മൊറോക്കോയിലെ ബുള്‍ഡോസര്‍ രാജ്, സയണിസ്റ്റ് ചാനല്‍
മൊറോക്കോയില്‍ അവിടത്തെ രാജാവ് നേതൃത്വം നല്‍കുന്ന ഭരണ സംവിധാനത്തിന് 'മഖ്‌സന്‍' എന്നാണ് പറയുക. ശരിക്കും ഒരു ഡീപ് സ്റ്റേറ്റ് തന്നെയാണിത്. അറബ് വസന്ത വിപ്ലവങ്ങളുടെയും മറ്റും സമ്മര്‍ദഫലമായി ജനാധിപത്യ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെങ്കിലും രാജഭരണത്തെ എതിര്‍ക്കുന്ന കക്ഷികളെയും വ്യക്തികളെയും ഈ സംവിധാനം പ്രത്യേകം നോട്ടമിടും. അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ എന്ന അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനം മഖ്‌സന്റെ നോട്ടപ്പുള്ളിയാവുന്നത് അങ്ങനെയാണ്. ഈ സംഘടന രാജഭരണത്തെ എതിര്‍ക്കുക മാത്രമല്ല, അതിന്റെ അലവി / നബി കുടുംബ പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നു. രാജഭരണം പോയാലേ കാര്യങ്ങള്‍ നേരെയാവൂ എന്ന് വളച്ചുകെട്ടില്ലാതെ പ്രഖ്യാപിക്കുന്നു. പക്ഷേ, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. മൊറോക്കോയിലെ തന്നെ മറ്റൊരു ഇസ്‌ലാമിക പ്രസ്ഥാനമാണ് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (ഹിസ്ബുല്‍ അദാല വത്തന്‍മിയ). 2011 മുതല്‍ 2021 വരെ മൊറോക്കോ ഭരിച്ച കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടി. അവര്‍ രാജഭരണത്തെ അംഗീകരിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയേറ്റു. അവര്‍ ഇപ്പോള്‍ ചിത്രത്തിലില്ല എന്നും പറയാം. അതുകൊണ്ടായിരിക്കാം ഭരണകൂടം അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്റെ പിന്നാലെ കൂടുന്നത്.
ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ മറവിലാണ് ഭരണകൂടത്തിന്റെ കരുനീക്കങ്ങള്‍. അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ പാര്‍ട്ടിയുടെ മീറ്റിംഗുകള്‍ക്കോ മറ്റു പരിപാടികള്‍ക്കോ ഇപ്പോള്‍ ഭരണകൂടം അനുവാദം നല്‍കുന്നില്ല. പല പല കാരണങ്ങള്‍ പറഞ്ഞ് അപേക്ഷകള്‍ തള്ളുകയാണ്. പാര്‍ട്ടിക്ക് പറയാനുള്ളത് പറയാന്‍ അനുവദിക്കാതെ ജനങ്ങളില്‍ നിന്ന് അതിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ്. രാഷ്ട്രീയമായി വിയോജിക്കുന്നവരുടെ വീട് പൊളിച്ചു മാറ്റുക എന്ന പരിപാടി നരേന്ദ്ര മോദി തുടങ്ങുന്നതിന് എത്രയോ മുമ്പ് അവിടത്തെ രാജാവ് തുടങ്ങിയിട്ടുണ്ട്. 2006-ല്‍ വുജ്ദ നഗരത്തിലുള്ള, അല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്റെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ബാദിയുടെ വീട് ഭരണകൂടം സീല്‍ വെക്കുകയുണ്ടായി. അതിന്റെ പല പ്രവര്‍ത്തകരുടെയും വീടുകള്‍ ഇതുപോലെ സീല്‍ ചെയ്യുകയോ പൊളിക്കുകയോ ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണത്തില്‍ നിയമ ലംഘനം നടന്നു എന്ന് ആരോപിച്ചാണ് ബുള്‍ഡോസര്‍ എത്തുക. മറ്റുള്ളവരാണെങ്കില്‍, അവര്‍ മുച്ചൂടും നിയമ ലംഘനങ്ങള്‍ നടത്തിയവരാണെങ്കില്‍ പോലും അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല; യു.പി യിലെ പോലെത്തന്നെ.
