Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

മദ്യാസക്തി  രോഗമായി  മാറുമ്പോള്‍

ഡോ. ലാംബര്‍ട്ട് കിഷോര്‍  [email protected]

ഭൂമുഖത്ത് ആവിര്‍ഭവിച്ച കാലം മുതല്‍ക്കേ മനുഷ്യര്‍ക്ക് ആസക്തിയുണ്ടായിരുന്നു. മനുഷ്യര്‍ ബയോകെമിക്കല്‍ തന്മാത്രകളുടെ പരിണാമത്തിലൂടെ ആവിര്‍ഭവിച്ചതാണെന്ന് ശാസ്ത്രം പറയുന്നു (Oparin and Haldane 1929). അതുകൊണ്ടുതന്നെയാവാം മനുഷ്യര്‍ വളരെ പെട്ടെന്നുതന്നെ ആസക്തിക്ക് കാരണമാകുന്ന കെമിക്കലുകള്‍ക്ക് വിധേയരായിപ്പോകുന്നത്. നമ്മുടെ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും പല പുണ്യ വ്യക്തികള്‍ പോലും മദ്യത്തിലും ചൂതുകളിയിലും സ്ത്രീയിലും ധനത്തിലും ആസക്തരായതായി കാണുന്നു. ആസക്തിയെ പലതരത്തില്‍ വര്‍ഗീകരിക്കാം: മദ്യാസക്തി (Alcoholism), മയക്കുമരുന്നിനോടുള്ള വിധേയത്വം (Narcotism), മാനസിക വിധേയത്വം (Psychosism) എന്നിവ അവയില്‍ ചിലതു മാത്രം. ഇവയില്‍ ഇന്ന് നമ്മുടെ സമൂഹത്തെ ഏറ്റവും കൂടുതല്‍ കാര്‍ന്നുതിന്നുന്ന മദ്യാസക്തിയെപ്പറ്റിയാണ് ഈ കുറിപ്പ്.
മദ്യത്തില്‍ കാണുന്ന രാസവസ്തു 'എത്തനോള്‍' ആണ്. ഇതിനോടൊപ്പം ചെറിയ തോതില്‍ മറ്റു മാരക രാസവസ്തുക്കളും കണ്ടുവരുന്നു. ഇവ നമ്മുടെ ആമാശയത്തില്‍ വെച്ച് രക്തത്തില്‍ പ്രവേശിക്കുകയും കരളില്‍ വെച്ച് ആല്‍ഡിഫൈഡുകളായി രൂപാന്തരപ്പെട്ട് കോശങ്ങളിലേക്ക് എത്തുകയും അവിടെ വെച്ച് അസറ്റിക് ആസിഡായി മാറുകയും സാവധാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡായും ജലമായും രൂപാന്തരപ്പെട്ട് വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു.
ശരീരത്തില്‍ 0.01 ശതമാനം മദ്യം എത്തിയാല്‍ വ്യക്തിയുടെ സമനില നഷ്ടപ്പെടാന്‍ തുടങ്ങും. മദ്യത്തിന്റെ തോതനുസരിച്ച് ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും അത് സ്വാധീനിക്കും. അമിത മദ്യപാനം, മദ്യാസക്തനെ സാവധാനം രോഗിയാക്കി രൂപാന്തരപ്പെടുത്തുന്നു. ഇവരില്‍ കണ്ടുവരുന്ന ശാരീരിക രോഗങ്ങളാണ് ലിവര്‍ സിറോസിസ് (Liver Cirrhosis), കാന്‍സര്‍ (Cancer), പ്രത്യുല്‍പാദനശേഷിക്കുറവ് (Impotence) തുടങ്ങിയവ. മറവിരോഗം (Amnesia), വിഷാദ രോഗം (Depression), ആധി (Anxiety), സംശയരോഗം (Delusion), സൈകോസിസ് (Psychosis) എന്നിങ്ങനെ മാനസിക രോഗങ്ങളുടെ പട്ടിക നീളുന്നു. ഇവര്‍ സാമൂഹികമായി പൂര്‍ണമായും ഒറ്റപ്പെടുകയും വെറുക്കപ്പെട്ടവരായി ശിഷ്ടകാലം തള്ളിനീക്കേണ്ട ദയനീയ സ്ഥിതിയിലെത്തുകയും ചെയ്യുന്നു.
