ്‌ത്രോയ്ക്ക അഥവാ ഉടച്ചുവാര്‍ക്കല്‍ (Perestroika/ Restructuring) പ്രഖ്യാപിച്ചത്. ഇത് റിപബ്ലിക്കുകളില്‍ ബഹുകക്ഷി ജനാധിപത്യത്തിന് അവസരമൊരുക്കി. തുടര്‍ന്ന് വന്ന ഗ്ലാസ്നോസ്ത് (Glasnost/ Openness) ഭരണകൂടത്തിനും ജനങ്ങള്‍ക്കും ഇടയില്‍ അതുവരെ ഉണ്ടായിരുന്ന ഇരുമ്പുമറ തകര്‍ത്തു. ശീതയുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായി ഗോര്‍ബച്ചേവ് ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ് ഇതിനുണ്ടായത്. റിപ്പബ്ലിക്കുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങാനും തുടങ്ങി. ഇതോടെ പ്രകോപിതരായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും സെക്യൂരിറ്റി ഏജന്‍സിയായ KGBയിലെയും തീവ്ര ഇടതുപക്ഷവാദികള്‍ ഗെന്നാഡി സ്യൂഗാനോവിന്റെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. അവര്‍ ഗോര്‍ബച്ചേവിനെ തടവിലാക്കി. അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നു. ഇതിനകം റഷ്യന്‍ പ്രസിഡന്റായിത്തീര്‍ന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ബോറിസ് യെല്‍ത്സിന്‍ ഇളക്കിവിട്ട കലാപത്തെത്തുടര്‍ന്ന് 1991 ആഗസ്റ്റില്‍ ക്രെംലിനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തപതാക താഴുകയും റഷ്യന്‍ പതാക ഉയരുകയും ചെയ്തു.
എന്നാല്‍, ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. ശീതയുദ്ധം അവസാനിച്ചതോടെ തങ്ങളുടെ അധീശത്വം സ്ഥാപിക്കപ്പെടുന്ന ഏകധ്രുവലോകം എന്ന അമേരിക്കന്‍ സ്വപ്‌നത്തിന് ശക്തിയേറി. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും അതുവരെ അവര്‍ നിലനിര്‍ത്തിയിരുന്ന, സോഷ്യലിസത്തെക്കുറിച്ച ചിന്തകള്‍ തീര്‍ത്തും ഉപേക്ഷിച്ച് നിയോ ലിബറല്‍ നയങ്ങളിലേക്ക് നീങ്ങി. ഗാട്ടും ലോകവ്യാപാരസംഘടനയും ലോകബാങ്കും മുന്നോട്ടുവെച്ച ഘടനാ പരിഷ്‌കാരങ്ങള്‍ -ആഗോളവത്കരണവും ഉദാരവത്കരണവും- ശക്തിപ്പെട്ടു.
**** **** ****
ലോകത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു അമേരിക്കന്‍ ഐക്യനാടുകള്‍ നടത്തിയത്. അതുവരെ കമ്യൂണിസ്റ്റ് ബ്ലോക്കുമായുള്ള യുദ്ധത്തിലാണ് അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതെങ്കില്‍ ചെര്‍നോബിലിന് ശേഷം ബര്‍ലിന്‍ മതിലും കൂടി തകര്‍ന്നു വീണതോടെ മുസ്‌ലിം രാജ്യങ്ങളിലേക്കും ഇസ്‌ലാമിക ലോകത്തേക്കും അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. സോവിയറ്റ് യൂനിയനിലെ മുസ്‌ലിം ഭൂരിപക്ഷ റിപ്പബ്ലിക്കുകളില്‍ നടന്നിരുന്ന വിവേചനങ്ങളും മതവിരുദ്ധ സമീപനങ്ങളും പിന്നെ അഫ്ഗാന്‍ യുദ്ധവുമൊക്കെ സോവിയറ്റ് അധികാരവ്യവസ്ഥയോട് മുസ്‌ലിം ലോകത്ത് പൊതുവെ എതിര്‍പ്പുണ്ടാക്കിയിരുന്നു. സ്വാഭാവികമായും മുസ്‌ലിം ലോകം സോവിയറ്റ് തകര്‍ച്ചയെ ആഘോഷിച്ചിട്ടുണ്ടാകാം. എന്നാല്‍, അതിനെക്കാളൊക്കെ ഭീകരമായ അധിനിവേശങ്ങളെയും ദുരിതങ്ങളെയുമായിരുന്നു പിന്നീടവര്‍ക്ക് നേരിടേണ്ടി വന്നത്.
