Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

മയക്കുമരുന്നുകളുടെ  നവ ലിബറല്‍ ഭൂമിക

ടി. മുഹമ്മദ് വേളം  [email protected] 

മയക്കുമരുന്നുകള്‍ കേരളത്തില്‍  പകര്‍ച്ചവ്യാധിപോലെ പടരുകയാണ്. അതിനെതിരായ പോരാട്ടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചിരിക്കുന്നു. ഈ യോജിപ്പ് കേരളീയ സമൂഹത്തെക്കുറിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഈ യോജിപ്പും, നിയമസഭയില്‍ മുഖ്യമന്ത്രി മയക്കുമരുന്നിനെതിരെ കൈക്കൊള്ളുമെന്നു പറഞ്ഞ നടപടികളും തീര്‍ത്തും സ്വാഗതാര്‍ഹമാണ്. പക്ഷേ, ഇത് ഫലപ്രദമാകണമെങ്കില്‍ ഈ വ്യാപനത്തിന്റെ കാരണങ്ങള്‍ കൂടി കണ്ടെത്തി ഇല്ലാതാക്കേണ്ടതുണ്ട്.
കേരളീയ സമൂഹത്തില്‍ പല കാരണങ്ങളാല്‍ ശക്തമായ സ്വാധീനം നേടുന്ന ലിബറല്‍ ധാര്‍മികത മയക്കുമരുന്നുകളുടെ വ്യാപനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കേരളത്തില്‍ ലിബറല്‍ ധാര്‍മികത പടരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്: ഒന്ന്, ഒരു പ്രത്യയശാസ്ത്രമെന്ന നിലക്കുള്ള കമ്യൂണിസത്തിന്റെ തകര്‍ച്ച.  രണ്ട്, കേവല വിശ്വാസാചാരപരമായി മതവിശ്വാസികളായിരിക്കെത്തന്നെ ജീവിത മൂല്യങ്ങളില്‍ ലിബറലുകളായി മാറുന്ന പ്രവണത. മൂന്ന്, യുക്തിവാദത്തിന്റെ പുതിയ തരംഗത്തിന്റെ ചെറിയ അളവിലുള്ള സ്വാധീനം.
ഒരു പ്രവൃത്തി ധാര്‍മികമാണോ അല്ലയോ എന്നു തീരുമാനിക്കുന്നതിന് ലിബറലിസം പ്രധാനമായും രണ്ടു മാനദണ്ഡങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഇത് രണ്ടും മയക്കുമരുന്ന് ഉപയോഗത്തെ തടയുന്നതല്ലെന്ന് മാത്രമല്ല, പ്രോത്സാഹിപ്പിക്കുന്നവയാണു താനും. ലിബറല്‍ ധാര്‍മികതയുടെ തത്ത്വങ്ങളിലൊന്ന് 'ഹാം പ്രിന്‍സിപ്പലാ'ണ്. മറ്റൊരാള്‍ക്ക് ഉപദ്രവമുണ്ടാക്കാത്ത ഏതു കാര്യവും വ്യക്തികള്‍ക്ക് ഒറ്റക്കോ കൂട്ടായോ ചെയ്യാം എന്ന തത്ത്വമാണത്. മയക്കുമരുന്നുകളുടെ ഉപയോഗം മറ്റൊരാള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരോ സമൂഹമോ അതില്‍ ഇടപെടേണ്ട കാര്യവുമില്ല. ഇനി, ഒരാളുടെ മയക്കുമരുന്ന് ഉപയോഗം മറ്റുള്ളവരെ ബാധിക്കുന്നുണ്ട് എന്നാണ് ലിബറലുകളുടെ വാദമെങ്കില്‍ അത് മയക്കുമരുന്നിന് മാത്രം ബാധകമായ കാര്യമല്ല. മറിച്ച്, തുറന്ന ലൈംഗികതക്കും സ്വവര്‍ഗ ലൈംഗികതക്കുമെല്ലാം ബാധകമായ കാര്യവുമാണ്. അത് ലിബറലിസത്തില്‍നിന്ന് വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടാണ്. അത് മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലുമൊക്കെയുള്ള പാരസ്പര്യത്തില്‍ ഊന്നുന്ന ധാര്‍മിക കാഴ്ചപ്പാടാണ്. ഇതാണ് മനുഷ്യനെയും പ്രകൃതിയെയും കുറിച്ച അനിഷേധ്യമായ യാഥാര്‍ഥ്യവും.
