Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

ഓഹരി  വിപണി എത്തിക്കല്‍ ഷെയര്‍ ഇന്‍വെസ്റ്റ്‌മെന്റ്

യാസര്‍ ഖുതുബ്

ഒരു സമൂഹത്തിന്റെ നിലനില്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് സമ്പത്ത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ നാഗരികതകളുടെ നിര്‍മാണം വരെ സമ്പത്തുമായി പരസ്പരം ബന്ധിതമാണ്. സമൂഹത്തിന്റെ സുസ്ഥിര വികസനത്തിന് സാമ്പത്തിക ശാക്തീകരണം എത്ര  പ്രധാനമാണെന്ന്  നമുക്കറിയാം. പലപ്പോഴും സാമ്പത്തികമായി ഉന്നതിയിലുള്ളവരും കോര്‍പ്പറേറ്റുകളുമാണ് ലോകത്തിന്റെ അജണ്ട  നിര്‍ണയിക്കുന്നതും രാഷ്ട്രീയത്തെയും രാജ്യങ്ങളെയും വരെ നിയന്ത്രിക്കുന്നതും. വ്യത്യസ്ത സംഭവങ്ങളും വാര്‍ത്തകളും വിപണിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും അത് ലോക ഗതിയെ തന്നെ സ്വാധീനിക്കുന്നതും നമുക്ക് കാണാം.
അതുകൊണ്ടു തന്നെ വ്യക്തി എന്ന നിലക്കും സമുദായം എന്ന നിലക്കും സാമ്പത്തികമായി ഉന്നതി പ്രാപിക്കുക എന്നത് ഇസ്‌ലാമില്‍ നന്നായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഹലാലായ നിക്ഷേപങ്ങളിലൂടെ ഒരു വരുമാന സ്രോതസ്സ് ഉണ്ടാവുകയും അതു വഴി സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്താല്‍ മുഴുവന്‍ സമയവും ജോലിയുമായി കെട്ടുപിണഞ്ഞു കിടക്കാതെ മറ്റു കാര്യങ്ങള്‍ക്കു കൂടുതല്‍ സമയം ലഭിക്കും. സമ്പത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളും ഒഴിവാക്കാനാവും.
ന്യൂ നോര്‍മല്‍ കാലത്ത് ധാരാളം പേരാണ് ഷെയര്‍ മാര്‍ക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പ്രത്യേകിച്ച് പുതിയ ജനറേഷന്‍ യുവാക്കള്‍. അവര്‍  ബിസിനസ് ചെയ്യുന്ന ഒരു സാധാരണ ഇടം കൂടി ആയി മാറുകയാണ് ഇന്ന് ഓഹരി വിപണി.  കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയവരും ഓണ്‍ലൈന്‍ ബ്രോക്കര്‍ ആപ്പുകളില്‍ അക്കൗണ്ട് പുതുതായി തുടങ്ങിയവരും ലക്ഷക്കണക്കിന് ആളുകള്‍ (15 ദശലക്ഷം) ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍, ഓഹരിവിപണിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. അതിന്റെ ഭാഗമാകുമ്പോഴേ പലപ്പോഴും ക്രിയാത്മക പരിവര്‍ത്തനങ്ങള്‍ സാധ്യമാവൂ.
ഷെയര്‍  മാര്‍ക്കറ്റിനെയും ഓഹരികളെയും കുറിച്ച് കേള്‍ക്കുമ്പോള്‍ അത് അനഭിലഷണീയമോ നിഷിദ്ധമോ ആണെന്ന രീതിയിലാണ് പല ഇസ്ലാമിക പ്രതികരണങ്ങളും. ചൂതാട്ടം, ഊഹക്കച്ചവടം തുടങ്ങിയ ഗണത്തില്‍ ഉള്‍പ്പെടുത്തി ഷെയര്‍ മാര്‍ക്കറ്റിന് മൊത്തത്തില്‍ ഒറ്റയടിക്ക് തന്നെ ഹറാം ഫത്‌വ നല്‍കുന്ന പലരുമുണ്ട്.  ഫിനാന്‍സും ഇസ്‌ലാമിക് എക്കണോമിക്‌സും പഠിക്കുന്നവരില്‍ തന്നെ, പ്രായോഗികമായി ഷെയര്‍ മാര്‍ക്കറ്റില്‍ ഇടപെടുന്നവര്‍  വിരളമാണ്.  ഷെയര്‍ മാര്‍ക്കറ്റിലെ ചില ടെര്‍മിനോളജികളും ആദ്യപാഠങ്ങളും സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനുള്ള ചെറിയ ശ്രമം എന്ന നിലയിലാണീ ലേഖനം. വിഷയ വിദഗ്ധര്‍, ഇസ്ലാമിക പണ്ഡിതര്‍ തുടങ്ങിയവര്‍ അനിവാര്യമായും പഠനങ്ങളും ചര്‍ച്ചകളും  ഗവേഷണങ്ങളും നടത്തേണ്ട മേഖലയും സന്ദര്‍ഭവും ആണിത്.