ഇവിടെയാണ് അഫ്ഗാനിലെ സോവിയറ്റ് യുദ്ധം അടയാളമായി മാറുന്നത്. സോവിയറ്റ് യൂനിയന്‍ എന്ന കരുത്തുറ്റ രാഷ്ട്രത്തെ ഏറ്റവുമധികം തളര്‍ത്തിയ ഒന്നായിരുന്നു അഫ്ഗാനിസ്താനിലെ സൈനിക ഇടപെടലുകള്‍. 1979-ല്‍ ലിയൂനിദ് ബ്രഷ്നേവിന്റെ കാലത്ത് തുടങ്ങിയ യുദ്ധം 1989 വരെ ഒരു ദശകക്കാലം നീണ്ടുനിന്നു. 1978-ലായിരുന്നു അഫ്ഗാനിസ്താന്‍ സോവിയറ്റ് ബ്ലോക്കിന്റെ ഭാഗമായത്. ഹെര്‍ന്യങ്കോവിന്റെ കാലത്ത് പോരാട്ടം രൂക്ഷമായി. ചെര്‍നോബില്‍ ദുരന്തശേഷം ഗോര്‍ബച്ചേവ് അഫ്ഗാന്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറി. മാര്‍ക്സിസം-ലെനിനിസത്തെ ഉപേക്ഷിച്ചും ഭരണഘടന പരിഷ്‌കരിച്ചും പിടിച്ചു നില്‍ക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് നജീബുല്ല ശ്രമിച്ചെങ്കിലും 1992-ല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിലംപതിച്ചു.
ശീതയുദ്ധ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്താനിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാറിനെതിരെ മുജാഹിദ് ഗ്രൂപ്പുകള്‍ നടത്തിയ കലാപങ്ങള്‍ക്ക് അമേരിക്കയും നാറ്റോയും നിര്‍ലോഭം സഹായം നല്‍കിയിരുന്നു; പുറമെ പാകിസ്താന്‍, സുഊദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും.
**** **** ****
സോവിയറ്റ് യൂനിയനിലെ പതിനഞ്ച് റിപ്പബ്ലിക്കുകളില്‍ ആറെണ്ണം (അസര്‍ബൈജാന്‍, കസാഖിസ്താന്‍, കിര്‍ഗീസിയ അഥവാ കിര്‍ഗിസ്താന്‍, താജികിസ്താന്‍, തുര്‍ക്മെനിസ്താന്‍, ഉസ്ബെകിസ്താന്‍) ഇസ്‌ലാമിക ചരിത്രവും മുസ്‌ലിം സ്വത്വ പാരമ്പര്യങ്ങളുമായി ബന്ധപ്പെടുന്നു. സാറിസ്റ്റ് റഷ്യന്‍ സാമ്രാജ്യത്തിനും തുടര്‍ന്ന് സോവിയറ്റ് അധികാരത്തിനുമെതിരായി മധ്യേഷ്യയില്‍ രൂപംകൊണ്ട ബസ്മാചി പ്രസ്ഥാനം ഇവിടങ്ങളില്‍ ശക്തമായിരുന്നു.