മദ്യപന്മാരെ വളരെ മോശം വ്യക്തികള്‍ എന്നു കരുതി, പാപികളുടെയും ദുര്‍വൃത്തരുടെയും കൂട്ടത്തില്‍ തള്ളാനാണ് മിക്കവരും ഉത്സാഹം കാണിക്കുന്നത്. ഇതില്‍ മെഡിക്കല്‍ സയന്‍സില്‍ ജ്ഞാനം ലഭിച്ചവരും പെടുന്നു എന്നുള്ളതാണ് സങ്കടാവസ്ഥ. മദ്യാസക്തി എന്ന വാക്കിനെ വിഭജിക്കുമ്പോള്‍ മദ്യം+ആസക്തി എന്നെഴുതാം. ഒറ്റ നോട്ടത്തില്‍ ഇതില്‍ ഭീകരന്‍ മദ്യം തന്നെ. മദ്യം വീണ്ടും വീണ്ടും കഴിക്കണമെന്ന് ചിന്തയുള്ളവനെയും തന്റെ ജീവിതം തന്നെ മദ്യത്തിനു വേണ്ടിയാണെന്ന് കരുതുന്നവനെയും മദ്യാസക്തന്‍ എന്നു വിളിക്കാം. ഇവിടെ മദ്യമാണോ ആസക്തിയാണോ നമ്മെ ഭരിക്കുന്നത് എന്ന സംശയം നിലനില്‍ക്കുന്നു.
1920-ല്‍ അമേരിക്കയില്‍ പൂര്‍ണ മദ്യനിരോധനം കൊണ്ടുവന്നു. പോര്‍ട്ടുകളിലും എയര്‍പോര്‍ട്ടുകളിലും മദ്യം രാജ്യത്തിനകത്ത് കടന്നുവരാത്ത വിധം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കള്ളവാറ്റുകാര്‍ക്ക് വധശിക്ഷ വിധിച്ചു. മദ്യപന്മാരെ ജയിലിലടച്ചു. 1933 ആയപ്പോഴേക്കും ഈ സംരംഭം പൂര്‍ണ പരാജയമാണെന്ന് മനസ്സിലായി. നിയമങ്ങള്‍ പിന്‍വലിക്കുകയേ പിന്നെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഈ കാലയളവിലാണത്രെ അമേരിക്കയില്‍ മദ്യപന്മാരുടെ എണ്ണം എക്കാലത്തെക്കാളും കൂടുതല്‍ വര്‍ധിച്ചത്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്ത മദ്യത്തെ നിയന്ത്രിക്കണമോ അതോ ആസക്തിയെ നിയന്ത്രിക്കണമോ എന്നുള്ളതാണ്. രോഗലക്ഷണത്തിനാണോ ചികിത്സ നല്‍കേണ്ടത്, അതോ രോഗത്തിനാണോ? മദ്യപിക്കുന്നത് രോഗലക്ഷണം മാത്രം; മദ്യപിക്കാനുള്ള ആസക്തിയെ തിരിച്ചറിഞ്ഞാണ് യഥാര്‍ഥ ചികിത്സ ആരംഭിക്കേണ്ടത്.
മദ്യാസക്തിയെ മനഃശാസ്ത്രജ്ഞന്മാര്‍ ഒരു പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ആയി കണക്കാക്കുന്നു. മെഡിക്കല്‍ സയന്‍സില്‍ ഇതൊരു പ്രോഗസ്സീവ് ഡിസീസ് ആണ്. സാമൂഹിക ശാസ്ത്രം മദ്യാസക്തിയെ പെരുമാറ്റ ദൂഷ്യമായും കാണുന്നു. ഒരു മദ്യപന്റെ ജീവിത ചക്രം പരിശോധിച്ചാല്‍ അയാള്‍ മദ്യപിച്ചാലും, പതിനഞ്ചു വയസ്സു മുതല്‍ ഇരുപത് വയസ്സുവരെ സൗമ്യനായി പെരുമാറുകയും ഇടപഴകുകയും ചെയ്‌തെന്നിരിക്കും. ഇതിനെ ആല്‍ക്കഹോളിസത്തിന്റെ പ്രാരംഭ ഘട്ടം എന്നു പറയും. ഇത് തുടരുകയാണെങ്കില്‍ 20-30 വയസ്സിന്റെ ഇടയില്‍ അയാളുടെ സന്തുലനാവസ്ഥ നഷ്ടപ്പെടും. ഇതിനെ ദ്വിതീയ ഘട്ടം എന്നു പറയാം. 30-40 വയസ്സിനിടയില്‍ കുടി മൂര്‍ധന്യാവസ്ഥയിലെത്തുകയും ബന്ധങ്ങളും ജോലിയും മറ്റും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിനെ വിഷമഘട്ടം എന്നു പറയാം. 40 വയസ്സിനു ശേഷം, തന്നെ ആര്‍ക്കും വേണ്ടാതായി എന്ന തോന്നല്‍ അയാളില്‍ കടുത്ത ഏകാന്തത സൃഷ്ടിക്കുന്നു. ക്രമേണ അയാള്‍ മാനസിക വൈകല്യങ്ങള്‍ക്ക് അടിമയായിത്തീരുന്നു. പിന്നീട് നികൃഷ്ട ജീവിയെപ്പോലെയാവും അയാളുടെ പെരുമാറ്റം. ഈ ഘട്ടത്തെ രോഗഘട്ടം  എന്നു പറയാം.