ഷെയറുകള്‍

പേര് സൂചിപ്പിക്കുന്നതു പോലെ, ഒരു കമ്പനിയുടെ ആസ്തിയെ നിശ്ചിത ഭാഗങ്ങളായി വിഭജിക്കുന്നതിനെയാണ് ഓഹരികള്‍ അല്ലെങ്കില്‍ ഷെയറുകള്‍ എന്ന് പറയുന്നത്. ലഭ്യമായതില്‍ നിന്ന് നിശ്ചിത എണ്ണം ഷെയറുകള്‍ നമുക്ക് വാങ്ങാം. അപ്പോള്‍ പ്രസ്തുത കമ്പനിയില്‍  നിശ്ചിത  ശതമാനം പങ്കാളിത്തമുള്ള ഉടമസ്ഥരായി നാം മാറുന്നു. ലാഭത്തിലും നഷ്ടത്തിലും ഒരുപോലെ പങ്കാളികളാകുന്നു.  ഗവണ്‍മെന്റിന്റെയും മറ്റു ബോഡികളുടെയും കര്‍ശനമായ   നിയമങ്ങള്‍ക്ക് വിധേയമായാണിവ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ  വഞ്ചനകള്‍ക്കും തട്ടിപ്പുകള്‍ക്കുമുള്ള സാധ്യത വളരെ കുറവാണ്.
പബ്ലിക്കായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഷെയറുകള്‍ കച്ചവടം ചെയ്യപ്പെടുന്ന (വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന) സ്ഥലമാണ് സ്റ്റോക്ക് മാര്‍ക്കറ്റ്. ഇന്ത്യയില്‍ രണ്ട് സ്റ്റോക്ക് മാര്‍ക്കറ്റുകളാണ് നിലവിലുള്ളത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (BSE & NSE). ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മികച്ച 30 കമ്പനികളെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഡക്‌സ് ആണ്  Sensex. അതുപോലെ NSEse ടോപ് 50 കമ്പനികളെ അടിസ്ഥാനമാക്കിയുള്ള സൂചകമാണ് Nifty50.
ഗവണ്‍മെന്ററ് ഓഫ് ഇന്ത്യയുടെയും സെബി(SEBI) യുടെയും നിബന്ധനകളും നിയമങ്ങളും പാലിച്ചാല്‍ മാത്രമേ ഒരു കമ്പനിക്ക് പബ്ലിക്  ലിസ്റ്റഡ് പദവി ലഭിക്കൂ. IPO Initial Public Offering വഴിയാണ്  കമ്പനിയുടെ ഷെയറുകള്‍ പൊതുജനങ്ങളില്‍ ആദ്യമായി എത്തുന്നത്. ഒരു കമ്പനിയുടെ ശക്തി മനസ്സിലാക്കുന്നതിന് ഫിനാന്‍സ് സ്റ്റേറ്റ്‌മെന്റുകള്‍ നോക്കി ളൗിറമാലിമേഹ അനലൈസ് നടത്തുന്നു. അതിനുശേഷമാണ് ഷെയറുകള്‍ വാങ്ങുക. ഒരു കമ്പനിയുടെ പ്രവര്‍ത്തനക്ഷമത, മാര്‍ക്കറ്റിലെ നിക്ഷേപകരുടെ ആഭിമുഖ്യങ്ങള്‍ (Sentiments) എന്നിവയാണ് ഷെയര്‍  വിലയുടെ ഉയര്‍ച്ച-താഴ്ചകളെ  ബാധിക്കുന്ന ഘടകങ്ങള്‍. ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉണ്ടായതിനാല്‍ തന്നെ, ഓരോ സെക്കന്‍ഡിലും ട്രാന്‍സാക്ഷനുകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് എക്‌സ്‌ചേഞ്ചുകളില്‍ നിമിഷം പ്രതിയുള്ള വില മാറ്റം നാം സ്‌ക്രീനുകളില്‍  കാണുന്നത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ബ്രോക്കര്‍മാര്‍ വഴിയേ സാധാരണക്കാര്‍ക്ക് ഷെയറുകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇതിന്  വേണ്ടിയുള്ള ഓണ്‍ലൈന്‍ ആപ്പുകളും  ഇന്ന് ധാരാളം ലഭ്യമാണ്. പാന്‍ കാര്‍ഡ്, ഡീമാറ്റ് & ട്രേഡിങ്ങ് അക്കൗണ്ട് എന്നിവയാണ് വ്യക്തികള്‍ക്ക് ഷെയര്‍ വിപണനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന ഉപാധികള്‍. നമുക്ക് ലഭിക്കുന്ന ഷെയറുകള്‍ സേവ് ചെയ്തു വെക്കുന്നതിനാണ് ഡീമാറ്റ് അക്കൗണ്ട്. പണ്ട് ഷെയര്‍ പത്രങ്ങള്‍,   പേപ്പര്‍ സര്‍ട്ടിഫിക്കറ്റ് രൂപത്തിലായിരുന്നു ലഭിച്ചിരുന്നത്. അവയുടെ ഇന്നത്തെ ഡിജിറ്റല്‍ രൂപമാണ്  ഡീമാറ്റ്.  ബ്രോക്കര്‍ക്ക് നല്‍കുന്ന പണം   സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന അക്കൗണ്ട് ആണ് ട്രേഡിങ് അക്കൗണ്ട്. ഇതുവഴിയാണ് നാം ക്രയവിക്രയങ്ങള്‍ നടത്തുക.
ലാഭ-നഷ്ട അടിസ്ഥാനത്തില്‍ ഒരു ഹലാലായ  സംരംഭത്തില്‍ ചേരുന്നത്  ഇസ്‌ലാം അനുവദനീയമാക്കിയിട്ടുണ്ടല്ലോ.  അതിനാല്‍ തന്നെ, ഇത്തരം കമ്പനികളുടെ ഷെയറുകള്‍ നമ്മള്‍  വാങ്ങിക്കുകയും പിന്നീട് അവ വില്‍പന നടത്തുകയും ചെയ്യുന്നതില്‍ പ്രാഥമികമായി വിലക്കുകളില്ല.
ഉദാഹരണമായി ഹലാല്‍ ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ ഓഹരികള്‍ നമുക്ക് വാങ്ങാം  എന്ന് പ്രാഥമിക വിലയിരുത്തലില്‍ തന്നെ മനസ്സിലാവും. എന്നാല്‍ വ്യത്യസ്ത നിക്ഷേപ ഇനങ്ങളും രീതികളും അറിഞ്ഞാല്‍ മാത്രമേ അതിന്റെ ഇസ്‌ലാമിക വശം കൂടി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വ്യത്യസ്ത സെഗ്‌മെന്‍ഡുകളുണ്ട്. ക്യാപിറ്റല്‍ മാര്‍ക്കറ്റ് (കമ്പനികളുടെ സ്റ്റോക്ക് അല്ലെങ്കില്‍  ഇക്വിറ്റി), ഇക്വിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റ് (ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷനുകള്‍), ഹോള്‍സെയില്‍ ഡെറ്റ് മാര്‍ക്കറ്റ് എന്നിവ. 7462 കമ്പനികളാണ് ഇന്ത്യയില്‍ രണ്ട് എക്‌സ്‌ചേഞ്ചുകളിലുമായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടുതരം ഇന്‍വെസ്റ്റ്‌മെന്റുകളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വഴി നമുക്ക് ചെയ്യാന്‍ കഴിയുക- ചെറിയ സമയത്തേക്കും ദീര്‍ഘ കാലത്തേക്കും(Short term & Long term Investment).

