വിലക്കിയ വാക്കുകള്‍
മൗനം കൊണ്ട്
ഉത്തമ പൗരനാവുക
വാക്കു കൊണ്ട്
രാജ്യദ്രോഹിയാവുക
അങ്ങനെയാണ് ഞാന്‍
നാവില്‍ നിന്നും
വാക്കുകള്‍ ഊരിയെറിഞ്ഞ്
തൂക്കുമരത്തോട് അവധി ചോദിച്ചത്
തുപ്പിയ വാക്കുകളുടെ
പ്രായശ്ചിത്തമെന്നോണം
ചാട്ടവാറടിയേറ്റു വാങ്ങിയത്
പുറപ്പെട്ടുപോയ
ഓരോ വാക്കിനും
അത് താണ്ടിയ ദൂരത്തിനനുസരിച്ച്
പിഴയും പിഴപ്പലിശയും അടച്ചത്
ആംഗ്യ ഭാഷക്കെങ്കിലും
വിരലുകള്‍ തിരികെ വാങ്ങാന്‍
പകലന്തിയോളം
ക്യൂ നിന്നത്
ഇന്നലെ പിറന്നു വീണ
കുഞ്ഞിന്റെ കണ്ണും കാതും
നാവും പിഴുതെടുത്ത്
പൗരത്വത്തിനായി
ഓഫീസുകള്‍ കയറിയിറങ്ങിയത്
കൂട്ടിലെ തത്തയുടെ
നാവുപോലും കൗണ്ടറിലടച്ച്
രസീത് കൈപ്പറ്റി
ഉത്തമ പൗരനായി വിലസിയത്
സ്തുതി പാടുന്നതിന്
ആഴ്ചയിലൊരിക്കല്‍
നാവു തിരികെ തരാമെന്ന്
അങ്ങനെയാണ്
വിജ്ഞാപനം ഇറങ്ങുന്നത്
നാവില്ലാതെ, വാക്കില്ലാതെ
ജീവിക്കേണ്ടി വന്ന
മകന്റെ, മകളുടെ വളര്‍ച്ച
രാഷ്ട്രത്തിന്റെ മീശയെക്കാള്‍
വേഗത്തിലായിരുന്നു
അവരുടെ ബാഗ് നിറയെ
ചോറ്റുപാത്രം നിറയെ
മഷിക്കുപ്പി നിറയെ
വിലക്കപ്പെട്ട വാക്കുകള്‍ പുളയ്ക്കുന്നു
ഇനിയതെന്നാണാവോ
തെരുവിലേക്ക് കുതിക്കുക!
ഏകഛത്രാധിപതിയുടെ
മുഖത്തേക്ക് കാറിത്തുപ്പുക!
Comments