എല്ലാ ധാര്‍മിക തത്ത്വ സംഹിതകളും ഇക്കാര്യം മനുഷ്യരാശിയെ പഠിപ്പിച്ചിട്ടുണ്ട്. ബുദ്ധന്‍ പറയുന്നുണ്ട്, അതുള്ളതു കൊണ്ട് ഇതുണ്ട് എന്ന്. മനുഷ്യകര്‍മങ്ങളുടെ പാരസ്പര്യത്തിലേക്ക്് ഖുര്‍ആനും  വിരല്‍ ചൂണ്ടുന്നു: 'നിങ്ങളില്‍ കുറ്റം ചെയ്തവരെ മാത്രമായിട്ടല്ലാതെ സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ആപത്തുളവാക്കുന്ന അധര്‍മങ്ങളെ സൂക്ഷിക്കുക' (അല്‍അന്‍ഫാല്‍ 25). മറ്റൊരാളെ നേരിട്ട്  ബാധിക്കാത്ത ഏത് കാര്യവും വ്യക്തിക്ക് ചെയ്യാനവകാശമുണ്ട് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ഇപ്പോള്‍ പല ലിബറല്‍ രാജ്യങ്ങളും കുറ്റകൃത്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍  വേദനാരഹിതമായി മരിക്കാനുള്ള ഉപകരണം വികസിപ്പിച്ചെടുക്കുകയും അതിന് നിയമാംഗീകാരം നല്‍കപ്പെടുകയും ചെയ്യുകയുണ്ടായി. ലിബറല്‍ ധാര്‍മിക കാഴ്ചപ്പാടനുസരിച്ച് ഒരാളുടെ ജീവിതം തുടരണമോ അവസാനിപ്പിക്കണമോ എന്നത് ആ വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം ഭാഗമായ കാര്യമാണ്.
രണ്ട് തെറ്റായ കാഴ്ചപ്പാടുകളുടെ ഫലമായാണ് ഇത്തരം വാദങ്ങളുണ്ടാവുന്നത്: ഒന്ന്, നേരത്തെ പറഞ്ഞ വ്യക്തികള്‍ തമ്മിലെ പരസ്പര ബന്ധത്തെ പരിഗണിക്കാത്ത വ്യക്തിവാദം. രണ്ട്, പവിത്രതയെ നിഷേധിക്കുന്ന സെക്യുലര്‍ വാദം. സെക്യുലര്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ സാക്രഡ് അല്ലാത്തത് അഥവാ പവിത്രമല്ലാത്തത് എന്നാണ്. മതരഹിത സെക്യുലറിസം എല്ലാ പവിത്രതകളെയും നിഷേധിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സെക്യുലറിസത്തെ മതമൂല്യങ്ങളെക്കൂടി സ്വാംശീകരിച്ച് നവീകരിക്കുകയാണ് ചെയ്യേണ്ടത്. സംഭവിക്കുന്നത് നേരേ തിരിച്ചാണ്. മതസഹിതമായിരുന്ന നമ്മുടെ മതേതരത്വത്തിലുണ്ടായിരുന്ന മതമൂല്യങ്ങളെ നശിപ്പിക്കാനാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ലിബറല്‍ ധാര്‍മികതയുടെ മറ്റൊരടിസ്ഥാനം സന്തോഷ സിദ്ധാന്തമാണ്. ഒരു പ്രവൃത്തി പ്രയാസത്തെക്കാളും ദുഃഖത്തെക്കാളും സന്തോഷമാണ് നല്‍കുന്നതെങ്കില്‍  അത് ചെയ്യാമെന്നതാണ് ആ സിദ്ധാന്തം. ആ സിദ്ധാന്തമനുസരിച്ച് മയക്കുമരുന്നുകളുടെ  ഉപയോഗത്തെ തടയാനാവില്ല. ആളോഹരി സന്തോഷം വര്‍ധിപ്പിക്കാന്‍ മയക്കുമരുന്നുകള്‍ക്ക് കഴിയും; ഇനി അത് ഭാവിയില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് വന്നാലും. ഇപ്പോഴത്തെ സന്തോഷം വേണമോ, ഭാവിയിലെ സന്തോഷം വേണമോ എന്ന് തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടാവണം. അതുകൊണ്ടാണ് നേരത്തെ തന്നെ  മദ്യത്തിലും പുകയില ഉല്‍പന്നങ്ങളിലും നിയമപ്രകാരമുള്ള അപകടമുന്നറിയിപ്പുകള്‍ നല്‍കി അവ വില്‍പ്പന നടത്തുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെക്കുറിച്ച ഒരു കഥ പറയാറുണ്ട്. ചര്‍ച്ചിലിന് 60 വയസ്സായപ്പോള്‍ വൈദ്യപരിശോധന നടത്തിയത്രെ. ഡോക്ടര്‍ പറഞ്ഞു: മദ്യപിക്കാതെയും പുക വലിക്കാതെയുമിരുന്നാല്‍ പത്ത് വര്‍ഷം കൂടി ആരോഗ്യത്തോടെ ജീവിക്കാം. ചര്‍ച്ചില്‍ പറഞ്ഞത്രെ, ഇതൊന്നുമില്ലാതെ പത്ത് വര്‍ഷം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഇതെല്ലാം സഹിതം കുറച്ചുകാലം ജീവിക്കുന്നതല്ലേ?
പുതിയ തലമുറയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാവുന്നു എന്നതാണ് ഇപ്പോള്‍ കേരളീയ സമൂഹത്തിന്റെ പൊതുവായ ഉല്‍ക്കണ്ഠ. ലിബറല്‍ മൂല്യബോധം കൂടുതല്‍ സ്വാധീനിക്കുന്നത് അവരെയാണ്. പോരാത്തതിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ലിബറല്‍ മൂല്യങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ശക്തമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസ സമ്പ്രദായം ഇതിന്റെ ഭാഗമാണ്. 
ഒപ്പം എസ്.എഫ്.ഐ കാമ്പസുകളില്‍ ലിബറല്‍ ധാര്‍മികത എന്ന അധാര്‍മികതയുടെ അക്രമാസക്തരായ വക്താക്കളായിരിക്കുന്നു. മുദ്രാവാക്യമില്ലാതായ കമ്യൂണിസ്റ്റ് ചെറുപ്പത്തിന്റെ മുദ്രാവാക്യമായി ലിബറലിസം മാറുകയാണ്. അങ്ങനെയാണ് രക്തസാക്ഷി ദിനമാചരിച്ചിരുന്നവര്‍ സ്വയംഭോഗ ദിനമാചരിക്കുന്നവരായി മാറിയത്. ലിബറല്‍ മൂല്യബോധം അംഗീകരിക്കുകയും എന്നാല്‍ മയക്കുമരുന്ന് ഉപയോഗം വലിയ പ്രശ്നമാണ് എന്ന് പറയുകയും ചെയ്യുന്നതിലെ യുക്തിരാഹിത്യത്തെയാണ് പുതിയ തലമുറ പൊളിച്ചടുക്കുകയും പുകച്ചടുക്കുകയും ചെയ്യുന്നത്.