1. ലോങ്ങ് ടേം ഇന്‍വെസ്റ്റ്‌മെന്റ്:
ഒരു സ്റ്റോക്കിന്റെ 'ഡെലിവറി' എടുത്തുകൊണ്ട് ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുക. അതായത്, ഒരു ഷെയര്‍ വാങ്ങി അത് നമ്മുടെ ഡീമാറ്റ് എക്കൗണ്ടിലേക്ക് എത്തുന്നു. പിന്നീട് നമുക്ക് ഇഷ്ടമുള്ള സമയത്ത് അത് വില്‍പ്പനയാക്കുക. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ കമ്പനിയുടെ വാര്‍ഷിക ലാഭം കൂടി ഓഹരി ഉടമസ്ഥര്‍ക്ക് ലഭിക്കും.

2. ഇന്‍ട്രാഡേ ട്രേഡിങ്ങ് ആണ് രണ്ടാമത്തേത്. ഒരു സ്റ്റോക്ക് ഒരു ദിവസം വാങ്ങിച്ച് അന്ന് തന്നെ വില്‍ക്കുക. ഇതിനെ പലപ്പോഴും കൂടുതല്‍ ആകര്‍ഷകമാക്കുന്നത് നമ്മുടെ ബ്രോക്കര്‍ കമ്പനികള്‍ തരുന്ന ലിവറേജ് അല്ലെങ്കില്‍ മാര്‍ജിന്‍  മണിയാണ്. നാം യഥാര്‍ഥത്തില്‍ ചെലവഴിക്കുന്നതിന്റെ പല ഇരട്ടി പണത്തിനുള്ള സ്റ്റോക്കുകള്‍ നമുക്ക് ഇപ്രകാരം വാങ്ങാന്‍ ചില ബ്രോക്കര്‍മാര്‍ വഴി  സാധിക്കും.

3. സ്വിങ് ട്രേഡിങ്: കുറച്ചുകാലത്തേക്ക് മാത്രം- അത് ആഴ്ചകളോ മാസങ്ങളോ ആവാം- വാങ്ങിയ സ്റ്റോക്കുകള്‍ സൂക്ഷിക്കുകയും തുടര്‍ന്ന് വില്‍പ്പന ആക്കുകയും ചെയ്യുന്നതാണ് ംെശിഴ ൃേമറശിഴ. ഇന്‍ട്രാഡേയില്‍നിന്ന് സ്വിംഗിനെ വ്യത്യസ്തമാക്കുന്നത്, ഒരു ദിവസത്തിനു പകരം, ആഴ്ചകളോ മാസങ്ങളോ നമ്മുടെ കൈയില്‍ സ്റ്റോക്ക് ഡെലിവറി നടത്തി സൂക്ഷിക്കാം എന്നതാണ്.

ഒരു ഷെയര്‍ വാങ്ങി അന്നു തന്നെ നിര്‍ബന്ധമായും വില്‍പന നടത്തുന്ന സമ്പ്രദായം ആയതിനാല്‍ ഇന്‍ട്രാഡേ ട്രേഡിങ്ങ് ഇസ്ലാമികമല്ല എന്ന അഭിപ്രായമുള്ള ഇസ്ലാമിക പണ്ഡിതരുണ്ട്. ബ്രോക്കര്‍ കമ്പനികള്‍ നല്‍കുന്ന ലിവറേജ് പണം ഉപയോഗപ്പെടുത്താതെ, നാം നമ്മുടെ മാത്രം പണം ഉപയോഗിച്ചു വാങ്ങുന്ന ഇന്‍ട്രാഡേ ഹലാല്‍ ആണെന്ന മറ്റൊരഭിപ്രായവും ഉണ്ട്.  

4. ഷോര്‍ട്ട്‌സെല്ലിംഗ്: ആദ്യം ഒരു സ്റ്റോക്ക് വില്‍ക്കുന്നു. പിന്നീട് അത് വാങ്ങുന്നു. ഇത്തരം ക്രയവിക്രയങ്ങള്‍ ഇസ്ലാമികമല്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെടുന്നത്.