എല്ലാറ്റിനും അകമ്പടിയായി മീഡിയയും. പക്ഷേ, ഈയിടെ മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്‍ എടുത്ത ഒരു തീരുമാനം ദാസ്യവേല ചെയ്യുന്ന മീഡിയക്ക് പോലും ദഹിച്ചിട്ടില്ല. i24 News എന്ന സയണിസ്റ്റ് ചാനലിന് മൊറോക്കോയില്‍ സംപ്രേഷണാനുമതി നല്‍കിയതാണത്. റബാത്തിലും കാസബ്ലാങ്കയിലും ഈ ഇസ്രായേലി ന്യൂസ് കമ്പനി ഓഫീസ് തുറന്നിരിക്കുന്നു. ഇസ്രായേലിലെ ജാഫ നഗരത്തിലാണ് ഇതിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി ഭാഷകളില്‍ 24 മണിക്കൂര്‍ സംപ്രേഷണം. ഫ്രാങ്ക് മെല്ലോല്‍ എന്ന മൊറോക്കന്‍ ജൂതനാണ് ഇതിന്റെ സി.ഇ.ഒ. ചാനല്‍ ഉടമയായ പാട്രിക് ഡാഹി ജനിച്ചത് കാസബ്ലാങ്കയിലാണെങ്കിലും പതിനഞ്ചാം വയസ്സില്‍ ഫ്രാന്‍സിലേക്ക് കുടിയേറിയിരുന്നു. റബാത്വില്‍ സംഘടിപ്പിച്ച ലോഞ്ചിംഗ് പരിപാടിയില്‍ പത്രപ്രവര്‍ത്തകരും ബിസിനസ്സുകാരും നയതന്ത്രജ്ഞരും മറ്റുമായി ഇസ്രായേലില്‍ നിന്നുള്ള 500 പേര്‍ പങ്കെടുത്തു. ഫെഡറേഷന്‍ ഓഫ് മൊറോക്കന്‍ ജ്യൂവറിയുടെ കണക്ക് പ്രകാരം, ഇസ്രായേലിലുള്ള ഏതാണ്ട് ഒരു ദശലക്ഷം ജൂതന്മാരെങ്കിലും മൊറോക്കോക്കാരോ മൊറോക്കന്‍ വേരുകളുള്ളവരോ ആണ്. മൊറോക്കോ ഉള്‍പ്പെടെയുള്ള ചില അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഈ ചാനലിന് അനുമതി കൊടുത്തത് സ്വാഭാവികം മാത്രം.
ഡോ. ജാവീദ് ജമീല്‍
ആഹ്ലാദത്തിലാണ്
മംഗ്ലൂരിലെ യനിപ്പോയ ഡീംഡ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറും ഇസ്‌ലാമിക് സ്റ്റഡീസിന്റെ തലവനുമാണ് ഡോ. ജാവീദ് ജമീല്‍. ഇരുപതില്‍ പരം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം ദഅ്‌വത്ത് വാരികയില്‍ (2022 ജൂലൈ 4) എഴുതിയ ലേഖനത്തില്‍, കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി ഗര്‍ഭഛിദ്രം, സ്വവര്‍ഗ ലൈംഗികത പോലുള്ളവക്കെതിരെ താന്‍ അതിശക്തമായ പ്രചാരണങ്ങള്‍ നടത്തിവരികയായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
1995-ല്‍ അദ്ദേഹം എഴുതിയ പുസ്തകമാണ് 'എയ്ഡ്‌സ് നിയന്ത്രണത്തിന് ഇസ്‌ലാം സമര്‍പ്പിക്കുന്ന മാതൃക' (lslamic Model for Control of AlDS). സ്വവര്‍ഗരതി പോലുള്ള വഴിവിട്ട ലൈംഗിക ബന്ധങ്ങളാണ് എയ്ഡ്‌സിന് കാരണമാകുന്നതെന്ന് ഇതില്‍ ചൂണ്ടിക്കാട്ടുന്നു. അതിന് രണ്ട് വര്‍ഷം മുമ്പ് 'ഇസ്‌ലാമും കുടുംബാസൂത്രണവും' എന്ന പുസ്തകമെഴുതി. ഗര്‍ഭഛിദ്രത്തിനെതിരെ അതില്‍ രൂക്ഷമായ വിമര്‍ശനമുണ്ട്. ഒപ്പം സമൂഹത്തില്‍ ലൈംഗിക അരാജകത്വം പടരുന്നതിനെതിരെ കാമ്പയിനുകളും സെമിനാറുകളും സംഘടിപ്പിച്ചു. പ്രതികരണം ഒട്ടും ആശാവഹമായിരുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സംഘങ്ങള്‍ വരെ, ഇതൊക്കെ നിര്‍ത്തി 'സുരക്ഷിത ലൈംഗിക ബന്ധ'(safe sex)ത്തിനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കൂ എന്ന് പറഞ്ഞ് നിരാശപ്പെടുത്തുകയാണ് ചെയ്തത്.