മയക്കുമരുന്നുകള്‍ നിയമാനുസൃതമാക്കാന്‍ വേണ്ടിയുള്ള മൂവ്മെന്റുകള്‍ ലിബറല്‍ ലോകത്ത് ഇന്ന് സജീവമാണ്. നിയമപരമായ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് ഇവ അനുവദിക്കണമെന്നതാണ് ആ വാദത്തിന്റെ മര്‍മം. 2001-ല്‍ പോര്‍ച്ചുഗല്‍ ചെറിയ അളവിലുള്ള മയക്കുമരുന്ന് അഥവാ സ്വന്തം ഉപയോഗത്തിനുള്ളത് കൈവശം വെക്കുന്നത്  നിയമാനുസൃതമാക്കി. മെക്‌സിക്കോ സിറ്റി ചില മയക്കുമരുന്നുകളുടെ  ഉപയോഗം കുറ്റകരമല്ലാതാക്കി. ഗ്രീസ് അപ്രകാരം ചെയ്യാന്‍ പോവുകയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പോര്‍ച്ചുഗല്‍ മാതൃക സ്പെയിനും പിന്തുടരുകയാണ്. മരിജുവാന (Marijuvana) എന്ന മയക്കുമരുന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ കൊളറാഡോ, വാഷിംഗ്ടണ്‍, ഒറിഗോണ്‍ എന്നീ സ്റ്റേറ്റുകള്‍ നിയമാനുസൃതമാക്കി. നെതര്‍ലാന്‍ഡില്‍ ഇതിന്റെ കടകള്‍ 'കോഫി ഷോപ്പുകള്‍' എന്നാണറിയപ്പെടുന്നത്. 
ഇപ്പോള്‍ എല്‍.ഡി.എഫ് മൊത്തത്തിലും യു.ഡി.എഫിലെ ചില നേതാക്കളും, എല്‍.ജി.ബി.ടി. ക്യൂ.എ പ്ലസ് ഉള്‍ക്കൊള്ളുന്ന ജെന്‍ഡര്‍ പൊളിറ്റിക്സിനു വേണ്ടി വാദിക്കുന്നവരായുണ്ട്. എല്‍.ഡി.എഫ് ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷത്തിന് ഒന്നിച്ച് ഒരു നിലപാട് ഇക്കാര്യത്തില്‍ എടുക്കാന്‍ കഴിയാത്തതിന്റെ കാരണമതാണ്. അത് വെറുതെ സംഭവിച്ചതല്ല. എല്‍.ജി.ബി.ടി. ക്യു.ഐ.എ പ്ലസിനു  വേണ്ടിയുള്ള ശക്തമായ ലോബിയിംഗിന്റെയും അഡ്വാക്കസിയുടെയും സ്വാധീനഫലമായി സംഭവിച്ചതാണ്. മയക്കുമരുന്നുകള്‍ എന്ന ലിബറല്‍ അവകാശത്തിനു വേണ്ടിയുള്ള അഡ്വാക്കസിയും ലോബിയിംഗും കേരളത്തിലെത്താന്‍ സമയം എടുക്കുന്നു എന്നതു കൊണ്ട് മാത്രമാണ് കേരള നിയമ സഭക്ക് ഒറ്റക്കെട്ടായി മയക്കുമരുന്നുകള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയുന്നത്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ മയക്കുമരുന്നുപയോഗ അവകാശത്തിനായി നിലകൊള്ളുന്ന നേതാക്കളുടെ സാമാജികത എല്‍.ഡി.എഫിലും യു.ഡി.എഫിലുമുണ്ടാവും. ഇന്ന് എല്‍.ജി.ബി.ടിക്കുവേണ്ടി വാദിക്കുന്നതുപോലെ മയക്കുമരുന്നുപയോഗാവകാശത്തിനായി വാദിക്കുന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനകളും (എന്‍.ജി.ഒ) പൗരസമൂഹവും (സിവില്‍ സൊസൈറ്റി)  കേരളത്തിലും രൂപപ്പെടും.
ലിബറലിസത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മൂല്യ മണ്ഡലം നാം പല സ്രോതസ്സുകളില്‍ നിന്നായി വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രശ്നത്തിന്റെ യഥാര്‍ഥ പരിഹാരം. അത്തരമൊരു ബദല്‍ മൂല്യ മണ്ഡലത്തില്‍ നിന്ന് പോഷണം സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സിവില്‍ സമൂഹത്തിനുമൊക്കെ സാധിക്കേണ്ടതുണ്ട്. അല്ലാത്തിടത്തോളം നിയമസഭ എത്ര ഉല്‍ക്കണ്ഠാഭരിതമായാലും പുതിയതും പഴയതുമായ ലഹരികളുടെ വ്യാപനം കൂടുക തന്നെയാണ് ചെയ്യുക. 
 97449 44521
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് [email protected]