5. Futures  & Options:
ഡെറിവേറ്റീവ്  മാര്‍ക്കറ്റിന് കീഴിലാണ്  ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വരുന്നത് (FnO). യഥാര്‍ഥ ആസ്തികളില്‍നിന്നും ഉരുത്തിരിച്ച് എടുക്കുന്ന(റലൃശ്‌ല) ഒരു സാമ്പത്തിക ഉപാധിയാണിത്. എൗൗേൃല എന്നത് ഒരു ഭാവി ഉടമ്പടിയാണ്. ഭാവിയില്‍ നിശ്ചിത ദിവസം എത്ര വിലയായിരിക്കും എന്നവര്‍ പറഞ്ഞു ഉറപ്പിക്കുന്നതു പ്രകാരം ക്രയവിക്രയം നടത്തുന്നു.  പ്രസ്തുത ദിനം വന്നെത്തുമ്പോള്‍ മാര്‍ക്കറ്റ് വിലയനുസരിച്ച് വില്‍പ്പന നടത്തുന്നു. മുമ്പെ സെറ്റ്‌ചെയ്ത വിലയെക്കാള്‍ കൂടുതലാണ് മാര്‍ക്കറ്റിലെങ്കില്‍,  വാങ്ങുന്നവന് ലാഭം ലഭിക്കും. തിരിച്ച് മാര്‍ക്കറ്റ് വിലകുറയുകയാണെങ്കില്‍ വില്‍ക്കുന്നവനായിരിക്കും ലാഭം. Options എന്ന് പറയുമ്പോള്‍, പ്രസ്തുത കരാറിലേര്‍പ്പെട്ട ആള്‍ക്ക് വാങ്ങണോ അതോ വാങ്ങാതിരിക്കണമോ എന്ന് തീരുമാനിക്കാനുള്ള ഓപ്ഷന്‍കൂടി ഉണ്ടായിരിക്കും. പക്ഷേ, അദ്ദേഹം നല്‍കിയ ടോക്കണ്‍ എമൗണ്ട് നഷ്ടപ്പെടും. ഡെറിവേറ്റീവുകളില്‍ ഭാവിദിവസത്തെ വില ഊഹിച്ചുകൊണ്ടുള്ള ഒരു മുന്‍കൂര്‍ കച്ചവടമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത് ഇസ്ലാമിക ശരീഅത്ത് പ്രകാരം ഹറാമാണെന്നാണ് ഭൂരിപക്ഷം ഇസ്‌ലാമിക പണ്ഡിതരുടെയും അഭിപ്രായം. 
ഒരു ഷെയര്‍ വാങ്ങി അന്ന് തന്നെ വില്‍ക്കുക  (ഇന്‍ട്രാഡേ), അല്ലെങ്കില്‍ കുറച്ചു ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം വില്‍ക്കുക തുടങ്ങിയ ഇടപാടുകളെയാണ് നാം സാധാരണ 'ട്രേഡിങ്' എന്ന് പറയുന്നത്. അതിന് ഒരാളുടെ സമയവും അധ്വാനവും ആവശ്യമാണ്. ഇതിനെ ഒരു ഇന്‍വെസ്റ്റ്‌മെന്റ്(നിക്ഷേപം) ആയി പരിഗണിക്കാറില്ല. പണമുണ്ടാക്കുന്ന   കച്ചവടത്തിനു തുല്യമായ ഒരു ജോലിയാണിത്.  ദീര്‍ഘകാലത്തേക്ക് ഷെയറുകള്‍ വാങ്ങി, പിന്നീട് അവ വില്‍ക്കുന്നതാണ് ഇന്‍വെസ്റ്റ്‌മെന്റ് ആയി പരിഗണിക്കുന്നത്. അവിടെ നമ്മുടെ അധ്വാനം കൂടാതെ തന്നെ പണം വളരുന്നു(ചിലപ്പോള്‍ നഷ്ടവും സംഭവിക്കുന്നു).
അതേസമയം, ഓഹരിവിപണിയെക്കുറിച്ച്  നമുക്ക് അറിവോ, അതിനുള്ള സമയമോ  ഇല്ലെങ്കില്‍ മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിച്ച് ഷെയര്‍മാര്‍ക്കറ്റിന്റെ ഗുണഫലം അനുഭവിക്കാം. ഏത് നിക്ഷേപത്തിനു മുന്‍പും പ്രസ്തുത രംഗങ്ങളിലെ വിദഗ്ധരുടെ അഭിപ്രായം ആരായുന്നത് നല്ലതാണ്.  