സാറിസ്റ്റ് സാമ്രാജ്യ മേല്‍ക്കോയ്മയോടുള്ള മധ്യേഷ്യയിലെ മുസ്‌ലിംകളുടെ എതിര്‍പ്പിനെ ലെനിന്‍ ക്രിയാത്മകമായി ഉപയോഗിച്ചു. ഇടതുപക്ഷ ദേശീയവാദത്തോട് അവരില്‍ ചായ്വ് ജനിപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു. 1917 ഒക്‌ടോബറില്‍ പൂര്‍ണമായ ബോള്‍ഷെവിക് വിപ്ലവം അരങ്ങേറുന്നതിന് മുമ്പ് തന്നെ അതേവര്‍ഷം മെയ് മാസത്തില്‍ സാര്‍ വാഴ്ചക്ക് അന്ത്യം കുറിക്കപ്പെട്ടതിനെ ആഘോഷിക്കുന്ന ആദ്യത്തെ ആള്‍-റഷ്യന്‍ കോണ്‍ഗ്രസ് ഓഫ് മുസ്‌ലിംസ്, മോസ്‌കോയില്‍ നടന്നു.
തുടക്കത്തില്‍ റഷ്യയിലെയും, സോവിയറ്റ് യൂനിയന്‍ രൂപീകൃതമായപ്പോള്‍ ഇതര റിപ്പബ്ലിക്കുകളിലെയും മുസ്‌ലിംകള്‍ക്ക് മതപരമായ സ്വയംഭരണം മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു ലെനിന്‍. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെ ഔദ്യോഗിക മതമായി അംഗീകരിച്ച് മുസ്‌ലിം വിഭാഗങ്ങളെ അടിച്ചമര്‍ത്തിയിരുന്ന സാറിയന്‍ നയങ്ങളില്‍ നിന്നുള്ള വ്യതിയാനവുമായിരുന്നു ഇത്.
1917 നവംബര്‍ 24-ന് ബോള്‍ഷെവിക്കുകള്‍ All the Muslim Workers of Russia and the East എന്ന പേരില്‍ ഒരു അഭ്യര്‍ഥന പ്രസിദ്ധീകരിച്ചു. അതില്‍ സഖാവ് ലെനിന്‍ തന്നെ ഇപ്രകാരം പ്രഖ്യാപിച്ചു:
'റഷ്യയിലെ മുസ്‌ലിംകളേ, പള്ളികളും പ്രാര്‍ഥനാലയങ്ങളും നശിപ്പിക്കപ്പെട്ടവരത്രേ നിങ്ങള്‍. റഷ്യയിലെ സാറുകളും പ്രമാണിമാരും നിങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചവിട്ടിമെതിച്ചു.
നിങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും, നിങ്ങളുടെ ദേശീയവും സാംസ്‌കാരികവുമായ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം എക്കാലത്തും സ്വതന്ത്രവും അനുല്ലംഘനീയവും (inviolate) ആയിരിക്കും. അത് നിങ്ങളുടെ അവകാശമാണെന്നറിയുക. റഷ്യയിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ എന്ന പോലെ നിങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും വിപ്ലവത്തിന്റെ ശക്തമായ സംരക്ഷണത്തിലാകുന്നു.'
International Socialism ത്രൈമാസികത്തില്‍ ഡേവ് ക്രോച് (Dave Crouch) എഴുതിയ (ലക്കം 110, 2006 ഏപ്രില്‍ 6/ isj.org.uk) The Bolsheviks and Islam എന്ന പ്രബന്ധത്തില്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. ഉസ്മാനി ഖുര്‍ആന്‍ പോലുള്ള ചരിത്രശേഷിപ്പുകളെയും പൗരാണിക മുസ്‌ലിം ആവിഷ്‌കാരങ്ങളെയുമൊക്കെ സംരക്ഷിക്കുന്നതിന് ലെനിന്‍ മേല്‍നോട്ടം വഹിച്ചതായും ക്രോച് എഴുതുന്നു. കമ്യൂണിസ്റ്റ് ലീഗല്‍ സിസ്റ്റത്തില്‍ ഇസ്‌ലാമിക നിയമത്തിന്റെ ചില തത്ത്വങ്ങളും കൂടി സ്ഥാപിക്കപ്പെട്ടിരുന്നുവത്രേ. ജാദിദ് പോലുള്ള ഇസ്‌ലാമിക് റിഫോമിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലെ അംഗങ്ങളായ ചിലര്‍ക്ക് ഭരണപങ്കാളിത്തവും നല്‍കി. മുസ്‌ലിം റിപ്പബ്ലിക്കുകളില്‍ ജുമുഅ ദിവസം ഒഴിവുദിനമാക്കി.
