Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

യൂറോപ്പും ഖുര്‍ആനിക തത്ത്വചിന്തയും 

ഹാഫിള് സല്‍മാനുല്‍ ഫാരിസി

ഖുര്‍ആനിക തത്ത്വചിന്ത യൂറോപ്പിനെ അഗാധമായി സ്വാധീനിച്ചതായി നവോത്ഥാനത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയിട്ടു്. സി.ഇ 1143-ല്‍ തന്നെ ഖുര്‍ആന്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിരുന്നു. 1647-ല്‍ എ.ഡുറിയര്‍ ഖുര്‍ആന്‍ ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അലക്‌സാണ്ടര്‍ റോസ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് 1644-1688 കാലഘട്ടത്തിലാണ്. ശാസ്ത്രം മുഖേന ലഭിച്ച അറിവുകളുപയോഗിച്ച് അതിഭൗതിക ലോകത്തേക്ക് എത്തിനോക്കാനുള്ള മനുഷ്യയത്‌നമാണ് ഒരര്‍ഥത്തില്‍ തത്ത്വശാസ്ത്രം. തന്നെക്കുറിച്ചു തന്നെയുള്ള അന്വേഷണമാണത്. 'വായിക്കുക' എന്ന ഖുര്‍ആനിക ഉദ്‌ബോധനത്തിന്റെ വെളിച്ചം നുകര്‍ന്ന് ബസ്വറയിലെയും ബഗ്ദാദിലെയും ആദ്യകാല മുസ്‌ലിം ധിഷണാശാലികള്‍ ഗ്രീക്ക് തത്ത്വശാസ്ത്രത്തെയും ഇന്ത്യന്‍ ദര്‍ശനത്തെയും പേര്‍ഷ്യന്‍ നിഗൂഢവിദ്യയെയും കുറിച്ച് സംവാദങ്ങള്‍ നടത്തി. ഖുര്‍ആനിക പ്രാപഞ്ചിക വീക്ഷണത്തിന്റെയും ആത്മീയ സങ്കല്‍പങ്ങളുടെയും അടിസ്ഥാനങ്ങളിലൂന്നി അവയെ വിലയിരുത്താനും പുനരാവിഷ്‌കരിക്കാനും യത്‌നിച്ചു. യവന തത്ത്വചിന്തകരായ പ്ലാറ്റോയുടെയും അരിസ്റ്റോട്ടലിന്റെയും മുഴുവന്‍ ദാര്‍ശനിക കൃതികളും അബ്ബാസീ ഖലീഫമാരുടെ മേല്‍നോട്ടത്തില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അബ്ബാസീ കാലഘട്ടത്തില്‍ പുഷ്‌കലമായ യുക്തിചിന്തയും ഗ്രീക്ക് തത്ത്വചിന്തയും മഅ്മൂനെപ്പോലുള്ള ഭരണാധികാരികളുടെ നിര്‍ലോഭമായ പ്രോല്‍സാഹനത്തിന്റെ ഫലമായിരുന്നു. മാത്രമല്ല, സകല കാര്യങ്ങളെക്കുറിച്ചും 'മനുഷ്യന്‍ സ്വതന്ത്രമായും നിര്‍ഭയമായും ചിന്തിച്ച കാലം' എന്ന് ഇസ്‌ലാമിക നാഗരികതയുടെ സുവര്‍ണ ദശയെ തത്ത്വചിന്താ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നുമുണ്ട്. 
ദര്‍ശനത്തിന്റെയും വിജ്ഞാനത്തിന്റെയും കുത്തക നീണ്ട എട്ട് നൂറ്റാണ്ടുകളെങ്കിലും മുസ്‌ലിം നാഗരികതയുടെതായിരുന്നു. 16-ാം നൂറ്റാണ്ടോടെയാണ് ക്രൈസ്തവ യൂറോപ്പ് ഉണര്‍ന്നു തുടങ്ങുന്നത്. അറബി ദാര്‍ശനിക ഗ്രന്ഥങ്ങള്‍ ഹിബ്രുവിലേക്ക് അവര്‍ തര്‍ജമ ചെയ്തു. മുസ്‌ലിം നാഗരികത ആറ് വിധത്തില്‍ പടിഞ്ഞാറന്‍ ചിന്തയെ സ്വാധീനിച്ചതായി കാണാം:
മാനവികവാദത്തിന് തുടക്കം കുറിച്ചും, ചരിത്രപരമായ ശാസ്ത്രങ്ങള്‍ക്ക് ജന്മം നല്‍കിയും, ശാസ്ത്രീയ രീതി മുന്നോട്ടു വെച്ചും, തത്ത്വചിന്തയും വിശ്വാസവും തമ്മിലുള്ള പാരസ്പര്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയും, പാശ്ചാത്യ മിസ്റ്റിസിസത്തിന് നാന്ദി കുറിച്ചും, ഇറ്റാലിയന്‍ നവോത്ഥാനത്തിന് അടിത്തറപാകിയും ആണിത് സാധ്യമായത്.