എന്താണ് മ്യൂച്വല്‍ ഫണ്ട്? അത് 
ഇസ്‌ലാമികമോ?

ഒരു കമ്പനിയുടെ ഷെയര്‍ വാങ്ങുമ്പോള്‍ അതിന്റെ  പല ഫിനാന്‍സ് സ്റ്റേറ്റ്‌മെന്റുകളും അവലോകനം ചെയ്താല്‍ മാത്രമേ ആ കമ്പനിയുടെ സാമ്പത്തിക ഭദ്രത നമുക്ക് മനസ്സിലാവുകയുള്ളൂ. ഭാവിയില്‍ അത് ലാഭമുണ്ടാക്കാന്‍ സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാനും ഇത്തരം സാമ്പത്തിക അവലോകനങ്ങള്‍  നിര്‍ബന്ധമാണ്. അതിനാല്‍, വ്യത്യസ്ത കമ്പനികളുടെ ഷെയറുകള്‍ വാങ്ങുമ്പോള്‍ അവയെക്കുറിച്ചെല്ലാം പഠിക്കല്‍ നിര്‍ബന്ധമായിത്തീരുന്നു. ഒരു സാധാരണക്കാരന് അത് മനസ്സിലാക്കല്‍ ഒരു പക്ഷേ ബുദ്ധിമുട്ടായിരിക്കും; അല്ലെങ്കില്‍ ചിലര്‍ക്ക് സമയം ഉണ്ടാവില്ല. മറ്റൊരു ഭാഷയില്‍, സാമ്പത്തിക വിശകലനത്തില്‍ പ്രായോഗിക പരിജ്ഞാനമുള്ള വിദഗ്ധര്‍ നമുക്കു വേണ്ടി ഷെയര്‍ ബിസിനസ് ചെയ്യുന്നതാണ് വളരെ ലളിതമായി പറഞ്ഞാല്‍ മ്യൂച്വല്‍ഫണ്ട്. അവര്‍ വ്യത്യസ്ത കമ്പനികളെ അനലൈസ് ചെയ്യുന്നു. അതിനുശേഷം നാം നല്‍കുന്ന പണം, പ്രവര്‍ത്തനമൂല്യവും ലാഭസാധ്യതയുമുള്ള വിവിധ കമ്പനികളില്‍ നിക്ഷേപിക്കുന്നു. നിശ്ചിത കാലാവധിക്ക്(വര്‍ഷങ്ങള്‍ക്കു) ശേഷം നമ്മുടെ ലാഭം/നഷ്ടം നമുക്ക് തിരിച്ചുതരുന്നു. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഏത് സെക്ടറിലാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത് എന്ന് നോക്കി നമുക്ക് അവിടെ ഇന്‍വെസ്റ്റ് ചെയ്യാം. ഉദാഹരണത്തിന് ചില മ്യൂച്വല്‍ ഫണ്ടുകള്‍  ഫാര്‍മ, ടെക്‌നോളജി, ഓട്ടോ തുടങ്ങിയവയില്‍ മാത്രം ഇന്‍വെസ്റ്റ് ചെയ്യുന്നവരുണ്ടാകാം. ഇത്തരം മ്യൂച്വല്‍ ഫണ്ടുകള്‍ പൊതുവെ ഹലാല്‍ ആയിരിക്കും. ഭൂരിപക്ഷം മ്യൂച്വല്‍ ഫണ്ട്  കമ്പനികളും നാം നല്‍കുന്ന പണം  ബാങ്ക് ഉള്‍പ്പെടെയുള്ള ഷെയറുകളില്‍ നിക്ഷേപിക്കുന്നതിന്(ഡൈവേഴ്സിഫൈഡ് മ്യൂച്വല്‍ഫണ്ട്)കൂടി ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇതില്‍ നിഷിദ്ധത്തിന്റെ അംശം വന്നുചേരുന്നു. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍  തരണംചെയ്യാനാണ് എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ടുകളും, ശരീഅ കോംപ്ലിയന്റ് മ്യൂച്വല്‍ ഫണ്ടുകളും ഉടലെടുത്തിട്ടുള്ളത്.