അതേസമയം ഇടതുപക്ഷാഭിമുഖ്യമുള്ള, മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷ പങ്കാളിത്തമുള്ള നാഷനല്‍ കമ്യൂണിസം പോലുള്ള പ്രസ്ഥാനങ്ങളുടെ ചില നിലപാടുകള്‍ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തിന്റെ എതിര്‍പ്പിന് കാരണമായിത്തീര്‍ന്നു. റഷ്യന്‍ ബൂര്‍ഷ്വാസി ബാഹ്യ പാശ്ചാത്യ ശക്തികളുമായി സഖ്യമുണ്ടാക്കുന്നത് തടയണമെങ്കില്‍ വര്‍ഗവിഭജനം കുറക്കണമെന്നും റഷ്യന്‍ ബൂര്‍ഷ്വാസിയുമായി സഹകരണമുണ്ടാക്കണമെന്നും വിപ്ലവത്തിന്റെ വിജയത്തിന് അത് അനിവാര്യമാണെന്നുമൊക്കെയായിരുന്നു നാഷനല്‍ സോഷ്യലിസ്റ്റുകളുടെ വാദം. വിപ്ലവകാലത്ത് ബോള്‍ഷെവിക് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മില്ലി ഫിര്‍ഖ പോലുള്ള ചില സംഘടനകള്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടായ ഭിന്നതകളെത്തുടര്‍ന്ന് ലെനിന്റെ കാലത്ത് തന്നെ നിരോധിക്കപ്പെട്ടു. സ്റ്റാലിന്റെ ശുദ്ധീകരണപ്രക്രിയ മുസ്‌ലിം ഭൂരിപക്ഷ റിപബ്ലിക്കുകളില്‍ ഇരുപതുകളുടെ അവസാനം തൊട്ടേ ആരംഭിച്ചു. ഉക്രെയ്നിയന്‍, ക്രീമിയന്‍ താതാര്‍, ബുഖാറന്‍ തുടങ്ങിയ മുസ്‌ലിം ഗോത്രങ്ങളിലെ നേതാക്കന്മാരെ അയാള്‍ ഉന്മൂലനം ചെയ്തു.
ലെനിനില്‍ നിന്ന് ഭിന്നമായി ജോസഫ് സ്റ്റാലിന്‍ തുടക്കം തൊട്ടേ ഇസ്‌ലാമിക പാരമ്പര്യത്തോട് നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. സഖാവ് ലെനിന്റെ പ്രഖ്യാപനമൊക്കെ അയാള്‍ കാറ്റില്‍പ്പറത്തി. മധ്യേഷ്യയിലെ പള്ളികള്‍ അടച്ചുപൂട്ടുകയോ വെയര്‍ഹൗസുകളാക്കി മാറ്റുകയോ ചെയ്തു. വഖ്ഫ് നിയമവിരുദ്ധമാക്കുകയും മതപാഠശാലകള്‍ക്ക് താഴിടുകയും ചെയ്തു. ഹുജൂം എന്ന് തുര്‍ക്ചെയിലും അറബിയിലും വിളിക്കുന്ന അടിച്ചേല്‍പിക്കല്‍ നയങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ ദേശങ്ങളില്‍ നടപ്പാക്കിത്തുടങ്ങി. ഹിജാബ് പോലുള്ള ആചാരങ്ങളെ സ്ത്രീവിരുദ്ധമായി ചിത്രീകരിച്ചു.
ഉക്രെയ്‌നിയന്‍ താതാര്‍, ക്രീമിയന്‍ താതാര്‍, ചെചെന്‍, കറാചേ തുര്‍ക്, മെസ്ഖേഷ്യന്‍ തുര്‍ക്, ഇംഗുഷ്, ബാള്‍ക്കര്‍ തുടങ്ങിയ മുസ്‌ലിം ഗോത്രങ്ങളില്‍പ്പെട്ടവരെ രണ്ടാം ലോകയുദ്ധക്കാലത്ത് സോവിയറ്റ് സൈന്യം വ്യാപകമായി വംശീയ ഹത്യ നടത്തുകയും സൈബീരിയയിലേക്കും മറ്റും നാട് കടത്തുകയും ചെയ്തതായും പറയപ്പെടുന്നു. ഇത്ര ക്രൂരമായിട്ടല്ലെങ്കിലും സ്റ്റാലിന്റെ ഈ നിലപാട് പിന്നീട് വന്ന ഭരണാധികാരികളും തുടര്‍ന്നു.