ഗുരു നിത്യചൈതന്യ യതി സ്‌നേഹസംവാദം എന്ന പുസ്തകത്തില്‍ 'നീ എന്റെ പ്രിയ സഹോദരന്‍' എന്ന ശീര്‍ഷകത്തില്‍ എഴുതുന്നു: ''മദ്യപനും മയക്കുമരുന്നിന് അടിപ്പെട്ടവനും ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യത്തില്‍നിന്ന് ഇളവ് കിട്ടണം; വിടുതല്‍ കിട്ടണം. അവനു ദുഃഖത്തില്‍നിന്നും മോക്ഷം ലഭിക്കണം. മദ്യപാനികളുടെ മുഖത്ത് തുപ്പരുത്, മയക്കുമരുന്ന് കഴിച്ചവനെ ഇരുട്ടില്‍ തള്ളരുത്. അവര്‍ക്ക് സ്‌നേഹം, കാരുണ്യം, സാമീപ്യം എന്നിവ ആവശ്യമുണ്ട്. അത് നല്‍കാനുള്ള ക്ഷമ നമ്മള്‍ കാണിക്കണം.''
1939-ല്‍ അച്ചടിച്ചു പുറത്തിറക്കിയ 'ആല്‍ക്കഹോളിക് അനോണിമസി'ന്റെ ബിഗ് ബുക്കിലും പറയുന്നത് ഇങ്ങനെയാണ്: മദ്യാസക്തന്‍ ഒരു ഭോഷ്‌കനല്ല (Alcoholic is not a bad man), മദ്യാസക്തന്‍ ഒരു ഭ്രാന്തനല്ല (Alcoholic is not a madman). മദ്യാസക്തന്‍ ഒരു രോഗിയാകുന്നു (Alcoholic is a sick man).
മദ്യപനെ എങ്ങനെ രക്ഷിക്കാം? അതിനു മുമ്പ്, ഒരു വ്യക്തി എങ്ങനെ മദ്യപനായി എന്ന് കണ്ടെത്തണം. വ്യക്തികള്‍ക്കനുസരിച്ച് കാരണങ്ങളും വ്യത്യസ്തമായിരിക്കും. എന്നാല്‍, അവയെല്ലാം ചേര്‍ത്ത് നമുക്കവയെ ഇങ്ങനെ തരം തിരിക്കാം:

1. വ്യക്തിത്വ വികാസത്തിലെ വൈകല്യങ്ങള്‍.
2. കുടുംബ പശ്ചാത്തലത്തിലെ അസന്തുലനാവസ്ഥ, അച്ചടക്കമില്ലായ്മ.
3. വൈകാരികമായ അസുന്തലനാവസ്ഥ.
4. ശാരീരികമായ ചില രോഗങ്ങള്‍.
5. ആത്മീയമായ അടിത്തറയില്ലായ്മ.
6. പാരമ്പര്യമായി കിട്ടിയ ചില ജീന്‍ പ്രത്യേകതകള്‍.