ശരീഅ റാങ്കില്‍ വരുന്ന കമ്പനികള്‍

ഇസ്‌ലാമിക ശരീഅത്ത് അനുവദനീയമാക്കിയിട്ടുള്ള  ക്രയവിക്രയങ്ങള്‍ നടത്തുന്ന കമ്പനികള്‍ മാത്രമാണ് ശരീഅ റാങ്കിംഗില്‍ വരുന്നത്.
ബാങ്കുകള്‍, ചൂതാട്ടം, പന്നിമാംസം, ആള്‍ക്കഹോള്‍, പോണോഗ്രാഫി, പുകയില വ്യാപാരം,  ആയുധവ്യാപാരം തുടങ്ങിയവയില്‍ വ്യാപാരം നടത്താത്തവരാണ് ശരീഅ ഇന്‍ഡക്‌സിംഗില്‍ വരുന്ന കമ്പനികള്‍.
കൂടുതല്‍ കടക്കെണിയിലായ കമ്പനികള്‍, അമിതമായ റിസ്‌ക് സാധ്യതയുള്ള കമ്പനികള്‍, ഡെറിവേറ്റീവുകള്‍ എന്നിവയെയും ശരീഅഃ മാനദണ്ഡപ്രകാരം വിലക്കുന്നുണ്ട്. ശരീഅഃ കോംപ്ലിയന്റ് അവകാശപ്പെടുന്ന കമ്പനികള്‍ അതു പാലിക്കുന്നുണ്ടെന്നു സെബി ഉള്‍പ്പെടെയുള്ള റെഗുലയേറ്ററി ബോര്‍ഡുകള്‍ ഉറപ്പുവരുത്തുന്നു.
ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളില്‍  ശരീഅ ഇന്‍ഡക്‌സില്‍ പെടുന്നവയുടെ എണ്ണം വളരെ വലുതാണ്. 40 ശതമാനത്തോളം കമ്പനികള്‍ ഈ വിഭാഗത്തില്‍  ഉള്‍പ്പെടുന്നു.
രണ്ടായിരത്തിലധികം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഇന്ത്യയില്‍  ലഭ്യമാണ്. ശരീഅ സൂചിക അനുസരിച്ചുള്ള കമ്പനികളില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ അവ ശരീഅ compliant മ്യൂച്വല്‍ ഫണ്ടുകള്‍ ആവുകയുള്ളൂ. നിലവില്‍ മൂന്നെണ്ണം മാത്രമാണ് ശരീഅ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നവകാശപ്പെടുന്നത്.  Tata Ethical Fund, Taurus Ethical Fund, Nippon India ETF എന്നിവയാണവ. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യക്കും അവരുടെ സമ്പത്തിനും ആനുപാതികമായ എത്തിക്കല്‍  ഫണ്ടുകള്‍ നിലവിലില്ല എന്നതാണ് യാഥാര്‍ഥ്യം. 
ഒരു ദീര്‍ഘകാല നിക്ഷേപത്തിന് അനുഗുണമാണ് ടാറ്റ എത്തിക്കല്‍ ഫണ്ടുകള്‍. ബാങ്ക് ഫിനാന്‍സ് മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലാണ് കമ്പനി ഉപഭോക്താക്കള്‍ക്കുവേണ്ടി നിക്ഷേപം നടത്തുക (diversified equity). കൂടുതല്‍ സുരക്ഷിതത്വത്തിനുവേണ്ടി വലിയ കമ്പനികളില്‍ (large cap) ആണ് 50 ശതമാനം ഇവര്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്നത്. 35 ശതമാനം മധ്യനിര കമ്പനികളിലും (mid cap)  നിക്ഷേപം നടത്തുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ജനസമ്മതിയുള്ള എത്തിക്കല്‍ ഫണ്ട് ആണിത്. 550 കോടിയോളം രൂപയാണ് ഇതില്‍ ടോട്ടല്‍ ഫണ്ട് ശേഖരിക്കപ്പെട്ടിട്ടുള്ളത്.