ഇബ്‌നു ബാജ്ജ, ഇബ്‌നു ത്വുഫൈല്‍, ഇബ്‌നുല്‍ ഹൈസം, ഇബ്‌നു ഖല്‍ദൂന്‍ എന്നിവര്‍ ഇസ്‌ലാമിക നാഗരികത ജന്മം നല്‍കിയ ചിന്തകരുടെ ശ്രേണിയില്‍ പെടുന്നു. പേര്‍ഷ്യക്കാരനായ മുല്ലാ സദ്‌റാ (1571-1640) ചിന്താ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ദാര്‍ശനികനായിരുന്നു. അറബ് - ഇസ്‌ലാമിക ലോകത്ത്, ഇനിയും വായിക്കപ്പെടുകയോ കാറ്റലോഗ് ചെയ്യപ്പെടുക പോലുമോ ചെയ്തിട്ടില്ലാത്ത വന്‍ ഗ്രന്ഥശേഖരങ്ങളില്‍ തത്ത്വചിന്തയുടെ ഒരു മഹാലോകം ഉറങ്ങിക്കിടക്കുന്നതായി ചരിത്രകാരന്‍ വില്‍ഡ്യൂറണ്ട് പറയുന്നുണ്ട്. ഇസ്‌ലാമിക തത്ത്വചിന്തയെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് ഡ്യൂറണ്ട് കുറിച്ചു: ''ആ നൂറ്റാണ്ടുകളിലെ മുസ്‌ലിം ചിന്തകളെക്കുറിച്ച നമ്മുടെ അറിവ് യഥാര്‍ഥത്തില്‍ ശേഷിക്കുന്നതിന്റെ ഒരു തുണ്ട് മാത്രമാണ്.'' തത്ത്വചിന്തയില്‍ കനപ്പെട്ട സംഭാവന നല്‍കിയ വ്യക്തിയാണ് ഇബനു ഹസം (994-1064). സ്ഥലം, കാലം തുടങ്ങിയ പ്രതിഭാസങ്ങള്‍ ഇമ്മാനുവന്‍ കാന്റ് (1724-1804) വിശകലനം ചെയ്യും മുമ്പ് ഇബ്‌നു ഹസം അവയെ അഭിമുഖീകരിച്ചിരുന്നു. കാന്റിന്റെ Critique of Pure Reason ലെ പ്രതിപാദ്യങ്ങള്‍ പലതും ഏഴ് നൂറ്റാണ്ടു മുമ്പ് ജീവിച്ച ഇബ്‌നു ഹസമില്‍ കണ്ടെത്താനാകും. 'പടിഞ്ഞാറ് ചാര്‍ലമാഗ്‌നെയും കൂട്ടരും തങ്ങളുടെ പേരെഴുതാനുള്ള വിദ്യക്കായി യത്‌നിച്ചുകൊണ്ടിരുന്നപ്പോള്‍, കിഴക്ക് ഹാറൂന്‍ റശീദും മഅ്മൂനും ഗ്രീക്ക്-പേര്‍ഷ്യന്‍ തത്ത്വശാസ്ത്രങ്ങളില്‍ ഊളിയിടുകയായിരുന്നു'വെന്ന് അറബികളുടെ ചരിത്രം രചിച്ച ഫിലിപ്പ് കെ. ഹിറ്റി രേഖപ്പെടുത്തുന്നു. മാത്രമല്ല, റോജര്‍ ബേക്കണ്‍ അറബി പഠിച്ചതിനെത്തുടര്‍ന്ന് ഇബ്‌നുല്‍ ഹൈസം, ഇബ്‌നു സീനാ (980-1037)എന്നിവരാല്‍ സ്വാധീനിക്കപ്പെട്ടു. റോജര്‍ ബേക്കണ്‍, ആല്‍ബര്‍ട്ട് മാഗ്‌നസ്, ഫ്രെഡറിക് രണ്ടാമന്‍ തുടങ്ങിയ പ്രഗല്‍ഭരായ മൂന്ന് മധ്യകാല വ്യക്തിത്വങ്ങള്‍ അറബ് ചിന്തകരുടെ ശിഷ്യന്മാരായിരുന്നുവെന്ന് എം.എന്‍. റോയ് എഴുതുന്നു്. തന്റെ ടോളമി ദര്‍ശനം എന്ന കൃതിയില്‍ ഇബ്‌നുല്‍ ഹൈസം എഴുതി: ''ദൈവം ശാസ്ത്രജ്ഞരെ ഒരിക്കലും തെറ്റുകളില്‍ നിന്നു മുക്തരാക്കിയിട്ടില്ല. ശാസ്ത്രത്തെയും അബദ്ധങ്ങളില്‍ നിന്ന് സംരക്ഷിച്ചിട്ടില്ല. അതുകൊണ്ട് ഏതെങ്കിലും ശാസ്ത്ര വിഷയങ്ങളില്‍ അവരുമായി വിയോജിക്കുകയോ അവരുടെ നിരീക്ഷണങ്ങളില്‍ നിന്ന് അകലുകയോ ചെയ്യേണ്ടതില്ല. എന്നാല്‍, വസ്തുതകളുടെ യാഥാര്‍ഥ്യം തീര്‍ത്തും