ഗോര്‍ബച്ചേവിന്റെ കാലത്ത് സോവിയറ്റ് ഉരുക്കുകോട്ടയില്‍ നിന്നുണ്ടായ വിമോചനം മുസ്‌ലിം ഭൂരിപക്ഷ റിപ്പബ്ലിക്കുകളില്‍ ആഘോഷിക്കപ്പെട്ടതില്‍ അസ്വാഭാവികതയൊന്നുമില്ലായിരുന്നു.
**** **** ****
കടുത്ത ആന്റി സ്റ്റാലിനിസ്റ്റായിരുന്ന, സോവിയറ്റ് യൂനിയനില്‍ ഡീസ്റ്റാലിനൈസേഷന്‍ പ്രക്രിയ തന്നെ ആരംഭിച്ച നികിത ക്രൂഷ്ചേവിന്റെ അനുയായിയായിരുന്നത്രേ മിഖായേല്‍ ഗോര്‍ബച്ചേവ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റയുടന്‍ ഭരണത്തിലെയും പാര്‍ട്ടിയിലെയും താക്കോല്‍ സ്ഥാനങ്ങളില്‍ സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റി; അക്കൂട്ടത്തില്‍ മോസ്‌കോയുടെ ഫസ്റ്റ് സെക്രട്ടറിയായി ബോറിസ് യെല്‍ത്സിനെയും (നിയമിച്ചത് പോളിറ്റ് ബ്യൂറോ തന്നെ).
അഴിമതിയില്‍ നിന്നും അരാജകത്വത്തില്‍ നിന്നും മോസ്‌കോയെ വെടിപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഗോര്‍ബച്ചേവിന്റെ സകല സ്വാധീനങ്ങളും ഇല്ലാതാക്കുന്നതിലും സോവിയറ്റ് യൂനിയനെ തകര്‍ക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചത് യെല്‍ത്സിന്‍ തന്നെയായിരുന്നു. സുഖാസക്തനും അധികാരക്കൊതിയനും ധാര്‍മികതയില്ലാത്തവനുമായി ബോറിസ് ഷെര്‍ബീന, യെല്‍ത്സിനെ വിശേഷിപ്പിക്കുന്നുണ്ട്.
തന്റെ പരിഷ്‌കരണത്തിലൂടെ സോവിയറ്റ് യൂനിയനെ നിലനിര്‍ത്താനാണ് ഗോര്‍ബച്ചേവ് ശ്രമിച്ചത്. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, അവശ്യസാധനങ്ങള്‍ ലഭ്യമാക്കുക എന്ന് തുടങ്ങി, ഇതര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ അവസാനിപ്പിക്കുക, അന്തര്‍ദേശീയ ബന്ധങ്ങളില്‍ പുതിയ നയങ്ങള്‍ രൂപവത്കരിക്കുക, പടിഞ്ഞാറന്‍ ബ്ലോക്കുമായുള്ള ബലപരീക്ഷണങ്ങളും ശീതയുദ്ധവും അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു പരിഷ്‌കരണങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. അനുവദനീയമല്ലാത്തതെല്ലാം നിരോധിക്കപ്പെട്ടത് എന്നതായിരുന്നു അന്നു വരെയുള്ള സോവിയറ്റ് നയം. എന്നാല്‍, ഗോര്‍ബച്ചേവ് അതിനെ നിരോധിക്കപ്പെട്ടതല്ലാത്തതെല്ലാം അനുവദിക്കപ്പെട്ടത് എന്ന് തിരുത്തി.