ഇപ്പോള്‍ തന്നെ ആഹ്ലാദിപ്പിക്കുന്ന രണ്ട് വാര്‍ത്തകള്‍ വന്നിരിക്കുന്നുവെന്ന് ഡോ. ജാവീദ് ജമീല്‍ പറയുന്നു. ഒന്ന് ജപ്പാനില്‍ നിന്നാണ്. അവിടത്തെ ഭരണകൂടം സ്വവര്‍ഗ വിവാഹം നിരോധിച്ചിരിക്കുന്നു. സുപ്രീം കോടതി അതിന് അംഗീകാരവും നല്‍കിയിരിക്കുന്നു. രണ്ടാമത്തെ വാര്‍ത്ത അമേരിക്കയില്‍ നിന്ന്. ഗര്‍ഭഛിദ്രത്തിന് നിയമാനുസൃതത്വം നല്‍കാനാവില്ല എന്ന അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധിയാണത്.
ഈ രണ്ട് വിധികളെയും, ധാര്‍മിക മൂല്യങ്ങളില്‍ തെല്ലെങ്കിലും വിശ്വാസമുള്ള എല്ലാവരും സ്വാഗതം ചെയ്യണമെന്നാണ് ജാവീദ് ജമീലിന് പറയാനുള്ളത്. കാരണമിത് മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ലൈംഗിക അരാജകത്വം തലമുറകളെ നശിപ്പിക്കും. അതുകൊണ്ട് ഈ രണ്ട് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ നന്മയില്‍ താല്‍പര്യമുള്ളവര്‍ കാമ്പയിനുകളുമായി രംഗത്ത് വരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മലയാളിയായ ഉര്‍ദു
എഴുത്തുകാരന് ആദരം
മലയാളിയായ കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട് ഇന്ന് ഇന്ത്യയിലെ ഉര്‍ദു സാഹിത്യ ലോകത്തിന് ഏറെ പരിചിതനാണ്. ഉര്‍ദുവിലെഴുതുന്ന പല പ്രമുഖരുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മലയാളികള്‍ക്ക് ഉര്‍ദു മാതൃഭാഷയല്ലാത്തതിനാല്‍ അവര്‍ക്കിടയില്‍ അദ്ദേഹം അത്ര സുപരിചിതനുമല്ല. കേരളീയര്‍ ഉര്‍ദു ഭാഷക്ക് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തിന്റെ പ്രധാന പഠന മേഖല. ഉര്‍ദു ഭാഷയും സാഹിത്യവും കേരളത്തില്‍ (കേരള മേം ഉര്‍ദു സബാന്‍ വൊ അദബ്) എന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് കേരളത്തിലെ ഉര്‍ദു ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയും വികാസവും അടയാളപ്പെടുത്തുന്ന പ്രധാന രചന. കേരളക്കാരിയായ ഉര്‍ദു നോവലിസ്റ്റ് സുലൈഖാ ഹുസൈനെക്കുറിച്ചും കവി മൂസാ നാസിഹിനെക്കുറിച്ചും നാം കൂടുതല്‍ അറിയുന്നത് ഈ പുസ്തകത്തില്‍ നിന്നാണ്. കേരളത്തിലെ ഔപചാരിക ഉര്‍ദു പഠനത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മുംബൈയില്‍ നിന്നിറങ്ങുന്ന തര്‍യാഖ് ഉര്‍ദു സാഹിത്യ മാസികയുടെ 2022 ജൂണ്‍ ലക്കം വാര്‍ഷികപ്പതിപ്പാണ്. ഇതില്‍ പകുതിയിലധികം പേജുകളും കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാടിനെക്കുറിച്ച് എഴുതിയതോ അദ്ദേഹം തന്നെ എഴുതിയതോ ആയ പഠനങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച സ്‌പെഷ്യല്‍ പതിപ്പ് തന്നെയാണിത്. പ്രഫ. അസ്‌ലം ജംശീദ്പൂരി, പ്രഫ. അബ്ദുല്‍ ഹഖ്, ഡോ. മുഹമ്മദ് സഫര്‍ ഹൈദരി, ഡോ. കലീം ദിയാഅ്, ഡോ. സയ്യിദ് അലി അബ്ബാസ് ഷാ തുടങ്ങി ഉര്‍ദു അക്കാദമിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരും, കേരളത്തില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തുകയാണ് ആദ്യ ഭാഗത്ത്. കേരളത്തിലെ ഉര്‍ദുവിനെക്കുറിച്ച് അദ്ദേഹമെഴുതിയ ചില ലേഖനങ്ങളും പുസ്തക ഭാഗങ്ങളും എടുത്തു ചേര്‍ത്തിരിക്കുന്നു രണ്ടാം ഭാഗത്ത്.
Comments