ടോറസ് മ്യൂച്വല്‍ ഫണ്ടില്‍ 51 ശതമാനം ലാര്‍ജ് ക്യാപ്പിലും, 28 ശതമാനം ാശറ രമു കമ്പനികളിലും നിക്ഷേപിക്കുന്നു. നാല്‍പതോളം കോടി രൂപയാണ് ആളുകള്‍ ഇതുവരെയായി ടോറസില്‍ നിക്ഷേപിച്ചിട്ടുള്ളത്. ടാറ്റാ എത്തിക്കല്‍ ഫണ്ടിലും ടോറസിലും  5000 രൂപയാണ്   ചുരുങ്ങിയ നിക്ഷേപം. രണ്ടിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് വഴി മാസതവണയായും നിക്ഷേപം നടത്താന്‍ കഴിയും.
Nippon India ETF: നേരത്തെ ഇത് റിലയന്‍സ് ഇ.ടി.എഫ് ശരീഅ ഫണ്ട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 99 ശതമാനവും ലാര്‍ജ് ക്യാപ്പ് കമ്പനികളില്‍ മാത്രമാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്. മറ്റു രണ്ട് ഫണ്ടുകളെ അപേക്ഷിച്ച് ഇതിന് ആദായം കുറവാണ്. ആകെയുള്ള നിക്ഷേപം മൂന്ന് കോടി രൂപ മാത്രമാണ്. അതിനാല്‍തന്നെ ലിക്വിഡിറ്റി പ്രശ്‌നം ഉദിക്കുന്നതിനാല്‍ പലരും ഈ ഫണ്ട് ശിപാര്‍ശ ചെയ്യാറില്ല.  സാധാരണ മ്യൂച്വല്‍ ഫണ്ടുകള്‍ പണം നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല . എന്നാല്‍, ഇതൊരു ഇ.ടി.എഫ് ആയതിനാല്‍ ഡീമാറ്റ് അക്കൗണ്ട്  നിര്‍ബന്ധമാണ്.
ഇന്ത്യയില്‍ ഇപ്പോള്‍ ആകെ നിലവിലുള്ള ശരീഅ എത്തിക്കല്‍ ഫണ്ടിനെ കുറിച്ചുള്ള പരിചയപ്പെടുത്തല്‍ മാത്രമാണിത്. മുകളിലുള്ള മൂന്ന് ഫണ്ടുകളും ഏതെങ്കിലും വാങ്ങാം എന്ന തരത്തിലുള്ള ശിപാര്‍ശയല്ല ഇത്. ഇടപാടുകള്‍ നടത്തുന്നവര്‍ അതിന്റെ നിയമങ്ങള്‍ വിശദമായി വായിച്ചതിനുശേഷം മാത്രം വാങ്ങുക. നഷ്ടസാധ്യതകള്‍ കൂടി ഉള്ളതാണ് മ്യൂച്വല്‍ ഫണ്ട്.
മറ്റൊരു കാര്യം: നമുക്ക് വളരെ പെട്ടെന്ന് ആവശ്യമുള്ള പണം മ്യൂച്വല്‍ ഫണ്ടില്‍ ഒരിക്കലും നിക്ഷേപിക്കരുത്. ഇക്വിറ്റി മാര്‍ക്കറ്റിന്റെ റിസ്‌ക് മനസ്സിലാക്കി അഞ്ചു വര്‍ഷമെങ്കിലും കാത്തിരിക്കാന്‍ തയാറുള്ളവര്‍ക്കാണ് ഇത് അഭിലഷണീയം. കുറച്ചു മാസങ്ങളായി 'ബിയറിഷ് മാര്‍ക്കറ്റ്' ആയതിനാല്‍ ആനുപാതികമായി മ്യൂച്വല്‍ ഫണ്ടുകളെയും അത് ബാധിക്കുന്നു.
ലാഭത്തിനും നഷ്ടത്തിനും തുല്യ സാധ്യതകളുള്ളതാണ് ഷെയര്‍ മാര്‍ക്കറ്റ് എന്ന് നാം തിരിച്ചറിയുക. ഒന്നു മുതല്‍ അഞ്ചു ശതമാനം ആളുകള്‍ക്ക് മാത്രമേ 'സ്ഥിരമായി ലാഭം' ലഭിക്കുന്നുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. ടെക്‌നിക്കല്‍ & ഫണ്ടമെന്റല്‍ അനലൈസില്‍ സാമര്‍ഥ്യവും വികാരനിയന്ത്രണ(emotion control)വും ഉള്ളവര്‍ക്ക് ഷെയര്‍ ട്രെയ്ഡിംഗില്‍ വിജയിക്കാന്‍ സാധിച്ചെന്ന് വരും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്