പെരിസ്ത്രോയ്ക്കയുടെ ഭാഗമായി ആത്യന്തികാധികാരം പാര്‍ട്ടിക്ക് എന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തു. മാധ്യമങ്ങളെയും ആവിഷ്‌കാരങ്ങളെയും സ്വതന്ത്രമാക്കി. ഏകകക്ഷി ജനാധിപത്യം അവസാനിപ്പിക്കുകയും ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
ഇത്രയുമായപ്പോഴേക്കും മാധ്യമങ്ങള്‍ ഭരണകൂടത്തിനെതിരെ എഴുതിത്തുടങ്ങുകയും റഷ്യന്‍ റിപ്പബ്ലിക്കിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍, അതൊരുപക്ഷേ അത്രയും കാലം ഉരുക്കുകോട്ടക്കകത്ത് ജനം അനുഭവിച്ച ശ്വാസം മുട്ടലിനെയാവാം സൂചിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ഭരണഘടന പ്രകാരം വിട്ടുപോകാന്‍ അവകാശമുള്ള റിപ്പബ്ലിക്കുകളുടെ യൂനിയനായിരുന്നു യു.എസ്.എസ്.ആര്‍. പാര്‍ട്ടിയും പട്ടാളവും ചേര്‍ന്ന് ബന്ധിച്ചു നിര്‍ത്തുകയായിരുന്നു അവയെ.
**** **** ****
ധനാത്മകമായും ഋണാത്മകമായും വായിക്കാവുന്ന ഒന്നാണ് ഗോര്‍ബച്ചേവിന്റെ ജീവിതവും പരിഷ്‌കരണങ്ങളും. ഒരു ഭാഗത്ത് മുസ്‌ലിം ഭൂരിപക്ഷ ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കുകള്‍ സ്വതന്ത്രമായപ്പോള്‍ത്തന്നെ, റഷ്യയില്‍ യെല്‍ത്സിന്‍ വളര്‍ത്തിക്കൊണ്ടുവന്നത് റഷ്യന്‍ വലതുപക്ഷ ദേശീയതയായിരുന്നു. അതിന്റെ ഭീകരമായ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു ചെച്നിയന്‍ ജനത.
ശീതസമരം അവസാനിച്ചത് ഒരു ആശ്വാസമായിരിക്കെത്തന്നെ അമേരിക്കയുടെ നേതൃത്വത്തില്‍ മുതലാളിത്ത ചേരി നവ കൊളോണിയല്‍ രൂപമാര്‍ജിക്കുകയും രാജ്യങ്ങളെ വിധേയപ്പെടുത്തുകയും ചെയ്തു. മൂലധനത്തിന്റെ ഏക ലോക ക്രമവും പ്രതിബദ്ധതയില്ലാത്ത ലേസേ ഫെയര്‍ മുതലാളിത്തവും സ്ഥാപിക്കപ്പെട്ടു.
സ്വതന്ത്രങ്ങളായ ട്രാന്‍സ്‌കൊക്കേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ ദേശീയ വികാരങ്ങളും പ്രാദേശിക, വംശീയവാദങ്ങളും ശക്തി പ്രാപിച്ചു. സാമ്പത്തിക അസ്ഥിരതകളും തകര്‍ച്ചകളും വംശീയ യുദ്ധങ്ങള്‍ക്ക് ശക്തി പകര്‍ന്നു. അര്‍മീനിയന്‍-അസര്‍ബൈജാന്‍, ജോര്‍ജിയന്‍-അബ്ഖാസിയന്‍ തുടങ്ങി രക്തരൂഷിതമായ വംശീയപ്പകകള്‍ അഴിഞ്ഞാടി. നഗാര്‍നോ-കാരബാഖ് പോലുള്ള മേഖലകള്‍ നിത്യസംഘര്‍ഷഭൂമികളായി മാറി.
ചരിത്രത്തില്‍ അതുല്യമായ ഇടം നേടിയെടുത്തെങ്കിലും മുകളില്‍ സൂചിപ്പിച്ചതു പോലെ നായകനായാണോ വില്ലനായാണോ ആ ഇടം ഗോര്‍ബച്ചേവ് സ്ഥാപിച്ചത് എന്ന കാര്യം എന്നും വിവാദ വിഷയം തന്നെയായിരിക്കും.
96054 68846
Comments