Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

ട്രാന്‍സ്‌ജെന്‍ഡറിസം തീര്‍ക്കുന്ന ജെന്‍ഡര്‍ പ്രതിസന്ധി

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്   [email protected]

കാല്‍നൂറ്റാണ്ടു മുമ്പ് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. സഹപാഠികളില്‍ ഒരാള്‍ കുറച്ച് സ്‌ത്രൈണ സ്വഭാവമുള്ള ആളായിരുന്നു. അവന്റെ നടത്തത്തിലും സംസാരത്തിലും അംഗവിക്ഷേപങ്ങളിലുമുള്ള സ്‌ത്രൈണത, കൗമാരകാലത്തെ ബോയ്‌സ് ഹോസ്റ്റല്‍ ജീവിതത്തില്‍ അവനെ വ്യത്യസ്തനാക്കി. അക്കാലത്തെ സിനിമകളിലെ ആണത്തത്തിന്റെ പ്രതീകമായ നായകനെ അനുകരിക്കാന്‍ മറ്റു കുട്ടികളൊക്കെ ശ്രമിക്കുമ്പോള്‍ അവനിഷ്ടം നായികയെ അനുകരിക്കാനായിരുന്നു. സഹപാഠികള്‍ക്ക് അവനെ 'പെണ്ണാ'ക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളായിരുന്നു. അവര്‍ അവന്റെ പേരിനെ (മഹേഷ്) സ്ത്രീവല്‍ക്കരിച്ച് 'മഹേശ്വരി' (പേര് സാങ്കല്‍പികം) എന്ന് വിളിച്ചു. ചിലപ്പോഴൊക്കെ തമാശക്കും മറ്റു ചിലപ്പോള്‍ കാര്യത്തിലും സഹപാഠികളുടെ, പെണ്ണെന്ന പരിഹാസം കേട്ട് അവനന്ന് വല്ലാതെ വേദനിച്ചിട്ടുണ്ടാവണം. കാലങ്ങള്‍ക്കിപ്പുറം വാട്‌സ് ആപ് കൂട്ടായ്മകളുടെ കടന്നുവരവ്, ഞങ്ങളുടെ പഴയ പ്രീഡിഗ്രി ബാച്‌മേറ്റ്‌സിനെയും ഒരു വ്യര്‍ച്വല്‍ കുടക്കീഴില്‍ ഒരുമിച്ചുകൂട്ടി. പരസ്പരം കാണാനാഗ്രഹിച്ച പഴയ കൂട്ടുകാര്‍, ഗ്രൂപ്പില്‍ കുടുംബസമേതം ഫോട്ടോകള്‍ പങ്കുവെച്ചപ്പോള്‍ അക്കൂട്ടത്തില്‍ മഹേഷും കുടുംബവുമുണ്ടായിരുന്നു. കട്ടിമീശയുള്ള സുമുഖനായ മഹേഷിന്റെ ഫോട്ടോ തെല്ലൊരത്ഭുതത്തോടെയാണ് കണ്ടത്. കാരണം, ആ മുഖത്ത് കൗമാരകാലത്തെ സ്‌ത്രൈണതയുടെ ഒരു ലാഞ്ഛനയുമില്ല. അവനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അഭിമാനവും സന്തോഷവും തോന്നി. നന്നായി പഠിച്ച് അവനിന്നൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുന്നു. കാലം മുന്നോട്ടു സഞ്ചരിക്കവെ, അവന്റെ സ്‌ത്രൈണ സവിശേഷതകളെല്ലാം പൊയ്‌പ്പോവുകയും പൗരുഷത്തിന്റെ ചേരുവകളെല്ലാം ഒത്ത യുവാവായി മാറുകയും ചെയ്തു. വിവാഹം കഴിച്ച് ഭാര്യയും രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുന്നു. താന്‍ പരിഹസിക്കപ്പെട്ടിരുന്ന ഭൂതകാലത്തിന്റെ ഭാരമൊന്നും ഇപ്പോഴവനില്ല. 
പഴയ സഹപാഠിയെ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കാരണം, സമീപകാലത്ത് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ട്രാന്‍സ്‌െജന്‍ഡര്‍ കമ്യൂണിറ്റിയെയും അവരോടുള്ള പൊതുസമൂഹത്തിന്റെ സമീപനവും കാണുമ്പോഴാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളമല്ല ഇന്ന്. മുമ്പ് ആണ്‍-പെണ്‍ ദ്വന്ദ്വങ്ങളില്‍ മാത്രം പരിമിതമായിരുന്ന ജെന്‍ഡര്‍ സ്റ്റാറ്റസ്, ഇന്ന് മൂന്നാമതൊരു ലിംഗത്തിനു കൂടി ഇടം നല്‍കിയിരിക്കുന്നു; അതാണ് ട്രാന്‍സ്‌ജെന്‍ഡര്‍. മറ്റു പല ഭാഷകളില്‍ നിന്നായി നപുംസകം, ശിഖണ്ഡി, ഹിജഡ, ഹിജറ തുടങ്ങി കുറേ പര്യായ പദങ്ങളുണ്ട് ട്രാന്‍സ്‌ജെന്‍ഡറിന്. എതിര്‍ ലിംഗത്തില്‍പ്പെട്ടവരുടെ സ്വഭാവ-മാനസിക സവിശേഷതകള്‍ കുറഞ്ഞോ കൂടുതലോ ഉള്ളവരെ ആണായും പെണ്ണായും പരിഗണിക്കാതെ ഒരു മൂന്നാം ലിംഗമായി, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പുതിയ കള്ളിയിലേക്ക് ചേര്‍ത്ത് പരിഗണിക്കുന്നതാണ് പുതിയ ട്രെന്റ്. അതാണ് പുതിയ കാലത്തെ 'പുരോഗമനം'. കുഞ്ഞ് പിറന്നുവീഴുമ്പോള്‍ ആണ്‍-പെണ്‍ ലിംഗവ്യത്യാസം നോക്കി അവരെ ആണായോ പെണ്ണായോ വളര്‍ത്തുന്ന മാതാപിതാക്കളുടെ രീതി അപരിഷ്‌കൃതവും പഴഞ്ചനുമാണെന്നാണ് നവ ലിബറല്‍ ബോധം നമ്മെ പഠിപ്പിക്കുന്നത്. താന്‍ ഏത് ലിംഗത്തില്‍പെട്ട ആളാണെന്ന് നിര്‍ണയിക്കാനുള്ള സ്വയംനിര്‍ണയാവകാശം അവനവന് തന്നെ  വകവെച്ചുനല്‍കണമെന്നാണ് നവ ലിബറല്‍ വാദം. നമ്മുടെ മാധ്യമ-ഭരണ സംവിധാനങ്ങള്‍ അതേറ്റുപാടുകയും ചെയ്യുന്നു. ആണും പെണ്ണുമല്ലാത്ത ഒരു ജീവിതം നയിക്കുക അസാധ്യമായിരുന്ന ഒരു ഭൂതകാലത്തു നിന്ന് കേരളം 'പുരോഗമി'ക്കുന്നത്, ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തെ ലെജിറ്റിമൈസ് ചെയ്തും മഹത്വവല്‍ക്കരിച്ചുമാണ്. ട്രാന്‍സ്‌ജെന്‍ഡറിലേക്കുള്ള ഈ മാറ്റത്തെ 'ആത്മസ്വത്വം' തിരിച്ചറിയലായും സാമൂഹിക പരിഷ്‌കരണമായും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ നമ്മുടെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും വലിയ പങ്കുണ്ട്. 

ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേരളത്തില്‍
കേരള സാമൂഹികനീതി വകുപ്പ് 2015-ല്‍ നടത്തിയ സര്‍വേപ്രകാരം 25,000-ല്‍ അധികം ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേരളത്തിലുണ്ട്. 2016-ല്‍ കേരള സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറിനെ ഒരു ലിംഗസ്വത്വമായി അംഗീകരിച്ചതു മുതല്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിയിട്ടുണ്ട്. 2016-ല്‍ ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ക്ഷേമത്തിനു വേണ്ടി ഒരു ബോര്‍ഡ് രൂപവത്കരിച്ചത് കേരള സര്‍ക്കാരാണ്. വോട്ടേഴ്‌സ് ലിസ്റ്റിലും സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ ഫോമുകളിലും ജെന്‍ഡര്‍ കോളത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ കൂടി ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനവും കേരളമാണ്. 2017-ല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ തൊഴില്‍ നല്‍കിയുമൊക്കെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ പരിഗണിക്കാന്‍ കേരള സംസ്ഥാനം തയാറായിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയോടുള്ള സര്‍ക്കാരിന്റെ ഉദാര സമീപനം മുമ്പ് കേരളംവിട്ട ട്രാന്‍സ്‌ജെന്‍ഡറുകളില്‍ കുറേ പേരെയെങ്കിലും കേരളത്തിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവണം. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ട്രാന്‍സ് പുരുഷനായും, പുരുഷന്‍ ട്രാന്‍സ് വുമണായും മാറുന്ന പ്രവണതയും കേരളത്തില്‍ ഏറിവരുന്നു. കേരള സാമൂഹികനീതി വകുപ്പിന്റെ കണക്കുപ്രകാരം 2021-22 കാലയളവില്‍ കേരളത്തില്‍ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. 2018-19 കാലയളവില്‍ 19 പേര്‍ മാത്രം ലിംഗമാറ്റ സര്‍ജറിക്ക് വിധേയരായപ്പോള്‍ 2021-22 കാലയളവില്‍ ഇതുവരെ 83 പേര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട്. 2018 മുതല്‍ കേരള സാമൂഹികനീതി വകുപ്പ് 127 ട്രാന്‍സ് സ്ത്രീകള്‍ക്കും 64 ട്രാന്‍സ് പുരുഷന്മാര്‍ക്കും ഇതുവരെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ട്രാന്‍സ് വുമണിന് 2.5 ലക്ഷവും ട്രാന്‍സ് മെനിന് 5 ലക്ഷത്തിന്റെ ധനസഹായവും കേരള സാമൂഹികനീതി വകുപ്പ് നല്‍കിവരുന്നു. ഇത്തരം സര്‍ജറികള്‍ നടത്തുന്ന ആശുപത്രികളും ഇന്ന് കേരളത്തിലുണ്ട്. സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായവും, നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന നവ ലിബറല്‍ ആശയങ്ങളും യുവതീ-യുവാക്കളില്‍ പലര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറായി രംഗത്തുവരാന്‍ വലിയ പ്രോത്സാഹനം നല്‍കുന്നു. 
കേരളസമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഈ ട്രാന്‍സ് സെക്ഷ്വല്‍ പ്രവണത ഉണ്ടാക്കിവെക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലെന്നതാണ് വാസ്തവം. എതിര്‍ലിംഗ സ്വഭാവസവിശേഷതകളോട് ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആകര്‍ഷണം തോന്നി, അതനുകരിക്കാന്‍ തോന്നുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ ചേക്കാറാവുന്ന മൂന്നാം ജെന്‍ഡറായിട്ടുണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍. രക്ഷിതാക്കള്‍ക്ക് ഗുണദോഷിച്ച് ശരിപ്പെടുത്താന്‍ മാത്രം ന്യൂനതയുള്ളവരെപ്പോലും ഒരു ഐഡന്റിറ്റിയായി അവതരിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുക വഴി യുവതലമുറയിലെ ഒരു വിഭാഗം ആളുകളെ ഈ കമ്യൂണിറ്റിയിലേക്ക് അടുപ്പിക്കുകയാണ്. ജന്‍മനായുള്ള ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ തന്നെ തുടരാന്‍ കഴിയുന്നവരെ നിര്‍ലോഭം പ്രോത്സാഹിപ്പിച്ചും പ്രലോഭിപ്പിച്ചും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരും മാധ്യമങ്ങളും. 
എന്റെ പ്രിയ സഹപാഠിയുടെ കോളേജ്പഠന കാലം 25 വര്‍ഷം മുമ്പായത് എത്ര നന്നായി എന്നു തോന്നുന്നു. ഇന്നായിരുന്നെങ്കില്‍ സ്‌ത്രൈണത നിറഞ്ഞ 'മഹേശ്വരി'യില്‍ നിന്ന് അവനൊരു മോചനമുണ്ടാകുമായിരുന്നു എന്ന് തോന്നുന്നില്ല. കാരണം, കേരളത്തിന്റെ മാറിയ സാമൂഹികാവസ്ഥയും സര്‍ക്കാര്‍ ധനസഹായവുമൊക്കെ പലവഴി അവനെയും തേടിയെത്തിയേനെ. അങ്ങനെ അവന്‍ ആദ്യം ട്രാന്‍സ്‌ജെന്‍ഡറും പിന്നെ ട്രാന്‍സ് വുമണും ആയി മാറിയേനെ! കേരളം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത അക്കാലത്ത്, അവന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അധ്യാപകരുമടങ്ങുന്ന സമൂഹം അവന്റെ യഥാര്‍ഥ ഐഡന്റിറ്റിയിലേക്ക് അവനെ കൊണ്ടുവന്നു. അക്കാലത്ത് ജീവിച്ചിരുന്ന എതിര്‍ലിംഗ സ്വഭാവമുള്ള പലരെയും അവരവരുടെ ലിംഗസ്വത്വത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ നമ്മുടെ സമൂഹം ജാഗരൂകമായിരുന്നു. 
+91 99472 65697
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് [email protected]