വ്യത്യസ്തമാണ്. മുന്‍ഗാമികളുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്ത് അവരുടെ ചിന്തകളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവനല്ല യഥാര്‍ഥത്തില്‍ ഗവേഷകന്‍. മുന്‍ഗാമികളുടെ വീക്ഷണങ്ങളെ സംശയദൃഷ്ട്യാ ചോദ്യം ചെയ്യുകയും അവക്ക് തെളിവന്വേഷിക്കുകയും അവരിലുള്ള അബദ്ധങ്ങളെ പുറത്തു കൊണ്ടുവരികയും ചെയ്യുന്നവനാണ് യഥാര്‍ഥ ശാസ്ത്രജ്ഞന്‍. സത്യം മനസ്സിലാക്കുന്നതിനായി ശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിക്കുന്ന വ്യക്തി, താന്‍ പഠിക്കുന്ന എല്ലാ വിഷയങ്ങളെയും നിരൂപണ വിധേയമാക്കേണ്ടതാണ്. എല്ലാ തലങ്ങളില്‍ നിന്നും വീക്ഷണകോണില്‍ നിന്നും ഇവയെ അയാള്‍ നിരൂപണ വിധേയമാക്കണം. ഇത്തരത്തിലുള്ള നിരൂപണത്തെ അവലംബിക്കുന്നതോടൊപ്പം സ്വന്തം വീക്ഷണങ്ങളെയും അയാള്‍ സംശയദൃഷ്ട്യാ സമീപിക്കണം.'' 
ഖുര്‍ആനിക തത്ത്വചിന്ത യൂറോപ്പിനെ സ്വാധീനിച്ചത് വിശകലനം ചെയ്യവെ ഇബ്‌നു റുശ്ദ്, ഇബ്‌നു സീനാ എന്നിവരെ വെല്‍സ് പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. സര്‍വ മതങ്ങളുടെയും പൊതുവായ ഉല്‍പത്തിയുടെ സ്രോതസ്സ് ഒന്നാണെന്ന ആശയത്തിന് ലോകം അറബി തത്ത്വചിന്തകരോട് കടപ്പെട്ടിരിക്കുന്നുവെന്നും എം.എന്‍. റോയി കുറിച്ചു. ഫാറാബിയുടെയും ഇബ്‌നു സീനായുടെയും ചിന്തകളെ 'പഴയ നിയമ'വുമായി സംയോജിപ്പിക്കാന്‍ ശ്രമം നടത്തിയ ജൂത ദാര്‍ശനികനാണ് മോസസ് മൈമൊനൈഡ്‌സ് (1135-1204). അദ്ദേഹത്തിന്റെ ചിന്തകളിലെ, പ്രത്യേകിച്ച് The Guide for the Perplexed എന്ന കൃതിയിലെ, ഇബ്‌നു സീനാ സ്വാധീനം പണ്ഡിതന്മാര്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂത ദൈവശാസ്ത്ര-തത്ത്വശാസ്ത്രങ്ങളില്‍ 'കലാം' സിദ്ധാന്തവും ഇസ്‌ലാമിക തത്ത്വചിന്തയും ചെലുത്തിയ സ്വാധീനം കനത്തതായിരുന്നുവെന്ന് ആല്‍ബര്‍ട്ട് ഹൗറാനി എന്ന വിഖ്യാത ചരിത്രകാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, വിജ്ഞാനത്തിന്റെ അമരക്കാരന്‍ ഗസ്സാലിയുടെ ചിന്തകള്‍ ക്രൈസ്തവ ദൈവശാസ്ത്രത്തെ പോലും സ്വാധീനിച്ചു. പില്‍ക്കാലത്ത് ഫ്രാന്‍സിസ് ബേക്കണ്‍, ദക്കാര്‍ത്തെ, ഹോബ്‌സ്, ലോക്ക് മുതലായവരെയും അറബികളുടെ ചിന്തകള്‍ സ്വാധീനിച്ചു. റൂസ്സോയുടെ രാഷ്ട്രീയ ചിന്തകളില്‍ ഖുര്‍ആനിക സ്വാധീനം ഗവേഷകര്‍ കണ്ടറിയുന്നുമുണ്ട്. 

റഫറന്‍സ്:
1. Philip K. Hitti- History of the Arabs, P.315
2. M.N Roy- Reason, Romanticism and Revolution, P.68
3. H.G. Wells- The Outlines of History, London 1934, P.926
4. Albert Hourani- A History of the Arab Peoples, Warner Books: N.Y. 1991, P. 187

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്