അബൂബക്ര്‍ സ്വിദ്ദീഖിന്റെ വസ്വിയ്യത്ത്
ചരിത്രം /
മുസ്‌ലിംകളുടെ പ്രഥമ ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്റെ രോഗം ഗുരുതരമായി തുടരുന്നു. പരിഭ്രാന്തരും അസ്വസ്ഥരുമായ ജനം അദ്ദേഹത്തോട് പറഞ്ഞു: 'താങ്കളുടെ തണല്‍ എന്നും ഞങ്ങള്‍ക്കുണ്ടാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാലും മരണം ഒരു അനിഷേധ്യ യാഥാര്‍ഥ്യമാണല്ലോ. ജനിച്ചവരെല്ലാം മരണമെന്ന മലമ്പാത മുറിച്ചുകടക്കേണ്ടവരാണല്ലോ. താങ്കള്‍ക്കു ശേഷം ഖിലാഫത്താവുന്ന ഈ വലിയ ഭാരം ആരാണ് വഹിക്കുക? ആര്‍ക്കാണ് ബൈഅത്തു ചെയ്യേണ്ടത്?'
'ഉമറുബ്‌നുല്‍ ഖത്ത്വാബാണ് ഖിലാഫത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക.'
അബൂബക്ര്‍ (റ) വളരെ ശാന്തമായി പറഞ്ഞു.
'ഉമര്‍ ഖലീഫ ആവുകയോ?!'
അധികമൊന്നും ആലോചിക്കാതെ അവര്‍ ആശ്ചര്യത്തോടെ പറഞ്ഞു.
'അതെ... ഉമറായിരിക്കും ഈ ഉമ്മത്തിനെ നയിക്കുക.'
നേര്‍ത്ത സ്വരത്തിലാണെങ്കിലും ദൃഢതയോടെ അബൂബക്ര്‍ (റ) മറുപടി പറഞ്ഞു.
'മഹാനായ ഖലീഫാ താങ്കളെന്താണ് പറയുന്നത്? പരുഷപ്രകൃതനും മുന്‍കോപിയുമായ ഉമറിനെയാണോ താങ്കള്‍ ഖലീഫയായി നിര്‍ദേശിക്കുന്നത്? കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും മൂര്‍ത്തീമത്ഭാവമായ താങ്കളില്‍ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചതല്ല. താങ്കള്‍ സ്വന്തം നാഥനോട് എന്തുത്തരം പറയുമെന്ന് ചിന്തിച്ചുവോ?'
ജനം ആവലാതിപ്പെട്ടു.
അബൂബക്ര്‍ (റ) വിറച്ച് വിറച്ച് ശബ്ദമുയര്‍ത്തി: ''ഞാന്‍ നാളെ വളരെ സമാധാനത്തോടെ പറയും, അല്ലാഹുവിന്റെ സൃഷ്ടികളുടെ മേല്‍ അവരില്‍ ഏറ്റവും ഉത്തമനെ ഞാന്‍ പിന്‍ഗാമിയാക്കിരിക്കുന്നു എന്ന്.''
അപ്പോഴേക്കും യാദൃഛികമായി ഉമര്‍ അവിടെ എത്തി. അപ്പോള്‍ ഖലീഫ അദ്ദേഹത്തെ സംബോധന ചെയ്തു കൊണ്ട് പറഞ്ഞു: ''സത്യപന്ഥാവിലെ കൂട്ടുകാരാ, ഖിലാഫത്താവുന്ന ഭരണനേതൃത്വത്തിലേക്ക് ഉമ്മത്ത് താങ്കളെത്തന്നെയാണ് തെരഞ്ഞെടുക്കുക എന്നെനിക്കുറപ്പുണ്ട്. ഞാന്‍ ഇഹലോകത്തോട് യാത്ര പറയാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ താങ്കളോട് ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്.
എനിക്ക് താങ്കളോട് ഒരു വസ്വിയ്യത്തുണ്ട്. അത് ഓര്‍ക്കുന്നേടത്തോളം കാലം മരണത്തെക്കാള്‍ ഒരിക്കലും ഇഹലോകം പ്രിയങ്കരമായിരിക്കുകയില്ല. മരണം ഏറ്റവും ഉറപ്പായ വസ്തുതയാണല്ലോ. അഥവാ എന്റെ അന്ത്യോപദേശം വിസ്മരിക്കുകയാണെങ്കില്‍ ഇഹലോകത്തെ സര്‍വ വസ്തുക്കളെക്കാള്‍ താങ്കള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ടത് മരണമായിരിക്കും. മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍ക്കും സാധ്യവുമല്ല.
ഓര്‍ക്കുക: രാത്രി ദൈവത്തോട് നിര്‍വഹിക്കേണ്ട ചില ബാധ്യതകളുണ്ട്. അത് അവന്‍ പകലില്‍ സ്വീകരിക്കുകയില്ല. പകല്‍ നിര്‍വഹിക്കേണ്ടത് രാത്രി ചെയ്താലും സ്വീകാര്യമാവുകയില്ല. ഓര്‍ക്കുക: നിര്‍ബന്ധമായ ഇബാദത്തുകളില്‍ വീഴ്ച വരുത്തിയാല്‍ ഐഛികമായതും പരിഗണിക്കപ്പെടുകയില്ല.
വിചാരണാ വേളയില്‍ അസത്യത്തെ പിന്‍പറ്റുന്നവരുടെ ത്രാസുകള്‍ ഘനം കുറഞ്ഞതായിരിക്കും. കാരണം അസത്യം അത്യന്തം ലഘുവും ഭാരരഹിതവുമാണല്ലോ. തൂക്കപ്പെടുന്ന തുലാസിലും അത് ഭാരമില്ലാത്തതായിരിക്കും.
ഇഹലോകത്ത് സത്യത്തെ മുറുകെപ്പിടിച്ചവരുടെ തുലാസുകള്‍ ഭാരിച്ചതായിരിക്കും. കാരണം, സത്യം ഭാരമുള്ളതും ഘനമുള്ളതുമാണല്ലോ. അത് തൂക്കപ്പെടുന്ന തുലാസിലും അങ്ങനെയായിരിക്കും. താങ്കള്‍ എന്റെ ഈ വസ്വിയ്യത്ത് എന്നും ഓര്‍ക്കുകയാണെങ്കില്‍ മരണം ഏറെ പ്രിയപ്പെട്ടതായിരിക്കും. അല്ലാത്തപക്ഷം അദൃശ്യങ്ങളില്‍ ഏറ്റവും ഗര്‍ഹണീയമായിട്ടുള്ളത് മരണമായിരിക്കും. എന്നാല്‍, അതില്‍ നിന്ന് ഒളിച്ചോടുക സാധ്യവുമല്ല.''
(റോഷന്‍ സിതാരെ എന്ന കൃതിയില്‍ നിന്ന്.
മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
Comments