മദ്യപന് രോഗമുക്തിക്ക് വേണ്ടത് ശാരീരിക-മാനസിക ചികിത്സയാണ്. അയാള്‍ക്കാവശ്യമായ സ്‌നേഹവും കരുണയും സമയവും നല്‍കാന്‍ കഴിയണം. അയാള്‍ക്ക് നിങ്ങളില്‍ വിശ്വാസം വന്നാല്‍ ഉടനെ അടുത്ത ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുക (അയാള്‍ ചികിത്സ വേണ്ടെന്ന് പറഞ്ഞാല്‍ തന്ത്രപൂര്‍വം അയാളെ അവിടെ എത്തിക്കേണ്ടിവരും). ചികിത്സ കഴിഞ്ഞ് വരുന്ന മദ്യപന് ശാരീരികമായ ആസക്തി മാത്രമേ ശമിക്കുന്നുള്ളൂ. ബാക്കിയുള്ളവ അങ്ങനെതന്നെ നില്‍ക്കും. കാള്‍ യുങ് പറഞ്ഞു: മദ്യപനില്‍ ഉണ്ടാവേണ്ടത് ആത്മീയ പരിവര്‍ത്തനമാണ് (From spirit to spirituality);  അഥവാ ആസക്തിയില്‍നിന്ന് ആത്മീയ ശക്തിയിലേക്ക്.
മദ്യപന് തന്നില്‍തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അതിനാല്‍, അയാള്‍ക്ക് ആദ്യം തന്നില്‍ തന്നെ വിശ്വാസം ഉണ്ടാവുകയാണ് വേണ്ടത്. എഴുപത്തിയഞ്ചു ശതമാനത്തോളം മദ്യപന്മാരും നിരീശ്വരവാദികളോ അജ്ഞേയവാദികളോ ആണ്. അവരില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ കഴിഞ്ഞാല്‍  അതവരെ ദൈവത്തെ കണ്ടെത്താന്‍ സഹായിക്കുന്നു. ആത്മീയ ഉണര്‍വ് ലഭിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, ഞാന്‍ ആര് എന്ന് സ്വയം ചിന്തിക്കുന്നു. വളരെ പെട്ടെന്നുതന്നെ Iam an Alcoholic എന്ന ഉത്തരം കിട്ടുന്നു. ഞാന്‍ ഒരു മദ്യപനാണെന്നും ഇനി എനിക്ക് ഒരു തുള്ളി പോലും നിയന്ത്രിച്ചു കുടിക്കാന്‍ കഴിയില്ലെന്നും മനസ്സിലാകുന്നു. തനിക്ക് സുബോധം ലഭിച്ചു തുടങ്ങുമ്പോള്‍ മദ്യാസക്തന്‍ തന്റേത് അനിയന്ത്രിത ജീവിതമാണെന്ന് മനസ്സിലാക്കുന്നു. അനിയന്ത്രിത ജീവിതം തനിക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അതിന് തന്നെക്കാള്‍ വലിയ ശക്തിയെ കണ്ടെത്തണമെന്നും തിരിച്ചറിയുന്നു. 
മദ്യാസക്തിക്കടിപ്പെടാതെ യുവതലമുറയെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് ചിന്തിക്കണം. ചില നിര്‍ദേശങ്ങള്‍:
ഒന്ന്, ആത്മീയമായ അടിത്തറ. ആത്മീയ ജീവിതം തെരഞ്ഞെടുത്ത വ്യക്തികള്‍ ആസക്തികളില്‍ പെടാതെ ജീവിക്കുന്നവരായി കാണുന്നുണ്ട്. കുഞ്ഞുങ്ങളെ ദൈവവിശ്വാസത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുക.
രണ്ട്, ധാര്‍മികതയും സാമൂഹിക മൂല്യങ്ങളും വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. 'അരുത്' എന്നു പറയേണ്ടിടത്ത് 'അരുത്' എന്നു പറയാന്‍ ശീലിക്കുക.
മൂന്ന്, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദോഷങ്ങളെക്കുറിച്ച് ചെറുപ്പത്തില്‍തന്നെ കുട്ടികളെ ബോധവത്കരിക്കുക. അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
നാല്, വ്യവസ്ഥയുള്ളയിടത്ത് മാത്രമേ സ്വസ്ഥതയുള്ളൂ; വ്യവസ്ഥ ശീലിപ്പിക്കുക. 
(കോഴിക്കോട് മലബാര്‍ 
ക്രിസ്ത്യന്‍ കോളേജ് അസോസിയേറ്റ് 
പ്രഫസറും ജന്തുശാസ്ത്ര വിഭാഗം
തലവനുമായിരുന്നു ലേഖകന്‍)
9847355248

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് [email protected]